അക്ഷരമുണ്ട്, വാക്കില്ല ഷോര്‍ട്ട് ഫിലിം. ഏറെയും കുവൈറ്റില്‍ ചിത്രീകരിച്ചത്. ഒരു സംഘടനയുടെ ഓണാഘോഷഭാഗമായി സംഘടനാംഗങ്ങള്‍ എല്ലാവരും അഭിനയിക്കുന്ന പത്ത് മിനിറ്റ് ഇരുണ്ട ഫലിത ചിത്രം.
https://www.youtube.com/watch?v=W3GQZrqsqrw Search This Blog
Wednesday, September 30, 2015
Friday, September 4, 2015
ഓണ-ചെറുകഥകള്‍
മലയാളത്തില്‍ ചെറുകഥകളുടെ കൊയ്‌ത്തുകാലമാണ്. പദ്‌മനാഭന്‍ മുതല്‍ ലാസര്‍ ഷൈന്‍ വരെയുള്ളവര്‍ നല്ല കഥാശ്രമങ്ങള്‍ നടത്തുന്നു. നടപ്പുകാലത്തേക്ക് തുറന്നു പിടിച്ച കഥകള്‍ ഭാവനയില്‍ പിറകിലുമല്ല, ശൈലിയില്‍ അതിസാഹിതീയവുമല്ല. കഥകള്‍ക്കിപ്പോള്‍ ദൃശ്യകലകളോടാണ് ബാന്ധവം. കഥകള്‍ നമ്മെ കേള്‍പ്പിക്കുന്നതിനേക്കാള്‍ കാണിക്കുന്നു.
1. ശത്രുവിനെ സ്‌നേഹിക്കുക എന്നാല്‍ സ്‌നേഹത്തെക്കുറിച്ച് നമ്മള്‍ വരച്ച കളം അത്രയും വലുതായിരിക്കുകയാണ് എന്നൊരു നിരീക്ഷണമുണ്ട്. അങ്ങനെയൊരര്‍ത്ഥത്തില്‍ രണ്ട് പുരുഷന്‍മാരെ സ്‌നേഹിതരാക്കിയിരിക്കുന്നു സിവി ബാലകൃഷ്‌ണന്‍ (എഡ്വിന്‍ പോള്‍). അവരെ അകറ്റുകയും വിലക്കുകയും ചെയ്യുന്ന സമൂഹവും അതില്‍ നിസ്സഹായനായിരിക്കുകയും ചെയ്യുന്ന കഥാകാരന്‍ പറയുന്നത് സ്‌നേഹരഹിതമായ ഉടല്‍ബന്ധങ്ങളേക്കാള്‍ സാധ്യത (ലിംഗാതീതമായ) സ്‌നേഹത്തിനുണ്ടെന്നാണ്. സ്വവര്‍ഗം പറയുമ്പോള്‍ ഉടനെ തികട്ടി വരുന്ന ഉടല്‍സാധ്യതകളുടെ കളത്തിന് പുറത്തു കടക്കുന്നു ബാലകൃഷ്‌ണന്‍റെ കഥ.
2. കഥയുടെ അവസാനം വായനക്കാര്‍ക്കുണ്ടാകുന്ന റിലീഫിനെ/ പരിണാമഗുപ്തിയെ മലവിസര്‍ജ്ജനം ചെയ്യുന്ന വിരേചനാസുഖത്തോട് ഉപമിച്ചിട്ടുണ്ട് ചിലര്‍. സാറാ ജോസഫിന്‍റെ കഥ (ഒരു പരമരഹസ്യത്തിന്‍റെ ഓര്‍മ്മക്ക്) അതുക്കും മേലെയാണ്. സെയില്‍സ് ഗേള്‍സിന് മൂത്രമൊഴിക്കാനുള്ള അവകാശമില്ലായ്മയെ, പൊതുവെ വീടിന് പുറത്തെ ശൌചാലയങ്ങളുടെ കുറവിനെ, പരിഹസിക്കുന്ന കഥ ഇരിപ്പുസമരങ്ങളുടെ കാലത്ത് സമയം തെറ്റാതെ വന്ന് വര്‍ഷിക്കുന്നു.
3. ദൈവത്തെ പ്രതിമയിലേക്ക് ചുരുക്കുന്ന, നിലവറയുടെ സ്വര്‍ണ്ണവെട്ടത്തിനൊപ്പം ഭക്തി യെ അളക്കുന്ന, ഈശ്വരന്‍മാരില്‍ കോടീശ്വരന്‍മാരെ തിരയുന്ന ഇടപാടിനെ പാവമൊരു ഭക്തന്‍റെ നിഷ്‌ക്കളങ്കതയിലൂടെ കാണുന്നു സന്തോഷ് ഏച്ചിക്കാനം (മരപ്രഭു). ശ്രീപത്മനാഭനും ദാസപ്പനും തമ്മിലുള്ള മൊബൈല്‍ സംഭാഷണം സുഹൃത്തിന് സ്‌കിസോഫ്രീനിയയും, പൊലീസിന് ഭ്രാന്തും, ചാനലുകാര്‍ക്ക് വാര്‍ത്തയുമാണ്; വായനക്കാര്‍ക്ക് അനുതാപവും.
4. സ്ഥലത്തര്‍ക്കത്തിന് ശേഷം ശത്രുക്കളൊലൊരാള്‍ മരിച്ചു. ജീവിക്കുന്ന ശത്രു തര്‍ക്കത്തിലിരുന്ന സ്ഥലം ഒറ്റക്ക് വേലികെട്ടി കൈവശപ്പെടുത്തി. അന്ന് അയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശത്രുക്കള്‍ തൊട്ടടുത്ത ദിവസങ്ങളില്‍ മരിച്ചു എന്ന ധ്വനിയോടെയാണ് എസ് ഹരീഷ് S Hareesh Hareesh കഴിഞ്ഞ വര്‍ഷത്തെ ഓണക്കഥ (രാത്രികാവല്‍) അവസാനിപ്പിക്കുന്നത്. ഇത്തവണയും ശത്രുക്കള്‍ തന്നെ. കരാട്ടെക്കാരന്‍ ചന്ദ്രനും അവനെ കളിയാക്കുന്ന ഓനച്ചനും അവരുടെ വൈരം തീര്‍ക്കാനാഗ്രഹിക്കുന്ന 'ഞാനു'മാണ് കഥാപാത്രങ്ങള്‍. ഇത്തവണത്തെ ശത്രുക്കള്‍ പരസ്‌പരം പടവെട്ടി മരിച്ചോ? അത് പറയാതെ ഭയാക്രാന്തനായ ഞാനിലേക്ക് കഥ (പൈഡ് പൈപ്പര്‍) ചുരുക്കുന്നു ഹരീഷ്.
5. ഹെമിങ്‌വേയുടെ കിഴവന്‍ പറഞ്ഞ 'എന്നെ കൊല്ലാം, തോല്‍പ്പിക്കാനാവില്ല' ചെ ഗുവേരയും പറഞ്ഞു. ചെ പ്രാതിനിധ്യം കൊടുത്ത വിപ്‌ളവം, ചുവരെഴുത്തുകള്‍, മലയാള ഭാഷ തന്നെയും, കാലത്തിന്‍റെ കുത്തൊഴുക്കില്‍ ഒലിച്ചുപോകുമെന്ന് പറയുന്നു എന്‍ എസ് മാധവന്‍ (മഞ്ഞ പതിറ്റടി). വെയില്‍ മൂത്ത് മഞ്ഞയായി പത്തടി കൂടി താഴ്‌ന്നാല്‍ ഇരുട്ടാവും. അങ്ങനെ സായംകാലത്തേക്ക് പ്രവേശിച്ച ചുവരെഴുത്തുകാരന്‍ ദേവനും അയാളെ രക്ഷിക്കാനാവാത്ത കമ്പ്യൂട്ടര്‍കാരി മകളും പറയുന്നത് പഴയതിനെ കൊല്ലാനും തോല്‍പ്പിക്കാനുമാവും എന്നാണോ?
6. കാവ് വെട്ടി കോണ്‍ക്രീറ്റ് വരുന്നതും, മനുഷ്യര്‍ പരസ്‌പരം മറന്നു പോകുന്നതും, മൃഗപക്ഷിസസ്യ സ്‌നേഹം, സ്വത്തും പറമ്പും എഴുതിക്കിട്ടിയതിന് ശേഷം കഞ്ഞി പോലും കൊടുക്കാത്ത മക്കള്‍... ടി പദ്മനാഭന്‍റെ കഥകളില്‍ പ്രതീക്ഷിക്കാം. പുതിയ കഥയില്‍ (ഒരു മധ്യവേനല്‍ സ്വപ്‌നം) (തെരുവു)നായ്‌ക്കളെ വീട്ടില്‍ നിന്ന് ആട്ടിയോടിക്കാന്‍ പറ്റാത്ത 'ഞാനാ'ണ്. നിയമപരമായി നേരിടേണ്ട കേസാണിതെന്ന് തല പറയുമ്പോഴും ഹൃദയം സമ്മതിക്കാത്ത ആധുനിക നിസഹായത.
7. കുറച്ചു നാള്‍ മുന്‍പ് ഒരു ഷോര്‍ട്ട് ഫിലിം കണ്ടു. രാത്രി ഒരു യുവതിയുമായി നെറ്റ് സല്ലാപത്തിലാണ് ഒരു മദ്ധ്യവയസ്‌ക്കന്‍. അയാള്‍ക്ക് മുഖംമൂടിയുണ്ടെന്നാണോര്‍മ്മ. യുവതിക്കുമതെ. മുഖംമൂടി മാറ്റാമെന്ന് ഇരുവരും സമ്മതിച്ച നിമിഷം യുവതി അടുത്ത മുറിയിലുള്ള മകളാണെന്ന് അച്ഛനറിയുന്നു (തിരിച്ചും). വിജെ ജെയിംസ് James Vj അങ്ങനെ ഷോക്കടിപ്പിക്കാന്‍ മുതിരുന്നില്ല. 'അനാമിക'യില്‍ ഇടക്ക് വച്ച് കഥാകൃത്ത് തന്നെ സസ്‌പെന്‍സ് പൊളിച്ച്, ഭര്‍ത്താവിന്‍റെ കൂടെ ചാറ്റുന്നത് ഭാര്യ വേഷം മാറി വന്നതാണെന്ന സാധ്യത വായനക്കാരുമായി പങ്ക് വയ്ക്കുന്നുണ്ട്. കഥയുടെ വിജയം, ആംഗിളും, ശക്തിയില്ലെന്ന് കരുതപ്പെടുന്നവരുടെ ശാക്തീകരണവും അതിന്‍റെ വിപരീതവുമാണ്. സ്ത്രീസ്വാതന്ത് ര്യത്തെ മൂത്രമൊഴിക്കുന്നതിലേക് ക് പകര്‍ത്തിയ രണ്ട് കഥകളെങ്കിലും ഈ ഓണക്കാലത്ത് വന്നു. ഒന്നില്‍ മൂത്രമൊഴി അവകാശസമരത്തിന്‍റെ ധാരയായെങ്കില്‍ മറ്റേത് സ്വാതത്ര്യപ്പൂതിയുടെ തുള്ളി തൂവും വരെ. വിജെ ജെയിംസിന്‍റെ അമേരിക്കന്‍ മലയാളി മധ്യവയസ്‌ക തിരോന്തോരത്ത് തമിഴ്‌പടം കാണുന്നു, കോവളത്ത് അര്‍ദ്ധനഗ്‌നയായി കടലിലിറങ്ങുന്നു, പുരുഷ-ക്ളാസ്മേറ്റ്സുകള്ക്ക ൊപ്പം മദ്യപിക്കുന്നു, തമ്പാനൂര്‍ സ്‌റ്റാന്‍ഡില്‍ പുരുഷന്‍മാരുടെ മൂത്രപ്പുരയില്‍ മൂത്രിക്കാന്‍ പോവുന്നു. (വാഷിങ്ങ്‌ടണ്‍ ഡീസി).
8. പുലിപ്പെണ്ണ് എന്ന നാടകത്തില്‍ കാടിറങ്ങിയ പുലി വീട്ടമ്മയുമായി ചങ്ങാത്തത്തിലാവുന്നു. നാട്ടുകാര്‍ വീട് വളഞ്ഞപ്പോള്‍ വീട്ടമ്മയുടെ പാവാടക്കുള്ളിലാണ് പുലിയുടെ അഭയം. ലാസര്‍ ഷൈന്‍റെ കഥയില്‍ (കൂ) കെട്ടിയോന്‍ കൂട്ടിക്കൊണ്ടു വന്ന പുലിയുമായി വീട്ടമ്മ ചങ്ങാത്തത്തിലായി. നാട്ടുകാര്‍ വളഞ്ഞപ്പോള്‍ പുലിയെ പിടിച്ചു കൊടുത്തു. കെട്ടിയവന്‍ തുടര്‍ന്ന് ചങ്ങാത്തം കൂടാന്‍ പോയത് പക്ഷികളുമായിട്ടായിരുന്നു എന്ന് ധ്വനി. ആ ഉയര്‍ന്ന് പറക്കലില്‍ ലാസറിന്‍റെ കഥ കൂവിത്തെളിയുന്നു.
9. ഇറ്റാലിയന്‍ എഴുത്തുകാരന്‍ പിരാന്‍ഡെല്ലോയുടെ ആറ് കഥാപാത്രങ്ങള്‍ സൃഷ്‌ടികര്‍ത്താവിനെ അന്വേഷിച്ച് നടന്ന നാടകം മുതല്‍ എഴുത്തുകാരനെയും കഥാപാത്രങ്ങളെയും ചുറ്റിയുള്ള സൃഷ്‌ടികള്‍ കുറവല്ല. എ ശാന്തകുമാറിന്‍റെ ഒരു ദേശം നുണ പറയുന്നു എന്ന നാടകത്തില്‍ പൊലീസുകാരന്‍ എഴുത്തുകാരനെ ഭീഷണിപ്പെടുത്തി കഥാപാത്രങ്ങളുടെ വിധി മാറ്റുന്നുണ്ട്. പ്രമോദ് രാമന്‍റെ Pramod Raman പുതിയ കഥയില്‍ (എഴുത്തിനിരുത്ത്) പാതിവഴിയില്‍ ഉപേക്ഷിച്ച എഴുത്തിനാല്‍ അനാഥരാക്കപ്പെട്ട കഥാപാത്രങ്ങള്‍ക്ക് എഴുത്തുകാരന്‍റെ ഭാര്യ മോക്ഷം നല്‍കുന്നു. ഒരാള്‍ക്കൊഴികെ. ആ ഒരാളെ എഴുത്തുകാരന്‍റെ ഭാര്യ ഇണയാക്കുമെന്ന് കണക്ക് കൂട്ടിയാല്‍ തെറ്റി. അവിടെയല്ലേ രാമന്‍റെ ട്വിസ്‌റ്റ്!
10. കല്യാണങ്ങള്‍ക്കും കുര്‍ബ്ബാന കൈകൊള്ളപ്പാടുകള്‍ക്കുമൊക്കെ സദ്യപ്പന്തലില്‍ നാടനും വിദേശിയും ചെറു കുടീരങ്ങളില്‍ വേവുന്ന കാഴ്‌ച ഇപ്പോള്‍ ഗ്രാമങ്ങളില്‍ പോലുമായി. പിജെജെ ആന്‍റണിയുടെ Pjj Antony കഥയില്‍ (പശുവിറച്ചി തിന്നുന്നവര്‍) കല്യാണസദ്യക്ക് ചിരട്ട പോലുള്ള മണ്‍ചട്ടികളിലാണ് ചാരായം വിളമ്പുന്നത്. വരൂ നമുക്ക് പാപം ചെയ്യാമെന്ന ചിരട്ടപ്പുര-മധുശാലയുടെ മുന്നിലുള്ള ചൂണ്ടിക കഥാന്ത്യത്തിലുള്ള 'കള്‍ച്ചര്‍ കലാപ'ത്തിലേക്കുള്ള സൂചനയുമാണ്. പാരമ്പര്യത്തെ ആധുനികോത്തരമാക്കുന്ന ഞടുക്കുവിദ്യകളില്‍ ആന്‍റണിയുടെ ഹാസ്യം വെന്തു കുറുകുന്നു. ഒപ്പം ഫാസിസത്തിന്‍റെ മുഖംമൂടിയണിഞ്ഞ സ്വാര്‍ത്ഥതയും.
11. കൊലപാതകങ്ങള്‍, കഞ്ചാവ്, കളവ്, ക്വട്ടേഷന്‍, വ്യഭിചാരം, യോനീപൂജ, ബലാല്‍ക്കാരം, സ്വവര്‍ഗം, ആത്മഹത്യ... വിവരണങ്ങളിലൂടെ കേശവേന്ദ്രയുടെ (കെ ശവന്‍) ചിത്രം വരക്കുകയാണ്, ഇന്ദു മേനോന്‍ (മൃതിനിര്‍വേദം). ഖത്തറിലെ എണ്ണക്കമ്പനി തീപിടിത്തത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജുകള്‍ക്ക് വില്‍ക്കുന്നത്ര ശവ'ദാഹ'മുള്ള കെ ശവന്‍റെ കഥ ഈ ഓണക്കാലത്തെ ഏറ്റവും കൂടിയ മസാലക്കഥയാവും. ഒരു കാര്യം മനസിലായില്ല. ഖത്തറിലെ എയര്‍പോര്‍ട്ടില്‍ മൃതദേഹങ്ങള്‍ സീലടിച്ച് വിടുന്നത് ബ്രിട്ടീഷ് ഓഫീസറാണ്!
12. ഉണ്ണി ആറിന്‍റെ കഥയില്‍ (ഭൂതം) പാവപ്പെട്ട, വീട് ജപ്‌തി ചെയ്യപ്പെട്ട കുട്ടികളുടെ അടുത്ത് കുടത്തിലെ ഭൂതമായി അവതരിക്കുന്നത് കാള്‍ മാര്‍ക്‌സാണ്. അത്ഭുതങ്ങളൊന്നും കാണിക്കാത്ത ഭൂതത്തെ കുട്ടികള്‍ എഴുതാന്‍ പഠിപ്പിക്കുന്നു. യേശുക്രിസ്‌തു, ബുദ്ധന്‍ എന്നിവരൊക്കെ ഇടുക്കി കാടുകളിലും മറ്റും നടക്കാന്‍ വരുന്നത് മുന്‍പ് നമ്മള്‍ കണ്ടിയ്യുണ്ട്. ഇവിടെയും ദാരിദ്ര്യം കണ്ട് മാര്‍ക്‌സ് കരയുന്നു. ആള്‍ക്കൂട്ടം മാര്‍ക്‌സ്-ഭൂതത്തെ കണ്ട് അലറിവിളിക്കുന്നത് നമ്മളെ കരയിപ്പിക്കുമോ?
13. മുകുന്ദന്‍റെ കഥയിലെ (കാറ്റാടിയന്ത്രം) കഥാകൃത്ത് കഥ പറയുന്നത് സിഡിയിലൂടെയാണ്. കഥപറച്ചിലിനിടക്ക് പരസ്യങ്ങളുണ്ട്. മാര്‍ക്ക്‌ലിസ്‌റ്റുകളിലും മരുന്ന്കുറിപ്പടികളിലും, മരണ സര്‍ട്ടിഫിക്കറ്റുകളിലും വരെ ഇനി പരസ്യമുണ്ടാവുമെന്ന് അയാള്‍. സിഡിയിലെ കഥയില്‍ ഒരു മുതലാളി ശത്രുമുതലാളിയെ ഒതുക്കുന്നത് കാറ്റാടിയന്ത്രം വില്‍ക്കാന്‍ വരുന്ന മദാലസ വഴി. ഓണക്കാലത്ത് ഒരു ബ്രഹ്മാണ്ഡ എന്‍റര്‍ടെയ്‌നര്‍ ആയിരിക്കും മുകുന്ദന്‍ ഉദ്ദേശിച്ചിരിക്കുക.
14. ആണിന് 'അവന്‍റെ' പെണ്ണിനെ സംബന്ധിച്ചുള്ള പൊസ്സെസ്സീവ്‌നെസ് അപകടകരമായി വളരുന്ന കഥ ബി മുരളിയുടെ 'ഇര'യില്‍ വായിക്കാം. പെണ്ണിന് വേറൊരു സൌഹൃദം നിഷിദ്ധമാക്കുന്ന പുരുഷന്‍. തടവുമുറിയിലാണെങ്കിലും അവനോടൊപ്പമുള്ള 'സ്വാതന്ത്ര്യം' നിഷേധിക്കുന്ന പെണ്ണ്. അധീനതാവികാരത്തിന്‍റെ ഒടുവില്‍ ഇര സാക്ഷാല്‍ ആരാണ്?
15. മലയാളിരീതികളൊന്നും ശീലിക്കാത്ത കോര്‍പറേറ്റ് യുവാവ് അനുഭവിക്കുന്ന ഒറ്റപ്പെടലാണ് കെ രേഖയുടെ Rekha K K Rekhaകഥാവിഷയം (ഏകാന്തതയെക്കുറിച്ച് ഒരു കഥ കൂടി). മാല്‍സര്യവും അവസരവാദവും, ഗുസ്തി വരെയും, നടമാടുന്ന ദാമ്പത്യത്തിലെ ഭര്‍ത്താവ് ഫെയ്‌ബുക്കില്‍ സ്‌റ്റാറ്റസിടുന്നത് പോലെ വീടിന് പേര് കൊടുക്കും. പൊതുവെ പ്രെഡിക്‌റ്റബ്‌ള്‍ ആയ വിഷയം (പാരമ്പര്യ നിഷേധിയുടെ തിരിച്ചുവരവും ആത്മവിനാശവും) അങ്ങനെ ആധുനികമാവുന്നു.
16. ചില കഥകള്‍ വായനക്കാര്‍ക്ക് മനസിലാവില്ല. അപ്പോള്‍ കഥാകൃത്ത് എന്ത് ചെയ്യും? ഉദ്ദേശിച്ചതെന്താന്ന് ഒരു സ്‌പൂണില്‍ കഥയോടൊപ്പം വിളമ്പും. അത്തരമൊരു സ്‌പൂണ്‍ ഫീഡിങ്ങ് നടത്തുന്നുണ്ട് അയ്‌മനം ജോണ്‍ 'കോടമല തേയിലത്തോട്ടത്തെപ്പറ്റി ഒരു ലഘുപ്രബന്ധം' എന്ന അദര്‍വൈസ് നല്ല കഥയില്‍. തേയിലച്ചെടികള്‍ മുകളിലേക്ക് വളരാന്‍ അനുവദിക്കാതെ പ്രൂണിങ് നടത്തുന്നത് പോലെ അവയില്‍ ജോലി ചെയ്യുന്ന ആദിവാസികളെ വളരാന്‍ അനുവദിക്കുന്നില്ലന്നാണ് കഥ പറയുന്നത്. കഥയില്‍ നിന്ന്: 'ആ വെട്ടിയൊതുക്കലിനെ വിശേഷിപ്പിക്കാന്‍ ഒരു പദപ്രയോഗം പോലും ഇനിയും കണ്ടെത്താത്ത നമ്മുടെ ഭാഷ എത്ര ദരിദ്രമാണെന്ന് ഞാന്‍ വിചാരിച്ചു പോയി'.
17. ലൈഫ് ഒവ് പൈക്ക് ശേഷമാണോ സാഹിത്യത്തിലേക്ക് പുലി ഇത്രയും ഇറങ്ങി വന്നത്? പി വി ഷാജികുമാറിന്‍റെ PV Shaji Kumarപുലി വന്നു എന്ന കഥയില്‍ ഈസോപ്പ് മുതല്‍ സമകാലീനം വരെ പ്രതിഫലിക്കുന്നുണ്ട്. ഷാജിപ്പുലി ബലി'യാടു'മാണ്; പുലിയോട് എംപതിയുള്ള മാനസികരോഗിയായ മനുഷ്യനെപ്പോലെ.
18. ജ്നാനസ്‌നാനം ചെയ്യാത്ത കുഞ്ഞുങ്ങള്‍ മരിച്ചാല്‍ അവര്‍ ലിംബുസ് ഇന്‍ഫാന്‍റും എന്ന കൊച്ചുനരകത്തില്‍ പോകുമെന്ന് പറഞ്ഞു സെയിന്‍റ്. തോമസ് അക്വിനാസ്. (ഇത് സഭ പിന്നീട് പിന്‍വലിച്ചു). വിഎം ദേവദാസിന്‍റെ Devadas VM അസുരപക്ഷ രാമായണകഥയില്‍ (നഖശിഖാന്തം) ഇങ്ങനെ കുറെ നിഷ്‌ക്കളങ്ക നരകങ്ങളുണ്ട്. യമധര്‍മ്മനെ കാരുണ്യം ശീലിപ്പിക്കാത്ത യമസഭ, നരകശിക്ഷ ചോദ്യം ചെയ്യുന്ന കുഞ്ഞുങ്ങള്‍, ഭൂമി നരകതുല്യമാണെന്ന സൂചന ഒക്കെയും കഥയെ നാടകത്തോട് അടുപ്പിക്കുന്നു.
Subscribe to:
Posts (Atom)