Search This Blog

Thursday, August 14, 2008

പനച്ചീപംക്തി: വായനയുടെ രസം

സൂക്ഷിക്കുക! അച്ചടിയില്‍ അക്ഷരപ്പിശാച് പിടികൂടുന്നവരും തോന്ന്യാസങ്ങളും അല്‍പത്തങ്ങളും എഴുന്നള്ളിക്കുന്നവരും! പനച്ചി ഭാഷാപോഷിണിയിലെഴുതുന്ന 'സ്നേഹപൂര്‍വം'പംക്തിയില്‍ വലിപ്പച്ചെറുപ്പമില്ലാത്തവരുടെ അങ്ങനെതന്നെയുള്ള മണ്ടത്തരങ്ങള്‍ സ്നേഹപൂര്‍വം കൊല്ലപ്പെടാം. 96-2000 കാലത്തെ സ്നേഹപൂര്‍വം കുത്തുകളുടെ സമാഹാരം ഒന്നാന്തരം നര്‍മ്മനിരീക്ഷണങ്ങളാണ്. മുഖ്യധാരാമുഖ്യന്‍മാരല്ലാത്ത മിനി എഴുത്തുകാരും അവരുടെ മിനി കുറിപ്പുകളും പനച്ചിയുടെ ഓപറേഷന്‍ ടേബിളില്‍ സ്കാനിങ്ങിനും സര്‍ജറിക്കും വിധേയമാകുന്നു. മുഖ്യന്‍മാരുടെ പേരില്‍ കഥയും കവിതയും ആനുകാലികങ്ങളിലേക്ക് അയക്കുന്ന വീരന്‍മാര്‍ മുതല്‍ 'അനുകൂല ഉത്തരാധുനികത' എന്നൊക്കെ തട്ടി വിടുന്ന പോസ്റ്റ് മോഡേണ്‍ നിരൂപകര്‍ വരെ; ബംഗളൂരു ശ്രീനാരായണസമിതിയുടെ 'സന്ദേശം' മാസികയില്‍ മദ്യപ്പരസ്യം വരുന്നതിലെ സാംഗത്യം മുതല്‍ സ്വന്തം നോവലിന് 'മാസ്റ്റര്‍പീസ്' എന്നെഴുതിവയ്ക്കുന്ന എഴുത്തുകാരന്‍റെ ഉദ്ദേശ്യശുദ്ധി വരെ; 'ഗോഡ് ഒഫ് സ്മോള്‍ തിങ്സ്' ഒരധ്യായം മാത്രം വായിച്ച് അത് കമ്യൂണിസ്റ്റ് വിരുദ്ധസാഹിത്യമാണെന്ന് അനന്തമൂര്‍ത്തി പറയുന്നതിലെ ശരി; എഴുത്തുകാര്‍ ഒരേ രചന ഒരേ സമയം പല പ്രസിദ്ധീകരണങ്ങള്‍ക്ക് അയച്ചു കൊടുക്കുന്നതിലെ ശരികേട്; 'നാം അദ്ദേഹത്തെ (എം പി നാരായണപിള്ളയെ) വെറും പത്രപ്രവര്‍ത്തകനായി തരം താഴ്ത്തുകയായിരുന്നു' എന്ന് അഴീക്കോട് പറയുനതിലെ തരം തിരിവ്; ഗീതയുടെ പ്രലയം എന്നെ ചെറുകഥ എന്ന ഛര്‍ദ്ദ്യതിസാരം; ദൈവത്തിന്‍റെ സ്വന്തം നാട് പ്രയോഗം ന്യൂസിലന്‍റുകാരില്‍ നിന്ന് കടമെടുത്തതാണെന്ന് ശശി തരൂര്‍ പറഞ്ഞത്; ആന്‍ഡമാന്‍-നികോബാര്‍ ദ്വീപുകളെ വിദേശമായി നായനാര്‍ 'എന്‍റെ വിദേശയാത്രകളി'ല്‍ വിശേഷിപ്പിച്ചത്; കുറ്റാന്വേഷണ പത്ര റിപ്പോര്‍ട്ടിങ്ങിന്' മെത്രാന്‍റെ പേരില്‍ അവാര്‍ഡ് കൊടുക്കുന്നത്; ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍ കേട്ട പ്രസംഗങ്ങളെല്ലാം സമാഹരിച്ച് പുതിയൊരു പുസ്തകം 'നിര്‍മ്മിച്ചത്'; കേരള സ്പോര്‍ട്സ് കൌണ്‍സിലിന്‍റെ മാസിക 'കായികവേദി' 2000 ഓഗസ്റ്റ് ലക്കം പത്രാധിപരുടെ മുഖചിത്രത്തോടെ ഇറങ്ങിയത്; പഞ്ചായത്തുകളില്‍ പണ്ടേ ഉള്ള 'പബ്ളിക് കംഫര്‍ട് സ്റ്റേഷന്‍' 1997 ലെ പുതിയ വാക്കായി ഔട്ട്ലൂക്ക് വാരിക അവതരിപ്പിച്ചത്; ഒരു പഴയമിയമ പഠനഗ്രന്‍ഥത്തിന്‍റെ അധ്യാങ്ങള്‍ സ്പോണ്സര്‍ ചെയ്യപ്പെട്ടിരിക്കുന്നത് (ഓരോ അധ്യായത്തിന്‍റെ ചുവട്ടിലും വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും പേരുകള്‍).... ഇത്യാദി സംഭവങ്ങള്‍ കൊണ്ട് സംഭവമായ പുസ്തകം ഇടക്കിടെ സംഭവിക്കുന്നത് നല്ലതാണ്'. കുറ്റംപറച്ചില്‍ ഇത്രമാത്രം പോസിറ്റീവ് ആയി പ്രത്യക്ഷപ്പെടുന്നത് അപൂര്‍വം!

Monday, August 4, 2008

മുറുക്കാൻ‌കടക്കാരൻ പ്രാഞ്ചിക്ക് പറ്റിയത്

മുറുക്കാൻ‌കട പ്രാഞ്ചിയെ പോലിസ് പിടിച്ചു. ബിവറേജസിന് തൊട്ടടുത്ത കെട്ടിടം സോഡ-സർബ്ബത്ത്-ലൊട്ടുലൊഡുക്കിനായി വാടകക്കെടുക്കുമ്പോൾ പാവം പ്രാഞ്ചി വിചാരിച്ചിരിക്കില്ല കുടിയൻ‌മാർക്ക് സഹായം കൊടുത്തത് കച്ചവടത്തെ ഓഫാക്കുമെന്ന്. ബിവറേജസിൽ നിന്നും വാങ്ങി ക്ഷമയില്ലാത്ത കുടിയൻ‌മാർ പ്രാഞ്ചിയുടെ കടയിൽ എത്തിയ ഒരു സായന്തനത്തിലാണു പ്രാഞ്ചിപർവ്വം തുടങ്ങുന്നത്. സോഡ, നാരങ്ങ, കടല, ആപ്പിൾ അങ്ങനെ അവന്മാർ ഓരോന്ന് വാങ്ങി പ്രാഞ്ചിയുടെ മനം കുളിർപ്പിച്ചു. ലവൻ‌മാർക്ക് തല പെരുക്കാൻ ഒരിടമേ വേണ്ടിയിരുന്നുള്ളൂ. പ്രാഞ്ചിയുടെ കടയുടെ സൈഡ് ബഞ്ച് അവ‌മാരുടെ സ്ഥിരം തട്ടകമായി. ബഞ്ചിനരികെ മേശയിട്ട് പ്രാഞ്ചി തട്ടുകടയും തുടങ്ങി. കപ്പയും പോട്ടിയും ആം‌പ്ലെയിറ്റും ചൂടോടെ വിളമ്പി. കച്ചവടം കൊഴുത്തതോടെ മോർ കുടിയൻ‌മാർ പ്രാഞ്ചിക്കടയിലേക്ക് പ്രവഹിച്ചു. അടുത്ത മാസം ഒന്നാം തീയതി പ്രാഞ്ചിയുടെ മൾട്ടി-പർപ്പസ് കടയിൽ കുടിയൻ‌മാർ പട്ടിണി കിടന്നില്ല. പ്രാഞ്ചിപ്രസിദ്ധി നാടെങ്ങും പൂത്തു. അസൂയ മൂത്താൽ ഒറ്റ് പൂത്ത് കായ്ക്കും. അങ്ങനെ മറ്റൊരു സായന്തനത്തിൽ സ്ഥലം എസ്. ഐ. പ്രാഞ്ചിക്കടയിൽ പ്രത്യക്ഷപ്പെടുന്നു. ഇതികർത്തവ്യ..അങ്ങനെയെന്തോ പറയില്ലേ? അതായി പ്രാഞ്ചി. ആ യുവ എന്റർപ്രോണറിനെ തൂക്കിയെടുത്തിട്ട ജീപ്പ് പൂസായ കുതിരയെപ്പോലെ പാഞ്ഞിട്ട് ഒരാഴ്ച കഴിഞ്ഞു. പ്രാഞ്ചിക്കട ബലികുടീരം പോലായി. ലവന്മാർ ഇപ്പോൾ മറ്റൊരു പ്രാഞ്ചിയെ അന്വേഷിക്കുകയാണു. പ്രാഞ്ചിമാർ ജനിക്കുന്നതങ്ങനെയാണു.

Blog Archive