Search This Blog

Showing posts with label വാര്‍ത്ത. Show all posts
Showing posts with label വാര്‍ത്ത. Show all posts

Saturday, August 25, 2018

ഗാഡ്‌ഗിൽ റിപ്പോർട്ടിനെക്കുറിച്ച് വായിച്ചത്

ആറ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ബാധിക്കുമെന്ന കരുതലിലാണ്, 2010-ൽ പശ്ചിമഘട്ട സംരക്ഷണ ജനകീയ കൂട്ടായ്മയോട് അന്നത്തെ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശ്, ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്ന് പറഞ്ഞത്. പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രഫസർ മാധവ് ഗാഡ്ഗിൽ അധ്യക്ഷനായി 14 പേരടങ്ങിയ സമിതി നിലവിൽ വന്നു. ഇന്ത്യയുടെ ഭൂവിസ്തീർണത്തിന്റെ ആറര ശതമാനമാണ് പശ്ചിമഘട്ടം- ഒരു ലക്ഷത്തി അറുപത്തി അയ്യായിരം കിലോമീറ്റർ. ഇന്ത്യയിലെ ജൈവവൈവിധ്യത്തിന്റെ 27 ശതമാനം ഈ പ്രദേശത്താണ്. പാറമടകൾ, മണലൂറ്റുകൾ, കല്ലുവെട്ട്, ഭൂമി കൈയേറ്റം, കുടിയേറ്റം, ഖനനം, വ്യവസായം, വൈദ്ദ്യുതീകരണം, ടൂറിസം, വനനശീകരണം... മുതലായവയുടെ ആഘാതം മഴയിൽ വന്ന മാറ്റം അടക്കമുള്ള ദുരന്തങ്ങളാണ്. ------------------------------------------------------------------ ഗാഡ്ഗിൽ റിപ്പോർട്ട് പശ്ചിമ മേഖലയെ പാരിസ്ഥിതിക ലോലതയുടെ തീവ്രതയ്ക്കനുസൃതമായി മൂന്ന് സോണുകളായി തിരിച്ചു: ഇടുക്കിയിലെ തൊടുപുഴ, ഉടുമ്പൻചോല, ദേവികുളം, പീരുമേട്; പത്തനംതിട്ടയിലെ റാന്നി; തിരുവനന്തപുരത്തെ നെടുമങ്ങാട്; കൊല്ലത്തെ പുനലൂർ; തൃശൂരിലെ മുകുന്ദപുരം പ്രദേശം; പാലക്കാട്ടെ മണ്ണാർക്കാട്, ചിറ്റൂർ; വയനാട്ടിലെ വൈത്തിരി, മാനന്തവാടി, ബത്തേരി; കണ്ണൂരിലെ തലശ്ശേരി എന്നിവ അതിലോലമായ ഇക്കളോജിക്കലി സെൻസിറ്റീവ് സോൺ 1-ൽ പെടും. അവിടെ അതിതീവ്ര വിലക്കുകളാണ് ഭൂ ഉപയോഗം, വ്യവസായം, ഗതാഗതം തുടങ്ങിയവയ്ക്കുള്ളത്. ഈ പ്രദേശങ്ങളിൽ ഖനനം നടക്കുന്നുണ്ടെങ്കിൽ 2016-നകം അവസാനിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. ഫണ്ട് ഉണ്ടെങ്കിൽ വികസനമാവാം എന്ന നയമല്ല ഗാഡ്ഗിൽ കമ്മിറ്റിക്കുള്ളത്. ഒരു പ്രദേശത്തിന്റെ പരിസ്ഥിതി വിലോലതയാവണം - സെൻസിറ്റിവിറ്റി -വികസന മാനദണ്ഡം. ------------------------------------------------------------------------------- റിപ്പോർട്ടിനെ ഗംഭീരമായി എതിർത്തു തുരക്കുന്നവരും ഊറ്റുന്നവരും. സമ്പന്നരുടെ അവധിക്കാല വസതികളായി, റിസോർട്ടുകളായി നെൽപ്പാടവും, കടൽത്തീരവും, മലയോരവും മാറ്റിയവർ എതിർത്തു. എതിർത്തവരിൽ കത്തോലിക്കാ സഭയുമുണ്ട്: മലമുകളിലെ കുടിയേറ്റ കർഷകർക്ക് അവിടം വിട്ട് പോകേണ്ടി വരും എന്ന കാരണം പറഞ്ഞ്. കുടിയൊഴിപ്പിക്കൽ ഗാഡ്ഗിൽ കമ്മിറ്റി നിർദ്ദേശിക്കുന്നില്ല. ഫലത്തിൽ അങ്ങനെ സംഭവിക്കുമെന്ന് ഇടയലേഖനം പറഞ്ഞു. ('മലയോരത്തിനി ഒരു മൂട് കപ്പ നടാനാവില്ല') ഭൂമി ഉൽപാദനാധിഷ്ഠിതമായി ഉപയോഗിക്കണമെന്ന് ഗാഡ്ഗിൽ പറഞ്ഞു. അങ്ങനെയല്ല, ഭൂമി ഊഹക്കച്ചവട വസ്തു - ആസ്തി - കൂടിയാണെന്നും മറുഭാഗം പറഞ്ഞു. ----------------------- പലരും റിപ്പോർട്ട് മനസിലാക്കിയില്ല. അതിരപ്പിള്ളി, വാഴച്ചാൽ, ഉദാഹരണത്തിന്, മുകുന്ദപുരം താലൂക്കിൽ പെടുന്നതാണെന്ന് കരുതി, അത് സോൺ 1 ആണെന്ന് കരുതി, ഇരിങ്ങാലക്കുടയിൽ കെട്ടിടം പണിയാനാവില്ല എന്നില്ല. അത്തരം കാര്യങ്ങൾ അതത് ഗ്രാമസഭകളാണ് നിശ്ചയിക്കേണ്ടത്. 'നല്ല' വിമർശകർ പക്ഷെ ഒരു കാര്യം പറഞ്ഞു: ഗാഡ്ഗിൽ കമ്മിറ്റിയുടെ നല്ല വശങ്ങൾ സ്വീകരിക്കുന്നതിനൊപ്പം അതിനെ ആദർശവൽക്കരിക്കാതെ വീക്ഷിക്കുക. റിപ്പോർട്ട് അപ്പടി നടപ്പിലാക്കിയാൽ ചില ആശുപത്രികൾ, പെട്രോൾ പമ്പുകൾ, അറവുശാലകൾക്കൊക്കെ ആസന്നമരണം സംഭവിക്കും. പഠനങ്ങളും ചർച്ചകളും ആണ് ആവശ്യം; വേണ്ടി വന്നാൽ ഇളവുകളും.

Tuesday, June 6, 2017

അരുന്ധതി റോയിയുടെ പുതിയ നോവൽ


'അവൾ കുറിച്ചിട്ടത് അപരിചിതമായ കുറെ കാര്യങ്ങൾ, കഥാക്കഷണങ്ങൾ, വിശദീകരണം വേണ്ടാത്ത ഓർമ്മകൾ; അതും പ്രത്യേകിച്ചൊരു ക്രമമോ താൽപര്യം പോലുമോ ഇല്ലാതെ' എന്ന് നോവലിലെ ഒരു കഥാപാത്രത്തെക്കുറിച്ച് പരാമർശമുണ്ട്. നോവലിനും അത് ചേരുമെന്നാണ് റിവ്യൂകൾ പറയുന്നത്. അത് മൈനസ് മാർക്കാവണമെന്നില്ല. കഴിഞ്ഞ ഇരുപത് വർഷങ്ങളോളം സാഹിത്യേതര വിഷയങ്ങളെ റൊമാന്റിക് ഭാഷയിൽ കുളിപ്പിച്ച ആക്റ്റിവിസ്റ്റ്, സാഹിത്യമെഴുതുമ്പോൾ നോൺ-ഫിക്ഷൻ ഉടുപ്പിടാം. ഭോപ്പാൽ ദുരന്തവും ഗുജറാത്ത് കലാപവും കശ്‍മീർ പ്രശ്‍നവും മറ്റ് കോടിക്കണക്കിന് കഷ്ടങ്ങളും ചേർന്ന ആധുനിക ഇന്ത്യയുടെ നാനാവർണ്ണക്കാഴ്ച കുറിക്കുമ്പോൾ ക്രമവും ഫോക്കസും പിൻസീറ്റിലിരിക്കാം.

ഡൽഹിയിലെ പൊതുശ്മശാനത്തിൽ സദ്ദാം ഹുസൈൻ എന്ന സുഹൃത്തിനൊപ്പം 'താമസിക്കുന്ന' ഭിന്നലിംഗക്കാരി അൻജും, കശ്‍മീരിൽ കാമുകനുള്ള ആർകിടെക്ച്ചർ വിദ്യാർത്ഥിനി ടിലോ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായുള്ള നോവൽ, സ്വകാര്യ വ്യാകുലതകളേക്കാൾ  ('ചെറിയ കാര്യങ്ങളുടെ ഉടയ തമ്പുരാനി'ലേതു പോലെ), പൊതുവിഷയങ്ങളിലാണ് ഇതിഹാസമാകാൻ ശ്രമിക്കുന്നത്. 'സാധാരണ നിലയിൽ ഇവിടെ ജീവിതം പുഴുങ്ങിയ മുട്ട പോലെയാണ്. വിരസമായ പുറം, പരുഷമായ മഞ്ഞ-ഹിംസയെ ഒളിപ്പിക്കും. ഹിംസയെക്കുറിച്ചുള്ള ഞങ്ങളുടെ ആവലാതികളും ഓർമ്മകളുമാണ് വൈവിധ്യരായ ഞങ്ങളെ ഒന്നിച്ച് ജീവിപ്പിച്ച് കൊണ്ടുപോകുന്നത്' എന്ന് നോവലിൽ. അപ്പോൾ 'ദ മിനിസ്ട്രി ഒവ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്' എന്ന് പേരുള്ള നോവലിൽ സന്തോഷമുണ്ടോ? അതിന് നോവൽ വായിക്കണമെന്ന് റിവ്യൂസ്. (വായിച്ചത്)

Friday, May 27, 2016

NS Madhavan പറഞ്ഞത്

1. മലയാളിയും ഇലക്ഷനും
ഔട്ട്ലുക്ക് വാരികയിൽ ഈയിടെ ഞാനൊരു ലേഖനമെഴുതി. ഗൾഫ് മലയാളികൾക്കിടയിലെ ഇലക്ഷൻ ജ്വരത്തെക്കുറിച്ച്. ആറ് മാസത്തിൽ ആറു തവണ ഗൾഫിൽ വന്നു പോയ നേതാക്കന്മാർ, വോട്ട് ചെയ്യാൻ നാട്ടിൽ പോകുന്ന പ്രവാസികൾ, സാമ്പത്തികമായും മറ്റും സഹായിക്കുന്ന ഗൾഫുകാർ...

എറണാകുളത്തെ എന്റെ വീട്ടിൽ ജോലിക്ക് വരുന്ന സ്ത്രീ നോട്ടയ്ക്കാണ് വോട്ട് ചെയ്യാൻ പോയത്. ബാലറ്റ് പേപ്പറിൽ നടി സോണിയ ജോസിന്റെ പടം കണ്ട് അതിൽ കുത്തിയെന്ന് പറഞ്ഞു.

റാന്നിയിലെ സ്ഥാനാർത്ഥി രാജു എബ്രഹാമിന്റെ പ്രചാരണ നോട്ടീസ് കുവൈറ്റിലെ അബ്ബാസിയയിൽ പതിച്ചിരിക്കുന്ന ചിത്രം എനിക്കയച്ചു കിട്ടി. കുവൈറ്റിൽ വന്ന് ആദ്യമന്വേഷിച്ച കാര്യമിതാണ്: എവിടെയാണ് അബ്ബാസിയ? 

2. ജോത്ത്
ഇലക്ഷന് ഒന്നര മാസം മുൻപാണ് ബംഗാളിൽ മമത ബാനർജിക്കെതിരെ മാർക്സിസ്റ്റ് - കോൺഗ്രസ് ജോത്ത് (സഖ്യം) വന്നത്. അതിന്റെ തയ്യാറെടുപ്പുകൾ കുറവായിരുന്നു. അടിയന്തിരാവസ്ഥയ്ക്കെതിരെ ബിജെപിയും സിപിഎമ്മും ഒരുമിച്ചില്ലേ? ബിജെപിക്കെതിരെ സിപിഎമ്മും കോൺഗ്രസും യോജിക്കുന്നതും അനിവാര്യമാണ്.

3. എഴുത്ത്
ഇഷ്ടപ്പെട്ട എഴുത്ത് ജെയിംസ് ജോയ്സിന്റേതാണ്. മലയാളത്തിൽ ഒവി വിജയൻ. പുതുതലമുറയിൽ സുഭാഷ് ചന്ദ്രനെ ശ്രദ്ധിക്കാറുണ്ട്. എഴുത്ത് ഒരുപാട് സമയമെടുത്ത് ചെയ്യുന്നതാണ്. കുവൈറ്റ് പശ്ചാത്തലമാക്കി കഥയെഴുതിയിട്ടുണ്ട്. ക്ഷുരകൻ.

ഖസാക്ക് 50 ചിത്രങ്ങളിലൂടെ വരയ്ക്കട്ടെ എന്ന് വിജയനോട് ഒരു ചിത്രകാരൻ ചോദിച്ചു. അതവിടെ ഇരുന്നോട്ടെ എന്ന് വിജയൻ പറഞ്ഞു. 'വന്മരങ്ങൾ വീഴുമ്പോൾ' ശശികുമാർ കായ തരൺ എന്ന പേരിൽ സിനിമയാക്കി. എന്റെ കഥകൾ സിനിമയാക്കാനുള്ള ക്ഷണം ഞാൻ റെസിസ്റ്റ് ചെയ്യും. രണ്ടിനും രണ്ട് ജീവിതമാണ്.

എഴുത്തിനെക്കുറിച്ച് കീറ്റ്സിന്റെ നിർവചനമിതാണ്: ഒരു മൂന്നാമന്റെ കണ്ണിൽക്കൂടി എങ്ങനെ കാര്യങ്ങൾ കാണാം. ഗെറ്റ് അണ്ടർ ദ സ്കിൻ. അരാഷ്ട്രീയമായി ഒന്നും എഴുത്തിലില്ല. ജെയ്ൻ ഓസ്റ്റിൻ വീട്ടിനകത്തെക്കുറിച്ച് എഴുതിയപ്പോഴും അതിൽ ഒരു നിലപാടുണ്ടായിരുന്നു. 

ജാതിവ്യവസ്ഥയെക്കുറിച്ച് മലയാള സാഹിത്യം അധികം സംസാരിച്ചിട്ടില്ല. മറാഠിയിലും മറ്റും അങ്ങനെയല്ല. ഇപ്പോൾ ഒരു നോവലെഴുതിക്കൊണ്ടിരിക്കുകയാണ്. അതിനാണ് എറണാകുളത്ത് താമസിക്കുന്നത് തന്നെ. ഭാര്യ ഷീല ഔട്ട്ലുക്കിൽ. മകൾ മീനാക്ഷി ഒരു വെബ് പബ്ലിക്കേഷനിൽ.

4. ബഷീർ ദ 'മാൻ'
എഴുത്തുകാരെ എഴുത്തിന്റെ മുകളിൽ പ്രതിഷ്ഠിക്കുന്ന ഒരു ദുഷ്പ്രവണത നമുക്കുണ്ട്. ബഷീർ ഒരു ഉദാഹരണം. രണ്ട് വർഷത്തോളം നീണ്ട ഊര് ചുറ്റൽ അവധൂതന്റെ നീണ്ടകാല യാത്രയായും ഒരുപാട് അനുഭവങ്ങളുമുള്ള ആളായും ബഷീറിനെ അമാനുഷ തലത്തിലേക്ക് ഉയർത്തി.

5. എഴുത്തുകാരും സഹിഷ്ണുതയും
ഫാസിസ്റ്റ് പ്രവണതയ്ക്കെതിരെ മലയാളത്തിലെ മുതിർന്ന എഴുത്തുകാർ പ്രതിഷേധിച്ചപ്പോൾ ചെറുപ്പക്കാരായ എഴുത്തുകാർ നേവൽ ഗേസിങ്ങ് - നാഭി നോക്കിയിരുപ്പ് - നടത്തുകയായിരുന്നു. ഇന്ത്യയിലെ എല്ലാ ഐ ഐ ടികളിലും സംസ്കൃതം പഠിപ്പിക്കണമെന്ന് പറഞ്ഞു. നല്ല കാര്യം. എന്നാൽ സംസ്കൃതത്തിലെ ആദ്യത്തെ മഹാകാവ്യത്തെക്കുറിച്ച് എം എം ബഷീർ മാതൃഭൂമിയിലെഴുതിയപ്പോൾ പ്രശ്നമായി! മാതൃഭൂമിക്ക് ആ പരമ്പര നിർത്തേണ്ടി വന്നു.

6. എഴുത്തുകാരുടെ ആകുലത
എന്താണ് പൈങ്കിളി - പൾപ്പ് ഫിക്ഷൻ - എന്നതിനെക്കു റിച്ച് ഇംഗ്ളണ്ടിലെ എഴുത്തുകാർക്കിടയിൽ ഒരു ചർച്ച നടന്നു. അവർ പറഞ്ഞത് ഇതാണ്. ജീവിതാവസ്ഥയെ എന്ത് സ്പർശിക്കുന്നില്ലയോ അതാണ് പൈങ്കിളി. അത് തിരിച്ചിട്ടാൽ നല്ല സാഹിത്യമായി.

ഞെട്ടിപ്പിക്കുന്ന ഒരു എഴുത്ത് - പ്രത്യേകിച്ച് ഫിക്ഷനിൽ - എവിടെ? സരസ്വതിയമ്മ സ്ത്രീ-സ്വാതന്ത്ര്യത്തെക്കുറിച്ച് എഴുതിയപ്പോൾ ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു. ഇപ്പോൾ ഞെട്ടിയിട്ട് കുറച്ചു കാലമായിരിക്കുന്നു. 

എഴുത്തുകാരൻ വിപണിയെക്കുറിച്ച് ചിന്തിക്കരുത്. എഴുത്ത് നല്ലതാണെങ്കിൽ വിപണി എഴുത്തുകാരനെ തേടിയെത്തും. മികച്ച ഉദാഹരണം കാഫ്കയാണ്.

7. ആദ്യ ഭാഷ
 നോം ചോംസ്കിയുടെ സിദ്ധാന്തം മനുഷ്യ പരിണാമ ചക്രത്തിൽ ആഫ്രിക്കയിലെ ഒരു ഹോമോ ഇറക്ടസിന്റെ ജീൻസിന് മ്യൂട്ടേഷൻ സംഭവിച്ച് അതിലൂടെ ഭാഷ ജനിച്ചുവെന്നാണ്. രണ്ട് വസ്തുക്കളെ കാണുമ്പോൾ അതിനെ കൂട്ടിച്ചേർത്ത് മറ്റൊരാശയം സൃഷ്ടിക്കുന്ന ശേഷി മറ്റ് മൃഗങ്ങളിലില്ല. ഇത് തന്നെയാണ് ഭാഷ ചെയ്യുന്നത്. എല്ലാ ഭാഷയും ഏതാണ്ട് ഒരുപോലെയാണ്. നാളെ ചൊവ്വയിൽ നിന്ന് ഒരു മനുഷ്യൻ ഭൂമിയിൽ വരികയാണെങ്കിൽ ഇന്ന് ഭൂമിയിൽ സംസാരിക്കുന്ന ഏഴായിരത്തിൽ പരം ഭാഷകൾ ഒന്ന് തന്നെയാണെന്ന് തോന്നുമെന്ന് ചോംസ്കി പറഞ്ഞിട്ടുണ്ട്. 

മതാടിസ്ഥാനത്തിലാണ് ഇന്ത്യ 47-ൽ വിഭജിക്കപ്പെട്ടത്. പശ്ചിമ പാക്കിസ്ഥാനിലെ ഉറുദുവിന്റെ മേൽ ബംഗ്ള ഭാഷ നടത്തിയ ചെറുത്തുനിൽപാണ് കിഴക്കൻ പാക്കിസ്ഥാനെ ബംഗ്ള-ദേശമാക്കിയത്. ഡി എം കെ നേതൃ ത്വത്തിലുള്ള സമരം മൂലമാണ് ഹിന്ദിയെക്കൂടാതെയുമുള്ള ഭാഷകളെ ഇന്ത്യ അംഗീകരിച്ചത്.

8. കുട്ടിഭാഷ
 ഞാൻ സ്പെയിനിൽ ബാഴ്സലോണയിൽ പോയി. ജനറൽ ഫ്രാങ്കോ അവിടെ കാറ്റലൻ ഭാഷ നിരോധിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. 1939 മുതൽ 1972 വരെ. അടുത്ത തലമുറ വന്നപ്പോൾ അവർ കാറ്റലൻ ഭാഷ പഠിക്കാൻ തുടങ്ങി. എന്നുവെച്ചാൽ അവരുടെ അമ്മമാർക്ക് ആ ഭാഷയറില്ല. അത് അപ്പോൾ മാതൃഭാഷയല്ല, കുട്ടിഭാഷയായി!

9. ഭാഷയുടെ കൊടുക്കൽ-വാങ്ങൽ ഇവിടത്തെ നമ്മുടെ കുട്ടികൾ മലയാളത്തോടൊപ്പം ഇവിടത്തെ ഭാഷയായ അറബിക് കൂടി പഠിക്കണം. എറണാകുളത്ത് രണ്ട് ബംഗാളി സ്ത്രീകൾ താമസിച്ചിരുന്നു - നിലീന എബ്രഹാം, ലതിക സർക്കാർ. അവരാണ് ബംഗാളി സാഹിത്യം മലയാളത്തിന് പരിചയപ്പെടുത്തിയത്. ബഹുസ്വരതയെ അംഗീകരിക്കുമ്പോൾ അസഹിഷ്ണുത ഉണ്ടാവില്ല. കേരളത്തിൽ ആദിവാസികൾ നിരക്ഷരരായിരിക്കുന്നതിന്റെ കാരണം അവരെ നമ്മൾ മലയാളത്തിൽക്കൂടി പഠിപ്പിക്കുന്നു എന്നത് കൊണ്ടാണ്.

 -നെടുവേലി ശ്രീധരൻ മാധവൻ കുവൈറ്റിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ പരിപാടിക്ക് വന്നപ്പോൾ
പറഞ്ഞത്.

Monday, May 23, 2016

ജൈവഭക്ഷണം - dr gangadharan chinnangath

എന്തിനാണ് നമ്മൾ വെള്ളം കുടിക്കുന്നത്?
കാൻസറിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല. പിന്നെ ആർ സിസി യിൽ എന്താ അവർക്ക് പണി? മരുന്നു പരീക്ഷണം! നടൻ ഇന്നസെന്റിന് കാൻസർ ഭേദമായതോ? ലോട്ടറി കിട്ടുന്ന പോലാണത്. പ്രമേഹം എടുക്കുക. എന്താ പ്രമേഹത്തിന്റെ കാരണം? പാൻക്രിയാസ് ഇൻസുലിൻ ഉദ്പ്പാദിപ്പിക്കുന്നില്ല. പാൻക്രിയാസിനെ ആരും ചികിത്സിക്കുന്നില്ല. പുറത്ത് നിന്ന് ഇൻസുലിൻ കൊടുക്കുന്നു. കുറച്ച് കഴിയുമ്പോ കൊളസ്ട്രോള് കൂടുന്നു, ബിപി കൂടുന്നു. രണ്ടിനും മരുന്ന്. കുറച്ച് കഴിയുമ്പോ കിഡ്നി ഫെയിലറാവും. ഒരു രോഗം മാറ്റിത്തരാം എന്ന് പറഞ്ഞിട്ട് വേറെ പല രോഗങ്ങളും തരും.  ഇപ്പൊ ഗർഭം തന്നെ അസുഖമല്ലേ! അയേൺ ടാബ്‌ലറ്റും ഫോളിക് ആസിഡും കഴിക്കാത്ത ഗർഭിണികൾ ഉണ്ടാവില്ല. ഈ മരുന്നിന്റെ അംശം കുട്ടിയും  കഴിക്കുന്നില്ലേ? ഒരു രോഗിയായിട്ടാണ് കുട്ടി ജനിക്കുന്നത് തന്നെ. മുലപ്പാല് കൊടുത്താ പിന്നെ ഫാരെക്സും സെറിലാകും കൊടുക്കും. റാഗിയും ഏത്തയ്ക്കാപ്പൊടിയും കൊടുക്കുന്നത് പാലിൽ കുറുക്കി, കൽക്കണ്ടമിട്ട് അമ്മ ടെയ്‌സ്റ്റ് ചെയ്തതിന് ശേഷമാണ്. കുട്ടിയെ രുചി പഠിപ്പിച്ച്, ഉപ്പ് കൊടുത്ത്, മധുരം കൊടുത്ത്, നശിപ്പിച്ച് കൈയീ കൊടുക്കും! അമ്മ എനിക്ക് പാൽ തരും, ഞാൻ പാൽ കുടിച്ചില്ലെങ്കിൽ അമ്മ കരയും, പാൽ കുടിച്ച് അച്ഛനോളം വലുതാവണം എന്നാണ് കുട്ടികൾ പഠിക്കുന്നത്. ഭൂമുഖത്ത് മനുഷ്യനല്ലാതെ വേറൊരു ജീവിയുടെ പാല് കുടിക്കില്ല.മനുഷ്യശരീരത്തിന് ഒട്ടും സ്യൂട്ടബിളായിട്ടുള്ള ഭക്ഷണമല്ല പാല്. അത് ദഹിക്കാനുള്ള എൻസൈം മനുഷ്യശരീരത്തിലില്ല. പശുവിൻ പാല് കുടിച്ച് പശുക്കുട്ടി പ്രായപൂർത്തിയാവുന്നത് രണ്ട് വയസിലാണ്. അമ്മയുടെ മുലപ്പാൽ കുടിച്ച് മനുഷ്യക്കുട്ടി പ്രായപൂർത്തിയാവേണ്ടത് 18 വയസിലാണ്.

പാൽ സമീകൃതാഹാരമാവുന്നതെങ്ങ്നെ? പശു വെജിറ്റേറിയനാണോ? പശുവിന്റെ ഭക്ഷണം പച്ചപ്പുല്ലും പച്ചവെള്ളവുമാണ്. അതിന് പരുത്തിക്കുരു കൊടുത്ത്, പിണ്ണാക്ക് കൊടുത്ത്, കാറ്റ്‌ൽ ഫീഡ് കൊടുത്ത് -  എന്താ  അതിന്റെ കണ്ടന്റ്‌സ്?  മത്തീടെ തല, ചെമ്മീന്റെ തല, എല്ലുപൊടി... ഈ പശുവിന്റെ പാല് കൊണ്ട് അമ്പലങ്ങളിൽ പാലഭിഷേകം നടത്തിയാൽ ഭഗവാൻ ഇരിക്ക്വോ അവിടെ? ഒരു വർഷം ഒരു കോഴി നമ്മുടെ വീട്ടില് വളർന്നാൽ ഒരു കിലോ ഉണ്ടാവും. ഒന്നര വയസിൽ പ്രായപൂർത്തിയാവുന്ന കോഴി. ഇപ്പോൾ 45 ദിവസത്തിനുള്ളിലാണ് പൂർണവളർച്ച. 46-ആം ദിവസം ഹൃദയം  പൊട്ടി  ചത്തു പോകും അത്.  കെന്റക്കി ചിക്കൻ എട്ട് ദിവസം കൊണ്ട് ഒരു കിലോ കോഴി ആയി. പൂട മുളയ്ക്കുന്നതിനു മുൻപേ കോഴി!

ഒരു വീട്ടില് രാവിലെ ഉണ്ടാക്കുന്നതെന്താ? ചായ. തേയില, പഞ്ചസാര, പാല് - ശുദ്ധ വിഷം. രാത്രി പാത്രം കഴുകി വയ്ക്കുന്നത് പോലെ രാത്രിയാണ് പല്ല് തേപ്പ് വേണ്ടത്. ഇത് കുട്ടികളെ  പഠിപ്പിക്കുന്നില്ല. നമുക്ക് അടുക്കള വേണ്ട. അടുക്കളയാവുമ്പോ ഭക്ഷണം പാകം ചെയ്യണം, ഉപ്പ് വേണം, മസാല വേണം. ഒരു ദിവസം നമ്മുടെ ശരീരത്തിന് ഒന്നര ഗ്രാം ഉപ്പേ ആവശ്യമുള്ളൂ.
നമുക്ക് ചികിൽസാലയങ്ങളല്ല വേണ്ടത്, ഭക്ഷണശാലകളാണ്. അലോപ്പതി വേണം. കാഷ്വൽറ്റി വേണം. ഒരു ആക്സിഡണ്ട് പറ്റിയാൽ  കാഷ്വൽറ്റി തന്നെ വേണം. നിങ്ങളൊക്കെ അന്നം തേടി മറുനാട്ടിൽ പോയി. അന്നം കഴിക്കാനുള്ള നേരം കണ്ടെത്തുക.  എന്ത് ഭക്ഷണം, എത്രത്തോളം ഭക്ഷണം- ഇതാണ് നമ്മൾ പഠിക്കേണ്ടത്. -- തിരുവനന്തപുരത്ത് ഗവ. പ്രസിനടുത്ത് പത്തായം ജൈവ ഭക്ഷണശാല നടത്തുന്ന ഡോക്ടർ ഗംഗാധരൻ ചിന്നങ്ങത്ത് പറഞ്ഞത്. ഊണിന് ആദ്യം പായസവും രണ്ടാമത് പഴവർഗങ്ങളും മൂന്നാമത് വെജ്  സൂപ്പും നാലാമത് ചോറും കൂട്ടുകറികളും അവസാനം റാഗി പായസവുമാണ് അവിടെ  ചിട്ട. വെള്ളം ചോദിച്ചാൽ നിരുൽസാഹപ്പെടുത്തും. 

Sunday, May 22, 2016

ആദ്യ കാർട്ടൂൺ നാടക പരമ്പര വരുന്നു

മലയാളത്തിലെ ആദ്യ കാർട്ടൂൺ നാടക പരമ്പര വരുന്നു. ഒരേ സ്റ്റേജ് സെറ്റിങ്ങിൽ, ഒരേ കഥാപാത്രങ്ങൾ, ഒരേ വേദിയിൽവ്യത്യസ്ത എഴുത്തുകാരുടെ വിവിധ കഥകൾ അവതരിപ്പിക്കുന്ന പരമ്പരയാണിത്. ചായക്കടക്കഥകൾ എന്ന് പേരിട്ടിരിക്കുന്ന  റിയലിസ്റ്റിക്  കാർട്ടൂൺ-നാടക പരമ്പരയുടെ സാക്ഷാത്ക്കാരം സൂര്യ കൃഷ്ണമൂർത്തി. ഒരു ഗ്രാമത്തിലെ ചായക്കടയ്ക്കുള്ളിൽ നടക്കുന്ന സംഭവങ്ങളാണ് അവതരിപ്പിക്കപ്പെടുന്നത്. കേന്ദ്രകഥാപാത്രങ്ങൾ: ചായക്കടക്കാരൻ, സഹായി, വെളിച്ചപ്പാട്, പഞ്ചായത്ത് പ്രസിഡണ്ട്, ബാർബർ, പോലീസുകാരൻ, തയ്യൽക്കാരൻ തുടങ്ങിയവർ.

മേയ് 26-ന് ഉദ്ഘാടന അവതരണം തിരുവനന്തപുരത്ത് തൈക്കാട് ഗവ. ഗസ്റ്റ് ഹൌസിന് സമീപമുള്ള സൂര്യ അവന്യൂവിൽ. എംടി വാസുദേവൻ നായർ എഴുതിയ ഭീമൻ രാവുണ്ണി നായർ എന്ന 45 മിനിറ്റ് നാടകം ഉദ്ഘാടനത്തിന്. തുടർന്ന് ബഷീർ മണക്കാട് എഴുതിയ 'തീറ്റ റപ്പായി'. പിറ്റേന്ന് സൂര്യ കൃഷ്ണമൂർത്തി എഴുതിയ 'അമ്മ തങ്കമ്മ'. ജൂലൈ മുതൽ എല്ലാ മാസം ഒന്നാം തീയതി രണ്ട് ചായക്കട നാടകങ്ങൾ വീതം അവതരിപ്പിക്കുമെന്ന് സൂര്യ കൃഷ്ണമൂർത്തി പറഞ്ഞു. ടിക്കറ്റ് 20 രൂപ.

Sunday, April 3, 2016

'ഹൊറിബ്‌ൾ' വാക്കുകളെക്കുറിച്ച്

പ്‌ളിങ്ങ് എന്ന വാക്ക് മലയാളമാണോ? ആണെങ്കിലും അതിനെ നിഘണ്ടുപ്പടിപ്പുറത്ത് നിർത്തുന്ന വൈയാകരണ വിശാരദന്മാരുണ്ട്. (പ്‌ളിങ്ങ് ചിലപ്പോൾ പ്‌ളിംഗ് ആയും പ്രത്യക്ഷപ്പെടും. പക്ഷെ ക്രിയാരൂപത്തിൽ പ്‌ളിങ്ങി എന്നേ വരൂ.) ഇംഗ്ലീഷിലെ അത്തരം 'ഹൊറിബ്‌ൾ' വാക്കുകളെക്കുറിച്ച് ഒരു പുസ്തകമിറങ്ങിയിട്ടുണ്ട്. XQs me? പോലുള്ള പുതിയ വാക്പ്രയോഗങ്ങളുടെ പിന്താങ്ങിയായിട്ടാണ് പുസ്തകത്തിന്റെ നിൽപ്പ്. വാക്കുകൾ കൂട്ടിച്ചേർത്തുള്ള സങ്കര ഉപയോഗത്തിലൂടെയാണ് ഭാഷ വളരുന്നതെന്ന് പുസ്തകം (ഹൊറിബ്‌ൾ വേഡ്സ് - റബേക്ക ഗോവേഴ്സ്) ഉത്സാഹിപ്പിക്കുന്നു. അങ്ങനെയാണ് നമുക്ക് ദിവാ-സ്വപ്നവും, മഞ്ഞു-തുള്ളിയും, നേത്ര-ഗോളവും, മായാ-ലോകവും, ആത്മ-മിത്രവും ഒക്കെ ഉണ്ടായത്. (ആ വാക്കുകൾ ഭൂജാതമായ കാലത്ത് ഭാഷാ സദാചാരികളുടെ വക ബഹളയ്യേറ്റമുണ്ടായിരുന്നു). ദദുപോലെ, രണ്ട് ആശയങ്ങളെ ചേർക്കുന്ന വാക്കുകൾക്കും നാം പച്ച കാണിക്കണം. കുട്ടിയേയും മുതിർന്നവരെയും കലർത്തുന്ന kidult; ഊഹിക്കുന്നതിനും ഉറപ്പിക്കുന്നതിനും ഇടയിലുള്ള guesstimate; വീട്ടിൽത്തന്നെ വെക്കേഷൻ ചിലവഴിക്കുന്ന staycation; കിടക്കയിൽത്തന്നെ ധ്യാനിക്കുന്ന beditation; വസ്ത്രങ്ങൾ അലമാരയിൽ തൂക്കാതെ തറയിൽ എറിയുന്ന floordrobe; ആടുകളെപ്പോലെയുള്ള ആളുകളെ സൂചിപ്പിക്കുന്ന sheeple... ഭാഷ ഒട്ടിച്ചു വെച്ചാൽ പോട്ടച്ചു പോവാതെ ഇരിക്കുകയും പിളരുന്തോറും വളരുകയും വളയുകയും വലുതാവുകയും ചെയ്യും.

Saturday, February 20, 2016

ഉമ്പർട്ടോ എക്കോ


ഭാഷ, മതം, വസ്ത്രധാരണം, സംഗീതം, കാർട്ടൂൺ തുടങ്ങിയവയെ പഠിച്ച് സംസ്ക്കാരങ്ങളെ വ്യാഖ്യാനിക്കാൻ ശ്രമിച്ചൊരാൾ ഉമ്പർട്ടോ എക്കോയിലുണ്ടായിരുന്നു. ആ പണ്ഡിത-വ്യഗ്രത അദ്ദേഹത്തിന്റെ നോവലുകളിലും കടന്നു കൂടി. ജാപ്പനീസ് ഹൈക്കുവിനെ പോലെ മികച്ചതാവാൻ കഴിയും മിക്കി മൌസിന് എന്ന് അദ്ദേഹം പറഞ്ഞു. 30 ഭാഷകളിൽ ഒരു കോടി കോപ്പി വിറ്റു പോയ 'ദ നെയിം ഓവ് ദ റോസ്' (ഹാസ്യത്തെ പുകഴ്ത്തുന്ന അരിസ്റ്റോട്ടിലിന്റെ ഒരു പുസ്തകം ചെകുത്താന്റെ പുസ്തകമാണെന്ന് വിശ്വസിച്ച ക്രിസ്ത്യൻ സന്യാസികൾ അത് സമ്മതിക്കാത്തവരെ കൊല്ലുന്നതാണ് റോസിലെ വിഷയം.) അടക്കം മധ്യകാലത്തും മറ്റും സെറ്റ് ചെയ്ത പ്രയാസം പിടിച്ച നോവലുകൾ എങ്ങനെ വിജയങ്ങളാവുന്നു എന്ന വോഗ് ലേഖകന്റെ ചോദ്യത്തിന് എക്കോയുടെ മറുപടി: ഇത് ഒരു സുന്ദരിയോട് എങ്ങനെയാണ് പുരുഷന്മാർ നിങ്ങളിൽ തല്പരരായിരിക്കുന്നത് എന്ന് ചോദിക്കുന്നത് പോലാണ്. ---------------------------- ഫൊക്കാൾട്ട്സ് പെൻഡുലം എന്ന നോവൽ രസമില്ലാത്തതും വാക്-കസർത്തുമാണെന്ന് റുഷ്ദി എഴുതി. റുഷ്ദിയോടൊപ്പം ഒരു മീറ്റിങ്ങ് പങ്കിട്ട എക്കോ അതേ നോവലിൽ നിന്നാണ് ഏതാനും ഭാഗം യോഗത്തിൽ വായിച്ചത്. അധ്യാപകനായിരുന്ന യൂണിവേഴ്സിറ്റി ഓവ് ബൊളോണ്യയിലെ വിദ്യാർത്ഥികളൊത്ത് പാതിരാത്രികളിൽ വില കുറഞ്ഞ വീഞ്ഞ് കഴിച്ചും രസിച്ചിരുന്നു, ആഴ്ച ദിവസങ്ങളിൽ പ്രഫസറും അവധി ദിവസങ്ങളിൽ എഴുത്തുകാരനുമായിരുന്ന എക്കോ. മുസ്സോളിനിയുടെ കാലത്ത് യുവ ഫാസിസ്റ്റുകൾക്കായി നടത്തിയ പ്രബന്ധ രചനയിൽ ഒന്നാമതെത്തിയ എക്കോ വളർന്നപ്പോൾ ഒരു കാത്തലിക് സംഘടനയുടെ നേതാവായി, തോമസ് അക്വിനാസിനെക്കുറിച്ച് തീസിസ് എഴുതി ഡോക്‌ടറേറ്റും നേടി. പിയൂസ് 12 മാർപ്പാപ്പയുടെ യാഥാസ്ഥിതികതയോട് കലഹിച്ച് സംഘടനയിൽ നിന്ന് രാജി വച്ചെങ്കിലും പള്ളി എന്നത്തേയും ഇഷ്ടവിഷയമായിരുന്നു. (പത്രത്തിൽ വായിച്ചത്)

Tuesday, April 14, 2015

ഗുന്തര്‍ ഗ്രാസ് - ടിന്‍ ഡ്രം

'ടിന്‍ ഡ്രമ്മി'ല്‍ ഒരു സീനുണ്ട്. മൂന്നാം വയസില്‍ വളര്‍ച്ച നിലച്ച ഓസ്‌കാര്‍ എന്ന ചെറുക്കന്‍ അമ്മയുടെ കൂടെ പള്ളിയില്‍ പോകുന്നു. അതിനോടകം പ്രേക്ഷകര്‍ക്ക് മനസിലായിട്ടുണ്ട്, അവന്‍ ഡ്രം വായിക്കുന്നത് മുതിര്‍ന്ന ലോകത്തിന്‍റെ താളം തെറ്റിക്കാനാണ്. അവന്‍റെ ജനനം തന്നെ - സിനിമയുടെ തുടക്കത്തില്‍ - കാമറ അപ്‌സൈഡ് ഡൌണ്‍ ആക്കി വച്ച് അവന്‍റെ ദൃഷ്‌ടിയില്‍, പുറത്തേക്ക് വരുന്നതിലുള്ള അവന്‍റെ നീരസം പ്രകടിപ്പിക്കുന്ന വോയ്‌സ് ഓവറിലാണ്. പള്ളിയില്‍, അവന്‍റെ അമ്മ ആറാമത്തെ പ്രമാണം തെറ്റിച്ചതായി കുമ്പസാരിക്കുമ്പോള്‍ അവന്‍ ഉണ്ണീശോയെ കൈയിലേന്തി നില്‍ക്കുന്ന കന്യാമറിയത്തിന്‍റെ പ്രതിമയില്‍ അള്ളിപ്പിടിച്ച് കയറി ഡ്രം ഉണ്ണീശോയുടെ കഴുത്തിലിട്ട് കൈകളില്‍ കോലുകള്‍ പിടിപ്പിച്ച്  ഡ്രം വായിക്കാന്‍ പറയുന്നു. തുടര്‍ന്ന് ഉണ്ണീശോയുടെ ചെകിടത്തടിക്കുന്നു.

ഞാന്‍ വിചാരിച്ചു 1899-ല്‍ നടക്കുന്നതായി പറയുന്ന, 1959-ല്‍ ഇറങ്ങിയ നോവല്‍ ജര്‍മ്മന്‍ സമൂഹത്തെ എന്തുമാത്രം ഷോക്കടിപ്പിച്ചു കാണും! ഡ്രം വായിക്കുന്ന ഓസ്‌കാറിന്‍റെ പിതൃത്വം, കൌമാര ഗര്‍ഭം, ലൈംഗികവൈകൃതങ്ങള്‍,  ആത്മഹത്യ എന്നിങ്ങനെ ഷോക്കുകളുടെ വെടിക്കെട്ടാണ് ടിന്‍ ഡ്രം അടിച്ച് കേള്‍പ്പിക്കുന്നത്. പാമ്പ് പോലിരിക്കുന്ന മല്‍സ്യം, ആരല്‍,  കഴിക്കാന്‍ ഭര്‍ത്താവ് പറഞ്ഞത് കേട്ട് ച്ഛര്‍ദ്ദിക്കുന്ന ഭാര്യ പിന്നെ ഗര്‍ഭവതിയായിരിക്കെ പച്ച മല്‍സ്യത്തെ തിന്നുന്ന കാഴ്‌ച, രണ്ടാം ലോക യുദ്ധകാലത്ത് റഷ്യന്‍ പട്ടാളം ഓസ്‌കാറിന്‍റെ വീട്ടില്‍ ഇരച്ചു കയറിയപ്പോള്‍ നാസി-പിന്‍ ഒളിപ്പിക്കാന്‍ വേണ്ടി അത് വിഴുങ്ങാന്‍ ശ്രമിക്കുന്ന ഓസ്‌ക്കാറിന്‍റെ പിതാവ് തൊണ്ടയില്‍ കുടുങ്ങി വെപ്രാളപ്പെടുകയും തുടര്‍ന്ന് വെടിയേറ്റ് മരിക്കുകയും ചെയ്യുന്ന കാഴ്ച... യാഥാര്‍ത്ഥ്യ-ഫാന്‍റസികളുടെ പൂരം!
 
ഭൂമിശാസ്ത്ര-സാസ്‌ക്കാരികപരങ്ങളായി പോളണ്ടിനും ജര്‍മ്മനിക്കുമിടയില്‍ വളരുന്ന ഓസ്‌ക്കാറിന് ബെര്‍ത്ത്‌ഡേ പാര്‍ട്ടിക്കിടയില്‍ ഡ്രം സമ്മാനിക്കുന്നത് അവന്‍റെ അമ്മയാണ്.  തീന്‍മേശക്ക് മുകളില്‍ മദ്യക്കുപ്പികളും, അടിയില്‍ അവന്‍റെ അമ്മയുടെ സ്‌കേര്‍ട്ടിനിടയിലൂടെ ഷൂസിട്ട ഒരു ആണ്‍പാദം പുളയുന്നതും കണ്ടാണ്, ഇനി വളരേണ്ട എന്ന് അവന്‍ തീരുമാനിക്കുന്നത്. കഥാവസാനം പിതാവിന്‍റെ ശവ'സംസ്‌ക്കാര'ത്തിനിടെ അവന്‍ വളരാന്‍ തീരുമാനിക്കുന്നു - അവന്‍റേതെന്ന് സംശയിക്കപ്പെടുന്ന കുഞ്ഞിന്‍റെ കല്ലേറ് കൊണ്ട്.

കഥാപാത്രത്തിന് വളര്‍ച്ചക്കുറവാണെങ്കിലും, 'വിശാല'യാഥാര്‍ത്ഥ്യം വരച്ച് ഭീകരവളര്‍ച്ചയെത്തിയ നോവലിന്‍റെ കര്‍ത്താവ്, ഗുന്തര്‍ ഗ്രാസ്, വായനാലോകത്തെ ഷോക്കടിപ്പിച്ചു - നാസിക്കെതിരെ പറഞ്ഞിരുന്ന ഗ്രാസ് ഒരിക്കല്‍ നാസിപ്പടയില്‍ അംഗമായിരുന്നു എന്ന് വെളിപ്പെടുത്തിയപ്പോഴും കിഴക്ക്-പടിഞ്ഞാറ് ജര്‍മ്മനികളുടെ ഏകീകരണം ലോകസമാധാനത്തിന് വീണ്ടും ഭീഷണിയാവുമെന്ന് പറഞ്ഞപ്പോഴും. കാത്തലിക്-ലൂഥറന്‍ സഭകള്‍ നാസിസത്തിന്‍റെ ധാര്‍മ്മിക കൂട്ടാളികളാണെന്നും ഗ്രാസ് പറഞ്ഞു. മരിക്കുമ്പോള്‍ പദ്യവും ഗദ്യവും കലര്‍ത്തിയ സാഹിത്യരൂപത്തില്‍ ഒരു രചനയിലായിരുന്നുവെന്ന് പത്രത്തില്‍. 

Tuesday, July 15, 2014

നദീന്‍ ഗോദിമര്‍ nadine gordimer

മാറി നില്‍ക്കേണ്ടി വരുന്നതും എന്നാല്‍ ഇടപെടേണ്ടി വരുന്നതും തമ്മിലുള്ള ടെന്‍ഷനാണ് എഴുത്തുകാരിയെ സൃഷ്‌ടിച്ചതെന്ന് നദീന്‍ ഗോദിമര്‍ ഒരിക്കല്‍ പറഞ്ഞു. അപാര്‍ത്തീഡ് ഗോദിമര്‍ പ്രധാനവിഷയമായി എടുത്തിരുന്നില്ല.
പക്ഷെ ദക്ഷിണാഫ്രിക്കന്‍ ജീവിതത്തെ കുഴിക്കുമ്പോള്‍ ആ അടിച്ചമര്‍ത്തല്‍ പറയാതിരിക്കുക അസാധ്യമായിരുന്നു. രാഷ്‌ട്രീയവും അവര്‍ ഒഴിവാക്കാനാഗ്രഹിച്ച വിഷയമായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ ജനിച്ചത് കൊണ്ട് മാത്രം  അപാര്‍ത്തീഡും രാഷ്‌ട്രീയവും അവരുടെ മുഖ്യവിഷയങ്ങളായി. ബ്‌ളാക്ക് ടൌണ്‍ഷിപിലെ വേനല്‍ച്ചൂട് കട്ട കുത്തി നിന്ന ഹോളോബ്രിക്‌സ് പരിസരം മുതല്‍ വെള്ളക്കൊളോണിയല്‍ ലോകത്തെ അപരാഹ്ന സദ്യകള്‍, നീന്തല്‍ക്കുളക്കരയിലെ ചുട്ടിറച്ചിപ്പാര്‍ട്ടികള്‍, വേട്ടവിളയാടലുകള്‍ വരെ അവര്‍ എഴുത്തില്‍ വെറുതെ വിട്ടില്ല. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് (എ.എന്‍.സി.) മെംബറുമായിരുന്നു അവര്‍.

സാമൂഹ്യചരിത്രം എഴുതിയ വ്യക്തിചിത്രങ്ങളാണ് ഗോദിമര്‍-രചനകള്‍ എന്ന് നിരൂപകര്‍ വരച്ചിട്ട എഴുത്തുകാരി രാഷ്-ട്രീയ വിമോചനങ്ങളെക്കുറിച്ച് എഴുതിയതത്രയും സ്വകാര്യമോചനം മൂടുപടമിട്ടതാണെന്നും ചിലര്‍ പറഞ്ഞു. അച്ഛനുമായി ബന്ധം വേര്‍പെടുത്തിയ അമ്മയുടെ നിശിതരീതികളില്‍ വളര്‍ന്ന ഗോദിമറിന്‍റെ ബാല്യമായിരുന്നു ആ പറഞ്ഞതിന്‍റെ പശ്ചാത്തലം.

കറുത്ത ദക്ഷിണാഫ്രിക്കയോട് വാല്‍സല്യ വീക്ഷണത്തിന്‍റെ മുഖംമൂടിയണിഞ്ഞ വാക്കുകള്‍ ഉപയോഗിച്ച കപടവെള്ളക്കാരിയായിരുന്നു അവര്‍ എന്ന് ചിലര്‍.

ദക്ഷിണാഫ്രിക്കയിലെ ട്രാന്‍വോളില്‍ കുടിയേറിയ യഹൂദ ദമ്പതികളുടെ മകളായിരുന്നു അവര്‍. ലിത്വാനിയയില്‍ വാച്ച് റിപയറര്‍ ആയിരുന്ന അച്ഛന്‍ പിന്നീട് ജ്വല്ലറി തുടങ്ങിയതാണ് കുടുംബകഥയിലെ ഒരു പരിണാമഗുപ്തി. അമ്മ ഇംഗ്‌ളീഷുകാരിയായിരുന്നു. അസംതൃപ്‌തമായ ദാമ്പത്യത്തില്‍ അമ്മ എല്ലാ ഊര്‍ജ്ജവുമൊഴുക്കിയത് രണ്ട് പെണ്‍മക്കളെ - നദീനും ചേച്ചിയും - വളര്‍ത്താനായിരുന്നു.

മൂന്ന് പുസ്തകങ്ങള്‍ നിരോധിച്ച ഭരണകൂടം അവരെ പക്ഷെ ശിക്ഷിച്ചില്ല. ഒരു നിശ്ചിത വീക്ഷണത്തിന്‍റെ തീവ്രസ്വരമായിരുന്നില്ല അവരുടേത്. വെള്ള-കറുത്ത വര്‍ഗവിവേചനത്തേക്കാള്‍ അവര്‍ക്ക് കുറേക്കൂടി കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു. ഇന്ത്യന്‍ മുസ്‌ലിം കുടുംബമാണ് ഒരു കഥാപരിസരം (എ ചിപ് ഒവ് ഗ്‌ളാസ് റൂബി). ഒരു കഥയില്‍ ജൂലൈ എന്ന കറുത്തവന്‍ അവന്‍റെ വെള്ള യജമാനരെ കലാപസമയത്ത് ആരുമറിയാതെ സൊവെറ്റോയിലെ ബ്‌ളാക്ക് ടൌണ്‍ഷിപില്‍ രഹസ്യമായി കൊണ്ടുവന്ന് താമസിപ്പിക്കുന്നു. അപാര്‍ത്തീഡിന്‍റെ അന്ത്യവും ദക്ഷിണാഫ്രിക്കയുടെ പുനര്‍ജന്‍മവും അവര്‍ നേരത്തേ പ്രവചിച്ചതാണ്, കഥകളിലൂടെ.     ന്യൂനപക്ഷ വെള്ളക്കാര്‍ കറുത്തവരുടെയിടയില്‍ മനുഷ്യര്‍ കാട്ടില്‍ മരങ്ങളുടെ ഇടയില്‍ കഴിയുന്നതുപോലെ ജീവിച്ചു എന്നവര്‍ എഴുതി.

 (കുവൈറ്റ് ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തിന്‍റെ സ്വതന്ത്ര പരിഭാഷ)

Saturday, February 15, 2014

കോര്‍പറേറ്റുകള്‍ ഇലക്‌ഷന്‍ ഭരിക്കുമെന്ന് വി എസ് സുനില്‍കുമാര്‍


കേരള അസോസിയേഷന്‍ കുവൈറ്റിന്‍റെ പതിനഞ്ചാമത് വാര്‍ഷികാഘോഷത്തിന് കുവെറ്റില്‍ വന്ന കയ്‌പമംഗലം എംഎല്‍എ വി എസ് സുനില്‍കുമാര്‍ പറയുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണിയുടെ പ്രസക്തി വര്‍ദ്ധിക്കുമെന്നാണ്. ആന്ധ്ര, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡീഷ, ഛത്തീസ്‌ഗഢ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസോ ബിജെപിയോ എന്ന ചോദ്യത്തിന് ബദലായി മൂന്നാം മുന്നണി എന്ന ഉത്തരമുണ്ടാവും. കോണ്‍ഗ്രസിന് മൂന്നാംമുന്നണിയെ പുറത്തു നിന്നും പിന്താങ്ങേണ്ടിയും വന്നേക്കാം. നേരത്തേ ഇടതുകക്ഷികള്‍ ബിജെപിക്കെതിരായി കോണ്‍ഗ്രസിനെ പിന്താങ്ങിയതിന്‍റെ റിവേഴ്‌സ് ആയിരിക്കും ഇത്തവണ.

കോര്‍പറേറ്റ് ശക്തികളുടെ ആധിപത്യം കൂടുതല്‍ പ്രകടമാവുന്ന ഇലക്‌ഷനാണ് വരാന്‍ പോകുന്നതെന്നും സിപിഐ എംഎല്‍എ സുനില്‍കുമാര്‍ പറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ കോര്‍പറേറ്റുകള്‍ അവരുടെ പിടി മുറുക്കാനുള്ള ശ്രമത്തിലായിരുന്നു. ഇപ്പോള്‍ മുറുകിയിരിക്കുന്ന പിടി വിടാതിരിക്കാനുള്ള ശ്രമമാവും പ്രകടമാവുക. നമ്മുടെ കാര്‍ഷികോല്‍പാദനവും വിളകളുടെ സംഭരണവും വില്‍പനയുമെല്ലാം നിയന്ത്രിക്കുന്നത് കോര്‍പറേറ്റ് ശക്തികളായി. ഫുഡ് കോര്‍പറേഷന്‍റെ ഗോഡൌണുകളില്‍ പുറത്തിരിക്കുന്ന വിത്തുകള്‍ കാണാം. അവ ചീഞ്ഞളിഞ്ഞു പോവും. അകത്ത് സംരക്ഷിക്കപ്പെടുന്നത് റിലയന്‍സിന്‍റെ ഉല്‍പന്നങ്ങളാണ്. തൊണ്ണൂറുകള്‍ മുതല്‍ നമ്മള്‍ കണ്ടു വരുന്ന സ്വകാര്യവല്‍ക്കരണത്തിന്‍റെ ഒടുവിലത്തെ ഉദാഹരണം. ഭക്ഷ്യ-നാണ്യ വിളകളില്‍ മാത്രമല്ല, ധാതുസമ്പത്തിലും സേവനമേഖലകളിലും വരെ കോര്‍പറേറ്റുകളുടെ പിടിത്തം മുറുകുന്നത് കാണാം.

ആം ആദ്‌മി പാര്‍ട്ടിക്ക് ഐഡിയോളജി ഇല്ല. ഡല്‍ഹിയിലെ വിജയമെന്നു പറയുന്നത് സേഫ്‌റ്റി വാല്‍വ് പ്രതിഭാസമാണ്. ഗ്‌ളോബലൈസേഷന്‍റെയും മറ്റും എതിര്‍സ്‌ഫുരണങ്ങള്‍ ജനങ്ങള്‍ പ്രകടിപ്പിച്ചത്. ഒരു പ്രസ്ഥാനത്തിന് ഒരു ഐഡിയോളജി വേണം. ഒരു രാജ്യത്തിന് വേണം. ഇന്ത്യയുടെ ഐഡിയോളജിയാണ് ലോകാ സമസ്ത സുഖിനോ ഭവന്തു (എന്‍റെ വിചാരങ്ങളും വാക്കുകളും പ്രവൃത്തികളും എല്ലാവരുടെയും സ്വാതന്ത്ര്യത്തിനും സന്തോഷത്തിനും സംഭാവന‍ ചെയ്യട്ടെ). എന്നാല്‍ സിദ്ധാന്തം കൊണ്ട് മാത്രം ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്ക് വിജയിക്കാനാവില്ല. ഇന്ത്യയുടെ മണ്ണിലേക്ക് മാര്‍ക്‌സിസം പ്രയോഗിച്ചതിന്‍റെ പ്രായോഗികഫലങ്ങള്‍ ഇടതുപാര്‍ട്ടികള്‍ പഠിക്കുന്നുണ്ട്. ഹരീന്ദ്രനാഥ് ചട്ടോപാധ്യായ, സുനില്‍ മുഖോപാധ്യായ തുടങ്ങിയ മാര്‍ക്‌സിസ്‌റ്റ് ചിന്തകര്‍ മാര്‍ക്‌സിസത്തേക്കാള്‍ ആഴത്തില്‍ പഠിച്ചത് ഭാരതീയ തത്വചിന്തയാണ്. ഘടനാപരമായ പുനര്‍നിര്‍മ്മാണം ഇടതുപാര്‍ട്ടികള്‍ക്ക് ആവശ്യമാണെന്ന് ഞങ്ങളുടെ പാര്‍ട്ടി പറഞ്ഞിട്ടുണ്ട്.

ഭാരതീയ തത്വചിന്തയെ ഹൈന്ദവവല്‍ക്കരിച്ചു ബിജെപി. ഉപനിഷത്തുക്കളും ദര്‍ശനങ്ങളും ഹിന്ദുത്വമല്ല പറയുന്നത്. നെഹ്‌റുവും ഗാന്ധിയും ഭാരതീയ തത്വചിന്ത അവരുടെ എഴുത്തുകളിലും ജീവിതത്തിലും വരെ പ്രകടമാക്കിയിട്ടുണ്ട്. രാജീവ്ഗാന്ധിയുടെ കാലം മുതല്‍ക്ക് തത്വചിന്തക്ക് കാവി നിറം വന്നു. ഞാന്‍ കാവി മുണ്ടും ഷേര്‍ട്ടും ധരിക്കുന്ന ആളാണ്.

ഒഡീഷയിലെ പോസ്‌കോ സമരം ഞങ്ങളുടെ പാര്‍ട്ടിയാണ് നയിക്കുന്നത്. 12 കോടിയോളം തൊഴിലാളികള്‍ പങ്കെടുത്ത സമരം നമ്മുടെ രാജ്യ ത്തുണ്ടായിട്ടുണ്ട്. സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങള്‍ക്കും സ്വകാര്യവല്‍ക്കരണത്തിനും, വര്‍ഗീയതക്കും അഴിമതി ക്കുമെതിരെയായിരുന്നു ആ സമരം. പത്ത് ലക്ഷം പേര് പാര്‍ലമെന്‍റ്, മാര്‍ച്ച് നടത്തി. ഇതൊന്നും മീഡിയക്ക് വേണ്ട. അവര്‍ക്ക് കേജ്‌രിവാളിന്‍റെയും ഹസാരെയുടെയും പതിനായിരങ്ങളെ മതി.

Wednesday, May 22, 2013

ഷബാന ആസ്‌മിയുടെ ബ്രോക്കണ്‍ ഇമേജസ്

ശിഥിലബിംബങ്ങള്‍ എന്ന ഒരു മണിക്കൂര്‍ ഒറ്റയാള്‍ നാടകത്തിലെ ടിവി സ്‌ക്രീന്‍ ബിംബം രംഗത്ത് ജീവനോടെ നില്‍ക്കുന്ന എഴുത്തുകാരി മഞ്ജുളയോട് (രണ്ടും ഷബാന ആസ്‌മി) സംവദിക്കുന്നത് ആരായിട്ടാണ് എന്ന ചോദ്യം ഈ നാടകാനുഭവത്തിന്‍റെ നട്ടെല്ലാണ്. 'കേവലം' ഹിന്ദി ചെറുകഥാകൃത്തായ മഞ്ജുള എങ്ങനെ ലോകമറിയപ്പെടുന്ന ഇംഗ്‌ളീഷ് നോവലിസ്‌റ്റായി എന്ന വിചാരണയും മഞ്ജുളയുടെ ബോധധാരാ ആത്മഗതവുമാണ് നാടകത്തിന്‍റെ പൊതിയഴിക്കുന്നത്. അത് മഞ്ജുള എന്ന മിഡില്‍ ക്‌ളാസ് ഇന്ത്യന്‍ സ്‌ത്രീയുടെ ജീവിതത്തിന്‍റെ പൊതിയഴിക്കലുമാണ്. ആ ടിവി രൂപം മഞ്ജുളയുടെ മന:സാക്ഷിയാവാം. പ്രതിസ്‌ത്രീ, സമൂഹമനസ്, തുടങ്ങി ദൈവമാലാഖ വരെയാവാം. "ഓഡിയന്‍സിന്, അവരുടേതായ രീതിയില്‍ ആ ഇമേജിനെ വ്യാഖ്യാനിക്കാ"മെന്ന് കുവൈറ്റില്‍ ഈയിടെ അല്‍-മുള്ള എക്‌സ്‌ചെയിഞ്ച് സംഘടിപ്പിച്ച ഈ ഇംഗ്‌ളീഷ് നാടകമവതരിപ്പിച്ചതിനു ശേഷം ഷബാന ആസ്‌മി പറഞ്ഞു.



നാടകകൃത്ത് ഗിരീഷ് കര്‍ണാട് പതിയെ ആ 'സത്യം' വെളിപ്പെടുത്തുന്നു: ഹിന്ദി എഴുത്തുകാരി ഇംഗ്‌ളീഷ് നോവല്‍ മോഷ്‌ടിച്ചതാണ്! മരിച്ചു പോയ അനിയത്തി മാലിനിയാണ് യഥാര്‍ത്ഥ നോവല്‍കര്‍ത്താവ്. അതിന് പിന്നിലെ ജീവിത നാടകങ്ങള്‍ എങ്ങനെ ബിംബങ്ങളെയും മുഖംമൂടികളെയും ശിഥിലമാക്കുന്നു എന്ന വെളിപാട് ബ്രോക്കണ്‍ ഇമേജസ് നമുക്ക് തരുന്നു.


സൈബര്‍ തമാശകള്‍ പറയുന്ന, ലൂസി എന്ന ഒരു അവിവാഹിതയുമായി വൈകുന്നേരങ്ങളില്‍ കാപ്പി സമയം ചിലവഴിക്കുന്ന മഞ്ജുളയുടെ ഭര്‍ത്താവ് ദാമ്പത്യത്തിന്‍റെ ആദ്യനാളുകളിലേ തമാശ പറഞ്ഞിട്ടുള്ളൂ. പിന്നീട് അദ്ദേഹത്തിന്‍റെ ബുദ്ധിപരമായ വ്യായാമങ്ങള്‍ മഞുളയുടെ അനിയത്തി മാലിനിയുമായാണ്. അരക്ക് താഴെ തളര്‍ന്ന അനിയത്തിയുമായി ഭര്‍ത്താവിന്‍റെ ലൈംഗിക ബന്ധം ചിന്തിക്കുക വയ്യ. അദ്ദേഹത്തിന്‍റെ ആവശ്യങ്ങള്‍ സാധിക്കാന്‍ നിന്നെ സമീപിക്കാറില്ലേ എന്ന ടിവി ഇമേജിന്‍റെ ചോദ്യത്തിന് മഞ്ജുള മറുപടി പറയുന്നത് അതിന് അദ്ദേഹത്തിന്‍റെ അരക്ക് താഴെ തളര്‍ന്നിട്ടില്ലല്ലോ എന്നാണ്. എങ്കിലും അദ്ദേഹത്തിന്‍റെ ചിന്തയില്‍ അനിയത്തി മാലിനിയാണ് എന്ന വിചാരം മഞ്ജുളയുടെ അലട്ടുന്നുണ്ട്. ഭര്‍ത്താവിന്‍റെയും അനിയത്തിയുടെയും ശാരീരികബന്ധത്തിന് വരെ മഞ്ജുള തയ്യാറാണ്, അതവരുടെ മാനസിക ബന്ധം ഇല്ലാതാക്കുമെങ്കില്‍.


നോവല്‍ എന്തിന് മോഷ്‌ടിച്ചു എന്ന ക്‌ളൈമാക്‌സിലേക്ക് നമ്മള്‍ അടുക്കുകയാണ്. അതിനിടയിലാണ് ഗിരീഷ് കര്‍ണാടും സംവിധായകന്‍ അലിഖ് പദംസീയും കൂടി ലൂസി പോലുള്ള കഥാപാത്രങ്ങളെ മഞ്ജുളയുടെ കള കള വര്‍ത്തമാനത്തില്‍ നിന്നും പുറത്തു ചാടിക്കുന്നത്. അരക്ക് താഴെ തളര്‍ന്ന അനിയത്തിയെ നോക്കാന്‍ വന്ന നഴ്‌സിനെ വിളിച്ചു കൂടെ എന്നൊരിക്കല്‍ ഭര്‍ത്താവ് പറഞ്ഞതാണ്. മാലിനി മരിച്ചു, നമ്മള്‍ രോഗികളുമല്ലല്ലോ എന്ന് മഞ്ജുള. ആ നഴ്‌സ് ഭര്‍ത്താവിനെ ഓഫീസില്‍ സന്ദര്‍ശിക്കാറുണ്ടെന്ന് സംശയിക്കുന്നതായും മാലിനിയേക്കാള്‍ സൌന്ദര്യം കുറവുണ്ടെന്ന് വിശ്വസിക്കുന്ന മഞ്ജുള പറഞ്ഞു.


അസൂയ കൊണ്ടാണോ മഞ്ജുള മാലിനിയുടെ നോവല്‍ മോഷ്‌ടിച്ചത്? അല്ല. നോവല്‍ - നദിയുടെ കരച്ചില്‍ - അവരുടെ കുടുംബ കഥയാണ്. അതില്‍ മഞ്ജുളയെ ശരാശരിക്ക് താഴെ ചിത്രീകരിച്ചിരിക്കുന്നു. നോവല്‍ മാലിനിയുടെ പേരില്‍ പുറത്തിറങ്ങിയാല്‍ മഞ്ജുള ആക്ഷേപത്തിനും ചിരിക്കും വകയാവും. അതുകൊണ്ട് നോവല്‍ എന്‍റെ പേരിലാക്കി എന്ന് വിജയാട്ടഹാസം മുഴക്കി മഞ്ജുള. അപ്പോള്‍ ടിവി ഇമേജ് പറയുന്നു: ജയിച്ചത് മഞ്ജുളയല്ല, മാലിനിയാണ്. ചേച്ചി ഒരു 'ഫ്രോഡാ'ണെന്ന് അനിയത്തിക്ക് തെളിയിക്കണമായിരുന്നെങ്കില്‍ അത് തെളിയിക്കപ്പെട്ടു. വിജയാട്ടഹാസം അലറിക്കരച്ചിലായി.


രംഗത്ത് 'ജീവനോടെ' ഉണ്ടായിരുന്ന മഞ്ജുളയെ ഇപ്പോള്‍ കാണാനില്ല. ടിവി രൂപം ഇരട്ടയാവുന്നുണ്ടോ? അത് മഞ്ജുളാലിനിയായി മാറിയോ? ഇമേജുകള്‍ക്കനുസരിച്ചാണോ മഞ്ജുള ജീവിക്കേണ്ടത്? അന്തര്‍സ്വരത്തെ അവര്‍ ശ്രദ്ധിക്കാറുണ്ടോ? ടിവി ഇമേജ് മാലിനിയുടെ പുനര്‍ജന്‍മമാണോ (എങ്കില്‍ ഏറ്റവും പഴയ വിശാസത്തെ ഏറ്റവും പുതിയ സാങ്കേതികതയുമായി ബന്ധപ്പെടുത്താനുമായി) എന്നിങ്ങനെയുള്ള ചോദ്യങ്ങളുമായി നാടകം അവസാനിക്കുന്നു, അഥവാ അവസാനിക്കുന്നില്ല. ഇമേജുകളുമായുള്ള നമ്മുടെ നാടകംകളി തുടര്‍ന്നു കൊണ്ടേ ഇരിക്കും.

Sunday, June 10, 2012

കുവൈറ്റ് മലയാളി ജോണ്‍സണ്‍ സായാഹ്നം

സംഗീതകാരന്‍ ജോണ്‍സന്‍റെ സ്‌മരണാര്‍ത്ഥം കുവൈറ്റ് മലയാളി ജോണ്‍സണ്‍ സായാഹ്നം സംഘടിപ്പിക്കുന്നു. തൃശൂര്‍ റീജ്യണല്‍ തിയറ്ററില്‍ ജൂണ്‍ 24ന് നടക്കുന്ന കലാസന്ധ്യയില്‍ ജോണ്‍സണ്‍ സംഗീതം നല്‍കിയ ഗാനങ്ങളുടെ ആലാപനം ഉണ്ടാവും. ജോണ്‍സന്‍റെ അനുജന്‍ വയലിനിസ്‌റ്റ് ചാക്കോ, കുവൈറ്റില്‍ വയലിന്‍ പഠിപ്പിച്ച് മാത്രം ഉപജീവനം കഴിക്കുന്ന വര്‍ഗീസ് എന്നിവരടക്കം 5 വയലിനിസ്‌റ്റുകള്‍ പങ്കെടുക്കുന്ന ഗാനമേള തൃശൂര്‍ കലാസദനാണ്  ഒരുക്കുന്നത്.  കാന്‍സര്‍ ബാധിതയായ ജോണ്‍സന്‍റെ വിധവക്ക് പണോപഹാരവും നല്‍കുന്ന ചടങ്ങ് കുവൈറ്റ് പ്രവാസി ബാബു ചാക്കോളയുടെ ആശയമാണ്.



നാടകകലാകാരനായ ബാബു ചാക്കോള അംഗമായ കുവൈറ്റ് കല്‍പക് തിയറ്റര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോണ്‍സണ്‍ ഗാനമാലിക കുവൈറ്റില്‍ സംഘടിപ്പിച്ചിരുന്നു.  അന്ന് കുവൈറ്റില്‍ വന്നപ്പോള്‍ ജോണ്‍സണും ചാക്കോളയും കൂടി തീരുമാനിച്ചിരുന്നു തൃശൂരില്‍ നിന്നുള്ള സംഗീതസംവിധായകരുടെ സമ്മേളനത്തില്‍ ഒരു ഗാനമേള.  - കെജെ ജോയ്, വിദ്യാധരന്‍,  മോഹന്‍ സിത്താര,  ഔസേപ്പച്ചന്‍, അല്‍ഫോന്‍സ് എന്നിവരാണ് ജോണ്‍സണെ കൂടാതെയുള്ള തൃശൂര്‍ സംവിധായകര്‍ - നടക്കാതെ പോയ ആ പ്രോഗ്രാമിന്‍റെ വേദന ബാക്കിയാണെന്ന് ചാക്കോള പറയുന്നു. ജോണ്‍സന്‍റെ ഗാനമേളക്കാലത്തെ പാട്ടുകാരന്‍ ബാസ്‌റ്റിന്‍ ഈ പരിപാടിയില്‍ പാടുന്നുണ്ട്. ചലച്ചിത്രകാരന്‍ കമല്‍, മേയര്‍ ഐ പി പോള്‍, എംപി വിന്‍സെന്‍റ്, എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ നാടകരംഗത്തു നിന്നും ആര്‍ട്ടിസ്‌റ്റ് സുജാതന്‍, സംവിധായകന്‍ രാജു ചിറക്കല്‍ എന്നിവരെയും കിഡ്‌നി ഫെഡറേഷന്‍ ഒഫ് ഇന്ത്യ ചെയര്‍മാന്‍ ഫാദര്‍ ഡേവിസ് ചിറമ്മല്‍, ദീര്‍ഘകാലം പ്രവാസിയായിരുന്ന വര്‍ഗീസ് കൂനന്‍ എന്നിവരെയും ആദരിക്കുന്നുണ്ട്. മേയര്‍ ഐ പി പോള്‍ ജോണ്‍സണ്‍ അനുസ്‌മരണ പ്രഭാഷണം നടത്തും.

(ജോണ്‍സണ്‍ 'ചേട്ടന്‍' കുവൈറ്റില്‍ വന്നപ്പോള്‍ എനിക്ക് സംസാരിക്കാനായി തന്ന സമയത്തിനിടെ,  എല്ലാരും ജോണ്‍സണ്‍ മാഷ്, മാസ്‌റ്റര്‍ എന്നൊക്കെ വിളിക്കുന്നതിനെ അത്ര കാര്യമാക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.  കൂടെയുണ്ടായിരുന്ന ഗായകന്‍ സുദീപ് ജോണ്‍സേട്ടന്‍ എന്ന് വിളിക്കുന്നത് കേട്ട് ഞാനും അങ്ങനെ വിളിച്ചു.  മകന് ബൈക്ക് ക്രെയ്‌സ് ആണെന്ന് അന്ന് പറഞ്ഞിരുന്നു. അപ്പനെയും മകനെയും ഒരേ സെമിത്തേരിയിലാണ്  (നെല്ലിക്കുന്നം) അടക്കിയിരിക്കുന്നതെന്ന് പത്രങ്ങളില്‍ വായിച്ചു.  മുന്‍കാല നടന്‍ വിന്‍സെന്‍റിന്‍റെ മകന്‍റെ ഭാര്യയായിരുന്ന ജോണ്‍സണ്‍റെ ഉദ്യോഗസ്ഥയായ മകളാണ്  ഇന്ന് ജോണ്‍സണ്‍ കുടുംബത്തിന് ആശ്രയം. )

Saturday, March 31, 2012

kuwait's new Malayalam FM radio

New FM radio tunes
expats into roots

Connecting Indian expats to their roots and gluing musically-inclined Egyptians to their seats, new radio stations are foraying into Kuwait in aplomb. The Indian FM radio station, 98.4 U FM, will be officially launched on April 14, the Hindu festival of Vishu (Malayalam new year). It 'caters to the need of expats' claims the ongoing test broadcast advertisement. The test broadcast now runs Malayalam, Tamil, Hindi songs and jingles that resound the latest Bollywood hits. The Egyptian operated makanfm.com, also on test transmission, offers unlimited Arabic songs and programs that vary between religious and spirited debates.


Kuwait's Marina FM-assisted 98.4 U FM is a much awaited dream come true for many. The inception of an expat-oriented radio began a year ago. Manu Chandrashekhar, Program Convener, said about 17 professionals from TV-radio fields in India were recruited, and the station uses internationally renowned Dalet radio software. Experienced technicians and nine radio jockeys, in addition to locally recruited administrative staff make the 98.4 U FM team a force to reckon with, and it aims to spread it wings, Manu said. The staff, hand-picked without the interview process will work in two shifts. "Our concept is the pure infotainment for the Indian community", Manu said. The station observed earth hour by shutting down last evening from 8.30 to 9.30.

The FM team boasts a vast collection of 52,000 Malayalam, Tamil and Hindi songs that will be aired. Plans are on the anvil to include every half-hour news, announcements, phone-in programs and advertisements in its 24/7 format. The team is busy working on the background and scheduling its program list, to be transmitted from Muthala station. Manu said hypermarkets and small-scale companies have expressed interest in placing advertisements.

Since March 21, (the day 98.4 U FM went on air) the test broadcast has become a talk of the town. Music lovers and listeners circulated e-mails, sharing the good news. Some believe that such a station should have been made a reality much earlier. Others felt that listening to music and news is the best can help pass time while waiting in traffic.

Egyptian internet radio makanfm.com will broadcast 'Matigi nitkalam,' an online voice chat program where people describe funny real-life incidents. Football, technology, hit chart will also be featured in the internet radio station that can be accessed through Real Media and Windows Media Player. "It is team work where a few Egyptians make an online space for a large number of compatriots who will be connected through the programs they listen to," said Sherif Ismail, who does advertisements for the internet radio.

As for 98.4 U FM, being able to bridge the gap between India and Kuwait brings in more good news. The festival of Vishu signifies the first thing seen on the day, believed to have a bearing on one's life in the coming years. The FM's launch could not be timed any better.

Sunday, February 19, 2012

കുവൈറ്റ് ചരിത്ര പശ്ചാത്തലത്തില്‍ മലയാള നോവല്‍

http://new.kuwaittimes.net/2012/02/19/kuwaits-50-year-history-backdrop-in-expat-novel/
1962ല്‍ എട്ട് ദിവസ കപ്പല്‍യാത്രയില്‍, മുലപ്പാല്‍ വരെ ഛര്‍ദ്ദിച്ച് കുവൈറ്റ് ഓയില്‍ കമ്പനിയില്‍ റിക്രൂട്ട് ചെയ്യപ്പെട്ട് പ്രവാസിയായ ഇരുപതുകാരന്‍, സര്‍വ്വജ്ഞാനി 'ഞാന്‍' പറയുന്ന 50 വര്‍ഷത്തെ കഥ: പൊതുവിജ്ഞാനവും, ചരിത്രവും, പച്ചയായ ജീവിത നിരീക്ഷണങ്ങളും, ഹിന്ദി-തമിഴ് ഗാന ശകലങ്ങളും, ഭക്ഷണവര്‍ണ്ണനകളും റെസിപ്പികളും കൊണ്ട് സമ്പന്നമായ മൂന്ന് ഭാഗങ്ങളുമായി ഒരു നോവല്‍ - ഒരു പ്രവാസിയുടെ ഇതിഹാസം ഒരുങ്ങുന്നു. ഡിസി ബുക്ക്‌സ് പുറത്തിറക്കിയ രണ്ടു ചരിത്രപുസ്‌തകങ്ങളുടെ കര്‍ത്താവ് ബാലഗോപാലനാണ് (തൂലികാനാമം) നോവലിസ്‌റ്റ്. പൂര്‍ത്തിയായ ആദ്യഭാഗം 1962 മുതല്‍ 1990 കുവൈറ്റ് അധിനിവേശം വരെയും നിര്‍മ്മിതിയിലുള്ള രണ്ടും മൂന്നും ഭാഗങ്ങള്‍ യഥാക്രമം ഓപറേഷന്‍ ബ്‌ളൂ സ്‌റ്റാര്‍, വര്‍ത്തമാനകാലം എന്നിവ വരെയുമാണ്.

വെള്ളത്തിനരികില്‍ നിര്‍മ്മിച്ചിരിക്കുന്ന കോട്ട എന്നര്‍ത്ഥമുള്ള കുവൈറ്റിലെ ആദ്യ സ്ഥിരതാമസക്കാര്‍ സൌദിയിലെ നജഢില്‍ നിന്നും കുടിയേറിയ ബനി വാലിദ് ഗോത്രക്കാര്‍. 1756ല്‍ സബാ ഒന്നാമന്‍ ആദ്യത്തെ ഭരണാധികാരി. 1962ല്‍ ഇന്ത്യക്കാരുടെ എണ്ണം മുപ്പതിനായിരത്തില്‍ താഴെ. അന്ന് ഒരു ദിനാറിന് 13 രൂപ. 1964 വരെ മദ്യം പെര്‍മിറ്റനുസരിച്ച് കിട്ടുമായിരുന്നു. 'ഞാന്‍' കണ്ടുമുട്ടുന്ന മലയാളി അച്ചായന്‍മാര്‍ പൊതുവെ വീശുന്നവര്‍. ആഹാരത്തിന് മുന്‍പ് ജല്‍ദി 5 (അഞ്ച് മിനിട്ട് കൊണ്ട് ഒരു പെഗ്ഗ്) അടിക്കുന്നവര്‍. പൊടിയിലും ചൂടത്തും ഓടാനോ നടക്കാനോ മാര്‍ഗ്ഗമില്ലാതെ കോഴിയിറച്ചിയും മദ്യവുമായി പെണ്ണിന്‍റെ മണം പോലും കിട്ടാതെ ജീവിച്ച പലരും സ്ഥിരതാമസത്തിന് നാട്ടില്‍ ചെന്നാല്‍ താമസിയാതെ മരിക്കും. വേനലവധിക്ക് ഒഴിഞ്ഞ ഫാമിലി ക്വാര്‍ട്ടേഴ്സ് ലഭ്യമായതിനാല്‍ വിസായെടുത്ത് കൊണ്ടുവരുന്ന ഭാര്യ 'സമ്മര്‍ ബ്രൈഡ്' ആയിരുന്നു.

1967 ജൂണ്‍ 5ലെ ഇസ്രയേല്‍-ഈജിപ്‌റ്റ്, ജോര്‍ദ്ദാന്‍, സിറിയ യുദ്ധം; ടെഹ്‌റാനിലെ ബാങ്ക്മെല്ലിയുടെ നിലവറയില്‍ ഇരിക്കുന്ന ഷാജഹാന്‍ ചക്രവര്‍ത്തിയുടെ മയൂരസിംഹാസനം; യൂഫ്രട്ടീസ്‌-ടൈഗ്രിസ് ഷത്-അല്‍-അറബ് നദിയുമായി ചേര്‍ന്ന് ബസ്രയിലൂടെ ഒഴുകി കുവൈറ്റ് ഉള്‍ക്കടലില്‍ വീഴുന്നിടത്ത് നിന്നും പിടിക്കുന്ന നഗരൂര്‍ എന്ന മല്‍സ്യം; 1979 ജനുവരിയില്‍ ഒളിച്ചോടിയ ഷഹന്‍ഷാക്ക് പകരം ആയത്തൊള്ള ഖൊമൈനി പരമോന്നത നേതാവായത് (മുന്‍പ് നാടു കടത്തപ്പെട്ടിരുന്ന ഖൊമൈനി കോടിക്കണക്കിന് കസറ്റുകളിലൂടെ ഷിയാമതപ്രചാരത്തിലൂടെ വിപ്‌ളവം സൃഷ്‌ടിച്ചു); 1980-88 ഇറാന്‍-ഇറാഖ് യുദ്ധം; 90ലെ കുവൈറ്റ് അധിനിവേശം; അതിനോട് വിപി സിങ്ങ് സര്‍ക്കാര്‍ കാട്ടിയ ഉദാസീനത, കുവൈറ്റിലെ പലസ്‌തീനികള്‍ കാട്ടിയ നന്ദികേട് തുടങ്ങിയ ചരിത്രസ്‌മൃതികളും കൌതുകങ്ങളും ‍ സ്വാഭാവികമായി രംഗത്തു വരുന്ന കഥാപാത്രങ്ങളെപ്പോലെ.

ലോകമെമ്പാടും പരന്ന മലയാളപ്രവാസത്തിന്‍റെ വേദനകള്‍ വാങ്ങി സ്വതത്ര ചിന്തയാല്‍ ജീവിതത്തിന്‍റെ കരച്ചിലുകളെ മറികടക്കാന്‍ ശ്രമിക്കുന്ന 'ഞാന്‍'; ദിവസവും അര ഗ്‌ളാസ് ഒലിവെണ്ണ കുടിക്കുന്ന പലസ്‌തീന്‍കാരന്‍ അസീസ്; റോട്ടറി മഷീന്‍ ഉള്ളിലേക്ക് വലിച്ചെടുത്ത തമിഴന്‍ സ്‌റ്റുവര്‍ട്ട്; സായിപ്പ്‌മാരുടെ വീട്ടുവേലക്ക് നില്‍ക്കുന്ന ഗോവക്കാരികളുടെ പിറകേ നടക്കുന്ന കോഴിയായ ആയ ജോണി ('കോഴി'മാരെ അറബിയില്‍ ഗദ്ദി - കോലാട്, ഗ്രീക്ക് മിത്തോളജിയില്‍ സെയ്റ്റര്‍ satyr); ശമ്പളം ഹുണ്ടിയില്‍, ഇരട്ടി നാട്ടിലെത്തിച്ചിരുന്ന പ്രാര്‍ത്ഥനക്കാരന്‍ മത്തായി; അവധിക്ക് പോകുമ്പോള്‍ എല്ലാവരും കൊടുത്തുവിടുന്ന സ്വര്‍ണ്ണം ബന്ധുക്കളെ ഏല്‍പ്പിക്കുന്ന വിശ്വസ്തന്‍ ദാസ്; 64ല്‍ മദ്യനിരോധനം നടപ്പാക്കിയപ്പോള്‍ അത് കുവൈറ്റ് ടൈംസില്‍ വെണ്ടക്കായില്‍ നിരത്താമെന്ന് പറഞ്ഞ ജോയി; ഹുണ്ടി ബിസിനസ് ചെയ്ത് ബോംബെ അധോലോകം വരെ ചെന്ന് അപ്രത്യക്ഷനായ ഗോപാലന്‍ നായര്‍; അയാളുടെ ഹുണ്ടി ഏജന്‍റ്, ചാണ്ടിച്ചായന്‍; ചാണ്ടിച്ചായന്‍റെ സിനിമാ പിടിക്കാന്‍ നടക്കണ മകന്‍; ലെബനന്‍ മാറനൈറ്റ് ക്രിസ്ത്യാനിപ്പെണ്‍കൊടി അഫാഫ്, ഇന്ത്യന്‍ വീട്ടുവേലക്കാര്‍ ആര്‍ഷഭാരതത്തിന് നാണക്കേട് വരുത്തുന്നു എന്നഭിപ്രായമുള്ള ഇന്ത്യന്‍ അംബാസഡര്‍; കുവൈറ്റ് അധിനിവേശക്കാലത്ത് ആദ്യം അടച്ചുപൂട്ടിയ ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും ബഗ്‌ദാദിലെ ഷെറട്ടണില്‍ താമസിക്കുമ്പോള്‍ സൌകര്യം പോരെന്ന് പരാതിപ്പെട്ട ഇന്ത്യന്‍ അംബാസഡര്‍; സ്‌റ്റാലിനെ മനസാ വരിച്ച സദ്ദാം; അയാളുടെ കാമഭ്രാന്തനായ മകന്‍ ഉദ്ദയ്; ചാരിത്ര്യം രക്ഷിക്കാന്‍ ഹോട്ടലിന്‍റെ മുകളില്‍ നിന്നും താഴേക്ക് ചാടി മരിച്ച ആയിഷ; കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടത് ടിവിയില്‍ കണ്ട് സമനില തെറ്റിയ സാദള്ള........

.......അടിയന്‍-തമ്പ്രാ പദങ്ങള്‍ ഇപ്പോള്‍ നിഘണ്ടുവിലില്ലാത്ത പ്‌ളാത്തിപ്പുലയന്‍; കൊച്ചിലേ ബോര്‍ഡിങ്ങിലാക്കപ്പെട്ട് വളര്‍ന്നപ്പോള്‍ ഹിപ്പിയായി മാറിയ മനോജ്; ഗ്‌ളാസ്സ്‌മുറികളില്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുന്ന നെതര്‍ലന്‍ഡ്‌സിലെ പല നിറങ്ങളിലുള്ള വേശ്യകള്‍; കുവൈറ്റ് അധിനിവേശക്കാലത്ത് ഇറാഖ്-ഇറാന്‍-പാക്കിസ്താന്‍ വഴി ഇന്ത്യയിലേക്ക് കാറില്‍ പോയി വഴിതെറ്റി ഇറാഖി പട്ടാളക്കാരാല്‍ കൊള്ളയടിക്കപ്പെട്ട നമ്പ്യാര്‍; ഡോക്‌ടറുടെയും നഴ്‌സിന്‍റെയും വേഷത്തില്‍ കപ്പലില്‍ രക്ഷപെട്ട നമ്പ്യാരുടെ ഭാര്യയും മകളും; ഖുബ്ബൂസ് വാങ്ങുവാന്‍ ക്യൂ നിന്ന കുവൈറ്റി കോടീശ്വരന്‍ അബ്ദുള്ള; അവന്‍റെ പിച്ചിച്ചീന്തപ്പെട്ട രണ്ട് സഹോദരിമാര്‍; അവരെ വളര്‍ത്തിയ തിരുവനനന്തപുരത്തുകാര്‍ ആയമാര്‍... അങ്ങനെ ഒരുപാടൊരുപാട് കഥാപാത്രങ്ങള്‍ മുഖം കാട്ടി മറയുന്നു ഇതിഹാസത്തില്‍.

Saturday, February 11, 2012

പ്രവാസിപ്പണം എവിടെ പോകുന്നു?

ലോകജനസംഖ്യയുടെ മൂന്ന് ശതമാനം (215 ദശലക്ഷം) അവരുടെ രാജ്യത്തിന് പുറത്ത് ജീവിക്കുന്നു. ഇന്ത്യയാണ് ലോകത്തെ ഏറ്റവും വലിയ പ്രവാസിപ്പണം അയച്ചു കിട്ടുന്ന രാജ്യം. മറുനാടന്‍ ഭാരതീയര്‍ നാട്ടിലയക്കുന്ന പണത്തിന് എന്ത് സംഭവിക്കുന്നു. കുവൈറ്റ് കേരള മുസ്‌ലിം അസോസിയേഷന്‍ സംഘടിപ്പിച്ച എന്‍ ആര്‍ ഐ കോണ്‍ഫറന്‍സില്‍ നിന്ന്:


എ എം ഹസന്‍, മുന്‍മന്ത്രി: കണക്കുകള്‍ പറയുന്നത് ഇന്ത്യയിലേക്ക് മൂന്നര ലക്ഷം കോടി രൂപയാണ് 2011ല്‍ പ്രവാസി ഇന്ത്യാക്കാര്‍ അയച്ചത്. കേരളത്തിലേക്ക് അമ്പതിനായിരം കോടി വന്നു. ആഗോളവല്‍ക്കരനം എന്ന പദം പ്രചാരത്തില്‍ വരുന്നതിനും എത്രയോ മുന്‍പ് മലയാളി അത് തുടങ്ങി. മലയാളികള്‍ അയക്കുന്ന പണമൊക്കെ എവിടെ പോകുന്നു? പണിത മണിമന്ദിരങ്ങള്‍ വൃത്തിയാക്കാതെ കിടക്കുന്നു. റോഡിലാണെങ്കില്‍ വാഹനങ്ങള്‍ തട്ടിയിട്ട് നടക്കാന്‍ വയ്യ. കേരളത്തിന് പുറത്തുള്ള ഒരു കോടി മലയാളികള്‍ തിരിച്ചു വരരുതേ എന്നാണ് സര്‍ക്കാര്‍ പ്രാര്‍ത്ഥിക്കുന്നത്. എന്‍ ആര്‍ ഐ എന്നത് നെവര്‍ റിട്ടേണ്‍ റ്റു ഇന്ത്യ എന്നാവുമോ?

സഗീര്‍ തൃക്കരിപ്പൂര്‍, കെ കെ എം എ ചെയര്‍മാന്‍: ഫൌണ്ടേഷന്‍ ഫൊര്‍ എന്‍ഹാന്‍സിങ്ങ് എക്‌സ്‌പാട്രിയേറ്റ് ലൈഫ് (ഫീല്‍) എന്ന ഞങ്ങളുടെ സഹോദര പ്രസ്ഥാനം കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഓരോ രണ്ടാം ശനിയാഴ്‌ചയും കുടുംബിനികള്‍ക്ക് സ്‌കില്‍സ് ഫൊര്‍ ബെറ്റര്‍ ലൈഫ് എന്ന വിഷയത്തില്‍ അതാത് മേഖലകളിലെ വിദഗ്‌ധര്‍ ക്‌ളാസെടുക്കും. 2015ല്‍ അമ്പതിനായിരം കുടുംബിനികളെ ജീവിതാഭിമുഖീകരണത്തിന് സജ്ജരാക്കും.

പത്മശ്രീ ഡൊക്‌ടര്‍ ആസാദ് മൂപ്പന്‍, ഡി എം ഹെല്‍ത്ത് കെയര്‍, യു എ ഇ: പ്രവാസികളേ, നിങ്ങള്‍ സാമ്പാദ്യം നാട്ടിലയക്കരുത്. അയച്ചാല്‍ അത് ഉല്‍പാദനക്ഷമതയില്ലാത്ത സ്‌കീമുകളില്‍ പോയി വൃഥാവിലാവും. ഓരോ പഞ്ചായത്തടിസ്‌ഥാനത്തിലും എന്‍ ആര്‍ ഐ സഹകരണ സംഘങ്ങള്‍ തുടങ്ങി കുറച്ച് പേര്‍ക്ക് തൊഴില്‍ നല്‍കാവുന്ന സ്‌ഥാപനങ്ങള്‍ തുടങ്ങുവാന്‍ പ്രവാസികള്‍ക്കാവണം. മലപ്പുറത്തെ 20% പേര്‍ പ്രവാസികളാണ്. ഇടുക്കിയില്‍ ഒരു ശതമാനത്തോളം പേരും. എന്‍ ആര്‍ ഐ കോ ഓപ് സൊസൈറ്റി കേരളമെങ്ങും വ്യാപിക്കട്ടെ. 40,000 പേര്‍ ഒരു പഞ്ചായത്തിലുണ്ട്. അവരില്‍ പതിനായിരം സ്‌ത്രീകളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ എത്ര കോടിയുടെ മൂല്യമാണെന്ന് ആലോചിച്ച് നോക്കൂ.

ടൊയോട്ട സണ്ണി, സഫീന ജനറല്‍ ട്രേഡിങ്ങ്: ഞാന്‍ 55 വര്‍ഷമായി കുവൈറ്റില്‍. ഒരുപാട് ഡിസ്‌കഷന്‍സ് കേട്ടു. ഒന്നും നടക്കുന്നില്ല. നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ സ്ഥലമുള്ളത് സര്‍ക്കാരിനാണ്. കെ കെ എം എ അര്‍ഹരായ പ്രവാസികളെ കണ്ടു പിടിച്ച് സര്‍ക്കാരിന് സമര്‍പ്പിച്ചാല്‍ എസ് ബി ടി ലോണ്‍ തരുമോ? (SBT എംഡി നന്ദകുമാരന്‍ സദസിലുണ്ട്). സ്ഥലം സര്‍ക്കാര്‍ തരണം. 2 കോടി രൂപ ഞാന്‍ ഡെപോസിറ്റ് ചെയ്യാം.

ഇ ഡി ടൈറ്റസ്, ബഹ്‌റിന്‍ എക്‌സ്‌ചെയ്‌ഞ്ച് കമ്പനി: ഞാന്‍ 22 വര്‍ഷം മുന്‍പ് കുവൈറ്റില്‍ വന്നതാണ്. നാട്ടില്‍ 2 ലക്ഷം രൂപ വിലയുള്ള ഫ്‌ളാറ്റ് വാങ്ങണമെന്നുണ്ടായിരുന്നു. ആ ഫ്‌ളാറ്റിന് 2 കോടി രൂപയായി. ഞാനിപ്പോഴും ജോലി ചെയ്യുന്നു. എന്‍ ആര്‍ ഐക്കാരുടെ നാട്ടിലുള്ള കുടുംബങ്ങള്‍ അമേരിക്കയെപ്പോലെയാണ്. അവര്‍ ചിലവഴിച്ചു കൊണ്ടേയിരിക്കുന്നു. എന്‍ ആര്‍ ഐക്കാര്‍ ഡെവലപിങ്ങ് രാജ്യങ്ങളെപ്പോലെയും - സേവ് ചെയ്തു കൊണ്ടിരിക്കുന്നു.

സുധീര്‍ കുമാര്‍ ഷെട്ടി, യു എ ഇ എക്‌സ്‌ചെയ്‌ഞ്ച്: കര്‍ണ്ണാടകയില്‍ ധര്‍മസ്ഥല എന്നൊരു ഗ്രാമമുണ്ട്. അവിടത്തുകാര്‍ മദ്യത്തെ നാടു കടത്തി. ഇപ്പോള്‍ അവര്‍ക്ക് മിച്ചമേറെയുണ്ട്. ഐശ്വര്യം വാഴുന്നൊരു സ്ഥലമാണത്. നമ്മുടെ മക്കളെ, യുവതയെ ബിരുദാനന്തരക്കാരാവാതെ ഇലക്‌ട്രീഷ്യന്‍മാരോ, പ്‌ളംബര്‍മാരോ ആക്കുകയാണെങ്കില്‍ ഒരു ജോലി പ്രശ്‌നവും ഉണ്ടാകില്ല.

ജോണ്‍ മാത്യു, അറബി എനര്‍ടെക്ക്: ഒരു വെല്‍ഡറിന് കിട്ടുന്നത് 120 ദിനാര്‍. ഡൊമസ്‌റ്റിക് ഹെല്‍പറിന്, 60 ദിനാര്‍. സാധരണക്കാരന്‍റെ ആവറേജ് ശമ്പളം 80 ദിനാറാണ്. അവന്‍ പത്ത് വര്‍ഷം കൊണ്ട് ബാങ്കിലിട്ട് സമ്പാദിക്കുന്നത് എട്ട് ലക്ഷം രൂപ. മൂല്യശോഷണവും വിലക്കയറ്റവും ബാധിച്ച് അവന്‍റെ സാമ്പാദ്യം ഒരു വഹയാവും. ഡെപോസിറ്റ് ദിനാറില്‍ സ്വീകരിക്കാന്‍ ബാങ്കുകള്‍ക്ക് പറ്റുമോ? Deposits should earn interest greater than inflation rate minus the devaluation rate. ഏറ്റവും അഭികാമ്യം 60 വയസു വരെ ഇവിടെ പിടിച്ചു നില്‍ക്കുക എന്നതാണ്. വാസ്‌തയുണ്ടെങ്കില്‍ 65 വരെ നില്‍ക്കുക.

http://new.kuwaittimes.net/2012/02/12/financial-literacy-vital-need-for-expats/

Saturday, January 21, 2012

സമൂഹം മാധ്യമവല്‍ക്കരിക്കപ്പെട്ടു: എംജി രാധാകൃഷ്‌ണന്‍

ഇപ്പോഴത്തെ മാധ്യമ പ്രവര്‍ത്തകരെ സംബന്ധിച്ച് ആപ്‌തവാക്യമാണ് 'അത് ഏറ്റവും നല്ല സമയവും ഏറ്റവും മോശം സമയവുമായിരുന്നു' എന്ന് ചാള്‍സ് ഡിക്കന്‍സ് (രണ്ട് നഗരങ്ങളുടെ കഥയില്‍) പറഞ്ഞത്. മാധ്യമങ്ങള്‍ ഇപ്പോള്‍ സമൂഹത്തിന്‍റെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ അപഹരിക്കുന്നു, ശരിതെറ്റുകള്‍ നിര്‍ണ്ണയിക്കുന്നു. ആരാണിവിടെ അതിരുകള്‍ നിശ്ചയിക്കുന്നത്? ആരാണ് അജണ്ട സജ്ജീകരിക്കുന്നത്? ആഗോളരാഷ്‌ട്രീയാധികാര ശക്തികളുടെ സ്വാധീനം മാധ്യമങ്ങളില്‍ പ്രകടമാണ്. മാധ്യമങ്ങള്‍ക്ക് ആരെ വേണമെങ്കിലും കുറ്റവാളിയാക്കാം; ആരെ വേണമെങ്കിലും കുറ്റവിമുക്തനാക്കാം. അല്ലെങ്കില്‍ വാലും മടക്കി ഓടാം. (മറിയം റഷീദ സംഭവം ഓര്‍ക്കുക). ഇടിച്ചിട്ട് ഓടിപ്പോകുന്ന ഹിറ്റ് ആന്‍ഡ് റണ്‍ പരിപാടിയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. നോം ചോംസ്‌കി പറയുന്നു, അമേരിക്കയിലെ 5 മാധ്യമങ്ങള്‍ തീരുമാനിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുക. യുദ്ധപ്രതിരോധ ആയുധ ഇടപാടുകള്‍ നടത്തുന്നയാള്‍ തന്നെ മാധ്യമവും കൈയാളുമ്പോള്‍ കച്ചവടവും താല്‍പര്യങ്ങളും മാധ്യമങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്ന് പറയേണ്ട. ജനത്തിന് മാധ്യമം തിരഞ്ഞെടുക്കാന്‍ സ്വാതത്ര്യമുണ്ടെന്ന് പറയുകയും തിരഞ്ഞെടുക്കുന്നത് ഒരാളില്‍ നിന്ന് തന്നെയാവുകയും ചെയ്യുമ്പോള്‍ ‍ ഹെന്‍റി ഫോഡ് പറഞ്ഞത് ഓര്‍ക്കാം. 'ഏത് മോഡല്‍ കാര്‍ വേണമെങ്കിലും തിരഞ്ഞെടുക്കാം, ഫോര്‍ഡ് ആയിരിക്കണമെന്ന് മാത്രം'.


നിര്‍ഭാഗ്യകരമായ കാര്യം അച്ചടിമാധ്യമങ്ങളുടെ ആസന്നമരണമാണ്. കൊളംബിയ സ്‌കൂള്‍ ഒഫ് ജേണലിസം സ്‌റ്റുഡന്‍റ് അഫയേഴ്‌സ് ഡീന്‍ ശ്രീ ശ്രീനിവാസന്‍ പറയുന്നത് ഏഷ്യയില്‍, പ്രത്യേകിച്ച് ഇന്ത്യയിലും ചൈനയിലും, അച്ചടി മാധ്യമങ്ങള്‍ കുറേക്കൂടിക്കാലം ജീവിച്ചേക്കുമെന്നാണ്. ജനസംഖ്യയുടെ പെരുപ്പമാണ് അതിന് കാരണം. ഇന്ത്യ റ്റുഡേയുടെ ഹിന്ദി പതിപ്പാണ് കൂടുതല്‍ വിറ്റു പോകുന്നത്. നിരക്ഷരത ആളുകളെ ടിവി എന്ന മാധ്യമത്തിലേക്കാകര്‍ഷിക്കുന്നതും അച്ചടിമാധ്യമ മരണത്തിന് കാരണമാവും. ചുരുക്കം ചിലയാളുകള്‍ തീരുമാനിക്കുന്ന കാര്യങ്ങള്‍ ഭൂരിപക്ഷത്തിലേക്ക് അടിച്ചേല്‍പ്പിക്കുന്ന പരിപാടി മാധ്യമരംഗത്ത് ആയിക്കഴിഞ്ഞു. ഏഷ്യനെറ്റ് വരെ മര്‍ഡോക്കിന്‍റെ കൈയിലായി. വൈദേശികസംസ്‌ക്കാരം ഇന്ത്യന്‍ ജനതക്ക് അടിച്ചേല്‍പ്പിക്കുമെന്ന് ചിലരെങ്കിലും കരുതിയ വൈദേശിക മുതലാളിത്തം പക്ഷെ ഇന്ത്യയുടെ അധമവശങ്ങളെ സൌന്ദര്യവല്‍ക്കരിച്ചു കൊണ്ടിരിക്കുന്നു.

ഈ മാധ്യമ കൊടുങ്കാറ്റില്‍ കൈത്തിരി തെളിയിച്ച് നില്‍ക്കുനത് നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയാണെന്നത് ആശ്വാസകരമാണ്. പ്രത്യേകിച്ചും നമ്മുടെ അയല്‍പക്കങ്ങളില്‍ സ്ഥിതി അങ്ങനെയാല്ലാതിരിക്കെ. ആദര്‍ശ്, 3ജി സ്‌പെക്‌ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഉള്‍ക്കളികളൊക്കെ പൊളിക്കാനായത് ഇന്ത്യന്‍ മാധ്യമനേട്ടമാണ്. മാധ്യമ സ്വേച്ഛാധിപതികളുടെ അടിച്ചേല്‍പ്പിക്കലിനെ ചെറുത്തു നില്‍ക്കുന്നത് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും ബ്‌ളോഗുകളും സിറ്റിസണ്‍ ജേണലിസവുമാണ്. ഒരു ജൂലിയന്‍ അസാഞ്ഞിന് പെന്‍റഗണില്‍ വിള്ളലുകള്‍ സൃഷ്‌ടിക്കാനായി. അതൊരു പുതിയ ആരംഭമാണ്. സ്വേച്ഛാധികാരത്തെ ചോദ്യം ചെയ്യുന്നതും നമ്മുടെ പൌരാവകാശത്തില്‍ പെടും.

(കുവൈറ്റില്‍ മലയാളി മീഡിയ ഫോറം സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ പങ്കെടുത്ത് സംസാരിച്ചതില്‍ നിന്ന്)

Tuesday, December 20, 2011

ജോബ്‌സ് ജീവചരിത്രം ഒലിവ് മലയാളത്തില്‍ പ്രസിദ്ധീകരിക്കും

ഇക്കൊല്ലത്തെ ബെസ്‌റ്റ് സെല്ലര്‍ ജീവചരിത്രമായ സ്‌റ്റീവ് ജോബ്‌സ് എ ബയോഗ്രഫി മലയാളത്തില്‍ ഒലിവ് പബ്‌ളിക്കേഷന്‍സ് പ്രസിദ്ധീകരിക്കുമെന്ന് ഒലിവ് എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്‍റ് വിസി തോമസ്. സ്‌റ്റീവ് ജോബ്‌സ് മലയാള തര്‍ജ്ജമാവകാശം ലേലത്തിലൂടെയാണ് കോഴിക്കോട് ആസ്‌ഥാനമായുള്ള ഒലിവ് കരസ്ഥമാക്കിയത്. ടൈം മാഗസിന്‍-സിഎന്‍എന്‍ മുന്‍ എഡിറ്റര്‍ വാള്‍ട്ടര്‍ ഐസക്‌സണ്‍ നാല്‍പതോളം അഭിമുഖങ്ങളിലൂടെയും രണ്ടു വര്‍ഷത്തെ ഗവേഷണങ്ങളിലൂടെയും തയ്യാറാക്കിയ ബയോഗ്രഫിയില്‍ ജോബ്‌സിന്‍റെ കുട്ടിക്കാലം, ശത്രുക്കള്‍, പിക്‌സര്‍ സ്‌റ്റുഡിയോ-ആപ്പിള്‍ പ്രസ്ഥാനം മുതല്‍ ബുദ്ധമത സ്വാധീനവും ഇന്ത്യാനുഭവങ്ങളും വരെയുണ്ട്. വെജിറ്റേറിയനിസവും മയക്കുമരുന്നും ധ്യാനവും ഏതാണ്ട് ഉന്മാദാവസ്ഥയിലെത്തിയ ടെക്‌നോളജി പ്രേമവും പരുവപ്പെടുത്തിയ ജോബ്‌സിനെ ഐന്‍സ്‌റ്റീന്‍റെ പിന്‍ഗാമി എന്നാണ് ഐസക്‌സണ്‍ വിശേഷിപ്പിക്കുന്നത്. ഇപ്പോള്‍ നാല്‍പതോളം ഭാഷകളില്‍ തര്‍ജ്ജമ ചെയ്യപ്പെടുവാനിടയായിട്ടുള്ള ജോബ്‌സ് ചരിത്രം കൊറിയയിലും മറ്റും ബെസ്‌റ്റ് സെല്ലറാണ്.
തര്‍ജ്ജമാവകാശം മലയാള പുസ്തക പ്രസാധകര്‍ ലേലത്തിലൂടെ സ്വന്തമാക്കുന്നത് മലയാള പുസ്തക പ്രസാധന ചരിത്രത്തില്‍ ആദ്യമായാണ്. ഒലിവ് ജോബ്‌സ് മെയ് മാസത്തില്‍ പുറത്തിറങ്ങും.

Friday, October 21, 2011

ഗദ്ദാഫിയോര്‍മ്മ 1

27 വയസുള്ളപ്പോഴാണ്, 1969ല്‍, അന്ന് ജൂനിയര്‍ ഓഫീസറായിരുന്ന മുഅമ്മര്‍ ഗദ്ദാഫി ലിബിയയുടെ ഇദ്‌രിസ് രാജാവിനെ അട്ടിമറിച്ചത്. പിന്നീട് ഒരു ചക്രവര്‍ത്തിയെപ്പോലെ പെരുമാറാന്‍ തുടങ്ങിയ ഗദ്ദാഫി റോമിലും ന്യൂയോര്‍ക്കിലും മറ്റും വെള്ളക്കൂടാരങ്ങള്‍ പണിത് - നിരക്ഷരരായ മരുഭൂ അറബി മാതാപിതാക്കള്‍ക്ക് ഒരു കൂടാരത്തില്‍ ജനിച്ച മകനാണ്‍ ഗദ്ദാഫി, സിര്‍ട്ടില്‍, 1942ല്‍ - ചുമരുകള്‍ സ്വന്തം ആശയങ്ങളാല്‍ വെള്ള പൂശി. സ്‌ക്കൂള്‍കുട്ടിയായിരിക്കുമ്പോള്‍ ഈജിപ്‌ഷ്യന്‍ പ്രസിഡണ്ട് നാസറായിരുന്നു ഗദ്ദാഫിയുടെ വിഗ്രഹം. ബെന്‍ഗാസിയിലെ റോയല്‍ മിലിട്ടറി അക്കാദമിയില്‍ ചേര്‍ന്ന യുവഗദ്ദാഫിയെ ഇംഗ്‌ളണ്ടില്‍ അയച്ച് പഠിപ്പിച്ചു അക്കാദമി. തിരിച്ചു വന്ന് താമസിയാതെയാണ് അട്ടിമറി.

ലിബിയയിലെ സ്‌കൂള്‍കുട്ടികള്‍ നിര്‍ബന്ധമായും പഠിച്ചിരിക്കേണ്ട 'ദ ഗ്രീന്‍ ബുക്ക്' എന്ന ഗദ്ദാഫി പുസ്‌തകത്തില്‍ അദ്ദേഹം എഴുതി: ജനക്കൂട്ടത്തിന്‍റെ യുഗത്തില്‍ അധികാരം ആളുകളുടെ കൈയിലാണ്. നേതാക്കന്‍മാര്‍ എന്നന്നേക്കുമായി അപ്രത്യക്ഷരാവും. പക്ഷെ നാല്‍പത് വര്‍ഷം ആ ലീഡര്‍ അപ്രത്യക്ഷനായില്ലെന്നത് ലിബിയന്‍ ജനങ്ങള്‍ കണ്ടു. എണ്‍പതുകളില്‍ വിമര്‍ശകരെ ഗദ്ദാഫി വായടപ്പിച്ചത് പരസ്യവിചാരണയിലൂടെയും വധശിക്ഷയിലൂടെയുമായിരുന്നു. ഫുട്‌ബോള്‍-ബാസ്‌ക്കറ്റ്‌ബോള്‍ മൈതാനങ്ങളില്‍ കംഗാരു കോടതികള്‍ സ്ഥാപിച്ച് കുറ്റാരോപിതരായവരെ ജനമധ്യത്തില്‍ വിചാരണ ചെയ്തു. അത് രാജ്യം മൊത്തം ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്ത് ആഘോഷത്തെ ഭയവുമായി കൂട്ടിയിണക്കി. ഒരിക്കല്‍ പരസ്യമായി തൂക്കിക്കൊന്നവരുടെ മൃതദേഹങ്ങള്‍ ചീഞ്ഞളിയും വരെ കിടന്നാടിയതിനാല്‍ വഴിമാറി പോയ ട്രാഫിക് തിരിച്ചു വിട്ട് ശിക്ഷ ജനം കണ്ടെന്ന് ഉറപ്പ് വരുത്തി. തൊണ്ണൂറുകളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച കിഴക്കന്‍ ലിബിയ ബോംബിട്ടു. ട്രിപ്പോളിയിലെ അബു സലിം ജയില്‍ കലാപം അടിച്ചമര്‍ത്തിയത് 1,200 പുള്ളികളെ കൊന്നിട്ടായിരുന്നു. ഗദ്ദാഫിക്കെതിരെ അട്ടിമറി ശ്രമങ്ങളുണ്ടായപ്പോള്‍ സുഡാന്‍, ചാഡ്, ലൈബീരിയ എന്നിവിടങ്ങളില്‍ നിന്നും പോരാളികളെ ഇറക്കുമതി ചെയ്തു.
ഹിഷാം മത്തറിന്‍റെ ഇന്‍ ദ കണ്‍ട്രി ഒഫ് മെന്‍ എന്ന നോവല്‍ ലിബിയയിലെ വയലന്‍സ് എങ്ങനെ നാടകീയവല്‍ക്കരിക്കുന്നു എന്ന് വിവരിക്കുന്നുണ്ട്.

Monday, October 17, 2011

പുതിയ ഇംഗ്‌ളീഷ് വാക്കുകള്‍

പുതിയ ഇംഗ്‌ളീഷ് വാക്കുകള്‍
Mathletics: കണക്കിലെ അഭ്യാസങ്ങള്‍
Biophilia: പ്രകൃതിയോട് ബന്ധപ്പെടാനുള്ള മനുഷ്യത്വര
Papabile: മാര്‍പ്പാപ്പയാവാന്‍ യോഗ്യതയുള്ള കര്‍ദ്ദിനാള്‍മാര്‍ക്കുണ്ടാവേണ്ട ഗുണം.
Do-ocracy: ജനങ്ങള്‍ എന്തു ചെയ്യണമെന്ന് അവര്‍ തന്നെ തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന വ്യവസ്‌ഥിതി
Brainjacking: മസ്‌തിഷ്‌കത്തെ മറ്റൊരാള്‍ ദുരുപയോഗിക്കുക
Bustaurant: ബസ് ഭക്ഷണശാലയായി മാറ്റിയത്
Mockbluster: ഒരു ബ്‌ളോക്ക് ബസ്‌റ്റര്‍ ചിത്രത്തെ അനുസ്‌മരിപ്പിക്കുമാറ്, പേര്, കൊടുത്ത് ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സിനിമ

മലയാളത്തില്‍ പുതിയ വാക്കുകളെന്ന് പറയുന്നത് ഒന്നുകില്‍ ഇംഗ്‌ളീഷ് വാക്കുകളുടെ പ്രേതങ്ങളായിട്ടോ (സിണ്ടിക്കേറ്റ്) അല്ലെങ്കില്‍ ആക്ഷേപഹാസ്യത്തില്‍ കുളിപ്പിച്ചെടുത്തതായിട്ടോ (ജഗപൊക) ആണെന്നതിനാല്‍ പുതിയ, മൌലിക മലയാളം വാക്കുകള്‍ക്ക് അനിശ്‌ചിതകാല കാത്തിരിപ്പ് വേണ്ടി വരും.

Saturday, October 15, 2011

സൌന്ദര്യമില്ലാത്ത പഴങ്ങളെയും പച്ചക്കറികളെയും

ലോകഭക്‌ഷ്യ ദിനത്തില്‍
ലോകത്ത് ആവശ്യമായ ഭക്ഷണമുണ്ട്. ക്ഷാമം പഴയതു പോലെ ഇല്ല. പ്രശ്‌നമെന്താണെന്നാല്‍ ഭക്ഷണവിതരണം ഏറിയും താണുമിരിക്കുന്നു. ചിലര്‍ അമിതഭക്ഷണം കഴിക്കുമ്പോള്‍ മറ്റു ചിലര്‍ അമിതപട്ടിണി കിടക്കുന്നു. മറ്റൊരു പ്രശ്‌നം ഭക്ഷണത്തിന്‍റെ പാഴാക്കലാണ്. പോയ വര്‍ഷം ലോകത്തെ ഏഴ് പേരിലൊരാള്‍ പോഷകാഹാരക്കുറവ് അനുഭവിച്ചു. 2050ല്‍ ഒന്‍പത് ബില്യണ്‍ ജനം ലോകത്തുണ്ടാവുമെന്നും (ഇപ്പോള്‍ 7 ബില്യണ്‍) അവരെ എങ്ങനെ തീറ്റിപ്പോറ്റാമെന്നും മുറവിളി കൂട്ടേണ്ട കാര്യമില്ലെന്ന് തേഡ് വേള്‍ഡ് സെന്‍റര്‍ ഫൊര്‍ വാട്ടര്‍ മാനേജ്‌മെന്‍റ് സ്ഥാപക പ്രസിഡണ്ട് അസിത് ബിശ്വാസ് പറയുന്നു.

ഓരോ വര്‍ഷവും ഒന്നേകാല്‍ ബില്യണ്‍ ടണ്‍ ഭക്ഷണം ലോകത്ത് എച്ചിലാവുന്നു. ലണ്ടന്‍കാര്‍ മൂന്ന് പാക്കറ്റ് പച്ചക്കറി വാങ്ങുന്നുണ്ടെങ്കില്‍ അതിലൊരെണ്ണം വേസ്‌റ്റാണെന്ന് കണക്ക്. അമേരിക്കക്കാര്‍ മൂന്നരക്കോടി ടണ്‍ ഭക്ഷണമാണ് പോയ വര്‍ഷം ഗാര്‍ബേജില്‍ തള്ളിയത്. ഗള്‍ഫ് രാജ്യങ്ങളിലെ കാര്യം പറയണ്ട. അമേരിക്കക്ക് ഒരു വര്‍ഷം ഒരു ബില്യണ്‍ ഡോളര്‍ വേണം പാഴ്‌ഭക്ഷണം നശിപ്പിക്കാന്‍.

തെക്ക് കിഴക്കന്‍ ഏഷ്യയിലെ രാജ്യങ്ങള്‍ ഭക്ഷണം ഉല്‍പാദിപ്പിക്കുന്നതില്‍ പുറകോട്ടാണെങ്കിലും പാഴാക്കിക്കളയുന്നതില്‍ മോശമല്ല. 30-35 ശതമാനം ഭക്ഷണം അവര്‍ പ്രതിവര്‍ഷം കളയും. സിംഗപ്പൂര്‍ തൊണ്ണൂറ് ശതമാനം ഭക്ഷണം ഇറക്കുമതി ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ആറ് കോടി കിലോ ഭക്ഷണം അവര്‍ കുപ്പത്തൊട്ടിയില്‍ തള്ളി. ഐഫോണും തുണിത്തരങ്ങളൊന്നും ആളുകള്‍ എളുപ്പം കളയില്ല. ഭക്ഷണത്തിന് ആ 'ദൌര്‍ലഭ്യ ഗുണ'മില്ല.

പഴ-പച്ചക്കറിയുല്‍പ്പാദനത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ നാല്‍പത് ശതമാനം ഭക്ഷണം മാര്‍ക്കറ്റിലെത്തുന്നതിനു മുന്‍പേ പാഴാവുന്നുണ്ട്. ഉദ്യോഗസ്ഥ അലംഭാവം, സ്‌റ്റോര്‍ ചെയ്യുന്നതിനുള്ള സൌകര്യക്കുറവുകള്‍, ഗതാഗതപ്രശ്‌നങ്ങള്‍, അവികസിത മാര്‍ക്കറ്റുകള്‍ തുടങ്ങിയവയാണ് ഇന്ത്യയിലെ വില്ലന്‍. ഇന്ത്യയുടെ മൂന്നിലൊന്ന് ധാന്യങ്ങളും ഇങ്ങനെ പാഴാക്കപ്പെടുകയാണ്.
ഇന്ത്യയില്‍ ഫൂഡ് പ്രോസസിങ്ങ് (ഭക്‌ഷ്യസംസ്‌ക്കരണം) നടക്കുന്നത് ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറി-പഴവര്‍ഗങ്ങളുടെ രണ്ട് ശതമാനം മാത്രമാണ്. തായ്‌ലണ്ടില്‍ 30 ശതമാനവും മലേഷ്യയില്‍ 80 ശതമാനവും സംസ്‌ക്കരണം നടക്കുന്നു.

വികസിത രാജ്യങ്ങളിലെ കൃഷിയിടങ്ങളിലെ ഫോട്ടോഗ്രഫിക് സെന്‍സറുകള്‍ നല്ലതു പോലെ മുഴുത്ത കാരറ്റുകളെ മാത്രമേ സ്‌ക്രീനില്‍ 'തെരെഞ്ഞെടുക്കൂ'. വളഞ്ഞിരിക്കുന്നതോ മെലിഞ്ഞതോ, നിറം കുറവായതോ ആയ കാരറ്റുകളെ സ്‌കാന്‍ ചെയ്യാതെ നിഷ്‌ക്കരുണം തള്ളും ഈ സെന്‍സറുകള്‍. 30-35 ശതമാനം പച്ചക്കറി-പ്പഴവര്‍ഗങ്ങള്‍ സൌന്ദര്യമില്ലാത്ത കാരണത്താല്‍ തഴയപ്പെടുന്നു. ചില ഉപഭോക്താക്കള്‍ സൌന്ദര്യമില്ലാത്ത പഴങ്ങളെയും പച്ചക്കറികളെയും തിരിഞ്ഞു നോക്കുക പോലുമില്ല.

Blog Archive