Search This Blog
Monday, July 28, 2008
‘രണ്ടാമൂഴ‘ത്തിന്റെ കെപി എസി ആവിഷ്കാരം
കെപി എസിയുടെ പുതിയ നാടകം ‘ഭീമസേനൻ’ പാർശ്വവൽക്കരിക്കപ്പെടുന്നവർക്കായി നിലകൊള്ളുന്നുവെന്ന് തോന്നിപ്പിക്കുന്നു. നാടകരചയിതാവായ ഫ്രാൻസിസ് ടി മാവേലിക്കരയുടെ ഭീമ-ഹിഡിംബി പർവം എംടിയും മറ്റും മഹാഭാരതകഥയിൽ നടത്തിയ സ്വതന്ത്ര ഇടപെടലുകളുടെ ‘ഫുട്ട്നോട്ട്’ ആവുന്നേയുള്ളൂ. ‘യുദ്ധം കഴിഞ്ഞ രാജ്യം, വിധവക്ക് കിട്ടിയ സ്ത്രീധനം പോലെയാണെന്ന’ സ്പാർക്കുകൾ, വലിയൊരു കഥയെ നാടകച്ചിമിഴിലൊതുക്കിയ ഫ്രാൻസിസിന്റെ കരവിരുത് തന്നെയാണെന്ന് പക്ഷേ സമ്മതിക്കേണ്ടി വരും. 2 മണിക്കൂർ 20 മിനിറ്റ് നാടകം കഴിയുമ്പോൾ നമ്മുടെ കൂടെ ഇറങ്ങിപ്പോരാൻ മൂന്നുനാലു ഘടകങ്ങൾ ഉണ്ടെന്നത് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന നാടകത്തിന്റെ ആസ്വാദകരെ ആഹ്ലാദിപ്പിക്കുന്നതാണു. 1. വിത്സൺ തിരുവമ്പാടിയുടെ ഭീമവേഷം: മന്ദന്റെ മുഖഭാവവും കാറ്റിന്റെ കരുത്ത് കാട്ടുന്ന ആകാരചേഷ്ടകളും രണ്ടാമൂഴക്കാരനായിപ്പോയതിന്റെ വൈഷ്മ്യങ്ങളും പ്രകടിപ്പിക്കുന്നതിൽ പിറകിലല്ലാതായിരിക്കുന്നു ഈ നടൻ. കുന്തീദേവിയായി അഭിനയിച്ച നടിയെയും മറക്കൻ വയ്യ. പാഞ്ചാലിയെ പങ്കിട്ടെടുക്കാൻ പറഞ്ഞത് പാണ്ഡവർ ഒരുമിച്ച് നിൽക്കാൻ വേണ്ടിയാണെന്ന് അനുനയിപ്പിക്കുമ്പൊഴും, ‘ഹിഡിംബി ഞങ്ങളുടെ കൂടെ വരേണ്ട’ എന്ന് ആജ്ജാപിക്കുമ്പോഴും ദ്രൌപദീ സ്വയവരത്തിൽ കർണ്ണൻ പരാജയപ്പെട്ടതറിഞ്ഞ് വിലപിക്കുമ്പോഴും ആ മുഖത്ത് കാണുന്ന ഭാവമാറ്റങ്ങൾ ക്ലാസ്സ് ആണു. 2. ഓഎൻവി-അർജ്ജുനൻ ടീമിന്റെ ഗാനങ്ങൾ: ‘കാക്കച്ചീം മക്കളും കാട്ടിലു ചെന്നപ്പൊ കാറ്റിലെ പേരാലിൻ കാ പഴുത്തേ’ എന്ന് കാട്ടാളന്മാരെ കൊണ്ടും ‘അഞ്ചിതളുള്ളൊരു പൂവേ‘ എന്ന് പാഞ്ചാലിയെക്കൊണ്ടും ‘ഒരു പിടി വിത്ത് വിതച്ചാൽപ്പിന്നെ ഒരു പിടി പകരം തരും മണ്ണ്’ എന്ന് കർഷകരെക്കൊണ്ടും (പുരാണകഥയിൽ കർഷകഗാനത്തിനെന്ത് സാംഗത്യമെന്ന് ചോദിക്കരുത്. കെപി ഏസിയുടെ നാടകമാൺ!) പാടിക്കുന്നതിൽ ഓഎൻവി-അർജ്ജുനൻ ഗൃഹാതുരത്വം തേന്മഴ ചൊരിയുന്നുണ്ട്. 3. അവതരണം: രാമാനന്ദസാഗറവൽക്കരിച്ച് കണ്ണഞ്ചിപ്പിക്കാമായിരുന്ന റിയാലിറ്റി ഷോയല്ല, റിയാലിറ്റി തന്നെയാണു ‘ഭീമസേനൻ’. ഉപയോഗിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന സ്ത്രീകഥാപാത്രങ്ങൾ, കേട്ടു പരിചയിച്ച ഭാരതകഥയെ കാണാവുന്നതാക്കിത്തീർക്കുന്ന സന്ദർഭങ്ങൾ, രക്തവിദ്വേഷിയും ബ്രഹ്മണശത്രുവുമായ കാട്ടാളൻ നാളെ രാജ്യം ചോദിച്ചേക്കുമോ എന്ന് ഭയക്കുന്ന യുദ്ധതന്ത്രജ്ജരും, വേടനും രാജാവിനും രണ്ട് തരം രക്തമാണോ എന്ന് സന്ദേഹിക്കുന്ന കീഴാളനും... 4. സുജാതന്റെ രംഗപടം: നീലയിൽ കുളിച്ച സ്റ്റേജിന്റെ പശ്ചാത്തലം, കറങ്ങുന്ന മറ്റൊരു സ്റ്റേജിലാണു ഉറപ്പിച്ചിരിക്കുന്നത്. രംഗത്തിന്റെ മൂഡനുസരിച്ച് ‘ഫ്ലിപ്’ ചെയ്യുന്ന കട്ട് ഔട്ട് പുതുമയല്ലെങ്കിലും അതിന്റെ ഫലപ്രദമായ ഉപയോഗം ‘ഭീമസേനനിൽ’ കാണാം. ഉദാഹരണത്തിനു ഭീമൻ ഹിഡിംബിയെ മറന്ന് ദ്രൌപദിയെ മോഹിക്കുന്ന രംഗം. കാടിന്റെ കട്ട് ഔട്ടിനു താഴെയിരിക്കുന്ന ഹിഡിംബി കറങ്ങിപ്പോകുന്നു. മറുവശത്ത് കൊട്ടാരപശ്ച്ചാത്തലത്തിലിരിക്കുന്ന ദ്രൌപദി പ്രത്യക്ഷപ്പെടുന്നു. വനവാസത്തിലായ പാണ്ഡവരുടെ കഥയായതിനാൽ കാടാണെങ്കിലും ഉണങ്ങിയ മരങ്ങളുടേതടക്കം ഒട്ടനവധി പശ്ചാത്തലങ്ങൾ ‘ഭീമസേനനിൽ’ കറങ്ങി വരുന്നുണ്ട്. 5. സംവിധാനം: കഥകളിയുടേയും സിംബലിസത്തിന്റേയും സങ്കേതങ്ങൾ സമന്വയിപ്പിച്ച്, അതിഭാവുകത്വമില്ലാതെ, കോമഡിയില്ലാതിരുന്നിട്ടും എല്ലാത്തരം പ്രേക്ഷകരേയും ആകർഷിക്കുന്ന രീതിയിലുള്ള കൈയൊതുക്കത്തിനു സംവിധായകൻ രാജീവൻ മമ്മളിക്ക് വേണ്ടി എണീറ്റ് നിന്ന് കൈയടി!
സംഗീത സംവിധായകൻ ജോൺസനെക്കുറിച്ച്
സംഗീത സംവിധായകൻ ജോൺസനെക്കുറിച്ച് കാണുക: http://pravasam.com/sunil-july.htm
Thursday, July 3, 2008
അവധിയിൽ കാണുന്നത് 2
ചാലക്കുടിക്കടുത്ത് ഒരിടത്ത് പാർട്ടിക്ക് പോയപ്പോൾ ഒരു ചെറുപ്പസംഘത്തെ കണ്ടു. അവർ, ഏതാണ്ട് 30 പേർ, ചേർന്ന് അവരുടെ ഗ്രാമത്തിൽ കുറച്ച് സ്ഥലം വാങ്ങി ഒരു കെട്ടിടം പണിതിരിക്കുന്നു-അവർക്ക് കൂടാനായി! പുഴയുടെ തീരത്ത് അത്യാവശ്യം സൌകര്യമൊക്കെയുള്ള ഒരു ബാർബക്ക്യു ഷെഡും സംഘത്തിനുണ്ട്. റിയൽ എസ്റ്റേറ്റ് കച്ചവടം പൊടിപൊടിക്കുന്ന ഒരു നാട്ടിലാണു കൂടാൻ മാത്രം ഇങ്ങനെയൊരു ‘സെറ്റപ്പെ’ന്നോർത്ത് ഞാൻ ആശ്ചര്യപ്പെട്ടു. അത്ഭുതപ്പെടാനൊന്നുമില്ല, കൂട്ടത്തിലൊരാൾ പറഞ്ഞു, സീനിയർ പൌരൻമാർക്ക് (അപ്പൻ സംഘത്തിനു)ചീട്ട് കളിക്കാൻ മാത്രം അപ്പൻമാർ ഒരു കെട്ടിടം വാടകക്കെടുത്തിരിക്കയാണു. അപ്പോൾ അമ്മമാർ, സഹോദരിമാർ? ചിലർ പാർട്ടി-ഭക്ഷണം, ബേക്കറി-പലഹാരങ്ങൾ ഉണ്ടാക്കി വിൽക്കുന്നു. ഗാർഡനിങ്ങ് അടക്കം വീട്-സൌന്ദര്യവൽക്കരണം മറ്റ് ചിലർക്ക്. (ടിവി സീരിയൽ കായകുളം കൊച്ചുണ്ണി ചിത്രീകരിച്ച പ്രദേശമാണിത്).
Subscribe to:
Posts (Atom)