Search This Blog

Sunday, June 10, 2012

കുവൈറ്റ് മലയാളി ജോണ്‍സണ്‍ സായാഹ്നം

സംഗീതകാരന്‍ ജോണ്‍സന്‍റെ സ്‌മരണാര്‍ത്ഥം കുവൈറ്റ് മലയാളി ജോണ്‍സണ്‍ സായാഹ്നം സംഘടിപ്പിക്കുന്നു. തൃശൂര്‍ റീജ്യണല്‍ തിയറ്ററില്‍ ജൂണ്‍ 24ന് നടക്കുന്ന കലാസന്ധ്യയില്‍ ജോണ്‍സണ്‍ സംഗീതം നല്‍കിയ ഗാനങ്ങളുടെ ആലാപനം ഉണ്ടാവും. ജോണ്‍സന്‍റെ അനുജന്‍ വയലിനിസ്‌റ്റ് ചാക്കോ, കുവൈറ്റില്‍ വയലിന്‍ പഠിപ്പിച്ച് മാത്രം ഉപജീവനം കഴിക്കുന്ന വര്‍ഗീസ് എന്നിവരടക്കം 5 വയലിനിസ്‌റ്റുകള്‍ പങ്കെടുക്കുന്ന ഗാനമേള തൃശൂര്‍ കലാസദനാണ്  ഒരുക്കുന്നത്.  കാന്‍സര്‍ ബാധിതയായ ജോണ്‍സന്‍റെ വിധവക്ക് പണോപഹാരവും നല്‍കുന്ന ചടങ്ങ് കുവൈറ്റ് പ്രവാസി ബാബു ചാക്കോളയുടെ ആശയമാണ്.



നാടകകലാകാരനായ ബാബു ചാക്കോള അംഗമായ കുവൈറ്റ് കല്‍പക് തിയറ്റര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോണ്‍സണ്‍ ഗാനമാലിക കുവൈറ്റില്‍ സംഘടിപ്പിച്ചിരുന്നു.  അന്ന് കുവൈറ്റില്‍ വന്നപ്പോള്‍ ജോണ്‍സണും ചാക്കോളയും കൂടി തീരുമാനിച്ചിരുന്നു തൃശൂരില്‍ നിന്നുള്ള സംഗീതസംവിധായകരുടെ സമ്മേളനത്തില്‍ ഒരു ഗാനമേള.  - കെജെ ജോയ്, വിദ്യാധരന്‍,  മോഹന്‍ സിത്താര,  ഔസേപ്പച്ചന്‍, അല്‍ഫോന്‍സ് എന്നിവരാണ് ജോണ്‍സണെ കൂടാതെയുള്ള തൃശൂര്‍ സംവിധായകര്‍ - നടക്കാതെ പോയ ആ പ്രോഗ്രാമിന്‍റെ വേദന ബാക്കിയാണെന്ന് ചാക്കോള പറയുന്നു. ജോണ്‍സന്‍റെ ഗാനമേളക്കാലത്തെ പാട്ടുകാരന്‍ ബാസ്‌റ്റിന്‍ ഈ പരിപാടിയില്‍ പാടുന്നുണ്ട്. ചലച്ചിത്രകാരന്‍ കമല്‍, മേയര്‍ ഐ പി പോള്‍, എംപി വിന്‍സെന്‍റ്, എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ നാടകരംഗത്തു നിന്നും ആര്‍ട്ടിസ്‌റ്റ് സുജാതന്‍, സംവിധായകന്‍ രാജു ചിറക്കല്‍ എന്നിവരെയും കിഡ്‌നി ഫെഡറേഷന്‍ ഒഫ് ഇന്ത്യ ചെയര്‍മാന്‍ ഫാദര്‍ ഡേവിസ് ചിറമ്മല്‍, ദീര്‍ഘകാലം പ്രവാസിയായിരുന്ന വര്‍ഗീസ് കൂനന്‍ എന്നിവരെയും ആദരിക്കുന്നുണ്ട്. മേയര്‍ ഐ പി പോള്‍ ജോണ്‍സണ്‍ അനുസ്‌മരണ പ്രഭാഷണം നടത്തും.

(ജോണ്‍സണ്‍ 'ചേട്ടന്‍' കുവൈറ്റില്‍ വന്നപ്പോള്‍ എനിക്ക് സംസാരിക്കാനായി തന്ന സമയത്തിനിടെ,  എല്ലാരും ജോണ്‍സണ്‍ മാഷ്, മാസ്‌റ്റര്‍ എന്നൊക്കെ വിളിക്കുന്നതിനെ അത്ര കാര്യമാക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.  കൂടെയുണ്ടായിരുന്ന ഗായകന്‍ സുദീപ് ജോണ്‍സേട്ടന്‍ എന്ന് വിളിക്കുന്നത് കേട്ട് ഞാനും അങ്ങനെ വിളിച്ചു.  മകന് ബൈക്ക് ക്രെയ്‌സ് ആണെന്ന് അന്ന് പറഞ്ഞിരുന്നു. അപ്പനെയും മകനെയും ഒരേ സെമിത്തേരിയിലാണ്  (നെല്ലിക്കുന്നം) അടക്കിയിരിക്കുന്നതെന്ന് പത്രങ്ങളില്‍ വായിച്ചു.  മുന്‍കാല നടന്‍ വിന്‍സെന്‍റിന്‍റെ മകന്‍റെ ഭാര്യയായിരുന്ന ജോണ്‍സണ്‍റെ ഉദ്യോഗസ്ഥയായ മകളാണ്  ഇന്ന് ജോണ്‍സണ്‍ കുടുംബത്തിന് ആശ്രയം. )

No comments:

Blog Archive