'ലാ ലാ ലാൻഡി'ന് ഓസ്‌കർ കിട്ടുകയാണെങ്കിൽ അതിലെന്ത് കുന്തമുണ്ടായിട്ടാണെന്ന് ഞാൻ മൂക്കത്ത് വിരൽ വയ്ക്കുമെന്ന് പടം തീർന്നുകൊണ്ടിരിക്കേ എന്റെ മലയാളി ആസ്വാദനശീലം വച്ച് ഞാനെന്നോട് പറഞ്ഞു. നമുക്ക് അവാർഡ് പടമെന്ന് പറഞ്ഞാൽ ഘടാമുണ്ടിയൻ സംഗതികളല്ലേ! ഇത്, ഒരു ചെറുക്കനും പെണ്ണും, പിയാനിസ്റ്റും നടിയും, തമ്മിൽ കണ്ടുമുട്ടുന്നതും പ്രേമത്തിലാവുന്നതും, അവരവരുടെ സ്വപ്നങ്ങൾക്ക് പിന്നാലെ പോകുന്നതിനാൽ പിരിയേണ്ടി വരികയും ചെയ്യുന്ന 'സില്ലി, ഫീൽ ഗുഡ്, സിംപിൾ ബട്ട് പവർഫുൾ' കഥ. പക്ഷെ കഥയല്ല സിനിമ. ആദ്യന്തം സിനിമാറ്റിക്കായ അനുഭവമാണ് ലാ ലാ ലാൻഡ്. (ലോസ് ആഞ്ചലസിൽ നടക്കുന്നത് കൊണ്ട് ആ പേര്.) അത്രമേൽ യൗവന-ഊർജ്ജം പ്രസരിപ്പിക്കുന്ന നടനും നടിയും. (എമ്മ സ്റ്റോണിന് മികച്ച നടി കിട്ടിയിരിക്കണം.) സ്വപ്നസമാനമായ ഗാനചിത്രീകരണങ്ങൾ (ഒരെണ്ണത്തിൽ യുവമിഥുനങ്ങൾ ആകാശത്ത് നക്ഷത്രങ്ങളുടെയിടയിലേക്ക് പൊങ്ങുന്നു, ഒഴുകുന്നു, താഴുന്നു.) ജീവിതം, സാദാ സംഭാഷങ്ങൾ, സംഭവങ്ങൾ കൊണ്ട് നിറഞ്ഞതാണെന്ന്, സ്നേഹ-പരിഭവ-തെറ്റിദ്ധാരണകൾ അതിന്റെ ഭാഗമാണെന്ന്, വേർപിരിയുമ്പോഴും വെറുപ്പ് മനസിൽ സൂക്ഷിക്കേണ്ടതില്ലെന്ന്, ഇല്ലായ്മയിലും സ്വപ്നങ്ങളുണ്ടെങ്കിൽ സുന്ദരമായി ജീവിക്കാമെന്ന് രണ്ട് മണിക്കൂർ നിറഞ്ഞ് കാണാമെന്നതാണ് ആ സുന്ദര അനുഭവം. എമ്മയുടെ ചിരി കൂടെക്കൊണ്ടു പോരുകയും ചെയ്യാം.
ഹൈവേയിലെ ട്രാഫിക് ബ്ലോക്കിൽ പാട്ട് പാടി, നൃത്തമാടി ക്രൈസിസിനെ അട്ടിമറിക്കുന്ന സീനോടെ തുടങ്ങുന്ന ലാ ലാ, അമേരിക്കൻ ഡ്രീം സാക്ഷാത്ക്കരിക്കുന്ന സ്ഥിരം ഹോളിവുഡ് പദ്ധതിയുമായിത്തന്നെയാണ് മുന്നോട്ട് പോകുന്നത്. അതത്ര മോശം കാര്യമല്ലെന്ന് ഒന്നുകൂടി ഉറപ്പിക്കുന്നത് സിനിമയുടെ വിജയം. ഒരു പക്ഷെ സിനിമയെന്ന കലയ്ക്ക് മാത്രം നൽകാൻ കഴിയുന്ന സ്വപ്നമാണ് ഈ രണ്ട് മണിക്കൂർ ലാ ലാ. റിയലിസം പറഞ്ഞ് പറഞ്ഞ്, അരച്ചതിൽ വീണ്ടും വീണ്ടും ചവിട്ടുന്ന മലയാളി-സൃഷ്ടികൾക്ക് മേൽ ഇതൊരു അഴിച്ചുപണിയനുഭവം തന്നെ. ഒരു സിനിമ കണ്ടിട്ട് പോസിറ്റീവ് എനർജി കിട്ടുന്നത് കുറെ നാൾക്ക് ശേഷമാണേ!