Search This Blog

Saturday, February 28, 2009

ഗായിക സരിത രാജീവ്:

സരിത രാജീവ്: ആല്‍ബങ്ങളിലും ടിവി സീരിയലുകളിലുമായി നൂറിലധികം പാട്ടുകള്‍. ഇപ്പോള്‍ ആര്‍ സുകുമാരന്‍റെ 'ഗുരുദേവന്‍' എന്ന ചിത്രത്തില്‍ മോഹന്‍ സിത്താരയുടെ സംഗീതത്തില്‍ പാടി. (കുമാരനാശാന്‍റെ വരികള്‍). വരാനിരിക്കുന്ന ഏതാനും ചിത്രങ്ങളിലും പാടിക്കഴിഞ്ഞു. 'നിര്‍മ്മാല്യം' എന്ന ടിവി സീരിയലിന്‍റെ ടൈറ്റില്‍ സോങ്ങ് സരിതയുടേതായിരുന്നു. പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥിന്‍റെയും താരാ കല്യാണിന്‍റെയും ശിഷ്യ. സംസ്ഥാന സ്കൂള്‍ യുവജനോല്‍സവത്തിലും കേരള യൂണിവേഴ്സിറ്റി യുവജനോല്‍സവത്തിലും ലളിതഗാനത്തിനു ഒന്നാം സമ്മാനം. തിരുവനന്തപുരം ഗവ. വിമണ്‍സ് കോളേജില്‍ നിന്ന് എം.എ.മ്യൂസിക്. ഏഷ്യാനെറ്റിന്‍റെ ആദ്യ ലളിത സംഗീത പാഠത്തില്‍ പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് ഗുരുവായും സരിത ശിഷ്യയായും അഭിനയിച്ചു. ആ പാട്ട് കേട്ട് പഠിച്ചിട്ടുണ്ടെന്ന് മഞ്ജരി പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ തിരക്കുള്ള റെക്കോഡിങ്ങുകളുടേയും സ്റ്റേജ് പ്രോഗ്രാമുകളുടേയും കാലം. കീബോര്‍ഡിസ്റ്റ് രാജീവും മകനും അടങ്ങുന്ന കുടുംബം. സംഗീത സംവിധായകന്‍ രമേഷ് നാരായണ്‍ന്‍റെ കീബോര്‍ഡിസ്റ്റാണു രാജീവ്. പല ചിത്രങ്ങളിലും റെക്കോര്‍ഡിങ്ങിനു വായിച്ചിട്ടുണ്ട്. ടിവി സീരിയല്‍ 'കള്ളിയങ്കാട്ട് നീലി' മുതലായവയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.

Friday, February 27, 2009

രാകേഷ് ബ്രഹ്മാ‍നന്ദൻ പറഞ്ഞത്

അച്ഛൻ‌: ബ്രഹ്മാനന്ദന്റെ മകൻ എന്നതിന്റെ പൊരുൾ ഏറെ വർ‌ഷങ്ങൾക്ക് ശേഷമാണു പിടി കിട്ടുന്നത്. വളരെ വൈകിയാണു ഞാനീ രം‌ഗത്തെത്തുന്നതും. മദ്രാസിലെ കുട്ടിക്കാലത്തു അച്ഛൻ സം‌ഗീതപാഠങ്ങൾ പറഞ്ഞു തരുമ്പോൾ ഞാൻ കളിക്കാൻ പുറത്തേക്കോടുമായിരുന്നു. ഇപ്പോഴത്തെ സൂപ്പർ താരം ധനുഷ് ഒക്കെയായിരുന്നു കമ്പനി.
ബ്രേക്ക്: കോഴിക്കോട് ടൌൺഹോളിൽ മുല്ലശേരി രാജഗോപാലിന്റെ (രഞ്ജിത്ത് മം‌ഗലശേരി നീലകണ്ഠനാക്കിയ ആൾ) മൂന്നാം ചരമവാർ‌ഷികത്തിനു പാടാൻ എഴുത്തുകാരൻ വി.ആർ‌. സുധീഷ് എന്നെ വിളിച്ചു. അച്ഛന്റെ നീലനിശീഥിനിയൊക്കെ പാടി. പാട്ടു കേട്ട് ജയരാജ് സാർ ഇരിപ്പുണ്ടായിരുന്നു. പാട്ട് നന്നായെന്നോ ഇല്ലെന്നോ ഒന്നും പറഞ്ഞില്ല. താമസിയാതെയാണു ‘ആനച്ചന്ത’ത്തിനു വിളിക്കുന്നത്. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയതിനാൽ എനിക്കു നറുക്കു വീഴുകയായിരുന്നു. ഡ്യൂയറ്റാണു പാടിയത്. ‘അരികിൽ വരൂ, വസന്തമായി..’. പുതുമുഖം ജയ്സൺ ജോർജ്ജിന്റെ സം‌ഗീതം. കാനേഷ് പൂനൂരിന്റെ വരികൾ. കൂടെ പാടിയത് മലപ്പുറത്തെ പ്രശസ്ത മാപ്പിള ഗായിക നസ്‌നിൻ. സിനിമയിൽ ജയറാം ‘ലിപ് സിങ്ക്’ ചെയ്ത് അഭിനയിച്ചു.

സംഗീതപാഠം‌: സ്വാതി തിരുനാൾ കോളേജിലെ പ്രഫസർ അമ്പലപ്പുഴ വിജയൻ, വാഴമുട്ടം ചന്ദ്രബാബു എന്നിവരിൽ നിന്നും ഇപ്പോഴും കർ‌ണ്ണാടക സം‌ഗീതം അഭ്യസിക്കുന്നു.

അച്ഛനെപ്പറ്റി മറ്റുള്ളവർ‌: കോഴിക്കോട് അച്ഛന്റെ പാട്ട് ഞാൻ പാടിയിട്ട് ആളുകൾ എന്നെ കെട്ടിപ്പിടിച്ചിട്ടുണ്ട്. ശ്രീകുമാരൻ‌തമ്പിയാണെന്നു തോന്നുന്നു പറഞ്ഞിട്ടുണ്ട്. പണ്ട് ഒരു സിനിമയിൽ 5 പാട്ടുണ്ടെങ്കിൽ ഏറ്റവും മികച്ച രണ്ടെണ്ണം യേശുദാസിനു കൊടുക്കും; ശേഷിച്ചവയിൽ കൊള്ളാവുന്ന രണ്ടെണ്ണം ജയചന്ദ്രനു കൊടുക്കും. ബാക്കി ബ്രഹ്മാനന്ദനും!

ഇപ്പോഴത്തെ സിനിമാസം‌ഗീതം: പണ്ട് ഉണ്ടായിരുന്ന പാട്ടുകളെ ഭേദിച്ചു ഇളയരാജ. അതിനെ ഭേദിച്ചു റഹ്‌മാൻ. ഇപ്പോൾ ബ്രേക്കിങ്ങ് ഒന്നും നടക്കുന്നില്ല. അറുപതുകളിലേയും എഴുപതുകളിലേയും പാട്ടുകളാണു മലയാള വസന്തം. ഇപ്പോൾ നമ്മിൽ പലരും ആ പാട്ടുകളിലേക്കു ഊളിയിട്ട് പോകാറുണ്ട്. 2009 ലെ പാട്ടുകളിലേക്ക് നോക്കാൻ അടുത്ത തലമുറ തയ്യാറാവുമോ?

ഇപ്പോഴത്തെ ആസ്വാദനം: ഗാനമേളക്കാരുടെ ശാപമായിരുന്നു അച്ചട്ടായി റെക്കഡിലുള്ളതു പോലെ അനുകരിക്കണമെന്നത്. ദാസേട്ടൻ പോലും ഒറിജിനൽ ട്രാക്കിൽ നിന്നും മാറ്റി പാടിയാൽ യേശുദാസ് ഗാനമേളക്കു പോരെന്നു പറയും. ഇപ്പോൾ, താങ്ക്സ് റ്റു ടിവി, ഗായകർ‌ക്ക് ഇപ്രൊവൈസ് ചെയ്യാമെന്നുണ്ട്. വേദിയിലെ മനോധർ‌മ്മങ്ങൾ ജനം അം‌ഗീകരിച്ചു തുടങ്ങി.

ഒടുവിലത്തെ സിനിമാനുഭവം: ജഗതിച്ചേട്ടൻ വിളിച്ചിരുന്നു. എം.മുകുന്ദന്റെ മദാമ്മ സിനിമയാക്കിയ സർജ്ജുലൻ ഒരു സിനിമയെടുക്കുന്നു. എസ്.എം.എസ്. ഇളയരാജയുടെ സം‌ഗീതം. പ്രസാദ് സ്റ്റുഡിയോയിൽ രാജാസാർ എന്നെക്കൊണ്ട് ഒരു ഫോക്ക് പാടിച്ചു. രാജാസാർ പറഞ്ഞു എന്റെ ശബ്ദം മെലഡിക്കാണു ചേരുക. മറ്റൊരു അടിപൊളി നമ്പരാണു തന്നത്. ഫോക്ക് രാജാസാർ തന്നെ പാടി.

കുടും‌ബം: കെമിസ്ട്രി ബിരുദധാരിയാണു ഞാൻ. കുറച്ചു നാൾ ജോലിയും ചെയ്തു. ഇതുവരെ കല്യാണം കഴിക്കാതിരുന്നത് സം‌ഗീതത്തോടുള്ള കമ്മിറ്റ്മെന്റ് കൊണ്ടാണു. ഇനി നോക്കണം. പൂജപ്പുരയുള്ള വീട്ടിൽ അമ്മ തനിയെയാണു.

Friday, February 20, 2009

സ്റ്റാർ സിങ്ങർ വിജയി തുഷാർ പറഞ്ഞത്

നിമിഷം: സ്റ്റാർ സിങ്ങർ ക്ലാസിക്കൽ റൌണ്ടിൽ നൂറിൽ 96 കിട്ടി. പാട്ട് പാടിത്തീർ‌ന്നപ്പോൾ ശരത് സാറും എംജിയും കരഞ്ഞു. ഇനി ഫ്ലാറ്റ് കിട്ടിയില്ലെങ്കിലെന്ത് എന്നാണു നേരിൽ കണ്ടപ്പോൾ അവരെന്നോട് ചോദിച്ചത്.

കുടും‌ബം: മാവേലിക്കരയിലാണു ജനനം. ഇലക്ട്രിസിറ്റി ബോർ‌ഡിൽ ഡപ്യൂട്ടി ചീഫ് എഞ്ചിനീയറായി വിരമിച്ച അച്ഛന്റെ ജോലി പ്രമാണിച്ച് തിരുവനന്തപുരത്തുകാരായി. അമ്മ ഹൈസ്കൂൾ ടീച്ചറായിരുന്നു. ഭാര്യ രേണു ടെക്നോപാർ‌ക്കിൽ ജോലി ചെയ്യുന്നു. ഏക സഹോദരിയും അവിടെയാണു. ഞാനും അവിടെ ഉദ്യോഗസ്ഥനായിരുന്നു. സ്റ്റാർ സിങ്ങർ ഷൂട്ടിങ്ങ് ആഴ്ചയിൽ മൂന്നും നാലും ദിവസം നീണ്ടപ്പോൾ രാജി വെയ്ക്കുകയായിരുന്നു. മാത്രമല്ല എന്റെ മനസും കലാകാരന്റെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു.

സം‌ഗീതം പാഠം: 20 വർ‌ഷത്തോളമായി സം‌ഗീതം പരിശീലിക്കുന്നു. ആകാശവാണി തിരുവനന്തപുരം നിലയത്തിലെ വയലിനിസ്റ്റ് ബി.ശശികുമാറാണു (ബാലഭാസ്കറിന്റെ അമ്മാവൻ) ഇപ്പോൾ ഗുരു. ശാസ്ത്രീയസം‌ഗീതം ഏറെ പ്രിയം. ഇപ്പോൾ കച്ചേരി പാടാൻ പോകാറുണ്ട്. സിനിമാപ്പാട്ട് എന്നിലെ സം‌ഗീതകാരനെ ലിമിറ്റ് ചെയ്യുമെന്നു കരുതുന്നു.

ശരത്പൂർ‌ണ്ണിമയാമിനിയിൽ: മൂന്നു തവണ സം‌സ്ഥാന സ്കൂൾ യുവജനോത്സവത്തിനു എനിക്കു ഒന്നാം സ്ഥാനം നേടിത്തന്ന ഗാനം. ക്ലാസിക്കലിനും രണ്ടു തവണ ഫസ്റ്റ് പ്രൈസ് കിട്ടി. ഒരു തവണ നടൻ വിനീത്കുമാറുമായി ഒരു പോയിന്റ് വ്യത്യാസത്തിൽ കലാപ്രതിഭ പട്ടം നഷ്ടപ്പെട്ടു.

പറയാൻ മറന്ന പരിഭവങ്ങൾ: സ്റ്റാർ സിങ്ങറിൽ അവസാനം പാടിയത് ഗർ‌ഷോമിലെ ഈ പാട്ടാണു.

ഹരിഹരൻ: ഹരിഹരന്റെ സ്വരം സുന്ദരം. ശബ്ദത്തിലെ വീഴ്ചകൾ എങ്ങനെ മൂടണമെന്നു പരിശീലനത്തിലൂടെ ഹരിഹരൻ സാധിച്ചിരിക്കുന്നു. യേശുദാസ് വാ തുറന്നാൽ അതു പെർ‌ഫക്ഷനാണു.

റഹ്‌മാൻ: ബാബുരാജിന്റെയോ ദേവരാജന്റെയോ, എന്തിനു, അർ‌ജ്ജുനന്റെയോ പാട്ടുകളുടെ ഹൃദ്യത റഹ്മാന്റെ പാട്ടുകൾക്കുണ്ടോ? അവ ഹൃദയത്തിലേക്കു കടക്കുന്നില്ല. എത്ര ഇൻസ്ട്രമെന്റ്സാണു റഹ്‌മാൻ ഒരു മിനിറ്റിൽ ഉപയോഗിക്കുന്നത്? (എന്റെ അഹങ്കാരമായി കരുതരുതേ). പഴയ പാട്ടുകളിൽ എത്ര സം‌ഗീതോപകരണങ്ങൾ ഉപയോഗിച്ചിരുന്നു? മൂന്നോ നാലോ ഉപകരണങ്ങളിലൂടെ ശാസ്ത്രീയസം‌ഗീതം ഒരു ശബ്ദപ്രപഞ്ചം സൃഷ്ടിക്കുന്നു.

സ്റ്റാർ സിങ്ങർ‌: വട്ടിയൂർക്കാവിലെ ഒരു പഴയ തിയറ്ററിലായിരുന്നു സ്റ്റാർ സിങ്ങറിന്റെ സെറ്റിട്ടത്. കണ്ണഞ്ചിപ്പിക്കുന്ന രം‌ഗസൌകുമാര്യം ക്യാമറ ആം‌ഗിളിന്റെ പ്രതേകതയാണു.

ഇനി: എം സി എ പഠിച്ച് നേടിയ ജോലി ഉപേക്ഷിച്ചത് സം‌ഗീതത്തിനു അർപ്പിക്കാനാണു. കുടും‌ബത്തിന്റെ പിന്തുണയുണ്ട്. ഭാര്യയാണു സ്റ്റാർ സിങ്ങറിലേക്ക് അപേക്ഷ അയച്ചത്.

Wednesday, February 18, 2009

നടരാജഗുരു, വെണ്‍മണി മഹന്‍ ജനനദിനങ്ങളു

ഫെബ്രുവരി പതിനെട്ട് പത്തൊന്‍പത്
നടരാജഗുരു. ഡോക്ടര്‍ പല്‍പുവിന്റെ മകന്‍. നാരായണഗുരുവിന്റെ ശിഷ്യന്‍. ഫ്രാന്‍സില്‍ നിന്നും അധ്യാപനത്തില്‍ ബിരുദം. അമേരിക്കയിലെ ന്യൂജഴ്സിയില്‍ ഗുരുകുലം സ്ഥാപിച്ചു. വര്‍ക്കലയിലും ഗുരുകുലം തുടങ്ങിയിരുന്നു. ഭക്തിക്ക്‌ ബ്രാഹ്മണ മേധാവിത്വം വേണ്ടെന്ന്‌ ലോകത്തോട്‌ പറയുവാന്‍ മുന്‍കൈ എടുത്തു. തത്ത്വശാസ്ത്ര സംബന്ധിയായ നിരവധി ബ്റ്ഹദ്‌ ഗ്രന്ത്ഹങ്ങളുടെ കര്‍ത്താവ്‌. നടരാജഗുരുവിന്റെ ശിഷ്യരില്‍ പ്രമുഖനാണ്‌ നിത്യചൈതന്യയതി.

വെണ്‍മണി മഹന്‍ നമ്പൂതിരിപ്പാട്‌ : വെണ്‍മണി പ്രസ്ഥാനത്തിലെ പ്രമുഖനായ കവി. മലയാളകാവ്യങ്ങള്‍ക്ക്‌ സമ്സ്ക്റ്ത പരിമളം പൂശാത്ത ശൈലി കൊടുത്തു കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കി ഉല്‍ഭവിച്ച വെണ്‍മണി പ്രസ്ഥാനം. ഫലിതത്തില്‍ കടുക്‌ വര്രുത്തു മഹന്. ഇദ്ദേഹത്തിന്റെ മിക്ക കവിതകളും അപൂര്‍ണമായത്‌ മടി കാരണമാണത്രെ! സ്വതേ ശുദ്ധം കുഴിമടിയനെന്നറിക എന്ന്‌ സ്വയം വിശേഷിപ്പിച്ചിട്ടുണ്ട്‌ മഹന്. 'ഉന്‍മേഷത്തൊടു താന്‍ മുറുക്കി, ചുമ്മാതേ മണി പത്തടിപ്പതു വരേ മൂടിപ്പുതച്ചങ്ങനെ' എന്ന്‌ മഹനെപ്പറ്റി മറ്റു കവികളുമ്.

Saturday, February 14, 2009

part time marriages

pls see the link http://www.kuwaittimes.net/read_news.php?newsid=MjQxMzY1MTA1

പ്രേമം ഒറ്റദിനപ്പരോളില്‍?

ഫെബ്രുവരി 14: കാമദേവനെ ഓര്‍ക്കാവുന്ന ദിവസം. പാശ്ചാത്യ ഐതിഹ്യകഥയിലെ ക്യൂപിഡ്‌ കാമദേവന്‌ പകരം നില്‍ക്കും. കാദേവന്റെ 5 അമ്പുകള്‍: അരവിന്ദം, അശോകം, ചൂതം, നവമല്ലിക, നീലോല്‍പലം എന്നീ പൂവുകള്‍. വണ്ടുകളാണ്‌ ഞാണ്‍. ശ്രീക്റ്ഷ്ണന്റെയും രുഗ്മിണിയുടേയും പുത്രന്‍ പ്രദ്യൂമ്നന്‍ കാമന്റെ പുനര്‍ അവതാരമാണെന്ന്‌ പറയുന്നു. കാമന്റെ ഭാര്യ, രതി. ശംബരന്‍ എന്ന അസുരന്റെ അടുക്കളക്കാരിയാണ്‌ രതി. പ്രേമത്തിന്‌ വിഭാഗീയ ചിന്തകളില്ലെന്ന്‌ സാരം.
ഇതൊക്കെ ഓര്‍ക്കാന്‍ കൊള്ളാം. പ്രേമത്തെ ഒരു ദിവസത്തെ പരോളില്‍ ഓര്‍ക്കാന്‍ വിടുന്നത് കഷ്ടമാണു. അതു ജീവപര്യന്തമായി ഉണ്ടായിരിക്കേണ്ടതല്ലേ?

Blog Archive