സാഹിത്യത്തേക്കാൾ ജീവിതം പറയുന്ന നോവൽ
സ്ത്രീക്ക് ഒരു ഗീതകമാണ് (ode) സുഭാഷ് ചന്ദ്രന്റെ നോവൽ സമുദ്രശില. സ്ത്രീയെ സമുദ്രമായും ശിലയായും കാണുന്ന വ്യാഖ്യാനം. 'സ്ത്രീയാണ് പുരുഷനേക്കാൾ വലിയ മനുഷ്യൻ'. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എഴുതിയെന്ന് തോന്നിപ്പിക്കുന്ന 300-പേജ് രചന (മാതൃഭൂമി ബുക്ക്സ്, 325 രൂപ) യിൽ, ജീവിച്ചിരുന്നു എന്ന് തോന്നിപ്പിക്കുന്നവരും ജീവിച്ചിരിക്കുന്നവരും - സുഭാഷ് ചന്ദ്രനടക്കം - കഥാപാത്രങ്ങളായി വരുന്നു. 'യാഥാർഥ്യത്തെക്കാൾ യഥാർത്ഥമായി എഴുത്തുകാരന് തോന്നുന്ന സർഗാത്മകവും മായികവുമായ പുതിയ ആഖ്യാനഭൂമിക മലയാളത്തിന് സമ്മാനിക്കണമെന്ന കൊതിയാണ്' നോവലെഴുതാൻ പത്ത് വർഷമെടുത്തതെന്ന് ആമുഖത്തിൽ സുഭാഷ്.
എഴുത്തുകാരന് അംബ എന്ന സ്ത്രീയുമായുള്ള തീവ്രപരിചയം, സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ മൂന്ന് ഭാഗങ്ങളിലൂടെ, കാലം തെറ്റി-വിവരണങ്ങളിലൂടെ, സ്വപ്ന-യാഥാർഥ്യ മുങ്ങാങ്കുഴികളിലൂടെ വായനക്കാർക്കും അനുഭവവും ആനന്ദവുമാകുന്നു. പ്രത്യേകബുദ്ധിയുള്ള (ഓട്ടിസം) 21-കാരന്റെ അമ്മയാണ് ഡിവോഴ്സിയായ അംബ. അപകടത്തിൽ തളർന്ന് കിടക്കുന്ന വിധവയായ അമ്മയുടെ മലവും മകന്റെ രേതസ്സും വൃത്തിയാക്കി ദിവസം തുടങ്ങുന്ന അംബയുടെ ചിതാ-ജീവിതമാണ് നോവൽ പറയുന്നത്.
കോഴിക്കോട്ട് ശരിക്കും ജീവിച്ചിരുന്നു എന്ന് തെളിവുകൾ സഹിതം അവതരിപ്പിക്കുന്ന അംബയുടെ ജീവിതം - രണ്ട് പ്രണയങ്ങളും ഒരു ദാമ്പത്യവും തകർന്നതിന് ശേഷവും അമ്മയായും മകളായും പരാജയമാണെന്നറിയുമ്പോഴും, ഉപാധികളില്ലാത്ത സ്നേഹം അന്വേഷിക്കുന്നവളുടെ, രണ്ട് കിടപ്പുമുറികളുള്ള ഫ്ളാറ്റ്, അമ്മയ്ക്കും മകനും വീതിച്ച്, ഉറക്കഗുളിക കഴിച്ച് ഡൈനിങ്ങ് ടേബിളിൽ കിടന്നുറങ്ങുന്നവളുടെ അമ്പേ ജീവിതം - സാധാരണതകൾ കൊണ്ട് അസാധാരണവുമാണ്.
അറബിക്കടലിലെ വെള്ളിയാൻപാറ എന്ന കരിങ്കൽ ദ്വീപിൽ (നോവലിലെ സമുദ്രശില -ബേപ്പൂർ ജെട്ടിയിൽ നിന്ന് ബോട്ടിൽ അഞ്ച് മണിക്കൂർ ദൂരത്തിൽ) വിവാഹപൂർവകാമുകനൊത്ത് ഒരു രാത്രി കഴിഞ്ഞതിന്റെ ഫലമാണ് അംബയ്ക്ക് ഓട്ടിസം ബാധിച്ച മകൻ. രതി ഒരു കൊതി മാത്രമാണെന്ന് ഉയർത്തിപ്പിടിക്കുന്ന പുരുഷന്മാർ, രതി മാനസികമാണെന്ന് വികാരപ്പെടുന്ന അംബയെ സ്പർശിക്കുന്നില്ല. പക്ഷെ ശാരീരികമായി അംബയെ സ്പർശിക്കുന്ന മകൻ അവൾക്ക് മൃതിമൂർച്ഛയാണ് കൊടുക്കുന്നത്. 'ദൈവത്തിന്റെ കൈവശമായിരുന്ന ഇങ്ങനെയൊരു കുഞ്ഞിനെ കാത്തുരക്ഷിക്കാൻ തക്ക അമ്മയെ തേടി, ഉപാധികളില്ലാതെ സ്നേഹം തേടി ഭൂമി മുഴുവൻ അലഞ്ഞ് ദൈവം കണ്ടെത്തിയ അമ്മ'യെന്ന വിശേഷണം രക്ഷിക്കാത്ത സ്ത്രീയാണവൾ - 'ഏൻഷ്യന്റ് പ്രോമിസസി'ലെ ജാനുവിനെക്കാളും ആത്മീയതയുള്ള വൾ.
ബുദ്ധിമാന്ദ്യമുള്ള പേരക്കുട്ടിക്ക് കൂട്ട് വന്ന്, അവന്റെ കടിയേറ്റ് ജീവിച്ച്, കടൽ കാണാതെ മരിച്ച ചന്ദ്രികട്ടീച്ചർ; ചെക്ക് കേസിൽ അകത്തായ ആന്റണിക്ക് ആന്റൺ ചെക്കോവ് എന്ന പേര് വീണതിന് ശേഷം റഷ്യയിൽ പോയി ചെക്കോവിന്റെ വീട് കണ്ടിട്ടുണ്ടെന്ന് വിശ്വസിച്ച് അതെഴുതിയ ആന്റണിയുടെ മകൾ സോഫിയ; പെണ്ണുങ്ങളെ സ്നേഹിക്കാൻ കഴിവുള്ള പുരുഷന്മാർക്കേ പ്രകൃതി പെൺ മക്കളെ സമ്മാനിക്കൂ എന്ന് പറയുന്ന ബാലഗംഗാധരൻ; മുഴക്കമുള്ള ശബ്ദം മൂലം 'കരൾ തെറ്റി വീണ' അംബയെ ഉപയോഗിച്ച റൂമി ജലാലുദ്ദീൻ; അഞ്ച് ഫ്ലാറ്റുകളിൽ വീടുപണി ചെയ്ത് ജീവിതം ഒറ്റയ്ക്ക് പോരാടുന്ന ആഗ്നസ്; സ്വന്തം ദുഷിപ്പുകളെ മറ്റൊരാളെക്കുറിച്ചുള്ള വിലയിരുത്തലാക്കി മാറ്റിയവതരിപ്പിക്കുന്ന ആൺരീതികളുള്ള സിദ്ധാർത്ഥൻ... സമുദ്രശിലയുടെ അഗാധതയിൽ തെളിഞ്ഞു കാണുന്ന സാധാരണർ.
ഇങ്ങ് കരയിലോ? ബഷീറിന്റെ മകൻ ഇലക്ട്രിക്കൽ എഞ്ചിനീയർ അനീസ് ബഷീർ; ബാബുരാജിന്റെ സംഗീതത്തിൽ മുഹമ്മദ് റഫി പാടുന്നതായി സങ്കൽപിച്ച ഗൾഫുകാരൻ ഫൈസൽ; വിരലടയാള വിദഗ്ധൻ ദിനേഷ്കുമാർ; അങ്കമാലിയിലെ ദന്തഡോക്ടർ സന്തോഷ് തോമസ്; കോഴിക്കോട് മായനാട് 'ഭൂമി'യിൽ താമസിക്കുന്ന എഴുത്തുകാരൻ (കാലം തെറ്റിച്ച് കഥ പറയാനുള്ള കഴിവ് കാരണം എഴുത്തുകാരെ ദൈവവും ആരാധിക്കുന്നുണ്ട്. സൈനുൾ ആബിദിന്റെ കറുത്ത്-വെളുത്ത സുഭാഷ് ചിത്രമാണ് എന്റെ കോപ്പിയുടെ കവർ).
മിഥ്യയ്ക്കും തഥ്യയ്ക്കും ഇടയിൽ, ദൈവവും ചെകുത്താനും വന്ന് പറയാനുള്ളത് കൂടിയാവുമ്പോൾ, ഇതിനോടകം സുഭാഷ് ചന്ദ്രൻ-മുദ്രയുള്ള താത്വിക മാനം 'ശില'യുടെ ജീവനുള്ള ഭാഗമാവുന്നു. വാക്ക് കൊണ്ട് കളിക്കാനും നോവൽകാരന് ഇഷ്ടമാണ്. അറുപഴഞ്ചന്റെ വിപരീതപദം: അറുപുതുഞ്ചൻ. കോഴിക്കോട്ടുകാരുടെ കുത്തേറ്റ് മരിച്ച കനോലി സായിപ്പിന്റെ പേര്, സ്പെല്ലിങ് വച്ച് നോക്കിയാൽ അറം പറ്റുന്ന പേരാണ്: കൊന്നോളീ. ആണും പെണ്ണും കെട്ടതെന്നല്ല, ആണും പെണ്ണും ആളുന്നത് എന്നാണ് വേണ്ടത്! സർനെയിമിന് മലയാളം തന്തപ്പേർ. കരിമ്പ് കഴിക്കുമ്പോഴുള്ള അനുഭവത്തിൽ നിന്നാണ് ആ വാക്ക് വരുന്നത്!
അറബിക്കടലിനെ മൽസ്യവില്പനക്കാരിയായും വെള്ളിയാങ്കല്ലിനെ അവളുടെ കവിളിലെ അരിമ്പാറയായും ഉപമിക്കുന്ന നോവലിൽ എന്റെ ഇഷ്ടവരികൾ ഇവയാണ്: ചിതയുടെ ഇളയ മകളാണ് ഓരോ അടുക്കളയടുപ്പും; ബലിച്ചോറോളം മുതിരാനിരിക്കുന്ന അന്നത്തിന്റെ തൊട്ടിൽ. നോവലെഴുത്ത് എന്ന സർഗപ്രക്രിയയെ പ്രമേയമാക്കുന്ന നോവൽത്രയത്തിലെ രണ്ടാമത്തെ പുസ്തകമായ സമുദ്രശില, 'മനുഷ്യന് ഒരാമുഖ'ത്തിൽ നിന്നും കുതറിമാറിയ എഴുത്തെഴുന്നള്ളത്താണ്. അതിൽ നൂറ് കൊല്ലത്തെ ചരിത്രം; ഇതിൽ നൂറ് ദിവസത്തെ കളി. അത് ഭൂതം; ഇത് വർത്തമാനം.
'സമുദ്രശില' മലയാള നോവലിന്റെ പ്രസന്ന വർത്തമാനവുമാണ്.