'അവൾ കുറിച്ചിട്ടത് അപരിചിതമായ കുറെ കാര്യങ്ങൾ, കഥാക്കഷണങ്ങൾ, വിശദീകരണം വേണ്ടാത്ത ഓർമ്മകൾ; അതും പ്രത്യേകിച്ചൊരു ക്രമമോ താൽപര്യം പോലുമോ ഇല്ലാതെ' എന്ന് നോവലിലെ ഒരു കഥാപാത്രത്തെക്കുറിച്ച് പരാമർശമുണ്ട്. നോവലിനും അത് ചേരുമെന്നാണ് റിവ്യൂകൾ പറയുന്നത്. അത് മൈനസ് മാർക്കാവണമെന്നില്ല. കഴിഞ്ഞ ഇരുപത് വർഷങ്ങളോളം സാഹിത്യേതര വിഷയങ്ങളെ റൊമാന്റിക് ഭാഷയിൽ കുളിപ്പിച്ച ആക്റ്റിവിസ്റ്റ്, സാഹിത്യമെഴുതുമ്പോൾ നോൺ-ഫിക്ഷൻ ഉടുപ്പിടാം. ഭോപ്പാൽ ദുരന്തവും ഗുജറാത്ത് കലാപവും കശ്‍മീർ പ്രശ്‍നവും മറ്റ് കോടിക്കണക്കിന് കഷ്ടങ്ങളും ചേർന്ന ആധുനിക ഇന്ത്യയുടെ നാനാവർണ്ണക്കാഴ്ച കുറിക്കുമ്പോൾ ക്രമവും ഫോക്കസും പിൻസീറ്റിലിരിക്കാം.
ഡൽഹിയിലെ പൊതുശ്മശാനത്തിൽ സദ്ദാം ഹുസൈൻ എന്ന സുഹൃത്തിനൊപ്പം 'താമസിക്കുന്ന' ഭിന്നലിംഗക്കാരി അൻജും, കശ്‍മീരിൽ കാമുകനുള്ള ആർകിടെക്ച്ചർ വിദ്യാർത്ഥിനി ടിലോ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായുള്ള നോവൽ, സ്വകാര്യ വ്യാകുലതകളേക്കാൾ ('ചെറിയ കാര്യങ്ങളുടെ ഉടയ തമ്പുരാനി'ലേതു പോലെ), പൊതുവിഷയങ്ങളിലാണ് ഇതിഹാസമാകാൻ ശ്രമിക്കുന്നത്. 'സാധാരണ നിലയിൽ ഇവിടെ ജീവിതം പുഴുങ്ങിയ മുട്ട പോലെയാണ്. വിരസമായ പുറം, പരുഷമായ മഞ്ഞ-ഹിംസയെ ഒളിപ്പിക്കും. ഹിംസയെക്കുറിച്ചുള്ള ഞങ്ങളുടെ ആവലാതികളും ഓർമ്മകളുമാണ് വൈവിധ്യരായ ഞങ്ങളെ ഒന്നിച്ച് ജീവിപ്പിച്ച് കൊണ്ടുപോകുന്നത്' എന്ന് നോവലിൽ. അപ്പോൾ 'ദ മിനിസ്ട്രി ഒവ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്' എന്ന് പേരുള്ള നോവലിൽ സന്തോഷമുണ്ടോ? അതിന് നോവൽ വായിക്കണമെന്ന് റിവ്യൂസ്. (വായിച്ചത്)