Search This Blog

Thursday, April 9, 2015

കേരള സംഗീത നാടക അക്കാദമി ഗള്‍ഫ് മല്‍സര വിശേഷങ്ങള്‍

ലോക നാടകദിനമായ മാര്‍ച്ച് 27-ന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ വച്ച് സംഗീത നാടക അക്കാദമി സംഘടിപ്പിച്ച നാടക അവാര്‍ഡ്ദാനച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരേക്കാള്‍ (മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സാംസ്‌ക്കാരിക മന്ത്രി കെസി ജോസഫ്, കവയിത്രി സുഗതകുമാരി തുടങ്ങി ഒട്ടേറെ പ്രമുഖര്‍) എത്തിച്ചേരാതിരുന്നവരും ശ്രദ്ധേയരായി. മികച്ച സംവിധായകന്‍, നടന്‍,  മികച്ച അവതരണത്തിന് തെരഞ്ഞെടുത്ത നാടകസംഘം എന്നിവര്‍ അവരുടെ നാടകങ്ങള്‍ മുന്‍പ് അവതരിപ്പിക്കപ്പെട്ടതായിരുന്നു എന്ന കാരണത്താല്‍ അയോഗ്യരാക്കപ്പെടുകയായിരുന്നു. ഇത് നാടകലോകത്തെന്നല്ല, ഇതരരംഗങ്ങളിലും സംവാദങ്ങള്‍ക്ക് തിരശ്ശീല ഉയര്‍ത്തുന്ന കാര്യമാണ്. നേരത്തേ പ്രസിദ്ധികരീക്കപ്പെട്ട കഥകളുടെയോ നാടകങ്ങളുടെയോ പുനരാവിഷ്‌ക്കാരമാവാമെന്നിരിക്കേ മുന്‍പ് അവതരിപ്പിച്ചത് പുന:സൃഷ്‌ടിക്കുകയായിരുന്നു അയോഗ്യരാക്കപ്പെട്ടവര്‍ എന്ന് തെളിഞ്ഞ സ്ഥിതിക്കാണ് അക്കാദമി ആ അവാര്‍ഡുകള്‍ മരവിപ്പിച്ചത്. 



ഖത്തറില്‍ അവതരിപ്പിച്ച തോടിനപ്പുറം പറമ്പിനപ്പുറം എന്ന നാടകവും ബഹ്‌റിനിലെ പനിയന്‍ എന്ന നാടകവുമാണ് വിവാദത്തിലായത്. ഈ നാടകങ്ങള്‍ മുന്‍പ് അവതരിപ്പിക്കപ്പെട്ടതാണെന്ന് എതിര്‍നാടക സംഘക്കാര്‍ പരാതി കൊടുക്കുകയായിരുന്നു എന്ന് കേള്‍ക്കുന്നു. ഇതേ നാടകങ്ങളിലെ നടനും സംവിധായകനും അയോഗ്യരായതിന് ശേഷം, അതിലൊരാളുടെ ഫെയ്‌സ്‌ബുക്ക് കമന്‍റ് പറഞ്ഞത് കൂടെനിന്ന് പാര വെച്ചു എന്നാണ്. 
വിവാദങ്ങള്‍ ഏതൊരവാര്‍ഡിന്‍റെയും നിഴലാകയാലും മലയാളിക്ക് അത് ശീലമാകയാലും ഈ മരവിപ്പിക്കലും കഴിഞ്ഞ രംഗം പോലെയായി. മുന്‍പ് അവതരിപ്പിച്ചത് പുന:സൃഷ്‌ടിക്കുകയായിരുന്നില്ല, കേട്ട കഥകള്‍ക്ക് അവരുടേതായ രംഗാവിഷ്‌ക്കാരം കൊടുക്കുകയായിരുന്നു എന്നാണ് അയോഗ്യരായവരുടെ വാദം.
 
മികച്ച അവതരണം നേടിയ തോടിനപ്പുറം പറമ്പിനപ്പുരം ഉണ്ണി ആറിന്‍റെ കഥയാണ്. ഖത്തറിലെ നാടകപ്രവര്‍ത്തകര്‍ അതിന് രംഗപാഠമൊരുക്കി. അത് നല്ല നാടകമായിരുന്നെങ്കിലും മികച്ച രചനക്കുള്ള അവാര്‍ഡ് പരിഗണിക്കുമ്പോള്‍ മൌലികത ഒരു മാനദണ്ഡമായി വരികയും അങ്ങനെ ഈയുള്ളവന്‍ എഴുതി നിര്‍ഭയ തിയറ്റേഴ്‌സ്, കുവൈറ്റ് അവതരിപ്പിച്ച 'ഈ ചൂട്ട് ഒന്നു കത്തിച്ചു തര്വോ?' എന്ന നാടകം പുരസ്‌ക്കാരത്തിനര്‍ഹമാവുകയും ചെയ്തു. സ്ത്രീകള്‍ മാത്രം അഭിനയിക്കുന്ന നാടകസംഘമാണ് നിര്‍ഭയ. 33 സ്ത്രീകള്‍ 'ഈചൂട്ടില്‍' വേഷമിട്ടു. അതിലെ ഒരു നടി - ട്രീസ വില്‍സണ്‍ - മികച്ച നടിക്കുള്ള അവാര്‍ഡ് നേടി. കഴിഞ്ഞ വര്‍ഷം നിര്‍ഭയ അവതരിപ്പിച്ച പശു എന്ന നാടകവും എനിക്ക് മികച്ച രചനക്കുള്ള അവാര്‍ഡ് നേടിത്തന്നിരുന്നു. 

നാല് തലമുറകളും ഒപ്പം നീങ്ങുന്ന ചരിത്രവുമാണ് 'ഈ ചൂട്ടി'ന്‍റെ ഒഴുക്ക്. പശ്ചാത്തലം കുവൈറ്റ്. പഴയ തലമുറകളില്‍ നിന്നും എന്താണ് തള്ളേണ്ടതെന്നും കൊള്ളേണ്ടതെന്നും അറിയാവുന്ന പുതിയ തലമുറ കേന്ദ്രസ്ഥാനത്ത്. സമാന്തരമായി മറ്റൊന്ന് കൂടി പറഞ്ഞു വച്ചു: രാജഭരണത്തെയും ഏകാധിപത്യത്തെയും ജനാധിപത്യം അതിജീവിക്കുമെന്നത് - പഴയ തലമുറയുടെ പാപങ്ങളെ പുതു തലമുറ എന്ന പോലെ.  

പഴയ തലമുറയുടെ പാപങ്ങളുടെ മൂര്‍ത്തീമദ്‌ഭാവമായി ഒരു വീസാത്തട്ടിപ്പുകാരിയെ സൃഷ്‌ടിച്ചു. ഇവര്‍ക്ക് ഡ്രഗ്‌സ് കച്ചവടം മുതല്‍ ഓണ്‍ലൈന്‍ തെമ്മാടിത്തം വരെയുണ്ട്. അവരുടെ അമ്മയെ അവര്‍ മറ്റ് വീടുകളില്‍ മെയ്‌ഡ്-പണിക്കയച്ചും പണമുണ്ടാക്കുന്നു. മെയ്‌ഡമ്മയാണെങ്കില്‍ പലതും കടിച്ചിറക്കുന്ന കൂട്ടത്തില്‍ അതും ഇറക്കി, പുത്യ പിള്ളാര്‍ക്ക് ഓര്‍മ്മ്യാ കൊടുക്കണ്ടെ, ഓര്‍മ്മയില്ലാതാക്കണ സാധനല്ല (ഡ്രഗ്‌സല്ല) എന്ന് പറയാനുള്ള ആത്മവിശ്വാസത്തിലേക്ക് വളരുകയും ചെയ്യുന്നു. ആ മെയ്‌ഡമ്മക്കാണ് മികച്ച നടി അവാര്‍ഡ്.
കുവൈറ്റ്, ഖത്തര്‍, ബഹ്‌റിന്‍ എന്നിവിടങ്ങളിലായി പത്ത് നാടകങ്ങള്‍ മല്‍സരിച്ചു. ശ്രീജിത്ത് രമണന്‍, സുധീര്‍ പരമേശ്വരന്‍, സികെ ഹരിദാസന്‍  എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

No comments:

Blog Archive