Search This Blog
Saturday, August 25, 2018
ഗാഡ്‌ഗിൽ റിപ്പോർട്ടിനെക്കുറിച്ച് വായിച്ചത്
ആറ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ബാധിക്കുമെന്ന കരുതലിലാണ്, 2010-ൽ പശ്ചിമഘട്ട സംരക്ഷണ ജനകീയ കൂട്ടായ്മയോട് അന്നത്തെ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശ്, ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്ന് പറഞ്ഞത്. പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രഫസർ മാധവ് ഗാഡ്ഗിൽ അധ്യക്ഷനായി 14 പേരടങ്ങിയ സമിതി നിലവിൽ വന്നു. ഇന്ത്യയുടെ ഭൂവിസ്തീർണത്തിന്റെ ആറര ശതമാനമാണ് പശ്ചിമഘട്ടം- ഒരു ലക്ഷത്തി അറുപത്തി അയ്യായിരം കിലോമീറ്റർ. ഇന്ത്യയിലെ ജൈവവൈവിധ്യത്തിന്റെ 27 ശതമാനം ഈ പ്രദേശത്താണ്. പാറമടകൾ, മണലൂറ്റുകൾ, കല്ലുവെട്ട്, ഭൂമി കൈയേറ്റം, കുടിയേറ്റം, ഖനനം, വ്യവസായം, വൈദ്ദ്യുതീകരണം, ടൂറിസം, വനനശീകരണം... മുതലായവയുടെ ആഘാതം മഴയിൽ വന്ന മാറ്റം അടക്കമുള്ള ദുരന്തങ്ങളാണ്. ------------------------------------------------------------------
ഗാഡ്ഗിൽ റിപ്പോർട്ട് പശ്ചിമ മേഖലയെ പാരിസ്ഥിതിക ലോലതയുടെ തീവ്രതയ്ക്കനുസൃതമായി മൂന്ന് സോണുകളായി തിരിച്ചു: ഇടുക്കിയിലെ തൊടുപുഴ, ഉടുമ്പൻചോല, ദേവികുളം, പീരുമേട്; പത്തനംതിട്ടയിലെ റാന്നി; തിരുവനന്തപുരത്തെ നെടുമങ്ങാട്; കൊല്ലത്തെ പുനലൂർ; തൃശൂരിലെ മുകുന്ദപുരം പ്രദേശം; പാലക്കാട്ടെ മണ്ണാർക്കാട്, ചിറ്റൂർ; വയനാട്ടിലെ വൈത്തിരി, മാനന്തവാടി, ബത്തേരി; കണ്ണൂരിലെ തലശ്ശേരി എന്നിവ അതിലോലമായ ഇക്കളോജിക്കലി സെൻസിറ്റീവ് സോൺ 1-ൽ പെടും. അവിടെ അതിതീവ്ര വിലക്കുകളാണ് ഭൂ ഉപയോഗം, വ്യവസായം, ഗതാഗതം തുടങ്ങിയവയ്ക്കുള്ളത്. ഈ പ്രദേശങ്ങളിൽ ഖനനം നടക്കുന്നുണ്ടെങ്കിൽ 2016-നകം അവസാനിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. ഫണ്ട് ഉണ്ടെങ്കിൽ വികസനമാവാം എന്ന നയമല്ല ഗാഡ്ഗിൽ കമ്മിറ്റിക്കുള്ളത്. ഒരു പ്രദേശത്തിന്റെ പരിസ്ഥിതി വിലോലതയാവണം - സെൻസിറ്റിവിറ്റി -വികസന മാനദണ്ഡം. -------------------------------------------------------------------------------
റിപ്പോർട്ടിനെ ഗംഭീരമായി എതിർത്തു തുരക്കുന്നവരും ഊറ്റുന്നവരും. സമ്പന്നരുടെ അവധിക്കാല വസതികളായി, റിസോർട്ടുകളായി നെൽപ്പാടവും, കടൽത്തീരവും, മലയോരവും മാറ്റിയവർ എതിർത്തു. എതിർത്തവരിൽ കത്തോലിക്കാ സഭയുമുണ്ട്: മലമുകളിലെ കുടിയേറ്റ കർഷകർക്ക് അവിടം വിട്ട് പോകേണ്ടി വരും എന്ന കാരണം പറഞ്ഞ്. കുടിയൊഴിപ്പിക്കൽ ഗാഡ്ഗിൽ കമ്മിറ്റി നിർദ്ദേശിക്കുന്നില്ല. ഫലത്തിൽ അങ്ങനെ സംഭവിക്കുമെന്ന് ഇടയലേഖനം പറഞ്ഞു. ('മലയോരത്തിനി ഒരു മൂട് കപ്പ നടാനാവില്ല') ഭൂമി ഉൽപാദനാധിഷ്ഠിതമായി ഉപയോഗിക്കണമെന്ന് ഗാഡ്ഗിൽ പറഞ്ഞു. അങ്ങനെയല്ല, ഭൂമി ഊഹക്കച്ചവട വസ്തു - ആസ്തി - കൂടിയാണെന്നും മറുഭാഗം പറഞ്ഞു. -----------------------
പലരും റിപ്പോർട്ട് മനസിലാക്കിയില്ല. അതിരപ്പിള്ളി, വാഴച്ചാൽ, ഉദാഹരണത്തിന്, മുകുന്ദപുരം താലൂക്കിൽ പെടുന്നതാണെന്ന് കരുതി, അത് സോൺ 1 ആണെന്ന് കരുതി, ഇരിങ്ങാലക്കുടയിൽ കെട്ടിടം പണിയാനാവില്ല എന്നില്ല. അത്തരം കാര്യങ്ങൾ അതത് ഗ്രാമസഭകളാണ് നിശ്ചയിക്കേണ്ടത്. 'നല്ല' വിമർശകർ പക്ഷെ ഒരു കാര്യം പറഞ്ഞു: ഗാഡ്ഗിൽ കമ്മിറ്റിയുടെ നല്ല വശങ്ങൾ സ്വീകരിക്കുന്നതിനൊപ്പം അതിനെ ആദർശവൽക്കരിക്കാതെ വീക്ഷിക്കുക. റിപ്പോർട്ട് അപ്പടി നടപ്പിലാക്കിയാൽ ചില ആശുപത്രികൾ, പെട്രോൾ പമ്പുകൾ, അറവുശാലകൾക്കൊക്കെ ആസന്നമരണം സംഭവിക്കും. പഠനങ്ങളും ചർച്ചകളും ആണ് ആവശ്യം; വേണ്ടി വന്നാൽ ഇളവുകളും.
Subscribe to:
Post Comments (Atom)
No comments:
Post a Comment