Search This Blog

Saturday, May 3, 2014

കേരള സംഗീത നാടക അക്കാദമി ഗള്‍ഫ് നാടക മല്‍സരവിശേഷങ്ങള്‍

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി മികച്ച നടി, ഗള്‍ഫിലെ ആദ്യത്തെ സ്ത്രീ നാടക
സംഘം, പിന്നെ മറ്റ് അത്ഭുദങ്ങള്‍

കുവൈറ്റ്, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ പതിനേഴ് നാടകങ്ങള്‍
മല്‍സരിക്കാനുണ്ടായിരുന്നു എന്നത് ആദ്യത്തെ അത്ഭുദം. നാടക രംഗത്ത് ശക്തി
തെളിയിച്ചിട്ടുള്ള അബുദാബി പോലുള്ള സ്ഥലങ്ങളില്‍ നിന്നും
ഒന്നുമില്ലാതിരുന്നിട്ടും ഫെബ്രുവരിയില്‍ മല്‍സരിച്ച  നാടകങ്ങളുടെ എണ്ണം
പതിനേഴായി.  നാട്ടില്‍ നിന്നും ഒരു മാസത്തോളം ഗള്‍ഫ് നാടകങ്ങള്‍
വിലയിരുത്താന്‍ വന്ന അക്കാദമി ഭാരവാഹികളായ വിധികര്‍ത്താക്കള്‍ - ടി എം എബ്രാഹാം, പിവി കൃഷ്‌ണന്‍നായര്‍, മീനമ്പലം സന്തോഷ് - അഭിപ്രായപ്പെട്ടത് നാട്ടിലെ അക്കാദമി മല്‍സരത്തില്‍ അവതരിപ്പിച്ച നാടകങ്ങളോടൊപ്പമോ അതിനും മേലെയോ ആണ് ഗള്‍ഫ് നാടകങ്ങളെന്നാണ്.

മികച്ച അവതരണം അവാര്‍ഡ് ബഹ്‌റൈന്‍ വടകര സഹൃദവേദി അവതരിപ്പിച്ച മണ്ണൊന്ന്, മനുഷ്യനൊന്ന് എന്ന നാടകത്തിനാണ്. നാടക കര്‍ത്താവ് ജയന്‍ തിരുമന പത്ത് ദിവസത്തേക്ക് ബഹ്‌റൈനില്‍ പോയി പരിശീലിപ്പിച്ചു എന്നാണ് വിവരം. അതില്‍ അത്ഭുദമില്ല. അവതരിപ്പിക്കപ്പെട്ട പല നാടകങ്ങളും നാട്ടില്‍ നിന്നും കടം കൊണ്ടവയാണെന്ന് അണിയറക്കാര്‍ തന്നെ പറയുന്നുണ്ട്. മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ട 'അപ്പുണ്ണിയും കടുവയും' കെ പി ഏ സി കലേഷിന്‍റെ ഏകാങ്കം വികസിപ്പിച്ചതാണ്. മികച്ച സംവിധായകനുള്ള അവാര്‍ഡ് പങ്കിട്ട 'മാംസഗണിതം' നാട്ടില്‍ നിന്നും വരുത്തിയ സ്‌ക്രിപ്‌റ്റ് അഴിച്ചു പണിതത്. കുവൈറ്റില്‍ നിന്നും കലാശ്രീ പട്ടം നേടിയ ബാബു ചാക്കോള നേതൃത്വം നല്‍കുന്ന സമിതി - കല്‍പക് - അവതരിപ്പിച്ച 'അമ്മേ മാപ്പ്' നാട്ടില്‍ 20 വര്‍ഷം മുന്‍പ് എഴുതപ്പെട്ടതാണെന്ന് പറയുന്നു.

5 നാടകങ്ങള്‍ വീതം മല്‍സരിച്ച ബഹ്‌റൈനും കുവൈറ്റും 2 അവാര്‍ഡുകള്‍ വീതം നേടി. മികച്ച-നടന്‍ അവാര്‍ഡ് രണ്ടു പേര്‍ പങ്കിട്ടു. ബഹ്‌റൈന്‍
മുസിരിസ് അവതരിപ്പിച്ച വൈബ്രന്‍റ് സോഫ്‌റ്റ് എന്ന നാടകത്തിലെ ജോണ്‍ സി
കുരുവിളയായി വേഷമിട്ട മനോജ് മോഹനും മസ്‌കറ്റ് നാടകവേദിയുടെ അപ്പുണ്ണിയും കടുവയും എന്ന നാടകത്തിലെ ടൈറ്റില്‍ 'വേഷങ്ങള്‍' ചെയ്ത റിജു റാമും.

ഏഴ് നാടകങ്ങള്‍ മല്‍സരിച്ച മസ്‌കറ്റിലേക്ക് നാല് അവാര്‍ഡുകള്‍ പോയി.
മികച്ച സംവിധായകരില്‍ ഒരാളും മികച്ച നടന്‍മാരില്‍ ഒരാളും മസ്‌കറ്റിലാണ്.
മികച്ച നടി - ഒന്‍പതാം ക്‌ളാസ് വിദ്യാര്‍ത്ഥിനി ഗോപിക ഗംഗ നായര്‍ -,
സ്‌പെഷല്‍ ജൂറി അവാര്‍ഡ് നേടിയ ഡോ ആര്‍ രാജഗോപാല്‍ എന്നിവരും
മസ്‌കറ്റില്‍ത്തന്നെ.

അപ്പുണ്ണിയും കടുവയും ആഗോളീകരണകാലത്തെ ഗ്രാമങ്ങളുടെ
ചെറുത്തുനില്‍പ്പിന്‍റെ  കഥയാണ് പറഞ്ഞത്. രണ്ട് മണിക്കൂര്‍ നാടകത്തിന്‍റെ
ആദ്യപകുതിയില്‍ നിസഹായനായി അന്തംവിട്ടു നിന്ന അപ്പുണ്ണി കടുവയുടെ
വേഷപ്പകര്‍ച്ച നടത്തുന്ന കാഴ്‌ചയാണ് അവസാന പകുതിയില്‍. പലതരം കൊടികള്‍ നാട്ടിയിരുന്ന ഗ്രാമത്തില്‍ ഒരു വെള്ളക്കൊടി മതി എന്ന നാട്ടുകാരുടെ
തീരുമാനത്തില്‍ നാടകം അവസാനിക്കുന്നു.  അപ്പുണ്ണിയില്‍ പതിനൊന്ന്
സ്ത്രീകള്‍ ഉള്‍പ്പെടെ 32 കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നു.

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍
നിന്നും ഇന്‍റര്‍നെറ്റിലേക്ക് പടരുന്നത് കണ്ട് ഉന്‍മാദാവസ്ഥയിലെത്തിയ
കുട്ടിയെ 'മാംസഗണിത'ത്തില്‍ അവതരിപ്പിച്ച ഗോപിക ഗംഗ നായര്‍ മികച്ച
നടിയായി. മസ്‌കറ്റ് ഇടം അവതരിപ്പിച്ച ഈ നാടകത്തിന്‍റെ സംവിധായകന്‍
സുനില്‍ ഗുരുവായൂര്‍ മികച്ച സംവിധാനവും പങ്കിട്ടു.

സ്‌പെഷല്‍ ജൂറി അവാര്‍ഡ് നേടിയ ഡോ രാജഗോപാല്‍ 'ജീവന്‍റെ
അവശിഷ്‌ട'ത്തിലൂടെ ഒരു പ്രവാസകഥയാണ് പറഞ്ഞത്. കഥ അവതരിപ്പിച്ചത് ടീം മസ്‌കറ്റ്. ആളു മാറി ആക്രമിക്കപ്പെട്ട ഒരു ഹതഭാഗ്യനാണ്, ജീവന്‍റെ അവശിഷ്‌ടമായി ജീവിക്കുന്നത്. താമസിക്കുന്ന മുറിയില്‍ ഉറക്കത്തിനിടയില്‍ ബങ്ക് ബെഡില്‍ നിന്നും വീണ് നട്ടെല്ലൊടിഞ്ഞു എന്ന് കരുതുന്ന നായകനെ വാസ്തവത്തില്‍ തെറ്റിദ്ധാരണയാല്‍ കെട്ടിടത്തില്‍ നിന്നും ശത്രു താഴേക്കെറിയുകയായിരുന്നു. കഴുത്തിന് താഴെ തളര്‍ന്ന അയാള്‍ക്ക് അവസാനം 'മോക്ഷം' കൊടുക്കുന്നത് അമ്മ തന്നെയാണ്, ദയാവധത്തിലൂടെ. മസ്‌കറ്റില്‍ ഡോക്‌ടറായ രാജ്‌ഗോപാല്‍ പറയുന്നത് പുതിയ കാലത്ത് ദയാവധം മെഡിക്കല്‍ എത്തിക്‌സിന് എതിരല്ലെന്നാണ്.

മറ്റൊരു പ്രവാസ കഥ - കുവൈറ്റ് നിര്‍ഭയ തീയറ്റര്‍ അവതരിപ്പിച്ച പശു -
മികച്ച രചനക്കുള്ള അവാര്‍ഡ് ഇതെഴുതുന്നയാള്‍ക്ക് നേടിത്തന്നു. ഗള്‍ഫിലെ
ആദ്യ സ്ത്രീനാടകസംഘമായ നിര്‍ഭയ വതരിപ്പിച്ച പശുവില്‍ പത്ത്
സ്ത്രീകളാണുണ്ടായിരുന്നത്. കുവൈറ്റിലെ അബ്ബാസിയ എന്ന സ്ഥലത്ത് ഷെയറിങ്ങ് അക്കമഡേഷന്‍ വ്യവസ്ഥയില്‍ താമസിക്കുന്ന  സ്ത്രീകള്‍ അവരുടെ ദൈനംദിന ജീവിത വെല്ലുവിളികള്‍ ആത്മവിശ്വാസത്തോടെ നേരിടുന്നതാണ് കഥാപശ്‌ചാത്തലം. ഒരു സിറിയന്‍ അഭയാര്‍ത്ഥിക്ക് അഭയം കൊടുക്കാനുള്ള അവരുടെ തീരുമാനം അവരുടെ കാഴ്‌ചപ്പാടുകളെ മാറ്റുന്നതാണ് നാടകത്തിന്‍റെ ക്‌ളൈമാക്‌സ്. ആറാം ക്‌ളാസുകാരി അമൃത രാജന്‍ മുതല്‍ അന്‍പത്തിയൊന്ന് വയസുകാരി ശോഭ നായര്‍ വരെ അഭിനയിച്ച പശു കുവൈറ്റില്‍ അവതരിപ്പിക്കപ്പെട്ടതില്‍ ഏറ്റവും ഹ്രസ്വവും ചിലവു കുറഞ്ഞതുമായ നാടകമാണ്. ഒരു മണിക്കൂറായിരുന്നു അവതരണ സമയം.

മികച്ച സംവിധാനം പങ്കിട്ട ഷെമെജ് കുമാര്‍ 'ഉഷ്‌ണമേഖലയിലെ
പെണ്‍കുട്ടി'യിലൂടെ പറഞ്ഞത് മൈസൂര്‍ കല്യാണത്തിന്‍റെ കഥയാണ്. കുവൈറ്റ്
ഫ്യൂച്ചര്‍ ഐ തിയറ്റര്‍ അവതരിപ്പിച്ച ഒന്നര മണിക്കൂര്‍ നാടകത്തില്‍
മണിയറയിലെ രതി, ബലാല്‍സംഗം, കൊലപാതകം, പ്രസവം, ശവഘോഷയാത്ര എന്നീ സീനുകള്‍ ഉണ്ടായിരുന്നു. കല്‍പക് കുവൈറ്റിന്‍റെ 'അമ്മേ മാപ്പ്', തനിമയുടെ 'കൊട്ടുകാരനും കുറേ തുള്ളല്‍ക്കാരും', കലയുടെ 'രണ്ടാം ഭാവം'
എന്നിവയായിരുന്നു കുവൈറ്റില്‍ മല്‍സരിച്ച മറ്റ് നാടകങ്ങള്‍.

സംസ്ഥാന സര്‍ക്കാരിന്‍റെ മറ്റേത് അവാര്‍ഡും പോലെ ഗള്‍ഫ് നാടക അവാര്‍ഡും
വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നിന്നില്ല. കുവൈറ്റില്‍ കലയുടെ
പ്രവര്‍ത്തകര്‍ ഫെയ്‌സ്‌ബുക്കിലൂടെ അവാര്‍ഡ് നിര്‍ണ്ണയത്തോടുള്ള അവരുടെ
ആദ്യ പ്രതിഷേധം അറിയിച്ചു. അക്കാദമി ചെയര്‍മാന്‍ കുവൈറ്റില്‍ വന്നപ്പോള്‍ അവാര്‍ഡുകള്‍ക്കെതിരായ പരാതിയില്‍ കഴമ്പില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ഖത്തറിലെ നാടകസംഘാടകരുടെ ഉത്തരവാദിത്വമില്ലായ്‌മയില്‍ അവിടെ നാടകങ്ങള്‍ നടക്കാതെ പോയതാണ് ഗള്‍ഫ് നാടകരംഗത്തെ ഈ വര്‍ഷത്തെ കളങ്കം. എങ്കിലും അക്കാദമിയുടെ മല്‍സരം ഗള്‍ഫിലാകെ ഉണ്ടാക്കിയിട്ടുള്ള പുത്തനുണര്‍വ് നാടകം ഊര്‍ജ്ജ്വസ്വലതയോടെ ജീവിച്ചിരിക്കുന്നു എന്നതിന്‍റെ ശംഖ്‌നാദമാണ്.

Blog Archive