Search This Blog

Friday, March 28, 2008

മലയാളിയുടെ ഭക്ഷണം; (കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ സര്‍വേയില്‍ നിന്ന്‌

മലയാളിയുടെ ഭക്ഷണം; (കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ സര്‍വേയില്‍ നിന്ന്‌)

ഏറ്റവും പ്രിയപ്പെട്ടത്‌ ദോശ. രണ്ടാമത്‌ പുട്ട്‌. ഇഡ്ഢലി മുഖ്യമായും സവര്‍ണ വിഭാഗങ്ങളുടെ പലഹാരമാണത്രെ.

ദക്ഷിണേന്ത്യന്‍ പ്രാതല്‍ ശീലങ്ങളെ അധിനിവേശപ്പെടുത്താന്‍ ബ്രഡിനും ബട്ടറിനും കഴിഞ്ഞിട്ടില്ല.

95% പേരും ഉച്ചക്ഷണത്തിന്‌ ചോറ്' കഴിക്കുന്നു. വൈകുന്നേരം കപ്പയെ ചപ്പാത്തി കടത്തി വെട്ടി.

40% പേര്‍ റേഷനരിയെ ആശ്രയിക്കുന്നു. പക്ഷെ, സാമ്പത്തിക വിഭാഗങ്ങളില്‍ 80% പേര്‍ക്കും അരിയുടെ സ്രോതസ്‌ പൊതുവിപണിയാണ്‌.

മാംസ്യാഹാരങ്ങളില്‍ മത്സ്യം മുഖ്യം. രണ്ടാമത്‌ മാംസം. മൂന്നാമത്‌ മുട്ട .

മധ്യകേരളത്തിലുള്ളവരാണ്‌ വലിയ തീറ്റക്കാര്. 66% പേരും ഒരു ദിവസത്തെ ഭക്ഷണത്തില്‍ മത്സ്യം ഉള്‍പ്പെടുത്തുന്നു. തെക്കന്‍ വടക്കന്‍ പ്രദേശത്തുള്ളവരുടെ മത്സ്യ ഉപയോഗം 59%.
(പരിഷത്തിന്‍റെ 'കേരളപഠനം' എന്ന പുസ്തകത്തില്‍ നിന്ന്)

വാര്‍ത്താപ്രദക്ഷിണം

1. ചൂട്‌ വര്‍ത്തമാനങ്ങള്‍
ഷോപ്പനോവര്‍ പറഞ്ഞു ക്ളേശവും സഹനവുമായി നാം ഇണങ്ങിയില്ലെങ്കില്‍ നമുക്ക്‌ ലോകത്തോട്‌ താദാത്മ്യം പ്രാപിക്കാനാകാതെ വരുമെന്ന്. പരിപൂര്‍ണ ആരോഗ്യവാനായിരിക്കുന്ന ഒരാള്‍ തന്‍റെ ആരോഗ്യാവസ്ഥയെ മറന്ന് കാലില്‍ ഷൂ നോവിക്കുന്നയിടം മാത്രം ശ്രദ്ധിക്കുന്നതു പോലെയാണ്‌ മനുഷ്യജീവിതത്തില്‍ ക്ളേശമെന്നൊക്കെ പറയുന്നത്‌. ഷോപ്പനോവര്‍ ഗള്‍ഫിലെ ചൂട്‌ അറിഞ്ഞിട്ടില്ല. (ഭാരതീയ സാംഖ്യകാരികയെല്ലാം നല്ല പിടിത്തമ്). അറിഞ്ഞിരുന്നെങ്കില്‍ ആഗോളതാപവും ആഗോളസമ്പദ്‌വ്യവസ്ഥയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ ഉപന്യസിക്കുമായിരുന്നു. (ജര്‍മന്‍ തത്വചിന്തകന്‍ ആര്‍തര്‍ ഷോപ്പനോവറിന്‍റെ പ്രബന്ധങ്ങള്‍ പെന്‍ഗ്വിന്‍ ഇന്ത്യ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌).

2. വേനല്‍ക്കാലത്ത്‌ ഓഫീസുകളില്‍ കോട്ടും സ്യൂട്ടിനും പകരം ടി ഷര്‍ട്ട് ധരിക്കാമെന്ന നിയമം ചൈനയില്‍ നിലവില്‍ വന്നു. എ.സി. കുറച്ച്‌ അത്രയും ഊര്‍ജം ലാഭിക്കാമെന്ന് കണക്ക്‌ കൂട്ടല്‍.

ചൂടത്ത്‌ തൊലിയഴിച്ചു വച്ച്‌ എല്ലുംപുറത്ത്‌ തെല്ലുമിരുന്നു ഞാന്‍ എന്ന നവീന കവിത വായിക്കുന്നതിലും നന്ന്‌ ഉഷ്ണം ഉഷ്ണേന ശാമ്യതി (ഒരു ശക്തി അതേ ശക്തി കൊണ്ട്‌ തന്നെ ശമിക്കപ്പെടുന്നു) എന്ന് ഉറക്കെ ചൊല്ലുന്നതാണ്‌.

വേനലില്‍ കാലം ചൂട്‌ പിടിക്കുന്നതിന്‍റെ ചിത്രം മറ്റൊരു ചൊല്ലിലുണ്ട്‌: വേരറ്റ മരം, നീരറ്റ നദി, പേരറ്റ മനുഷ്യന്‍.

3. പുസ്തക പ്രദക്ഷിണം: എ തൌസന്‍ഡ്‌ സ്പ്ളെന്‍ഡിഡ്‌ സണ്‍സ്‌ (ഖാലിദ്‌ ഹുസൈനി, ബ്ളൂംസ്ബെറി പ്രസാധനം, 372 പേജ്‌, 514 രൂപ).

പരദേശീയത, സ്ത്രീവിമോചനം, അസ്തിത്വദുഃഖം, മുത്തശ്ശിക്കഥാചാരുത സമരസം ചേര്‍ന്നാല്‍ ഖാലിദ്‌ ഹുസൈനിയുടെ നോവലായി. താലിബാന്-നിര്‍ദ്ദയകാലത്തോട്‌ നിര്‍ഭയം നില കൊള്ളുന്ന മറിയത്തിനും ലൈലക്കുമറിയാം ഒരാള്‍ക്ക്‌ അവളുടെ നിഴല്‍ പോലും കൂട്ടിന്‌ വരില്ലെന്ന്. രണ്ട്‌ പേരുടെയും വയസന്‍ ഭര്‍ത്താവ്‌ റഷീദിന്‍റെ താടി വച്ച ക്രൂരതകളില്‍ നിന്നും അവരെ രക്ഷിക്കാന്‍ ഒരായിരം സൂര്യന്മാര്‍ വിടരുമെന്ന പ്രതീക്ഷ പല ആയിരം ഹ്ര്^ദയങ്ങളെ തൊടുന്നുണ്ട്‌.

2. ഗുന്തര്‍ ഗ്രാസിന്‍റെ പുതിയ പുസ്തകം: പീലിങ്ങ്‌ ദി ഒനിയന്‍.
യുദ്ധാനന്തര ജര്‍മ്മനിയുടെ സ്വയാവരോധിത മനഃസാക്ഷിയും നാസി കാലഘട്ടത്തിന്റെ വിമര്‍ശകനുമായ ഗുന്തര്‍ ഗ്രാസ്‌ ഹിറ്റ്ലറുടെ സേനയില്‍ ടാങ്ക്‌ ഗണ്ണറായിരുന്നു. സോവിയറ്റ്‌ പട്ടാളം കൊന്നിട്ട സഹചാരികളുടെ മ്ര്^തദേഹങ്ങള്‍ക്കിടയിലൂടെ ഓടുന്ന യുദ്ധകാലാനുഭവങ്ങള്‍ മുതല്‍ ടിന്‍ ഡ്രം മൂലക്ര്^തി 1959 ല്‍ പ്രസിദ്ധീകരിക്കുന്നതു വരെ ഖനി തൊഴിലാളി, ആശാരി, കവി, ശില്‍പി വേഷങ്ങളണിഞ്ഞ 32 വയസ്‌ വരെയുള്ള ജീവിതത്തിന്‍റെ ഉള്ളിത്തൊലി പൊളിക്കുന്നു ഗുന്തര്‍ ഗ്രാസ്‌. ഓര്‍മപുസ്തകത്തില്‍ ഭാവന കൂടിപ്പോയെന്നും ആത്മകഥാകാരന്‍ വെറും കഥാകാരനായെന്നും ആരോപിക്കുന്നുണ്ട്‌ ചില റിവ്യൂകാരന്മാര്‍.

ഇന്റര്‍നെറ്റില്‍ കണ്ടത്‌:
ജോര്ജ്‌ ബുഷ്‌ സ്കൂള്‍ കുട്ടികളുമായി സംസാരിക്കുകയായിരുന്നു. എനി ക്വസ്ച്യന്‍സ്‌? ലിറ്റില്‍ ജോ കൈയുയര്‍ത്തി. എന്തിനാണ്‌ യു. എന്‍. ന്‍റെ പിന്തുണ തേടാതെ ഇറാഖ്‌ ആക്രമിച്ചത്‌? പെട്ടെന്ന്‌ ഇന്‍റര്‍വെല്‍ ബെല്ലടിച്ചു. അര മണിക്കൂര്‍ കഴിഞ്ഞ്‌ തുടരാമെന്ന്‌ ബുഷ്‌. ഇന്‍റര്‍വെലിന്‌ ശേഷം എനി ക്വസ്ച്യന്സ്‌ കേട്ട ടോം പറഞ്ഞു. എനിക്ക്‌ രണ്ട്‌ ചോദ്യങ്ങളുണ്ട്‌. ഒന്ന്, എന്തിനാണ്‌ ഇന്‍റര്‍വെല്ലിനുള്ള മണി അര മണിക്കൂര്‍ നേരത്തേ അടിച്ചത്‌? രണ്ട്‌, എവിടെ എന്‍റെ സുഹ്ര്^ത്ത്‌ ജോ?

Monday, March 24, 2008

Naked Christ; Michael Angelo’s painting

ചലച്ചിത്രഗാനങ്ങളിലെ ഓണം: മിനിമോള്‍, വിഷുക്കണി എന്നീ ചിത്രങ്ങള്‍ ഓര്‍ക്കുന്നത്‌ തന്നെ അവ ഉള്‍ക്കൊള്ളുന്ന

'മാനത്തെ പൊന്നോണം മനസില്‍ വന്നെങ്കില്‍, നമ്മളാ താരങ്ങളായ്‌ മാറിയെങ്കില്‍' എന്ന്‌ രണ്ട്‌ നക്ഷത്രങ്ങള്‍ കണ്ടുമുട്ടിയെന്ന ഗാനത്തില്‍ ശ്രീകുമാരന്‍തമ്പി പാടുന്നു. അത്‌ 'കന്യാദാനം' എന്ന ചിത്രത്തിന്‌ വേണ്ടി എഴുപതുകളിലായിരുന്നു. ഇന്ന്‌ ഓണച്ചിത്രങ്ങള്‍ മെഗാ പൂക്കളവട്ടത്തില്‍ വട്ട്‌ ചുറ്റുമ്പോള്‍ ഓണപ്പാട്ടുകള്‍ പരിപൂര്‍ണമായും ഫെസ്റ്റിവല്‍ ആല്‍ബങ്ങളില്‍ കുടിയിരുത്തപ്പെട്ടു കഴിഞ്ഞിട്ടുണ്ട്‌.

ഓണപ്പാട്ടുകള്‍ അല്ലെങ്കിലും ഗാനമേളക്കാര്‍ക്ക്‌ ഓണസീസണില്‍ പാടാനുള്ളൊരു ആരംഭനമ്പരായി മാറിയിട്ട്‌ വര്‍ഷങ്ങളായി. തിരുവോണ ദിവസം ടിവി-റേഡിയോ ചാനലുകള്‍ ഓണപ്പാട്ടുകളെ അവരുടെ ഫയല്‍ക്കൂട് തുറന്ന്‌ പുറത്ത്‌ വിടും. പാതിരാത്രിയോടെ തിരിച്ചു കയറ്റും. പായസവും സൌഹ്ര്^ദ സംഗമങ്ങളും പോലെ ഓണപ്പാട്ടുകളും വര്‍ഷത്തിലൊരിക്കല്‍ മാത്രം തുറക്കുന്ന ഓര്‍മ്മപ്പെട്ടികളിലായിക്കഴിഞ്ഞു.

ദേശം വിട്ടു പോന്നവര്‍ക്ക്‌ നാടന്‍ ഓര്‍മ്മകള്‍ എടുത്ത്‌ താലോലിക്കാവുന്ന ചിറ്റമ്ര്^താണ്‌ ഓണപ്പാട്ടുകള്‍. 'പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി കേട്ടുണരും പുന്നെല്ലിന്‍ പാടത്തിലൂടെ നടക്കാനും മാവേലി മന്നന്‍റെ മാണിക്യത്തേര്' വരുന്നത്‌ കാണാനും' ക്ഷണിക്കുന്നത്‌ പഴയ പാട്ടുകളുടെ സ്വഭാവമാണ്‌. തുമ്പപ്പൂക്കള്‍, നന്ത്യാര്‍വട്ടം, ചെത്തി-ചെമ്പരത്തികളുടെ പൂവിളിക്ക്‌ കൂട്ട്‌ പോരാന്‍ പൊന്നോണത്തുമ്പിയെ വിളിക്കാനും അവ മറക്കുന്നില്ല. കോടിമുണ്ടുടുത്ത്‌ ഓണക്കിളി ഓടി നടക്കുന്നത്‌; കാവിലെ പൈങ്കിളിപ്പെണ്ണുങ്ങള്‍ കൈകൊട്ടിപ്പാട്ടുകള്‍ പാടുന്നത്‌; തിരുവോണപ്പുലരിയിലെ തിരുമുല്‍ക്കാഴ്ച വാങ്ങാന്‍ തിരുമുറ്റമണിഞ്ഞൊരുങ്ങുന്നത്‌; ഏത്‌ ഹ്ര്^ദയങ്ങളെയും അണിഞ്ഞൊരുക്കാന്‍ പോന്ന കാഴ്ചകള്‍! മിനിമോള്‍, വിഷുക്കണി എന്നീ ചിത്രങ്ങള്‍ ഓര്‍ക്കുന്നത്‌ തന്നെ അവ ഉള്‍ക്കൊള്ളുന്ന ഓണപ്പാട്ടുകളാലാണ്‌.

കേരളതീരത്തേക്ക്‌ ഓണപ്പൂവിനെ മാടി വിളിക്കുന്ന ഒ. എന്‍. വി. യുടെ പാട്ടാണ്‌ ഇന്നും ഗാനമേള സദസുകള്‍ക്ക്‌ പ്രിയങ്കരം (ഓണപ്പൂവേ, പൂവേ..). വില്ലും, വീണ, പൊന്‍തുടിയും, പുള്ളോപ്പെണ്ണിന്‍ മണ്‍കുടവും കവിതന്‍ ശാരിക കളമൊഴിയാല്‍ നറുതേന്‍ ചൊരിയുന്ന തീരത്തിന്‍റെ ഗാനം മലയാളികള്‍ മറക്കാത്തതിന്‌ ബംഗാളിയായ സലീല്‍ ചൌധുരിയുടെ ഇമ്പമെന്ന കാരണവുമുണ്ട്‌. ഒ. എന്‍. വി. യുടെ തന്നെ ഓന്നാം തുമ്പീ നീയോടി വാ എന്ന ഗാനത്തിനും (ചിത്രം: സമയമായില്ലാ പോലും) സലീല്‍ദായുടേതായിരുന്നു ഈണം.

ആറ്റുവക്കിലുലഞ്ഞാടും കരിനീല മുളകളില്‍ കാറ്റു വന്നു തട്ടി ഓണപ്പാട്ട്‌ പാടുന്നതും ഉത്ത്ര്'ട്ടാതി ഓണവെയിലില്‍ കുളിച്ചു നില്‍ക്കുന്നതുമായ കാഴ്ച മോഹിനിയാട്ടം എന്ന ചിത്രത്തിലുണ്ട്‌ (രചന: ശ്രീകുമാരന്‍ തമ്പി). തെളിഞ്ഞു പുഴയും വെയിലും പൊന്നോണം കാത്ത നെഞ്ചും എന്ന്‌ 'ഏതോ ഒരു സ്വപ്ന'ത്തില്‍ തമ്പി.

'ഇടിമുഴക്ക'ത്തിലെ നായകന്‍റെയും നായികയുടെയും കല്യാണം ഓണത്തെ ആശ്രയിച്ചാണിരിക്കുന്നത്‌. കള്ളീ നിന്‍റെ കള്ളച്ചിരി പോലെ കാലം തെളിഞ്ഞെന്ന്‌ (മഴ മാറി!) നായകന്‍ പാടുമ്പോള്‍ തുമ്പപ്പൂ കൂന കൂട്ടി തുമ്പിത്തുള്ളിയോണം വരുമെന്ന്‌ നായിക. പൊന്നോണം വിരുന്ന്‌ വരുമ്പോള്‍ അരവയര്‍ നിറവയറാകും അപ്പോള്‍ നമുക്ക്‌ കല്യാണം!

വയലാറിന്‍റെ 'ഓണം പിറന്നാലും ഉണ്ണി പിറന്നാലും മണ്ണിനോരോ കുമ്പിള്‍ കണ്ണീര്' എന്ന ഗാനം (ചിത്രം: തുലാഭാരം). പഞ്ഞം സര്‍വകാലീന പ്രതിഭാസമാണെന്ന്‌ പാടുന്നു. അന്ന്‌ പക്ഷെ, പൊന്നുഷസ്‌ കണി കണ്ടുണരാന്‍ ഒന്നുറങ്ങൂ എന്നെങ്കിലും വയലാര്‍ സ്വപ്നം കണ്ടു. ചിങ്ങനിലാവത്ത്‌ മുണ്ടകപ്പാടത്ത്‌ കിങ്ങിണി കെട്ടുന്ന നെല്ലോലയുടെ ഗ്രാമ്യചിത്രം തരുന്നെങ്കിലും ഓണം ആഘോഷിക്കപ്പെടുന്നില്ല വയലാറില്‍.

മരിക്കുതിന്‌ തൊട്ട്‌ മുമ്പ്‌ സലീല്‍ ചൌധുരി സംഗീതം നല്‍കിയ തുമ്പോളി കടപ്പുറം എന്ന ജയരാജ്‌ ചിത്രത്തില്‍, തീരത്തേക്ക്‌ അടുക്കാന്‍ വെമ്പുന്ന ഹ്ര്^ദയങ്ങളുടെ നോവുപാട്ടാണ്‌ ഒ. എന്‍. വി. എഴുതിയതെന്നത്‌ കാലത്തിന്‍റെ അവരോഹണം. കടല്‍ത്തിരയാടുന്നീ 'തീ'മണലില്‍ എന്ന്‌ ഒരു പാട്ടില്‍. ഓളവും തീരവും മറ്റ്‌ പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കപ്പെടു നാട്ടില്‍, സ്വപ്നം കാണാനെങ്കിലും ഓണപ്പാട്ടുകള്‍ ഓര്‍മ്മിപ്പിക്കുന്നു.

Thursday, March 20, 2008

ഹോര്‍മോണുകള്‍ കുത്തിവച്ച്‌ ആയുസ്‌ നീട്ടാമെന്ന തട്ടിപ്പുകള്‍ക്ക്‌..

1. കൊഴുപ്പ്‌ കൂടിയ ഭക്ഷണ ഇനങ്ങള്‍ക്ക്‌ ഇംഗ്ളണ്ടില്‍ കൊഴുപ്പ്‌ നികുതി (ഫാറ്റ്‌ ടാക്സ്‌) വരുന്നു.

ഭക്ഷണത്തിലെ കൊഴുപ്പ്‌ സംബന്ധമായ അസുഖങ്ങളാല്‍ ഓരോ വര്‍ഷവും 3,200 പേര്‍ മരിക്കുന്നു ഇംഗ്ളണ്ടില്‍. നികുതി കൊണ്ട്‌ വായടപ്പിക്കാന്‍ പറ്റുമോ? (ആര്‍ക്കാണ്‌ കുന്ന്‌ പോലെ ചോറ്' വിളമ്പി വച്ചിരിക്കണത്‌ എന്ന്‌ കേരളത്തിലൊരു കാരണവര്‍ ചോദിച്ചു. തന്‍റെ തന്നെ ഇലയിലാണത്‌ എന്നറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: മോര്' കൂട്ടിക്കുഴച്ചാല്‍ കുറച്ചേ ഉള്ളൂ)

2. വികസിത രാജ്യങ്ങളില്‍ നൂറ്' വയസു വരെ ജീവിക്കുന്നവരുടെ സംഖ്യ വര്‍ദ്ധിക്കുന്നു. അതില്‍ 80% പേരും സ്ത്രീകള്‍.

കേരളത്തില്‍ ഇത്‌ നടക്കില്ല. മദ്യപാനവും പുകവലിയും ഇല്ലെങ്കിലും അവര്‍ സീരിയല്‍ കാണുന്നുണ്ടല്ലോ. വളര്‍ച്ചാ ഹോര്‍മോണുകള്‍ കുത്തിവച്ച്‌ ആയുസ്‌ നീട്ടാമെതു പോലുള്ള തട്ടിപ്പുകള്‍ക്ക്‌ കേരളത്തില്‍ ആയുസുണ്ട്‌.

3. കുളിമുറിപ്പാട്ടുകാരെപ്പറ്റി റിയാലിറ്റി ടെലിവിഷന്‍ പ്രോഗ്രാം. ഷൈലേഷ്‌ കപൂര്‍ ഒരുക്കുന്ന പരിപാടിയില്‍ കുളിച്ചും പാടിയും ഓന്നാം സ്ഥാനത്തെത്തിയാല്‍ 25 ലക്ഷം രൂപ.

പ്രേക്ഷകര്‍ക്ക്‌ അങ്കവും കാണാം താളിയുമൊടിക്കാം. ഇനി ഏറ്റവും നന്നായി ഇണ ചേരുന്ന ദമ്പതികളുടെ മത്സരത്തിനായി കാത്തിരിക്കാം.

4. എം ബി എ വിദ്യാര്‍ത്ഥികള്‍ നിയോജകമണ്ഡലങ്ങള്‍ സന്ദര്‍ശിച്ച്‌ എം എല്‍ എ മാരുമായി യോജിച്ച്‌ പ്രവര്‍ത്തിക്കുന്ന പാഠ്യപദ്ധതി ആന്ധ്രയില്‍.

മാനേജ്മെന്റ്‌ ഗുരുക്കള്‍ ഇന്ത്യയുടെ ആത്മാവ്‌ ഗ്രാമങ്ങളില്‍ കണ്ടെത്തുന്നത്‌ വിപ്ളവകരമായിരിക്കും. അലഞ്ഞുപഠിത്തം മൂലം ആ ഗ്രീന്‍ കോളര്‍ ജോലി വേണ്ടെന്ന്‌ വയ്ക്കാതിരുന്നാല്‍ മതി ഭാവി വാഗ്ദാനങ്ങള്‍.

5. ടെക്സാസില്‍ വധശിക്ഷ കാത്തു കഴിയുന്ന ഒരാളുടെ അവസാന ആഗ്രഹം: തമാശ കേട്ട്‌ ചിരിച്ചു കൊണ്ട്‌ മരിക്കണം!

മൈസ്പേസ്‌ ഡോട്ട്‌ കോമില്‍ അയാള്‍ക്കായി തമാശാവാതായനങ്ങളുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഒരെണ്ണമിങ്ങനെ: അമേരിക്കയില്‍ പൊതുസ്ഥലത്ത്‌ ചുംബിക്കാം; വിസര്‍ജ്ജനം പാടില്ല. ഇന്ത്യയില്‍ പൊതുസ്ഥലത്ത്‌ വിസര്‍ജ്ജിക്കാം; ചുംബിക്കാന്‍ പാടില്ല.
(അനുബന്ധം: ഇന്ത്യന്‍ സിനിമകളില്‍ പണ്ട്‌ മുഖത്ത്‌ മാത്രമായിരുന്നു ചുംബനം; ഇപ്പോള്‍ ചുംബനം മുഖത്ത്‌ മാത്രമില്ല!)

6. ജര്‍മ്മനിയിലെ മ്യൂസ്റ്ററില്‍ ഈയിടെ നടന്ന ശില്പ പ്രദര്‍ശനത്തില്‍ ഏറ്റവും ശ്രദ്ധേയമായ ശില്പം ഗോതമ്പ്‌ വയലില്‍ അറുത്തിട്ട പുല്ല്‌ കൊണ്ട്‌ തീര്‍ത്ത വഴി (പാത്ത്‌).

ശില്പമേള നടക്കുന്ന പ്രദേശത്തോട്‌ താദാത്മ്യം പ്രാപിച്ച സ്ര്^ഷ്ടിയെന്നതിലുപരി ആസ്വാദനത്തിന്‍റെ പുതിയ വഴികള്‍ നിര്‍മ്മിച്ചതിനാലാണ്‌ പോളണ്ടുകാരനായ പാവല്‍ അല്‍ത്താമറിന്‍റെ 'പാത്ത്‌' അനന്യസാധാരണമാകുന്നത്‌. (സ്ര്^ഷ്ടിയേക്കാള്‍ ആശയത്തിന്‌ പ്രാധാന്യം കൊടുക്കുന്ന കണ്‍സെപ്ച്വല്‍ കലയുടെ വക്താവാണ്‌ പാവല്‍).

7. കമ്പ്യൂട്ടര്‍ മഷീന്‍ പൊടി പിടിക്കുന്നതിനൊരു ആന്‍റി..പൊടി പ്രോഗ്രാം! ബെല്‍കിന്‍ കമ്പനിയുടെ കഴുകാവുന്ന മൌസ്‌ (വാട്ടര്‍ റെസിസ്റ്റന്റ്‌ മൌസ്‌) വിപണിയില്‍.

മൌസ്‌ കഴുകുന്ന കൂട്ടത്തിലെങ്കിലും കമ്പ്യൂട്ടര്‍ പിരാന്തന്‍മാരും കുളിക്കണമെന്ന്‌ പ്രോഗ്രാമില്‍ ഇല്ല.

8. ദേശീയ സ്പിരിച്വല്‍ ചാനലുകളിലൊന്നായ ആസ്ത യുവജനങ്ങള്‍ക്കായി ഭക്തിഗാന മത്സരം നടത്തുന്നു. കാഷ്‌ പ്രൈസുകള്‍ തീര്‍ത്ഥയാത്രകള്‍ക്ക്‌ വഴി മാറും.

റിലിജിയസ്‌ ഇന്ത്യന്‍ ഐഡല്‍ ഷോ-വിജയികള്‍ തീര്‍ത്ഥയാത്രാ ടിക്കറ്റുകള്‍ മറിച്ചു വില്‍ക്കാതെ നോക്കണം.

Wednesday, March 19, 2008

കേരളത്തിലെ 47% പേര്‍ക്ക്‌ ഓടിട്ട വീടുകളാണ്‌. ഓലയോ പുല്ലോ കൊണ്ട്‌ മേഞ്ഞത്‌ 9 % വീടുകള്‍

കേരളം: കണക്കുകള്‍:
1. കേരളത്തിലെ കര്‍ഷകത്തൊഴിലാളികളില്‍ 35.5% പരമദരിദ്രരാണ്‌. അവരുടെ ശരാശരി മാസവരുമാനം 363 രൂപ.

2. സംസ്ഥാനത്തെ 18-60 വയസിനിടയിലുള്ളവരില്‍ 11 ശതമാനത്തിനേ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസമുള്ളൂ. അവരില്‍ 34 % പേര്‍ക്കും തൊഴിലില്ല.

3. ബിരുദബിരുദാനന്തര തലങ്ങളില്‍ പെണ്‍കുട്ടികള്‍ നേടുന്ന മേല്‍ക്കൈ അവരുടെ തൊഴില്‍ പങ്കാളിത്തത്തില്‍ പ്രതിഫലിക്കുന്നില്ല.

4. അണ്‍ എയിഡഡ്‌ വിദ്യാലയങ്ങളില്‍ മെച്ചപ്പെട്ട വിദ്യാഭ്യാസമാണോ നടക്കുന്നതെന്ന കാര്യത്തില്‍ തര്‍ക്കമുള്ളപ്പോള്‍ത്തന്നെ അവിടെ പഠിക്കു കുട്ടികളാണ്‌ മിക്കപ്പോഴും മത്സരപ്പരീക്ഷകളില്‍ കൂടുതല്‍ മാര്‍ക്ക്‌ വാങ്ങുകയും മെച്ചപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുകയും ചെയ്യുന്നത്‌.

5. മുസ്ളിം വിഭാഗത്തില്‍ നിന്നും 8% പേരാണ്‌ കോളേജില്‍ പഠിക്കുന്നത്‌. ക്രിസ്ത്യന്‍ വിഭാഗത്തില്‍ 20.5 ശതമാനവും, മുന്നോക്ക ഹിന്ദുവില്‍ 28%, പിന്നോക്ക ഹിന്ദുവില്‍ 17 ശതമാനവും കോളേജില്‍ പഠിക്കുന്നു.

6. കേരളത്തിലെ 47% പേര്‍ക്ക്‌ ഓടിട്ട വീടുകളാണ്‌. 43% വീടുകള്‍ക്ക്‌ കോണ്‍ക്രീറ്റ്‌ മേല്‍ക്കൂര. ഓലയോ പുല്ലോ കൊണ്ട്‌ മേഞ്ഞത്‌ 9 % വീടുകള്‍.

7. 1987 ല്‍ 48% വീടുകളിലാണ്‌ കക്കൂസ്‌ ഉണ്ടായിരുന്നത്‌. ഇപ്പോള്‍ 93% വീടുകളില്‍ കക്കൂസ്‌ ഉണ്ട്‌.

8. വാസയോഗ്യമായ വീടുകള്‍ കൂടുതലും എറണാകുളം, ത്ര്^ശൂര്‍ ഭാഗത്താണ്‌. മോശം വീടുകള്‍ ഇടുക്കിയിലും വയനാട്ടിലും.

9.ആലപ്പുഴയും തിരുവനന്തപുരവും കൊതുകുശല്യത്തില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ കോഴിക്കോടും കാസര്‍ഗോഡുമാണ്‌ അക്കാര്യത്തില്‍ ആശ്വാസം.

10. 51 % പേര്‍ക്കാണ്‌ സ്വന്തമായി കിണര്‍ ഉള്ളത്‌. വീടിനുള്ളില്‍ പൈപ്പ്‌- വെള്ളം ലഭ്യമാകുന്ന കാര്യത്തില്‍ വര്‍ദ്ധനവ്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
(കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ സര്‍വേയില്‍ നിന്ന്‌)

Tuesday, March 18, 2008

ജ്ഞാനസ്നാനം ചെയ്യാത്ത കുഞ്ഞുങ്ങള്‍ മരിച്ചാല്‍ പോകുന്നയിടമ്‌‌‌

1. സൌദിയിലെ മലയാളി വീട്ടുജോലിക്കാരികള്‍ നേരിടുന്ന പീഡനാനുഭവങ്ങള്‍ റിയാദിലെ പത്രങ്ങളില്‍ വന്നതിനെ തുടര്‍ന്ന്‌ സൌദി ഭരണകൂടം സ്പോസര്‍മാര്‍ക്കെതിരെ കര്‍ശന നടപടികള്‍ക്കൊരുങ്ങുന്നു.

ഓര്‍ത്തു പോവുന്നതാണ്‌. 16 ആം നൂറ്റാണ്ടിലൊരു ഹംഗേറിയന്‍ പ്രഭ്വി, എര്‍സബത്ത്‌ ബത്തോറി, സൌന്ദര്യ സംരക്ഷണത്തിനായി കന്യകകളായ വീട്ടുജോലിക്കാരെ കൊന്ന്‌ അവരുടെ രക്തത്തില്‍ കുളിച്ചിരുന്നത്രെ.
'അവന്‍ എനിക്ക്‌ കമ്മല്‍ തരാമെന്ന്‌ പറഞ്ഞു. എന്നാല്‍ അവനെന്‍റ്റെ ചെവി കുത്തിക്കീറുക മാത്രമേ ചെയ്തൊള്ളൂ!' (അറബിക്‌ പഴഞ്ചൊല്ല്‌).

2. പുസ്തക പ്രദക്ഷിണം: ദൈവത്തിന്‍റ്റെ അഭാവം നിറഞ്ഞ, വരണ്ട, മൂകമായ പ്രദേശത്ത്‌ കൂടെ പേരില്ലാത്ത അച്ഛനും മകനും നടത്തുന്ന എങ്ങോട്ടെ'റിയില്ലാ യാത്രയാണ്‌ കോര്‍മാക്‌ മക്കാര്‍ത്തിയുടെ പുലിറ്റ്സര്‍ സമ്മാനിതമായ നോവല്‍, ദ റോഡ്‌. ടി. എസ്‌. ഏല്യറ്റിന്റെ വേസ്റ്റ്ലാന്‍ഡും ജോസഫ്‌ കോണ്‍റാഡിന്റെ ഹാര്‍ട്ട്‌ ഓഫ്‌ ഡാര്‍ക്ക്നെസും, ഡാന്‍റ്റെയുടെ ഇന്‍ഫെര്‍ണോയും 'റോഡില്' ദര്‍ശിക്കാമെന്ന്‌ റിവ്യൂകാരന്‍മാര്‍.

3. ആഗോളതാപത്തെപ്പറ്റിയുള്ള ഡോക്യൂമെന്ററി 'ആന്‍ ഇന്‍കണ്‍വീനിയന്‍റ്റ്‌ ട്രൂത്ത്‌': മുന്‍ അമേരിക്കന്‍ വൈസ്‌ പ്രസിഡണ്ട്‌ അല്‍ ഗോറാണ്‌ കാലാവസ്ഥാ മാറ്റത്തെക്കുറിച്ച്‌ മുറിയിപ്പ്‌ തരുന്ന ഡോക്യൂമെന്ററിയുടെ അവതാരകന്‍.

നമുക്ക്‌ ഗ്ളോബല്‍ വാമിങ്ങ്‌ മായയാണെന്ന്‌ വിശ്വസിക്കാനാണ്‌ താല്‍പര്യം. പെണ്ണല്ലേ, പ്രസവിക്കും എന്ന്‌ പറയുന്നത്‌ പോലെ പ്രക്ര്^തിയല്ലേ, മാറിക്കൊണ്ടിരിക്കും!

4. പിന്‍വലിച്ചു: ലിംബോ, ജ്ഞാനസ്നാനം ചെയ്യാത്ത കുഞ്ഞുങ്ങള്‍ മരിച്ചാല്‍ പോകുന്നയിടമെന്ന്‌ കത്തോലിക്കാ സഭ പഠിപ്പിച്ചിരുന്ന കണ്‍സെപ്റ്റ്‌, പിന്‍വലിച്ചു. 13 ആം നൂറ്റാണ്ടില്‍, ദൈവശാസ്ത്രകാരനായിരുന്ന സെന്‍റ്റ്‌ തോമസ്‌ അക്വിനാസ്‌ ആണ്‌ ലിംബോ സങ്കല്പത്തെപ്പറ്റി ആഴത്തില്‍ പഠിപ്പിച്ചത്‌. ലിംബുസ്‌ ഇന്‍ഫാന്റും എന്ന മാമ്മോദീസ മുക്കാത്ത കുഞ്ഞാത്മക്കളുടെ ഇടം ദൈവത്തിന്റെ അനന്തകാരുണ്യത്തില്‍ വേര്‍തിരിക്കപ്പെടേണ്ട കാര്യമില്ലെന്ന്‌ പോപ്പ്‌ ബനഡിക്റ്റ്‌.
അങ്ങനെ പരിണാമസിദ്ധാന്തം ദൈവശാസ്ത്രത്തിലും.

5. പുസ്തകപ്രദക്ഷിണം: കാബൂള്‍ ബ്യൂട്ടി സ്കൂള്‍, ഡെബോറ റോഡ്‌റീഗ്സ്‌, റാന്‍ഡം ഹൌസ്‌ പ്രസാധനം. മിച്ചിഗണില്‍ ഹെയര്‍ഡ്രസ്സറായി ജോലി ചെയ്തിരുന്ന ഗ്രന്‍ഥകാരിയുടെ അഫ്ഗാനിസ്ഥാന്‍ അനുഭവങ്ങള്‍. താലിബാന്‍ ദേശത്ത്‌ ബ്യൂട്ടീഷന്മാരെ സ്ര്^ഷ്ടിക്കുന്നതിലൂടെ സ്ത്രീകള്‍ക്ക്‌ പണവും പദവിയും ആത്മവിശ്വാസവും നല്‍കിയ സൌന്ദര്യവിപ്ളവത്തിന്റെ ആകര്‍ഷകമായ ആഖ്യാനമെന്ന്‌ നിരൂപകര്‍. അഫ്ഗാനിയെ കല്യാണം കഴിച്ച്‌ കാബൂളില്‍ ഇപ്പോഴും ബ്യൂട്ടി സ്കൂള്‍ നടത്തി ജീവിക്കുന്നു ക്രേസി ഡെബ്‌ എന്ന്‌ അമേരിക്കന്‍ സുഹ്ര്^ത്തുക്കളുടെയിടയില്‍ അറിയപ്പെടുന്ന വിപ്ളവ എഴുത്തുകാരി.

പെണ്ണുങ്ങള്‍ക്ക്‌ തലമുടിയുടെയത്രയും വിലയില്ലാത്ത ദേശത്തെ തലമുടി വിപ്ളവത്തിന്‌ നീളമെത്ര?

Monday, March 17, 2008

കസാന്‍ദ്‌ സാക്കീസിന്‍റ്റെ ദ ലാസ്റ്റ്‌ ടെംപ്റ്റേഷന്‍, കുന്ദേരയുടെ ദ കര്‍ട്ടന്‍

1. കസാന്‍ദ്‌ സാക്കീസിന്‍റ്റെ ദ ലാസ്റ്റ്‌ ടെംപ്റ്റേഷന്‍ വായിക്കാനുള്ള ത്യാഗം ഈ ലെന്‍റ്റ്‌ സീസണിലെങ്കിലും ഉണ്ടാവേണ്ടതാണ്‌. മനുഷ്യനായിരിക്കുമ്പോള്‍ത്തന്നെ എങ്ങനെ ദൈവികത സാധ്യമാവുമെന്ന്‌ ആ നോവല്‍ നെഞ്ച്‌ പിളര്‍ത്തി കാണിച്ചു തരുന്നു. മാനുഷിക ഘടകങ്ങള്‍ ദൈവികത്വത്തില്‍ സന്നിവേശിപ്പിക്കുന്ന ആന്ത്രോപ്പോമോര്‍ഫിക്ക്‌ ടെക്നിക്‌ ഇല്ലാതെ പച്ചയായി ക്രിസ്തുവിനൊപ്പം നടക്കുകയാണ്‌ കസാന്‍ദ്‌ സാക്കീസ്‌. ആ യാത്രയില്‍ കുന്നുകളും കുഴികളും ദുഃഖവെള്ളികളും ഉയിര്‍പ്പുഞായറുകളുമുണ്ട്‌. കളിക്കൂട്ടുകാരിയായിരുന്ന മഗ്ദലന മറിയം വേശ്യയായത്‌ താന്‍ ആത്മീയപാത തെരഞ്ഞെടുത്തതു കൊണ്ടാണെന്ന്‌ പരിതപിക്കുന്ന, മനുഷ്യരുടെ അക്ഷമ പെരുത്ത്‌ മശിഹാ സ്ഥാനം ആരോപിക്കപ്പെട്ട', തുടര്‍ ജീവിതം തന്നെ കുരിശിന്‍റ്റെ വഴിയായി ഭവിച്ച, ഭൂമിയെ തൊട്ടു നടന്ന്‌ സഹജപ്രലോഭനങ്ങളെ അതിജീവിച്ച ഒരു മനുഷ്യന്‍റ്റെ അസാധാരണമായ കഥയാണ്‌ അന്ത്യപ്രലോഭനം. ഇത്‌ വായിച്ചാല്‍ ഇത്തിരിയെങ്കിലും സ്നേഹം നമ്മില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാതിരിക്കില്ല. ദുഃഖവെള്ളിയാഴ്ച കുടിച്ചു പൂസായി മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള ആഘോഷമായി ഈസ്റ്റര്‍ പരിണമിച്ചിരിക്കുന്നു പലര്‍ക്കും!

2. ജോണ്‍ മില്‍ട്ടന്‍റ്റെ പറുദീസ നഷ്ടം (പാരഡൈസ്‌ ലോസ്റ്റ്‌) ഹോളിവുഡില്‍ സിനിമയാകുന്നു.

പറുദീസസംബന്ധമായ ഒരു കച്ചവടവും നഷ്ടമാവാറില്ല. കേന്ദ്രകഥാപാത്രമായ ലൂസിഫറെ അവതരിപ്പിക്കാന്‍ പുതിയ ജയിംസ്‌ ബോണ്ട്‌ ഡാനിയേല്‍ ക്രെയിഗിനു വരെ താല്‍പര്യമാണത്രെ. അങ്ങനെ ഒരു ദേവാസുര യുദ്ധകഥ കൂടി. നോക്കുക, നന്‍മയും തിന്‍മയും തമ്മിലുള്ള സംഘട്ടനമെന്ന്‌ പേര്'. കൂടുതല്‍ കാണിക്കുന്നത്‌ തി്‌ന്മ. ഒടുവില്‍ നന്‍മയുടെ റൊമാന്‍റ്റിക്‌ വിജയമ്. നമുക്ക്‌ ത്ര്^പ്തി, ബോക്സ്‌ ഓഫീസിന്‌ മുക്തി!

3. മിലാന്‍ കുന്ദേരയുടെ പുതിയ പുസ്തകം ദ കര്‍ട്ടന്‍, ആന്‍ എസ്സേ ഇന്‍ സെവന്‍ പാര്‍ട്സ്‌.

നോവലെഴുത്തും വായനയും എന്ന കലയെപ്പറ്റിയുള്ള ഒരു ധ്യാനമാണ്‌ കുന്ദേരയുടെ തന്നെ സാഹിത്യാസ്വാദന ക്ര്^തിയായ ദി ആര്‍ട്ട്‌ ഓഫ്‌ ദ നോവലിന്‍റ്റെ (1988) തുടര്‍ച്ചയായ കര്‍ട്ടന്‍ (റിവ്യൂകാരന്മാര്). ഒരു നോവലിസ്റ്റ്‌ പ്രസംഗപീഠത്തില്‍ നില്‍ക്കുന്ന പ്രഫസര്‍ അല്ല; മറിച്ച്‌ സ്വന്തം സ്റ്റുഡിയോയിലേക്ക്‌ വായനക്കാരെ ക്ഷണിക്കുന്ന ചിത്രകാരനെപ്പോലെയാണ്‌. ആധുനികതക്കെതിരായ പുതു ആധുനികതയാണ്‌ നോവലുകള്‍ സാധ്യമാക്കേണ്ടത്‌. അന്നകരിനീനയുടെ ആത്മഹത്യാചിന്തകള്‍ക്ക്‌ പകരം വക്കാന്‍ മനോവിവരണത്തിന്റെ കാര്യത്തില്‍ ലോകസാഹിത്യത്തിലൊന്നുമില്ലെന്നാണ്‌ കുന്ദേരയുടെ അഭിപ്രായം. ദുരന്തചിത്രീകരണങ്ങളുടെ മുന്‍വ്യാഖ്യാനങ്ങള്‍ കൊണ്ട്‌ തുന്നിയ കര്‍ട്ടനുകള്‍ കീറേണ്ടതുണ്ടെന്നും കുന്ദേര ഓര്‍മ്മപ്പെടുത്തുന്നു. ചരിത്രം, സാഹിത്യം, സംഗീതം, രാഷ്ട്രീയം, കിഴക്കും പടിഞ്ഞാറും തമ്മിലെ അന്തരം.. കര്‍ട്ടനില്‍ ചര്‍ച്ചക്കായി കടന്നു വരുന്നു. ദ ബുക്ക്‌ ഓഫ്‌ ലാഫ്റ്റര്‍ ആന്‍ഡ്‌ ഫൊര്‍ഗെറ്റിങ്ങിന്റെയും ദി അണ്‍ബെയറബിള്‍ ലൈറ്റ്നസ്‌ ഓഫ്‌ ബീയിങ്ങിന്റേയും കര്‍ത്താവ്‌ പറയുന്നതില്‍ കനവും കാര്യവുമുണ്ടെന്ന്‌ നിരൂപകര്‍.

4. ഷേക്സ്പിയറിന്‍റ്റെ എ മിഡ്സമ്മര്‍ നൈറ്റ്സ്‌ ഡ്രീം ലണ്ടനില്‍ അവതരണമാരംഭിച്ചു. നാടകം പകുതി ഇംഗ്ളീഷിലും പകുതി മലയാളമടക്കമുള്ള ആറ്' ഇന്ത്യന്‍ ഭാഷകളിലും.
ഇതാണ്‌ ഗ്ളോബലൈസ്ഡ്‌ നാടകം. 412 വര്‍ഷം മുന്പ്‌ അരങ്ങേറിയ ഒറിജിനല്‍ മിഡ്സമ്മറിനെ ഹാരിപോട്ടര്‍ തലമുറക്കായി ആഗോള ഉടുപ്പിടീച്ച അണിയറക്കാര്‍ക്ക്‌ ഹാറ്റ്സ്‌ ഓഫ്‌!

Blog Archive