Search This Blog
Wednesday, September 18, 2013
രാഷ്ട്രീയം സാഹിത്യത്തില്‍: പങ്കജ് മിശ്ര
ഇരുപതാം നൂറ്റാണ്ടിന്റെ 2 വാസ്തവങ്ങളെ - ജനക്കൂട്ട പ്രക്ഷോഭവും പ്രത്യയശാസ്ത്രങ്ങളുടെ അധികാരവും - ആഴത്തില്‍ തൊട്ട നോവലിസ്റ്റായിരുന്നു മാല്‍റോ. മുപ്പതുകളില്‍ രാഷ്ട്രീയം ആവേശിച്ച എഴുത്തുകാരെ ഗ്രസിച്ച 2 പുസ്തകങ്ങള്‍ - കോണ്‍ക്വറേഴ്സും മാന്‍സ് ഫെയ്റ്റും - രണ്ടും ചൈനീസ് വിപ്ളവ പശ്ചാത്തലത്തിലുള്ളത് - ഫ്രഞ്ച്കാരന് മാല്‍റോ എഴുതി. ട്രോട്സ്കി പക്ഷെ മാല്‍റോയെ കണ്ടത് മഹാസംഭവങ്ങളുടെ ഭാഗമായിരുന്നിട്ടും അവയെ വേണ്ടത്ര മാര്‍ക്സിസ്റ്റ് രീതിയില്‍ ഗ്രഹിക്കാത്ത ബൂര്‍ഷ്വാ വ്യക്തിപ്രധാനിയായിയായിട്ടായിരുന്നു.
അത്തരം ആരോപണങ്ങള്‍ കോളനിവാഴ്ചക്കെതിരായ പ്രസ്ഥാനങ്ങളോട് ചേര്‍ന്ന് നിന്ന് ഊര്‍ജ്ജമൊഴുക്കിയ ഒരുപാട് എഴുത്തുകാര്‍ക്കെതിരെയും തുടര്‍ന്നും പ്രയോഗിക്കപ്പെട്ടു. ചിലരെങ്കിലും അവയെ പ്രതിരോധിച്ചു. മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തേക്കാള്‍, നീതിക്കും മാന്യതക്കുമായുള്ള വ്യക്തിവികാരങ്ങളായി ബൊലാനോ തുടങ്ങിയവരുടെ പ്രേരണ. യോസയുടെ 'റിയല്‍ ലൈഫ് ഒവ് അലെയാന്‍ഡ്രോ മയ്ത്ത'യിലെ വിപ്ളവകാരിയൊക്കെ പ്രതിനിധീകരിക്കുന്നത് സമൂലമാറ്റത്തിനായുള്ള ആഗ്രഹങ്ങളെയായിരുന്നു. ആ ആഗ്രഹങ്ങള്‍ അഴിമതിവല്‍ക്കരിക്കപ്പെട്ടെങ്കിലും.
രണ്ടാം ലോകയുദ്ധാനന്തരം പല രാഷ്ട്രങ്ങളും അട്ടിമറിഭരണകൂടങ്ങളാലും കൂട്ടക്കുരുതികളാലും സാമ്പത്തിക ദുരന്തങ്ങളാലും കഠിനവും ദീര്‍ഘവുമായി പൊരുതി ക്ളേശിച്ചപ്പോള്‍ അമേരിക്കന്‍ സാഹിത്യത്തില്‍ ബദലന്വേഷണങ്ങളൊന്നും നടന്നില്ല. അതിന് കാരണം അവിടെ വിരുദ്ധാശയങ്ങള്‍ തമ്മിലെ പോരാട്ടങ്ങള്‍ ശമിച്ചതോടൊപ്പം നിപുണന്മാരുടെ നിര രാഷ്ട്രീയത്തില്‍ ഉദിക്കുകയും
ചെയ്തതാണ്.
അങ്ങനെയല്ലാതിരുന്ന കിഴക്കന്‍ യൂറോപ്പില്‍ സാഹിത്യം അമര്‍ച്ചക്കാര്‍ക്കെതിരെയുള്ള അമറല്‍ പോലെ, അമേരിക്കന്‍ എഴുത്തുകാര്‍ക്ക് അസൂയ ഉണ്ടാക്കും വിധം, ധാര്‍മ്മികാധികാരം നേടി. അതെക്കുറിച്ച് ഫിലിപ് റോത്ത് പറഞ്ഞു: അവിടെ ഒന്നും നടക്കുന്നില്ല, എല്ലാം പ്രധാനമാണ്; അമേരിക്കയില്‍ എല്ലാം നടക്കുന്നു, ഒന്നും പ്രധാനമല്ല.
യഥാര്‍ത്ഥ ചരിത്രസംഭവങ്ങളുടെ ഭാഗമാവുകയാണെങ്കിലേ എഴുത്തുകാരുടെ രാഷ്ട്രീയ പുരാവൃത്തരചന സഫലമാകൂ എന്ന് ട്രോട്സ്കി പറഞ്ഞു. ഇന്നത്തെ എഴുത്തുകാര്‍ക്ക് അത്തരം ആരോഗ്യദായക നിമജ്ജനം സാധ്യമല്ലെന്നിരിക്കേ അവര്‍ ഏറെ ആയാസപ്പെടേണ്ടിവരും, ഒറ്റക്ക്, സമകാല രാഷ്ട്രീയഭാവനാദാരിദ്ര്യത്തെ അതിശയിക്കാന്‍.
സമൂലരാഷ്ട്രീയപരിഷ്കരണത്തെ ബുദ്ധിഭ്രമത്തോട് ഫിലിപ് റോത്ത് സമമാക്കി. ജോണ്‍ അപ്ഡൈക്കും മാര്ട്ടിന് അമിസും ജനക്കൂട്ട രാഷ്ട്രീയത്തെയും സിദ്ധാന്താവേശങ്ങളെയും ലൈംഗികഭംഗത്തിന്റെ ലക്ഷണങ്ങളായി കണ്ടു. പുരുഷാകാംക്ഷകളില്ലാതെ സ്ത്രീയെഴുത്തുകാരാണ് റാഡിക്കല്‍ ചിന്താ-പ്രവൃത്തികളുടെ അസ്പഷ്ടതകളോടും വൈവിധ്യങ്ങളോടും വെരുധ്യങ്ങളോടും സംവേദനക്ഷമത കാണിച്ചത്. -ഫ്രഞ്ച് വിപ്ളവത്തിലെ നായകരിലൊരാള്‍ റോബസ്പിയായെ കേന്ദ്രീകരിച്ച് ഹിലരി മാന്റല്‍ എഴുതിയതോര്‍ക്കാം. - ഈ എഴുത്തുകാര്‍ സംഭവങ്ങളും കഥാപാത്രങ്ങളെയും കണ്ടെടുക്കുന്നത് ഭൂതകാലചരിത്രത്തില്‍ നിന്നാണെന്നത് നമ്മുടെ രാഷ്ട്രീയ നിഷ്ക്രിയ കാലത്ത് ആരുടെയെങ്കിലും വിപ്ളവകരമായ രാഷ്ട്രീയ ഇടപെടല്‍ അവഹേളിക്കപ്പെടുകയാണ് എന്നൊരു കാരണം കൂടിയുണ്ട്.
(രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ സാഹിത്യത്തില്‍ എന്ന വിഷയത്തെ അധികരിച്ച് പങ്കജ് മിശ്ര ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയതില്‍ നിന്ന്).
Subscribe to:
Posts (Atom)