Search This Blog

Saturday, December 13, 2008

തമാശക്കഥകൾ 5 (കേട്ടതെങ്കിൽ..)

1. മടിയനായ ഒരുത്തൻ കല്യാണം കഴിച്ചു. ആദ്യരാത്രി വധുവിന്റെ വേഷഭൂഷാദികളൊക്കെ മാറ്റുന്ന ബുദ്ധിമുട്ടോർത്ത് ഒരു ഭൂകമ്പത്തിനായി അവർ പുറത്ത് കാത്തിരുന്നത്രേ.

2. നഗരത്തിൽ നടന്ന ഒരു കാറപകടത്തിൽ‌പെട്ട ഒരാളെ പ്ലാസ്റ്ററിട്ട് പിറ്റേന്ന് ഡിസ്ചാർജ്ജിനു പറഞ്ഞിരുന്നു ഡോക്ടർ. പിറ്റേന്ന് ഡോക്ടർ വന്നപ്പോൾ പറയുന്നു, ഒരാഴ്ച കഴിഞ്ഞു പോയാൽ മതി. നിങ്ങളുടെ കാർക്രാഷ് ചാനലുകളിൽ കണ്ടിട്ട് സം‌ഗതി കുറേക്കൂടി സീരിയസ്സാ‍ണെന്ന് തോന്നുന്നു.

3. ഡിറ്റക്റ്റീവ് നോവൽ പൊലീസ് പ്രൊട്ടക്ഷനിൽ വായിക്കുന്ന ഒരു വല്യമ്മയെക്കുറിച്ച് ഓർക്കുമ്പഴേ പേടി തോന്നണു.

4. ‘ഡോക്ടർ, ഇത് വർക്കി സ്പീക്കിങ്ങ്, എന്റെ മകനു വിഷജ്വരം പിടിച്ചിരിക്കുന്നു’.
‘ഒ.കെ.വർക്കി, ഞാനിന്നലെ നിങ്ങളുടെ വീട്ടീ വന്ന് മകനു മരുന്നു കൊടുത്തായിരുന്നു’.
‘പ്രശ്നമതല്ല, ഡോക്, എന്റെ മകൻ ഞങ്ങളുടെ വേലക്കാരിയെ ചും‌ബിച്ചിരിക്കുന്നു’
‘ഓ! അങ്ങനെയെങ്കിൽ അവരോട് 4 ദിവസം മാറി നിൽക്കാൻ പറയൂ’
‘പ്രശ്നം, ഡോക്, ഞാൻ അവരെ ഒന്നു ചും‌ബിച്ചു’
‘എങ്കിൽ നിങ്ങൾക്കും പിടിച്ചല്ലോ, നിങ്ങളും മാറി നിന്നോളൂ ’
‘അതുമല്ല, ഡോക്, എന്റെ ഭാര്യയുമായി ഞാൻ രാത്രി കഴിഞ്ഞിരുന്നു’
‘പിടിച്ചല്ലോ ദൈവമേ, എനിക്കും!’

5. വിവാഹപ്രായപൂർത്തിയായ മകൻ പിതാവിനോട് ചോദിക്കുന്നു: ‘ഡാഡ്, ഒരു കല്യാണം കഴിക്കുന്നതിനു എന്തു ചലവു വരും?’
‘എനിക്കറിഞ്ഞുക്കൂടാ സൺ, ഞാനിപ്പോഴും പേ ചെയ്തുകൊണ്ടിരിക്കുകയാണു’

6. പുതിയ സ്വർണ്ണമോതിരം ധരിച്ച് ഓഫീസിൽ ചെന്ന് പല തവണ തല ചൊറിഞ്ഞിട്ടും ആരും ഒന്നും പറയാതിരിക്കുന്നത് കണ്ട് മോതിരധാരി:‘എന്തൊരു ചൂട്, ഞാനീ മോതിരമൊന്ന് ഊരി വയ്ക്കട്ടെ!’

7. അമ്മയുടേയും അച്ഛന്റേയും ലീല കണ്ടു പിടിച്ച മകൻ അമ്മയെ തഞ്ചത്തിനു കിട്ടിയപ്പോൾ ചോദിച്ചു, ‘അമ്മയെന്താ അച്ഛന്റെ വയറ്റത്തു കയറിക്കിടന്നത്?’
‘അത് മോനേ, അച്ഛന്റെ കുടവയറ് കുറയ്ക്കാനാണു’
‘അതോണ്ടൊന്നും കാര്യല്യമ്മേ, അമ്മ ഇല്ലാത്തപ്പൊ അപ്പുറത്തെ ആന്റി വന്ന് അച്ഛന്റെ വയറ് ഊതി വീർപ്പിക്കും’

8. യുവതിയെ പരിശോധിച്ച ഡോക്ടർ മരുന്നു കുറിച്ചു: രാവിലെ ചുവന്ന ഗുളിക, ഉച്ചക്ക് പച്ച ഗുളിക, വൈകിട്ട് മഞ്ഞ ഗുളിക. രോഗി പോയപ്പോൾ അസിസ്റ്റന്റ് ചോദിച്ചു, ‘അതെന്ത് രോഗം‘? ‘അങ്ങനെയെങ്കിലും അവർ അല്പം വെള്ളം കുടിക്കട്ടെ’ .

9. വീട്ടമ്മ അയലത്തെ സുന്ദരിയോട് ഫോണിൽ: ‘ബിക്കിനി മാത്രമിട്ട് നിങ്ങടെ ഗാർഡനിൽ വെയിലു കായാൻ ഉദ്ദേശം വല്ലതുമുണ്ടോ‘?
‘എന്തേ ഈ ഉച്ചക്ക് അങ്ങനെ ചോദിച്ചത്‘?
‘അല്ല, എന്റെ ഭർത്താവിനെക്കൊണ്ട് ചെടിയൊക്കെ ഒന്നു വെട്ടിക്കണമായിരുന്നു’.

10. സെയിൽ‌സ് എക്സിക്യുട്ടീവ് ഇന്റർവ്യൂവിനു വന്നയാളോട് മാനേജർ: ‘എന്തെങ്കിലും സെയിൽ ചെയ്ത് എക്സ്പീരിയൻസ് ഉണ്ടോ?’
‘ഉണ്ട് സർ, ഭാര്യയുടെ സ്വർണ്ണാഭരണങ്ങൾ, എന്റെ വീട്, എന്റെ പറമ്പ്...’

11. ജോസുകുട്ടിക്ക് ഉറക്കത്തിൽ കിടന്ന് സംസാരിക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്ന്. അവന്റെ ഭാര്യയുടെ പേരു തന്നെയാണു അവന്റെ കാമുകിക്കും.

12. ‘ഇന്നലെ ബീച്ചിൽ ഒരു സംഭവമുണ്ടായി. ബൈക്കിൽ വന്ന ഒരു പെണ്ണ് എന്റെയടുത്ത് നിർത്തിയിട്ട്, തുണിയൂരിക്കൊണ്ട് പറയുന്നു, ടേക്ക് വാട്ട് യൂ വാണ്ട്! ഞാൻ ബൈക്കുമെടുത്ത് ഇങ്ങ് പോന്നു’
‘നന്നായി, അല്ലെങ്കിലും വസ്ത്രം നിനക്കു പാകമാവില്ല’

പഴയ കഥകൾക്ക്:http://varthapradakshinam.blogspot.com/2008/06/4.html, http://varthapradakshinam.blogspot.com/2008/06/blog-post_05.html, http://varthapradakshinam.blogspot.com/2008/05/2.html, http://varthapradakshinam.blogspot.com/2008/05/blog-post.html

Wednesday, December 3, 2008

വോയ്സ് ഒഫ് അറേബ്യ വിജയിയോട് ഒറ്റച്ചോദ്യം


ദുബായിൽ വച്ചു നടന്ന ഏഷ്യനെറ്റ് ‘വോയ്സ് ഒഫ് അറേബ്യ 2008 സീനിയർ’ മത്സരത്തിൽ, മിഡിൽ ഈസ്റ്റിലെ 350 മത്സരാർഥികളിൽ നിന്നും മികച്ച ഗായകനായി തെരെഞ്ഞെടുക്കപ്പെട്ട ആലുവ സ്വദേശി കിഷോർ, കുവൈത്തിൽ ഖറാഫി നാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്നു. ഫൈനൽ ഓഡിഷനു 24 പേരുണ്ടായിരുന്നു. എം.ജി.ശ്രീകുമാർ-ചിത്ര അയ്യർ വിധികർത്താക്കളായ 4 റൌണ്ടിൽ നിന്നും 4 പേരെ തെരെഞ്ഞെടുത്തു. ‘രാമകഥ ഗാനലയം’ പാടി കിഷോർ ഒന്നാമനായി. ആ പ്രോഗ്രാം ഏഷ്യനെറ്റിൽ കഴിഞ്ഞ വെള്ളിയാഴ്ച കാണിച്ചിരുന്നു. കിഷോറിനോട് ഒറ്റച്ചോദ്യം: പരിപാടിയിലെ ഏറ്റവും വലിയ വെല്ലുവിളി എന്തായിരുന്നു?
‘പെട്ടെന്ന് അനൌൺസ് ചെയ്യുന്ന റൌണ്ടുകളിൽ, ഇഷ്ടഗാനം മറ്റു മത്സരാർഥികളുമായി വീതിക്കേണ്ടി വന്നത്’.

Saturday, November 22, 2008

സംവിധായകൻ കമൽ പറഞ്ഞത്

ഓരോ സിനിമക്ക്‌ മുന്‍പും വിഷാദരോഗം വരും: കമല്‍
സംവിധായകന്‍ കമല്‍. ഹൈപ്പര്‍താരങ്ങളെ ആശ്രയിക്കാതെ യുവപടങ്ങളെടുത്ത്‌ വിജയിപ്പിക്കാനായ മലയാളസംവിധായകരില്‍ 'അപൂര്‍വന്‍'. പൊതുവെ അഭിമുഖങ്ങള്‍ക്ക് മുഖം തിരിക്കുന്ന കമല്‍ പക്ഷേ മനസ് തുറക്കുമ്പോള്‍ സാധാരണക്കാരന്‍.
1
ആദ്യസിനിമയുടെ ആദ്യഷോട്ടില്‍ മോഹന്‍ലാലിനോട്‌ ആക്ഷന്‍ പറഞ്ഞുകൊണ്ട്‌ തുടങ്ങാനായതാണ്‌ സിനിമാജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്ന്‌ ഞാന്‍ ചില അഭിമുഖങ്ങളിലൊക്കെ പറഞ്ഞിട്ടുണ്ട്‌. 'മിഴിനീര്‍പൂവുകള്‍' എടുത്ത കാലമാണ്‌ (1986) അതിന്‌ കാരണം. അന്ന്‌ മോഹന്‍ലാലിനെപ്പോലൊരു താരം എന്നെപ്പോലൊരു പുതുമുഖത്തിന്‌ അവസരം തന്നത്‌ വലിയ കാര്യം. ഇന്ന്‌ സൂപ്പര്‍താരങ്ങളെ വച്ച്‌ സിനിമയെടുക്കാന്‍ പേടിയാണ്‌. അവര്‍ താരദൈവങ്ങളായി. അവരുടെ വിഗ്രഹ ഇമേജിന്‌ ക്ളാവ്‌ പിടിക്കാത്ത രീതിയില്‍ വേണം എല്ലാം. അതിനാലാണ്‌ ഞാന്‍ ചെറുപ്പക്കാരുടെ പിറകേ പോയത്‌. കൂട്ടത്തില്‍ പറയട്ടെ, പുതിയ പടത്തിലെ നായകന്‍ മോഹന്‍ലാലാണ്‌. കഥ, ശ്രീനിവാസന്‍.
2
ഓരോ സിനിമയും തുടങ്ങുന്നതിന്‌ മുൻ‌പ് വിഷാദിച്ച്‌ പനി വരാറുണ്ട്‌. 20-ആം വയസില്‍ (നാട്ടുകാരനും ബന്ധുവുമായ ബഹദൂറിന്റെ ഭാഷയില്‍ എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്), അമ്മാവന്‍ അഷ്‌റഫ്‌ പടിയത്തിന്റെ പ്രേരണയാല്‍ സിനിമാലോകത്ത്‌ കയറിച്ചെന്ന നാള്‍ മുതല്‍ എനിക്കീ വിറയലുണ്ട്‌. അഷ്‌റഫ്‌ പടിയത്ത്‌ സംവിധാനം ചെയ്ത 'ത്രാസ'ത്തിന്റെ കഥ എന്റേതായിരുന്നു. അതില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചു. പിന്നെ, പി.എന്‍.മേനോന്‍, ഭരതന്‍ തുടങ്ങിയവരുടെ കൂടെ. സിനിമയോടുള്ള അവരുടെ പാഷന്‍ എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്‌. ഇന്നും സിനിമാജീവിതത്തിലെ എന്റെ ഏറ്റവും വലിയ പാഠം, തൊഴിലിനോടുള്ള ആത്മാര്‍ത്ഥത, അവരില്‍ നിന്നാണ്‌ ഞാന്‍ പഠിച്ചത്‌.

3
ഞാന്‍ ജനിച്ചു വളർന്ന മതിലകം ഗ്രാമം (കൊടുങ്ങല്ലൂരിനടുത്ത്‌) തീരാക്കഥകളുടെ ഒരു പുസ്തകമാണ്‌. ചെറുപ്പത്തില്‍ നാട്ടിലെ ക്രിസ്ത്യന്‍ പള്ളിയില്‍ 'എംപറര്‍ നീറോ' എന്ന നാടകം ഞങ്ങള്‍ കളിക്കുകയാണ്‌. പൌലോസ്‌ ശ്ളീഹയായി ഞാന്‍. പൌലോസ്‌ ശ്ളീഹ സാവൂളായിരുന്ന കാലത്ത്‌ പറയുന്ന ഒരു ഡയലോഗുണ്ട്‌. 'ഈ ക്രിസ്ത്യാനികളെ ഞാന്‍ ഒന്നടങ്കം ചുട്ടുചാമ്പലാക്കും'. ഈ ഡയലോഗ്‌ ഞാന്‍ പറഞ്ഞതും കാണികളിലൊരാള്‍ എഴുന്നേറ്റ്‌ നിന്ന്‌ അട്ടഹസിച്ചു. ' ആരെടാ ക്രിസ്ത്യാനികളെ ചുടാന്? കല്ലെറിഞ്ഞ്‌ കൊല്ലടാ ആ മേത്തച്ചെക്കനെ!' സ്റ്റേജിലേക്ക്‌ പിന്നെ കല്ലിന്റേയും പൂഴിമണ്ണിന്റേയും വരവായി. അച്ചന്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞു, 'ഇത്‌ നാടകമാണ്‌'.

4
ചെന്നൈ മദിരാശിയായിരുന്ന കാലത്ത്‌ ഉമാലോഡ്ജില്‍ ഞാന്‍ താമസിക്കുകയാണ്‌. ഞാനന്ന്‌ സിനിമാവിദ്യാര്‍ത്ഥി. ചെലവ്‌ നടക്കണമെങ്കില്‍ വീട്ടില്‍ നിന്നും മണിയോര്‍ഡര്‍ വരണം. ഒരു ദിവസം പോസ്റ്റ്‌ ഓഫീസിന്റെ വരാന്തയില്, സിമന്റ്‌ ബഞ്ചില്‍ കൂനിക്കൂടിയിരിക്കുന്ന വൃദ്ധനെ കണ്ട്‌ ഞാന്‍ ഞെട്ടി. നൂറിലേറെ സിനിമകളിലഭിനയിച്ച, 'ബാലന്റെ' തിരക്കഥാകൃത്തും ഗാനരചയിതാവുമായ മുതുകുളം രാഘവന്‍പിള്ള! അവശകലാകാരന്മാര്‍ക്കുള്ള ഗവണ്‍മെന്റ്‌ പെന്‍ഷന്‍ കാത്തിരിക്കുന്നു!!
5
സിനിമ വേണ്ടെന്ന്‌ വച്ച അനുഭവവും എനിക്കുണ്ടായിട്ടുണ്ട്‌. 'ആരോരുമറിയാതെ' എന്ന സിനിമയുടെ കഥ ഞാന്‍ ജോണ്‍പോള്‍ അങ്കിളിനോട്‌ പറഞ്ഞു. നിര്‍മ്മാതാവ്‌ എന്റെ സുഹൃത്തിന്റെ അടുത്ത ആള്. സംവിധായകനായി എന്നെ തീരുമാനിച്ചു. പിന്നെ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞു. സംവിധായകനായി പുതിയൊരാളെ വച്ചാല്‍ ശരിയാവില്ലെന്ന്‌ നസീര്‍സാറിനെ ആരോ ധരിപ്പിച്ചതായിരുന്നു കാരണം.
6
സവിശേഷമായ പ്രണയം എന്നും എന്നെ ആകര്‍ഷിച്ചിട്ടുള്ള തീമാണ്‌. എന്റെ ജീവിതവുമായും അതിന്‌ ബന്ധമുണ്ടെന്ന്‌ കൂട്ടിക്കൊള്ളൂ. 'ഗസലും', 'മേഘമല്‍ഹാറും' പ്രണയത്തിലെ വ്യത്യസ്തതയാണ്‌ പ്രമേയമായി സ്വീകരിച്ചത്‌. എന്നെങ്കിലുമൊരിക്കല്‍ സിനിമയാക്കണമെന്ന്‌ ഉദ്ദേശിക്കുന്ന ഇനിയൊരു പ്രണയകഥക്ക്‌ അറബ് പശ്ചാത്തലമാണുള്ളത്‌. ഒമാനിലെ എന്റെ സുഹൃത്ത്‌ അഷ്‌റഫിക്ക പറഞ്ഞ കഥയാണത്‌. അല്‍ബുസ്ഥാനിലെ ബത്തൂത്ത എന്ന ബദുപ്പെണ്‍കൊടിയെ സ്നേഹിച്ച മലയാളിപ്പയ്യന്... ...

7
'പെരുമഴക്കാല'ത്തില്‍ ദിലീപ്‌ അവതരിപ്പിച്ച അക്ബര്‍ എന്ന കഥാപാത്രം ജീവിച്ചിരിപ്പുണ്ട്‌. അടൂരില്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്‌. ജീവിതവും സിനിമയും നേര്‍ക്കുനേര്‍ വരുന്ന ഇത്തരം ആകസ്മികതകളുടെ കഥകള്‍ക്കായി ഞാനിപ്പോഴും കാതോര്‍ക്കുന്നു.

Friday, November 14, 2008

മനോരമയുടെ മോതിരം/കെ.എം.മാത്യുവിന്റെ ആത്മകഥ

മാത്തുക്കുട്ടിച്ചായന്റെ മഹാഭാരതം
പക്ഷേ കെ.എം.മാത്യുവിന്റെ ആത്മകഥ, എട്ടാമത്തെ മോതിരം, 'ഇതിലില്ലാത്തതൊന്നും മറ്റൊരിടത്തുമില്ല' സ്മരണയല്ല. കേരളത്തില്‍, കണ്ടത്തില്‍ കുടുംബത്തിന്റേതായ സവിശേഷതകളോടെയുള്ള പഴംപുരാണവും, കുലമഹിമയും, കുലീനത്വവും, സഹോദരൈക്യവും എങ്ങനെ ഒരു സാമ്രാജ്യമുണ്ടാക്കിയെന്നത്‌ 'എട്ടാമത്തെ മോതിരത്തില്‍' പ്രതിഫലിക്കുന്നു. എട്ടാമത്തെ മോതിരം എന്നു വെച്ചാല്‍ അപ്പച്ചന്‍, കെ.സി. മാമ്മന്‍ മാപ്പിള, അമ്മച്ചിയുടെ സ്മരണക്കായി അവരുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ഉരുക്കി 9 മക്കള്‍ക്കും വീതിച്ചു കൊടുത്തതില്‍ എട്ടാമനായ മാത്യുവിനു കിട്ടിയത്‌. കാലത്താളുകള്‍ ഏറെ മറഞ്ഞപ്പോള്‍ അന്നമ്മയുടെ ഓര്‍മ്മക്ക്‌ കെ. എം. മാത്യുവും മക്കള്‍ക്കായി അങ്ങനെ ചെയ്തു. ഇതിലൊക്കെ വായനക്കാര്‍ക്ക്‌ എന്തു കാര്യം എന്നു ചോദിക്കരുത്‌. കാലത്തിന്റെ വിശാലതയില്‍ സ്വന്തം ജീവിതകഥക്ക്‌ പ്രസക്തിയുണ്ടെന്ന്‌ തോന്നിയിട്ടില്ലെന്ന ആമുഖത്തോടെയാണു 512 പേജുള്ള ആത്മകഥ തുടങ്ങുന്നത്‌. ആത്മകഥയാവുമ്പോള്‍ ആത്മപ്രശംസ സ്വഭാവികം. അത്‌ ഒട്ടൊക്കെ കണ്ണടച്ചാല്‍ ഒരു കാലത്തിന്റെ ചിത്രം കിട്ടും. ഒപ്പം ഒരു തൊണ്ണൂറുകാരന്റെ അറുപഴഞ്ചനല്ലാത്ത വിചാരവികാരങ്ങളും.

ഇന്ത്യന്‍ പത്രരംഗത്തെ ആദ്യത്തെ ജോയിന്റ്‌ സ്റ്റോക്ക്‌ കമ്പനിയാണു മനോരമ. മൂലധനമുണ്ടാക്കാന്‍ വേണ്ടി വറുഗീസ്‌ മാപ്പിള 1888 ല്‍ 100 രൂപ വീതമുള്ള 100 ഓഹരി വിറ്റു. പകുതിയിലേറെയും ഓഹരികള്‍ കുടുംബാംഗങ്ങള്‍ തന്നെ എടുത്തു. 1890 മാര്‍ച്ചിലാണൂ 'പത്രമുത്തശ്ശി' അച്ചടിരൂപത്തില്‍ ആദ്യം പുറത്തു വരുന്നത്‌. ഒന്നാം പേജില്‍ നിറയെ പരസ്യങ്ങളായിരുന്നു. 1947 ല്‍ പുന:പ്രസിദ്ധീകരണത്തിനു ഒന്നാം പേജില്‍ ഇ.എം.കോവൂരിന്റെ 'ആഡംബീഡ്‌' എന്ന നോവലും. മനോരമയിലെ മുക്കാല്‍ നൂറ്റാണ്ടിനിടക്ക്‌ മാത്യു ഏറെ കണ്ടു. കല്ലച്ചില്‍ നിന്ന്‌ കമ്പ്യൂട്ടര്‍ വരെ; 25,000 കോപ്പിയില്‍ നിന്നും 16 ലക്ഷം പ്രചാരത്തിലേക്കുള്ള ദൂരം; മണിക്കൂറില്‍ 75,000 കോപ്പി കളറില്‍ അച്ചടിച്ച്‌ പത്രം മടക്കി, എണ്ണിത്തരുന്ന ഹാരിസ്‌ എന്ന അമേരിക്കന്‍ പ്രസ്സ്‌...

ഓര്‍മ്മകളുടെ ഒരു ചാകര തന്നെ അടിച്ചു കയറുന്നുണ്ട്‌ 'മോതിര'ത്തില്‍: ആലപ്പുഴയിലെ കുപ്പപ്പുറത്ത്‌ മാമ്മന്‍മാപ്പിളക്കുണ്ടായിരുന്ന 300 ഏക്കറിലെ നിലത്ത്‌ മുപ്പതിനായിരം പറ നെല്ല്‌ കൊയ്തത്‌; തിരുവല്ലയിലെ തിരുമൂലപുരത്ത്‌ പെണ്‍കുട്ടികള്‍ക്ക്‌ വേണ്ടിയുള്ള ആദ്യത്തെ റസിഡന്‍ഷ്യല്‍ സ്കൂളിനായി വറുഗീസ്‌ മാപ്പിള 10 ഏക്കര്‍ വിട്ടു കൊടുത്തത്‌; ഏകസഹോദരി മറിയക്കുട്ടിയുടെ പൂച്ചക്കണ്ണുകളുടെ ഓര്‍മ്മക്ക്‌, കെ.എം.ചെറിയാന്‍ ആരംഭിച്ച വളം കമ്പനിക്ക്‌ പൂച്ചമാര്‍ക്ക്‌ എന്ന്‌ പേരിട്ടത്‌; മങ്കൊമ്പിലെ പലിശക്കാരന്‍ സ്വാമിയുടെ വീട്ടില്‍ കടം തിരിച്ചു കൊടുക്കാന്‍ ചെന്നപ്പോള്‍ കണ്ട സാരിയില്‍ തൊട്ടതിനു സ്വാമി അയിത്തം കല്‍പ്പിച്ചത്‌; അയ്യങ്കാളിക്ക്‌ അമ്മച്ചി ചോറു വിളമ്പിക്കൊടുത്തത്‌;

കമ്യൂണിസ്റ്റ്‌ പച്ച പോലത്തെ ഓര്‍മ്മകളും ഇടം പിടിച്ച്‌ വീര്‍ത്ത 'മോതിരത്തില്‍' മാത്യുവിന്റെ കുട്ടിക്കാലത്തെ കളികള്‍; സി.എം.എസ്‌.കോളേജില്‍ മേശപ്പുറത്ത്‌ കമിഴ്ന്ന്‌ കിടന്ന്‌ പഠിപ്പിച്ചിരുന്ന പി.സി.ജോസഫ്‌ സര്‍; പട്ടം താണുപിള്ള മന്ത്രിസഭയിലെ ടി.എം. വര്‍ഗീസുമായി അപ്പച്ചനുണ്ടായിരുന്ന സൌന്ദര്യപ്പിണക്കം; ഇളയ സഹോദരന്‍ ബേബിയുടെ ഭാര്യ കുഞ്ഞിന്റെ സഹപാഠിയാണു ഇപ്പോള്‍ കുവൈത്തില്‍ ഡോക്ടറായ പൂണിത്ര പാപ്പച്ചന്‍...തുടങ്ങിയ വിവരങ്ങള്‍ ധാരാളം. സി.പി.രാമസ്വാമി പര്‍വം അനവധി പേജുകളും അധ്യായങ്ങളിലും കവര്‍ ചെയ്തിരിക്കുന്നു (കവര്‍ന്നിരിക്കുന്നു എന്നും പറയാം). 'സി.പി.യുടെ ക്രൂരത മനോരമയെ നിശബ്ദമാക്കിയ ആ രാത്രിയില്‍' കോട്ടയത്തും പരിസരങ്ങളിലും ഭൂമികുലുക്കമുണ്ടായെന്നും 'മനോരമയെ ഇരുട്ടിലേക്ക്‌ തള്ളി വിട്ടതില്‍ പ്രക്രുതി പോലും പ്രതിഷേധിക്കുകയായിരുന്നു എന്ന്‌ ആരൊക്കെയോ എഴുതിയിട്ടുണ്ടെന്നും' ഓര്‍ക്കുന്നു കെ.എം.മാത്യു.

കയ്പ്പുള്ള ഓര്‍മ്മകളാലും മധുരതരമാണു 'മോതിരം'. സി.പി. യുഗത്തില്‍ നിന്നും മനോരമ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കാഴ്ച അസ്സലാണു. 'മനോരമയുടെ കഴുത്തില്‍ ദിവാന്‍ഭരണത്തിന്റെ കൊടുവാള്‍ വീണത്‌' 1938 സെപ്റ്റംബര്‍ 9നാണു. 10, 11, 12 പൊതു അവധി. 13നു കൊച്ചി രാജ്യത്തെ കുന്നംകുളത്തു നിന്നും മനോരമ തിരുവിതാംകൂറില്‍ പറന്നുവന്നു. കുന്നംകുളത്തെ എ.ആര്.പി.പ്രസ്സ്‌ ഉടമ പുലിക്കോട്ടില്‍ ഇട്ടൂപ്പിന്റെ പെങ്ങള്‍ താണ്ടമ്മയെയാണു മാത്യുവിന്റെ ജ്യേഷ്ഠന്‍ കെ.എം.വറുഗീസ്‌ മാപ്പിള വിവാഹം ചെയ്തിരിക്കുന്നത്‌! ആ സാമ്പത്തികപ്രതിസന്ധിയുടെ കാലത്ത്‌ മറ്റൊരു ജ്യേഷ്ഠന്‍ കെ.എം.ഉമ്മന്റെ ഭാര്യ 'സാഹചര്യത്തിനനുസരിച്ച്‌ സ്വയം ക്രമീകരിക്കാന്‍ ശ്രമിച്ചു. ചേടത്തി കുറച്ചു പശുക്കളെ വാങ്ങി. വെളുപ്പാന്‍കാലത്ത്‌ പാലു കറന്നു പരിസരത്തെ വീടുകളില്‍ വില്‍പന നടത്തി. ഉരുളക്കിഴങ്ങ്‌ ചിപ്സ്‌ ഉണ്ടാക്കി അടുത്ത വീടുകളില്‍ കൊണ്ടുപോയി വിറ്റു..' മനോരമയുടെ ആസ്തികളെല്ലാം സി.പി. ലേലത്തിനായി വച്ചപ്പോള്‍ ഇത്തിക്കരയിലെ ടൈല്‍ ഫാക്ടറിയും പുനലൂരിലെ 50 ഏക്കറും, അപ്പച്ചന്റെ ഇളയ സഹോദരിയുടെ ഭര്‍ത്താവ്‌ പടിഞ്ഞാറേക്കര ചാക്കോയും പുത്രന്‍മാരും ചേര്‍ന്ന്‌ വാങ്ങി മനോരമക്കുടുംബത്തിനു തന്നെ വിറ്റു. മൈസൂറിലെ കാപ്പിത്തോട്ടവും ബലൂണ്‍ ഫാക്ടറിയും (പിന്നീട്‌ എം.ആര്‍.എഫ്‌.) ആ പത്രക്കുടുംബത്തെ സാമ്പത്തികമായി രക്ഷിക്കുകയായിരുന്നു.

കയ്ക്കുന്ന ഓര്‍മ്മകളില്‍ ബോബനും മോളിയും കേസ്‌ കല്ല്‌ കടിച്ചേക്കും. ശങ്കേഴ്സ്‌ വീക്ക്‌'ലിയില്‍ പ്രസിദ്ധീകരിച്ചിരുന്ന 'കാലുവും മീനയും' കണ്ടാണു ബോബനും മോളിയും പംക്തി ആരംഭിച്ചതെന്നും ആ പേര്‍ നിര്‍ദ്ദേശിച്ചത്‌ മാത്യുവിന്റെ ബന്ധുവും ജീവിതനൌക സിനിമയുടെ നിര്‍മ്മാതാവുമായ കെ.വി.കോശിയാണെന്നും മാത്യു അവകാശപ്പെടുമ്പോള്‍, ആ കുട്ടിക്കുസ്രുതികള്‍ ടോംസിന്റെ അയല്‍ക്കാരാണെന്ന്‌ ടോംസും ആത്മകഥയില്‍ അവകാശപ്പെടുന്നുണ്ട്‌. (ഈ കോശിച്ചായനാണു ആര്‍ടിസ്റ്റ്‌ കെ.ജെ.മാത്യു വരച്ചു തുടങ്ങിയ പോക്കറ്റ്‌ കാര്‍ടൂണ്‍ കുഞ്ചുക്കുറുപ്പിന്റെ മോഡല്‍). കേസില്‍ മനോരമ ജയിച്ചെങ്കിലും 'കുട്ടികളെ' ടോംസിനു തന്നെ വിട്ടു കൊടുക്കാന്‍ മാത്യുവും കൂട്ടരും തീരുമാനിക്കുകയായിരുന്നത്രേ. മാത്യു തുടര്‍ന്നെഴുതുന്നു: 'ശുഭാന്ത്യം! ടോംസ്‌ ഇപ്പോഴും ഞങ്ങളുടെ നല്ല സുഹൃത്തായി തുടരുന്നു'.

കമ്യൂണിസ്റ്റ്‌ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ മാമ്മന്‍മാപ്പിള വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്യുമെന്ന ആരോപണത്തെ ഖണ്ഡിക്കുന്നുണ്ട്‌ മാത്യു. കമ്യൂണിസ്റ്റ്‌ നേതാവ്‌ പി.ടി.പുന്നൂസുമായുള്ള സ്വകാര്യ സംഭാഷണത്തില്‍ അപ്പച്ചന്‍ പറഞ്ഞത്‌ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പറ്റാത്ത സാഹചര്യമുണ്ടായാല്‍, ലോകം ജീവിക്കാന്‍ കൊള്ളാത്തത്താവുമെന്നും പിന്നെ ആത്മഹത്യ ചെയ്യുന്നതാവും നല്ലത്‌ എന്നുമാണു. എന്തുകൊണ്ട്‌ ഇന്ദിരാഗാന്ധിയെ പിന്‍തുണച്ച പത്രം അടിയന്തരാവസ്ഥയെ എതിര്‍ത്തില്ല എന്നതിനും മാത്യുവിനു മറുപടിയുണ്ട്‌: ...ചര്‍ച്ചക്കിടയില്‍ പത്രാധിപസമിതിയിലെ വി.കെ.ബി.നായര്‍ പറഞ്ഞു, പത്രം നിര്‍ത്തി വീട്ടില്‍ പോയിരുന്നാലും നിങ്ങള്‍ക്ക്‌ പ്രശ്നമില്ല. പക്ഷേ ഞങ്ങളൊക്കെ പട്ടിണിയിലാവും. 'അങ്ങനെ ആ ചര്‍ച്ചയില്‍ ഇങ്ങനെയൊരു തീരുമാനമെടുത്തു: അടിയന്തരാവവസ്ഥയെ മനോരമ അനുകൂലിക്കുന്നുമില്ല; പ്രത്യക്ഷത്തില്‍ എതിര്‍ക്കുന്നുമില്ല'.

എന്തൊരു ഡിപ്ളോമസി അല്ലേ? ആ ഡിപ്ളോമസിയാണു ഈ പുസ്തകത്തെ വായിക്കാന്‍ പ്രേരിപ്പിക്കുന്നതും.
http://chintha.com/node/17506

Monday, November 10, 2008

ആദ്യഗാനം,ആദ്യരചന,ആദ്യസംഗീതം

യേശുദാസ്-കാൽ‌പ്പാടുകൾ-1962
പി.ജയചന്ദ്രൻ-കളിത്തോഴൻ-1966
ഉഷാ ഉതുപ്പ്-ചട്ടക്കാരി-1974
വിജയ് യേശുദാസ്-ഇടനാഴിയിൽ ഒരു കാലൊച്ച-1987
അഫ്സൽ-വല്ല്യേട്ടൻ-2000
റിമി ടോമി-മീശ മാധവൻ-2002
വിനീത് ശ്രീനിവാസൻ-കിളിച്ചുണ്ടൻ മാമ്പഴം-2003
മധു ബാലകൃഷ്ണൻ-കാക്കക്കറുമ്പൻ-2004

ഓ.എൻ.വി.-കാലം മാറുന്നു-1955
വയലാർ-കൂടപ്പിറപ്പ്-1956
യൂസഫലി കേച്ചേരി-മൂടുപടം-1963
ശ്രീകുമാരൻ‌തമ്പി-കാട്ടുമല്ലിക-1966
കൈതപ്രം-എന്നെന്നും കണ്ണേട്ടന്റെ-1986
ഗിരീഷ് പുത്തഞ്ചേരി-എൻ‌ക്വയറി-1990

ദേവരാജൻ-കാലം മാറുന്നു-1955
ബാബുരാജ്-മിന്നാമിനുങ്ങ്-1957
ആർ.കെ.ശേഖർ-പഴശ്ശിരാജ-1964
രവീന്ദ്രൻ-ചൂള-1979
ജോൺസൺ-ഇണയെത്തേടി-1981
ഔസേപ്പച്ചൻ-കാതോടുകാതോരം-1985
ശരത്-ക്ഷണക്കത്ത്-1990
എ.ആർ.റഹ്മാൻ-യോദ്ധാ-1992
എം.ജയചന്ദ്രൻ-ആലഞ്ചേരി തമ്പ്രാക്കൾ-1995
(റിജു അത്തോളി സമാഹരിച്ചത്)

Sunday, November 9, 2008

വി.ടി.മുരളി എന്ന ഗായകൻ

ഉയരും ഞാൻ നാടാകെ എന്ന മോഹൻലാൽ ചിത്രത്തിലെ ‘മാതളത്തേനുണ്ണാൻ പാറിപ്പറന്നു വന്ന മാണിക്യക്കുയിലാളേ’ എന്ന ഗാനത്തിലൂടെയാണു മുരളിയുടെ സ്വരം ഞാനറിയുന്നത്.(ഗാനരചന ഓ.എൻ.വി.,സംഗീതം കെ.പി.എൻ.പിള്ള). അത് 1985 ൽ. അതിനും മുൻപേ ‘തേൻ‌തുള്ളി’, ‘കത്തി’ തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകളിലൂടെ മുരളിയെ കേരളം കേട്ടിരുന്നു. ഇപ്പോൾ മുരളിയോട് ഒത്തുകൂടാൻ ഒരവസരമുണ്ടായി. അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ:
കുവൈറ്റിലെ ഒരു പൊതുവേദിയിൽ എന്നെ ക്ഷണിച്ചു. കൂടെ മന്ത്രി ബിനോയ് വിശ്വവും ഉണ്ട്. പ്രാസംഗികൻ മന്ത്രിയുടെ മൂന്ന് തലമുറ മുമ്പത്തെ രാഷ്ട്രീയചരിത്രം പറയാൻ തുടങ്ങി. എന്നെപ്പറ്റി സംഗീതകാരൻ എന്നു മാത്രം. എന്റെ അച്ഛൻ വി.ടി.കുമാരൻ‌മാസ്റ്ററുടെ തലമുറ ഇവർക്കറിയില്ല. പ്രസംഗത്തിനു എന്റെ ഊഴം വന്നപ്പോൾ ഞാൻ പറഞ്ഞു, ‘എനിക്ക് മന്ത്രിയുടെ വാലായി നിൽക്കേണ്ട കാര്യമില്ല. എ.കെ.ജി.യും ഇ.എം.എസും. മാത്രമല്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉണ്ടാക്കിയത്, വയലാറും, ദേവരാജനും, ദാമോദരനും മറ്റനേകം കലാകാരന്മാരും ചേർന്നാണു’. ഇത് പറഞ്ഞിട്ട് ഞാനിറങ്ങിപ്പോന്നു. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. എല്ലാം ഒരു ഷോ ആയി. കൈതപ്രം സിനിമയിലഭിനയിച്ചിട്ടുണ്ട് എന്ന ഒറ്റക്കാരണത്താൽ അദ്ദേഹത്തിന്റ കച്ചേരിക്ക് 50,000 വരെ കിട്ടുകയും, നെയ്യാറ്റിൻ‌കര വാസുദേവൻ സാറിന്റെ കച്ചേരിക്ക് 5,000 ഇരന്നു വാങ്ങേണ്ട ഗതികേടിലുമായ കാലമുണ്ടായി. സംഗീതം ഇന്ന് വിപണിയുടെ ഭാഗമായി. ട്യൂണിനൊപ്പിച്ച് പാട്ടെഴുതേണ്ടി വരുമ്പോൾ കവിതാഗുണം ചോർന്നു പോകുന്നു. സമ്യത്തായ (നല്ല)ഗീതം ആണു സംഗീതം. ലജ്ജാവതി ഇന്ന് ആരോർക്കുന്നു? 50 വർഷം കഴിഞ്ഞിട്ടും ‘കായലരികത്ത്’ ഓർമ്മിക്കപ്പെടുന്നില്ലേ?
പഴയ ഗാനങ്ങൾ ജനത്തെക്കൊണ്ട് പാടിക്കുകയായിരുന്നെങ്കിൽ, പുതിയ പാട്ടുകൾ ജനത്തെ കേൾവിക്കാരും, കഷ്ടം, കാഴ്ചക്കാരും മാത്രമാക്കി മാറ്റുന്നു. നീലക്കുയിൽ എന്ന ചിത്രത്തിലെ ഗായകരുടെ നിര നോക്കുക: കോഴിക്കൊട് അബ്ദുൾഖാദർ, ശാന്ത പി.നായർ, മെഹ്ബൂബ്, ജാനമ്മ ഡേവിഡ്, കോഴിക്കോട് പുഷ്പ, സംഗീതസംവിധായകൻ കെ.രാഘവൻ... കഥക്കും കഥാപാത്രങ്ങൾക്കും അനുസരിച്ചുള്ള ബഹുസ്വരതയാണു. പിന്നീട് എല്ലാ കഥാപാത്രങ്ങൾക്കും ഒരു ഗായകനോ ഗായികയോ മാത്രം പാടിയാൽ മതിയെന്നായി. മാർക്കറ്റിലെ കുത്തക!

പാട്ട് ആഹ്ലാദിപ്പിക്കാൻ വേണ്ടി മാത്രമുള്ളത് എന്നൊരാശയം ശക്തി പ്രാപിച്ചു വരരികയാണു. പുതിയ പാട്ടുകളെ ഈയാഴ്ചയിലെ പാട്ട് എന്ന് വിശേഷിപ്പിക്കാം. ആ ആഴ്ച കഴിയുമ്പോൾ അത് തീർന്നു. വാസ്തവത്തിൽ പഴയ പാട്ടുകൾ പൊടി തട്ടിയെടുക്കുന്നതാണു പുതിയ കുപ്പിയിൽ വരുന്നത്. സഹിക്കാൻ പാടില്ലാത്തത് പഴയ ഗാനങ്ങൾ പുതിയ ഗായകർ പുതിയ ഇൻസ്ട്രമെന്റേഷനിൽ പാടുന്നതാണു. പഴയ ഗാനമെന്നു പറയുമ്പോൾ അതിനൊരു ചരിത്രമുണ്ട്. ആ ചരിത്രത്തെയാണു റീ മിക്സ് ചെയ്ത് അപമാനിക്കുന്നത്. പഴയ കലാകാരന്മാരുടെ വാമൊഴി ശബ്ദലേഖനം ചെയ്ത് സൂക്ഷിക്കാൻ നമുക്കിപ്പോഴും ശ്രദ്ധയില്ല. ഓരോ ഗായകരുടേയും ആലാപനത്തിലെ ശൈലി അടുത്ത തലമുറക്ക്, വായിച്ചാൽ മാത്രം മനസിലാവുമോ? കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ടിനു വേണ്ടി കഴിഞ്ഞ 50 വർഷത്തെ കേരളീയ സംഗീതം വിശകലനം ചെയ്തപ്പോൾ എനിക്ക് മനസിലായത് നമ്മുടെ തനതു സംഗീതം മരിച്ചുകൊണ്ടിരിക്കുകയാണെന്നും നമ്മെ നൊമ്പരപ്പെടുത്തിയിരുന്ന പഴയ ഗാനങ്ങളുടെ സ്ഥാനത്ത് നമ്മുടെ ഉള്ളിലേക്ക് കടക്കാൻ കഴിയാതെ ദൃശ്യങ്ങൾക്ക് വേണ്ടി മാത്രമായി ചുരുങ്ങിപ്പോയ ഗാന ഉൽ‌പ്പന്നങ്ങളാണിപ്പോഴുള്ളത് എന്നാണു.
(വി.ടി.മുരളിയുടെ സുഹൃത്ത് റിജു അത്തോളി സമാഹരിച്ച, സംഗീതപ്രവർത്തകരുടെ അരങ്ങേറ്റ സിനിമകളുടെ ലിസ്റ്റിൽ നിന്നും ചിലത് അടുത്ത പോസ്റ്റിൽ).

Sunday, November 2, 2008

കേരളകൌതുകങ്ങൾ 3

1. സുല്‍ത്താന്‍ ബത്തേരി എന്നാല്‍ സുല്‍ത്താന്‍സ്‌ ബാറ്ററി എന്നാല്‍ ടിപ്പുവിന്റെ ആയുധപ്പുര.

2. ഇന്ത്യയിലെ ആദ്യത്തെ സര്‍ക്കസ്‌ കളരി കീലേരി കുഞ്ഞിക്കണ്ണന്‍ 1901 ല്‍ തലശേരിയില്‍ സ്ഥാപിച്ചു.

3. മട്ടന്നൂര്‍ ശ്രീരാമക്ഷേത്രത്തിലെ ഉത്സവത്തിന്‌ ആനകള്‍ പാടില്ല എന്നുണ്ട്‌. കുന്നംകുളത്തെയും കുറവിലങ്ങാട്ടെയും ക്രിസ്ത്യന്‍ പള്ളിപ്പെരുന്നാളിന്‌ ആനയെ എഴുന്നള്ളിക്കാറുണ്ട്‌.

4. കൂത്തുപറമ്പ്‌-മട്ടന്നൂര്‍ റൂട്ടില്‍ വഴിവക്കില്‍ കാണുന്ന പൊട്ടക്കിണര്‍ പഴശ്ശിരാജായുടെ കൊട്ടാരത്തിലേതായിരുന്നു. കൊട്ടാരമുണ്ടായിരുന്ന സ്ഥലത്തിലൂടെയാണ്‌ മെയിന്‍ റോഡ്‌.

5. പുല്‍പ്പള്ളി കാടിനുള്ളില്‍ ഗിരിവര്‍ഗക്കാര്‍ മാത്രമല്ല, തെക്ക്‌ നിന്നും കുടിയേറിയവരും താമസിക്കുന്നുണ്ട്‌.

6. ജൈനമതകേന്ദ്രമായിരുന്ന മഹാ ആനന്ദവാടിയാണ്‌ ഇന്നത്തെ മാനന്തവാടി.

‘കരിവളയിട്ട കൈയിൽ കുടമുല്ലപ്പൂക്കളുമായ് ’

കരിവളയിട്ട കൈയിൽ
കുടമുല്ലപ്പൂക്കളുമായ്
കരിമിഴിയാളേ നീ വരുമോ
കരിമിഴിയാളേ നീ വരുമോ

മൈലാഞ്ചിക്കൈ നിറയെ തിരുമധുരവുമായ്
മണിയറവാതിലിൽ നീ വരുമോ
മധുരക്കിനാവിന്റെ മണിമഞ്ചലേറി നീ
മധുരാംഗിയാളേ നീ വരുമോ?

ഈ പാട്ടിനെപ്പറ്റി കൂടുതലറിയില്ല. കോട്ടയം ജോയിയുടേതാണു സംഗീതമെന്നല്ലാതെ.

Thursday, October 30, 2008

കേരളകൌതുകങ്ങൾ 2

1.57,139 കോടിയാണ്‌ കേരളത്തിന്റെ പൊതുകടം. പലിശ, ശമ്പളം, പെന്‍ഷന്‍ ചെലവുകളിലേക്കായി നമ്മുടെ വരുമാനത്തിന്റെ 86% പോകുന്നു.

2.ഇടുക്കി, വയനാട്‌ ജില്ലകളാണ്‌ ആത്മഹത്യയില്‍ മുന്നില്‍. മലപ്പുറം ഏറ്റവും പിറകില്‍.

3.കേരളത്തില്‍ കാര്യങ്ങള്‍ നടക്കാന്‍ ഏറ്റവും പ്രയാസമുള്ള വകുപ്പുകള്‍ പോലീസും കോടതിയുമാണ്‌. എളുപ്പം പഞ്ചായത്താപ്പീസും കൃഷിഭവനും.

4.ഡോസിടാക്സല്‍ എന്ന ശ്വാസകോശ കാന്‍സര്‍ മരുന്നിന്റെ മൊത്തവ്യാപാരിവില 3,490 രൂപ. ഉപഭോക്താക്കള്‍ക്ക്‌ കിട്ടുന്നത്‌ 14,570 രൂപക്ക്‌.

5.പ്രതിവര്‍ഷം കേരളം മരുന്നിന്‌ ചെലവാക്കുന്നത്‌ 4000 കോടി രൂപ.

6.ഫെഡറല്‍ ബാങ്കിലെ നിക്ഷേപം 21,584 കോടിയാണ്‌. സൌത്ത്‌ ഇന്ത്യന്‍ ബാങ്കിലേത്‌ 12,239 കോടിയും. ഫെഡറല്‍ ബാങ്കിന്റെ മൂലധനത്തില്‍ 60% ത്തിലധികം ഇപ്പോള്‍ വിദേശ നിയന്ത്രണത്തിലാണ്‌. എസ്‌.ഐ.ബിയുടെ 48%ഓഹരികള്‍ വിദേശികളുടേതാണ്‌.

Tuesday, October 28, 2008

കേരളകൌതുകങ്ങൾ

1.സാക്ഷരതയില്‍ രണ്ടാം സ്ഥാനത്താണ്‌ കേരളമിപ്പോള്‍ (85%). മിസോറാമാണ്‌ മുന്നില്‍ (89%).

2.കേരളത്തില്‍ ഏറ്റവുമധികം ദരിദ്രരുള്ളത്‌ പാലക്കാട്‌ ജില്ലയില്‍; കുറവ്‌ പത്തനംതിട്ട. (പത്തനംതിട്ട ജില്ലയില്‍ ഏറെയും വനങ്ങളും റബര്‍ തോട്ടങ്ങളുമാണ്‌).

3.ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിച്ചതിനാല്‍ കേരളത്തില്‍ വൃദ്ധരുടെ എണ്ണം കൂടി (അവരുടെ ചികില്‍സാ ചെലവുകളും). പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം 72 വയസ്‌. സ്ത്രീകളുടേത്‌ 75.

4.മാമാങ്കത്തിന്‌ സാമൂതിരി നിലയുറപ്പിച്ചിരുന്ന 'നിലപാട്‌ തറ' ഇപ്പോള്‍ ഒരു ഓട്ടുകമ്പനിപ്പറമ്പിലാണ്‌. ചാവേറുകളുടെ 'മണിക്കിണര്' ആശുപത്രി വളപ്പിലും.

5.ഓരോ തൊഴിലിലുമേര്‍പ്പെട്ടിരിക്കുവര്‍ ഒന്നിച്ച്‌ താമസിക്കുന്ന കോളനികള്‍ പാലക്കാട്‌ നെന്മാറയില്‍ വേണ്ടുവോളമുണ്ട്‌. തട്ടാത്തറ, കൊശത്തറ, ചെട്ടിത്തറ, ചക്കാന്തറ, തുന്നക്കാരത്തെരുവ്‌, പപ്പടക്കാരത്തെരുവ്‌... ...

6.’ഇത്‌ ഭൂമിയാണ്‌‘ എന്ന തന്റെ നാടകത്തിന്റെ 50ആം വാര്‍ഷികത്തില്‍ കെ.ടി.മുഹമ്മദ്‌ പറഞ്ഞു, ഇത്‌ ഭൂമിയാണ്‌ എന്ന്‌ തിരിച്ചറിഞ്ഞത്‌ ഭൂ മാഫിയ മാത്രമാണ്‌.

Sunday, October 26, 2008

പഴയൊരു സിനിമാപോസ്റ്റർ


ജന്മഭൂമി എന്ന ചിത്രം ആർ സംവിധാനം ചെയ്തതാണെന്ന് താമസിയാതെ പറയുന്നതാണു.

Saturday, October 25, 2008

സുരേഷ് ഗോപീ പ്രതിസന്ധി

മൈക്രോകഥ
1
ക്ലാ ക്ലാ.., ക്ലീ.., ക്ലൂ..,
എന്നിട്ടും സുരേഷ്ഗോപി തിരിഞ്ഞു നോക്കിയില്ല.
2
ക്ലാവർ, ക്ലീനർ, ക്രൂഷ്ചേവ്..
സുരേഷ്ഗോപി ക്ലോസപ്പിൽ തിരിഞ്ഞു നോക്കി. മുറ്റത്തൊരു മൈ..!
മുറ്റത്തൊരു മൈനയുടെ അപ്പി കിടക്കുന്നു. ഷിറ്റ്!

(അപ്പി എടുത്തു കളയാൻ ഭാര്യയെ വിളിച്ചാൽ ഫെമിനിസ്റ്റുകൾ സമ്മതിക്കുമോ? വേലക്കാരെ വിളിച്ചാൽ ദളിത്പ്രേമികൾ പ്രതികരിക്കില്ലേ? സ്വയം എടുത്തു കളയാൻ സവർണ്ണമേധാവിത്വം ‘കാ ത്വം ഗോപി’ എന്ന് പ്രതിഷേധിക്കില്ലേ? കഥ എങ്ങനെ അവസാനിപ്പിക്കും?)

Saturday, October 18, 2008

ഇന്നസെന്റ് പറഞ്ഞത്

കുവൈത്തിലെ ക്രൌൺ പ്ലാസ ഹോട്ടലിൽ സ്വർ‌ണ്ണവർ‌ണ്ണ ജുബ്ബയുമണിഞ്ഞ് ഇന്നച്ചൻ. ഭാര്യ ആലീസിനെ ആരോ പൊക്കിക്കൊണ്ടുപോയിരിക്കുന്നു ഡിന്നറിനായി.ഇന്നച്ചനു പോകാൻ കഴിയില്ല. ഒരു റിയൽ എസ്റ്റേറ്റ് ബിസിനസുകാർ അവരുടെ അം‌ബാസഡറായി പിടിച്ചു കൊണ്ടു വന്നിരിക്കയാണു പാവത്തെ.പാവമാണെന്ന് സിനിമയിലെ ഇമേജ് മാത്രമാണെന്നും ആൾ കുശാഗ്രബുദ്ധിയാണെന്നും (വെറുതെയണോ ‘അമ്മ’യുടെ മുകളിൽ കയറിയിരിക്കുന്നത്?), ഗൌരവസിനിമയെ സ്വകാര്യമായി പ്രേമിക്കുന്നവനുമാണെന്നും സം‌സാരവഴിയേ മനസിലാവും. ഇനി ഇന്നച്ചന്റെ വാക്കുകളിൽ:
എനിക്ക് ഇന്റർവ്യൂവിനു പൈസാ കിട്ടും. ഐഡിയ സ്റ്റാർ സിം‌ഗരറുകാര് അമ്പതിനായിരം രൂപയാണ് തന്നത്. അല്ലെങ്കിലും സിനിമാക്കാർ നേരം വെളുക്കുന്നതിനു മുമ്പേ ഇന്റർവ്യൂവിനു ഇരുന്നു കൊടുക്കരുത്. രാഷ്ട്രീയക്കാർക്ക് അത് ഗുണം ചെയ്യും. സിനിമക്കാ‍രെ ജനം എപ്പോഴും കാണരുത്. മാർക്കറ്റിൽ കിട്ടാത്ത റെയർ വസ്തു പോലെ അവരെ ജനം ആഗ്രഹിക്കണം. മാർക്കാറ്റിനെക്കുറിച്ച് എനിക്ക് നല്ലപോലറിയാം. ഇരിങ്ങാലക്കുടയിൽ നടത്തിയിരുന്ന മാർജിൻ ഫ്രീ മാർക്കറ്റ് നിർത്തി. നമ്മൾ പഞ്ചസാര കിലോ 21 രൂപക്ക് കൊടുക്കുമ്പോൾ റിലയൻസ്കാർ 18 നു കൊടുക്കും. പൈസയുടെ വില എനിക്ക് നന്നായറിയം. ഞാൻ നിർമ്മിച്ച അഞ്ച് സിനിമകൾ ഏതൊക്കെയെന്നറിയുമ്പോൾ എന്നിലെ കലാകാരനേയും മനസ്സിലാവും. മൂന്ന് സിനിമ, എന്റെ നാട്ടുകാരനും സുഹൃത്തുമായ മോഹൻ സംവിധാനം ചെയ്തു: വിട പറയും മുമ്പേ, ഇളക്കങ്ങൾ, ഒരു കഥ ഒരു നുണക്കഥ. ഭരതൻ ചെയ്ത ‘ഓർമ്മക്കായി’ എത്ര അവാർഡ് വാങ്ങി! കെ.ജി.ജോർജ്ജാണു അഞ്ചാമത്തെ സിനിമ ചെയ്തത്;ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്. അതോടെ എന്റെ മരണം ഉറപ്പായി. (എനിക്കറിയാമായിരുന്നു ലേഖ സാമ്പത്തികവിജയം നേടില്ലെന്ന്. പക്ഷേ സഹനിർമ്മാതാവിനു കോടി പ്രതീക്ഷയായിരുന്നു).പിന്നെ അഭിനയം കൊണ്ട് പിടിച്ചു നിന്നതാണു. കോമഡിനടനായി മാത്രം ക്ലാസിഫൈ ചെയ്യരുത്. വേഷം, ദേവാസുരം.. സീരിയസ് വേഷങ്ങൾ ചെയ്ത എത്രയോ സിനിമകൾ! മോഹൻലാലിനെപ്പോലെ ഡാൻസ് ചെയ്തിരുന്നെങ്കിൽ ഈ ശരീരവും ഒന്ന് ഉടഞ്ഞേനെ. ലാൽ അസ്സലായി ഡാൻസ് ചെയ്യും കേട്ടോ. മമ്മൂട്ടിയുടെ ഒരു കുഴപ്പം (ഡാൻസിൽ)ബെയ്സില്ലാത്തതാണു. സെറ്റിൽ വച്ച് ആളുകളുടെ മുന്നിൽ വച്ച് ചുവട് പഠിച്ചെടുക്കാനും ബുദ്ധിമുട്ട്. സത്യൻ അന്തിക്കാടിന്റെ സിനിമകളിലും മറ്റും ഞാനും എല്ലാരും ഡാൻസ് ചെയ്യണ പോലെ ചെയ്തിട്ട്ണ്ട്. ഒരു സ്റ്റപ് എല്ലാർക്കുമറിയാമല്ലോ. എന്റെ അപ്പൻ, തെക്കേത്തല വറീത്, വൈകുന്നേരം രണ്ടെണ്ണമൊക്കെ വിട്ട് ഇരിങ്ങാലക്കുട ടൌണിൽ രണ്ട് ചുവട് വക്കുമായിരുന്നു. എന്റെ അപ്പൻ കള്ളുകുടിച്ച് നാടു മുഴുവൻ ഡാൻസ് ചെയ്ത് നടക്കുകയായിരുന്നു എന്നൊന്നും എഴുതിപ്പിടിപ്പിക്കല്ലേ! അമേരിക്കയിൽ പോയപ്പോൾ പെൺകുട്ടികൾ വന്ന് തോളേപ്പിടിച്ച് ഫോട്ടോയെടുക്കും. അതിൽ നിർത്തില്ല അവർ. ഹാപ്പി ക്രിസ്മസ് എന്നു പറഞ്ഞ് വീട്ടിലേക്കുമയക്കും. പിന്നെ ആലീസിനെ ഞാൻ പോകുന്നയിടത്തൊക്കെ കൊണ്ടുപോകേണ്ടി വന്നു. പുതിയ പ്രശ്നമൊന്നും ഉണ്ടാക്കരുത്!
ഇപ്പോഴത്തെ പരിപാടി: ‘ആകാശയാത്ര’, ‘ബോസ്’ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നു. ഞാനെഴുതിയ 10 ചെറുകഥകളുടെ (ഒലിവ് പബ്ലിക്കേഷൻ പ്രസിധീകരിച്ച ‘മഴക്കണ്ണാടി’)സീരിയൽ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഈ 10 കഥകളിലും ഞാൻ ഓരോ വേഷത്തിലും വരുന്നുണ്ട്. ‘ഇന്നസെന്റ് കഥകളിലും’ ‘ഞാൻ ഇന്നസെന്റിലും’ കാണാത്ത ഇന്നസെന്റിനെ മഴക്കണ്ണാടിയിൽ കാണാം.

Tuesday, October 14, 2008

സംഭാഷണം: ജയരാജ്‌ വാര്യര്‍‌

കോമഡിയുടെ നിലവാരം കുറയാന്‍ കാരണം രാഷ്ട്രീയക്കാരുടെ കോമഡി

ജയരാജ്‌ വാര്യര്‍, കാരിക്കേച്ചറിസ്റ്റ്‌ എന്ന പദം മലയാളീകരിച്ച വിദ്വാന്‍; ചാനലുകളിലും സ്റ്റേജ്‌ ഷോകളിലും ഹാസ്യത്തിന്‍റെ ഒറ്റയാള്‍പ്പട്ടാളം; ആ വണ്‍മാന്‍ഷോക്ക്‌ ഇത്‌ 25 ആം വര്‍ഷം.

തമാശകള്‍ കണ്ടു പിടിക്കുതെങ്ങനെയാണ്‌?

കഴിഞ്ഞ ദിവസം കുവൈത്തിലെ സാല്‍മിയയിലൂടെ ഞങ്ങള്‍ നടന്നു പോകുകയായിരുന്നു. വേഷത്തില്‍ സാധാരണക്കാരനായ, മലയാളിയാണെന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാവുന്ന ഒരാളെ ഇടക്ക്‌ കണ്ടു, പരിചയപ്പെട്ടു. സംഭാഷണമധ്യേ 'ഞാനീ നാട്ടുകാരനല്ലല്ലോ' എന്ന അര്‍ത്ഥത്തില്‍ അയാള്‍ പറയുന്നു 'ഐ ആം നോട്ട്‌ ദിസ്‌ കണ്‍ട്രി!' ഞാനിത്‌ സ്റ്റേജില്‍ അവതരിപ്പിച്ചു. നീണ്ട കൈയടി. എന്താ കാരണം? മലയാളി സ്വയം കളിയാക്കി ചിരിക്കാന്‍ പ്രാപ്തിയുള്ളവനാണ്‌. ഞാന്‍ കണ്ണും കാതും മനസും തുറന്നു വച്ചിരിക്കുന്നു. നല്ല നിരീക്ഷണമാണ്‌ ഹാസ്യത്തിന്‍റെ ഉറവിടം. ഹാസ്യം നമുക്ക്‌ ചുറ്റുമുണ്ട്‌. അത്‌ കണ്ടു പിടിച്ചാല്‍ മതി. മാധ്യമങ്ങള്‍ ചിരിക്കാനുള്ള വക ഉണ്ടാക്കിത്തരുന്നുമുണ്ട്‌. മുഖ്യമന്ത്രി ശബരിമലക്ക്‌ പോയി എന്ന പത്രവാര്‍ത്തയില്‍ നിന്നും കോമഡിയുണ്ടാക്കാം.

ചാനലുകള്‍ പെരുകിയതോടെ കോമഡിയുടെ നിലവാരം കുറയുന്നു?

ചാനലുകാര്ക്ക്‌ അവരുടെ സ്ഥാപിതതാല്‍പര്യങ്ങളുണ്ട്‌. ചാനലോക്രസിയില്‍ അവര്‍ പറയുന്നതേ നടക്കൂ. കോമഡിയുടെ നിലവാരം കുറയാന്‍ കാരണം രാഷ്ട്രീയക്കാരുടെ കോമഡി കൂടുന്നത്‌ കൊണ്ടാണ്‌. 'ഉഷാ ഉതുപ്പിന്റെ ഗാനമേളയോ?' എന്ന്‌ പിണറായി വിജയന്‍ ചോദിച്ചതാണ്‌ 2007 ലെ ഏറ്റവും വലിയ കോമഡി. അപ്പറഞ്ഞത്‌ ഉഷാ ഉതുപ്പ്‌ തെറ്റിദ്ധരിച്ചത്‌ ട്രാജഡി. ഹാസ്യത്തെ അതേ രീതിയിലേ എടുക്കാവൂ.

സമീപകാലത്ത്‌, കേട്ട തമാശയല്ല കണ്ടുകൊണ്ടിരിക്കുന്ന കാര്യം പറയാം. ടിവി അവതാരകമാര്ക്ക്‌ വേഷം കുറഞ്ഞ്‌ കുറഞ്ഞ്‌ വരുന്നു. ഒറ്റത്തുണിയേലാണ്‌ കാര്യം സാധിക്കുക. പരമാവധി വലിഞ്ഞു മുറുകിയിരിക്കുകയും ചെയ്യും. ഇവിടെ ഒരു ബ്ളേ'ഡ്‌ കാണിച്ചാല്‍ അവിടെ പൊട്ടും.

തലമുടി പൊക്കി കഷണ്ടി കാണിച്ചാല്‍ ഭരത്‌ ഗോപിയായി. മുഖം നീട്ടിപ്പിടിച്ചാല്‍ മോഹന്‍ലാല്; മുഖം നന്നായി വക്രിച്ചാല്‍ അച്യൂതാനന്ദന്. ഇത്തരം 'ഫിഗറുകള്' ആദ്യമായി കോമഡിയില്‍ അവതരിപ്പിക്കുന്നത്‌ ഞാനാണ്‌. കഴിഞ്ഞ ആന്റണി മന്ത്രിസഭയില്‍ നിയമസഭയില്‍ പോയി അവരെയും അനുകരിച്ചു.

കുഞ്ചന്‍ നമ്പ്യാര്‍ പാടി: 'അച്ഛനടങ്ങിയിരിക്കേ വേണ്ടൂ, വെച്ചാലും വാളെന്ന്‌ ഗിരീശന്‍'. ച്ചാല്, മക്കള്‍ ഒരു പ്രായം കഴിഞ്ഞാല്‍ അച്ഛനെ അടക്കിയിരുത്തും. ഇത്‌ ഞാന്‍ മുരളീധരന്-കരുണാകരനുമായി ബന്ധിപ്പിക്കും. കൂടുതല്‍ ഇംപ്രൊവൈസ്‌ ചെയ്യാറില്ല. അതെന്റെ ഒരു പരിമിതിയായിരിക്കാം. പഴയ കഥകള്‍ സമകാലീന പരിസരത്തില്‍ പുനര്‍നിര്‍മ്മിക്കാന്‍ കഴിയണം.

സ്റ്റേജ്‌ പ്രോഗ്രാമില്‍ കാണികളെക്കൂടി പരിഹാസത്തിന്‌ പാത്രമാക്കുന്നത്‌ കണ്ടിട്ടുണ്ട്‌. എന്തുമാത്രം ഫലപ്രദമാണത്‌?

ചാക്യാര്‍കൂത്തിന്റെ പാരമ്പര്യമാണത്‌. കാണികളെ കളിയാക്കുകയല്ല, അവരെ പങ്കെടുപ്പിക്കുകയാണ്‌. ഒരിക്കല്‍ ഒരു സ്ഥലത്ത്‌ പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടിരിക്കുതിനിടെ ഒരാള്‍ കയറി വന്നു. ഞാനുടനെ പറഞ്ഞു പഞ്ചായത്ത്‌ പ്രസിഡണ്ടല്ലേ, വരണം വരണം! ജനം ചിരിയോട്‌ ചിരി. അത്‌ സത്യമായിരുന്നു. ചിലപ്പോള്‍ നമ്മുടെ ആറാമിന്ദ്രിയവും പ്രവര്‍ത്തിക്കും. കറുത്ത കരയുള്ള വെള്ളമുണ്ട്‌ ധരിച്ച്‌ നില്‍ക്കുന്നയാളോട്‌ 'താങ്കള്‍ കണ്ണൂര്കാരനല്ലേ?' എന്ന്‌ ചോദിച്ചു നോക്കൂ. 90 ശതമാനവും സത്യമായിരിക്കും. നിങ്ങള്‍ പരിചയപ്പെടുന്നയാളിന്റെ പേര്'കൃഷ്ണനുണ്ണി എന്നാണെങ്കില്‍ ഉറപ്പിക്കാം അയാള്‍ പാലക്കാട്ടുകാരനാണ്‌. പത്മകുമാറാണെങ്കില്‍ തിരോന്തരംകാരനും.

Thursday, October 9, 2008

മുകുന്ദന്റെ മെഗാനോവല്‍, പ്രവാസം

നെടുവീര്‍പ്പുകളുടെ പ്രവാസം; ഒത്തുതീര്‍പ്പുകളുടേയും.

മുകുന്ദന്റെ മെഗാനോവല്‍, പ്രവാസം, നെടുവീര്‍പ്പുകളുടെയും നിശ്വാസങ്ങളുടെയും ദീര്‍ഘസമാഹാരമാണ്'. ജീവിതം പ്രവാസമാണെന്നും മരണം വരെ മനുഷ്യരെല്ലാവരും പ്രവാസികളാണെന്നും സ്വയം ഒരു കഥാപാത്രമായി വന്നുകൊണ്ട്‌ ഏറ്റു പറയുകയാണ്‌ മയ്യഴിയുടെ ചരിത്രകാരന്‍. മുകുന്ദന്‌ മുൻ‌പ്‌ ആ ചരിത്രംപറയല്‍ ദൌത്യം നോവലില്‍ നിര്‍വ്വഹിച്ചിരിക്കുന്നത്‌ സഞ്ചാരസാഹിത്യകാരനായ എസ്‌.കെ.പൊറ്റെക്കാടും. ക്രാഫ്റ്റിലെ ഈ 'പുതുമ' കഴിഞ്ഞാല്‍ കരുണാര്‍ദ്രമായ മനസോടെ ഏറെ ജീവിതങ്ങള്‍ പകര്‍ത്തി വക്കുന്ന ഫീച്ചറെഴുത്തുകാരനെ കാണാം. കണ്ടുമുട്ടിയ കഥാപാത്രങ്ങളുടെ ഡി.എന്‍.എ. വരെ പിടിയുള്ള എല്ലാമറിയുന്നവന്‍-എഴുത്തുകാരനേയും.

ജീവിതം കുമ്പസാരിക്കുന്ന ആ കഥാപാത്രങ്ങള്‍ നിരവധിയാണ്‌: ജന്‍മിയുടെ മകനായിട്ടും പണിയെടുക്കാനും നാട്വേള്‌ കാണാനും ബര്‍മ്മയിലേക്ക്‌ ഒരുപ്പോക്ക്‌ പോയ കൊറ്റ്യത്ത്‌ കുമാരന്‍; കുമാരന്റെ ജീവിതത്തില്‍ നിന്നും ജപ്പാന്‍ പട്ടാളക്കാര്‍ പാവ പോലെ എടുത്തു കൊണ്ടുപോയ ബര്‍മ്മക്കാരി കതീശ; രണ്ടാംലോകമഹായുദ്ധകാലത്ത്‌ നാസികളാല്‍ വെടിവച്ചു കൊല്ലപ്പെട്ട മിച്ചിലോട്ട്‌ മാധവനെന്ന വിപ്ളവകാരിയെ ആരാധിച്ച കെള്ളോത്ത്‌ സുനന്ദ; സ്വന്തം കിടപ്പുമുറിയില്‍ മാതാപിതാക്കളെ കയറ്റാത്തയത്ര തന്റേടസ്വകാര്യത സൂക്ഷിക്കുന്ന ടീനേജ്‌ മകളെപ്പറ്റി ആധി കൊള്ളുന്ന അമേരിക്കന്‍ മലയാളി ദമ്പതികള്‍; സാഹിത്യകാരന്‍ പി.കെ.പി.യുടെ 'തീപ്പൊരി' പ്രസംഗം കേട്ട്‌ നിരാശനായിപ്പോകുന്ന ഗൌരവ വായനക്കാരന്‍, ദുബായിലെ സുധീരന്‍; ഓലവീടായതിനാല്‍ കാമുകിയെ നഷ്ടപ്പെടുമെന്ന വിചാരത്താല്, സലാലയില്‍ എല്ലു മുര്രിയെ പണിയെടുക്കുന്ന നാഥന്‍; കമ്യൂണിസ്റ്റ്‌ എം.എല്‍.എ. ഗിരി; പാര്‍ട്ടി നേതാവിന്റെ അമേരിക്കന്‍ എം.ബി.എ.ക്കാരന്‍ മകന്‍ അശോകന്‍... ... അങ്ങനെ ഒരുപാടൊരുപാട്‌ കഥാപാത്രങ്ങളിലൂടെ, അവരുടെ 'ഈശ്വരാ' നിശ്വാസങ്ങളിലൂടെ (എത്ര തവണയാണ്‌ മുകുന്ദനത്‌ പ്രയോഗിച്ചിരിക്കുന്നത്‌! ഈശ്വരാ!) ഒരു നൂറ്റാണ്ടിന്റെ പ്രവാസചരിതം പറയുന്നു മുകുന്ദന്‍, പകുതി ആത്മകഥയായും ആത്മരതിയായും; പകുതി പരദയയായും, പരദൂഷണമായും. വായനക്കാര്‍ക്ക്‌ ഒരു സൂപ്പര്‍മാര്‍ക്കറ്റ്‌ വായനാനുഭവമാണ്‌ മുകുന്ദന്റെ കരവിരുത്‌ 'പെര്‍ഫോം' ചെയ്യുന്നത്‌. ഏറെ കാണാം; ഏറെ കേള്‍ക്കാം; ഒന്നുമെടുക്കാതെ തിരികെ പോരാം.

1930 മുതല്‍ 2002 വരെയുള്ള കാലഘട്ടത്തിലൂടെ മുറിഞ്ഞും മുറിയാതെയും, നേര്‍ക്കും അല്ലാതെയും വന്നു മറയുന്ന 'പ്രവാസികളില്‍' കേന്ദ്രസ്ഥാനത്ത്‌ കൊറ്റ്യത്ത്‌ തറവാട്ടിലെ അഞ്ച്‌ തലമുറകളുണ്ട്‌ -ജനറേഷന്‍ ഗ്യാപ്‌ നന്നായി വെളിപ്പെടുത്തിത്തന്നെ. മൂല്യങ്ങളുടെ നിരാസമല്ല, കാഴ്ചപ്പാടുകളുടെ വിശാലതയാണ്‌ കാലമേറുന്തോറും വളരുന്നതെന്ന്‌ ചരിത്രകാരന്റെ സാക്ഷ്യം. എന്നാല്‍, ചരിത്രകാരന്റെ കാഴ്ചപ്പാടോ? 'അമേരിക്കന്‍ മണ്ണില്‍ കാലു കുത്തിയ ശേഷം അശോകന്‍ സംസാരിച്ചത്‌ (യൂണിവേഴ്സിറ്റി കാമ്പസിലെ) ഒരു ആഫ്രിക്കക്കാരിയോടാണ്‌, സായ്‌വിനോടല്ല എന്നതില്‍ സന്തോഷം തോന്നിയെന്ന്‌ കഥ പറയുന്നയാള്‍. അതിന്‌ കാരണമൊന്നും പറയുന്നില്ല കഥാകാരന്‍. അമേരിക്കന്‍ വിരോധം ഫാഷനായി കൊണ്ടുനടക്കുന്ന വായനക്കാരുമായുള്ള ഒത്തുതീര്‍പ്പാവാം കാരണം. പക്ഷേ, എയര്‍പോര്‍ട്ടില്‍ നിന്നും യൂണിവേഴ്സിറ്റിയിലേക്ക്‌ ടാക്സിയില്‍ പോയ അശോകന്‍ ടാക്സിക്കാരനോടെങ്കിലും സംസാരിച്ചില്ലെന്നോ?

മുകുന്ദന്റെ രചനാപാടവം, അനേകം കഥ-ഉപകഥളിലൂടെ, ഗ്രാമ നഗര ചിത്രങ്ങളിലൂടെ, സംഭവ സങ്കീര്‍ണ്ണ ചിത്രീകരണങ്ങളിലൂടെ അദൃശ്യമായ കണ്ണി പോലെ കടന്നു പോകുന്നു. മലയാളി എന്നും 'നെഞ്ചേറ്റി'യിട്ടുള്ള പ്രണയം, വിരഹം, കിനാവ്‌, പ്രതീക്ഷ, ഗൃഹാതുരത, മണ്ണ്‌, മദ്യം (എത്രയോ ബ്രാന്‍ഡുകളുടെ ഒരു ഡയറക്ടറിയാണ്‌ പ്രവാസം!) ഭൂമികയാക്കി, നമുക്കറിയാവുന്ന കാര്യങ്ങള്‍, നമ്മെ ഷോക്കടിപ്പിക്കാതെ,സ്നേഹത്തോടെ പറഞ്ഞു തരുന്നു മുകുന്ദന്‍. അത്യന്തം സിനിമാറ്റിക്കായ ഒരു ഭാഗം: നാഥന്‍ കാമുകി രാധയെ കാണുകയാണ്‌. രാത്രി. അവര്‍ക്കിടയില്‍ രാധയുടെ വീടിന്റെ ജന്നല്.

'ഒന്ന്‌ വെളക്ക്‌ കത്തിക്ക്‌, നെന്റെ മുഖമൊന്ന്‌ കണ്ടോട്ടെ.
അയ്യോ, ആരെങ്കിലും കാണും.
ആരും കാണില്ല. കത്തിക്ക്‌.
പറഞ്ഞു തീരുന്നതിന്‌ മുമ്പ്‌ അവള്‍ തീപ്പെട്ടിയുരച്ചു. അതവള്‍ മുന്‍കൂട്ടി കരുതിയിരുന്നു. ഇരുട്ടില്‍ പെട്ടെന്നു തെളിഞ്ഞ ആ മഞ്ഞവെളിച്ചത്തില്‍ അവളുടെ മുഖം അയാള്‍ ഒരു നോക്ക്‌ കണ്ടു. ഒരു നോക്കു മാത്രം. അപ്പോഴേക്ക്‌ തീപ്പെട്ടിത്തിരി മഴക്കാറ്റില്‍ അണഞ്ഞു. അവള്‍ വീണ്ടും ഉരച്ചു. അവസാനത്തെ കൊള്ളിയും തീരുന്നത്‌ വരെ. ഇരുട്ടില്‍ വെളിച്ചത്തിന്റെ മഞ്ഞച്ചായത്തേപ്പ്‌ തെളിയുകയും മായുകയും ചെയ്തു.
അവസാനം വീണ്ടും ഇരുട്ട്‌. ഇരുട്ടില്‍ നിറഞ്ഞു വീഴുന്ന കറുത്ത മഴ.'


ഈ നാഥന്‍ ഗള്‍ഫില്‍ പോയി പച്ചക്കറിത്തോട്ടത്തിലെ ഡ്രൈവറായി പ്രമോഷനായി, കാമിച്ച പെണ്ണിനെ കെട്ടാനുള്ള യാത്രക്ക്‌ തയ്യാറെടുക്കുമ്പോഴാണ്‌ നാട്ടുകാരി മെഹ്‌റുന്നീസ 'ഡാംസല്‍ ഇന്‍ ഡിസ്ട്രസ്‌' ആയി, നാഥന്റെ കഥയില്‍ വില്ലന്‍നിമിത്തമായി പ്രത്യക്ഷപ്പെടുന്നത്‌. ഇഖാമ (റസിഡന്റ്‌ പെര്‍മിറ്റ്‌) ഇല്ലാത്ത അവളെ 'നാഥിച്ച'തിന്‌ അയാള്‍ പൊതുനിരത്തില്‍ വച്ച്‌ ചാട്ടവാറടിയേറ്റ്‌ അഴിക്കുള്ളിലായി. സംഘടനയുടെ വകയാണെന്നും പറഞ്ഞ്‌ നന്‍മ നിറഞ്ഞവന്‍ സുധീരന്‍, നാഥന്റെ അച്ഛന്‌ സാമ്പത്തികസഹായം ചെയ്യുന്നുമുണ്ട്‌.

പ്രവാസം നന്‍മകളാല്‍ സമൃദ്ധമാണ്‌. ലോകം ചെറുതാണ്‌, ജീവിതം വലുതും എന്നൊരു സന്ദേശമുണ്ടിതില്‍. ഏറെ ജീവിതങ്ങളെ അവതരിപ്പിച്ചുവെന്നതിന്റെ ന്യായീകരണവുമുണ്ടതില്‍. ന്യായീകരിക്കാന്‍, കഥാപാത്രബാഹുല്യം ഒരു കുറ്റമല്ല. ലോകമെമ്പാടും പടര്‍ന്നു കിടക്കുന്ന മലയാളിപ്രവാസജീവിതത്തെ വരച്ചുകാട്ടണമെങ്കില്‍, കഥാപാത്രങ്ങള്‍ക്ക്‌ വ്യക്തിത്വമുണ്ടാകണമെങ്കില്‍, 432 പേജുകള്‍ പ്രവാസത്തെപ്പോലെ വലിയ കാന്‍വാസുള്ള നോവലിന്‌ ആവശ്യമായിരിക്കാമെങ്കിലും വൃഥാസ്ഥൂലത മുകുന്ദന്‌ ഒഴിവാക്കാമായിരുന്നുവെന്നാണ്‌ ചില ഭാഗങ്ങള്‍ തോന്നിപ്പിക്കുക. രാമദാസിന്റെ വീട്ടില്‍ വച്ച്‌ കഥ പറയുന്ന ആള്‍ കെ.കരുണാകരനെയും പത്മജയെയും കാണുന്നത്‌ രസം. പത്മജയുമായുള്ള സംഭാഷണം, അതിരസം.

പ്രണയത്തിനായി ചെവി മുറിച്ച വാന്‍ഗോഗിനെപ്പോലെ (!) ഗിരിയും കാമുകി സുനന്ദക്ക്‌ വേണ്ടി ചെവി മുറിച്ചത്രെ! വാന്‍ഗോഗ്‌ മുറിച്ചെവിയനായത്‌ അപകടം മൂലമോ കാമിനി മൂലമോ എന്നത്‌ സംവാദപിന്നാമ്പുറത്തെ നേരംകൊല്ലി ഗവേഷണ വിഷയമാണ്‌. എഴുത്തുകാരനിലെ, ഇവിടെ റിപ്പോര്‍ട്ടറിലെ, കാല്‍പനികന്‍ യഥാതഥനെ കീഴ്പ്പെടുത്തുന്നതിന്‌ മറ്റൊരു 'ഇര'യാണ്‌ ഗള്‍ഫുകാര്‍. മുകുന്ദന്‌ അവര്‍ ലേബര്‍ ക്യാംപുകാര്‍ മാത്രമാണ്‌. വല്ലാത്ത റൊമാന്റിസിസം തന്നെ. അറബികള്‍ നല്ലവരാണെന്ന്‌ പറഞ്ഞിട്ട്‌, 'മുഖത്ത്‌ കാര്‍ക്കിച്ച്‌ തുപ്പി..., കക്കൂസ്‌ പോലും (!) കഴുകിച്ചിട്ട്‌..., മോന്തിക്ക്‌ പെണ്ണുങ്ങള്‌ ഓനെ (തോട്ടക്കാരന്‍ ഹമീദിനെ) കണ്ണടയ്ക്കാന്‍ സമ്മതിക്കില്ലെന്നൊരു വൈല്‍ഡ്‌ ഫാന്റസിയും!

പ്രവാസികള്‍, അഥവാ വിദേശമലയാളികള്‍, അര്‍ത്ഥം ദ്യോതിപ്പിക്കുന്നതു പോലെ നാടു കടത്തപ്പെട്ടവരല്ല, നാട്‌ വിട്ട്‌ പോന്നവരാണ്‌. കാല്‍പനികത കലര്‍ത്തിപ്പറഞ്ഞാല്‍, സാഹചര്യങ്ങളാല്‍ നാട്‌ കടത്തപ്പെട്ടവരാണ്‌. കാല്‍പനികത അവിടെ തീര്‍ന്നു. ഗൃഹാതുരതയൊക്കെ, വീണേടം വിഷ്‌ണുലോകമാക്കിയ മലയാളി എന്നേ മറന്നിരിക്കുന്നു!

എന്നാൽ വായന രസാവഹമാക്കുന്ന, വായന എന്റര്‍ടെയിന്‍മെന്റുമാണ്‌, ചേരുവകളാല്‍ സമ്പന്നമാണ്‌ പ്രവാസം (ലക്ഷ്മി എന്‍. മേനോന്റെ വൈക്കോല്‍ ആര്‍ട്ടുമായി അഞ്ച്‌ വ്യത്യസ്ത കവറുകളിലാണ്‌ പ്രവാസം ഇറങ്ങിയിരിക്കുന്നത്‌). മയ്യഴിയിലെ ജാലവിദ്യക്കാരന്‍ അല്‍ഫോന്‍സച്ചന്‍ മരിച്ചപ്പോള്‍ മലബാറിലെ ഓരോ ടൌണിലും പുതിയ മാന്ത്രികര്‍, ദുബായിയച്ചന്‍, അബുദാബിയച്ചന്‍, ഷാര്‍ജയച്ചന്‍... പ്രത്യക്ഷരായെന്ന്‌ ഒരു നിരീക്ഷണം. ദുബായില്‍ വരുന്നതിന്‌ മുമ്പ്‌ നല്ലൊരു വായനക്കാരിയായിരുന്ന സൌമിനിട്ടീച്ചറിന്റെ ലൈബ്രറി സ്വര്‍ണ്ണാഭരണങ്ങളുടെ ലൈബ്രറിയായി മാറിയെന്നും ഡി.സി.ബുക്ക്സിന്റെ സ്ഥാനം മലബാര്‍ ഗോള്‍ഡ്‌ കൊണ്ടുപോയെന്നും മറ്റൊന്ന്‌.

സുഭാഷ്‌ ചന്ദ്രന്റെ 'ബ്ളഡിമേരി'യിലേതു പോലുള്ള തീവ്രാനുഭവങ്ങള്‍ (ഒരു ഗള്‍ഫ്‌ വേലക്കാരി പിഴച്ചു പെറ്റ കുഞ്ഞിനെ കൊല്ലാന്‍ ശ്രമിക്കുന്ന കഥ) ചിത്രീകരിച്ചാല്‍ തന്റെ ബൃഹദ്‌ നോവലിന്റെ സാര്‍വലൌകികത നഷ്ടപ്പെടുമെന്ന്‌ കൃതഹസ്തനായ മുകുന്ദനറിയാം. അതിനാല്‍ അദ്ദേഹം മാജിക്കല്‍ റിയലിസത്തിന്റേയോ മറ്റ്‌ മാജിക്കുകളുടേയോ പിന്നാലെ പോകാതെ നമ്മുടെ മിഡില്‍ക്ളാസ്‌ മാനസികാവസ്ഥക്ക്‌ രുചിക്കും വിധം ആയാസരഹിതമായ വായനനാനുഭവം സമ്മാനിക്കുന്നു. ചരിത്രവും ഭൂമിശാസ്ത്രവും കൂട്ടിയിണക്കിയും, യാത്രാവിവരണവും ആത്മകഥയും വിളക്കിച്ചേര്‍ത്തും, വ്യക്തിത്വങ്ങളിലൂടെയും സംഭവങ്ങളിലൂടെയും 'ജംപ്കട്ട്‌' ചെയ്തും, ആത്മപരിശോധന നടത്തിയും, ചിരിച്ചും കരഞ്ഞും മുകുന്ദന്‍ ഈ കഥാപാത്രങ്ങളുടെ മുന്നില്‍ക്കയറി നടക്കുന്നു. റംഗൂണ്‍ നഗരത്തെരുവുകളിലെ കച്ചവടക്കാരെക്കുറിച്ചോ, കല്‍ക്കത്തയിലെ റിക്ഷാക്കാരെക്കുറിച്ചോ, ബഹ്‌റൈനിലെ ലേബര്‍ ക്യാംപുകളെക്കുറിച്ചോ, ഡല്‍ഹി, മാഹി, മിനസോട്ട നഗരങ്ങളിലെ മനുഷ്യപ്രകൃതിയെക്കുറിച്ചോ പറയുമ്പോഴും ഏറ്റക്കുറച്ചിലുകളില്ലാതെ വരുന്ന സമാനതയും, പ്രവാസകഥാപാത്രങ്ങളെ അവരുടെ സങ്കീര്‍ണ്ണത നിലനിര്‍ത്തിക്കൊണ്ടുതന്നെ ഒരേ ജീവിതരേഖയില്‍ സന്ധിപ്പിക്കുന്നതും മുകുന്ദന്റെ കൈയടക്കമാണെന്ന്‌ സമ്മതിക്കുമ്പോഴും, അവസാന പേജിനപ്പുറം ബാക്കിയാവുന്നതെന്ത്‌ എന്ന്‌ 40 ല്‍ പരം കഥാപാത്രങ്ങളെ പരിചയിച്ച വായനക്കാരന്/ക്കാരി ചോദിച്ചേക്കാം. ജീവിതം ഒരു പ്രവാസമാണെന്ന്‌ അനുഭവിപ്പിക്കാന്‍ അപ്പോഴും മുകുന്ദന്‌ കഴിഞ്ഞോ? സംശയമാണ്‌.

ആഴത്തേക്കാള്‍, പരപ്പ്‌; വിവരത്തേക്കാള്‍ വിവരണം. ലോകം ചെറുതാണ്‌, ജീവിതം വലുതും എന്ന സന്ദേശത്തിന്‌, വായന ചെറുത്‌, പുസ്തകം വലുത്‌ എന്ന അനുബന്ധമാകാം.

Sunday, September 21, 2008

‘പുസ്തക‘പ്രകാശനം‌:ആശയങ്ങൾ ക്ഷണിക്കുന്നു

കേരളത്തെക്കുറിച്ച് പലവകയായി ശേഖരിച്ച സമകാലിക സാമൂഹിക സാം‌സ്കാരിക വിവരങ്ങൾ ലഘുലേഘയായി കുവൈറ്റ് മലയാളികളുടെയിടയിൽ വിതരണം ചെയ്യാനാ‍ഗ്രഹിക്കുന്നു. (ചുരുങ്ങിയ രീതിയിൽ ചാർജ്ജ് ചെയ്യും‌). തൽക്കാലം ‘ഞാനറിയും കേരളം‌’ എന്ന് പേരിട്ടിരിക്കുന്ന ഈ ഫോട്ടോകോപ്പി-ലഘുലേഖയുടെ പ്രകാശനം ജനശ്രദ്ധയാകർഷിക്കുന്ന രീതിയിൽ നടത്തുന്നതിലേക്ക് ആശയങ്ങൾ ക്ഷണിക്കുന്നു.
ഉദ്ദേശിച്ചിരുന്ന പ്രകാശനാശയങ്ങൾ ഇവയാണു:
1. അറിയപ്പെടുന്ന സം‌ഘടനയുടെ ഓണാഘോഷപരിപാടിയിൽ തിരുകിക്കയറ്റുക. പുറത്തു നിന്നും വരുന്ന വിശിഷ്ടാതിഥിയെക്കൊണ്ട് പ്രകാശിപ്പിക്കുക. (ആ ലേബലിൽ വേണ്ട).
2. ലേബർ ക്യാം‌പിൽ, മരുഭൂമിയിൽ, വെള്ളത്തിൽ, നഗരത്തിലെ റൌണ്ട് എബൌട്ടിൽ, കുവൈറ്റ് ടവറിന്റെ മുകളിൽ... (ഏയ്, അതൊന്നും ശരിയാവില്ല).
3. സിം‌ബോളിക്കായി ചെയ്യുക: ഒരു ഈന്തപ്പനയെക്കൊണ്ട് പ്രകാശിപ്പിക്കുക! (ഛായ്!!)
4. പുലികളിക്കാരെക്കൊണ്ടോ, മാർഗം‌കളിക്കാരെക്കൊണ്ടോ, കഥകളി വേഷക്കാരനെക്കൊണ്ടോ.. (പ്രായോഗികമാണെന്ന് തോന്നുന്നില്ല).
..ആശയദാരിദ്ര്യം‌ ബാധിച്ചിരിക്കണു. സഹകരിക്കുക.

Saturday, September 13, 2008

മാവേലി ടി-ഷേര്‍ട്ടില്‍

ഇത്ര ഇക്കണോമിസ്റ്റുകളായിട്ടും മാവേലിയെ നമ്മള്‍ വേണ്ടത്ര മാര്‍ക്കറ്റ്‌ ചെയ്തിട്ടില്ല. കോമഡി കസറ്റുകളും മിമിക്രിക്കാരുടേയും കാര്ട്ടൂണിസ്റ്റുകളുടേയും ഹാസ്യവധങ്ങളും കഴിഞ്ഞാല്‍ മാവേലി തീര്‍ന്നു! ചവിട്ടിത്താഴ്ത്താനുള്ള ഒരു ഇര മാവേലിയില്‍ ആക്ഷേപിക്കുകയാണ്‌ നമ്മിലെ വാമനന്മാര്. സ്പൈഡര്‍മാനോ ബാര്‍ബിയോ പോലെ മാര്‍ക്കറ്റ്‌ നിറഞ്ഞ്‌ കവിയേണ്ട ഒരു കഥാപാത്രമാണ്‌ മാവേലി. മാവേലിയുടെ പടമുള്ള ടി-ഷേര്‍ടും ധരിച്ച്‌ നടക്കാന്‍ കുടവയറന്മാര്ക്ക്‌ പോലും പക്ഷേ ധൈര്യമുണ്ടാകുമോ?

ഓണപ്പൂക്കളമിടാനോ, സദ്യയുണ്ടാക്കുവാനോ, കൈകൊട്ടിക്കളിക്കാനോ സ്ത്രീകളടക്കം ആരേയും ഇന്ന്‌ കിട്ടില്ല. പൂക്കളത്തിന്‍റെ റെഡിമെയ്ഡ്‌ സെറ്റ്‌ വാങ്ങാം. ഓണക്കോടിയായി മഞ്ഞയോ നീലയോ നിറത്തിലുള്ള ചൈനീസ്‌ നിര്‍മ്മിത അമേരിക്കന്‍ ജീന്‍സ്‌ ധരിച്ച്‌ സിനിമാറ്റിക്‌ ഡാന്‍സ്‌ തുള്ളാം (കൈ രണ്ടും ഈങ്ക്വിലാബ്‌ സ്റ്റൈലില്‍ മേലോട്ടുയര്‍ത്തി, ചൂണ്ടാണി വിരലുകള്‍ കൊണ്ട്‌ വെടി വക്കും പോലെ ചുഴറ്റി..). ഓണത്തല്ലിനുള്ള കായികശേഷി ഇപ്പോള്‍ നമുക്കില്ല. വാക്കുകള്‍ കൊണ്ട്‌ തല്ലുന്നതാണ്‌ കൂടുതല്‍ സൌകര്യം. അതുകൊണ്ടാണ്‌ മാറാരോഗങ്ങള്‍ പോലെ കൂടെക്കൂടെ വിവാദമുണ്ടാകുന്നത്‌. ഓണത്തല്ല്‌ ഗുണ്ടകള്‍ക്ക്‌ ക്വട്ടേഷന്‍ കൊടുത്ത്‌ തല്ലിക്കാമെന്നു പറഞ്ഞാലും രക്ഷയില്ല. വേള്‍ഡ്‌ റെസ്'ലിങ്ങ്‌ ഫെഡറേഷന്‍ ഒന്നു വീതം മൂന്നു നേരം ടിവിയില്‍ കാണുന്നവരോടാ കളി?

ക്രിസ്ത്യാനികള്‍ ഓണം ആഘോഷിക്കരുതെന്ന്‌ ഉദയംപേരൂര്‍ സൂനഹദോസ്‌ നിര്‍ദ്ദേശിക്കുന്നുണ്ട്‌. ചെയ്യരുത്‌ എന്ന്‌ പറയുന്നതൊക്കെ ചെയ്യുക എന്നത്‌ നമ്മുടെ ഒരു രീതിയായതിനാലും ഓണത്തിന്‌ സെക്കുലര്‍ പരിവേഷം കൈവന്നതിനാലും ബിവറേജസ്‌ ഷാപ്പിന്‌ മുമ്പിലെ ക്യൂവിലെ അച്ചടക്കം പോലെ സാഹോദര്യം പൂവിട്ട്‌ നില്‍ക്കുന്ന പ്രസാദമാണ്‌ ഓണം പോലുള്ള ആഘോഷങ്ങള്‍ക്കുള്ളത്‌. നമുക്ക്‌ ഒരു നൊസ്റ്റാള്‍ജിയ കൂടിയേ തീരൂ എന്ന ആഗ്രഹത്തിന്‍റെ പൂര്‍ത്തീകരണവുമാണ്‌ ഓണം.

ജോലിയില്ലേലും ലീവുണ്ടല്ലോ എന്ന്‌ പറയുന്നത്‌ പോലെ കൊയ്ത്തും വിളവെടുപ്പൊന്നുമില്ലേലും ആഘോഷമുണ്ടെന്നത്‌ നമ്മുടെ ഭാഗ്യമാണ്‌. ലോകബാങ്കില്‍ നിന്ന്‌ ലോണെടുത്തും ഓണം ഉണ്ണണം എന്നതാവാം പുതിയ കാലത്തെ ചൊല്ല്‌.
http://www.pravasam.com/septemberl%202008-rating-sunil.htm

Thursday, August 14, 2008

പനച്ചീപംക്തി: വായനയുടെ രസം

സൂക്ഷിക്കുക! അച്ചടിയില്‍ അക്ഷരപ്പിശാച് പിടികൂടുന്നവരും തോന്ന്യാസങ്ങളും അല്‍പത്തങ്ങളും എഴുന്നള്ളിക്കുന്നവരും! പനച്ചി ഭാഷാപോഷിണിയിലെഴുതുന്ന 'സ്നേഹപൂര്‍വം'പംക്തിയില്‍ വലിപ്പച്ചെറുപ്പമില്ലാത്തവരുടെ അങ്ങനെതന്നെയുള്ള മണ്ടത്തരങ്ങള്‍ സ്നേഹപൂര്‍വം കൊല്ലപ്പെടാം. 96-2000 കാലത്തെ സ്നേഹപൂര്‍വം കുത്തുകളുടെ സമാഹാരം ഒന്നാന്തരം നര്‍മ്മനിരീക്ഷണങ്ങളാണ്. മുഖ്യധാരാമുഖ്യന്‍മാരല്ലാത്ത മിനി എഴുത്തുകാരും അവരുടെ മിനി കുറിപ്പുകളും പനച്ചിയുടെ ഓപറേഷന്‍ ടേബിളില്‍ സ്കാനിങ്ങിനും സര്‍ജറിക്കും വിധേയമാകുന്നു. മുഖ്യന്‍മാരുടെ പേരില്‍ കഥയും കവിതയും ആനുകാലികങ്ങളിലേക്ക് അയക്കുന്ന വീരന്‍മാര്‍ മുതല്‍ 'അനുകൂല ഉത്തരാധുനികത' എന്നൊക്കെ തട്ടി വിടുന്ന പോസ്റ്റ് മോഡേണ്‍ നിരൂപകര്‍ വരെ; ബംഗളൂരു ശ്രീനാരായണസമിതിയുടെ 'സന്ദേശം' മാസികയില്‍ മദ്യപ്പരസ്യം വരുന്നതിലെ സാംഗത്യം മുതല്‍ സ്വന്തം നോവലിന് 'മാസ്റ്റര്‍പീസ്' എന്നെഴുതിവയ്ക്കുന്ന എഴുത്തുകാരന്‍റെ ഉദ്ദേശ്യശുദ്ധി വരെ; 'ഗോഡ് ഒഫ് സ്മോള്‍ തിങ്സ്' ഒരധ്യായം മാത്രം വായിച്ച് അത് കമ്യൂണിസ്റ്റ് വിരുദ്ധസാഹിത്യമാണെന്ന് അനന്തമൂര്‍ത്തി പറയുന്നതിലെ ശരി; എഴുത്തുകാര്‍ ഒരേ രചന ഒരേ സമയം പല പ്രസിദ്ധീകരണങ്ങള്‍ക്ക് അയച്ചു കൊടുക്കുന്നതിലെ ശരികേട്; 'നാം അദ്ദേഹത്തെ (എം പി നാരായണപിള്ളയെ) വെറും പത്രപ്രവര്‍ത്തകനായി തരം താഴ്ത്തുകയായിരുന്നു' എന്ന് അഴീക്കോട് പറയുനതിലെ തരം തിരിവ്; ഗീതയുടെ പ്രലയം എന്നെ ചെറുകഥ എന്ന ഛര്‍ദ്ദ്യതിസാരം; ദൈവത്തിന്‍റെ സ്വന്തം നാട് പ്രയോഗം ന്യൂസിലന്‍റുകാരില്‍ നിന്ന് കടമെടുത്തതാണെന്ന് ശശി തരൂര്‍ പറഞ്ഞത്; ആന്‍ഡമാന്‍-നികോബാര്‍ ദ്വീപുകളെ വിദേശമായി നായനാര്‍ 'എന്‍റെ വിദേശയാത്രകളി'ല്‍ വിശേഷിപ്പിച്ചത്; കുറ്റാന്വേഷണ പത്ര റിപ്പോര്‍ട്ടിങ്ങിന്' മെത്രാന്‍റെ പേരില്‍ അവാര്‍ഡ് കൊടുക്കുന്നത്; ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍ കേട്ട പ്രസംഗങ്ങളെല്ലാം സമാഹരിച്ച് പുതിയൊരു പുസ്തകം 'നിര്‍മ്മിച്ചത്'; കേരള സ്പോര്‍ട്സ് കൌണ്‍സിലിന്‍റെ മാസിക 'കായികവേദി' 2000 ഓഗസ്റ്റ് ലക്കം പത്രാധിപരുടെ മുഖചിത്രത്തോടെ ഇറങ്ങിയത്; പഞ്ചായത്തുകളില്‍ പണ്ടേ ഉള്ള 'പബ്ളിക് കംഫര്‍ട് സ്റ്റേഷന്‍' 1997 ലെ പുതിയ വാക്കായി ഔട്ട്ലൂക്ക് വാരിക അവതരിപ്പിച്ചത്; ഒരു പഴയമിയമ പഠനഗ്രന്‍ഥത്തിന്‍റെ അധ്യാങ്ങള്‍ സ്പോണ്സര്‍ ചെയ്യപ്പെട്ടിരിക്കുന്നത് (ഓരോ അധ്യായത്തിന്‍റെ ചുവട്ടിലും വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും പേരുകള്‍).... ഇത്യാദി സംഭവങ്ങള്‍ കൊണ്ട് സംഭവമായ പുസ്തകം ഇടക്കിടെ സംഭവിക്കുന്നത് നല്ലതാണ്'. കുറ്റംപറച്ചില്‍ ഇത്രമാത്രം പോസിറ്റീവ് ആയി പ്രത്യക്ഷപ്പെടുന്നത് അപൂര്‍വം!

Monday, August 4, 2008

മുറുക്കാൻ‌കടക്കാരൻ പ്രാഞ്ചിക്ക് പറ്റിയത്

മുറുക്കാൻ‌കട പ്രാഞ്ചിയെ പോലിസ് പിടിച്ചു. ബിവറേജസിന് തൊട്ടടുത്ത കെട്ടിടം സോഡ-സർബ്ബത്ത്-ലൊട്ടുലൊഡുക്കിനായി വാടകക്കെടുക്കുമ്പോൾ പാവം പ്രാഞ്ചി വിചാരിച്ചിരിക്കില്ല കുടിയൻ‌മാർക്ക് സഹായം കൊടുത്തത് കച്ചവടത്തെ ഓഫാക്കുമെന്ന്. ബിവറേജസിൽ നിന്നും വാങ്ങി ക്ഷമയില്ലാത്ത കുടിയൻ‌മാർ പ്രാഞ്ചിയുടെ കടയിൽ എത്തിയ ഒരു സായന്തനത്തിലാണു പ്രാഞ്ചിപർവ്വം തുടങ്ങുന്നത്. സോഡ, നാരങ്ങ, കടല, ആപ്പിൾ അങ്ങനെ അവന്മാർ ഓരോന്ന് വാങ്ങി പ്രാഞ്ചിയുടെ മനം കുളിർപ്പിച്ചു. ലവൻ‌മാർക്ക് തല പെരുക്കാൻ ഒരിടമേ വേണ്ടിയിരുന്നുള്ളൂ. പ്രാഞ്ചിയുടെ കടയുടെ സൈഡ് ബഞ്ച് അവ‌മാരുടെ സ്ഥിരം തട്ടകമായി. ബഞ്ചിനരികെ മേശയിട്ട് പ്രാഞ്ചി തട്ടുകടയും തുടങ്ങി. കപ്പയും പോട്ടിയും ആം‌പ്ലെയിറ്റും ചൂടോടെ വിളമ്പി. കച്ചവടം കൊഴുത്തതോടെ മോർ കുടിയൻ‌മാർ പ്രാഞ്ചിക്കടയിലേക്ക് പ്രവഹിച്ചു. അടുത്ത മാസം ഒന്നാം തീയതി പ്രാഞ്ചിയുടെ മൾട്ടി-പർപ്പസ് കടയിൽ കുടിയൻ‌മാർ പട്ടിണി കിടന്നില്ല. പ്രാഞ്ചിപ്രസിദ്ധി നാടെങ്ങും പൂത്തു. അസൂയ മൂത്താൽ ഒറ്റ് പൂത്ത് കായ്ക്കും. അങ്ങനെ മറ്റൊരു സായന്തനത്തിൽ സ്ഥലം എസ്. ഐ. പ്രാഞ്ചിക്കടയിൽ പ്രത്യക്ഷപ്പെടുന്നു. ഇതികർത്തവ്യ..അങ്ങനെയെന്തോ പറയില്ലേ? അതായി പ്രാഞ്ചി. ആ യുവ എന്റർപ്രോണറിനെ തൂക്കിയെടുത്തിട്ട ജീപ്പ് പൂസായ കുതിരയെപ്പോലെ പാഞ്ഞിട്ട് ഒരാഴ്ച കഴിഞ്ഞു. പ്രാഞ്ചിക്കട ബലികുടീരം പോലായി. ലവന്മാർ ഇപ്പോൾ മറ്റൊരു പ്രാഞ്ചിയെ അന്വേഷിക്കുകയാണു. പ്രാഞ്ചിമാർ ജനിക്കുന്നതങ്ങനെയാണു.

Monday, July 28, 2008

‘രണ്ടാമൂഴ‘ത്തിന്റെ കെപി എസി ആവിഷ്കാരം

കെപി എസിയുടെ പുതിയ നാടകം ‘ഭീമസേനൻ’ പാർശ്വവൽക്കരിക്കപ്പെടുന്നവർക്കായി നിലകൊള്ളുന്നുവെന്ന് തോന്നിപ്പിക്കുന്നു. നാടകരചയിതാവായ ഫ്രാൻസിസ് ടി മാവേലിക്കരയുടെ ഭീമ-ഹിഡിം‌ബി പർവം എംടിയും മറ്റും മഹാഭാരതകഥയിൽ നടത്തിയ സ്വതന്ത്ര ഇടപെടലുകളുടെ ‘ഫുട്ട്നോട്ട്’ ആവുന്നേയുള്ളൂ. ‘യുദ്ധം കഴിഞ്ഞ രാജ്യം, വിധവക്ക് കിട്ടിയ സ്ത്രീധനം പോലെയാണെന്ന’ സ്പാർക്കുകൾ, വലിയൊരു കഥയെ നാടകച്ചിമിഴിലൊതുക്കിയ ഫ്രാൻസിസിന്റെ കരവിരുത് തന്നെയാണെന്ന് പക്ഷേ സമ്മതിക്കേണ്ടി വരും. 2 മണിക്കൂർ 20 മിനിറ്റ് നാടകം കഴിയുമ്പോൾ നമ്മുടെ കൂടെ ഇറങ്ങിപ്പോരാൻ മൂന്നുനാലു ഘടകങ്ങൾ ഉണ്ടെന്നത് വംശനാശം സം‌ഭവിച്ചു കൊണ്ടിരിക്കുന്ന നാടകത്തിന്റെ ആസ്വാദകരെ ആഹ്ലാദിപ്പിക്കുന്നതാണു. 1. വിത്സൺ തിരുവമ്പാടിയുടെ ഭീമവേഷം: മന്ദന്റെ മുഖഭാവവും കാറ്റിന്റെ കരുത്ത് കാട്ടുന്ന ആകാരചേഷ്ടകളും രണ്ടാമൂഴക്കാ‍രനായിപ്പോയതിന്റെ വൈഷ്മ്യങ്ങളും പ്രകടിപ്പിക്കുന്നതിൽ പിറകിലല്ലാതായിരിക്കുന്നു ഈ നടൻ. കുന്തീദേവിയായി അഭിനയിച്ച നടിയെയും മറക്കൻ വയ്യ. പാഞ്ചാലിയെ പങ്കിട്ടെടുക്കാൻ പറഞ്ഞത് പാണ്ഡവർ ഒരുമിച്ച് നിൽക്കാൻ വേണ്ടിയാണെന്ന് അനുനയിപ്പിക്കുമ്പൊഴും, ‘ഹിഡിംബി ഞങ്ങളുടെ കൂടെ വരേണ്ട’ എന്ന് ആജ്ജാപിക്കുമ്പോഴും ദ്രൌപദീ സ്വയവരത്തിൽ കർണ്ണൻ പരാജയപ്പെട്ടതറിഞ്ഞ് വിലപിക്കുമ്പോഴും ആ മുഖത്ത് കാണുന്ന ഭാവമാറ്റങ്ങൾ ക്ലാസ്സ് ആണു. 2. ഓഎൻവി-അർജ്ജുനൻ ടീമിന്റെ ഗാനങ്ങൾ: ‘കാക്കച്ചീം മക്കളും കാട്ടിലു ചെന്നപ്പൊ കാറ്റിലെ പേരാലിൻ കാ പഴുത്തേ’ എന്ന് കാട്ടാളന്മാരെ കൊണ്ടും ‘അഞ്ചിതളുള്ളൊരു പൂവേ‘ എന്ന് പാഞ്ചാലിയെക്കൊണ്ടും ‘ഒരു പിടി വിത്ത് വിതച്ചാൽ‌പ്പിന്നെ ഒരു പിടി പകരം തരും മണ്ണ്’ എന്ന് കർഷകരെക്കൊണ്ടും (പുരാണകഥയിൽ കർഷകഗാനത്തിനെന്ത് സാം‌ഗത്യമെന്ന് ചോദിക്കരുത്. കെപി ഏസിയുടെ നാടകമാൺ!) പാടിക്കുന്നതിൽ ഓഎൻവി-അർജ്ജുനൻ ഗൃഹാതുരത്വം തേന്മഴ ചൊരിയുന്നുണ്ട്. 3. അവതരണം: രാമാനന്ദസാഗറവൽക്കരിച്ച് കണ്ണഞ്ചിപ്പിക്കാമായിരുന്ന റിയാലിറ്റി ഷോയല്ല, റിയാലിറ്റി തന്നെയാണു ‘ഭീമസേനൻ’. ഉപയോഗിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന സ്ത്രീകഥാപാത്രങ്ങൾ, കേട്ടു പരിചയിച്ച ഭാരതകഥയെ കാണാവുന്നതാക്കിത്തീർക്കുന്ന സന്ദർഭങ്ങൾ, രക്തവിദ്വേഷിയും ബ്രഹ്മണശത്രുവുമായ കാട്ടാളൻ നാളെ രാജ്യം ചോദിച്ചേക്കുമോ എന്ന് ഭയക്കുന്ന യുദ്ധതന്ത്രജ്ജരും, വേടനും രാജാവിനും രണ്ട് തരം രക്തമാണോ എന്ന് സന്ദേഹിക്കുന്ന കീഴാളനും... 4. സുജാതന്റെ രം‌ഗപടം: നീലയിൽ കുളിച്ച സ്റ്റേജിന്റെ പശ്ചാത്തലം, കറങ്ങുന്ന മറ്റൊരു സ്റ്റേജിലാണു ഉറപ്പിച്ചിരിക്കുന്നത്. രം‌ഗത്തിന്റെ മൂഡനുസരിച്ച് ‘ഫ്ലിപ്’ ചെയ്യുന്ന കട്ട് ഔട്ട് പുതുമയല്ലെങ്കിലും അതിന്റെ ഫലപ്രദമായ ഉപയോഗം ‘ഭീമസേനനിൽ’ കാണാം. ഉദാഹരണത്തിനു ഭീമൻ ഹിഡിം‌ബിയെ മറന്ന് ദ്രൌപദിയെ മോഹിക്കുന്ന രം‌ഗം. കാടിന്റെ കട്ട് ഔട്ടിനു താഴെയിരിക്കുന്ന ഹിഡിം‌ബി കറങ്ങിപ്പോകുന്നു. മറുവശത്ത് കൊട്ടാരപശ്ച്ചാത്തലത്തിലിരിക്കുന്ന ദ്രൌപദി പ്രത്യക്ഷപ്പെടുന്നു. വനവാസത്തിലായ പാണ്ഡവരുടെ കഥയായതിനാൽ കാടാണെങ്കിലും ഉണങ്ങിയ മരങ്ങളുടേതടക്കം ഒട്ടനവധി പശ്ചാത്തലങ്ങൾ ‘ഭീമസേനനിൽ’ കറങ്ങി വരുന്നുണ്ട്. 5. സം‌വിധാനം: കഥകളിയുടേയും സിം‌ബലിസത്തിന്റേയും സങ്കേതങ്ങൾ സമന്വയിപ്പിച്ച്, അതിഭാവുകത്വമില്ലാതെ, കോമഡിയില്ലാതിരുന്നിട്ടും എല്ലാത്തരം പ്രേക്ഷകരേയും ആകർഷിക്കുന്ന രീതിയിലുള്ള കൈയൊതുക്കത്തിനു സം‌വിധായകൻ രാജീവൻ മമ്മളിക്ക് വേണ്ടി എണീറ്റ് നിന്ന് കൈയടി!

സം‌ഗീത സം‌വിധായകൻ ജോൺസനെക്കുറിച്ച്

സം‌ഗീത സം‌വിധായകൻ ജോൺസനെക്കുറിച്ച് കാണുക: http://pravasam.com/sunil-july.htm

Thursday, July 3, 2008

അവധിയിൽ കാണുന്നത് 2

ചാലക്കുടിക്കടുത്ത് ഒരിടത്ത് പാർ‌ട്ടിക്ക് പോയപ്പോൾ ഒരു ചെറുപ്പസം‌ഘത്തെ കണ്ടു. അവർ, ഏതാണ്ട് 30 പേർ, ചേർന്ന് അവരുടെ ഗ്രാമത്തിൽ കുറച്ച് സ്ഥലം വാങ്ങി ഒരു കെട്ടിടം പണിതിരിക്കുന്നു-അവർക്ക് കൂടാ‍നായി! പുഴയുടെ തീരത്ത് അത്യാവശ്യം സൌകര്യമൊക്കെയുള്ള ഒരു ബാർബക്ക്യു ഷെഡും സം‌ഘത്തിനുണ്ട്. റിയൽ എസ്റ്റേറ്റ് കച്ചവടം പൊടിപൊടിക്കുന്ന ഒരു നാട്ടിലാണു കൂടാൻ മാത്രം ഇങ്ങനെയൊരു ‘സെറ്റപ്പെ’ന്നോർത്ത് ഞാൻ ആശ്ചര്യപ്പെട്ടു. അത്ഭുതപ്പെടാനൊന്നുമില്ല, കൂട്ടത്തിലൊരാൾ പറഞ്ഞു, സീനിയർ പൌരൻ‌മാർക്ക് (അപ്പൻ സം‌ഘത്തിനു)ചീട്ട് കളിക്കാൻ മാത്രം അപ്പൻ‌മാർ ഒരു കെട്ടിടം വാടകക്കെടുത്തിരിക്കയാണു. അപ്പോൾ അമ്മമാർ, സഹോദരിമാർ? ചിലർ പാർട്ടി-ഭക്ഷണം, ബേക്കറി-പലഹാരങ്ങൾ ഉണ്ടാക്കി വിൽക്കുന്നു. ഗാർഡനിങ്ങ് അടക്കം വീട്-സൌന്ദര്യവൽക്കരണം മറ്റ് ചിലർക്ക്. (ടിവി സീരിയൽ കായകുളം കൊച്ചുണ്ണി ചിത്രീകരിച്ച പ്രദേശമാണിത്).

Saturday, June 28, 2008

അവധിയില്‍ കാണുന്നത്

കഴിഞ്ഞ ദിവസം, കൂടെ പഠിച്ച ദിലീപിന്‍റെ കഥ കേട്ട് അവനെ ഞാന്‍ കാണാന്‍ പോയി. ആത്മഹത്യ ചെയ്ത മൂത്ത ജ്യേഷ്ഠന്‍റെ ഓര്‍മ്മ തളം കെട്ടി നില്ക്കുന്ന വീട്, വയസ്സായ അമ്മ, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന, നിത്യരോഗികളായ 2 ജ്യേഷ്ഠന്‍മാര്‍, അവരിലൊരാളുടെ കിഡ്നി സ്വീകരിച്ച് കഴിയുന്ന അനുജന്‍; ക്ളാര്‍ക്ക് ജോലിയുള്ള ദിലീപ് അതിരാവിലെ എണീറ്റ് അടുക്കളപ്പണി പൂര്‍ത്തിയാക്കി ജോലിക്ക് പോകും. വീട്ടുകാരുടെ തുണി കഴുകുന്നത് മുതല്‍ 100% വീട്ടുകാരനും, ഉദ്യോഗകാരനും ആയ അവന്‍ കുടുംബത്തിനായി കല്യാണം ഉപേക്ഷിച്ചിരിക്കുന്നു. ചില എംടിയന്‍ കഥാപാത്രങ്ങളിലേ ഇങ്ങനെ കണ്ടിട്ടുള്ളൂ. ഇപ്പൊ നേരില്‍ കണ്ടു, കണ്‍ നിറഞ്ഞു.

Wednesday, June 11, 2008

തമാശക്കഥകള്‍4 (കേട്ടതെങ്കില്‍ ക്ഷമി)

1. (ജയരാജ് വാര്യര്‍ പറഞ്ഞത്) രാവണനിഗ്രഹം കഴിഞ്ഞ്‌ പുഷ്പകവിമാനത്തിലേറി മടങ്ങുകയാണ്‌ രാമസീതാലക്ഷ്മണന്‍മാര്‍. രാമനും സീതയും ഇരിക്കുന്നു, ലക്ഷ്മണന്‍ പിറകില്‍ നില്‍ക്കുന്നു. കുറച്ച്‌ കഴിഞ്ഞപ്പോള്‍ ലക്ഷ്മണന്‍ സീതയോട്‌ അനാശാസ്യമായി പെരുമാറാന്‍ തുടങ്ങി. സീത രാമനെ കാര്യം ബോധിപ്പിച്ചപ്പോള്‍ രാമന്‍ പറയുന്നു: പേടിക്കേണ്ട, നമ്മളിപ്പോള്‍ കേരളത്തിന്‌ മുകളിലൂടെയാണ്‌ പറക്കുന്നത്‌. കുറച്ച്‌ കഴിയുമ്പോള്‍ മാറും.

2. മൂന്ന് വൃദ്ധന്‍‌മാര്‍ ഇരുന്ന് വെടി പറയുകയാണ്: “മൂത്രമൊഴിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി”, ഒന്നാമന്‍ പറഞ്ഞു. “രാവിലെ എണീറ്റാല്‍ 10 മിനിറ്റ് മുക്കിയാലേ മൂത്രം പോകൂ”. രണ്ടാമന് പ്രശ്നം മലവിസര്‍ജ്ജനമായിരുന്നു. “20 മിനിറ്റ് കക്കൂസിലിരുന്ന് ബുദ്ധിമുട്ടണം! എന്നാലേ എന്തെങ്കിലും പോകൂ”. “ഒന്നും രണ്ടും എനിക്കൊരു പ്രശ്നമേയല്ല”, മൂന്നാമന്‍ പറഞ്ഞു. “അതിരാവിലെ 8 മണിക്ക് മലവും മൂത്രവും സുഖമായി പോകും. പ്രശ്നം പക്ഷേ 9 മണിക്കേ ഞാന്‍ ഉറക്കത്തില്‍ നിന്നും ഉണരൂ!”

3. മൂന്ന് പേരെ ആറ് കുത്തിന് കൊന്ന ഗുണ്ട വയറുവേദനക്ക് ആശുപത്രീല്‍ പോയി. ഒറ്റ കുത്തിന് അവരവനെ കൊന്നു. ഇന്‍‌ജക്ഷന്റെയൊക്കെ ഒരു ശക്തി!

4. കണ്ണ് കുഴിഞ്ഞ രോഗത്തിന് ആശുപത്രിചികില്‍‌സ കൊണ്ട് ഫലമുണ്ടായില്ല. ഒടുവില്‍ ബില്ല് വന്നപ്പോള്‍ കണ്ണ് തള്ളി!

5. പെണ്‍കുട്ടി ഇടവഴിയിലൂടെ നടക്കുകയാണ്. പീഡനശ്രമവുമായി ഞരമ്പന്‍ ചാടി വീണു. കന്യകാത്വം കവരുകയും ചെയ്തു. സമാധാനം സം‌സ്ഥാപിതമായ ഇടവഴിയില്‍ ഒരു സിഗരറ്റിന് തീ കൊളുത്തി പീഡിതന്‍ ചോദിച്ചു, “വീട്ടീ ചെല്ലുമ്പം നീ എന്നാ പറയും?” “ഒരാള്‍ എന്നെ 5 പ്രാവശ്യം പീഡിപ്പിച്ചെന്ന് പറയും”. “അതിന് ഒരു തവണയല്ലേ ഞാന്‍ നിന്നെ പ്രാപിച്ചൊള്ളൂ?” “നിങ്ങക്കെന്താ ഇത്ര ധൃതി?”

Tuesday, June 10, 2008

ജും‌പാ ലഹിരിയുടെ അണ്‍‌അക്കസ്റ്റമ്ഡ് എര്‍ത്ത്

പരിചിതമല്ലാത്ത ഭൂമിയില്‍ വേരുകള്‍ നഷ്ടപ്പെടുന്ന ഇന്ത്യന്‍ കുടിയേറ്റക്കാരുടെ അമേരിക്കന്‍ കഥയാണ് Jhumpa Lahiri എഴുതിയ Unaccustomed Earth എന്ന (56 പേജ്) നീണ്ട കഥ. ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന എഴുത്തുകാരിയുടെ ആദ്യ പുസ്തകം The Interpreter of Maladies എന്ന ചെറുകഥാ സമാഹാരമായിരുന്നു. അടുത്ത നോവല്‍ The Namesake മീര നായര്‍ സിനിമയാക്കി. ഒടുവിലത്തെ പുസ്തകമായ Unaccustomed Earth (ചെറുകഥകള്‍)Newyork Times Best Seller List ല്‍ ഈയിടെ ഉണ്ടായിരുന്നു.

ബം‌ഗാളി യുവതി റൂമ ഒരു സായിപ്പിനെ കെട്ടി അമേരിക്കയില്‍ സ്ഥിരതാമസമാണ്. സായിപ്പ് സദാ ബിസിനസ് ടൂറിലായ റൂമയുടെ ദാമ്പത്യം ശരിക്കും വേരു പിടിച്ചിട്ടില്ല. ഏകമകന്‍ ആകാശുമൊത്ത് വലിയൊരു വീട്ടില്‍ കഴിയുന്ന, ഇപ്പോള്‍ ഗര്‍ഭിണിയായ റൂമയെ അവളുടെ അച്ഛന്‍ സന്ദര്‍ശിക്കുന്നതും മകള്‍ക്കും പേരക്കുട്ടിക്കും അയാള്‍ ഒരു പച്ചക്കറി-പൂന്തോട്ടം ഉണ്ടാക്കിക്കൊടുക്കുന്നതുമാണ് കഥയുടെ വികാസം. ബന്ധങ്ങളിലെ ഊഷ്മളത, വികാരങ്ങളുടെ ഭാവപ്രകടനങ്ങള്‍, ഒറ്റപ്പെടലുകള്‍...

നേരത്തേ ഭാര്യ മരിച്ച അച്ഛന്‍‌കഥാപാത്രത്തിന്‍റെ ഇപ്പോഴത്തെ പരിപാടി ലോകപര്യടനമാണ്. അങ്ങനത്തെ ഒരു യാത്രയില്‍ ഒരു സ്ത്രീയുമായി അയാള്‍ ചങ്ങാത്തം സ്ഥാപിക്കുന്നുമുണ്ട്. അവര്‍ക്കായി അയക്കാനിരുന്ന ഒരു കത്ത് അയാള്‍ മറന്നു പോകുന്നതും മകള്‍ അത് പോസ്റ്റ് ചെയ്യുന്നതും കഥാന്ത്യം. (അച്ഛന്‍റെ ‘വാനപ്രസ്ഥപ്രേമം’ മകള്‍ അം‌ഗീകരിക്കുന്നു).

Unaccustomed Earth ഒരു മഹത്തായ കഥയല്ല. പക്ഷേ കുടിയേറ്റ ജീവിതത്തിന്‍റേയും മാറുന്ന ഇന്ത്യന്‍ സാഹചര്യങ്ങളുടേയും, വളരുന്ന പ്രവാസ-എഴുത്തിന്‍റേയും വിജയിച്ച കഥയാണത്.

'മുച്ചീട്ടുകളിക്കാരന്‍റെ മകള്‍’‍ കഥാപ്രസംഗം പാട്ടുകള്‍

വൈക്കം മുഹമ്മദ് ബഷീറിന്‍റെ ‘മുച്ചീട്ടുകളിക്കാരന്‍റെ മകള്‍’ക്ക് കുവൈത്തില്‍ കഥാപ്രസം‌ഗാവിഷ്കാരം. ഒറ്റക്കണ്ണന്‍ പോക്കരും, സൈനബായും മണ്ടന്‍ മുത്തപായും പ്രധാന കഥാപാത്രങ്ങളായി വരുന്ന കഥയില്‍ ബഷീറിന്‍റെ അനശ്വര കഥാപാത്രങ്ങളായ എട്ടുകാലി മമ്മൂഞ്ഞും ഉണ്ടക്കണ്ണന്‍ അന്ത്രുവും സ്ഥലത്തെ പ്രധാന കള്ളന്‍മാരായ ആനവാരി രാമന്‍ നായരും പൊന്‍‌കുരിശു തോമായും അവരുടെ ചരിത്രവുമായി പ്രത്യക്ഷപ്പെടുന്നുണ്ട്. കുവൈത്തില്‍ ഇതിനോടകം രണ്ട് വേദികള്‍ പിന്നിട്ട അര മണിക്കൂര്‍ നീളുന്ന ‘മുച്ചീട്ടുകളിക്കാരന്‍റെ മകളു’ടെ കാഥികന്‍ പി. ഡി. പൌലോസാണ്. ഈയുള്ളവന്‍‌ ഗാനങ്ങളെഴുതിയിരിക്കുന്നു.


ഗാനങ്ങള്‍‌:
വിരുത്തം: പൊന്‍പൊടി പുരണ്ട, പച്ചത്തലപ്പുകള്‍ കൈ നീട്ടും ഗ്രാമം
പഞ്ചപാവങ്ങള്‍, മൂരാച്ചികള്‍ രാപാര്‍ക്കും ഗ്രാമം
അണ്ഡകടാഹത്തില്‍, ഠ വട്ടത്തില്‍, പൂമൊട്ട്‌ പോലെ
സത്യത്തില്‍ സര്‍വമാനപേരും സ്വരുക്കൂട്ടും ജീവിതം, സുന്ദരം.

ബഷീര്‍: കാഥികനല്ല, കലാകാരനല്ല ഞാന്‍
ഏകാന്തതീരത്തെ പ്രേമഗായകന്‍
കാറ്റിലലഞ്ഞ കരിയില പോല്‍,
കാരിയം ചൊല്ലും ചരിത്രകാരന്‍.

ഒറ്റക്കണ്ണന്‍ പോക്കര്‍ (തുമ്പീ തുമ്പീ വാ വാ എന്ന ഈണത്തില്‍ ..)
ഒറ്റക്കണ്ണന്‍ പോക്കര്‍ മുച്ചീട്ടുകളിക്കും പോക്കര്‍
ചീട്ടുകളിക്കും പോക്കര്‍

അമ്പതുകാരന്‍ പോക്കര്‍
വെളു വെളെ വെളുത്തൊര്' പോക്കര്
'വണ്‍ ഐസ്‌ മങ്കി' എന്നു വിളിക്കും
ഒറ്റക്കണ്ണന്‍ പോക്കര്‍

മുറുക്കാന്‍ ചുവപ്പുള്ള പല്ല്‌,
ഇസ്പീഡ്‌ ഗുലാന്‍ പോല്‍ എല്ല്‌
പുള്ളിച്ചീട്ടും രൂപച്ചീട്ടും
മാറ്റിമറിക്കും കള്ളന്‍

മണ്ടന്‍മുത്തപാ (ചായക്കടക്കാരാ....):
പോക്കറ്റടിക്കാരന്‍ അവന്‍ മണ്ടന്‍മുത്തപാ
ആറടി നീളമുള്ളോന്‍, കറമ്പന്‍ ഏഴഴകന്‍,
ശകലം കോങ്കണ്ണുമായി, വെളുക്കെ ചിരിയുമായി,
പോക്കറ്റടിക്കാരന്‍ അവന്‍ മണ്ടന്‍മുത്തപാ
പോക്കറ്റടിക്കാരന്‍ അവന്‍ മണ്ടന്‍ അറാംപറന്നോന്‍

ആനവാരി-പൊന്‍കുരിശ്‌ (ചില്ലിമുളം....)
ആനവാരി രാമന്‍ നായര്‍ പൊന്‍കുരിശ്‌ തോമ കൂടെ,
ദിവ്യന്‍മാര്‍ സ്ഥലത്തെ കള്ളന്‍മാര്‍
ചാത്തങ്കേരി മനക്കലേന്ന്‌ നീലാണ്ടനെ മോട്ടിച്ചു,
രാമന്‍നായര്‍ ആനവാരി നായര്‍

ആനവാരി രാമന്‍ നായര്‍ പൊന്‍കുരിശ്‌ തോമ കൂടെ,
ദിവ്യന്‍മാര്‍ സ്ഥലത്തെ കള്ളന്‍മാര്‍
ലോക്കപ്പീന്ന്‌ പുറത്തിറങ്ങി പൊന്‍കുരിശ്‌ മോട്ടിച്ചു,
സത്യകള്ളന്‍ ശുദ്ധന്‍ പൊന്നുതോമ.

ഉണ്ടക്കണ്ണനന്ത്രു (ഓട്ടക്കണ്ണിട്ടു നോക്കും കാക്കേ...)
ഉണ്ടക്കണ്ണന്‍ വിക്കനന്ത്രു, പിച്ച ചക്കര വ്യാപാരി അന്ത്രു
രണ്ടണ ലാഭിക്കാന്‍ കെട്ടീ, വീട്ടുവേലക്കാരി ഭാര്യയായി

എട്ടുകാലി മമ്മൂഞ്ഞ്‌ (എല്ലാരും ചൊല്ലണ്‌......)
എട്ടുകാലി മമ്മൂഞ്ഞ്‌ കോട്ടുസാഹിബ്‌ മമ്മൂഞ്ഞ്‌,
നാട്ടില്‌ ഗര്‍ഭം കാണേ വീമ്പിളക്കും, ഞമ്മളാണ്‌, അത്‌ ഞമ്മളാണ്!
ആണല്ല പെണ്ണല്ല കപ്പടാ മീശേണ്ട്‌, കൂടെക്കൂടെ പിരിക്കും
'അടേ, സങ്കതി അറിഞ്ഞാ?'

സൈനബാ : ഉടുരാജമുഖീ, മൃഗരാജകടി ഗജരാജ വിരാജിത മന്ദഗതി

(വിളിച്ചതെന്തിന്‌): വെളുത്തതെല്ലാം പാലല്ല, പൂത്തതെല്ലാം കായല്ല
മൂത്തതെല്ലാം മാങ്ങയല്ല , മെനഞ്ഞതെല്ലാം കുടവുമല്ല
തട്ടമിട്ടും (ഹൊയ്‌ ഹൊയ്‌), പൊട്ടു തൊട്ടും (ഹൊയ്‌ ഹൊയ്‌),
കൊലുസണിഞ്ഞും പെണ്ണാവില്ല.

(കൊച്ചീ മട്ടാഞ്ചേരി...):
കടുവാക്കുളം പഞ്ചായത്തില്‌ അക്കരമേട്ടില്‌ താമസിക്കണ
മുച്ചീട്ട്‌ പോക്കര്ടെ മോളാണ്‌
കനകക്കട്ടിയാണ്‌, കല്‍ക്കണ്ട 'ഖനി'യാണ്‌
കാട്ടാറിന്‍ ചേലാണ്‌, കണിയാണ്‌, കണ്ണിന്‍ മണിയാണ്‌.
കക്ഷീ കടലാണ്‌, കനവാണ്‌, കനിവാണ്‌
കട്ടായം കരളാണ്‌ കഥയാണ്‌, കടങ്കഥയാണ്‌.

(വെളുക്കുമ്പൊ)
കുളിക്കുന്ന കടവീന്ന് ഏത്തക്കുല മോട്ടിച്ചോള്‌, കച്ചോടക്കാരി സൈനബാ
അപ്പം, പുട്ട്‌, പക്കുവട, പിന്നെ കടല പുഴുങ്ങീത്‌, കടമായി കൊടുക്കുന്നവളാ
കൃത്യം കണക്ക്‌ സൂക്ഷിക്കുന്നവളാ!

(അപ്സരസാണെന്‍റെ) തൊരപ്പന്‍ പൂജ്യം അണ, ഡയ്‌വര്' പൂജ്യം അണ
എട്ടുകാലി, തോമ, ആനവാരി അങ്ങനെ..

രാജാ! വയ്‌ രാജാ, വാ രാജാ, രാജാ! ഒന്ന്‌ വച്ചാ രണ്ട്‌, രണ്ട്‌ വച്ചാ നാല്‌!
പുള്ളി വച്ചാ ഞമ്മക്ക്‌! രൂപ വച്ചാ നിങ്ങക്ക്‌!
രാജാ! നോക്കി വച്ചോ ,വയ്‌ രാജാ, രാജാ!

കെട്ടും! കെട്ടും! കെട്ടും! സൈനവക്കോതയെ കെട്ടും!
ഞമ്മള്‌ ശൊല്ലും സത്യം താന്‍, ഇത്‌ കാലം തെളിയിക്കും സത്യം താന്‍!
മൂരാച്ചീ, സൂക്ഷിച്ചോളൂ! ഖല്‍ബിനകത്തെ ലോക്കപ്പിലാണവള്‍!

(കദളിവാഴ):
കടുവാക്കുഴി ചന്തേല്‌ പൊങ്ങി, പോക്കരുടെ ചീട്ടുകളി,
അറം പറ്റീ ചീട്ടുകളി -കാരണമെന്താ? -
അറാംപിറന്നോന്‍ മുത്തപാ!

(കന്നിപ്പളുങ്കേ..) പോക്കര്' തോറ്റു, മണ്ടന്‍ ജയിച്ചൂ പോക്കണംകേടായീ
പുള്ളിക്കാരന്‍റെ പുള്ളിച്ചീട്ടിന്‍റെ കള്ളി വെളിച്ചത്തായീ
പുള്ളിക്കള്ളി വെളിച്ചത്തായി.
കുത്തിയും മാറ്റിയും കുന്തിച്ചിരുന്നും
നാട്ടാരെ പറ്റിച്ച പോക്കര്' ചേട്ടനെ
പഹയന്‍, മണ്ടന്‍, മണ്ടശിരോമണി കുറ്റിയടിച്ചില്ലേ?
അങ്ങേരെ കുപ്പിയിലാക്കിയില്ലേ?!

Thursday, June 5, 2008

തമാശക്കഥകള്‍‌ ३(കേട്ടതെങ്കില്‍‌ സഹി)

1. നവതി (90 വയസ്സ്)കാരന് വൈദ്യപരിശോധന. എല്ലാം ഓകെയാണ്. ഇനി ആത്മീയ ആരോഗ്യം കൂടി ടെസ്റ്റ് ചെയ്താല്‍ മതി. “ദൈവവുമായുള്ള ബന്ധമെങ്ങനെ?” ഡോക്ടര്‍ ചോദിച്ചു. “ഓ! അത്ഭുതകരമായ ബന്ധമാണ്”, നവതികാരന്‍ പറഞ്ഞു, “രാത്രി ഇടക്ക് മൂത്രമൊഴിക്കുമ്പോള്‍ വീട്ടുകാരെ ശല്യപ്പെടുത്തേണ്ടി വരുന്നില്ല. സ്വിച്ച് തപ്പിത്തടയേണ്ടതില്ല. ഞാന്‍ ബാത്ത് റൂമിന്റെ വാതില്‍ തുറക്കുന്നതും ഓട്ടോമാറ്റിക്കായി ലൈറ്റ് തെളിയുന്നു, വാതിലടക്കുമ്പോള്‍ വെളിച്ചം താനേ അപ്രത്യക്ഷമാകുന്നു. പവര്‍ കട്ട് സമയത്തും ഈ അത്ഭുതം സം‌ഭവിക്കുന്നു!” അത്ഭുതപരതന്ത്രജ്ഞനായ ഡോക്ടര്‍ വീട്ടുകാരെ വിളിച്ചന്വേഷിച്ചപ്പോള്‍ കിട്ടിയ മറുപടി: “ഓ, അങ്ങേര് ഫ്രിഡ്ജിലാണ് മൂത്രിക്കുന്നത്!”

2. കരാട്ടേ ബ്ലാക്ക് ബെല്‍റ്റ്കാരന്‍ മിലിട്ടറിയില്‍ ജോയിന്‍ ചെയ്ത ദിവസം തന്നെ മരിച്ചു പോയത്രേ. രാവിലെ രജിസ്റ്ററില്‍ ഒപ്പ് വച്ച് മേലധികാരിയെ സല്യൂട്ട് ചെയ്തതാണ് കാരണമെന്ന് പറയുന്നു!

3. (ചെമ്മനം ചാക്കോയുടെ ഒരു കവിതയില്‍ നിന്ന്) തെരുവു നായ ചത്ത് മലച്ച് കിടക്കുന്നു. കോര്‍പറേഷന്‍ അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ല. പട്ടീടെ മോന്റെ ബോഡി കിടക്കുന്ന റോഡിനരികത്തെ പള്ളിയിലെ പുരോഹിതന്‍ കോര്‍പറേഷനില്‍ വിളിക്കുന്നു: “നായയുടെ മൃതദേഹത്തോട് നീതി പുലര്‍ത്താത്തതെന്ത്?” “ശേഷക്രിയ ചെയ്യേണ്ടത് പുരോഹിതരല്ലേ?” എന്ന് കോര്‍പറേഷന്‍. അച്ചന്‍ വിട്ടില്ല “ഏറ്റവും അടുത്ത ബന്ധുക്കളെ അറിയിച്ചുവെന്നേയുള്ളൂ!”

Monday, June 2, 2008

സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ പറയുന്നത്..

സ്വാമി വിവാദത്തില്‍ ഞാനും പെട്ടു. അനാഥാലയത്തിന്റെ ഉദ്ഘാടനം എന്ന് പറഞ്ഞാണ് എന്നെ ഒരു സ്ഥലത്ത് ക്ഷണിച്ചത്. അവിടെ പോയി പ്രസം‌ഗിച്ചതിന് ഞാനും സ്വാമിഭക്തനായി. എനിക്ക് സ്വാമി അദ്ദേഹതിന്റെ ഒരു പുസ്തകം സമ്മാനിച്ചു. ഒരു അനുഗ്രഹം തരുന്ന ഭാവചേഷ്ടകളോടെയാണ് സ്വാമി ആ പുസ്തകം തന്നത്. മാധ്യമങ്ങളില്‍ വന്ന വിഷ്വല്‍ കണ്ടാല്‍ ഞാന്‍ അനുഗ്രഹം വാങ്ങുന്ന പോലെ! മറ്റൊരു സ്വാമിതട്ടിപ്പിന് സാക്ഷിയാവേണ്ടിയും വന്നു. ഒരു അന്ധവിദ്യാലത്തില്‍ സമ്മാനദാനച്ചടങ്ങ് നടക്കുകയാണ്. അവാര്‍‌ഡ് നല്‍കുന്നത് ഞാന്‍. ഒട്ടിച്ച കവറുകള്‍ കണ്ട് ഞാന്‍ സം‌ഘാടകരോട് ചോദിച്ചു, എന്താണ് കവറിനുള്ളില്‍? അവര്‍ പറഞ്ഞു, സാറ് അതങ്ങോട്ട് ഓരൊ കുട്ടിയുടെ കൈയിലും കൊടുത്താല്‍ മതി. അത്തരം 150 തടിച്ച കവറുകളുണ്ടായിരുന്നു. ഒരെണ്ണം ഞാന്‍ പൊട്ടിച്ചു. അതിനകത്ത് പ്രോഗ്രാം നോട്ടീസ് മടക്കി വച്ചിരിക്കുന്നു. അതാണ് അന്ധ വിദ്യാര്ഥികള്‍ക്കുള്ള സമ്മാനം.

നിയമഭാ സ്പീക്കറിന്' 3 കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 1. സമയത്തിന്' സഭ തുടങ്ങുക 2. അധികം സംസാരിക്കാതിരിക്കുക 3. അധികം സംസാരിക്കുന്നവരെ നിയന്ത്രിക്കുക. (അതുകൊണ്ട് ഞാനധികം നീട്ടുന്നില്ല)
(കുവൈത്തില്‍ ഒരു പൊതുപരിപാടിയില്‍ പ്രസം‌ഗിച്ചത്)

Thursday, May 29, 2008

കടംകഥ/ക്വിസ്:ഉത്തരം അറിയാമായിരിക്കും!

1. ഇപ്പോഴത്തെ കുട്ടികള്‍ ഏറ്റവും കൂടുതല്‍ പാടുന്ന പാട്ട്?

2. ചരണത്തില്‍ (ഗാനത്തിന്‍റെ ആദ്യഭാഗത്ത്) 2 വാക്കുകള്‍ മാത്രമുള്ള മലയാള സിനിമാഗാനം?

3. കാലില്‍ പിടിച്ചാല്‍ വാ തുറക്കും; വായില്‍ കൊടുത്താല്‍ രണ്ടാക്കി തുപ്പും?

4. കണക്കറിയാവുന്ന ഉറുമ്പ്? (ഉത്തരം ഇംഗ്ളീഷില്‍ )

Wednesday, May 28, 2008

തമാശക്കഥകള്‍ 2 (കേട്ടതെങ്കില്‍ ക്ഷമി)

1. 'കണ്ണാ ഗുരുവായൂരപ്പാ' എന്ന ഗാനം ഗാനമേള സംഘാടകന്‍റെ ടീനേജ്കാരി മകള്‍ക്ക് പാടണം. ഇംഗ്ളീഷ് മീഡിയം 'ആക്സന്‍റുള്ള' കുട്ടിക്ക് കുരുവായൂരപ്പാ എന്നേ വായില്‍ വരുന്നുള്ളൂ. റിഹേഴ്സലി'ന്‍ പല തവണ പലരും തിരുത്തിയതിനാലോ കുട്ടിക്കാകെ കണ്‍ഫ്യൂഷന്‍. ഗാനമേള സ്റ്റേജില്‍ ഗുരുവായൂരപ്പ ഭക്തിഗാനം ആദ്യത്തേതാണ്'. കുട്ടി സ്റ്റേജില്‍ കയറിയതും കീബോര്‍ഡുകാരന്‍ പറഞ്ഞു, കുരുവല്ല, ഗുരു. ഗിത്താറിസ്റ്റ് ഓര്‍മ്മിപ്പിച്ചു, ക അല്ല ഗു. പലരുടേയും ശിക്ഷണം കഴിഞ്ഞ് കുട്ടി പാടിത്തുടങ്ങി, 'കുണ്ണാ...!

2. ഓല്' എന്നാല്‍ വടക്ക് ചിലയിടത്ത് അവള്. തെങോല വീണ കാര്യം പറയുകയാണിവിടെ ഒരാള്. 'ഓല്ടെ പറമ്പില്‍ വീഴാത്ത ഓലയെടുത്ത് ഓല്' ഓലോട് പറയുന്നു, ഓല്' ഓല്ടേതാന്ന്.

3. ഇലക്ട്രീഷ്യന്‍ വീട്ടില്‍ റിപ്പയറിങ്ങിനായി വന്ന കാര്യം പറയുകയാണൊരു വീട്ടമ്മ: അയാള്‍ വന്നിട്ടപ്പൊ അകത്തും പോയി, പുറത്തും പോയി, കാല്‍ക്കലും പോയി (പോസ്റ്റ് ആണുദ്ദേശിക്കുന്നത്). പുതിയാള്‍ വന്ന് ഇട്ടപ്പഴേ അടിച്ചു പോയി!

Sunday, May 25, 2008

നമ്പൂതിരിയുടെ ബഷീര്‍‌‍ രേഖാചിത്രം


ബഷീറിന്‍റെ 'ഓര്‍മ്മക്കുറിപ്പ്' എന്ന കഥക്കായി വരച്ചത്

Tuesday, May 20, 2008

ബാലഭാസ്കര്‍‌ പറയുന്നത്

വയലിനിലെ ഉയിര്

കുവൈത്തിലെ റാഡിസണ്‍ സാസ് ഹോട്ടലിലെ റിയല്‍ എസ്റ്റേറ്റ് ഷോയില്‍ ക്ഷണിതാക്കളെ എന്‍റര്‍ടെയിന്‍ ചെയ്യാന്‍ ബാലുവും സംഘവും നില്‍ക്കുന്നു. കീ ബോര്‍ഡ് വായിക്കുന്നത് പ്രകാശ് ഉള്ള്യേരി (സ്കെച്ച് എന്ന മലയാള സിനിമക്ക് സംഗീതം നല്‍കി). ഡ്രംസിന്' നിര്‍മ്മല്‍ എന്ന പയ്യന്‍ ലുക്കുള്ളയാള്‍. തബലയും ഘടവും 'ഫ്യൂഷന്' എരിവു പകരാനായി ഉണ്ട്. ബാലു പതിവു പോലെ വയലിനില്‍ വിസ്മയങ്ങള്‍ തീര്‍ത്തു. ആദ്യകാല റഹ്മാന്‍ നമ്പരുകളായിരുന്നു ബാലു കൂടുതലും വയലിനില്‍ വായിച്ചത്. കാതല്‍ റോജാവേ, സ്നേഹിതനേ തുടങ്ങിയവ. ഇടക്ക്, ഏറ്റവും സ്വാധീനിച്ച പാട്ടെന്ന് പിന്നീട് സമ്മതിച്ച ഉയിരേ എന്ന ബോംബെ ഗാനം. (ബേക്കല്‍ കോട്ടയില്‍ അരവിന്ദ് സ്വാമിയും മനീഷ കൊയ്'രാളയും ഒളിച്ചു കളിക്കുന്നത് ഓര്‍മ്മ വരുന്നു).

ബാലുവിന്' 'ഉയിരേ' ഇത്ര ഇഷ്ടപ്പെടാന്‍ കാരണം?
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ഡിഗ്രി ചെയ്യുമ്പോഴാണ്' ഇപ്പോള്‍ സഹധര്‍മ്മിണിയായ കാമുകിയെ കാണുന്നത്. ‘ഉയിരേ’ ആ സമയത്ത് ഹിറ്റായ കാലം. അവളെ ഓര്‍ക്കുമ്പോഴൊക്കെ ആ പാട്ടും എന്‍റെ തലയില്‍ കയറി മൂളാന്‍ തുടങ്ങും. അങനെ ആ പാട്ട് ഉപേക്ഷിക്കാന്‍ പറ്റാതായി.

വയലിന്‍ വായിക്കുമ്പോള്‍ സദാ ചിരിക്കുന്ന മുഖത്തോടെ മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. മനപൂര്‍വം ഫോട്ടോക്ക് പോസ് ചെയ്യുകയാണോ?
ചിരിക്കുന്നത് സന്തോഷം കൊണ്ടാണ്'. ഐ എന്‍ജോയ് പ്ലെയിങ്ങ് വയലിന്‍. കാണികള്‍ ആസ്വദിക്കുന്നത് കാണുമ്പോള്‍ ഞാന്‍ ഊര്‍ജ്ജസ്വലനാകുന്നു. അതെന്‍റെ മുഖത്ത് പ്രതിഫലിക്കുന്നു. ഞാന്‍ ചിരിക്കുന്നു.

ഇടക്ക് ഉയര്‍ന്നു ചാടുന്നു?
അതെയതെ (ചിരി). ഞാന്‍ കൂടുതല്‍ ചാര്‍ജ്ജ് ചെയ്യപ്പെടുകയാണ്'. ലുക്ക്, നമ്മുടെയിടയില്‍ അധികവും നെഗറ്റീവ് എനര്‍ജിയാണുള്ളത്. ഞാനത് കൊണ്ടാണ്' പുസ്തകവായന നിര്‍ത്തി വച്ചിരിക്കുന്നത്. പണ്ടൊക്കെ ഒത്തിരി വായിക്കുമായിരുന്നു. എന്‍റെ ശ്രോതാക്കള്‍ എനിക്ക് പോസിറ്റീവ് എനര്‍‌ജി തരുന്നു. അതുകൊണ്ടാണ് ജനപ്രിയഗാനങ്ങള്‍ വയലിനില്‍ വായിക്കുന്നത്. കേള്‍ക്കുമ്പോള്‍ അത് ഇന്ന പാട്ടല്ലേ എന്ന് ജനം (ഉള്ളാലെ)ചോദിക്കണം. പോപ്പുലര്‍ പാട്ടുകളെ കൂടാതെ ഗഹനമായ ഫ്യൂഷനും ഞങ്ങളുടെ ടീം ചെയ്യുന്നുണ്ട്. ‘തീ’ എന്നു പേരിട്ടിരിക്കുന്ന പുതിയ ഫ്യൂഷനില്‍ എന്‍റെ വയലിനെ അക്കമ്പനി ചെയ്യുന്നത് വീണ, പുല്ലാങ്കുഴല്‍, തബല, ഘടം‌, ഡ്രംസ് എന്നിവയാണ്. കേള്‍ക്കാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണ്ടല്ലോ!

തിരക്കു പിടിച്ച യാത്രകളും സ്റ്റേജ് പ്രോഗ്രാമുകളും; ഇതിനിടയില്‍ എങ്ങനെ റിലാക്സ് ചെയ്യുന്നു?
വീണു കിട്ടുന്ന നിമിഷങ്ങളില്‍, ആളുകളുടെ ഇടയിലായാലും കണ്ണടച്ചിരുന്ന് ധ്യാനിക്കും. ‘ഓം ഭവാനി ത്വം ദാസേ’ എന്നു ചൊല്ലും. മുന്‍പ് reiki പരിശീലിച്ചിരുന്നു. ഞാനൊത്തിരി അശുഭാപ്തി വിശ്വാസിയായിരുന്നു. സംഗീതവും, വിവാഹവും എന്നെ ഓപ്റ്റിമിസ്റ്റിക് ആക്കി. അമ്പലങ്ങളില്‍ പൂജ ചെയ്യുമ്പോള്‍, നമ്മള്‍ കൊടുക്കുന്ന സ്നേഹം pure ആയി തിരിച്ചു കിട്ടുമെന്നാ‍ണ്. അതു തന്നെയാണ് സംഗീത ജീവിതം കൊണ്ട് ഞാന്‍ നേടിയിട്ടുള്ളത്.

Monday, May 19, 2008

എന്‍‌. എസ്. മാധവന്‍റെ പുതിയ കഥ

കാലാന്തരത്തില്‍ സ്ത്രീ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു എന്ന് ‘കേസര്‍’ എന്ന കഥയിലൂടെ മാധവന്‍ പറയുന്നു. കേസര്‍ എന്നു പറഞ്ഞാല്‍ കേസര്‍ഭായി കെര്‍‌ക്കര്‍, 116 കൊല്ലങ്ങള്‍ക്ക് മുന്‍പ് ജീവിച്ച ഹിന്ദുസ്ഥാനി സം‌ഗീതജ്ഞ. കഥ നടക്കുന്ന വര്‍ത്തമാന കാലത്ത് ഗോവയിലെ ജയശ്രീ എന്ന, അറിയപ്പെട്ടു വരുന്ന ചിത്രകാരിക്ക്, കേസര്‍ഭായി സ്വന്തമായി വാങ്ങിയ ചുവന്ന വീടിന്‍റെ ദര്‍ശനമുണ്ടായതിനെത്തുടര്‍ന്ന് ജയശ്രീയുടെ ഭര്‍ത്താവിന്‍റെ സ്നേഹിതന്‍ ജയശ്രീയോട് (നമ്മോടും)കേസര്‍ഭായിയുടെ കഥ പറയുകയാണ്. സം‌ഗീത വിദ്വാന്‍ അല്ലാദിയാ ഖാന്‍റെ ശിഷ്യയായിരുന്ന കേസറിന്‍റെ സം‌ഗീതസിദ്ധികളറിഞ്ഞ ഗുരു ‘തന്‍റെ മരണശേഷമേ കേസര്‍ പാടാവൂ’ എന്നൊരു നിബന്ധന വച്ചു. അതനുസരിച്ച് 54 വയസിലാണ് കേസര്‍ പൊതുസദസ്സുകളില്‍ പാടിയത്. ജയശ്രീയെ കേസര്‍ചരിതം ആകര്‍ഷിക്കാന്‍ കാരണം ജയശ്രീയെ വളരാനനുവദിക്കാത്ത ചിത്രകാരന്‍ ഭര്‍ത്താവാണ്. അയാളില്‍ നിന്നും അവള്‍ വിടുതി നേടുന്നതാണ് കഥാന്ത്യം.
പരിചിതമായ കഥ, അപരിചിതമായ ഒരിടത്തില്‍, കഥ ആ‍വശ്യപ്പെടുന്ന ആഴത്തോടെ പറഞ്ഞുവെന്നത് മാധവന്‍റെ കൈയൊതുക്കമാണ്.(ജയശ്രീയുടെ ഭര്‍തൃസ്നേഹിതന്‍ റോബിന്‍ ഒരു മായാജാലക്കാരനെപ്പോലെ എല്ലാം പറഞ്ഞും ചെയ്തും കൊടുക്കുന്നത് ‘unconvinicng’ ആയി തോന്നി). ജയശ്രീയുടെ വൈകാരികലോകം അവരെക്കൊണ്ടു പറയിപ്പിക്കാതെ ‘വരച്ചു കാട്ടുന്നു’ മാധവന്‍. ഏറെ നാളുകള്‍ക്ക് ശേഷം ഭേദപ്പെട്ടൊരു കഥ വായിച്ചു. (കഥ മാതൃഭൂമി ‘യാത്ര’ സപ്ളിമെന്‍റില്‍‍).

Sunday, May 18, 2008

ടോയ്’ലറ്റ് പേപ്പറില്‍‌ ജ്യൂസ് കൊണ്ടെഴുതിയ സിനിമ

1. പണമുള്ളവരും ജീവിതച്ചെലവും തമ്മിലുള്ള അകലം വര്‍ദ്ധിക്കുന്നെന്ന്‌ റിപ്പോര്‍ട്ട്‌.

പണമുണ്ടാക്കാവുന്ന സാഹചര്യം മുമ്പെന്നതിനേക്കാള്‍ കൂടുതലാണിപ്പോള്‍. അതേസമയം കേരളത്തില്‍പ്പോലും ഒരു കുടുംബത്തിന്‌ ഒരു മാസം ഒരു ലക്ഷം എന്ന ചെലവുജീവിതം സംജാതമാവുകയാണ്‌. പണമുണ്ടാക്കിയാല്‍ പോര, അത്‌ പ്രദര്‍ശിപ്പിക്കണമെന്ന സിദ്ധാന്തമാണ്‌ ജീവിതത്തിന്‍റെ വിലക്കയറ്റത്തിന്‌ കാരണം.

2. പുതിയ ബിബിസി ഡോക്യൂമെന്‍ററി 'പ്ളാനറ്റ്‌ എര്‍ത്ത്‌' ഭൂമിക്കൊരു ഉത്തമഗീതം പാടുന്നു.

65 രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ഇക്കോയാത്ര ആരംഭിക്കുന്നത്‌ അന്‍റാര്‍ട്ടിക്കന്‍ മഞ്ഞുമലകളില്‍ നാല്‌ മാസം വരെ ഭക്ഷണമൊന്നും കൂടാതെ ജീവിക്കാന്‍ കഴിയുന്ന എംപറര്‍ പെന്‍ഗ്വിനുകളില്‍ നിന്നാണ്‌. ആഫ്രിക്കയിലെ നീന്തുന്ന ആനകളും, റഷ്യയിലെ അമുര്‍ പുള്ളിപ്പുലികളും (ലോകത്ത്‌ ഇവരുടെ ആകെ സംഖ്യ 40), ബംഗാള്‍ കടുവകളും മറ്റനേകം ജീവജാലങ്ങളും മുഖം കാണിക്കുന്ന ഡോക്യൂമെന്ററി പറയുന്നു: ഭൂമിയാണ്‌ എട്ടാമത്തെ അത്ഭുദം.

3. സിംഗപ്പൂരിയന്‍ ചിത്രകാരന്‍ ലിന്‍ ലൂവിന്റെ വീഡിയോ, 'ഫ്ളെയിം', ഭൂമിയില്‍ നിന്നും തുടച്ചു നീക്കപ്പെടുവര്‍ക്ക്‌ പുതിയ രീതിയിലൊരു പ്രണാമം.

ആപ്പിള്‍ ജ്യൂസില്‍ ബ്രഷ്‌ മുക്കി ടോയ്'ലറ്റ്‌ പേപ്പറില്‍ എഴുതപ്പെടുന്ന പേരുകള്‍ തീനാളങ്ങളാല്‍ അപ്രത്യക്ഷമാകും മുന്‍പ്‌ ജ്വലിക്കുന്ന കാഴ്ചയാണ്‌ വീഡിയോ. കെടാന്‍ പോകുന്നതിന്‌ മുമ്പായി അക്ഷരങ്ങള്‍ വിവിധ രൂപങ്ങളാര്‍ജ്ജിക്കുന്നത്‌ ആസ്വാദകന്‍റെ വീക്ഷണകോണനുസരിച്ചായിരിക്കുമെന്ന പ്രത്യേകതയുമുണ്ട്‌ ഈ ഹ്രസ്വചിത്രത്തിന്‌.

Wednesday, May 14, 2008

ചരിത്രത്തില്‍ മെയ്മാസം: പുലയക്രിസ്ത്യാനികളുടെ ക്രിസ്മസ്‌

മെയ്‌ 24: കാസര്‍ഗോഡ്‌ ജില്ലക്ക്‌ 24 വയസ്‌.
മെയ്‌ 25: നെടുമ്പാശ്ശേരി വിമാനത്താവളത്തിന്‍റെ 10 )0 ജന്‍മദിനം.
മെയ്‌ 27: കവി പി. കുഞ്ഞിരാമന്‍നായരുടെ ചരമവാര്‍ഷികം; ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചരമവാര്‍ഷികം.
മെയ്‌ 28: മുട്ടത്ത്‌ വര്‍ക്കി 19 ആം ചരമവാര്‍ഷികം.

2. 1931 മെയ്‌ ആദ്യവാരത്തിലാണ്‌ വടകരയില്‍ നടന്ന അഞ്ചാം അഖിലകേരള രാഷ്ട്രീയ സമ്മേളനത്തില്‍ വച്ച്‌ ക്ഷേത്രങ്ങള്‍ എല്ലാ ഹിന്ദുക്കള്‍ക്കുമായി തുറന്നു കൊടുക്കണമെന്ന പ്രമേയം പാസാക്കി ഗുരുവായൂര്‍ സത്യഗ്രഹ തീരുമാനമെടുത്തത്‌.
ഇനി എന്നാണ്‌ എല്ലാ അഹിന്ദുക്കള്‍ക്കുമായി ഗോപുരവാതില്‍ തുറക്കുന്ന തീരുമാനമെടുക്കുത്‌? ഗോപകുമാരനെ കണ്ടില്ലേലും കുഴപ്പമില്ലെന്ന്‌ മലയാളി വിചാരിക്കുന്ന കാലത്തോ? ലത്തീന്‍ കത്തോലിക്കാ സമുദായംഗമായ യേശുദാസിന്‍റെ നാട്ടിലെ പള്ളുരുത്തി ലത്തീന്‍ പള്ളിയില്‍ പണ്ട്‌ പുലയക്രിസ്ത്യാനികള്‍ക്ക്‌ മറ്റ്‌ ഭക്തജനങ്ങള്‍ക്കൊപ്പം കുര്‍ബ്ബാന അനുവദിച്ചിരുന്നില്ല. പുലയക്രിസ്ത്യാനികളുടെ ക്രിസ്മസ്‌ ഡിസംബര്‍ 26 നായിരുന്നു.

3. മനുഷ്യവര്‍ഗത്തെ സമൂഹവുമായി ഒട്ടിപ്പിടിപ്പിച്ച പശയാണ്‌ മദ്യമെന്ന്‌ ദ ജോയ്‌ ഓഫ്‌ ഡ്രിങ്കിങ്ങ്‌ എന്ന പുസ്തകത്തില്‍ ബാര്‍ബറ ഹോളണ്ട്‌ (ബ്ളൂമ്സ്ബറി പ്രസാധനം).

മദ്യപാനത്തിന്‍റെ ആരംഭകാലവും ബിയറിലടങ്ങിയിരിക്കുന്ന വിറ്റാമിനുകളും, മദ്യപാനം ഉത്സവമാക്കിയ ഓസ്കാര്‍ വൈല്‍ഡ്‌ മുതല്‍ ഡൈലാന്‍ തോമസ്‌ വരെയുള്ള എഴുത്തുകാരുടെ വിവരങ്ങളും കൊണ്ട്‌ മത്ത്‌ പിടിപ്പിക്കുന്ന വായനാനുഭവം നമ്മിലെ കുടിയന്‍മാരുടെ കുറ്റബോധം, അങ്ങനെയൊന്നുണ്ടെങ്കില്‍, ഛര്‍ദ്ദിപ്പിച്ചു കളഞ്ഞേക്കും. (ലാസ്റ്റ്‌ സിപ്പ്‌: 1866 മെയ്‌ 16 ന്‌ ബീറ്റ്‌റൂട്ടില്‍ നിന്നുള്ള ബിയര്‍ ലോകത്ത്‌ ആദ്യമായി ഉല്‍പാദിപ്പിച്ചു).

Tuesday, May 13, 2008

ബഷീറിനെപ്പറ്റി എം എന്‍‌ വിജയന്‍‌

അനന്തതയില്‍ ഏകാകിയാക്കപ്പെട്ട 'ശബ്ദങ്ങളിലെ' നായകന്‍റെ ഛായ ബഷീറിന്‍റെ മിക്ക കഥാപാത്രങ്ങള്‍ക്കുമുണ്ട്. ഉത്തരം കിട്ടാത്ത അഭിസന്ധികളില്‍ ചെന്നുമുട്ടാത്ത ഒരു കഥയും ബഷീര്‍ എഴുതിയിട്ടില്ല. ജീവിതത്തിന്‍റെ ചെറിയ ഒരു ഛേദം മാത്രമേ നമ്മുടെ സാഹിത്യത്തിലേക്ക് എന്നും കടന്നു വന്നിട്ടുള്ളൂ. അനുഭവങ്ങളുടെ ഒരു പുതിയ വന്‍കര തന്നെ ബഷീര്‍ സാഹിത്യത്തിലേക്ക് കൊണ്ടുവന്നു. കാടായിത്തീര്‍ന്ന ഒറ്റമരത്തിന്‍റെ ആത്മകഥയാണ്' ബഷീറിന്‍റെ സാഹിത്യം.
മറ്റൊന്നിലും പരിശീലനം ഇല്ലാത്തതു കൊണ്ടാണ്' പരിശീലനം ആവശ്യമില്ലാത്ത സാഹിത്യം താന്‍ സ്വീകരിച്ചതെന്നു ബഷീര്‍ പറഞ്ഞുവച്ചിട്ടുണ്ട്. ജീവിക്കുന്നതെല്ലാം കഥയാണെന്നും പറയുന്നതെല്ലാം ഭാഷയാണെന്നും ഉള്ള തിരിച്ചറിവ് ബഷീറിന്‍റെ ലോകങ്ങള്‍ക്ക് അവസാനിക്കാത്ത വിസ്താരമുണ്ടാക്കിക്കൊടുത്തു. വായനക്കാരനെ ഇതിവ്ത്തത്തിന്‍റെ ഏതിടവഴിയിലേക്കും കൂട്ടിക്കൊണ്ടുപോകാന്‍ കഴിയുന്ന മോപ്പസാങ്ങിന്‍റേയും ശ്വാസം മുട്ടുന്ന അന്തരീക്ഷങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന ചെഖോവിന്‍റേയും കൌശലങ്ങള്‍ ബഷീറില്‍ ഒന്നിക്കുന്നു. നാളത്തെ ലോകം 'ശബ്ദങ്ങളു'ടെ സ്രഷ്ടാവ് എന്ന നിലയില്‍ ബഷീറിനെ ഓര്‍ക്കാതിരിക്കുകയില്ല.
(ബഷീര്‍‌-സം‌പൂര്‍‌ണ്ണകൃതികള്‍ക്കെഴുതിയ അവതാരികയില്‍ നിന്ന്. എം എന്‍ വിജന്‍റെ ഒന്നാന്തരം ഭാഷയാണ്' ഈ അവതാരികയിലേതെന്ന് ടി പദ്മനാഭന്‍)

Saturday, May 10, 2008

ലളിതഗാനങ്ങളെക്കുറിച്ച്

ചലച്ചിത്രങ്ങള്‍ക്കായി ചമക്കുന്ന പാട്ടുകള്‍ ചലച്ചിത്രങ്ങളേക്കാള്‍ വലുതാവുന്ന കാഴ്ചയാണ്‌ മലയാളം ഇപ്പോഴും കണ്ടു പോരുന്നത്‌. ഗാനം സൃഷ്ടിക്കുന്ന ലോകത്തിനുതകുന്ന കാഴ്ചയൊരുക്കാന്‍ നമ്മുടെ സിനിമകള്‍‌ക്ക്‌ കഴിയുന്നില്ല. സംഗീതരംഗത്ത്‌ അതെപ്പറ്റി 'അറിയാവുന്നവര്' സിനിമാരംഗത്ത്‌ അതെപ്പറ്റി അറിയാവുന്നവരേക്കാള്‍ കൂടുതലുണ്ടെന്നതാണ്‌ അതിന്‌ കാരണം. ചലച്ചിത്രത്തിന്‌ പുറത്ത്‌ ചലനമുണ്ടാക്കിയ എത്രയോ പാട്ടുകള്‍ നാടന്‍, നാടക, ലളിത, ഭക്തി, ടിവി സീരിയല്‍ ഗാനശാഖകളിലുണ്ട്‌. അത്തരം ചില പാട്ടുകളെക്കുറിച്ചുള്ള 'മൂളിപ്പാട്ടാ'ണ്‌ ഈ കുറിപ്പ്‌.

സിന്ധുവില്‍ നീരാടി ഈറനായി അമ്പലമുറ്റത്ത്‌ വന്നു നില്‍ക്കുന്ന സുന്ദരി ആല്‍മരച്ചോട്ടില്‍ കണ്ണയക്കുന്നത്‌ കണ്ട്‌ ആലപ്പി രങ്കനാഥിന്‍റെ ഗായകന്‍ പാടുന്നു:
പ്രണയരാഗങ്ങള്‍ പകരും ഞാന്‍ കാതില്‍
പ്രിയേ എന്നോമലേ നീയുറങ്ങാന്‍
നറുപുഷ്പശയ്യാതലമൊരുക്കാം
ഞാനെന്‍ കുളിരും ചൂടും നിനക്കു നല്‍കാം.

'ആരോ കമിഴ്ത്തി വച്ചോരോട്ടുരുളി പോലെ ആകാശത്താവണിത്തിങ്കള്‍, ഗിരീഷ്‌ പുത്തഞ്ചേരിയുടെ പല സിനിമാപ്പാട്ടുകളേയും നിഷ്പ്രഭമാക്കുന്ന ഉത്സവഗാനമാണ്‌. കവിതാഗുണം ചോരാതെ വിദ്യാസാഗര്‍ ആ ഗാനത്തിന്‌ നല്‍കിയ ഈണവും 'പൂനിലാവിറ്റിയാല്‍ പൊള്ളുന്ന നെറ്റിമേലെ ആദ്യത്തെ ചുംബനം' പോലെ ഹൃദ്യമായിരുന്നു. അതേ ആല്‍ബത്തില്‍ (ഉത്സവഗാനങ്ങള്‍, തരംഗിണി) വിജയ്‌ യേശുദാസും സുജാതയും പാടിയ 'ചന്ദനവളയിട്ട കൈ കൊണ്ട്‌ ഞാന്‍' മലയാളത്തിലെ മികച്ച പ്രേമഗാനങ്ങളില്‍ പെടും. ഓമനേ നിന്‍ കവിള്‍ കുങ്കുമം കണ്ടപ്പോള്‍ സായംസന്ധ്യക്ക്‌ മുഖം കറുത്തു എന്ന്‌ യൂസഫലി കേച്ചേരിയുടെ സ്വരം പാടുന്നു (വിദ്യാധരന്റെ സംഗീതമ്). പ്രേമഗാനങ്ങള്‍ ലളിതഗാനകസറ്റുകളില്‍ ' ഇടനെഞ്ചിലെ പ്രാവുപോല്‍ കുറുകിയിരുന്നെങ്കില്‍ ഇന്നത്തെ ആല്‍ബങ്ങളില്‍ 'ഝിമിക്കി ഝങ്കാര'മായി പെരുമ്പറ മുഴക്കുന്നത്‌ ഓര്‍ക്കെസ്ട്രേഷന്റെ മാത്രം കുഴപ്പമല്ല, കാലത്തിന്റേതു കൂടിയാണ്‌.

ലൈംഗികത എത്രയോ സിനിമാപ്പാട്ടുകളിലുള്ളതിനേക്കാള്‍ മധുരമായി വിതാനിച്ചിരിക്കുന്നു ബിച്ചു തിരുമലയും കണ്ണൂര്‍ രാജനും തരംഗിണിയുടെ 'ഹൃദയാഞ്ജലി'യില്‍! അധരം മധുരം എന്നു തുടങ്ങുന്ന ഗാനത്തിന്റെ അനുപല്ലവിയില്‍ യേശുദാസ്‌ പാടുന്നു:
'പാതിരാവായി പ്രകൃതിയുറങ്ങി
മണിനിലാവേ തിരി താഴ്ത്തൂ
ഇവളുടെ അഴകിന്‍ ആഴങ്ങളില്‍ ഞാന്‍
ശ്രുതിയായ്‌ ലയമായ്‌ അലിഞ്ഞോട്ടെ''.

പ്രേമത്തേയും കാമത്തേയും പോലെ ഭക്തിയുടെയും നിറയാപ്പാത്രം നിറക്കാന്‍ ഒരുപാട്‌ ഫാസ്റ്റ്ഫുഡ്കാര്‍ നമുക്കുണ്ടായി. എങ്കിലും ഓര്‍ക്കാന്‍ കൊള്ളാവുന്ന ഇത്തിരിയെങ്കിലും ഈരടികള്‍ ഭക്തിഗാനങ്ങളിലും അപൂര്‍വം അവതരിച്ചു. കാനനവാസന്റെ കേശാദിപാദം തൊഴുന്ന മുതല്‍ എന്‍ ജീവതാലം നിറയെ നീ തന്ന നിര്‍മ്മാല്യം എന്ന സമ്പൂര്‍ണ്ണസാഷ്ടാംഗം വരെ; ഹിമവന്‍ മുകളില്‍ പിറക്കുന്ന ഗംഗയാറ് മുതല്‍ ചെമ്പൈക്ക്‌ നാദം നിലച്ചപ്പോള്‍ കണ്ഠം കൊടുത്തവന്റെ ചരിത്രവും ഭൂമിശാസ്ത്രവും വരെ; രക്ഷകാ എന്റെ പാപഭാരമെല്ലാം തീര്‍ക്കണേ എന്ന അപേക്ഷ മുതല്‍ എന്തതിശയമേ എന്ന പ്രതീക്ഷ വരെ ഭക്തിഗാനങ്ങളില്‍ എഴുന്നള്ളി.

ഭക്തി ദേശത്തോടും വിപ്ളവപ്രസ്ഥാനങ്ങളോടും വ്യാപിച്ചത്‌ പാട്ടുകള്‍ക്കും ശാഖോപശാഖകളുണ്ടാക്കി. കെപി്‌എസിയുടെ ബലികുടീരങ്ങള്‍ മുതല്‍ ഏഷ്യനെറ്റിന്റെ സസ്യശ്യാമള..കേരളപ്പാട്ട്‌ വരെ അത്തരം ഗാനങ്ങള്ക്ക്‌ സ്വന്തമായി ഐഡന്റിറ്റിയുണ്ടാകുവാന്‍ ഏറെ സഹായിച്ചിട്ടുണ്ട്‌. അലീഷ ചിനോയിയുടെ 'മെയ്ഡ്‌ ഇന്‍ ഇന്‍ഡിയ' ദേശഭക്തി-പോപ്‌-ഫ്യൂഷന്‍ ഉല്‍പത്തിന്‌ എന്തുമാത്രം മാര്‍ക്കറ്റുണ്ടെന്ന്‌ റെക്കോഡിട്ട്‌ തെളിയിച്ച ആല്‍ബമാണ്‌.

മണിയുടേയും കുട്ടപ്പന്‍റേയും നാടന്‍ പാട്ടുകള്‍, ഉമ്പായിയുടേയും രമേഷ്‌ നാരായണിന്‍റേയും ഗസലുകള്‍, ശ്രീശാന്തിനായി മധു ബാലകൃഷ്ണന്‍ ആലപിച്ച ക്രിക്കറ്റ്‌ ഗാനങ്ങള്‍, പരസ്യജിംഗിളുകള്‍... ചലച്ചിത്രത്തിന്‌ പുറത്ത്‌ നമ്മുടെ പാട്ടുമരം പടരുകയാണ്‌. വ്യത്യസ്തനാമൊരു ബാര്‍ബറിനും ബൂട്ടിനും അപ്പുറം രക്ഷയില്ലെന്ന്‌ കരുതരുത്‌. കരിമൊട്ടിന്‍ കഥയും, ശരത്‌ പൂര്‍ണ്ണിമ യാമിനിയും, ഒരു നുള്ള്‌ കാക്കപ്പൂവും, മാവ്‌ പൂത്ത പൂവനങ്ങളും നമുക്കുണ്ട്‌. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ ഓര്‍മ്മ വരുന്നു:

'പണ്ട്‌ പാടിയ പാട്ടിലൊരെണ്ണം ചുണ്ടിലൂറുമ്പോള്‍
കൊണ്ടുപോകരുതേയെന്‍ മുരളി കൊണ്ടുപോകരുതേ!'

http://www.pravasam.com/MAY2008-sunil-cinimaonam.htm

Wednesday, May 7, 2008

അച്ഛനോടൊപ്പം ദാമ്പത്യം പങ്കിടാന്‍ ആഗ്രഹിച്ച മകള്‍

1. കമലിന്‍റെ 'ദശാവതാര'ത്തിലെ പാട്ടുകള്‍: താളം മുന്നില്‍ കയറി നിന്ന് പാടുന്ന സംഗീതം. കമലിന്‍റെ വേഷങ്ങളെപ്പോലെ തന്നെ വൈവിധ്യം പാട്ടുകളിലും കൊണ്ടുവരാന്‍ സംഗീതസംവിധായകന്‍ ഹിമേഷ്‌ റെഷാമിയ ശ്രമിച്ചിട്ടുണ്ട്‌. അഞ്ചു പാട്ടുകളും 'ക്യാച്ചി നമ്പരു'കളാണ്‌. 'കല്ലൈ മട്ടും കണ്ടാല്‍ കടവുളെ തെരിയാത്‌', 'ഉല്ലാക നായകന്' എന്നീ ഗാനങ്ങള്‍ക്ക്‌ തിയറ്റര്‍ വിട്ടും ആയുസുണ്ടായേക്കാം. ഓഹോ സനം എന്ന പോപ്‌ നമ്പര്‍ കമലഹാസനും മഹാലക്ഷ്മിയും ചേര്ന്ന്‌ പാടിയിരിക്കുന്നു. (മകള്‍ ശ്രുതിക്ക്‌ ചാന്‍സ്‌ കൊടുത്തിട്ടില്ല). ജനപ്രിയമല്ലാത്ത സംഗീതം എന്ന റിസ്കെടുക്കാന്‍ കമല്‍-ഹിമേഷ്‌-സംവിധായകന്‍ രവികുമാര്‍-പ്രൊഡ്യൂസര്‍ ഓസ്കര്‍ രവിചന്ദ്രന്‍ തയ്യാറായില്ലെന്നു വേണം കരുതാന്‍.

2. വാര്‍ത്താധിഷ്ഠിത ടിവി പ്രോഗ്രാം: 60 മിനിറ്റ്സ്‌ എന്ന ഓസ്ട്രേലിയന്‍ ടിവി പ്രോഗ്രാമില്‍ കഴിഞ്ഞയാഴ്ച ജെന്നി ഡേവീസ്‌ എന്ന 39കാരി യുവതി പ്രത്യക്ഷപ്പെട്ടു. അവര്‍ നാട്ടുകാരോട്‌ ഒരു അപേക്ഷ സമര്‍പ്പിക്കുകയാണ്‌. അവര്‍ക്ക്‌ സ്വന്തം പിതാവില്‍ ജനിച്ച സന്തതിയെ അംഗീകരിക്കുക. ജോ ഡേവീസ്‌ എന്ന 61കാരനും (അച്ഛനും മുത്തച്ഛനും ഒരാള്‍) ജെന്നിഓടൊപ്പം ടിവി പ്രോഗ്രാമില്‍ ഉണ്ടായിരുന്നു. ഫലം: ഓസ്ട്രേലിയന്‍ കോടതി ഇരുവരേയും നല്ല നടപ്പിന്‌ വിധിച്ചു.

3. നോവല്‍, രണ്ടാം ഭാഗം: 'നമുക്ക്‌ പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍' എന്ന പത്മരാജന്‍ സൂപ്പര്‍ ഹിറ്റിന്‍റെ കഥ കെ. കെ. സുധാകരന്‍റേതായിരുന്നു. ഇപ്പോള്‍ സുധാകരന്‍ ആ കഥക്ക്‌ തുടരന്‍ എഴുതുന്നു. പേര്: മുന്തിരിത്തോപ്പിലെ സോഫിയ. സുധാകരന്‍റെ ഐഡിയ കൊള്ളാം, പക്ഷേ വൈകിയാണ്‌ ഉദിച്ചതെന്ന കുഴപ്പം. സിനിമയിലെ നായിക ശാരി (സോഫിയായുടെ വേഷമിട്ടയാള്‍) ഇപ്പോള്‍ അമ്മവേഷം ചെയ്യുകയാണ്‌. അത്‌ എന്ത്‌ മാജിക്കിലൂടെ തിരുത്തിയാലും എഴുത്തുകാര്‍ ഇങ്ങനെ സ്വയം അനുകരിക്കുന്നത്‌ തിരുത്താനാവാത്തതാണ്‌.

Sunday, May 4, 2008

തമാശക്കഥകള്‍ (കേട്ടതെങ്കില്‍ ക്ഷമി):

1. തൊണ്ണൂറൂകാരന്‍ വൈദ്യപരിശോധനക്ക് പോകുന്നു. എല്ലാം ഓ കെ. ഇനി 'സ്പേം കൌണ്ട്' കൂടി നോക്കിയാല്‍ മതി. "അതിന്," ഡോക്ടര്‍ ഒരു കുപ്പി കൊടുത്തിട്ട് പറഞ്ഞു, "നാളെ രാവിലെ ശുക്ളവുമായി വരിക".
പിറ്റേന്ന് കാലേ നവതികാരന്‍ റെഡി. പക്ഷെ മുഖം മ്ളാനം. "ഡോക്ടര്‍," 90കാരന്‍ പറഞ്ഞു, "ശരിയായില്ല."
"എന്തു പറ്റി?"
"ഞാനിന്നലെ വീട്ടില്‍ ചെന്നയുടന്‍ ഭാര്യയോട് കാര്യം പറഞ്ഞു. അവള്‍ സഹായിക്കാമെന്നായി. ഇടതു കൈ കൊണ്ടും വലതു കൈ കൊണ്ടും, പാവം അവള്. ഒന്നും നടക്കാതായപ്പോള്‍ അയലത്തെ ലീലാമ്മയെ വിളിക്കാമെന്ന് ഞാന്‍ പറഞ്ഞു".

"എന്ത്? അരാണ്' ലീലാമ്മ?"
"വര്‍ഷങ്ങളായി ഞങ്ങളെ ഏതു കാര്യത്തിനും ഒരു കൈ തന്ന് സഹായിക്കുന്നവള്‍. ചെറുപ്പത്തിന്‍റെ ചുറുചുറുക്ക് അസ്സലായി ഉള്ളവള്‍".
"മൈ ഗോഡ്! ലീലാമ്മ എന്തു ചെയ്തു?"
"ഇരു കൈകളും പോരാഞ്ഞ് അവള്‍ കടിച്ച് പിടിച്ചും നോക്കി".
"എന്നിട്ട്?"
"ഒന്നും സംഭവിച്ചില്ല. കോളേജീ പഠിക്കണ അവള്ടെ അനിയത്തിയും വന്നു ശ്രമിച്ചു".
"വാട്ട്?"
"ആരൊക്കെ എന്തൊക്കെ ചെയ്തിട്ടെന്താ! ഡോക്ടര്‍ തന്ന കുപ്പി തുറക്കാന്‍ പറ്റ്ണില്ലാ!"

2. ഫിലിപ്പീന്‍സിലാണ്' സംഭവം. പ്രൈമറി ക്ളാസില്‍ ടീച്ചര്‍, ഗ്രീന്‍, പിങ്ക്, യെല്ലോ എന്നീ പദങ്ങള്‍ വാക്യത്തില്‍ പ്രയോഗിക്കാന്‍ പറഞ്ഞപ്പോള്‍ ഒരു കുട്ടി പറഞ്ഞു: ഫോണ്‍ ബെല്ലടിച്ചു, "ഗ്രീന്‍ ഗ്രീന്‍ "; നാനായി (അമ്മ) ഫോണ്‍ പിങ്ക് ചെയ്ത് പറഞ്ഞു, "യെല്ലോ!"

3. യുവപട്ടാളക്കാരന്‍ കല്യാണാവധി കഴിഞ്ഞ് ജോയിന്‍ ചെയ്തിട്ട് ആറു മാസമായി. ആയിടെ രാജ്യത്തിന്‍റെ തെക്കനതിര്‍ത്തിയില്‍ അവരുടെ ഒരാഴ്ച നീളുന്ന സൈനിക ക്യാംപ്. ഒരു സായന്തനമ്, യുവതുര്‍ക്കി മേജറുടെ മുറിയില്‍ മുഖം കാട്ടുന്നു: "യേസ്?"
"സര്‍, ഈ ഗ്രാമത്തിലാണ്' എന്‍റെ ഭാര്യാവീട്. അവള്‍ സ്ഥലത്തുണ്ട്. ഒരു ദിവസത്തെ അവധി തരണം."
"ശരി. പക്ഷെ 24 മണിക്കൂര്‍ എന്നാല്‍ അതില്‍ കൂടുകയില്ല, വേണമെങ്കില്‍ കുറയാം".
"ഇരുപത്തിനാലാം മണിക്കൂറില്‍ ഹാജരാകും സര്‍".
സന്ധ്യയായി, ഉഷസായി, 48 മണിക്കൂര്‍ കഴിഞ്ഞും പൊടി പോലുമില്ലാതിരുന്ന യുവനെ ഫോണ്‍ വിളിച്ചു വരുത്തി മീശന്‍, രൌദ്രന്‍ മേജര്‍. "ഐ വാണ്ട് എക്സ്പ്ളനേഷന്‍ !"
"സര്‍, ഞാന്‍ വീട്ടില്‍ ചെന്നപ്പോള്‍ അവള്‍ കുളിക്കുകയായിരുന്നു".
"സോ വാട്ട്? ഈ ഗ്രാമത്തിലുള്ളവരുടെ കുളി 2 ദിവസമോ?"
"അതല്ല സര്‍, എന്‍റെ യൂണിഫോം ഉണങ്ങാന്‍ 2 ദിവസമെടുത്തു".

Saturday, April 26, 2008

കലാമണ്ഡലത്തിന്‍റെ കറുത്ത നര്‍ത്തകി


കലാമണ്ഡലം വനജ, 1962 ല്‍ കലാമണ്ഡലത്തില്‍ നിന്നും ഭരതനാട്യത്തില്‍ ഡിപ്ളോമയെടുത്ത വടക്കേ മലബാറിലെ ആദ്യത്തെ 'ഒഫീഷ്യല്‍' നര്‍ത്തകി, സംസാരിക്കുന്നു:

തളിപ്പറമ്പില്‍, കൃഷ്ണദാസ്‌ എന്നൊരാള്‍ ഡാന്‍സ്‌ പഠിപ്പിക്കുന്നുണ്ടെന്നറിഞ്ഞ്‌ പത്ത്‌ കിലോമീറ്റര്‍ നടന്ന് പോയി അന്വേഷിച്ചു. അന്ന്‌ കണ്ണൂര്‍ ഭാഗത്ത്‌ നൃത്താധ്യാപകരെ മഷിയിട്ട്‌ നോക്കിയാലും കാണില്ല. ചാലാട്‌ എന്ന കുഗ്രാമത്തില്‍ നിന്നാണ്‌ വരുന്നതെന്നൊന്നും ഞാന്‍ പറഞ്ഞില്ല. തുടര്‍ന്നും വന്നു കൊള്ളാന്‍ സാര്‍ പറഞ്ഞു. പത്ത്‌ കിലോമീറ്റര്‍ നടന്ന്‌ പോയുള്ള പഠനം കുറച്ച്‌ നാള്‍ കൂടി തുടര്‍ന്നു. നൃത്തത്തില്‍ താല്‍പര്യമുണ്ടായിരുന്ന അമ്മ, കലയെ കുറച്ച്‌ കൂടി ഗൌരവമായി കാണണമെന്ന്‌ പറഞ്ഞതിനാലാണ്‌ കലാമണ്ഡലത്തില്‍ ഭരതനാട്യം ക്ളാസിലേക്കുള്ള ഇന്‍റര്‍വ്യൂവിന്‌ പോകുന്നത്‌. 1959 ലായിരുന്നു അത്‌.

ഇന്‍റര്‍വ്യൂവിന്‌ 150 പേരുണ്ടായിരുന്നു. ഏഴ്‌ പേര്‍ക്കാണ്‌ അഡ്മിഷന്‍. വടക്കേ മലബാറില്‍ നിന്നും ഞാന്‍ മാത്രം. അതിലെനിക്ക്‌ വിശേഷിച്ചൊന്നും തോന്നിയില്ല. (എനിക്കൊരു സവിശേഷതയുണ്ടായിരുന്നു. കൂട്ടത്തില്‍ ഏറ്റവും കറുത്തവള്‍ ഞാനായിരുന്നു). എന്നെ അത്ഭുദപ്പെടുത്തിയത്‌ പക്ഷെ, തിരൂരില്‍ നിന്നും ഖദീജയെന്നൊരു കുട്ടി ഭരതനാട്യം പഠിക്കാന്‍ വതായിരുന്നു. അവള്‍ക്കും എനിക്കുമടക്കം 7 പേര്‍ക്ക്‌ സെലക്ഷന്‍ കിട്ടി. പിന്നീടറിഞ്ഞു, ഖദീജയെ പഠിപ്പിക്കാന്‍ വള്ളത്തോളിന്‌ പ്രത്യേക താല്‍പര്യമായിരുന്നെന്ന്‌.

സത്യഭാമട്ടീച്ചറായിരുന്നു ഗുരു. കറുത്ത പെണ്കുട്ടികള്‍ക്ക്‌ നൃത്തം പഠിക്കാനാവില്ലെന്ന ധാരണ തിരുത്തിയെന്ന്‌ എന്നെക്കുറിച്ച്‌ ടീച്ചര്‍ പറയുമായിരുന്നു. കറുപ്പിനെപ്പറ്റിയുള്ള എന്‍റെ തന്നെ തീണ്ടായ്മ തകരാനും ആത്മാഭിമാനം ഉയിര്‍ത്തെണീക്കാനും കലാമണ്ഡലകാലത്തിന്‌ കഴിഞ്ഞു. കലാമണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും കറുത്ത വിദ്യാര്‍ത്ഥി ഇന്നും ഞാനാണ്‌. മുന്‍ഭാഗത്ത്‌ ഞൊറികള്‍ വരത്തക്കവണ്ണം പുടവ ഉടുക്കുതും കടുത്ത നിറത്തിലുള്ള ഉത്തരീയമിടുന്നതും കഴുത്തിലും കാതിലും കൈയിലും വര്‍ണഭംഗിയുള്ള ആഭരണങ്ങള്‍ ധരിക്കുന്നതും തലമുടി പിന്‍ഭാഗത്ത്‌ പിന്നിയിട്ട്‌ ശിരസില്‍ ആഭരണങ്ങളും പൂവും അണിയുന്നതും മുഖത്ത്‌ ചമയമൊരുക്കുന്നതും കാലില്‍ ചിലങ്കയണിയുന്നതുമായ ആഹാര്യരീതികളാവാം ഭരതനാട്യം പഠിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്‌.

ഭരതനാട്യം ഡിപ്ളോമയുമായി നാട്ടില്‍ ചെന്നു നില്‍ക്കുന്ന കാലത്താണ്‌ ബന്ധുക്കള്‍ അച്ഛനെയും അമ്മയെയും വിരട്ടിയത്‌. ഡാന്‍സിനു പോകുന്ന പെണ്ണുങ്ങള്‍ക്ക്‌ കല്യാണം കഴിക്കാന്‍ ചെറുക്കന്‍മാരെ കിട്ടില്ലെന്നായിരുന്നു ഉപദേശം. കലാമണ്ഡലത്തില്‍ നിന്നും സംഭരിച്ച ധൈര്യം വെറുതെ കളയാന്‍ പറ്റുമോ? വീട്ടില്‍ സ്വന്തമായി ഡാന്‍സ്‌ ക്ളാസ്‌ തുടങ്ങി. നൃത്തോത്സാഹികളായ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ വീട്ടിലെ നാല്‌ ചുവരുകള്‍ പോരാതായി. അങ്ങനെയാണ്‌ കണ്ണൂരിലെ അക്കാലത്തെ ഏറ്റവും വലിയ നൃത്തപഠനകേന്ദ്രം, നടനകലാക്ഷേത്രം സ്ഥാപിക്കുന്നത്‌. (ഇതിനിടയില്‍ കല്യാണം കഴിഞ്ഞിരുന്നു. ഡാന്‍സ്‌ സ്കൂള്‍ തുടങ്ങാന്‍ ഭര്‍ത്താവ്‌ രവീന്ദ്രനാണ്‌ മുന്‍കൈ എടുത്തത്‌). 1977 ല്‍ തിക്കുറിശ്ശി ഉദ്ഘാടനം ചെയ്ത നടനകലാക്ഷേത്രം ഒരുപാട്‌ കലാതിലകങ്ങളെ സൃഷ്ടിച്ചു. കണ്ണൂര്‍ ശ്രീലത പോലെ ഞങ്ങളുടെ സ്ഥാപനത്തില്‍ നിന്നും പഠിച്ചു പോയ എത്രയോ പേര്‍!

പിന്നെയാണ്‌ നടനകലാക്ഷേത്രത്തിന്‍റെ ചരിത്രപരമായ ദൌത്യം എന്ന്‌ ഞാന്‍ വിചാരിക്കുന്ന നൃത്തസംഗീതശില്‍പങ്ങളുടെ (ബാലെ) അവതരണം. ആദ്യം രാമായണം, രാജാ ഹരിശ്ചന്ദ്ര പോലുള്ള പുരാണകഥകള്‍. 49 ബാലെകള്‍ അവതരിപ്പിച്ചു. ഏറ്റവും പ്രസിദ്ധം 'കടാങ്കോട്ട്‌ മാക്കം'. 12 ആങ്ങളമാര്‍ക്ക്‌ ഒരു പുന്നാരപ്പെങ്ങള്‍ ഉള്ളതും അവളുടെ വിവാഹശേഷം ഭവിക്കുന്ന നാത്തൂന്‍പോരുമാണ്‌ വിഷയം. കേരളത്തിലും പുറത്തുമായി എത്രയോ വേദികളില്‍ മാക്കം അവതരിപ്പിച്ചിരിക്കുന്നു.

നടനകലാക്ഷേത്രം അതിന്‍റെ ജൈത്രയാത്ര തുടര്‍ന്നു. ഇതിനിടയില്‍ സിനിമയില്‍ കോറിയോഗ്രഫി ചെയ്യാനുള്ള അവസരവുമുണ്ടായി. നടന്‍ രാഘവന്‍ സംവിധാനം ചെയ്ത 'കിളിപ്പാട്ടാ'ണ്‌ എടുത്തു പറയാവുന്ന ചിത്രം. 93 ല്‍ ഭര്‍ത്താവ്‌ മരിച്ചതോടെ ജീവിതത്തിലെ ദുരന്തപര്‍വം തുടങ്ങി. നടനകലാക്ഷേത്രം പേരില്‍ മാത്രമായി. സെറ്റും സജ്ജീകരണങ്ങളും സ്വന്തക്കാര്‍ എടുത്തു കൊണ്ടുപോയി. ആകെ തകര്‍ന്നു പോയ കാലം. 2002 ല്‍ കേരളസംഗീത നാടക അക്കാദമി തന്ന അവാര്‍ഡാണ്‌ ഇത്തിരിയെങ്കിലും സന്തോഷം തന്നത്‌.

ഏകമകന്‍ ഷാജി പഠിച്ച്‌ ബാങ്കുദ്യോഗസ്ഥനായി. ജിംനേഷ്യമാണ്‌ അവന്‍റെ താല്‍പര്യം. അവനും കലാകാരനായിരുന്നെങ്കില്‍ ഞാനിന്ന്‌ ജീവിക്കാന്‍ ബുദ്ധിമുട്ടിയേനെ. ഖദീജ? അവളുടെ കല്യാണം കഴിഞ്ഞെന്നറിഞ്ഞു. പിന്നൊന്നും കേട്ടിട്ടില്ല.

Friday, April 18, 2008

ഈ പാട്ട് ഏത് ചിത്രത്തിലേതെന്ന് അറിയില്ല.

ഹൃദയത്തിന്‍ രോമാഞ്ചം സ്വരരാഗ ഗംഗയായ്
പകരുന്ന മണിവീണ മൂകമായ്

തകരുന്ന തന്തുവില്‍ തളരാതെ എന്നെന്നും
തഴുകുന്ന കൈകള്‍ കുഴഞ്ഞു പോയി
മധുമാസമേളത്തിന്‍ അന്ത്യത്തില്‍ നേര്‍ത്തൊരാ
തിരശീല മന്ദമായ് ഊര്‍ന്ന് വീഴ്കെ ആ..

അവസാന ദിവസത്തില്‍ അവസാന നിമിഷത്തില്‍
അടരുന്ന പാതിരാപ്പൂവ് പോലെ
ആരോരുമോതാതെന്‍ ഹൃദയത്തില്‍
തല ചായ്ച്ചെന്‍ ആരോമലാളിന്നുറക്കമായ്
ഒരു നേര്‍ത്ത ചലനത്തിന്‍ നിഴല്‍
പോലുമേല്‍ക്കാത്തോരവസാന
നിദ്രയിലാണ്ടു പോയി

രചന? സംഗീതം? ചിത്രം?

Tuesday, April 15, 2008

'അതിന്' ആ പെണ്ണ്' സമ്മതിച്ചിട്ടു വേണ്ടേ?': 20 റ്റോംസ് തമാശകള്‍

പി. ജെ. ജോസഫ് മന്ത്രിപദം ഒഴിയേണ്ടി വന്നപ്പോള്‍ കുരുവിളയെ പ്രശംസിച്ച് കമ്മിറ്റി മെംബറിലൊരാള്‍ പ്രസംഗിക്കുകയാണ്': മന്ത്രി ജോസഫ് തുടങ്ങി വച്ച കാര്യങ്ങള്‍ ബഹു. കുരുവിള പൂര്‍ത്തിയാക്കട്ടെ എന്നാശംസിക്കുന്നു. ഇതു കേട്ട മറ്റൊരു കമ്മറ്റി മെംബര്‍: 'അതിന്' ആ പെണ്ണ്' സമ്മതിച്ചിട്ടു വേണ്ടേ?' (കാര്‍ട്ടൂണിസ്റ്റ് റ്റോംസ് പറഞ്ഞത്).

ബോബനും മോളിയില്‍ നിന്നും ഓര്‍ക്കാവുന്നവ:
1. സ്വര്‍ണ്ണം വാങ്ങാന്‍ ഓടിപ്പോകുന്ന സ്ത്രീകള്‍ പറയുന്നത്: കടയില്‍ ചെല്ലുന്നതിനു മുമ്പ് സ്വര്‍ണ്ണവില പിന്നെയും കൂടിയാലോ?

2. നാളെയാണ്' മോള്‍ടെ കല്യാണം. പ്രസവത്തിന്' ഹോം നഴ്സിനെ ഇന്നലെത്തന്നെ ബുക്ക് ചെയ്തു.

3. ബസ് കണ്ടക്ടറുടെ ഇന്‍റര്‍വ്യൂവില്‍ ചോദിച്ചത്: ഒരു തീപ്പെട്ടിയില്‍ 250 കൊള്ളികള്‍ നിറക്കണം.

4. സീസണനുസരിച്ച് ഹോട്ടലിന്' സ്വാമി ശരണം, ഗീവര്‍ഗീസ്, ഷാജഹാന്‍, അയ്യങ്കാളി എന്നൊക്കെ പേരിടുന്ന ചായക്കടക്കാരന്‍ (ബോര്‍ഡുകള്‍ തിരിച്ചും മറിച്ചും തൂക്കിയാല്‍ മതി).

5. അപ്പു ടെലിഫോണ്‍സില്‍ ക്ലാര്‍ക്കായിരുന്നു. ഇപ്പോ അവന് ചെവി കേള്‍ക്കാന്‍ വയ്യ. അതുകൊണ്ട് അവനെ complaint section ലേക്ക് മാറ്റി.

6. നാളെ വരുന്ന വേലക്കാരി ചൂണ്ടലുകാരിയാന്നാ പറഞ്ഞത്. ‘അതൊരു സ്ഥലപ്പേരാ‘.

7. ഇട്ടിമാത്തന്‍റെ കല്യാണം. പെണ്ണ്'ലത്തീന്‍കാരിയാ. ഞാന്‍ കേട്ടത് പെണ്ണ്' ആലപ്പുഴക്കാരിയാണെന്നാണല്ലോ.

8. ഭര്‍‌ത്താവ് ആപ്പീസീന്ന് വരുമ്പോള്‍ നീ ചുംബിക്കുമെന്നോ? ഓ! അതയാള് കുടിച്ചിട്ടുണ്ടോ എന്നറിയാനാ.

9. ഈ പന്നിയേയും കൊണ്ട് എങ്ങോട്ടാ? ഇത് പന്നിയല്ലടോ, പട്ടിയാ. ഞാന്‍ പട്ടിയോടാണ്' ചോദിച്ചത്.

10.. എന്തിനാ 50 - )0 വിവാഹ വാര്‍ഷികം പത്രത്തില്‍ കൊടുക്കുന്നത്?
50 വര്‍ഷം കഴിഞ്ഞിട്ടും ഒന്നിച്ചാ ജീവിക്കുന്നതെന്നറീക്കാന്‍.

11. ഉണ്ണിക്കുട്ടാ മോന്‍റെ ടീച്ചറുടെ പേരെന്താ? രാവിലെ ഗുഡ്മോണിങ്ങ് ടീച്ചര്‍. ഉച്ച കഴിഞ്ഞ് ഗുഡാഫ്റ്റര്‍നൂണ്‍ ടീച്ചര്‍.

12. ബസ് മുട്ടി മരിച്ചവനെ കാണാനുള്ള തിരക്ക് കാരണം പത്രക്കാരന് മരിച്ചയാളുടെ അടുത്തെത്താന്‍ കഴിഞ്ഞില്ല. അപ്പോള്‍ പത്രക്കാരന്‍ ഒരു നമ്പരിട്ടു: മരിച്ചത് എന്‍‌റ്റെ അപ്പനാണ്. ആളുകള്‍ ഉന്തിത്തള്ളി പത്രക്കാരനെ മരിച്ച’യാളുടെ’ മുന്നിലെത്തിച്ചപ്പോഴുണ്ട് മരിച്ചത് ഒരു കഴുത!

13. വാടകക്കാരനെ ഒഴിപ്പിക്കാന്‍ കെട്ടിട ഉടമ ബോംബ് വച്ചത്രേ. കാരണം വേറൊരു വാടകക്കാരനെ ഒഴിപ്പിക്കാന്‍ നടന്ന് കേസും വക്കാണവുമായി കെട്ടിടത്തിന്‍റെ ഇരട്ടി കാശ് ചിലവ് വന്നു.

14. നേതാവ് മുഖ്യമന്ത്രിയെ കഷണിക്കാന്‍ പോയി എന്നത് ക്ഷണിക്കാന്‍ എന്ന് തിരുത്തി വായിക്കുക.

15. സോണിയാ ഗാന്ധി ഉമ്മന്‍ ചാണ്ടിയെ ‘ഉമ്മന്‍ ചണ്ടീ’ എന്നാണ് വിളിക്കുന്നതത്രേ.

16. ഹിപ്പിച്ചായന് പിടലിവാതം. തല ഇടത്തോട്ട് തിരിഞ്ഞേ ഇരിക്കൂ. ട്യൂട്ടോറിയലില്‍ പെണ്‍കുട്ടികള്‍ ഇടതുവശത്തല്ലേ ഇരിക്കുന്നത്?

17. ബോബനും മോളിക്കും നല്ല പനി. മരുന്നു വാങ്ങണം. ഹോമിയൊ മതി. സ്കൂള് തുറക്കാ‍ന്‍ 2 മാസമുണ്ടല്ലോ.

18. തെരെഞ്ഞെടുപ്പിന് നില്‍ക്കുന്നുണ്ടെന്ന് കേട്ടു. വീടും പറമ്പും വില്‍ക്കുമ്പോള്‍ ഒന്നു പറയണേ!
എമ്മെല്ലെ ആയെന്നു കേട്ടു. വീടുകളും പറമ്പുകളും വാങ്ങുമ്പോള്‍ ഒന്നു പറയണേ!

19. വാന നിരീക്ഷകന്‍ കിണറ്റില്‍ വീണു മരിച്ചു!

20. റ്റോംസ് പറഞ്ഞത്: ‘മോളിയുടെ പടം വരക്കുന്നതിന് അവള്‍ പഴമാങ്ങ കൊണ്ടത്തരുമായിരുന്നു. അന്വേഷിച്ചപ്പോള്‍ മനസിലായി, മാങ്ങയെല്ലം ഞങ്ങളുടെ പുരയിടത്തില്‍ നിന്നു തന്നെയായിരുന്നു.’

(റ്റോംസ് ഫീച്ചര്‍, '50 വയസ് കഴിഞ്ഞ കുട്ടികള്‍' പ്രവാസം ഡോട്ട് കോമില്‍: http://pravasam.com/april%202008-toms-sunil.htm).

Monday, April 14, 2008

‘സ്റ്റാര്‍‌-സിം‌ഗര്‍‌ ഉടക്കി’ വരുണ്‍ ജയ തിലക് പറയുന്നത്:

കുവൈറ്റിലെ ഒരു ഗാനമേളക്കിടെയാണ് വരുണിനെ കാണുന്നത്. ‘സ്റ്റാര്‍‌-സിം‌ഗര്‍‌ ഉടക്കി’ എന്ന പ്രയോഗത്തില്‍ താല്‍‌പര്യമില്ലെന്ന് പറഞ്ഞ് തുടങ്ങിയ ഈ എം ബി എ ക്കാരന്‍ ഹ്യൂമന്‍ റിസോഴ്സിലെ ജോലി കളഞ്ഞ് മുഴുവന്‍ സമയ സംഗീത സപര്യക്ക് ഇറങ്ങിത്തിരിച്ചിരിക്കയാണ്.

വരുണിന്‍ വാക്കുകള്‍: ‘ഏഷ്യനെറ്റുമായി യാതൊരു ഉടക്കുമീല്ല. അവരുടെ നിബന്ധനകളാണ് യോജിക്കാന്‍ പറ്റാത്തത്. സ്റ്റാര്‍‌-സിംഗര്‍‌ പരിപാടിക്കിടെയോ ഫൈനലിന് ശേഷം ഒരു വര്‍‌ഷത്തേക്കുമോ മറ്റ് പ്രോഗ്രാമുകളില്‍ പങ്കെടുക്കരുതെന്ന നിബന്ധന ഞാന്‍ റൂള്‍ ഔട്ട് ചെയ്തു. മറ്റൊന്ന്, ശരത് എന്റെ അപ്പച്ഛി (വല്യച്ഛന്‍‌റ്റെ സഹോദരി)യുടെ മകനാണ്. അവരൊക്കെ ശ്രുതിക്കൊപ്പം സ്തുതിയും ഇഷ്ടപ്പെടുന്നവരാണ്. സോപ്പിടാന്‍ എന്നെ കിട്ടില്ല. വലിയ നാടകമാണ് അവിടെ നടക്കുന്നത്. മത്സരാര്‍‌ഥികള്‍ സംശയമൊന്നുമില്ലേലും ജഡ്ജ്മാരുടേയും പക്കമേളക്കാരുടേയും പിന്നാലെ നടക്കും. അവര്‍‌ പറഞ്ഞ് തരുന്നത് കേട്ട് ‘ഓ! അങ്ങനെയാണല്ലേ? എനിക്കറിഞ്ഞു കൂടായിരുന്നു’ എന്ന മട്ടില്‍ നില്‍ക്കും. സംഗീതരംഗത്ത് മേല്‍‌വിലാസമുണ്ടാക്കുവാനാണ് ഞാന്‍ ശ്രമിക്കുന്നത്. സ്റ്റാര്‍‌-സിംഗറിനെ അധിക്ഷേപിച്ചു, ജഡ്ജസുമായി ഉടക്കി എന്ന ഇമേജല്ല എനിക്ക് വേണ്ടത്’.

Tuesday, April 8, 2008

പുതിയ വാക്ക്‌/ശൈലി: tattoo regret (പച്ചകുത്ത്‌ ദുഃഖം):

പുതിയ വാക്ക്‌/ശൈലി: റ്ററ്റൂ റിഗ്രറ്റ്‌ (പച്ചകുത്ത്‌ ദുഃഖം): ചെയ്തുപോയ കാര്യങ്ങളെക്കുറിച്ച്‌ പശ്ചാത്തപിക്കുന്നത്‌; ഭാഷാവിദഗ്ദ്ധന്‍ വില്യം സഫയര്‍ ന്യൂയോര്‍ക്ക്‌ ടൈംസില്‍ അവതരിപ്പിച്ചത്‌. (പച്ചകുത്ത്‌ മായ്ക്കാന്‍ പറ്റുമെന്ന കാര്യം വേറെ. അത്‌ ശാസ്ത്രത്തിന്‌; അവശേഷിപ്പിക്കുന്ന വികാരം ഭാഷക്ക്‌).

എവിടെയോ വായിച്ചത്‌: നിങ്ങളുടെ വാച്ച്‌ വാങ്ങി നിങ്ങളോട്‌ തെറ്റായ സമയം പറഞ്ഞു തരും വക്കീലന്‍മാര്; നിങ്ങളുടെ വാച്ച്‌ വാങ്ങി നിങ്ങളോട്‌ സമയം അതിക്രമിച്ചെന്നു പറയും ഡോക്ടര്‍മാര്; വാച്ച്‌ ചുവര്‍ ഘടികാരമാക്കിത്തരാമെന്നാവും ബാങ്കുകാര്; പുതിയ വാച്ച്‌ തരാമെന്ന്‌ രാഷ്ട്രീയക്കാര്; പുതിയ സമയം തരാമെന്ന് എഴുത്തുകാര്; നിങ്ങളുടെ വാച്ച്‌ വാങ്ങി നിങ്ങളോട്‌ സമയത്തിന്‌ വിലയില്ലെന്ന് പറയും തത്വചിന്തകര്‍; സമയമായില്ലെന്ന് പറഞ്ഞിട്ട് പൊടുന്നനെ നിങ്ങളുടെ സമയമായി എന്ന് മതനേതാക്കള്‍.

പ്രദക്ഷിണം‌: പീപ്പിള്‍ മാഗസിനില്‍ ഇറാഖില്‍ നിന്ന് മടങ്ങിയ അമേരിക്കന്‍ സൈനികരുടെ ഫോട്ടോ ഫീച്ചര്‍.

ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയം ഒരു വിവാഹ ഫോട്ടോ. സുന്ദരിയായ വധുവിന്‍റെ വിഷാദമുഖം. വരന്‌ മുഖമില്ല! യുദ്ധഭൂമിയില്‍ ആളിക്കത്തിയ ട്രക്കിലകപ്പെട്ട വരന്‍റെ മുഖം വെന്തു പോയിരുന്നു. ടെക്സാസിലെ ബ്രൂക്ക്‌ ആര്‍മി മെഡിക്കല്‍ സെന്‍ററില്‍ 19 സര്‍ജറിക്ക്‌ വിധേയനായ അയാള്‍ ഒരു മുഖംമൂടി വച്ചിരിക്കുന്നതാണെന്നു തോന്നും ഫോട്ടോ കണ്ടാല്‍. കാലുകളുടെ സ്ഥാനത്ത്‌ സ്റ്റീല്‍ കമ്പികളുള്ള, എന്നാല്‍ ചിരിക്കുന്ന മുഖങ്ങളോട്‌ കൂടിയ വേറെയും പട്ടാളക്കാരുടെ സംസാരിക്കുന്ന ഫോട്ടോകള്‍ 'പര്‍പ്പിള്‍ ഹാര്‍ട്ട് സ്: ബാക്ക്‌ ഫ്രം ഇറാഖ്‌' എന്ന പേരില്‍ പുസ്തകമാക്കും (ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത).

ഇന്ത്യയും ചൈനയും വന്‍ സാമ്പത്തികശക്തികളായി വളരുന്നതിനെപ്പറ്റി പുതിയൊരു പുസ്തകം: ദി എലഫന്‍റ്' ആന്‍ഡ്‌ ദ ഡ്രാഗണ്‍.

ലോകത്തിനു വേണ്ടി ചൈന ഫാക്ടറിയും ഇന്ത്യ അതിന്‍റെ 'ബാക്ക്‌ ഓഫീസു'മാകുന്ന ആഗോള പ്രതിഭാസമാണ്‌ 'ആനസര്‍പ്പ'ത്തിന്‍റെ വിഷയം. ഫ്രാങ്ക്ഫര്‍ട്ട്‌ നഗരത്തിന്‍റെ വലിപ്പമുള്ള മുംബയ്‌ ചേരിയിലെ ജീവിതം എക്സ്പെന്‍സീവ്‌ ആയതിനാല്‍ ഫുട്പാത്തില്‍ കിടന്നുറങ്ങു ഇന്ത്യാക്കാര്‍ എന്ന വാസ്തവമ്; ഇന്ത്യയില്‍ നിന്നും അമേരിക്ക-ചൈന വഴി തിരികെ ഇന്ത്യയിലെത്തുന്ന ഒരു ഷര്‍ട്ടിന്‍റെയത്രയും അത്‌ ധരിക്കുന്നയാള്‍ സഞ്ചരിക്കുന്ന്ല്ല തുടങ്ങിയ കൌതുകങ്ങള്‍; ഹോങ്കോങ്ങില്‍ ഫോര്‍ബ്സ്‌ മാഗസിന്‍റെ പത്രാധിപരായ ഗ്രന്‍ഥകാരി റോബിന്‍ മെറിഡിത്തിന്‍റെ അമേരിക്കന്‍ പുസ്തകം.

Sunday, April 6, 2008

കാര്‍ട്ടൂണിസ്റ്റ് റ്റോംസ് (ബോബനും മോളിയും) പറഞ്ഞ കഥകള്‍

തെങ്ങുകയറ്റക്കാരന്‍ പരവനെ കിട്ടാഞ്ഞ് ഡോക്ടര്‍ മുതലാളി വിഷമിച്ചു. ഉണങ്ങിയ രണ്ട് തേങ്ങാക്കുലകളാണ്' ഓടിട്ട പഴയ ജന്‍മിവീട്ടിലേക്ക് വീഴാറായി കിടക്കുന്നത്. പരവന്‍മാരുടെ ദൌര്‍ലഭ്യം മൂലം ഒരു പരവനെ സ്വന്തം മോളെക്കൊണ്ട് കെട്ടിച്ചയാളാണ്' ഡോക്ടറുടെ അയല്‍ക്കാരന്‍ ജന്‍മി.

ഡോക്ടറങ്ങനെ കാത്തു നില്‍ക്കുമ്പോഴുണ്ട് പരവന്‍ വരുന്നു. കാര്യമുണര്‍ത്തിച്ചു. തെങ്ങു കയറുന്നതിന്‍ 30 രൂപായാണ്' ന്‍റെ കൂലി. ഡോക്ടര്‍ക്ക് സമ്മതം. പരവന്‍ തെങ്ങുമ്മുകളിലെത്തി കുല 2 ശ്രദ്ധാപൂര്‍വം ഇട്ടപ്പോള്‍ കാര്യത്തിന്‍റെ കിടപ്പുവശം മനസിലാക്കുന്നു. എന്തു ഡിമാന്‍ഡ് ചെയ്താലും കെളവന്‍ ഡോക്ടര്‍ തരുമായിരുന്നു. തെങ്ങും മുകളിലിരുന്ന് പരവന്‍ പ്രഖ്യാപിച്ചു: തെങ്ങു കയറുന്നതിനാണ്' 30 രൂപ. ഇറങ്ങുന്നതിന്' 30 രൂപ വേറെ വേണം. എന്നാല്‍ നീ അവിടെ ഇരുന്നോ' എന്നായി ഡോക്ടര്‍ മുതലാളി.
എന്നാലെനിക്ക് വെയിറ്റിങ്ങ് ചാര്‍ജ്ജ് വേണമെന്ന് പരവന്‍.
സഹി കെട്ട മുതലാളി സമ്മതിക്കുന്നു. 60 രൂപ ഠിം!
2 മാസം കഴിഞ്ഞ് പരവന്‍റെ ഭാര്യ ഹോസ്പിറ്റലില്‍. വയറ്റില്‍ മുഴ. ഓപറേഷന്‍ ചെയ്ത് നീക്കണം. 4000 രൂപ കെട്ടി വച്ചു. ഓപറേഷന്‍ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴുണ്ട് ഡോക്ടര്‍ മുതലാളി ഇറങ്ങി വന്ന് പരവനോട് പ്രഖ്യാപിക്കുന്നു: വയര്‍ കീറാനാണ്' 4000. തുന്നിക്കെട്ടാന്‍ 4000 വേറെ വേണം. (റ്റോംസ് ഫീച്ചര്‍ പ്രവാസം ഡോട്ട് കോമില്‍).

Friday, March 28, 2008

മലയാളിയുടെ ഭക്ഷണം; (കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ സര്‍വേയില്‍ നിന്ന്‌

മലയാളിയുടെ ഭക്ഷണം; (കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ സര്‍വേയില്‍ നിന്ന്‌)

ഏറ്റവും പ്രിയപ്പെട്ടത്‌ ദോശ. രണ്ടാമത്‌ പുട്ട്‌. ഇഡ്ഢലി മുഖ്യമായും സവര്‍ണ വിഭാഗങ്ങളുടെ പലഹാരമാണത്രെ.

ദക്ഷിണേന്ത്യന്‍ പ്രാതല്‍ ശീലങ്ങളെ അധിനിവേശപ്പെടുത്താന്‍ ബ്രഡിനും ബട്ടറിനും കഴിഞ്ഞിട്ടില്ല.

95% പേരും ഉച്ചക്ഷണത്തിന്‌ ചോറ്' കഴിക്കുന്നു. വൈകുന്നേരം കപ്പയെ ചപ്പാത്തി കടത്തി വെട്ടി.

40% പേര്‍ റേഷനരിയെ ആശ്രയിക്കുന്നു. പക്ഷെ, സാമ്പത്തിക വിഭാഗങ്ങളില്‍ 80% പേര്‍ക്കും അരിയുടെ സ്രോതസ്‌ പൊതുവിപണിയാണ്‌.

മാംസ്യാഹാരങ്ങളില്‍ മത്സ്യം മുഖ്യം. രണ്ടാമത്‌ മാംസം. മൂന്നാമത്‌ മുട്ട .

മധ്യകേരളത്തിലുള്ളവരാണ്‌ വലിയ തീറ്റക്കാര്. 66% പേരും ഒരു ദിവസത്തെ ഭക്ഷണത്തില്‍ മത്സ്യം ഉള്‍പ്പെടുത്തുന്നു. തെക്കന്‍ വടക്കന്‍ പ്രദേശത്തുള്ളവരുടെ മത്സ്യ ഉപയോഗം 59%.
(പരിഷത്തിന്‍റെ 'കേരളപഠനം' എന്ന പുസ്തകത്തില്‍ നിന്ന്)

വാര്‍ത്താപ്രദക്ഷിണം

1. ചൂട്‌ വര്‍ത്തമാനങ്ങള്‍
ഷോപ്പനോവര്‍ പറഞ്ഞു ക്ളേശവും സഹനവുമായി നാം ഇണങ്ങിയില്ലെങ്കില്‍ നമുക്ക്‌ ലോകത്തോട്‌ താദാത്മ്യം പ്രാപിക്കാനാകാതെ വരുമെന്ന്. പരിപൂര്‍ണ ആരോഗ്യവാനായിരിക്കുന്ന ഒരാള്‍ തന്‍റെ ആരോഗ്യാവസ്ഥയെ മറന്ന് കാലില്‍ ഷൂ നോവിക്കുന്നയിടം മാത്രം ശ്രദ്ധിക്കുന്നതു പോലെയാണ്‌ മനുഷ്യജീവിതത്തില്‍ ക്ളേശമെന്നൊക്കെ പറയുന്നത്‌. ഷോപ്പനോവര്‍ ഗള്‍ഫിലെ ചൂട്‌ അറിഞ്ഞിട്ടില്ല. (ഭാരതീയ സാംഖ്യകാരികയെല്ലാം നല്ല പിടിത്തമ്). അറിഞ്ഞിരുന്നെങ്കില്‍ ആഗോളതാപവും ആഗോളസമ്പദ്‌വ്യവസ്ഥയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ ഉപന്യസിക്കുമായിരുന്നു. (ജര്‍മന്‍ തത്വചിന്തകന്‍ ആര്‍തര്‍ ഷോപ്പനോവറിന്‍റെ പ്രബന്ധങ്ങള്‍ പെന്‍ഗ്വിന്‍ ഇന്ത്യ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌).

2. വേനല്‍ക്കാലത്ത്‌ ഓഫീസുകളില്‍ കോട്ടും സ്യൂട്ടിനും പകരം ടി ഷര്‍ട്ട് ധരിക്കാമെന്ന നിയമം ചൈനയില്‍ നിലവില്‍ വന്നു. എ.സി. കുറച്ച്‌ അത്രയും ഊര്‍ജം ലാഭിക്കാമെന്ന് കണക്ക്‌ കൂട്ടല്‍.

ചൂടത്ത്‌ തൊലിയഴിച്ചു വച്ച്‌ എല്ലുംപുറത്ത്‌ തെല്ലുമിരുന്നു ഞാന്‍ എന്ന നവീന കവിത വായിക്കുന്നതിലും നന്ന്‌ ഉഷ്ണം ഉഷ്ണേന ശാമ്യതി (ഒരു ശക്തി അതേ ശക്തി കൊണ്ട്‌ തന്നെ ശമിക്കപ്പെടുന്നു) എന്ന് ഉറക്കെ ചൊല്ലുന്നതാണ്‌.

വേനലില്‍ കാലം ചൂട്‌ പിടിക്കുന്നതിന്‍റെ ചിത്രം മറ്റൊരു ചൊല്ലിലുണ്ട്‌: വേരറ്റ മരം, നീരറ്റ നദി, പേരറ്റ മനുഷ്യന്‍.

3. പുസ്തക പ്രദക്ഷിണം: എ തൌസന്‍ഡ്‌ സ്പ്ളെന്‍ഡിഡ്‌ സണ്‍സ്‌ (ഖാലിദ്‌ ഹുസൈനി, ബ്ളൂംസ്ബെറി പ്രസാധനം, 372 പേജ്‌, 514 രൂപ).

പരദേശീയത, സ്ത്രീവിമോചനം, അസ്തിത്വദുഃഖം, മുത്തശ്ശിക്കഥാചാരുത സമരസം ചേര്‍ന്നാല്‍ ഖാലിദ്‌ ഹുസൈനിയുടെ നോവലായി. താലിബാന്-നിര്‍ദ്ദയകാലത്തോട്‌ നിര്‍ഭയം നില കൊള്ളുന്ന മറിയത്തിനും ലൈലക്കുമറിയാം ഒരാള്‍ക്ക്‌ അവളുടെ നിഴല്‍ പോലും കൂട്ടിന്‌ വരില്ലെന്ന്. രണ്ട്‌ പേരുടെയും വയസന്‍ ഭര്‍ത്താവ്‌ റഷീദിന്‍റെ താടി വച്ച ക്രൂരതകളില്‍ നിന്നും അവരെ രക്ഷിക്കാന്‍ ഒരായിരം സൂര്യന്മാര്‍ വിടരുമെന്ന പ്രതീക്ഷ പല ആയിരം ഹ്ര്^ദയങ്ങളെ തൊടുന്നുണ്ട്‌.

2. ഗുന്തര്‍ ഗ്രാസിന്‍റെ പുതിയ പുസ്തകം: പീലിങ്ങ്‌ ദി ഒനിയന്‍.
യുദ്ധാനന്തര ജര്‍മ്മനിയുടെ സ്വയാവരോധിത മനഃസാക്ഷിയും നാസി കാലഘട്ടത്തിന്റെ വിമര്‍ശകനുമായ ഗുന്തര്‍ ഗ്രാസ്‌ ഹിറ്റ്ലറുടെ സേനയില്‍ ടാങ്ക്‌ ഗണ്ണറായിരുന്നു. സോവിയറ്റ്‌ പട്ടാളം കൊന്നിട്ട സഹചാരികളുടെ മ്ര്^തദേഹങ്ങള്‍ക്കിടയിലൂടെ ഓടുന്ന യുദ്ധകാലാനുഭവങ്ങള്‍ മുതല്‍ ടിന്‍ ഡ്രം മൂലക്ര്^തി 1959 ല്‍ പ്രസിദ്ധീകരിക്കുന്നതു വരെ ഖനി തൊഴിലാളി, ആശാരി, കവി, ശില്‍പി വേഷങ്ങളണിഞ്ഞ 32 വയസ്‌ വരെയുള്ള ജീവിതത്തിന്‍റെ ഉള്ളിത്തൊലി പൊളിക്കുന്നു ഗുന്തര്‍ ഗ്രാസ്‌. ഓര്‍മപുസ്തകത്തില്‍ ഭാവന കൂടിപ്പോയെന്നും ആത്മകഥാകാരന്‍ വെറും കഥാകാരനായെന്നും ആരോപിക്കുന്നുണ്ട്‌ ചില റിവ്യൂകാരന്മാര്‍.

ഇന്റര്‍നെറ്റില്‍ കണ്ടത്‌:
ജോര്ജ്‌ ബുഷ്‌ സ്കൂള്‍ കുട്ടികളുമായി സംസാരിക്കുകയായിരുന്നു. എനി ക്വസ്ച്യന്‍സ്‌? ലിറ്റില്‍ ജോ കൈയുയര്‍ത്തി. എന്തിനാണ്‌ യു. എന്‍. ന്‍റെ പിന്തുണ തേടാതെ ഇറാഖ്‌ ആക്രമിച്ചത്‌? പെട്ടെന്ന്‌ ഇന്‍റര്‍വെല്‍ ബെല്ലടിച്ചു. അര മണിക്കൂര്‍ കഴിഞ്ഞ്‌ തുടരാമെന്ന്‌ ബുഷ്‌. ഇന്‍റര്‍വെലിന്‌ ശേഷം എനി ക്വസ്ച്യന്സ്‌ കേട്ട ടോം പറഞ്ഞു. എനിക്ക്‌ രണ്ട്‌ ചോദ്യങ്ങളുണ്ട്‌. ഒന്ന്, എന്തിനാണ്‌ ഇന്‍റര്‍വെല്ലിനുള്ള മണി അര മണിക്കൂര്‍ നേരത്തേ അടിച്ചത്‌? രണ്ട്‌, എവിടെ എന്‍റെ സുഹ്ര്^ത്ത്‌ ജോ?

Monday, March 24, 2008

Naked Christ; Michael Angelo’s painting

ചലച്ചിത്രഗാനങ്ങളിലെ ഓണം: മിനിമോള്‍, വിഷുക്കണി എന്നീ ചിത്രങ്ങള്‍ ഓര്‍ക്കുന്നത്‌ തന്നെ അവ ഉള്‍ക്കൊള്ളുന്ന

'മാനത്തെ പൊന്നോണം മനസില്‍ വന്നെങ്കില്‍, നമ്മളാ താരങ്ങളായ്‌ മാറിയെങ്കില്‍' എന്ന്‌ രണ്ട്‌ നക്ഷത്രങ്ങള്‍ കണ്ടുമുട്ടിയെന്ന ഗാനത്തില്‍ ശ്രീകുമാരന്‍തമ്പി പാടുന്നു. അത്‌ 'കന്യാദാനം' എന്ന ചിത്രത്തിന്‌ വേണ്ടി എഴുപതുകളിലായിരുന്നു. ഇന്ന്‌ ഓണച്ചിത്രങ്ങള്‍ മെഗാ പൂക്കളവട്ടത്തില്‍ വട്ട്‌ ചുറ്റുമ്പോള്‍ ഓണപ്പാട്ടുകള്‍ പരിപൂര്‍ണമായും ഫെസ്റ്റിവല്‍ ആല്‍ബങ്ങളില്‍ കുടിയിരുത്തപ്പെട്ടു കഴിഞ്ഞിട്ടുണ്ട്‌.

ഓണപ്പാട്ടുകള്‍ അല്ലെങ്കിലും ഗാനമേളക്കാര്‍ക്ക്‌ ഓണസീസണില്‍ പാടാനുള്ളൊരു ആരംഭനമ്പരായി മാറിയിട്ട്‌ വര്‍ഷങ്ങളായി. തിരുവോണ ദിവസം ടിവി-റേഡിയോ ചാനലുകള്‍ ഓണപ്പാട്ടുകളെ അവരുടെ ഫയല്‍ക്കൂട് തുറന്ന്‌ പുറത്ത്‌ വിടും. പാതിരാത്രിയോടെ തിരിച്ചു കയറ്റും. പായസവും സൌഹ്ര്^ദ സംഗമങ്ങളും പോലെ ഓണപ്പാട്ടുകളും വര്‍ഷത്തിലൊരിക്കല്‍ മാത്രം തുറക്കുന്ന ഓര്‍മ്മപ്പെട്ടികളിലായിക്കഴിഞ്ഞു.

ദേശം വിട്ടു പോന്നവര്‍ക്ക്‌ നാടന്‍ ഓര്‍മ്മകള്‍ എടുത്ത്‌ താലോലിക്കാവുന്ന ചിറ്റമ്ര്^താണ്‌ ഓണപ്പാട്ടുകള്‍. 'പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി കേട്ടുണരും പുന്നെല്ലിന്‍ പാടത്തിലൂടെ നടക്കാനും മാവേലി മന്നന്‍റെ മാണിക്യത്തേര്' വരുന്നത്‌ കാണാനും' ക്ഷണിക്കുന്നത്‌ പഴയ പാട്ടുകളുടെ സ്വഭാവമാണ്‌. തുമ്പപ്പൂക്കള്‍, നന്ത്യാര്‍വട്ടം, ചെത്തി-ചെമ്പരത്തികളുടെ പൂവിളിക്ക്‌ കൂട്ട്‌ പോരാന്‍ പൊന്നോണത്തുമ്പിയെ വിളിക്കാനും അവ മറക്കുന്നില്ല. കോടിമുണ്ടുടുത്ത്‌ ഓണക്കിളി ഓടി നടക്കുന്നത്‌; കാവിലെ പൈങ്കിളിപ്പെണ്ണുങ്ങള്‍ കൈകൊട്ടിപ്പാട്ടുകള്‍ പാടുന്നത്‌; തിരുവോണപ്പുലരിയിലെ തിരുമുല്‍ക്കാഴ്ച വാങ്ങാന്‍ തിരുമുറ്റമണിഞ്ഞൊരുങ്ങുന്നത്‌; ഏത്‌ ഹ്ര്^ദയങ്ങളെയും അണിഞ്ഞൊരുക്കാന്‍ പോന്ന കാഴ്ചകള്‍! മിനിമോള്‍, വിഷുക്കണി എന്നീ ചിത്രങ്ങള്‍ ഓര്‍ക്കുന്നത്‌ തന്നെ അവ ഉള്‍ക്കൊള്ളുന്ന ഓണപ്പാട്ടുകളാലാണ്‌.

കേരളതീരത്തേക്ക്‌ ഓണപ്പൂവിനെ മാടി വിളിക്കുന്ന ഒ. എന്‍. വി. യുടെ പാട്ടാണ്‌ ഇന്നും ഗാനമേള സദസുകള്‍ക്ക്‌ പ്രിയങ്കരം (ഓണപ്പൂവേ, പൂവേ..). വില്ലും, വീണ, പൊന്‍തുടിയും, പുള്ളോപ്പെണ്ണിന്‍ മണ്‍കുടവും കവിതന്‍ ശാരിക കളമൊഴിയാല്‍ നറുതേന്‍ ചൊരിയുന്ന തീരത്തിന്‍റെ ഗാനം മലയാളികള്‍ മറക്കാത്തതിന്‌ ബംഗാളിയായ സലീല്‍ ചൌധുരിയുടെ ഇമ്പമെന്ന കാരണവുമുണ്ട്‌. ഒ. എന്‍. വി. യുടെ തന്നെ ഓന്നാം തുമ്പീ നീയോടി വാ എന്ന ഗാനത്തിനും (ചിത്രം: സമയമായില്ലാ പോലും) സലീല്‍ദായുടേതായിരുന്നു ഈണം.

ആറ്റുവക്കിലുലഞ്ഞാടും കരിനീല മുളകളില്‍ കാറ്റു വന്നു തട്ടി ഓണപ്പാട്ട്‌ പാടുന്നതും ഉത്ത്ര്'ട്ടാതി ഓണവെയിലില്‍ കുളിച്ചു നില്‍ക്കുന്നതുമായ കാഴ്ച മോഹിനിയാട്ടം എന്ന ചിത്രത്തിലുണ്ട്‌ (രചന: ശ്രീകുമാരന്‍ തമ്പി). തെളിഞ്ഞു പുഴയും വെയിലും പൊന്നോണം കാത്ത നെഞ്ചും എന്ന്‌ 'ഏതോ ഒരു സ്വപ്ന'ത്തില്‍ തമ്പി.

'ഇടിമുഴക്ക'ത്തിലെ നായകന്‍റെയും നായികയുടെയും കല്യാണം ഓണത്തെ ആശ്രയിച്ചാണിരിക്കുന്നത്‌. കള്ളീ നിന്‍റെ കള്ളച്ചിരി പോലെ കാലം തെളിഞ്ഞെന്ന്‌ (മഴ മാറി!) നായകന്‍ പാടുമ്പോള്‍ തുമ്പപ്പൂ കൂന കൂട്ടി തുമ്പിത്തുള്ളിയോണം വരുമെന്ന്‌ നായിക. പൊന്നോണം വിരുന്ന്‌ വരുമ്പോള്‍ അരവയര്‍ നിറവയറാകും അപ്പോള്‍ നമുക്ക്‌ കല്യാണം!

വയലാറിന്‍റെ 'ഓണം പിറന്നാലും ഉണ്ണി പിറന്നാലും മണ്ണിനോരോ കുമ്പിള്‍ കണ്ണീര്' എന്ന ഗാനം (ചിത്രം: തുലാഭാരം). പഞ്ഞം സര്‍വകാലീന പ്രതിഭാസമാണെന്ന്‌ പാടുന്നു. അന്ന്‌ പക്ഷെ, പൊന്നുഷസ്‌ കണി കണ്ടുണരാന്‍ ഒന്നുറങ്ങൂ എന്നെങ്കിലും വയലാര്‍ സ്വപ്നം കണ്ടു. ചിങ്ങനിലാവത്ത്‌ മുണ്ടകപ്പാടത്ത്‌ കിങ്ങിണി കെട്ടുന്ന നെല്ലോലയുടെ ഗ്രാമ്യചിത്രം തരുന്നെങ്കിലും ഓണം ആഘോഷിക്കപ്പെടുന്നില്ല വയലാറില്‍.

മരിക്കുതിന്‌ തൊട്ട്‌ മുമ്പ്‌ സലീല്‍ ചൌധുരി സംഗീതം നല്‍കിയ തുമ്പോളി കടപ്പുറം എന്ന ജയരാജ്‌ ചിത്രത്തില്‍, തീരത്തേക്ക്‌ അടുക്കാന്‍ വെമ്പുന്ന ഹ്ര്^ദയങ്ങളുടെ നോവുപാട്ടാണ്‌ ഒ. എന്‍. വി. എഴുതിയതെന്നത്‌ കാലത്തിന്‍റെ അവരോഹണം. കടല്‍ത്തിരയാടുന്നീ 'തീ'മണലില്‍ എന്ന്‌ ഒരു പാട്ടില്‍. ഓളവും തീരവും മറ്റ്‌ പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കപ്പെടു നാട്ടില്‍, സ്വപ്നം കാണാനെങ്കിലും ഓണപ്പാട്ടുകള്‍ ഓര്‍മ്മിപ്പിക്കുന്നു.

Thursday, March 20, 2008

ഹോര്‍മോണുകള്‍ കുത്തിവച്ച്‌ ആയുസ്‌ നീട്ടാമെന്ന തട്ടിപ്പുകള്‍ക്ക്‌..

1. കൊഴുപ്പ്‌ കൂടിയ ഭക്ഷണ ഇനങ്ങള്‍ക്ക്‌ ഇംഗ്ളണ്ടില്‍ കൊഴുപ്പ്‌ നികുതി (ഫാറ്റ്‌ ടാക്സ്‌) വരുന്നു.

ഭക്ഷണത്തിലെ കൊഴുപ്പ്‌ സംബന്ധമായ അസുഖങ്ങളാല്‍ ഓരോ വര്‍ഷവും 3,200 പേര്‍ മരിക്കുന്നു ഇംഗ്ളണ്ടില്‍. നികുതി കൊണ്ട്‌ വായടപ്പിക്കാന്‍ പറ്റുമോ? (ആര്‍ക്കാണ്‌ കുന്ന്‌ പോലെ ചോറ്' വിളമ്പി വച്ചിരിക്കണത്‌ എന്ന്‌ കേരളത്തിലൊരു കാരണവര്‍ ചോദിച്ചു. തന്‍റെ തന്നെ ഇലയിലാണത്‌ എന്നറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: മോര്' കൂട്ടിക്കുഴച്ചാല്‍ കുറച്ചേ ഉള്ളൂ)

2. വികസിത രാജ്യങ്ങളില്‍ നൂറ്' വയസു വരെ ജീവിക്കുന്നവരുടെ സംഖ്യ വര്‍ദ്ധിക്കുന്നു. അതില്‍ 80% പേരും സ്ത്രീകള്‍.

കേരളത്തില്‍ ഇത്‌ നടക്കില്ല. മദ്യപാനവും പുകവലിയും ഇല്ലെങ്കിലും അവര്‍ സീരിയല്‍ കാണുന്നുണ്ടല്ലോ. വളര്‍ച്ചാ ഹോര്‍മോണുകള്‍ കുത്തിവച്ച്‌ ആയുസ്‌ നീട്ടാമെതു പോലുള്ള തട്ടിപ്പുകള്‍ക്ക്‌ കേരളത്തില്‍ ആയുസുണ്ട്‌.

3. കുളിമുറിപ്പാട്ടുകാരെപ്പറ്റി റിയാലിറ്റി ടെലിവിഷന്‍ പ്രോഗ്രാം. ഷൈലേഷ്‌ കപൂര്‍ ഒരുക്കുന്ന പരിപാടിയില്‍ കുളിച്ചും പാടിയും ഓന്നാം സ്ഥാനത്തെത്തിയാല്‍ 25 ലക്ഷം രൂപ.

പ്രേക്ഷകര്‍ക്ക്‌ അങ്കവും കാണാം താളിയുമൊടിക്കാം. ഇനി ഏറ്റവും നന്നായി ഇണ ചേരുന്ന ദമ്പതികളുടെ മത്സരത്തിനായി കാത്തിരിക്കാം.

4. എം ബി എ വിദ്യാര്‍ത്ഥികള്‍ നിയോജകമണ്ഡലങ്ങള്‍ സന്ദര്‍ശിച്ച്‌ എം എല്‍ എ മാരുമായി യോജിച്ച്‌ പ്രവര്‍ത്തിക്കുന്ന പാഠ്യപദ്ധതി ആന്ധ്രയില്‍.

മാനേജ്മെന്റ്‌ ഗുരുക്കള്‍ ഇന്ത്യയുടെ ആത്മാവ്‌ ഗ്രാമങ്ങളില്‍ കണ്ടെത്തുന്നത്‌ വിപ്ളവകരമായിരിക്കും. അലഞ്ഞുപഠിത്തം മൂലം ആ ഗ്രീന്‍ കോളര്‍ ജോലി വേണ്ടെന്ന്‌ വയ്ക്കാതിരുന്നാല്‍ മതി ഭാവി വാഗ്ദാനങ്ങള്‍.

5. ടെക്സാസില്‍ വധശിക്ഷ കാത്തു കഴിയുന്ന ഒരാളുടെ അവസാന ആഗ്രഹം: തമാശ കേട്ട്‌ ചിരിച്ചു കൊണ്ട്‌ മരിക്കണം!

മൈസ്പേസ്‌ ഡോട്ട്‌ കോമില്‍ അയാള്‍ക്കായി തമാശാവാതായനങ്ങളുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഒരെണ്ണമിങ്ങനെ: അമേരിക്കയില്‍ പൊതുസ്ഥലത്ത്‌ ചുംബിക്കാം; വിസര്‍ജ്ജനം പാടില്ല. ഇന്ത്യയില്‍ പൊതുസ്ഥലത്ത്‌ വിസര്‍ജ്ജിക്കാം; ചുംബിക്കാന്‍ പാടില്ല.
(അനുബന്ധം: ഇന്ത്യന്‍ സിനിമകളില്‍ പണ്ട്‌ മുഖത്ത്‌ മാത്രമായിരുന്നു ചുംബനം; ഇപ്പോള്‍ ചുംബനം മുഖത്ത്‌ മാത്രമില്ല!)

6. ജര്‍മ്മനിയിലെ മ്യൂസ്റ്ററില്‍ ഈയിടെ നടന്ന ശില്പ പ്രദര്‍ശനത്തില്‍ ഏറ്റവും ശ്രദ്ധേയമായ ശില്പം ഗോതമ്പ്‌ വയലില്‍ അറുത്തിട്ട പുല്ല്‌ കൊണ്ട്‌ തീര്‍ത്ത വഴി (പാത്ത്‌).

ശില്പമേള നടക്കുന്ന പ്രദേശത്തോട്‌ താദാത്മ്യം പ്രാപിച്ച സ്ര്^ഷ്ടിയെന്നതിലുപരി ആസ്വാദനത്തിന്‍റെ പുതിയ വഴികള്‍ നിര്‍മ്മിച്ചതിനാലാണ്‌ പോളണ്ടുകാരനായ പാവല്‍ അല്‍ത്താമറിന്‍റെ 'പാത്ത്‌' അനന്യസാധാരണമാകുന്നത്‌. (സ്ര്^ഷ്ടിയേക്കാള്‍ ആശയത്തിന്‌ പ്രാധാന്യം കൊടുക്കുന്ന കണ്‍സെപ്ച്വല്‍ കലയുടെ വക്താവാണ്‌ പാവല്‍).

7. കമ്പ്യൂട്ടര്‍ മഷീന്‍ പൊടി പിടിക്കുന്നതിനൊരു ആന്‍റി..പൊടി പ്രോഗ്രാം! ബെല്‍കിന്‍ കമ്പനിയുടെ കഴുകാവുന്ന മൌസ്‌ (വാട്ടര്‍ റെസിസ്റ്റന്റ്‌ മൌസ്‌) വിപണിയില്‍.

മൌസ്‌ കഴുകുന്ന കൂട്ടത്തിലെങ്കിലും കമ്പ്യൂട്ടര്‍ പിരാന്തന്‍മാരും കുളിക്കണമെന്ന്‌ പ്രോഗ്രാമില്‍ ഇല്ല.

8. ദേശീയ സ്പിരിച്വല്‍ ചാനലുകളിലൊന്നായ ആസ്ത യുവജനങ്ങള്‍ക്കായി ഭക്തിഗാന മത്സരം നടത്തുന്നു. കാഷ്‌ പ്രൈസുകള്‍ തീര്‍ത്ഥയാത്രകള്‍ക്ക്‌ വഴി മാറും.

റിലിജിയസ്‌ ഇന്ത്യന്‍ ഐഡല്‍ ഷോ-വിജയികള്‍ തീര്‍ത്ഥയാത്രാ ടിക്കറ്റുകള്‍ മറിച്ചു വില്‍ക്കാതെ നോക്കണം.

Blog Archive