ശിഥിലബിംബങ്ങള്‍ എന്ന ഒരു മണിക്കൂര്‍ ഒറ്റയാള്‍ നാടകത്തിലെ ടിവി സ്‌ക്രീന്‍ ബിംബം രംഗത്ത് ജീവനോടെ നില്‍ക്കുന്ന എഴുത്തുകാരി മഞ്ജുളയോട് (രണ്ടും ഷബാന ആസ്‌മി) സംവദിക്കുന്നത് ആരായിട്ടാണ് എന്ന ചോദ്യം ഈ നാടകാനുഭവത്തിന്‍റെ നട്ടെല്ലാണ്. 'കേവലം' ഹിന്ദി ചെറുകഥാകൃത്തായ മഞ്ജുള എങ്ങനെ ലോകമറിയപ്പെടുന്ന ഇംഗ്‌ളീഷ് നോവലിസ്‌റ്റായി എന്ന വിചാരണയും മഞ്ജുളയുടെ ബോധധാരാ ആത്മഗതവുമാണ് നാടകത്തിന്‍റെ പൊതിയഴിക്കുന്നത്. അത് മഞ്ജുള എന്ന മിഡില്‍ ക്‌ളാസ് ഇന്ത്യന്‍ സ്‌ത്രീയുടെ ജീവിതത്തിന്‍റെ പൊതിയഴിക്കലുമാണ്. ആ ടിവി രൂപം മഞ്ജുളയുടെ മന:സാക്ഷിയാവാം. പ്രതിസ്‌ത്രീ, സമൂഹമനസ്, തുടങ്ങി ദൈവമാലാഖ വരെയാവാം. "ഓഡിയന്‍സിന്, അവരുടേതായ രീതിയില്‍ ആ ഇമേജിനെ വ്യാഖ്യാനിക്കാ"മെന്ന് കുവൈറ്റില്‍ ഈയിടെ അല്‍-മുള്ള എക്‌സ്‌ചെയിഞ്ച് സംഘടിപ്പിച്ച ഈ ഇംഗ്‌ളീഷ് നാടകമവതരിപ്പിച്ചതിനു ശേഷം ഷബാന ആസ്‌മി പറഞ്ഞു.
നാടകകൃത്ത് ഗിരീഷ് കര്‍ണാട് പതിയെ ആ 'സത്യം' വെളിപ്പെടുത്തുന്നു: ഹിന്ദി എഴുത്തുകാരി ഇംഗ്‌ളീഷ് നോവല്‍ മോഷ്‌ടിച്ചതാണ്! മരിച്ചു പോയ അനിയത്തി മാലിനിയാണ് യഥാര്‍ത്ഥ നോവല്‍കര്‍ത്താവ്. അതിന് പിന്നിലെ ജീവിത നാടകങ്ങള്‍ എങ്ങനെ ബിംബങ്ങളെയും മുഖംമൂടികളെയും ശിഥിലമാക്കുന്നു എന്ന വെളിപാട് ബ്രോക്കണ്‍ ഇമേജസ് നമുക്ക് തരുന്നു.
സൈബര്‍ തമാശകള്‍ പറയുന്ന, ലൂസി എന്ന ഒരു അവിവാഹിതയുമായി വൈകുന്നേരങ്ങളില്‍ കാപ്പി സമയം ചിലവഴിക്കുന്ന മഞ്ജുളയുടെ ഭര്‍ത്താവ് ദാമ്പത്യത്തിന്‍റെ ആദ്യനാളുകളിലേ തമാശ പറഞ്ഞിട്ടുള്ളൂ. പിന്നീട് അദ്ദേഹത്തിന്‍റെ ബുദ്ധിപരമായ വ്യായാമങ്ങള്‍ മഞുളയുടെ അനിയത്തി മാലിനിയുമായാണ്. അരക്ക് താഴെ തളര്‍ന്ന അനിയത്തിയുമായി ഭര്‍ത്താവിന്‍റെ ലൈംഗിക ബന്ധം ചിന്തിക്കുക വയ്യ. അദ്ദേഹത്തിന്‍റെ ആവശ്യങ്ങള്‍ സാധിക്കാന്‍ നിന്നെ സമീപിക്കാറില്ലേ എന്ന ടിവി ഇമേജിന്‍റെ ചോദ്യത്തിന് മഞ്ജുള മറുപടി പറയുന്നത് അതിന് അദ്ദേഹത്തിന്‍റെ അരക്ക് താഴെ തളര്‍ന്നിട്ടില്ലല്ലോ എന്നാണ്. എങ്കിലും അദ്ദേഹത്തിന്‍റെ ചിന്തയില്‍ അനിയത്തി മാലിനിയാണ് എന്ന വിചാരം മഞ്ജുളയുടെ അലട്ടുന്നുണ്ട്. ഭര്‍ത്താവിന്‍റെയും അനിയത്തിയുടെയും ശാരീരികബന്ധത്തിന് വരെ മഞ്ജുള തയ്യാറാണ്, അതവരുടെ മാനസിക ബന്ധം ഇല്ലാതാക്കുമെങ്കില്‍.
നോവല്‍ എന്തിന് മോഷ്‌ടിച്ചു എന്ന ക്‌ളൈമാക്‌സിലേക്ക് നമ്മള്‍ അടുക്കുകയാണ്. അതിനിടയിലാണ് ഗിരീഷ് കര്‍ണാടും സംവിധായകന്‍ അലിഖ് പദംസീയും കൂടി ലൂസി പോലുള്ള കഥാപാത്രങ്ങളെ മഞ്ജുളയുടെ കള കള വര്‍ത്തമാനത്തില്‍ നിന്നും പുറത്തു ചാടിക്കുന്നത്. അരക്ക് താഴെ തളര്‍ന്ന അനിയത്തിയെ നോക്കാന്‍ വന്ന നഴ്‌സിനെ വിളിച്ചു കൂടെ എന്നൊരിക്കല്‍ ഭര്‍ത്താവ് പറഞ്ഞതാണ്. മാലിനി മരിച്ചു, നമ്മള്‍ രോഗികളുമല്ലല്ലോ എന്ന് മഞ്ജുള. ആ നഴ്‌സ് ഭര്‍ത്താവിനെ ഓഫീസില്‍ സന്ദര്‍ശിക്കാറുണ്ടെന്ന് സംശയിക്കുന്നതായും മാലിനിയേക്കാള്‍ സൌന്ദര്യം കുറവുണ്ടെന്ന് വിശ്വസിക്കുന്ന മഞ്ജുള പറഞ്ഞു.
അസൂയ കൊണ്ടാണോ മഞ്ജുള മാലിനിയുടെ നോവല്‍ മോഷ്‌ടിച്ചത്? അല്ല. നോവല്‍ - നദിയുടെ കരച്ചില്‍ - അവരുടെ കുടുംബ കഥയാണ്. അതില്‍ മഞ്ജുളയെ ശരാശരിക്ക് താഴെ ചിത്രീകരിച്ചിരിക്കുന്നു. നോവല്‍ മാലിനിയുടെ പേരില്‍ പുറത്തിറങ്ങിയാല്‍ മഞ്ജുള ആക്ഷേപത്തിനും ചിരിക്കും വകയാവും. അതുകൊണ്ട് നോവല്‍ എന്‍റെ പേരിലാക്കി എന്ന് വിജയാട്ടഹാസം മുഴക്കി മഞ്ജുള. അപ്പോള്‍ ടിവി ഇമേജ് പറയുന്നു: ജയിച്ചത് മഞ്ജുളയല്ല, മാലിനിയാണ്. ചേച്ചി ഒരു 'ഫ്രോഡാ'ണെന്ന് അനിയത്തിക്ക് തെളിയിക്കണമായിരുന്നെങ്കില്‍ അത് തെളിയിക്കപ്പെട്ടു. വിജയാട്ടഹാസം അലറിക്കരച്ചിലായി.
രംഗത്ത് 'ജീവനോടെ' ഉണ്ടായിരുന്ന മഞ്ജുളയെ ഇപ്പോള്‍ കാണാനില്ല. ടിവി രൂപം ഇരട്ടയാവുന്നുണ്ടോ? അത് മഞ്ജുളാലിനിയായി മാറിയോ? ഇമേജുകള്‍ക്കനുസരിച്ചാണോ മഞ്ജുള ജീവിക്കേണ്ടത്? അന്തര്‍സ്വരത്തെ അവര്‍ ശ്രദ്ധിക്കാറുണ്ടോ? ടിവി ഇമേജ് മാലിനിയുടെ പുനര്‍ജന്‍മമാണോ (എങ്കില്‍ ഏറ്റവും പഴയ വിശാസത്തെ ഏറ്റവും പുതിയ സാങ്കേതികതയുമായി ബന്ധപ്പെടുത്താനുമായി) എന്നിങ്ങനെയുള്ള ചോദ്യങ്ങളുമായി നാടകം അവസാനിക്കുന്നു, അഥവാ അവസാനിക്കുന്നില്ല. ഇമേജുകളുമായുള്ള നമ്മുടെ നാടകംകളി തുടര്‍ന്നു കൊണ്ടേ ഇരിക്കും.