Search This Blog

Thursday, August 14, 2008

പനച്ചീപംക്തി: വായനയുടെ രസം

സൂക്ഷിക്കുക! അച്ചടിയില്‍ അക്ഷരപ്പിശാച് പിടികൂടുന്നവരും തോന്ന്യാസങ്ങളും അല്‍പത്തങ്ങളും എഴുന്നള്ളിക്കുന്നവരും! പനച്ചി ഭാഷാപോഷിണിയിലെഴുതുന്ന 'സ്നേഹപൂര്‍വം'പംക്തിയില്‍ വലിപ്പച്ചെറുപ്പമില്ലാത്തവരുടെ അങ്ങനെതന്നെയുള്ള മണ്ടത്തരങ്ങള്‍ സ്നേഹപൂര്‍വം കൊല്ലപ്പെടാം. 96-2000 കാലത്തെ സ്നേഹപൂര്‍വം കുത്തുകളുടെ സമാഹാരം ഒന്നാന്തരം നര്‍മ്മനിരീക്ഷണങ്ങളാണ്. മുഖ്യധാരാമുഖ്യന്‍മാരല്ലാത്ത മിനി എഴുത്തുകാരും അവരുടെ മിനി കുറിപ്പുകളും പനച്ചിയുടെ ഓപറേഷന്‍ ടേബിളില്‍ സ്കാനിങ്ങിനും സര്‍ജറിക്കും വിധേയമാകുന്നു. മുഖ്യന്‍മാരുടെ പേരില്‍ കഥയും കവിതയും ആനുകാലികങ്ങളിലേക്ക് അയക്കുന്ന വീരന്‍മാര്‍ മുതല്‍ 'അനുകൂല ഉത്തരാധുനികത' എന്നൊക്കെ തട്ടി വിടുന്ന പോസ്റ്റ് മോഡേണ്‍ നിരൂപകര്‍ വരെ; ബംഗളൂരു ശ്രീനാരായണസമിതിയുടെ 'സന്ദേശം' മാസികയില്‍ മദ്യപ്പരസ്യം വരുന്നതിലെ സാംഗത്യം മുതല്‍ സ്വന്തം നോവലിന് 'മാസ്റ്റര്‍പീസ്' എന്നെഴുതിവയ്ക്കുന്ന എഴുത്തുകാരന്‍റെ ഉദ്ദേശ്യശുദ്ധി വരെ; 'ഗോഡ് ഒഫ് സ്മോള്‍ തിങ്സ്' ഒരധ്യായം മാത്രം വായിച്ച് അത് കമ്യൂണിസ്റ്റ് വിരുദ്ധസാഹിത്യമാണെന്ന് അനന്തമൂര്‍ത്തി പറയുന്നതിലെ ശരി; എഴുത്തുകാര്‍ ഒരേ രചന ഒരേ സമയം പല പ്രസിദ്ധീകരണങ്ങള്‍ക്ക് അയച്ചു കൊടുക്കുന്നതിലെ ശരികേട്; 'നാം അദ്ദേഹത്തെ (എം പി നാരായണപിള്ളയെ) വെറും പത്രപ്രവര്‍ത്തകനായി തരം താഴ്ത്തുകയായിരുന്നു' എന്ന് അഴീക്കോട് പറയുനതിലെ തരം തിരിവ്; ഗീതയുടെ പ്രലയം എന്നെ ചെറുകഥ എന്ന ഛര്‍ദ്ദ്യതിസാരം; ദൈവത്തിന്‍റെ സ്വന്തം നാട് പ്രയോഗം ന്യൂസിലന്‍റുകാരില്‍ നിന്ന് കടമെടുത്തതാണെന്ന് ശശി തരൂര്‍ പറഞ്ഞത്; ആന്‍ഡമാന്‍-നികോബാര്‍ ദ്വീപുകളെ വിദേശമായി നായനാര്‍ 'എന്‍റെ വിദേശയാത്രകളി'ല്‍ വിശേഷിപ്പിച്ചത്; കുറ്റാന്വേഷണ പത്ര റിപ്പോര്‍ട്ടിങ്ങിന്' മെത്രാന്‍റെ പേരില്‍ അവാര്‍ഡ് കൊടുക്കുന്നത്; ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍ കേട്ട പ്രസംഗങ്ങളെല്ലാം സമാഹരിച്ച് പുതിയൊരു പുസ്തകം 'നിര്‍മ്മിച്ചത്'; കേരള സ്പോര്‍ട്സ് കൌണ്‍സിലിന്‍റെ മാസിക 'കായികവേദി' 2000 ഓഗസ്റ്റ് ലക്കം പത്രാധിപരുടെ മുഖചിത്രത്തോടെ ഇറങ്ങിയത്; പഞ്ചായത്തുകളില്‍ പണ്ടേ ഉള്ള 'പബ്ളിക് കംഫര്‍ട് സ്റ്റേഷന്‍' 1997 ലെ പുതിയ വാക്കായി ഔട്ട്ലൂക്ക് വാരിക അവതരിപ്പിച്ചത്; ഒരു പഴയമിയമ പഠനഗ്രന്‍ഥത്തിന്‍റെ അധ്യാങ്ങള്‍ സ്പോണ്സര്‍ ചെയ്യപ്പെട്ടിരിക്കുന്നത് (ഓരോ അധ്യായത്തിന്‍റെ ചുവട്ടിലും വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും പേരുകള്‍).... ഇത്യാദി സംഭവങ്ങള്‍ കൊണ്ട് സംഭവമായ പുസ്തകം ഇടക്കിടെ സംഭവിക്കുന്നത് നല്ലതാണ്'. കുറ്റംപറച്ചില്‍ ഇത്രമാത്രം പോസിറ്റീവ് ആയി പ്രത്യക്ഷപ്പെടുന്നത് അപൂര്‍വം!

Monday, August 4, 2008

മുറുക്കാൻ‌കടക്കാരൻ പ്രാഞ്ചിക്ക് പറ്റിയത്

മുറുക്കാൻ‌കട പ്രാഞ്ചിയെ പോലിസ് പിടിച്ചു. ബിവറേജസിന് തൊട്ടടുത്ത കെട്ടിടം സോഡ-സർബ്ബത്ത്-ലൊട്ടുലൊഡുക്കിനായി വാടകക്കെടുക്കുമ്പോൾ പാവം പ്രാഞ്ചി വിചാരിച്ചിരിക്കില്ല കുടിയൻ‌മാർക്ക് സഹായം കൊടുത്തത് കച്ചവടത്തെ ഓഫാക്കുമെന്ന്. ബിവറേജസിൽ നിന്നും വാങ്ങി ക്ഷമയില്ലാത്ത കുടിയൻ‌മാർ പ്രാഞ്ചിയുടെ കടയിൽ എത്തിയ ഒരു സായന്തനത്തിലാണു പ്രാഞ്ചിപർവ്വം തുടങ്ങുന്നത്. സോഡ, നാരങ്ങ, കടല, ആപ്പിൾ അങ്ങനെ അവന്മാർ ഓരോന്ന് വാങ്ങി പ്രാഞ്ചിയുടെ മനം കുളിർപ്പിച്ചു. ലവൻ‌മാർക്ക് തല പെരുക്കാൻ ഒരിടമേ വേണ്ടിയിരുന്നുള്ളൂ. പ്രാഞ്ചിയുടെ കടയുടെ സൈഡ് ബഞ്ച് അവ‌മാരുടെ സ്ഥിരം തട്ടകമായി. ബഞ്ചിനരികെ മേശയിട്ട് പ്രാഞ്ചി തട്ടുകടയും തുടങ്ങി. കപ്പയും പോട്ടിയും ആം‌പ്ലെയിറ്റും ചൂടോടെ വിളമ്പി. കച്ചവടം കൊഴുത്തതോടെ മോർ കുടിയൻ‌മാർ പ്രാഞ്ചിക്കടയിലേക്ക് പ്രവഹിച്ചു. അടുത്ത മാസം ഒന്നാം തീയതി പ്രാഞ്ചിയുടെ മൾട്ടി-പർപ്പസ് കടയിൽ കുടിയൻ‌മാർ പട്ടിണി കിടന്നില്ല. പ്രാഞ്ചിപ്രസിദ്ധി നാടെങ്ങും പൂത്തു. അസൂയ മൂത്താൽ ഒറ്റ് പൂത്ത് കായ്ക്കും. അങ്ങനെ മറ്റൊരു സായന്തനത്തിൽ സ്ഥലം എസ്. ഐ. പ്രാഞ്ചിക്കടയിൽ പ്രത്യക്ഷപ്പെടുന്നു. ഇതികർത്തവ്യ..അങ്ങനെയെന്തോ പറയില്ലേ? അതായി പ്രാഞ്ചി. ആ യുവ എന്റർപ്രോണറിനെ തൂക്കിയെടുത്തിട്ട ജീപ്പ് പൂസായ കുതിരയെപ്പോലെ പാഞ്ഞിട്ട് ഒരാഴ്ച കഴിഞ്ഞു. പ്രാഞ്ചിക്കട ബലികുടീരം പോലായി. ലവന്മാർ ഇപ്പോൾ മറ്റൊരു പ്രാഞ്ചിയെ അന്വേഷിക്കുകയാണു. പ്രാഞ്ചിമാർ ജനിക്കുന്നതങ്ങനെയാണു.

Monday, July 28, 2008

‘രണ്ടാമൂഴ‘ത്തിന്റെ കെപി എസി ആവിഷ്കാരം

കെപി എസിയുടെ പുതിയ നാടകം ‘ഭീമസേനൻ’ പാർശ്വവൽക്കരിക്കപ്പെടുന്നവർക്കായി നിലകൊള്ളുന്നുവെന്ന് തോന്നിപ്പിക്കുന്നു. നാടകരചയിതാവായ ഫ്രാൻസിസ് ടി മാവേലിക്കരയുടെ ഭീമ-ഹിഡിം‌ബി പർവം എംടിയും മറ്റും മഹാഭാരതകഥയിൽ നടത്തിയ സ്വതന്ത്ര ഇടപെടലുകളുടെ ‘ഫുട്ട്നോട്ട്’ ആവുന്നേയുള്ളൂ. ‘യുദ്ധം കഴിഞ്ഞ രാജ്യം, വിധവക്ക് കിട്ടിയ സ്ത്രീധനം പോലെയാണെന്ന’ സ്പാർക്കുകൾ, വലിയൊരു കഥയെ നാടകച്ചിമിഴിലൊതുക്കിയ ഫ്രാൻസിസിന്റെ കരവിരുത് തന്നെയാണെന്ന് പക്ഷേ സമ്മതിക്കേണ്ടി വരും. 2 മണിക്കൂർ 20 മിനിറ്റ് നാടകം കഴിയുമ്പോൾ നമ്മുടെ കൂടെ ഇറങ്ങിപ്പോരാൻ മൂന്നുനാലു ഘടകങ്ങൾ ഉണ്ടെന്നത് വംശനാശം സം‌ഭവിച്ചു കൊണ്ടിരിക്കുന്ന നാടകത്തിന്റെ ആസ്വാദകരെ ആഹ്ലാദിപ്പിക്കുന്നതാണു. 1. വിത്സൺ തിരുവമ്പാടിയുടെ ഭീമവേഷം: മന്ദന്റെ മുഖഭാവവും കാറ്റിന്റെ കരുത്ത് കാട്ടുന്ന ആകാരചേഷ്ടകളും രണ്ടാമൂഴക്കാ‍രനായിപ്പോയതിന്റെ വൈഷ്മ്യങ്ങളും പ്രകടിപ്പിക്കുന്നതിൽ പിറകിലല്ലാതായിരിക്കുന്നു ഈ നടൻ. കുന്തീദേവിയായി അഭിനയിച്ച നടിയെയും മറക്കൻ വയ്യ. പാഞ്ചാലിയെ പങ്കിട്ടെടുക്കാൻ പറഞ്ഞത് പാണ്ഡവർ ഒരുമിച്ച് നിൽക്കാൻ വേണ്ടിയാണെന്ന് അനുനയിപ്പിക്കുമ്പൊഴും, ‘ഹിഡിംബി ഞങ്ങളുടെ കൂടെ വരേണ്ട’ എന്ന് ആജ്ജാപിക്കുമ്പോഴും ദ്രൌപദീ സ്വയവരത്തിൽ കർണ്ണൻ പരാജയപ്പെട്ടതറിഞ്ഞ് വിലപിക്കുമ്പോഴും ആ മുഖത്ത് കാണുന്ന ഭാവമാറ്റങ്ങൾ ക്ലാസ്സ് ആണു. 2. ഓഎൻവി-അർജ്ജുനൻ ടീമിന്റെ ഗാനങ്ങൾ: ‘കാക്കച്ചീം മക്കളും കാട്ടിലു ചെന്നപ്പൊ കാറ്റിലെ പേരാലിൻ കാ പഴുത്തേ’ എന്ന് കാട്ടാളന്മാരെ കൊണ്ടും ‘അഞ്ചിതളുള്ളൊരു പൂവേ‘ എന്ന് പാഞ്ചാലിയെക്കൊണ്ടും ‘ഒരു പിടി വിത്ത് വിതച്ചാൽ‌പ്പിന്നെ ഒരു പിടി പകരം തരും മണ്ണ്’ എന്ന് കർഷകരെക്കൊണ്ടും (പുരാണകഥയിൽ കർഷകഗാനത്തിനെന്ത് സാം‌ഗത്യമെന്ന് ചോദിക്കരുത്. കെപി ഏസിയുടെ നാടകമാൺ!) പാടിക്കുന്നതിൽ ഓഎൻവി-അർജ്ജുനൻ ഗൃഹാതുരത്വം തേന്മഴ ചൊരിയുന്നുണ്ട്. 3. അവതരണം: രാമാനന്ദസാഗറവൽക്കരിച്ച് കണ്ണഞ്ചിപ്പിക്കാമായിരുന്ന റിയാലിറ്റി ഷോയല്ല, റിയാലിറ്റി തന്നെയാണു ‘ഭീമസേനൻ’. ഉപയോഗിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന സ്ത്രീകഥാപാത്രങ്ങൾ, കേട്ടു പരിചയിച്ച ഭാരതകഥയെ കാണാവുന്നതാക്കിത്തീർക്കുന്ന സന്ദർഭങ്ങൾ, രക്തവിദ്വേഷിയും ബ്രഹ്മണശത്രുവുമായ കാട്ടാളൻ നാളെ രാജ്യം ചോദിച്ചേക്കുമോ എന്ന് ഭയക്കുന്ന യുദ്ധതന്ത്രജ്ജരും, വേടനും രാജാവിനും രണ്ട് തരം രക്തമാണോ എന്ന് സന്ദേഹിക്കുന്ന കീഴാളനും... 4. സുജാതന്റെ രം‌ഗപടം: നീലയിൽ കുളിച്ച സ്റ്റേജിന്റെ പശ്ചാത്തലം, കറങ്ങുന്ന മറ്റൊരു സ്റ്റേജിലാണു ഉറപ്പിച്ചിരിക്കുന്നത്. രം‌ഗത്തിന്റെ മൂഡനുസരിച്ച് ‘ഫ്ലിപ്’ ചെയ്യുന്ന കട്ട് ഔട്ട് പുതുമയല്ലെങ്കിലും അതിന്റെ ഫലപ്രദമായ ഉപയോഗം ‘ഭീമസേനനിൽ’ കാണാം. ഉദാഹരണത്തിനു ഭീമൻ ഹിഡിം‌ബിയെ മറന്ന് ദ്രൌപദിയെ മോഹിക്കുന്ന രം‌ഗം. കാടിന്റെ കട്ട് ഔട്ടിനു താഴെയിരിക്കുന്ന ഹിഡിം‌ബി കറങ്ങിപ്പോകുന്നു. മറുവശത്ത് കൊട്ടാരപശ്ച്ചാത്തലത്തിലിരിക്കുന്ന ദ്രൌപദി പ്രത്യക്ഷപ്പെടുന്നു. വനവാസത്തിലായ പാണ്ഡവരുടെ കഥയായതിനാൽ കാടാണെങ്കിലും ഉണങ്ങിയ മരങ്ങളുടേതടക്കം ഒട്ടനവധി പശ്ചാത്തലങ്ങൾ ‘ഭീമസേനനിൽ’ കറങ്ങി വരുന്നുണ്ട്. 5. സം‌വിധാനം: കഥകളിയുടേയും സിം‌ബലിസത്തിന്റേയും സങ്കേതങ്ങൾ സമന്വയിപ്പിച്ച്, അതിഭാവുകത്വമില്ലാതെ, കോമഡിയില്ലാതിരുന്നിട്ടും എല്ലാത്തരം പ്രേക്ഷകരേയും ആകർഷിക്കുന്ന രീതിയിലുള്ള കൈയൊതുക്കത്തിനു സം‌വിധായകൻ രാജീവൻ മമ്മളിക്ക് വേണ്ടി എണീറ്റ് നിന്ന് കൈയടി!

സം‌ഗീത സം‌വിധായകൻ ജോൺസനെക്കുറിച്ച്

സം‌ഗീത സം‌വിധായകൻ ജോൺസനെക്കുറിച്ച് കാണുക: http://pravasam.com/sunil-july.htm

Thursday, July 3, 2008

അവധിയിൽ കാണുന്നത് 2

ചാലക്കുടിക്കടുത്ത് ഒരിടത്ത് പാർ‌ട്ടിക്ക് പോയപ്പോൾ ഒരു ചെറുപ്പസം‌ഘത്തെ കണ്ടു. അവർ, ഏതാണ്ട് 30 പേർ, ചേർന്ന് അവരുടെ ഗ്രാമത്തിൽ കുറച്ച് സ്ഥലം വാങ്ങി ഒരു കെട്ടിടം പണിതിരിക്കുന്നു-അവർക്ക് കൂടാ‍നായി! പുഴയുടെ തീരത്ത് അത്യാവശ്യം സൌകര്യമൊക്കെയുള്ള ഒരു ബാർബക്ക്യു ഷെഡും സം‌ഘത്തിനുണ്ട്. റിയൽ എസ്റ്റേറ്റ് കച്ചവടം പൊടിപൊടിക്കുന്ന ഒരു നാട്ടിലാണു കൂടാൻ മാത്രം ഇങ്ങനെയൊരു ‘സെറ്റപ്പെ’ന്നോർത്ത് ഞാൻ ആശ്ചര്യപ്പെട്ടു. അത്ഭുതപ്പെടാനൊന്നുമില്ല, കൂട്ടത്തിലൊരാൾ പറഞ്ഞു, സീനിയർ പൌരൻ‌മാർക്ക് (അപ്പൻ സം‌ഘത്തിനു)ചീട്ട് കളിക്കാൻ മാത്രം അപ്പൻ‌മാർ ഒരു കെട്ടിടം വാടകക്കെടുത്തിരിക്കയാണു. അപ്പോൾ അമ്മമാർ, സഹോദരിമാർ? ചിലർ പാർട്ടി-ഭക്ഷണം, ബേക്കറി-പലഹാരങ്ങൾ ഉണ്ടാക്കി വിൽക്കുന്നു. ഗാർഡനിങ്ങ് അടക്കം വീട്-സൌന്ദര്യവൽക്കരണം മറ്റ് ചിലർക്ക്. (ടിവി സീരിയൽ കായകുളം കൊച്ചുണ്ണി ചിത്രീകരിച്ച പ്രദേശമാണിത്).

Saturday, June 28, 2008

അവധിയില്‍ കാണുന്നത്

കഴിഞ്ഞ ദിവസം, കൂടെ പഠിച്ച ദിലീപിന്‍റെ കഥ കേട്ട് അവനെ ഞാന്‍ കാണാന്‍ പോയി. ആത്മഹത്യ ചെയ്ത മൂത്ത ജ്യേഷ്ഠന്‍റെ ഓര്‍മ്മ തളം കെട്ടി നില്ക്കുന്ന വീട്, വയസ്സായ അമ്മ, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന, നിത്യരോഗികളായ 2 ജ്യേഷ്ഠന്‍മാര്‍, അവരിലൊരാളുടെ കിഡ്നി സ്വീകരിച്ച് കഴിയുന്ന അനുജന്‍; ക്ളാര്‍ക്ക് ജോലിയുള്ള ദിലീപ് അതിരാവിലെ എണീറ്റ് അടുക്കളപ്പണി പൂര്‍ത്തിയാക്കി ജോലിക്ക് പോകും. വീട്ടുകാരുടെ തുണി കഴുകുന്നത് മുതല്‍ 100% വീട്ടുകാരനും, ഉദ്യോഗകാരനും ആയ അവന്‍ കുടുംബത്തിനായി കല്യാണം ഉപേക്ഷിച്ചിരിക്കുന്നു. ചില എംടിയന്‍ കഥാപാത്രങ്ങളിലേ ഇങ്ങനെ കണ്ടിട്ടുള്ളൂ. ഇപ്പൊ നേരില്‍ കണ്ടു, കണ്‍ നിറഞ്ഞു.

Wednesday, June 11, 2008

തമാശക്കഥകള്‍4 (കേട്ടതെങ്കില്‍ ക്ഷമി)

1. (ജയരാജ് വാര്യര്‍ പറഞ്ഞത്) രാവണനിഗ്രഹം കഴിഞ്ഞ്‌ പുഷ്പകവിമാനത്തിലേറി മടങ്ങുകയാണ്‌ രാമസീതാലക്ഷ്മണന്‍മാര്‍. രാമനും സീതയും ഇരിക്കുന്നു, ലക്ഷ്മണന്‍ പിറകില്‍ നില്‍ക്കുന്നു. കുറച്ച്‌ കഴിഞ്ഞപ്പോള്‍ ലക്ഷ്മണന്‍ സീതയോട്‌ അനാശാസ്യമായി പെരുമാറാന്‍ തുടങ്ങി. സീത രാമനെ കാര്യം ബോധിപ്പിച്ചപ്പോള്‍ രാമന്‍ പറയുന്നു: പേടിക്കേണ്ട, നമ്മളിപ്പോള്‍ കേരളത്തിന്‌ മുകളിലൂടെയാണ്‌ പറക്കുന്നത്‌. കുറച്ച്‌ കഴിയുമ്പോള്‍ മാറും.

2. മൂന്ന് വൃദ്ധന്‍‌മാര്‍ ഇരുന്ന് വെടി പറയുകയാണ്: “മൂത്രമൊഴിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി”, ഒന്നാമന്‍ പറഞ്ഞു. “രാവിലെ എണീറ്റാല്‍ 10 മിനിറ്റ് മുക്കിയാലേ മൂത്രം പോകൂ”. രണ്ടാമന് പ്രശ്നം മലവിസര്‍ജ്ജനമായിരുന്നു. “20 മിനിറ്റ് കക്കൂസിലിരുന്ന് ബുദ്ധിമുട്ടണം! എന്നാലേ എന്തെങ്കിലും പോകൂ”. “ഒന്നും രണ്ടും എനിക്കൊരു പ്രശ്നമേയല്ല”, മൂന്നാമന്‍ പറഞ്ഞു. “അതിരാവിലെ 8 മണിക്ക് മലവും മൂത്രവും സുഖമായി പോകും. പ്രശ്നം പക്ഷേ 9 മണിക്കേ ഞാന്‍ ഉറക്കത്തില്‍ നിന്നും ഉണരൂ!”

3. മൂന്ന് പേരെ ആറ് കുത്തിന് കൊന്ന ഗുണ്ട വയറുവേദനക്ക് ആശുപത്രീല്‍ പോയി. ഒറ്റ കുത്തിന് അവരവനെ കൊന്നു. ഇന്‍‌ജക്ഷന്റെയൊക്കെ ഒരു ശക്തി!

4. കണ്ണ് കുഴിഞ്ഞ രോഗത്തിന് ആശുപത്രിചികില്‍‌സ കൊണ്ട് ഫലമുണ്ടായില്ല. ഒടുവില്‍ ബില്ല് വന്നപ്പോള്‍ കണ്ണ് തള്ളി!

5. പെണ്‍കുട്ടി ഇടവഴിയിലൂടെ നടക്കുകയാണ്. പീഡനശ്രമവുമായി ഞരമ്പന്‍ ചാടി വീണു. കന്യകാത്വം കവരുകയും ചെയ്തു. സമാധാനം സം‌സ്ഥാപിതമായ ഇടവഴിയില്‍ ഒരു സിഗരറ്റിന് തീ കൊളുത്തി പീഡിതന്‍ ചോദിച്ചു, “വീട്ടീ ചെല്ലുമ്പം നീ എന്നാ പറയും?” “ഒരാള്‍ എന്നെ 5 പ്രാവശ്യം പീഡിപ്പിച്ചെന്ന് പറയും”. “അതിന് ഒരു തവണയല്ലേ ഞാന്‍ നിന്നെ പ്രാപിച്ചൊള്ളൂ?” “നിങ്ങക്കെന്താ ഇത്ര ധൃതി?”

Blog Archive