Search This Blog

Saturday, February 15, 2014

കോര്‍പറേറ്റുകള്‍ ഇലക്‌ഷന്‍ ഭരിക്കുമെന്ന് വി എസ് സുനില്‍കുമാര്‍


കേരള അസോസിയേഷന്‍ കുവൈറ്റിന്‍റെ പതിനഞ്ചാമത് വാര്‍ഷികാഘോഷത്തിന് കുവെറ്റില്‍ വന്ന കയ്‌പമംഗലം എംഎല്‍എ വി എസ് സുനില്‍കുമാര്‍ പറയുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണിയുടെ പ്രസക്തി വര്‍ദ്ധിക്കുമെന്നാണ്. ആന്ധ്ര, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡീഷ, ഛത്തീസ്‌ഗഢ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസോ ബിജെപിയോ എന്ന ചോദ്യത്തിന് ബദലായി മൂന്നാം മുന്നണി എന്ന ഉത്തരമുണ്ടാവും. കോണ്‍ഗ്രസിന് മൂന്നാംമുന്നണിയെ പുറത്തു നിന്നും പിന്താങ്ങേണ്ടിയും വന്നേക്കാം. നേരത്തേ ഇടതുകക്ഷികള്‍ ബിജെപിക്കെതിരായി കോണ്‍ഗ്രസിനെ പിന്താങ്ങിയതിന്‍റെ റിവേഴ്‌സ് ആയിരിക്കും ഇത്തവണ.

കോര്‍പറേറ്റ് ശക്തികളുടെ ആധിപത്യം കൂടുതല്‍ പ്രകടമാവുന്ന ഇലക്‌ഷനാണ് വരാന്‍ പോകുന്നതെന്നും സിപിഐ എംഎല്‍എ സുനില്‍കുമാര്‍ പറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ കോര്‍പറേറ്റുകള്‍ അവരുടെ പിടി മുറുക്കാനുള്ള ശ്രമത്തിലായിരുന്നു. ഇപ്പോള്‍ മുറുകിയിരിക്കുന്ന പിടി വിടാതിരിക്കാനുള്ള ശ്രമമാവും പ്രകടമാവുക. നമ്മുടെ കാര്‍ഷികോല്‍പാദനവും വിളകളുടെ സംഭരണവും വില്‍പനയുമെല്ലാം നിയന്ത്രിക്കുന്നത് കോര്‍പറേറ്റ് ശക്തികളായി. ഫുഡ് കോര്‍പറേഷന്‍റെ ഗോഡൌണുകളില്‍ പുറത്തിരിക്കുന്ന വിത്തുകള്‍ കാണാം. അവ ചീഞ്ഞളിഞ്ഞു പോവും. അകത്ത് സംരക്ഷിക്കപ്പെടുന്നത് റിലയന്‍സിന്‍റെ ഉല്‍പന്നങ്ങളാണ്. തൊണ്ണൂറുകള്‍ മുതല്‍ നമ്മള്‍ കണ്ടു വരുന്ന സ്വകാര്യവല്‍ക്കരണത്തിന്‍റെ ഒടുവിലത്തെ ഉദാഹരണം. ഭക്ഷ്യ-നാണ്യ വിളകളില്‍ മാത്രമല്ല, ധാതുസമ്പത്തിലും സേവനമേഖലകളിലും വരെ കോര്‍പറേറ്റുകളുടെ പിടിത്തം മുറുകുന്നത് കാണാം.

ആം ആദ്‌മി പാര്‍ട്ടിക്ക് ഐഡിയോളജി ഇല്ല. ഡല്‍ഹിയിലെ വിജയമെന്നു പറയുന്നത് സേഫ്‌റ്റി വാല്‍വ് പ്രതിഭാസമാണ്. ഗ്‌ളോബലൈസേഷന്‍റെയും മറ്റും എതിര്‍സ്‌ഫുരണങ്ങള്‍ ജനങ്ങള്‍ പ്രകടിപ്പിച്ചത്. ഒരു പ്രസ്ഥാനത്തിന് ഒരു ഐഡിയോളജി വേണം. ഒരു രാജ്യത്തിന് വേണം. ഇന്ത്യയുടെ ഐഡിയോളജിയാണ് ലോകാ സമസ്ത സുഖിനോ ഭവന്തു (എന്‍റെ വിചാരങ്ങളും വാക്കുകളും പ്രവൃത്തികളും എല്ലാവരുടെയും സ്വാതന്ത്ര്യത്തിനും സന്തോഷത്തിനും സംഭാവന‍ ചെയ്യട്ടെ). എന്നാല്‍ സിദ്ധാന്തം കൊണ്ട് മാത്രം ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്ക് വിജയിക്കാനാവില്ല. ഇന്ത്യയുടെ മണ്ണിലേക്ക് മാര്‍ക്‌സിസം പ്രയോഗിച്ചതിന്‍റെ പ്രായോഗികഫലങ്ങള്‍ ഇടതുപാര്‍ട്ടികള്‍ പഠിക്കുന്നുണ്ട്. ഹരീന്ദ്രനാഥ് ചട്ടോപാധ്യായ, സുനില്‍ മുഖോപാധ്യായ തുടങ്ങിയ മാര്‍ക്‌സിസ്‌റ്റ് ചിന്തകര്‍ മാര്‍ക്‌സിസത്തേക്കാള്‍ ആഴത്തില്‍ പഠിച്ചത് ഭാരതീയ തത്വചിന്തയാണ്. ഘടനാപരമായ പുനര്‍നിര്‍മ്മാണം ഇടതുപാര്‍ട്ടികള്‍ക്ക് ആവശ്യമാണെന്ന് ഞങ്ങളുടെ പാര്‍ട്ടി പറഞ്ഞിട്ടുണ്ട്.

ഭാരതീയ തത്വചിന്തയെ ഹൈന്ദവവല്‍ക്കരിച്ചു ബിജെപി. ഉപനിഷത്തുക്കളും ദര്‍ശനങ്ങളും ഹിന്ദുത്വമല്ല പറയുന്നത്. നെഹ്‌റുവും ഗാന്ധിയും ഭാരതീയ തത്വചിന്ത അവരുടെ എഴുത്തുകളിലും ജീവിതത്തിലും വരെ പ്രകടമാക്കിയിട്ടുണ്ട്. രാജീവ്ഗാന്ധിയുടെ കാലം മുതല്‍ക്ക് തത്വചിന്തക്ക് കാവി നിറം വന്നു. ഞാന്‍ കാവി മുണ്ടും ഷേര്‍ട്ടും ധരിക്കുന്ന ആളാണ്.

ഒഡീഷയിലെ പോസ്‌കോ സമരം ഞങ്ങളുടെ പാര്‍ട്ടിയാണ് നയിക്കുന്നത്. 12 കോടിയോളം തൊഴിലാളികള്‍ പങ്കെടുത്ത സമരം നമ്മുടെ രാജ്യ ത്തുണ്ടായിട്ടുണ്ട്. സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങള്‍ക്കും സ്വകാര്യവല്‍ക്കരണത്തിനും, വര്‍ഗീയതക്കും അഴിമതി ക്കുമെതിരെയായിരുന്നു ആ സമരം. പത്ത് ലക്ഷം പേര് പാര്‍ലമെന്‍റ്, മാര്‍ച്ച് നടത്തി. ഇതൊന്നും മീഡിയക്ക് വേണ്ട. അവര്‍ക്ക് കേജ്‌രിവാളിന്‍റെയും ഹസാരെയുടെയും പതിനായിരങ്ങളെ മതി.

Blog Archive