Search This Blog

Tuesday, July 15, 2014

നദീന്‍ ഗോദിമര്‍ nadine gordimer

മാറി നില്‍ക്കേണ്ടി വരുന്നതും എന്നാല്‍ ഇടപെടേണ്ടി വരുന്നതും തമ്മിലുള്ള ടെന്‍ഷനാണ് എഴുത്തുകാരിയെ സൃഷ്‌ടിച്ചതെന്ന് നദീന്‍ ഗോദിമര്‍ ഒരിക്കല്‍ പറഞ്ഞു. അപാര്‍ത്തീഡ് ഗോദിമര്‍ പ്രധാനവിഷയമായി എടുത്തിരുന്നില്ല.
പക്ഷെ ദക്ഷിണാഫ്രിക്കന്‍ ജീവിതത്തെ കുഴിക്കുമ്പോള്‍ ആ അടിച്ചമര്‍ത്തല്‍ പറയാതിരിക്കുക അസാധ്യമായിരുന്നു. രാഷ്‌ട്രീയവും അവര്‍ ഒഴിവാക്കാനാഗ്രഹിച്ച വിഷയമായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ ജനിച്ചത് കൊണ്ട് മാത്രം  അപാര്‍ത്തീഡും രാഷ്‌ട്രീയവും അവരുടെ മുഖ്യവിഷയങ്ങളായി. ബ്‌ളാക്ക് ടൌണ്‍ഷിപിലെ വേനല്‍ച്ചൂട് കട്ട കുത്തി നിന്ന ഹോളോബ്രിക്‌സ് പരിസരം മുതല്‍ വെള്ളക്കൊളോണിയല്‍ ലോകത്തെ അപരാഹ്ന സദ്യകള്‍, നീന്തല്‍ക്കുളക്കരയിലെ ചുട്ടിറച്ചിപ്പാര്‍ട്ടികള്‍, വേട്ടവിളയാടലുകള്‍ വരെ അവര്‍ എഴുത്തില്‍ വെറുതെ വിട്ടില്ല. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് (എ.എന്‍.സി.) മെംബറുമായിരുന്നു അവര്‍.

സാമൂഹ്യചരിത്രം എഴുതിയ വ്യക്തിചിത്രങ്ങളാണ് ഗോദിമര്‍-രചനകള്‍ എന്ന് നിരൂപകര്‍ വരച്ചിട്ട എഴുത്തുകാരി രാഷ്-ട്രീയ വിമോചനങ്ങളെക്കുറിച്ച് എഴുതിയതത്രയും സ്വകാര്യമോചനം മൂടുപടമിട്ടതാണെന്നും ചിലര്‍ പറഞ്ഞു. അച്ഛനുമായി ബന്ധം വേര്‍പെടുത്തിയ അമ്മയുടെ നിശിതരീതികളില്‍ വളര്‍ന്ന ഗോദിമറിന്‍റെ ബാല്യമായിരുന്നു ആ പറഞ്ഞതിന്‍റെ പശ്ചാത്തലം.

കറുത്ത ദക്ഷിണാഫ്രിക്കയോട് വാല്‍സല്യ വീക്ഷണത്തിന്‍റെ മുഖംമൂടിയണിഞ്ഞ വാക്കുകള്‍ ഉപയോഗിച്ച കപടവെള്ളക്കാരിയായിരുന്നു അവര്‍ എന്ന് ചിലര്‍.

ദക്ഷിണാഫ്രിക്കയിലെ ട്രാന്‍വോളില്‍ കുടിയേറിയ യഹൂദ ദമ്പതികളുടെ മകളായിരുന്നു അവര്‍. ലിത്വാനിയയില്‍ വാച്ച് റിപയറര്‍ ആയിരുന്ന അച്ഛന്‍ പിന്നീട് ജ്വല്ലറി തുടങ്ങിയതാണ് കുടുംബകഥയിലെ ഒരു പരിണാമഗുപ്തി. അമ്മ ഇംഗ്‌ളീഷുകാരിയായിരുന്നു. അസംതൃപ്‌തമായ ദാമ്പത്യത്തില്‍ അമ്മ എല്ലാ ഊര്‍ജ്ജവുമൊഴുക്കിയത് രണ്ട് പെണ്‍മക്കളെ - നദീനും ചേച്ചിയും - വളര്‍ത്താനായിരുന്നു.

മൂന്ന് പുസ്തകങ്ങള്‍ നിരോധിച്ച ഭരണകൂടം അവരെ പക്ഷെ ശിക്ഷിച്ചില്ല. ഒരു നിശ്ചിത വീക്ഷണത്തിന്‍റെ തീവ്രസ്വരമായിരുന്നില്ല അവരുടേത്. വെള്ള-കറുത്ത വര്‍ഗവിവേചനത്തേക്കാള്‍ അവര്‍ക്ക് കുറേക്കൂടി കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു. ഇന്ത്യന്‍ മുസ്‌ലിം കുടുംബമാണ് ഒരു കഥാപരിസരം (എ ചിപ് ഒവ് ഗ്‌ളാസ് റൂബി). ഒരു കഥയില്‍ ജൂലൈ എന്ന കറുത്തവന്‍ അവന്‍റെ വെള്ള യജമാനരെ കലാപസമയത്ത് ആരുമറിയാതെ സൊവെറ്റോയിലെ ബ്‌ളാക്ക് ടൌണ്‍ഷിപില്‍ രഹസ്യമായി കൊണ്ടുവന്ന് താമസിപ്പിക്കുന്നു. അപാര്‍ത്തീഡിന്‍റെ അന്ത്യവും ദക്ഷിണാഫ്രിക്കയുടെ പുനര്‍ജന്‍മവും അവര്‍ നേരത്തേ പ്രവചിച്ചതാണ്, കഥകളിലൂടെ.     ന്യൂനപക്ഷ വെള്ളക്കാര്‍ കറുത്തവരുടെയിടയില്‍ മനുഷ്യര്‍ കാട്ടില്‍ മരങ്ങളുടെ ഇടയില്‍ കഴിയുന്നതുപോലെ ജീവിച്ചു എന്നവര്‍ എഴുതി.

 (കുവൈറ്റ് ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തിന്‍റെ സ്വതന്ത്ര പരിഭാഷ)

No comments:

Blog Archive