Search This Blog

Showing posts with label നിരൂപണം. Show all posts
Showing posts with label നിരൂപണം. Show all posts

Friday, May 17, 2019

സുഭാഷ് ചന്ദ്രന്‍റെ 'സമുദ്രശില'യെക്കുറിച്ച്

സാഹിത്യത്തേക്കാൾ ജീവിതം പറയുന്ന നോവൽ

സ്ത്രീക്ക് ഒരു ഗീതകമാണ് (ode) സുഭാഷ് ചന്ദ്രന്‍റെ നോവൽ സമുദ്രശില. സ്ത്രീയെ സമുദ്രമായും ശിലയായും കാണുന്ന വ്യാഖ്യാനം. 'സ്ത്രീയാണ് പുരുഷനേക്കാൾ വലിയ മനുഷ്യൻ'. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എഴുതിയെന്ന് തോന്നിപ്പിക്കുന്ന 300-പേജ് രചന (മാതൃഭൂമി ബുക്ക്സ്, 325 രൂപ) യിൽ, ജീവിച്ചിരുന്നു എന്ന് തോന്നിപ്പിക്കുന്നവരും ജീവിച്ചിരിക്കുന്നവരും - സുഭാഷ് ചന്ദ്രനടക്കം - കഥാപാത്രങ്ങളായി വരുന്നു. 'യാഥാർഥ്യത്തെക്കാൾ യഥാർത്ഥമായി എഴുത്തുകാരന് തോന്നുന്ന സർഗാത്മകവും മായികവുമായ പുതിയ ആഖ്യാനഭൂമിക മലയാളത്തിന് സമ്മാനിക്കണമെന്ന കൊതിയാണ്' നോവലെഴുതാൻ പത്ത് വർഷമെടുത്തതെന്ന് ആമുഖത്തിൽ സുഭാഷ്. 

എഴുത്തുകാരന് അംബ എന്ന സ്ത്രീയുമായുള്ള തീവ്രപരിചയം, സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ മൂന്ന് ഭാഗങ്ങളിലൂടെ, കാലം തെറ്റി-വിവരണങ്ങളിലൂടെ, സ്വപ്ന-യാഥാർഥ്യ മുങ്ങാങ്കുഴികളിലൂടെ വായനക്കാർക്കും അനുഭവവും ആനന്ദവുമാകുന്നു. പ്രത്യേകബുദ്ധിയുള്ള (ഓട്ടിസം) 21-കാരന്‍റെ അമ്മയാണ് ഡിവോഴ്‌സിയായ അംബ. അപകടത്തിൽ തളർന്ന് കിടക്കുന്ന വിധവയായ അമ്മയുടെ മലവും മകന്‍റെ രേതസ്സും വൃത്തിയാക്കി ദിവസം തുടങ്ങുന്ന അംബയുടെ ചിതാ-ജീവിതമാണ് നോവൽ പറയുന്നത്.

കോഴിക്കോട്ട് ശരിക്കും ജീവിച്ചിരുന്നു എന്ന് തെളിവുകൾ സഹിതം അവതരിപ്പിക്കുന്ന അംബയുടെ ജീവിതം - രണ്ട് പ്രണയങ്ങളും ഒരു ദാമ്പത്യവും തകർന്നതിന് ശേഷവും അമ്മയായും മകളായും പരാജയമാണെന്നറിയുമ്പോഴും, ഉപാധികളില്ലാത്ത സ്നേഹം അന്വേഷിക്കുന്നവളുടെ, രണ്ട് കിടപ്പുമുറികളുള്ള ഫ്‌ളാറ്റ്, അമ്മയ്ക്കും മകനും വീതിച്ച്, ഉറക്കഗുളിക കഴിച്ച് ഡൈനിങ്ങ് ടേബിളിൽ കിടന്നുറങ്ങുന്നവളുടെ അമ്പേ ജീവിതം - സാധാരണതകൾ കൊണ്ട് അസാധാരണവുമാണ്. 

അറബിക്കടലിലെ വെള്ളിയാൻപാറ എന്ന കരിങ്കൽ ദ്വീപിൽ (നോവലിലെ സമുദ്രശില -ബേപ്പൂർ ജെട്ടിയിൽ നിന്ന് ബോട്ടിൽ അഞ്ച് മണിക്കൂർ ദൂരത്തിൽ) വിവാഹപൂർവകാമുകനൊത്ത് ഒരു രാത്രി കഴിഞ്ഞതിന്‍റെ ഫലമാണ് അംബയ്ക്ക് ഓട്ടിസം ബാധിച്ച മകൻ. രതി ഒരു കൊതി മാത്രമാണെന്ന് ഉയർത്തിപ്പിടിക്കുന്ന പുരുഷന്മാർ, രതി മാനസികമാണെന്ന് വികാരപ്പെടുന്ന അംബയെ സ്പർശിക്കുന്നില്ല. പക്ഷെ ശാരീരികമായി അംബയെ സ്പർശിക്കുന്ന മകൻ അവൾക്ക് മൃതിമൂർച്ഛയാണ് കൊടുക്കുന്നത്. 'ദൈവത്തിന്‍റെ കൈവശമായിരുന്ന ഇങ്ങനെയൊരു കുഞ്ഞിനെ കാത്തുരക്ഷിക്കാൻ തക്ക അമ്മയെ തേടി, ഉപാധികളില്ലാതെ സ്നേഹം തേടി ഭൂമി മുഴുവൻ അലഞ്ഞ് ദൈവം കണ്ടെത്തിയ അമ്മ'യെന്ന വിശേഷണം രക്ഷിക്കാത്ത സ്ത്രീയാണവൾ - 'ഏൻഷ്യന്‍റ് പ്രോമിസസി'ലെ ജാനുവിനെക്കാളും ആത്മീയതയുള്ള വൾ. 

ബുദ്ധിമാന്ദ്യമുള്ള പേരക്കുട്ടിക്ക് കൂട്ട് വന്ന്, അവന്‍റെ കടിയേറ്റ് ജീവിച്ച്, കടൽ കാണാതെ മരിച്ച ചന്ദ്രികട്ടീച്ചർ; ചെക്ക് കേസിൽ അകത്തായ ആന്‍റണിക്ക് ആന്‍റൺ ചെക്കോവ് എന്ന പേര് വീണതിന് ശേഷം റഷ്യയിൽ പോയി ചെക്കോവിന്‍റെ വീട് കണ്ടിട്ടുണ്ടെന്ന് വിശ്വസിച്ച് അതെഴുതിയ ആന്‍റണിയുടെ മകൾ സോഫിയ; പെണ്ണുങ്ങളെ സ്നേഹിക്കാൻ കഴിവുള്ള പുരുഷന്മാർക്കേ പ്രകൃതി പെൺ മക്കളെ സമ്മാനിക്കൂ എന്ന് പറയുന്ന ബാലഗംഗാധരൻ; മുഴക്കമുള്ള ശബ്‌ദം മൂലം 'കരൾ തെറ്റി വീണ' അംബയെ ഉപയോഗിച്ച റൂമി ജലാലുദ്ദീൻ; അഞ്ച് ഫ്ലാറ്റുകളിൽ വീടുപണി ചെയ്ത് ജീവിതം ഒറ്റയ്ക്ക് പോരാടുന്ന ആഗ്‌നസ്; സ്വന്തം ദുഷിപ്പുകളെ മറ്റൊരാളെക്കുറിച്ചുള്ള വിലയിരുത്തലാക്കി മാറ്റിയവതരിപ്പിക്കുന്ന ആൺരീതികളുള്ള സിദ്ധാർത്ഥൻ... സമുദ്രശിലയുടെ അഗാധതയിൽ തെളിഞ്ഞു കാണുന്ന സാധാരണർ.

ഇങ്ങ് കരയിലോ? ബഷീറിന്‍റെ മകൻ ഇലക്ട്രിക്കൽ എഞ്ചിനീയർ അനീസ് ബഷീർ; ബാബുരാജിന്‍റെ സംഗീതത്തിൽ മുഹമ്മദ് റഫി പാടുന്നതായി സങ്കൽപിച്ച ഗൾഫുകാരൻ ഫൈസൽ; വിരലടയാള വിദഗ്ധൻ ദിനേഷ്കുമാർ; അങ്കമാലിയിലെ ദന്തഡോക്ടർ സന്തോഷ് തോമസ്; കോഴിക്കോട് മായനാട് 'ഭൂമി'യിൽ താമസിക്കുന്ന എഴുത്തുകാരൻ (കാലം തെറ്റിച്ച് കഥ പറയാനുള്ള കഴിവ് കാരണം എഴുത്തുകാരെ ദൈവവും ആരാധിക്കുന്നുണ്ട്. സൈനുൾ ആബിദിന്‍റെ കറുത്ത്-വെളുത്ത സുഭാഷ് ചിത്രമാണ് എന്‍റെ കോപ്പിയുടെ കവർ).
മിഥ്യയ്ക്കും തഥ്യയ്ക്കും ഇടയിൽ, ദൈവവും ചെകുത്താനും വന്ന് പറയാനുള്ളത് കൂടിയാവുമ്പോൾ, ഇതിനോടകം സുഭാഷ് ചന്ദ്രൻ-മുദ്രയുള്ള താത്വിക മാനം 'ശില'യുടെ ജീവനുള്ള ഭാഗമാവുന്നു. വാക്ക് കൊണ്ട് കളിക്കാനും നോവൽകാരന് ഇഷ്ടമാണ്. അറുപഴഞ്ചന്‍റെ വിപരീതപദം: അറുപുതുഞ്ചൻ. കോഴിക്കോട്ടുകാരുടെ കുത്തേറ്റ് മരിച്ച കനോലി സായിപ്പിന്‍റെ പേര്, സ്പെല്ലിങ് വച്ച് നോക്കിയാൽ അറം പറ്റുന്ന പേരാണ്: കൊന്നോളീ. ആണും പെണ്ണും കെട്ടതെന്നല്ല, ആണും പെണ്ണും ആളുന്നത് എന്നാണ് വേണ്ടത്! സർനെയിമിന് മലയാളം തന്തപ്പേർ. കരിമ്പ് കഴിക്കുമ്പോഴുള്ള അനുഭവത്തിൽ നിന്നാണ് ആ വാക്ക് വരുന്നത്!

അറബിക്കടലിനെ മൽസ്യവില്പനക്കാരിയായും വെള്ളിയാങ്കല്ലിനെ അവളുടെ കവിളിലെ അരിമ്പാറയായും ഉപമിക്കുന്ന നോവലിൽ എന്‍റെ ഇഷ്ടവരികൾ ഇവയാണ്: ചിതയുടെ ഇളയ മകളാണ് ഓരോ അടുക്കളയടുപ്പും; ബലിച്ചോറോളം മുതിരാനിരിക്കുന്ന അന്നത്തിന്‍റെ തൊട്ടിൽ. നോവലെഴുത്ത് എന്ന സർഗപ്രക്രിയയെ പ്രമേയമാക്കുന്ന നോവൽത്രയത്തിലെ രണ്ടാമത്തെ പുസ്തകമായ സമുദ്രശില, 'മനുഷ്യന് ഒരാമുഖ'ത്തിൽ നിന്നും കുതറിമാറിയ എഴുത്തെഴുന്നള്ളത്താണ്. അതിൽ നൂറ് കൊല്ലത്തെ ചരിത്രം; ഇതിൽ നൂറ് ദിവസത്തെ കളി. അത് ഭൂതം; ഇത് വർത്തമാനം.

'സമുദ്രശില' മലയാള നോവലിന്‍റെ പ്രസന്ന വർത്തമാനവുമാണ്.

Sunday, February 24, 2019

ഹരീഷിന്‍റെ 'മീശ'.

രണ്ടാം ലോക യുദ്ധകാലത്തെ അറുതിയിൽ, മലയായ്ക്ക് പോകാൻ ആഗ്രഹിച്ച വാവച്ചൻ എന്ന മീശക്കാരൻ ഇരുപതുകാരൻ പുലയക്രിസ്ത്യാനി, അയാൾ ജീവിച്ച നീണ്ടൂർ-കൈപ്പുഴ പ്രദേശത്ത് ഒരു മിത്ത് ആയി, ഭീകരകഥയായി, പാടിപ്പതിഞ്ഞ പാട്ടുകളിലായി ജീവിച്ചതിന്‍റെ ചരിത്രം ഇപ്പോഴത്തെ തലമുറയിലെ ഒരു അച്ഛൻ മകനോട് പറയുന്നതായാണ് നോവൽ (328 പേജ്). മീശ എന്ന് കറുത്ത വലിയ അക്ഷരങ്ങളിലെഴുതിയത് പകുതിയോളം ക്ഷൗരം ചെയ്ത്, അക്ഷരങ്ങൾ താഴെ വീണ് കിടക്കുന്ന കവർ ചിത്രം സൈനുൽ ആബിദിന്‍റെ.


'ഏറ്റവും മികച്ചത് കൺമുന്നിൽ വന്നാലും ശരാശരിയെ തേടിപ്പോകുന്ന' മനുഷ്യരുടെ - ദൈവം കൊടുത്ത ചതുപ്പും വെള്ളവും നെല്ലറയാക്കി മാറ്റിയ, കാറ്റിൽ നിന്നും വെയിലിൽ നിന്നും മാത്രം ഊർജ്ജം കിട്ടുന്ന പാവങ്ങളുടെ - ഗ്രാമത്തിൽ, ഉൾക്കാഴ്ചാ-ഗഹന-പ്രചോദിത കഥകളില്ല. ശരാശരി ജീവിതങ്ങളിലൂടെയുള്ള മുങ്ങാംകുഴികൾക്കിടയിൽ എഴുത്തുകാരന്‍റെ കഥനം ഇടയ്ക്ക് വിഭ്രാത്മകതകളിലേക്ക് ഉയർന്നു പറക്കുന്നതൊഴിച്ചാൽ ചെളിയും, ചേറും, കളയും, പതിരും കളഞ്ഞെടുക്കേണ്ടതാണ് വായനയിലെ കതിരും സദിരും.


അവിടെയും സെയ്ഫ് ലാൻഡിങ്ങ് - യമണ്ടൻ ക്ളൈമാക്സ് - ഇല്ല. കഥ കേൾക്കാനുള്ള കൗതുകമാണ്, ഗുണപാഠമല്ല, കഥയുടെ ജീവൻ എന്നാണ് നോവലിന്‍റെ മതം. 'ഉയർന്ന പൗരബോധവും ജനാധിപത്യ ബോധവുമുള്ള സ്വതന്ത്ര രാജ്യങ്ങളാണ് നോവലുകൾ. ...സ്വതന്ത്രരായ മനുഷ്യർ എപ്പോഴും യുക്തിപൂർവവും കാര്യകാരണസഹിതവും പെരുമാറണമെന്നും സംസാരിക്കണമെന്നുമില്ല' എന്ന് ആമുഖത്തിൽ നോവൽകാരൻ.


അൽപം ഭൂമിത്തർക്കം മൊത്തം കൃഷിത്തർക്കമാക്കി മാറ്റുന്ന പ്രവര്‍ത്ത്യാര്‍ ശങ്കുണ്ണിമേനോൻ, എതിർലിംഗത്തിന്‍റെ ഹൃദയമന്വേഷിച്ചുള്ള ഭ്രാന്തൻ യാത്രകളാണ് ആണുങ്ങളുടെ ജീവിതമെന്ന് പറയുന്ന അഭിസാരിക കുട്ടത്തി, പെമ്പിളയ്ക്ക് കഞ്ഞിവെള്ളവും, മകന് ഉപ്പുമാങ്ങ കൂട്ടി കഞ്ഞിയും മാത്രം കൊടുത്ത് മീൻ കൂട്ടി ചോറ് ഉണ്ണുന്ന പോത്തൻ മാപ്പിള, അയാളോട് ഇച്ചിരി കഞ്ഞിവെള്ളം തരാമോ എന്ന് യാചിച്ച നായർ പ്രേതം, മീശയുടെ പൗരുഷം ഭ്രാന്താക്കിയ സീത, മുടക്കാലി തോട്ടിലൂടെ മുതലപ്പുറത്ത് പോകുന്ന പവിയാൻ, ആ മുതല, അത് വിഴുങ്ങിയ ചെത്തുകാരൻ ചോവൻ, മോഷ്‌ടിച്ച തേങ്ങ കടിച്ച് പിച്ചിപ്പറിച്ച് പൊങ്ങ് തിന്നുന്ന കങ്കാണി, പുല്ലരിഞ്ഞപ്പോൾ കൂട്ടത്തിൽ പാമ്പിനെയും അരിഞ്ഞ് പാമ്പിന്‍റെ തലപ്പാതി കൊത്തിയ ചെല്ല, വിഷക്കൂണ് തിന്ന് മരിച്ച സഹോദരി - പിന്നീട് മഴയത്ത് മീശയ്ക്ക് അഭയമായി പൊങ്ങി നിന്ന കൂൺ പെണ്ണ്...


പുര മേഞ്ഞപ്പോൾ ഈർക്കിലി കുത്തിക്കയറിയതാണെന്നും പറഞ്ഞ കൈവിരൽ പെണ്ണ് ചപ്പിയ ഓർമ്മയിൽ അതേ പുരയിൽ പിറ്റേ വർഷം ഈർക്കിലി കൊണ്ട സ്ഥാനത്ത് പട്ടികയിൽ കൂട്ടിക്കെട്ടിയ നിലയിൽ ഉണങ്ങിയ പാമ്പിൻ ജഡം കണ്ട് മരിച്ച മാച്ചോവൻ, വസൂരി പിടിപെട്ട ബാപ്പയ്ക്ക് ജനൽ വഴി കമ്പിൽ കുത്തിയ ഭക്ഷണം കൊടുക്കുന്ന കദീജ, വള്ളത്തിൽ പോകാനായി തെറിവിളിച്ച പോലീസ് ഏമാന്മാരെ കരിക്കിടാമെന്ന് പറഞ്ഞ് തുരുത്തിലിറക്കി ഉപേക്ഷിച്ച ഊന്നുകാരൻ പാച്ചുപിള്ള, മുതലയെ കൊല്ലാൻ മീശയെ കൂട്ട് പിടിച്ച കരിയിൽ സായിപ്പ്, ഇതിനോടകം വിവാദമായ പേജ് 294 -ലെ കുഞ്ഞച്ചൻ... (അമ്പലത്തിൽ പോകുന്ന സ്ത്രീകളെക്കുറിക്കുന്ന മറ്റേ ഭാഗം നോവലിന്‍റെ കഥാഗതിക്ക് വിശേഷിച്ചൊന്നും വരുത്താത്തതാണ്).


തുപ്പെത്തുപ്പെ നിൽക്കുന്ന വെള്ളം, അകവും പുറവും കവിഞ്ഞൊഴുകുന്ന തോടുകൾ, അവയെ കീറുന്ന വള്ളങ്ങൾ, ചരിത്രം ഓർത്തെടുക്കുന്ന തെങ്ങ്, ഇരയായും വില്ലനായും പാമ്പുകൾ, കഥ പറയും ആമകൾ, മീനുകൾ, കുഞ്ഞുങ്ങളെ രക്ഷിക്കാൻ അവരെ മറച്ചു പിടിച്ച് തെറ്റാലിയിലേക്ക് ഇരയാകാൻ പാഞ്ഞു വരുന്ന പക്ഷികൾ... ഒരു തെങ്ങിനെ നോക്കി ജീവിതകാലം കഴിച്ചാലെന്തെന്ന് ചിന്തിക്കുന്ന മീശ വാവച്ചൻ, പാടങ്ങളും തോടുകളും കടന്നുള്ള അവന്‍റെ അവധൂത സഞ്ചാരം...


ഒക്കെയും പാടത്തെ കാഴ്ചകളാണ്. ഇതിനിടയിൽ വാവച്ചന് നാടകത്തിൽ മീശ വേഷം നൽകിയ എഴുത്തച്ഛനെയും മറ്റനേകം വന്നുപോയിരിക്കുന്നവരെയും നമ്മൾ മറക്കും.

ഒറ്റയ്ക്കായും ആരുമില്ലാത്തവനായും ജീവിച്ച മീശയുടെ വായിൽ, കാലന്‍റെ ആയുസ് ഗ്രന്ഥം വായിച്ചെന്ന് പറയപ്പെടുന്ന മീശയുടെ വായിൽ, വേണമെങ്കിൽ നോവൽ കർത്താവിന് ഫിലോസഫി തിരുകി സരസ്വതി വിളയിക്കാമായിരുന്നു. അങ്ങനെ പാടത്തെ ഇലചക്രത്തിന്‍റെ പേരിൽ തത്വം പറയുന്നുണ്ട്. 'ചക്രം ചവിട്ടാണ് യഥാർത്ഥ ജീവിതം... ഒരില ചവുട്ടിക്കഴിയുമ്പോൾ അടുത്ത ഇല നാഭിക്ക് നേരെ വരും. ഒരു നേരത്തെ വിശപ്പ് കെടുത്തിയാൽ അടുത്ത നേരമെത്തും'. പക്ഷെ മീശയെ അധികം സംസാരിപ്പിക്കുന്ന് പോലുമില്ല. അയാൾ മറ്റൊരു കായംകുളം കൊച്ചുണ്ണിയല്ല, അയാൾ ഒരു വിജയിയല്ല. 'ഖസാക്ക്', രവിയുടെ മാത്രം കഥയല്ല എന്ന് പറയുന്നത് പോലെ 'മീശ' അയാൾ നായകനായ കഥ പോലുമല്ല.


നന്മ വിജയിക്കുന്ന സോദ്ദേശ കഥകളിൽ നോവലിന് താല്പര്യമില്ല. വായിക്കാൻ കൊള്ളാവുന്ന ശൈലിയിൽ ഒരു പ്രദേശത്തിന്‍റെ കഥ തോന്നിയ പോലെ പറയാനാണ് കമ്പം. അസംബന്ധങ്ങൾ, ഭ്രമാത്മക കൽപനകൾ, കേട്ടുകേൾവികൾ ഈ നോവലിനെ സംബന്ധിച്ച് സത്യങ്ങളാകുന്നു. നീണ്ടൂരും, കൈപ്പുഴയിലും, കുട്ടനാട്ടും പെയ്ത മഴവെള്ളം മലയാള സാഹിത്യ സമുദ്രത്തിലേക്ക് നോവൽ ഒഴുക്കി വിടുന്നു. ഇതും നമ്മുടെ സാഹിത്യത്തിന്‍റെ ഭാഗമാണ്.

Monday, July 7, 2014

കെ ആര്‍ മീരയുടെ ആരാച്ചാര്‍

കെ ആര്‍ മീരയുടെ ആരാച്ചാര്‍, കഥകളുടെ വയറിളക്കത്താല്‍ അതിസ്ഥൂലതയും ഉപരിപ്‌ളവതകളുടെ മേനിപറച്ചിലുകളാല്‍ മോടിയും കൈവരിച്ച ഗംഭീര സൃഷ്‌ടിയാണ്. ഈ 552-പേജ് നോവലിന്‍റെ ഗുണ അ-ഗുണങ്ങള്‍ വായനക്കാരനെന്ന നിലയില്‍ പറയാനാഗ്രഹിക്കുന്നു:

ഗുണങ്ങള്‍
1. മിത്തുകള്‍, ഐതിഹ്യങ്ങള്‍, പഴംപുരാണങ്ങള്‍, പാട്ടുകള്‍ എന്നിവ ചരിത്രവുമായി കൈകോര്‍ക്കുന്ന രചനാരീതി. മിഡ്‌നാപ്പൂരില്‍ നിന്നും ഹൌറയില്‍ ഉപജീവനം തേടി വന്ന ഒരു കുടുംബത്തിലെ മകന്‍റെ കണ്ണില്‍ നിന്ന് ചിതലുകളും മൂക്കില്‍ നിന്ന് ഉറുമ്പുകളും വമിക്കുന്നതും, ടിപ്പു സുല്‍ത്താന്‍റെ അനന്തരാവകാശികള്‍ റിക്ഷ വലിച്ചും വീട്ടുജോലിക്കാരായും ജീവിക്കുന്നതും നോവലിലെ എണ്ണമറ്റ ആകര്‍ഷക കഥകളില്‍ ഉദാഹരണങ്ങള്‍.

2. ഒരു സ്ത്രീ ആരാച്ചാരായി നിയമിതയാവുന്നതിന്‍റെ പുതുമ. നോവലിലെ നായിക ചേതനക്ക് മുന്‍പ് അവരുടെ മല്ലിക് കുടുംബത്തിലെ ആദ്യ സ്ത്രീ-ആരാച്ചാര്‍ പിംഗളകേശിനി തന്‍റെ  യജമാന ഭര്‍ത്താവ് തുഘന്‍ ഖാനില്‍ പിറന്ന ഒന്‍പത് കുഞ്ഞുങ്ങളെയും പൊക്കിള്‍ക്കൊടി കൊണ്ട് തൂക്കിലേറ്റിയ ആളാണ്. (തൊണ്ണൂറാം വയസില്‍ അന്നത്തെ പുരുഷനോടൊപ്പം രമിക്കവേ ആയിരുന്നു അവരുടെ മരണം.)  ചേതനയും കാലത്തിനൊത്ത ധൈര്യം കാട്ടുന്നതില്‍ 'മിടുക്കി' തന്നെ.

3. കൊല്‍ക്കൊത്തയുടെ കുഴഞ്ഞു മറിഞ്ഞ കഥാപരിസരവും ഇന്ത്യനവസ്ഥയുടെ സാംസ്‌ക്കാരിക പശ്ചാത്തലവും. പകുതി മലയാളിയായ വില്ലന്‍ കഥാപാത്രം സഞ്ജീവ്കുമാര്‍ മിത്ര, അയാളോടൊപ്പം ചേതന നടത്തുന്ന നഗരക്കറക്കം, ചേതനയുടെ തന്നെ ചായക്കടയും ചായ്‌പും ചാരവും ചാലുകളും ചേര്‍ന്ന കൂട്ടുകുടുംബാന്തരീക്ഷം.   ബ്രിട്ടീഷിന്ത്യ മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസ് വരെ മുഖം കാട്ടുന്ന മഹാവേദി.

4. വ്യവസ്ഥിതിക്കെതിരെ ഒരു 22കാരി  നടത്തുന്ന ഒറ്റയാള്‍ച്ചങ്കൂറ്റം - അവളുടെ പ്രശസ്ത ആരാച്ചാര്‍ അച്ഛന്‍ ഫണിഭൂഷണ്‍ മല്ലിക്കിനെതിരെ (അച്ഛന് സാധിക്കാത്തത് എനിക്ക് സാധിക്കും), പാരമ്പര്യത്തിനെതിരെ (എനിക്ക് നിന്നെ അനുഭവിക്കണം എന്ന് സഞ്ജീവിനോട്),  മുതലാളിത്ത പീഡനങ്ങള്‍ക്കെതിരെ  (നിനക്കൊരാളെ തൂക്കാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോഴേക്കും അയാളുടെ കഴുത്തില്‍ ദുപ്പട്ടക്കുരുക്ക് വീണു)കച്ചവടതാല്‍പര്യങ്ങള്‍ക്ക് ടോര്‍ച്ചടിക്കുന്ന മാധ്യമസംസ്ക്കാരത്തിനെതിരെ (മായയും യുക്തിയും മുക്തിയും കലരുന്ന ക്‌ളൈമാക്‌സ്).

5. ഒറ്റ ആംഗിളില്‍ വര്‍ത്തമാനകാലത്തിന്‍റെ വര്‍ത്തമാനം പറയുകയുമ്പോള്‍ത്തന്നെ  കഥാപാത്രത്തിന്‍റെ മനസില്‍ പഴംകഥകള്‍ ഓടുകയും അവ വര്‍ത്തമാന യാഥാര്‍ത്ഥ്യത്തിന് പാഠമാവുകയും ചെയ്യുന്ന കഥനം.  ബംഗാളിലെ പട്ടിണിയെക്കുറിച്ച് പറയുമ്പോള്‍ രംഗം ടിവി സ്‌റ്റുഡിയോ ആണ്. അവിടെ സുന്ദരി-വാര്‍ത്താവായനക്കാരി മരണം പട്ടിണി കൊണ്ടല്ലെന്ന മന്ത്രി പ്രസ്താവന വായിക്കുന്നതും നായികയുടെ മനസില്‍ ഭിക്ഷ തേടിയെത്തിയ ആദിവാസി കുടുംബമാണ്. വീണ്ടും മന്ത്രിപ്രസ്താവനയും ടിവി-സുന്ദരിയും ഇന്ത്യയിലെ കോടീശ്വരന്‍മാരുടെ എണ്ണം 22% വര്‍ദ്ധിച്ചതായുള്ള യുഎസ് ബാങ്ക് സര്‍വേ വാര്‍ത്തയും. അതില്‍ നിന്നും കട്ട് റ്റു നായികയുടെ ധര്‍മ്മസങ്കടങ്ങളിലേക്ക്.

അലോസരങ്ങള്‍

1. കഥകള്‍ എത്ര തന്നെയുണ്ടെന്നാലും എല്ലാറ്റിന്‍റെയും നിറം ഒന്നുതന്നെയാണെങ്കില്‍ എന്ത് ചെയ്യും? പ്രേമലത ചാറ്റര്‍ജി ഭര്‍ത്താവിനെ കൊല്ലാന്‍ കാമുകന് ക്വട്ടേഷന്‍ കൊടുക്കുന്ന കഥയിലും പ്രണയം നിരസിച്ചതിനാല്‍ തൂങ്ങിമരിച്ച മകന്‍റെ വിയോഗത്താല്‍ ബിസിനസ് പൊളിയുന്ന മുതലാളി, കമ്പനി വില്‍ക്കുന്നതും, വാങ്ങാന്‍ വന്ന സേട്ടുവിന്‍റെ ഭാര്യ, മകന്‍റെ കാമുകിയായിരുന്നു എന്ന് വെളിപ്പെടുന്ന കഥയിലുമൊക്കെ സീരിയല്‍ക്കഥകളുടെ കുരുക്കുകളാണ്.

2. അതിനാടകീയതയാണ് നോവലിന്‍റെ വലിയ പോരായ്‌മ. എപ്പോഴെന്നില്ലാതെ പ്രത്യക്ഷപ്പെടുന്ന സഞ്ജീവ് കുമാര്‍ (അയാളുടെ വായില്‍ നിന്നും ചീഞ്ഞളിഞ്ഞവ ഇടയ്ക്കിടെ പുറപ്പെടുവിച്ചിട്ട് വേണം നായികാരോഷത്തിന് കാരണമൊരുക്കാന്‍),  ടിവി വാര്‍ത്ത കേള്‍പ്പിക്കാന്‍ വേണ്ടിയെന്നോണം കുട്ടി വന്ന് ടിവി ഓണ്‍ ചെയ്യുന്നത്, സഞ്ജീവ്-ചേതനാ സമാഗമത്തിന് വിഘാതമായി പ്രധാനപ്പെട്ട ഫോണ്‍ വരുന്നത്... ഒക്കെ പഴയ നമ്പരുകള്‍!  

3. വിവരണങ്ങളില്‍ മുങ്ങിപ്പോയ കാഴ്‌ചപ്പാടുകളും അനുഭവങ്ങളും തീവ്രതയും.  രാമുദാ എന്നൊരു സഹോദരന്‍ ചേതനയ്ക്കുണ്ട്. ചേതനയുടെ അച്ഛന്‍ ഫണിഭൂഷന്‍ മല്ലിക് തൂക്കിലേറ്റിയ അമര്‍ത്ത്യ ഘോഷിന്‍റെ അച്ഛന്‍, പ്രതികാരമായി ആരാച്ചാരുടെ മകന്‍റെ കൈകാലുകള്‍ വെട്ടി.  നോവലില്‍ മുക്കാല്‍ഭാഗത്തോളം ആ വികലാംഗന്‍റെ  സാന്നിധ്യം മനസിലാവുന്നില്ല. ഒരു കുടുംബവഴക്കിനിടെ കൈകാലുകള്‍ ഇല്ലാത്ത അയാള്‍ തറയില്‍ തലയിടിച്ച് മരിക്കുന്ന ഭാഗമൊക്കെ ഓടിച്ച് വിവരിച്ച് പോവുകയാണ്  നോവലിസ്റ്റ് - അടുത്ത കഥ പറയാന്‍. നോവലിലാകെ കഥയുള്ളവരേക്കാള്‍ കഥ പറയുന്നവരാണ്.

4. ജീര്‍ണിച്ച മാധ്യമസംസ്‌ക്കാരം എത്രയോ ജീര്‍ണിച്ച വിഷയമാണ്! ജീര്‍ണതയെക്കുറിച്ച് പറഞ്ഞ് പറഞ്ഞ് പറച്ചില്‍ തന്നെ ജീര്‍ണമാവുന്ന ദൌര്‍ഭാഗ്യം നോവലിന്‍റെ കഴുത്തിലെ ഊരാക്കുടുക്കായി.  ശശി വാര്യര്‍ 13 വര്‍ഷം മുന്‍പ് ഹാങ്‌മാന്‍സ് ജേണല്‍ എഴുമ്പോള്‍ വിഷയത്തിന് പുതുമയുണ്ടായിരുന്നു.  2004-ല്‍ ജോഷി ജോസഫിന്‍റെ സിനിമയും വന്നു. ഇതിനിടയില്‍ മലയാളത്തില്‍ കാമറക്കായി അഭിനയിക്കേണ്ടി വരുന്നവരും സ്‌കൂപ്പുകളാകാന്‍ ചമക്കുന്ന വാര്‍ത്തകളും റേറ്റിങ്ങില്‍ തമസ്‌ക്കരിക്കുന്ന വാസ്തവങ്ങളും എത്രയോ ഒഴുകിപ്പോയി!

5. എല്ലാമറിയുന്ന, എല്ലായിടത്തും സാന്നിധ്യമുള്ള, സര്‍വശക്തരുമായ കഥാപാത്രങ്ങളാണ്, യാദൃശ്ചികതയുടെ ഔദാര്യം കൊടുത്താല്‍പോലും,  അവിശ്വസനീയതയുടെ മുഖങ്ങളുമായി നോവലിസ്‌റ്റിന്  തോന്നുന്ന രീതിയില്‍ പ്രത്യക്ഷപ്പെടുന്നത്. ചേതന ടിവി-കാമറക്കൊത്ത് നീങ്ങണമെന്ന് ഡിമാന്‍ഡ് ചെയ്യുന്ന സഞ്ജീവിനെപ്പോലെ നോവലിസ്‌റ്റ് കഥാപാത്രങ്ങളുടെ മേല്‍ കുരുക്കിട്ട് ചലിപ്പിക്കുന്ന കാഴ്ച അരോചകമാണ്. എണ്‍പത്തിയെട്ട് വയസുള്ള, 451 പേരെ തൂക്കിക്കൊന്ന, ടിവി ഷോകളില്‍ കാശ് മേടിച്ച് പങ്കെടുത്ത് ഡയലോഗ് റൈറ്റ് ഹേ ന? എന്ന് ചോദിക്കുന്ന ഫണിഭൂഷണ്‍ മല്ലിക് - നായികയുടെ അച്ഛന്‍ - എന്തിന്, ഒരു സുപ്രധാന തൂക്കിക്കൊല നടത്താനുള്ള ദിവസം അടുക്കേ സ്വന്തം അനുജനെയും അനുജപത്നിയെയും വെട്ടിക്കൊലപ്പെടുത്തണം? ഭര്‍ത്താവിന്‍റെ ചികില്‍സക്കുള്ള പണത്തിനായി മാംസം വിറ്റതാണ് അനുജഭാര്യയെ കൊല്ലാന്‍ കാരണം. അനുജനെയോ? അത് നായികക്ക് ഒറ്റക്ക് തൂക്കിക്കൊല നടത്താന്‍ നോവലിസ്‌റ്റ് സൌകര്യം ചെയ്ത് കൊടുത്തതാണെന്ന് വരുന്നു. അങ്ങനെ നോക്കുമ്പോള്‍ മൌലികതയില്ലായ്മയുടെ തൂക്കിലേറേണ്ടി വരും നോവലിസ്‌റ്റിന്.  എല്ലാം പറഞ്ഞു തീര്‍ക്കാനുള്ള തിരക്കിനിടയില്‍ ലക്ഷ്മി മിത്തലിന്‍റെ വിവാഹത്തിന്‍റെ മുന്നൊരുക്കങ്ങളീക്കുറിച്ചുള്ള വാര്‍ത്തയുമുണ്ട്.  ആര്‍ഭാട വിവാഹം മിത്തലിന്‍റെ മകളുടേതായിരുന്നു എന്ന് കൃത്യതയോടെ പറയാന്‍ തിരക്കിനിടയില്‍ നോവലിസ്‌റ്റ്,
അതോ പ്രസാധകരോ, വിട്ടുപോയി.

Saturday, January 19, 2013

സ്ത്രൈണ കാമസൂത്രം ഉണര്‍ത്തുന്നത്

ദൈവവും പൂജാരിയും തമ്മിലെ വിടവുകള്‍


കാമകലയില്‍ സ്‌ത്രീക്ക് സാമര്‍ത്ഥ്യമില്ല എന്നു പറയുകയും ശാസ്ത്രഗ്രഹണം സ്‌ത്രീക്ക് നിഷേധിക്കുകയും ചെയ്യുന്ന ഒരു കാലത്തെ ഇപ്പോഴും തൂക്കി കൊണ്ടു നടക്കുന്ന സമീപനം വരിയുടക്കപ്പെടുന്നു സ്ത്രൈണ കാമസൂത്രം എന്ന പുസ്തകത്തില്‍. പുസ്തകമെഴുതിയതിന് കെ ആര്‍ ഇന്ദിര ഇതിനോടകം പഴി കേട്ടു എന്ന പത്ര-വെബ്ബ് റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍, വാത്സ്യായന കാമസൂത്രത്തോടുള്ള ഒരു വിമര്‍ശനാത്മക ഫെമിനിസ്‌റ്റ് കാഴ്‌ചപ്പാട് മുന്നോട് വെക്കുന്ന ഇന്ദിരാ പുസ്ത്കം എവിടെയെക്കെയോ കൊണ്ടു എന്നു വേണം മനസിലാക്കാന്‍. ഇന്ത്യയുടെ റേപ് ക്യാപിറ്റല്‍ എന്ന് ചിലരെങ്കിലും വിളിക്കുന്ന ദല്‍ഹിയില്‍, ബസിനുള്ളില്‍ ആക്രമിക്കപ്പെട്ട യുവമിഥുനങ്ങളുടെ കഥ ഇപ്പോഴും ഭാഗമായ നമ്മുടെ കാലത്ത് ഇന്ദിരയുടേത് പോലുള്ളൊരു പുസ്തകം ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ ഉപപാഠമാക്കേണ്ടതാണ്. ചുരുങ്ങിയ പക്ഷം അത് വേട്ടക്കാരന്‍-ഇര എന്ന ദ്വന്ദം ഇണകളില്‍ വിവസ്ത്രമാക്കപ്പെടും.


സ്വീകരിക്കുന്നവള്‍ എന്ന നിലയില്‍ നിന്നും ജോലി ചെയ്ത് അടുക്കള-കുടുംബ കാര്യങ്ങള്‍ നോക്കുന്നവളായി ഇന്നത്തെ സ്‌ത്രീ വളര്‍ന്നു എന്നതാണ് ഈ പുസ്തകത്തിന്‍റെ കാരണങ്ങളിലൊന്ന്. വാത്സ്യായനമതങ്ങളുടെ തുണിയുരിക്കുമ്പോഴും മുനിയുടെ കാമശാസ്ത്രകലയെ, അത് പുരുഷകേന്ദ്രീകൃതമെങ്കില്‍ക്കൂടിയും, താഡനമേല്‍പ്പിക്കുന്നില്ലെന്നത് പുസ്തകത്തില്‍ ഇന്ദിര പാലിച്ചു പോരുന്ന നയമാണ്. ആക്രമണകാരിയായ ഒരു ഫെമിനിസ്‌റ്റ് അല്ല അവര്‍. ഉപയോഗിക്കപ്പെടേണ്ടവളായി സ്‌ത്രീയെ ഇകഴ്‌ത്തിയതിന് കണക്ക് പറയുകയും, സ്ത്രീ പ്രഹേളികയാണ് പോലുള്ള പുരുഷസമീപനങ്ങളെ വിചാരണ ചെയ്യുകയും (വേശ്യകളുടെ വൈഭവം പുരുഷന് വിഷമമുണ്ടാക്കിയിരുന്നു), സ്ത്രീ പ്രകൃത്യാ എന്താണ് എന്ന് വ്യക്തമാക്കുകയും ചെയ്യുകയാണ് പുസ്തകോദ്ദേശ്യം. പുരുഷന് ഒരു സ്ത്രീയോട് കാമം തോന്നിയാല്‍ കാമപൂര്‍ത്തി നേടിയില്ലെങ്കില്‍ അയാളുടെ ശരീരത്തിന് നാശം സംഭവിക്കുമെന്നാണ് വാത്സ്യായനമതം. സ്‌ത്രീകള്‍ക്ക് ജഘനത്തിലുള്ള കണ്ഡൂതി (ചൊറിച്ചില്‍) തീര്‍ക്കുകയെന്ന 'സേവനവും' പുരുഷന്‍ ചെയ്യുന്നുണ്ട്! ഭര്‍ത്താവായിരിക്കുന്നതിലെ സൌകര്യവും ഭാര്യയുടെ കര്‍ത്തവ്യഭാരവും പുസ്തക ഉടല്‍നീളം ആക്ഷേപിക്കപ്പെടുന്നു.



കാലം മാറി, വേഷം മാറി പക്ഷെ വാത്സ്യായനയുഗത്തില്‍ നിന്നും സങ്കല്‍പങ്ങള്‍ മാറിയില്ലെന്ന് പുസ്തകകാരി. ആധുനിക പുരുഷന്‍റെ സൌന്ദര്യ സങ്കല്‍പങ്ങളില്‍ നിന്നും പൊലീസുകാരി പുറത്താണ്. അവന്‍റെ സങ്കല്‍പങ്ങളെ 'സെര്‍വ്' ചെയ്യുന്ന എയര്‍ഹോസ്‌റ്റസുമാരെയും ഫാഷന്‍ മോഡലുകളെയുമാണ് അവനിഷ്‌ടം. പുരുഷന് സൌകര്യമനുസരിച്ച് പരസ്‌ത്രീ ഗമനം ആവാം. പെണ്ണൊരുമ്പെട്ടാല്‍ പിഴയായി. (അഭിസാരികക്ക് പുല്ലിംഗമുണ്ടോ? ) പുരുഷന്മാര്‍ സ്വതത്ര ലൈംഗികതക്ക് വേണ്ടി വാദിക്കുന്നത് പോലും അവരുടെ പരസ്ത്രീഗമനത്തെ സാധൂകരിക്കാനാണെന്നും ഇന്ദിര പറയുന്നു. പ്രാപിക്കാന്‍ പാടില്ലെന്ന് പുരുഷനോട് പറയുന്ന അഗമ്യകളെക്കുറിച്ചുള്ള കാമസൂത്രഭാഗം ഉദ്ധരിച്ചു കൊണ്ട് ഇന്ദിര സന്ദേഹിക്കുന്നു: അഗമ്യകളുടേ ദോഷങ്ങള്‍ ഉള്ള പുരുഷന്‍മാരുമായി സംഗമിക്കരുതെന്ന് സ്‌ത്രീകളോട് ആരും പറഞ്ഞിട്ടില്ല!



ഭര്‍ത്താവ് ദൈവവും ഭാര്യ പൂജാരിയുമായി തുടരുന്ന ഏര്‍പ്പാടിനെ എതിര്‍ത്ത് സ്വജീവിതത്തില്‍ അത് പാലിക്കുകയും ചെയ്ത വിവാഹമോചിതയാണ് ഇന്ദിര. പെണ്ണിന് പുരുഷനേക്കാള്‍ എട്ടിരട്ടിയാണ് കാമം എന്നൊക്കെ വിഡ്ഡിത്തരങ്ങള്‍ വിളമ്പിയ കാമസൂത്രത്തെ ആക്ഷേപിക്കുമ്പോഴും (മുനി വിവരിച്ച രീതികളില്‍ത്തന്നെ ദന്തക്ഷതം ഏല്‍പ്പിക്കാനായില്ലെങ്കില്‍ കാമപ്രകടനം അശാസ്ത്രീയമാകുമോ!) വാത്സ്യായന നിരീക്ഷണങ്ങളില്‍ ചിലത് ഇന്നും നില നില്‍ക്കുന്നവയായി യോജിക്കുന്നുണ്ട് ഗ്രന്‍ഥകാരി: സ്‌ത്രീക്ക് ലൈംഗികേച്ഛ ഉണ്ടാവുന്നത് പുരുഷനുണ്ടാവുന്നതിനേക്കാള്‍ പതിയെ ആണ്; രതിമൂര്‍ച്ഛയിലെത്തും മുന്‍പേ സ്ത്രീ ക്ഷീണിതയാവാനും പിന്‍വാങ്ങാനും സാധ്യതയുണ്ട്. ഗുണവാനും ഭോഗിയുമാണ് ഭര്‍ത്താവെങ്കിലും മന:പൊരുത്തമില്ലെങ്കില്‍ സുഖപൂര്‍ത്തിക്കായി സ്ത്രീ മറ്റൊരാളെ പ്രാപിക്കുന്നതില്‍ വിരോധമില്ല എന്ന 'അത്ഭുദകരമായ' പ്രസ്താവവും മുനിഭാഗത്തുണ്ടായെന്നും ഇന്ദിര പറയുന്നു. സ്‌ത്രീകള്‍ക്ക് എതിരഭിപ്രായമില്ലാത്തതായുള്ള മറ്റൊരു വാത്സ്യായനസൂക്തം കന്യകകളുടെ ഇഷ്‌ടപുരുഷവശത്തെക്കുറിച്ചാണ്: ഝടുതിയില്‍ സുരതചേഷ്‌ഠകളാരംഭിക്കുന്ന ആക്രാന്തകാരന്‍ കന്യകകള്‍ക്ക് ത്രാസത്തിനും ഉദ്വേഗത്തിനും പാത്രമായി തീരുന്നു. പ്രീതിയോഗം പ്രാപിക്കാതെ ദൂഷിതയായവള്‍ പുരുഷദ്വേഷിണിയോ പരപുരുഷപ്രേമിയോ ആയാല്‍ അത്ഭുതമില്ല. പലപ്പോഴും സ്ത്രീ രതിമൂര്‍ച്ഛ അഭിനയിക്കുകയാണെന്ന് കൂട്ടിച്ചേര്‍ക്കുന്ന ഇന്ദിര സുരതത്തെ അനുഷ്‌ഠാനത്തില്‍ നിന്നും മോചിപ്പിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നുണ്ട്.



കേരളത്തിലെ സ്ത്രീകളുടെ ലൈംഗികജീവിതത്തെക്കുറിച്ച് വനിതാ ജാഗ്രത സമിതിയുടെ പേരില്‍ ചെയ്ത സര്‍വേയും, മൈഥുനാനന്തരമുള്ള ചിത്രകല പോലെ, പുസ്തകത്തില്‍ അനുബന്ധമായുണ്ട്. 50 ചോദ്യങ്ങള്‍ 500 പേര്‍ക്ക് അയച്ചു കൊടുത്തതില്‍ തിരിച്ചു കിട്ടിയ 123 ഉത്തരക്കടലാസുകളാണ് സര്‍വെയുടെ ബലം. ഭര്‍ത്താവിന്‍റെ പരസ്ത്രീ ഗമനം ദാമ്പത്യത്തില്‍ പ്രശ്‌നമുണ്ടാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന്  21 സ്ത്രീകള്‍ മാത്രമാണ് പ്രശ്‌നമുണ്ടായതായി പറഞ്ഞത്. വാസ്തവത്തില്‍ വാത്സ്യായനകാലത്തെ പുരുഷാധിപത്യം ഇപ്പോഴും എണീറ്റ് നില്‍ക്കുന്നു.



സുരതവേളയിലെ സംഗീതം പോലെ 270 പേജ് പുസ്തകമാകെ പി എസ് ജലജ വരച്ച ചിത്രങ്ങളും സ്ത്രൈണ കാമസൂത്രത്തിന്‍റെ പ്രസാധനത്തിനായി ഡിസി ചെയ്ത വിപ്‌ളവകരമായ പ്രത്യേകതയാണ്. ഉദ്ദീപനസാധ്യത ഉദ്ദേശിച്ചിട്ടില്ലാത്ത ചിത്രങ്ങളാണെങ്കിലും ആ പുസ്തകം കുടുംബ ഷെല്‍ഫില്‍ വെക്കുന്നതിലേക്ക് ശരാശരി മലയാളിയെ നമ്മുടെ കാലം പാകപ്പെടുത്തിയിട്ടില്ല. അതു സജ്ജമായാല്‍ ഈ പുസ്തകത്തിന് മോക്ഷമായി.

Thursday, February 23, 2012

കുവൈറ്റ് അധിനിവേശ ഓര്‍മ

റുമൈലയിലെ കരിമഴ

കുവൈറ്റ്-ഇറാഖ് അതിര്‍ത്തിയിലെ എണ്ണപ്പാടമായ റുമൈലയില്‍ നിന്നും തങ്ങള്‍ക്കവകാശപ്പെട്ട എണ്ണ കുവൈറ്റ് ചോര്‍ത്തുന്നുവെന്ന് ആരോപിച്ച് ഇറാഖ് നടത്തിയ അധിനിവേശം ഇംഗ്‌ളീഷില്‍ ലേഖന-വിശകലന കുറിപ്പുകളില്‍ പലകുറി പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും മലയാളത്തില്‍ ഒരു സമ്പൂര്‍ണ്ണ അനുഭവ സാക്‌ഷ്യപത്രമെന്ന നിലയില്‍ ആദ്യമായാണ് പുസ്തകരൂപത്തില്‍ സമാഹരിക്കപ്പെടുന്നത്. (ഡോ നന്ദകുമാര്‍ മൂര്‍ക്കത്ത്, ഹസന്‍ തിക്കോടി എന്നിവരും അധിനിവേശ നാളുകളെക്കുറിച്ച് എഴുതിയിട്ടുണ്ട്. ബാലഗോപാലന്‍റെ പുറത്ത് വരാനിരിക്കുന്ന നോവലിലും അധിനിവേശനാളുകളിലെ അനുഭവമുണ്ട്.) കുവൈറ്റില്‍ 32 വര്‍ഷങ്ങളായി താമസിക്കുന്ന പ്രമുഖ എഴുത്തുകാരന്‍ കൈപ്പട്ടൂര്‍ തങ്കച്ചന്‍റേതാണ് സൈന്ധവ ബുക്ക്‌സ് പ്രസാധനമായ റുമൈലയിലെ കരിമഴ എന്ന 88 പേജ് പുസ്തകം. അധിനിവേശക്കാലത്തെ ചില അപൂര്‍വ കളര്‍ചിത്രങ്ങളും ഫ്‌ളെയിം, കേരളശബ്‌ദം വാരികകളില്‍ വന്ന കുറിപ്പുകളും പുസ്തകത്തിന്‍റെ അനുബന്ധമായി കൊടുത്തിരിക്കുന്നു. 90 ഓഗസ്‌റ്റ് മുതല്‍ 91 ഫെബ്രുവരിയില്‍ സഖ്യസേന കുവൈറ്റ് മോചിപ്പിക്കും വരെയുള്ള കാലത്ത് കുവൈറ്റില്‍ തുടര്‍ന്ന കൈപ്പട്ടൂര്‍ ഏഴുമാസക്കാലം അടിസ്ഥാനസൌകര്യങ്ങള്‍ക്ക് പോലും പരിമിതിയുണ്ടായിരുന്ന ജീവിതസാഹചര്യം മറന്ന് വസ്തുനിഷ്‌ഠമായ കഥനത്തിന് മുതിരുന്നുവെന്നതും ശ്രദ്ധേയമാണ്.


അയല്‍ക്കാരനായ ഇറാഖിനെ വിശ്വസ്‌തനായ നല്ല സഹോദരനായിട്ടായിരുന്നു കുവൈറ്റ് കരുതിയിരുന്നത് പോലുള്ള വ്യക്തിപര നിരീക്ഷണങ്ങളും, എട്ടു വര്‍ഷത്തോളം നീണ്ട ഇറാന്‍-ഇറാഖ് യുദ്ധം മൂലം സാമ്പത്തികമായി തകര്‍ന്ന ഇറാഖ് പതിനാല് ബില്യണ്‍ ഡോളര്‍ കുവൈറ്റിന് മാത്രം കടപ്പെട്ടിരുന്നു തുടങ്ങിയ ചരിത്ര പശ്ത്താല വിവരങ്ങളും, നായക്കു കുരക്കാന്‍ നിഴല്‍ പോലും ആവശ്യമില്ല പോലത്തെ കാല്‍പനികചേരുവകളും ഇടകലര്‍ത്തിയാണ് റുമൈല നമ്മെ കൊണ്ടു പോകുന്നത്.

പതിനാറായിരത്തോളം സൈനികര്‍ മാത്രമുണ്ടായിരുന്ന കുവൈറ്റിലേക്ക് സര്‍ക്കാര്‍ അവധി ദിവസമായ വ്യാഴാഴ്‌ച പുലര്‍ച്ചെയാണ് ഒരു ലക്ഷം ഇറാഖ് റിപ്പബ്‌ളിക്കന്‍ ഗാര്‍ഡ് 'മലവെള്ളപ്പാച്ചില് പോലെ' ഇരച്ചു കയറുന്നത്. അധിനിവേശവാര്‍ത്ത ചോര്‍ന്നു കിട്ടിയ കുവൈറ്റിലെ സബാ രാജകുടുംബം സൌദിയിലേക്ക് രക്ഷപെട്ടിരുന്നു - ഒരാളൊഴികെ. അദ്ദേഹത്തെ അധിനിവേശപ്പട്ടാളം വെടിവച്ച് കൊന്ന് ടാങ്ക് കയറ്റി അരച്ചു. ഒരുപാട് പേരെ പിടിച്ചു കൊണ്ടു പോയി പീഡിപ്പിച്ചു. എയര്‍പോര്‍ട്ട് കീഴടക്കി കുവൈറ്റ് എയര്‍വെയ്‌സ് വിമാനങ്ങള്‍ ഇറാഖിലേക്ക് പറത്തി. പല കെട്ടിടങ്ങളും അഗ്‌നിക്കിരയാക്കുകയും കൊള്ളയടി തുടങ്ങുകയും ചെയ്തു. വ്യാഴാഴ്‌ച രാവിലെ കുവൈറ്റിന്‍റെ ആകാശം കറുത്തു. പതിവു പോലെ ജോലിക്ക് കാറോടിച്ച് പോയവര്‍ വാര്‍ത്ത കേട്ടും കണ്ടും കറുത്ത പുകയാല്‍ കാഴ്‌ച മങ്ങിയും നിയന്ത്രം വിട്ട് അപകടങ്ങളുണ്ടായി.

ബന്ധുവായ ജോയിയുടെ സഹായത്താല്‍ 80ല്‍ കുവൈറ്റിലെ മറാഫി ഗ്രൂപ്പില്‍ ജോലിക്കെത്തിയ കൈപ്പട്ടൂര്‍ അധിനിവേശം കാരണം കുവൈറ്റ് വിട്ട് പോകുന്നില്ലെന്ന് തീരുമാനിച്ചിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് മറാഫി മാനേജരുമായി ഫോണില്‍ ബന്ധപ്പെട്ട കൈപ്പട്ടൂരിനോട് വീട്ടിലേക്ക് ചെല്ലാമോ എന്ന് മാനേജര്‍ ചോദിച്ചു. വഴിയിലെ പരിശോധനാ കടമ്പയില്‍ കൈപ്പട്ടൂരിന്‍റെ പഴ്‌സിലുണ്ടായിരുന്ന മൂന്ന് കുവൈറ്റി ദിനാര്‍ ഇറാഖ് സൈനികര്‍ കീറി കാറ്റില്‍ പറത്തി.

അധിനിവേശകുവൈറ്റില്‍ ആദ്യം അടച്ച എംബസി ഇന്ത്യയുടേതായിരുന്നു. ഒഴിഞ്ഞു പോകേണ്ടവര്‍ക്ക് ഇറാഖ വഴി ജോര്‍ദ്ദാനിലെ അമ്മാനിലേക്ക് ബസിലും അവിടെ നിന്ന് വിമാനമാര്‍ഗം ബോംബെയിലേക്ക് പോകാനും ഏര്‍പ്പാടായി. യാത്രക്കിടയിലെ മോഷണം ഭയന്ന് സ്വര്‍ണ്ണമടക്കം പല വിലപിടിച്ച വസ്‌തുക്കളും താമസസ്ഥലങ്ങളില്‍ വച്ചവര്‍ മോഷ്‌ടാക്കള്‍ക്ക് ചാകരയൊരുക്കി. ജോര്‍ദ്ദാന്‍ യാത്രക്ക് പണം നല്‍കേണ്ട അവസ്ഥയില്‍ മലയാളികളടക്കം പലരും അടഞ്ഞുകിടന്ന ഫ്‌ളാറ്റുകള്‍ കുത്തിത്തുറന്നു. ഇറാഖി പട്ടാളം തുടങ്ങി വച്ച കവര്‍ച്ച താമസിയാതെ പടരുകയായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുരന്ന ചിലര്‍ സൌന്ദര്യ വര്‍ദ്ധക ക്രീമുകള്‍ പാല്‍ക്കട്ടിയാണെന്ന് കരുതി ബ്രെഡുകളില്‍ പുരട്ടിക്കഴിച്ചു.... ഉപയോഗിച്ച അടിവസ്‌ത്രങ്ങള്‍ വരെ വാങ്ങുവാന്‍ വരെ ഇറാഖികള്‍ തയ്യാറായി. ഇറാഖി പട്ടാളക്കാരുടെ സാന്നിധ്യം ഉപയോഗപ്പെടുത്തി മോഷ്‌ടിച്ചു വിറ്റ് ചില മലയാളികള്‍ പണക്കാരായി. ബന്ധുക്കളെയും സുഹൃത്തുക്കളെയും ഏല്‍പ്പിച്ച വിശ്വാസത്തിനു മേല്‍ കരിനിഴല്‍ വീണത് എങ്ങനെയാണ് അളക്കേണ്ടതെന്ന ചോദ്യം റുമൈല ഉയര്‍ത്തുന്നു.

അന്നത്തെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഐ കെ ഗുജ്‌റാള്‍ കുവൈറ്റ് സന്ദര്‍ശിച്ചപ്പോള്‍ സദ്ദാമുമായി ചേര്‍ന്ന് നില്‍ക്കുന്ന ഗുജ്‌റാളിന്‍റെ ചിത്രം പത്രങ്ങളില്‍ അടിച്ചു വന്നു. കുവൈറ്റികള്‍ക്ക് ഇന്ത്യാക്കാരോടുള്ള മനോഭാവത്തില്‍ മാറ്റം വന്നതിനൊപ്പം മറ്റൊരു കാര്യം കൂടി അണിയറയില്‍ അരങ്ങേറുന്നുണ്ടായിരുന്നു. ഇന്ത്യാക്കാരുടെ ഒഴിപ്പിക്കല്‍ സംബന്ധമായി രൂപീകൃതമായ സിറ്റിസണ്‍ ഫോറം, അവശേഷിച്ച ഇന്ത്യാക്കാരുടെ ക്ഷേമത്തിനായി പുതിയ സിറ്റിസണ്‍ കമ്മിറ്റിക്ക് കൈമാറിയ നാല്‍പതിനായിരത്തോളം ഇറാഖി ദിനാര്‍ പുതിയ സിറ്റിസണ്‍സ് അടിച്ചു പൊളിച്ചു...

കീഴ്‌പ്പെടുത്തിയ കുവൈറ്റ് പലസ്‌തീന്‍കാര്‍ക്ക് നല്‍കാമെന്ന സദ്ദാമിന്‍റെ മോഹന വാഗ്‌ദാനത്തില്‍ മതിമറന്ന പലസ്‌തീന്‍കാര്‍ വീട്ടുജോലിക്ക് കുവൈറ്റി സ്‌ത്രീകളെ ആവശ്യമുണ്ടെന്ന ബോര്‍ഡ് സാല്‍മിയയിലെ വഴിയോരങ്ങളില്‍ എഴുതി വച്ചു.....

ഭയവും ധൈര്യവും രാപകല്‍ പോലെ വന്ന നാളുകള്‍ ഓര്‍ത്തെടുക്കുന്ന കൈപ്പട്ടൂര്‍-പുസ്‌തകത്തിന്‍റെ ഒറ്റയിരിപ്പ് വായനയില്‍ യുദ്ധത്തിലെ കെടുതികളോടൊപ്പം മനുഷ്യന്‍റെ അസുരഭാവവും നമ്മില്‍ വിചാരണ ചെയ്യപ്പെടാതിരിക്കില്ല.

Sunday, December 25, 2011

ക്യാപ്‌റ്റന്‍ കൃഷ്‌ണന്‍നായരുടെ കൃഷ്‌ണലീലാത്മകഥ

ഏഴ് വയസുള്ളപ്പോള്‍ മൈസൂറില്‍ ദസറ കാണാന്‍ പോകുകയും കൊട്ടാരത്തില്‍ കയറാനാവാതെ വിഷമിക്കുകയും ചെയ്ത കുട്ടി 65 വര്‍ഷങ്ങള്‍ക്ക് ശേഷം കര്‍ണ്ണാടക മുഖ്യമന്ത്രിയുടെ ക്ഷണാര്‍ത്ഥം കൊട്ടാരത്തില്‍ അതിഥിയായി പോകുകയും കൊട്ടാരം പോലൊരു ഹോട്ടല്‍ (ലീല പാലസ്) അന്നത്തെ ബാംഗ്‌ളൂരില്‍ പണിയുകയും ചെയ്ത നാടോടിക്കഥകളെ വെല്ലുന്ന ജീവിതം, ആത്മവിശ്വാസവും ഭാഗ്യവും ലീലയെന്ന പുണ്യവ്യം അധ്യായങ്ങളായ ജീവിതം, പ്രമുഖ ഹോട്ടലിയര്‍ ക്യാപ്‌റ്റന്‍ ചിറ്റാരത്ത് പൂവക്കാട്ട് കൃഷ്‌ണന്‍നായര്‍ 'കൃഷ്‌ണലീല'യിലൂടെ കസര്‍ക്കുന്നു. ഈയിടെ ദല്‍ഹി ചാണക്യപുരിയില്‍ മൂന്ന് ഏക്കര്‍ 670 കോടി കൊടുത്ത് ലീല, ഗുഡ്‌ഗാവ് സ്ഥാപിച്ച ഹോട്ടലിയറുടെ കഥയോടൊപ്പം ഒബാമ മുതല്‍ മോഹന്‍ലാല്‍ വരെയുള്ളവരുടെ കൂടെ ക്യാപ്‌റ്റനും, ചിലപ്പോള്‍ ഭാര്യ ലീലയും നില്‍ക്കുന്ന ഫോട്ടോകളും പുസ്‌തകത്തെ ആഘോഷമാക്കി മാറ്റുകയാണ്.


ഓര്‍മ്മകള്‍ വിമാനങ്ങള്‍ പോലെയാണ് എന്ന് പറഞ്ഞ് തുടങ്ങുന്നു താഹ മാടായി വിവരിക്കുന്ന ക്യാപ്‌റ്റന്‍ കൃഷ്‌ണന്‍നായരുടെ ലീലാവിലാസജീവിതം. ബാല്യത്തില്‍ വിമാനയാത്ര സ്വപ്‌നം കണ്ടിരുന്ന ഓല മേഞ്ഞ വീട്ടിലെ കുട്ടി, കണ്ണൂര്‍ ജില്ലയിലെ അലവില്‍ കുന്നാവില്‍ എന്ന ദേശത്തെ കൃഷ്‌ണന്‍, 1957 ല്‍ ജര്‍മ്മനിയിലേക്ക് നടത്തിയ ആദ്യ വിമാനയാത്ര മുതലിങ്ങോട്ട് നടത്തിയ യാത്രകള്‍ ഒരു റിയലിസ്‌റ്റ് സ്വപ്‌നസഞ്ചാരിയുടേതായിരുന്നു. അധികാരിയോടൊപ്പം അളവിന് പോയിരുന്ന അംശം കോല്‍ക്കാരന്‍ എന്ന ഒന്‍പത് രൂപ ശമ്പളക്കാരന്‍ അച്ഛന്‍ അപ്പനായര്‍ മുതല്‍ കണ്ണൂരിലെ ബര്‍ണ്ണശേരിയിലെ ചട്ടക്കാരികള്‍ (ആംഗ്‌ളോ ഇന്ത്യന്‍സ്) വരെ പ്രത്യക്ഷപ്പെടുന്ന ആദ്യ അധ്യായം തുടങ്ങി കൃഷ്‌ണലീല അസൂയയുളവാക്കുന്ന യാത്രയാണ്.

മുച്ചിലോട്ട് ഭഗവതിയുടെ കോമരമായിരുന്നു അമ്മയുടെ അച്ഛന്‍. തേങ്ങയുണക്കി കൊപ്രയുണ്ടാക്കി അത് ചക്കിലാട്ടി വെളിച്ചെണ്ണയാക്കുന്ന ജോലി പകല്‍ മുഴുവന്‍ ചെയ്ത മാധവി അമ്മ കളിക്കൂട്ടുകാരനായിരുന്നു കൃഷ്‌ണന്. തലേന്ന് വച്ച ചോറില്‍ കഞ്ഞിവെള്ളവും മോരും ഒഴിച്ച് കുളുത്തത് എന്ന പ്രാതല്‍ കൊടുത്തിരുന്നു അമ്മ. തൊട്ടുകൂട്ടാന്‍ ഉപ്പിലിട്ട മാങ്ങയുടെ നീര്. ചിറക്കല്‍ വലിയ രാജ സ്‌കൂളില്‍ ഒരു പരിപാടിക്ക് വന്നപ്പോള്‍ സ്‌റ്റേജില്‍ ഒരു സ്‌തുതിക്കവിത ചൊല്ലിയ നിമിഷകവി കൃഷ്‌ണന് തുടര്‍ വിദ്യാഭ്യാസ സഹായങ്ങള്‍ വാഗ്‌ദാനം ചെയ്ത വലിയ രാജ പിന്നീട് വിരലിലെ വൈരമോതിരം ഊരിക്കൊടുത്തു. ഈ വലിയരാജയുടെ മകന്‍, ചരിത്രകാരന്‍ ചിറക്കല്‍ ടി ബാലകൃഷ്‌ണന്‍നായര്‍ ഒരിക്കല്‍ പ്രസംഗിച്ചു: ഒരു മുതലാളി (കൃഷ്‌ണന്‍നായര്‍ അദ്ദേഹത്തിന്‍റെ കല്യാണത്തിന്) നാലായിരം പേര്‍ക്ക് സദ്യ കൊടുത്തിരിക്കുന്നു നാട്ടില്‍ റേഷനരി ഇല്ലാത്ത കാലത്ത്.. എവിടന്ന് കിട്ടി ഈ അരി? പിന്നീട് ഇതെക്കുറിച്ച് കേട്ട ലീല പറഞ്ഞു.. വീട്ടില്‍ വന്നാല്‍ ഒരു തുള്ളി വെള്ളം പോലും കൊടുക്കില്ല. (അഴീക്കോട് പഞ്ചായത്തിന്‍റെ ആദ്യ പ്രസിഡണ്ടും രാജരാജേശ്വരി വീവിങ്ങ് മില്‍സ് ഉടമയും ബ്രഹ്‌മാനന്ദസ്വാമി ശിവയോഗീശിഷ്യനുമായ എ കെ നായരുടെ മകള്‍ ലീല വിവാഹം കഴിക്കുന്നയാള്‍ക്ക് ആയിരം മടങ്ങ് അഭിവൃദ്ധിയുണ്ടാകും എന്ന് ജാതകപ്പൊരുത്തം നോക്കിയ ജ്യോല്‍സര്‍ പറഞ്ഞിരുന്നു).

മദ്രാസ് ഗവ ആര്‍ട്ട്‌സ് കോളജ് പഠനത്തിന് ശേഷം വടക്കു പടിഞ്ഞാറന്‍ ഇന്ത്യയിലെ അബോട്ടാബാദിലാണ് (ഇന്ന് പാക്കിസ്ഥാനില്‍. ബിന്‍ ലാദനെ വധിച്ചത് ഇവിടെ) ആര്‍മിയിലെ ആദ്യനിയമനം. കോഡ് ഭാഷയിലെ വയര്‍ലസ് സന്ദേശങ്ങള്‍ ഡീകോഡ് ചെയ്ത് ആര്‍മി ഹെഡ്‌ക്വാര്‍ട്ടേഴ്‌സിലേക്ക് അയച്ചു കൊടുക്കുന്ന ജോലി. (സുഭാഷ് ചന്ദ്ര ബോസിന്‍റെ സന്ദേശങ്ങള്‍ ഡീകോഡ് ചെയ്തിട്ടുണ്ട്. ഗാന്ധിജിയെ ഫാദര്‍ ഒഫ് നേഷന്‍ എന്ന് ആദ്യം വിശേഷിപ്പിച്ചത് ബോസാണെന്ന് ക്യാപ്‌റ്റന്‍. പിന്നീട് നേതാജിയുടെ ജന്‍മശതാബ്‌ദി വര്‍ഷത്തില്‍ മുംബെയില്‍ വച്ച് നടത്തിയ ചടങ്ങില്‍ നേതാജിയുടെ മകള്‍ അനിതയെ സാക്ഷി നിര്‍ത്തി ക്യാപ്‌റ്റന്‍ പ്രസംഗിച്ചു: ഇന്ത്യയുടെ രണ്ടാമത്തെ രാഷ്‌ട്രപിതാവാണ് നേതാജി). അബോട്ടാബാദിലേക്കുള്ള ആദ്യ ട്രെയിന്‍ യാത്രയില്‍ വിശന്ന കൃഷ്‌ണനെ സഹായിച്ചു ഏതോ ഒരു കരുണാകരന്‍നായര്‍.

ഗാന്ധിജിയുടെ ആശ്രമസന്ദര്‍ശനത്തിന് ശേഷം നാട്ടില്‍ പോയി ഗ്രാമ സേവനം നടത്തണമെന്ന് തോന്നിയതിനാല്‍ ആര്‍മിയില്‍ നിന്ന് പോയി കണ്ണൂര്‍ പ്രൊഡ്യൂസേഴ്‌സ് ആന്‍ഡ് കണ്‍സ്യൂമേഴ്‌സ് കോ-ഓപ് സൊസൈറ്റി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി. കണ്ണൂരിലെ വ്യവസായി എകെ നായര്‍ ഭാവി മരുമകനെ തെരഞ്ഞെടുക്കുന്നത് അക്കാലത്താണ്. പിന്നെ എല്ലാ അര്‍ത്ഥത്തിലും ക്യാപ്‌റ്റന്‍. തുണിക്കമ്പനി ഭരണം ഏറ്റ കൃഷ്‌ണന്‍നായര്‍ കണ്ണൂര്‍-കൈത്തറിയെ ക്വാലലംപൂര്‍ വരെ കൊണ്ടുപോയി. എല്ലാറ്റിനും ഒരു വഴി കാണും എന്ന് ലീല.

1957 ജൂണില്‍ പിവികെ നെടുങ്ങാടിയുടെ പത്രാധിപത്യത്തില്‍ കണ്ണൂരില്‍ നിന്ന് പുറത്തിറങ്ങിയ ദേശമിത്രത്തില്‍ സി പി കൃഷ്‌ണന്‍നായര്‍, ബോംബെ എന്ന പേരില്‍ നമ്മുടെ കൈത്തറി വ്യവസായം എന്നെഴുതിയ ലേഖനത്തില്‍ ക്യാപ്‌റ്റന്‍ പറയുന്നു: 'കുടില്‍വ്യവസായം എന്ന നിലയില്‍ കുറേ തൊഴിലാളികള്‍ക്ക് അരപ്പട്ടിണിയുമായി ജീവിക്കാനുള്ള ഏര്‍പ്പാടെന്ന പഴയ നിലയില്‍ നിന്നും കാലോചിത നിലയില്‍ കൈത്തറി നെയ്ത്തു വ്യവസായം ഉയരണം. സെസ് ഫണ്ട് കെട്ടിക്കിടപ്പുള്ള ലക്ഷക്കണക്കിന് സംഖ്യകള്‍ ഇതിലേക്കായി ഉപയോഗിക്കണം. പുതിയ മഷീനറികളില്‍ സാന്‍ഫ്രൈസേഷന്‍ പ്‌ളാന്‍റ് (അലക്കുന്തോറും തുണികളുടെ വീതി കുറക്കാത്ത), ക്രീസ്‌സിസ്‌റ്റന്‍സ് പ്‌ളാന്‍റ് (അലക്കുന്തോറും ചുളുങ്ങാതെ ഇസ്‌തിരിയിട്ട നിലയില്‍ വസ്‌ത്രങ്ങള്‍) നമ്മുടെ കൈത്തറി വ്യവസായത്തിനായി വേണം'.

കൃഷ്‌ണന്‍നായരുടെ വസ്‌ത്ര ബ്രാന്‍ഡ്‌, ബ്‌ളീഡിങ്ങ് മദ്രാസ്, ആഗോള ബിസിനസ് വാതിലുകള്‍ അദ്ദേഹത്തിന് തുറന്നു കൊടുക്കുകയായിരുന്നു. ആന്ധ്രയിലെ കാളഹസ്‌തിയില്‍ നിര്‍മ്മിക്കുന്ന ബ്‌ളീഡിങ്ങ് മദ്രാസ് കോട്ടണ്‍ ചെക്ക് ഫാബ്രിക്കുകളുടെ പ്രത്യേകത അറുപതാം നമ്പര്‍ പാവില്‍ എണ്‍പതാം നമ്പര്‍ നൂലുപയോഗിച്ചുണ്ടാക്കുന്ന ഫൈന്‍ ഫാബ്രിക്ക് vegetable dyes, indigo blue, laterite stone, turmeric gingelly oil തുടങ്ങിയവ ചേര്‍ത്ത് നെയ്യുന്നു എന്നതാണ്. ഓരോ തവണ കഴുകുമ്പോഴും കളര്‍ ബ്‌ളീഡ് ചെയ്ത് പുതിയ കളറുള്ള വസ്‌ത്രം പോലെ മാറും. ഓരോ കഴുകലിന് ശേഷവും പുതുവസ്‌ത്രം. അമേരിക്കയിലും മറ്റും വന്‍ പ്രചാരം നേടിയ ഈ ബ്‌ളീഡിങ്ങ് മദ്രാസ് ബ്രാന്‍ഡിനെക്കുറിച്ച് ബദ്‌മാഷ് എന്ന ഹിന്ദി സിനിമയില്‍ ഷാഹിദ് കപൂറിലൂടെ അവതരിപ്പിക്കുന്നുണ്ട്.

ന്യൂയോര്‍ക്കിലെ വാല്‍ഡോഫ് എസ്‌റ്റോറിയ ഹോട്ടലില്‍ ബിസിനസ് കൂടിക്കാഴ്‌ചക്ക് പോയ കൃഷ്‌ണന്‍നായര്‍ സ്വന്തമായി ഒരു മുറി ബുക്ക് ചെയ്ത് ആതിഥേയനെ അത്ഭുതപ്പെടുത്തി. അവിടെ ഹില്‍ട്ടണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കോണ്‍റാഡുമായുള്ള കൂടിക്കാഴ്‌ചയില്‍ ലീല ഗ്രൂപ്പ് ഒഫ് ഹോട്ടല്‍സ് ജനിക്കുന്നു. ഇരുന്നൂറ് സുഹൃത്തുക്കളില്‍ നിന്നും അയ്യായിരം യുഎസ് ഡോളര്‍ പിരിച്ച് ജര്‍മ്മനിയിലെ കെംപിന്‍സ്‌കി മോഡലില്‍ ലീല തുടങ്ങി. 1961ല്‍ ബോംബെ സാഹറിലെ ബെല്‍ജിയം കോണ്‍സല്‍ ജനറലിന്‍റെ വസതി, 11 ഏക്കര്‍, വിലക്ക് വാങ്ങി ക്യാപ്‌റ്റന്‍ ഹോട്ടല്‍ പ്രസ്ഥാനത്തിന് അങ്കം കുറിച്ചു.

മരച്ചീനിയുടെ ഉള്‍ഭാഗം സംസ്‌ക്കരിച്ചെടുത്ത് ഷുഗറും സ്‌റ്റാര്‍ച്ചും കാലിത്തീറ്റയും ഉല്‍പാദിപ്പിക്കാവുന്ന മെഗ പ്രൊജക്‌റ്റ് കസാവ ഇന്‍ഡസ്‌ട്രിയല്‍ ലിമിറ്റഡിനായി വിവി ഗിരി നെടുമങ്ങാട്ട് നൂറ് ഏക്കര്‍ അനുവദിച്ചിരുന്നു. അമേരിക്കയിലെ മില്‍വാക്കിയിലെ കസാവ ഫാക്‌ടറിയുമായുള്ള ചര്‍ച്ചയും വിജയിച്ചു. എങ്കിലും പ്രൊജക്‌റ്റ് മുടങ്ങി. കമ്യൂണിസ്‌റ്റ് ഭരണമായ കേരളത്തില്‍ അമേരിക്കന്‍ കമ്പനി സഹകരിക്കുന്ന വാര്‍ത്ത അമേരിക്കന്‍ പത്രങ്ങളില്‍ വന്നതിനെത്തുടര്‍ന്ന്.

കേരളത്തെ ഹവായ് ദ്വീപ് രീതിയില്‍ വികസിപ്പിക്കണമെന്നും പുലയ-ആദിവാസിക്കുട്ടികളെ, അവരുടെ തനതു കലകളെയും, സര്‍വീസിനുപയോഗിച്ചു കൊണ്ട് അതിഥികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നും വിശ്വസിച്ച ക്യാപ്‌റ്റന് പക്ഷെ കോവളത്ത് നില തെറ്റിയിരുന്നു. തിരുവിതാംകൂര്‍ മഹാരാജാവില്‍ നിന്ന് കേരളാ ടൂറിസം വകുപ്പും അവിടന്ന് ഐ ടി ഡി സി യും അവിടന്ന് ഗള്‍ഫാര്‍ മുഹമ്മദലിയും വാങ്ങിയ കോവളം പാലസ് ക്യാപ്‌റ്റന്‍ വാങ്ങുമ്പോള്‍ എതിര്‍പ്പ് തിരയടിച്ചു. കോവളം കൊട്ടാരം നാഷണല്‍ ഹെറിട്ടേജായി സംരക്ഷിക്കണമെന്ന് എതിര്‍പ്പുകാര്‍. അങ്ങനെതന്നെയാണെന്ന് ക്യാപ്‌റ്റനും. കോവളത്തെ ലോകോത്തര റിസോര്‍ട്ടാക്കി മാറ്റിയതില്‍ ക്യാപ്‌റ്റന് ചാരിതാര്‍ത്ഥ്യമുണ്ട് - തെങ്ങ് മോഷ്‌ടിച്ചു എന്ന മാധ്യമക്കഥ കേട്ടുവെങ്കിലും. കണ്ണൂര്‍ വിമാനത്താവളത്തിന് എകെജിയുടെ പേരിടണമെന്നാഗ്രഹിക്കുന്ന ഗാന്ധിയന്‍ സോഷ്യലിസ്‌റ്റ് കൃഷ്‌ണന്‍നായരോട് ജ്യോതിബസു ഒരിക്കല്‍ പറഞ്ഞു: ഇ എം എസ്സിന് പകരം എ കെ ജി ആയിരുന്നു നിങ്ങളുടെ മുഖ്യമന്ത്രിയായിരുന്നതെങ്കില്‍ 30 വര്‍ഷത്തേക്ക് മറ്റൊരു പാര്‍ട്ടിക്കും കേരളത്തില്‍ ഭരണത്തില്‍ വരാന്‍ കഴിയില്ലായിരുന്നു.

അബോട്ടാബാദില്‍ ക്യാപ്‌റ്റന്‍റെ സഹപ്രവര്‍ത്തകനായിരുന്നു പിന്നീട് സ്വാമി ചിന്‍മയാനന്ദയായ ബാലകൃഷ്‌ണമേനോന്‍. ഒരിക്കല്‍ ക്യാപ്‌റ്റന്‍ മേനോനോട് പറഞ്ഞു: 'താങ്കള്‍ മദ്യപിക്കുന്നു, ഷൌട്ട് ചെയ്യുന്നു. ഋഷികേശില്‍ പോയി ശിവാനന്ദയെ കാണൂ'. അതും കണ്ണൂരില്‍ കടല്‍ത്തീരത്തെ വിധി എന്ന ക്യാപ്‌റ്റന്‍റെ വീട്ടില്‍ മാതാ അമൃതാനന്ദമയി വന്നതും മറ്റും കൃഷ്‌ണലീലയുടെ ആത്മീയപര്‍വമായി ചേര്‍ത്തിട്ടുണ്ട് ഡീസിയുടെ 232 പേജ് പുസ്‌തകത്തില്‍. ഡീസീയും താഹായും കൂടി ക്യാപ്‌റ്റന്‍റെ ആത്മീയ യാത്രകള്‍ ലീലയുടെ രണ്ടാംഭാഗമായി ഇറക്കിയാലും അത്ഭുതമില്ല.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അഷ്‌ടമുടിക്കായല്‍ പ്രോജക്‌റ്റിന് ശേഷം ക്യാപ്‌റ്റന്‍റെ അടുത്ത ലക്‌ഷ്യം? ലോകത്തെ ഏറ്റവും മനോഹരമായ ഇടം എന്ന് ക്യാപ്‌റ്റന്‍ പറയുന്ന സൈലന്‍റ് വാലി? അതൊക്കെ ഏക ചെറുമകന്‍, സ്വിറ്റ്‌സര്‍ലന്‍റില്‍ ഹോട്ടല്‍ മാനജ്‌മെന്‍റ് കോഴ്‌സ് ചെയ്യുന്ന ഓംഷി നായര്‍ തീരുമാനിക്കും.

Friday, November 11, 2011

മുറാകാമി വണ്‍ക്യു എയ്‌റ്റിഫോര്‍ (1Q84)

2011ലെ നോവല്‍സംഭവമായി കരുതപ്പെടുന്നത് ജാപ്പനീസ് എഴുത്തുകാരന്‍ ഹറൂകി മുറാകാമി രണ്ട് വര്‍ഷം മുന്‍പെഴുതിയ വണ്‍ക്യു എയ്‌റ്റിഫോര്‍ (1Q84)എന്ന 925-പേജ് നോവലാണ് (ഇംഗ്‌ളീഷ് പരിഭാഷ ഈ വര്‍ഷം). ഓര്‍വെലിന്‍റെ 1984 എന്ന നോവല്‍നാമത്തെ ജാപ്പനീസ് ഭാഷയിലെ കളിയാല്‍ കാണുന്നതാണ് മുറാകാമിയുടെ നോവലിന്‍റെ പേര്. 1984ല്‍ ടോക്കിയോ നഗരത്തിലൂടെ എഫ്‌എം റേഡിയോ സംഗീതത്തിന്‍റെ അകമ്പടിയോടെ നീങ്ങുന്ന ഒരു ടാക്‌സിക്കാറിലൂടെ തുടങ്ങുന്ന നോവലിന് മൂന്ന് ഭാഗങ്ങളാണുള്ളത്. മുപ്പതുകാരി കൊലപാതകി 'പച്ചപ്പയര്‍' (ആദ്യ അധ്യായത്തില്‍ത്തന്നെ ഒരു കൊല നടത്തി അവള്‍), നോവലിസ്‌റ്റും കണക്ക് ട്യൂട്ടറുമായ ടെംഗോ എന്നിവര്‍ നോവലിന്‍റെ കാഴ്‌ചപ്പാട്-കഥാപാത്രങ്ങള്‍. സമാന്തരലോകങ്ങളില്‍ ജീവിക്കുന്ന ഇവര്‍ നോവലിന്‍റെ സര്‍റിയലിസ്‌റ്റ് സ്വഭാവത്തിനും ഉത്തരവാദികളാണ്. സമൂഹത്തോട് പുലബന്ധമില്ലാതെ ജീവിക്കുന്ന പത്രാധിപരും സാഹിത്യകുതുകിയായ പതിനേഴ്കാരിയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. പതിനേഴ്‌കാരിയുടെ കുടുംബം അംഗങ്ങളായിരുന്ന ഒരു കമ്മ്യൂണ്‍ വളരുന്തോറും പിളരുകയും തിരിച്ചും സംഭവിച്ച ഒരു ഉടോപ്യയാണ്. സമൂഹവുമായി ബന്ധമില്ലാത്തയാള്‍, അപരിചിത സ്വഭാവങ്ങളുള്ള അതീന്ദ്രിയ സ്വപ്‌നങ്ങള്‍ കാണുന്ന പെണ്‍കുട്ടി, ആജ്ഞാനുവര്‍ത്തിയായ ഒരു പ്രസ്ഥാനം, പൂച്ചകള്‍ തുടങ്ങി സ്ഥിരം മുറാകാമി മൂശയിലേതാണ് ഈ കഥാപാത്രങ്ങളും.

പച്ചപ്പയര്‍ സുന്ദരി ഒരു കൊലപാതക ദൌത്യത്തിന് പോകുംവഴി മാര്‍സല്‍ പ്രൂസ്‌തിന്‍റെ റിമംബ്രന്‍സ് ഒഫ് തിങ്ങ്‌സ് പാസ്‌റ്റ് വായിക്കുന്നുണ്ട്. അതും ടോക്കിയോയിലുണ്ടെന്ന് പറയുന്ന രണ്ട് ചന്ദ്രന്‍മാരും ചത്ത ആടിന്‍റെ വായില്‍ നിന്ന് വരുന്ന ലിറ്റ്‌ല്‍ പീപ്പ്‌ള്‍ - എല്ലാവരും കൂടി വായനക്കാരെ വശം കെടുത്തുമെന്നാണ് റിവ്യൂകാരന്‍മാരുടെ അഭിപ്രായം. അപ്പോള്‍ത്തന്നെ പരമ്പരാഗത കഥപറച്ചിലിനെ വെല്ലുവിളിക്കുന്ന മുറാകാമി-സര്‍റിയലിസ്‌റ്റ് ശൈലി അവരെ ഭ്രമിപ്പിക്കുന്നുണ്ട് താനും. സമീപഭൂതകാലത്തെ മറ്റൊരു നോവല്‍സംഭവമായ 2666 (റോബര്‍ട്ടോ ബൊളാഞ്ഞോയുടെ ആദിമധ്യാന്തക്രമമില്ലാത്ത, എവിടെനിന്നും വായിക്കാവുന്ന നോവല്‍) വലിപ്പം, പാക്കേജ്, മാധ്യമശ്രദ്ധ എന്നിവ കൊണ്ടാവണം, മുറാകാമിയുടെ നോവലുമായി താരതമ്യം ചെയ്യപ്പെട്ടു. ടൈം വാരിക മുറാകാമിയുടെ ‍ രണ്ട് ചന്ദ്രന്‍മാരെയും പൂച്ചകളെയും മറ്റും ഏതാണ്ട് കൊല്ലുക തന്നെ ചെയ്തു.

നമ്മള്‍ നില്‍ക്കുന്നിടം സുരക്ഷിതമെന്ന് തോന്നുകയും മറിച്ച് സംഭവിക്കാവുന്ന ഒന്ന് അന്തര്‍ലീനമായിരിക്കുകയും ചെയ്യുന്ന അന്തരീക്ഷമാണ് മുറാകാമിയുടെ ടോക്കിയോയില്‍. 1984ല്‍ നടക്കുന്ന കഥ പൊടുനനെ വണ്‍ക്യു84ല്‍ നടക്കുന്ന ഒരു സമാന്തരകഥയായി മാറുന്നു. നമ്മുടെ ലോകത്തെ പുനര്‍നിര്‍വചിക്കാന്‍ ഈ നോവലിന് കഴിയുന്നു എന്നാണ് പൊതുവെ നിരൂപകമതം. നമ്മലോകവും അപരലോകവും, യാഥാര്‍ത്ഥ്യവും സ്വപ്‌നവും ഇണ ചേരുന്ന നോവലില്‍ മലയാളിക്ക് കരുതി വക്കാന്‍ ഒരു മുറാകാമിയന്‍ സംഭാവനയുണ്ട്: പീഡിപ്പിക്കപ്പെടുന്ന സ്‌ത്രീകളുടെ അക്രമകാരികളെ തെരഞ്ഞുപിടിച്ച് ശിക്ഷിക്കുന്ന ഒരു സംഘത്തെക്കുറിച്ചുള്ള ഭാഗം.

അതും, ജനങ്ങളെ ചിന്തിക്കാത്ത റോബോട്ടുകളാക്കി മാറ്റുന്നതാണ് പ്രസ്ഥാനങ്ങളെന്ന് ആക്ഷേപിച്ചവര്‍‍ അധികാരത്തില്‍ വന്നപ്പോള്‍ അതു തന്നെ ചെയ്യുന്ന കാഴ്‌ചയും സാര്‍വലൌകീകമാവും.

Tuesday, October 25, 2011

ദേര്‍ ബട്ട് ഫോര്‍ ദ (There but for the)

ദേര്‍ ബട്ട് ഫോര്‍ ദ (There but for the): സ്‌കോട്ടിഷ് എഴുത്തുകാരി അലി സ്‌മിത്തിന്‍റെ പുതിയ നോവല്‍ ദേര്‍ ബട്ട് ഫോര്‍ ദ നാലു പേരുടെ വീക്ഷണത്തില്‍ ഒരാളുടെ കഥ പറയുന്നു. ഒന്നാംകഥ, ദേര്‍, ഒരു സോഷ്യല്‍ വര്‍ക്കര്‍ പണ്ട് കഥാനായകനുമൊരുമിച്ച് നടത്തിയ യൂറോപ്യന്‍ യാത്ര ഓര്‍മിച്ചെടുക്കുമ്പോള്‍ രണ്ടാംകഥ, ബട്ട്, നായകനെ ഒരു വിരുന്നിന് കൊണ്ടുവരുന്ന ഒരാളാണ് പറയുന്നത്. സംസാരത്തിനിടെ ബട്ട് വന്നാല്‍ അത് മറ്റൊരു ലോകത്തേക്ക് സംസാരം കൊണ്ടുപോകുമെന്ന് കഥാതാരം, മിലോ. വിരുന്നിനിടെ മിലോ ഒരു മുറിയില്‍ കയറി ഒളിച്ചിരുന്നു, കാരണം നമുക്കു വിട്ടു തന്നു കൊണ്ട്. നാളുകള്‍ക്കകം അയാള്‍ കള്‍ട്ട് ഫിഗറായി. 'മിലോ പാലസ്‌തീനു വേണ്ടി' എന്നൊക്കെയുള്ള മുദ്രാവാക്യവുമായി അയാളുടെ ജന്നല്‍ക്കീഴെ ജനം തടിച്ചുകൂടി.

മൂന്നാംകഥ ഫോര്‍ ഒരു സ്‌ത്രീയുടെ മനോലോകം വരക്കുന്നു. മിലോയുമായി സങ്കടസന്തോഷസ്‌മരണകള്‍ ഉള്ളവരാണവര്‍. നാലാമത്തെ ദ ഒരു ഒന്‍പത്കാരി, ഒരു പക്ഷെ മിലോയെ ഏറ്റവും കൂടുതല്‍ മനസിലാക്കിയ, ഒരാളുടെ പക്ഷമാണ്. നഷ്‌ടങ്ങളുടെയും വീണ്ടെടുക്കലുകളുടെയും, മറവികളുടെയും ഓര്‍മ്മകളുടെയും കഥയാണ് ദേര്‍ ബട്ട് ഫോര്‍ ദ എന്ന് റിവ്യൂകാരന്‍മാര്‍. ദേര്‍ ബട്ട് ഫോര്‍ ദ ഗ്രെയ്‌സ് ഒഫ് ഗോഡ് എന്ന ശൈലിയില്‍ നോവലിസ്‌റ്റ് കളിച്ചൊരു കളിയാണ് നോവലിന്‍റെ പേര്. അത്തരം പണ്‍ (pun) നോവലിനെ പ്രശസ്തമാക്കി.

നമ്മുടെ മാനസികപാതയില്‍ ഇത്തിരി നേരം നിന്ന് പോയവരുടെ സ്‌മരണകള്‍ക്ക് ഒരു വിശേഷണം കൂടിയുണ്ട്: എന്നന്നേക്കുമായുള്ള താല്‍ക്കാലികത (permanent temporariness).

Tuesday, September 20, 2011

ചരിത്രത്തിന്‍റെ ഹിമാലയന്‍ ചിമിഴ്

പ്രളയം-സൃഷ്‌ടി-പരിണാമങ്ങളിലൂടെ ചാക്രികഗതി തുടരുന്ന കാലപ്രവാഹത്തെ കൈപ്പിടിയിലൊതുക്കുകയെന്ന ഭഗീരഥപ്രയത്‌നം നിര്‍വഹിച്ചിരിക്കുന്നു ബാലഗോപാലന്‍ 'മശിഹാ മുതല്‍ അവിസെന്ന വരെ' എന്ന 152 പേജ് പുസ്‌തകത്തില്‍ (ഡി.സി. 2008, 85 രൂപ). ലോകകാലചരിത്രരേഖയില്‍ ക്രിസ്ത്വബ്‌ദം മുതല്‍ ഒന്നാം സഹസ്രക്കാലമാണ് പുസ്തകം പ്രധാനമായും അളക്കുന്നത്. ക്രി.പി. കാലം 'പരിണാമം ഇന്നലെ ഇന്ന് നാളെ' ഡി.സി. നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. പുസ്തകരചനയുടെ ഉദ്യമം കണ്ട് ബാലഗോപാലനെ കേരള ടോയ്‌ന്‍ബീ എന്നോ തിരുവിതാംകൂര്‍ വില്‍ ഡുറാന്‍റ് എന്നോ മറ്റോ അടയാളപ്പെടുത്താന്‍ നമ്മുടെ നിരൂപണശാഖയെ പ്രലോഭിപ്പിക്കുമാറ് രചനാ വൈദഗ്‌ധ്യം നിറഞ്ഞതാണ് 'മനുഷ്യപുരോഗതിയുടെ പാതയില്‍ ദീപ്‌തനക്ഷ്ത്രങ്ങളായി തെളിയുന്ന മഹാമനീഷികളെക്കുറിച്ചെ'ന്ന് പുറംചട്ട വിശേഷിപ്പിക്കുന്ന ബാലഗോപാലന്‍റെ പുസ്തകം.


ലോകമതസംസ്‌ക്കാരതത്വചരിത്രം സാധാരണക്കാരന് സരസമായി പറഞ്ഞു കൊടുക്കുന്ന സങ്കേതവും പരിണാമപ്രവാഹത്തില്‍ അതിമാനുഷനിലേക്കുള്ള (തെയ്യാദി ഷാര്‍ദിന്‍ സൂചിപ്പിച്ച സൂപ്പര്‍ഹ്യൂമന്‍ ഓര്‍ക്കാം) നമ്മുടെ ദൂരം കുറയുന്നു എന്ന സൂചനയും ഒപ്പം, മാനുഷിക പദവി ഇനിയും കൈവന്നിട്ടില്ലാത്ത ചിലരുടെയെങ്കിലും അവസ്ഥകളില്‍ പുരോഗതിയുടെ സാംഗത്യവും പുസ്തകരചനയുടെ പ്രെമിസുകളാണ്.

ഈ മനീഷീചരിത്രത്തില്‍ നമ്മള്‍ കണ്ടുമുട്ടുന്ന കഥാപാത്രങ്ങള്‍ - നിര്‍വചനങ്ങളോടും പ്രവചനങ്ങളോടും നീതി കാട്ടാതെ സ്‌നേഹത്തിന്‍റെ പാരമ്പര്യം സ്‌ഥാപിച്ച യേശു; അങ്കുശമില്ലാത്ത അധികാരത്തിന്‍റെ ഇരയാവേണ്ടി വന്ന സ്‌നാപക യോഹന്നാന്‍ (സലോമി(?)യുടെ നൃത്തത്തില്‍ സംപ്രീതനായി തളികയില്‍ യോഹന്നന്‍ തല പ്രത്യക്ഷപ്പെട്ടത് ജനപ്രിയ നാടകങ്ങളില്‍); ഇറ്റലിയിലെ മാന്‍ചുവായില്‍ (Mantua) ജനിച്ച കവിചൈതന്യം വെര്‍ജില്‍; വെസൂവിയസ് അഗ്‌നി പര്‍വതം പൊട്ടിത്തെറിച്ചപ്പോള്‍ തൊട്ടടുത്ത ചെന്ന് പഠിക്കാന്‍ ശ്രമിച്ച് മരണപ്പെട്ട പ്‌ളിനി ഒന്നാമന്‍; മനുഷ്യസ്വാര്‍ത്ഥതയും എല്ലാം ത്യജിക്കുന്ന ദൈവസ്‌നേഹവും സാങ്കല്‍പികനഗരങ്ങളായി ചിത്രീകരിച്ച സിറ്റി ഒഫ് ഗോഡ് എഴുതിയ അഗസ്‌റ്റിന്‍; പില്‍ക്കാല ഭരണഘടനകളുടെയും നിയമസംഹിതകളുടെയും സ്വാധീനമായ സംഹിത രൂപപ്പെടുത്തിയ ജസ്‌റ്റിനിയന്‍ ചക്രവര്‍ത്തി; തങ്കപ്പെട്ട മനുഷ്യന്‍ എന്നര്‍ത്ഥം വരുന്ന ചിന്‍-ട്‌സൂ പ്രമാണം ആവിഷ്‌ക്കരിച്ച കണ്‍ഫ്യൂഷ്യസ്; ഏ.ഡി. 630ല്‍ പതിനായിരം ആളുകളുടെ സൈന്യമായി മക്ക കീഴടക്കി, തോറ്റവരെ ഇസ്‌ലാമില്‍ ചേര്‍ത്ത് വിഗ്രഹങ്ങളെല്ലാം നശിപ്പിച്ച് കഅ്‌ബ (ക്യൂബ് പോലെയുള്ളത്) ശുദ്ധമാക്കിയ മുഹമ്മദ് പ്രവാചകന്‍; ഗണിതശാസ്ത്രശാഖകളുടെ ഒന്നാം സഹസ്രാബ്‌ദത്തിലെ ബൈബിള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ബ്രഹ്‌മപുടസിദ്ധാന്തം രചിച്ച ഗുജറാത്തി ഗണകചൂഢാമണി ബ്രഹ്‌മഗുപ്‌തന്‍; അരിസ്റ്റോട്ടിലും ഇസ്‌ലാമിക ചിന്തയും സമ്മേളിക്കുന്ന കിത്താബ് അല്‍ നജ്‌ദാത് എന്ന ഗ്രന്ഥമെഴുതിയ പേര്‍ഷ്യന്‍ ചിന്തകന്‍ അവിസെന്ന (ഇബ്‌ന്‍ സീന 980-1037); ഇഹലോക ആനന്ദം പരമ തത്വമാക്കിയ മൂന്നാം നൂറ്റാണ്ടിലെ എപിക്യൂറസ് (എപ്പിക്യൂറിയസ് എന്ന് തെറ്റായാണ് പുസ്‌തകത്തില്‍ അച്ചടിച്ചിരിക്കുന്നത്) - ഇവരൊക്കെ ടിവി സീരിയല്‍ കഥാപാത്രങ്ങളെപ്പോലെ നമ്മുടെ സ്വീകരണമുറി-ബന്ധുക്കളാകുന്നു. മലയാളികള്‍ (മലയുടെ ആളര്‍) ഒരു സായാഹ്‌നമെങ്കിലും ടിവി കെടുത്തി ഈ പുസ്തകപ്രകാശം കണ്ടെങ്കില്‍!

താളുകള്‍ മറിയുമ്പോള്‍ കൌതുകചെപ്പ് കൂടുതല്‍ തുറക്കുന്നതേയുള്ളൂ: ആഴ്‌ചയിലെ ഓരോ ദിവസത്തിനും ദേവന്‍മാരുടെ പേരുകള്‍ നല്‍കിയ പ്രാചീന ഇറ്റലിക്കാര്‍ ഡിസംബര്‍ 25 ദൈവത്തിന്‍റെ ജന്‍മദിനമായി കൊണ്ടാടിയിരുന്നു. ദ്രാവിഡഭാഷക്ക് സുമേറിയന്‍ ഭാഷയുമായുള്ള സാമ്യം (അമ്മ: അമ; അപ്പ: അബ്ബ); ക്രിസ്തുമതസ്ഥാപകനായ ശൌല്‍ എന്ന പൌലോസ് (പത്രോസ് പാറ മാത്രമേ ആകുന്നുള്ളൂ; ശില്‍പി പൌലോസാണ്) മതപ്രചാരണത്തിനിടെ ധൈര്യസമേതം യേരുശലേമില്‍ പോയപ്പോള്‍ ബന്ധനസ്ഥനാക്കപ്പെട്ടതും റോമാപൌരത്വമുള്ള പൌലോസിനെ വധിക്കാന്‍ യഹൂദര്‍ക്ക് ധൈര്യമില്ലാതിരുന്നതിനാല്‍ ബന്ധനസ്ഥനായിത്തന്നെ ഒളിച്ചുകടത്തിയതും മറ്റും ഹോമര്‍ എഴുതിയിരുന്നെങ്കില്‍ മറ്റൊരു ഒഡീസ്സി ലോകത്തിന് കിട്ടുമായിരുന്നു; ദക്ഷിണേന്ത്യയില്‍ പ്രചാരമുണ്ടായിരുന്ന ആചാരങ്ങളുടെ കൂട്ടത്തില്‍ നിരാശാകാമുകന്‍മാരുടെ മടലേറല്‍ (പൂമാല ചൂടി പനമടല്‍ കൊണ്ട് ഉണ്ടാക്കിയ കുതിരപ്പുറത്തു കയറി പ്രേമപ്രഖ്യാപനം നടത്തിയ ശേഷം സത്യഗ്രഹം ഇരിക്കുന്ന കാമുകന് പെണ്ണിന്‍റെ ദയയോ മരണമോ ആയിരുന്നു വിധി); പൂര്‍വപിതാവ് അബ്രഹാമിന് ഈജിപ്‌തുകാരി അടുക്കളക്കാരി ഹാജറയിലുണ്ടായ യിശ്‌മായിലിന്‍റെ കുലത്തില്‍പ്പെട്ട കത്താന്‍ എന്ന തെക്കന്‍റെ സന്തതികളാണ് അസ്സല്‍ അറബികള്‍; അതേ കുലത്തിലെ അദ്‌നാന്‍ എന്ന വടക്കന്‍ സന്തതികള്‍ അസല്‍ അല്ലാത്ത അറബികളും...

യഹൂദരുടെ ഇടയില്‍ ബൈബിള്‍ തനാക എന്നറിയപ്പെടുന്നു. തനാക എന്നാല്‍ തോറകള്‍, നെവീം (പ്രവചനങ്ങള്‍), കെറ്റുവിം (ലേഖനങ്ങള്‍) എന്നിവകളുടെ ആകെത്തുക. സ്‌ത്രീയും പുരുഷനും ഒന്നിച്ച് നില്‍ക്കുന്ന ചിത്രം ചൈനീസ് ഭാഷയില്‍ വായാടി എന്ന പദത്തെ സൂചിപ്പിക്കുന്നു എന്ന് പറഞ്ഞിട്ട് ബാലഗോപാലന്‍ അഭിപ്രായപ്പെടുന്നു: സ്ത്രീ സംസാരിക്കുകയും പാവം പുരുഷന്‍ കേള്‍ക്കുകയും ചെയ്യുന്നത് അന്നേ ചൈനയിലുണ്ടായിരുന്നു!

ചാര്‍വാകസംഖ്യായോഗവേദബുദ്ധജൈനദര്‍ശനങ്ങളിലൂടെയുള്ള ഭാരതീയ ചിന്തായാത്രയില്‍ ബാലഗോപാലന്‍ പറയുന്നു: ദ്രവ്യത്തെ സൃഷ്‌ടിക്കാനോ നശിപ്പിക്കാനോ സാധ്യമല്ല എന്ന് (ജോണ്‍)ഡാള്‍ട്ടണ്‍ പറയുന്നതിന് സഹസ്രാബ്‌ദങ്ങള്‍ക്ക് മുന്‍പേ ഭാരതീയ ചിന്തകന്‍മാര്‍, വൈശേഷികന്‍മാര്‍, പറഞ്ഞിരുന്നു.

പൊതുവെ കാച്ചിക്കുറുക്കിയ അഖിലലോകചരിത്രസംസ്‌ക്കാരചിന്താവിവരണത്തില്‍ കാളിദാസശാകുന്തളവും ഇളങ്കോവടികളുടെ ചിലപ്പതികാരവും പുസ്തകത്തില്‍ കൂടുതല്‍ അഭിരമിക്കുന്നത് ബാലഗോപാലനിലെ റൊമാന്‍റിക്കിനെയാവും കാട്ടുക. അധ്യായങ്ങളില്‍ പലതും അവസാനിക്കുന്നത് മാനവ പുരോഗതി മുന്നോട്ട് കുതിച്ചു എന്ന ധ്വനിയിലാണ്. തദ്വാരാ, സംഫുല്ലമായ, ഊടാടി നടന്ന... തുടങ്ങിയ പ്രയോഗങ്ങള്‍ ബാലഗോപാലനിലെ പഴമക്കാരന്‍ (പഴമയെക്കുറിച്ചാണല്ലോ പുസ്തകം) എത്രതന്നെ ഉപയോഗിക്കുന്നു! ഒന്നരക്കിലോ തലച്ചോറ് ആവര്‍ത്തിച്ചു കാണുന്ന മറ്റൊരു പദപ്രയോഗമാണ്.

ആ തലച്ചോറാവും അതിമാനുഷനിലേക്കുള്ള നമ്മുടെ അകലം നിയന്ത്രിക്കുക. അപ്പോഴും ചരിത്രവിവരണത്തെ വകഞ്ഞു മാറ്റി പുസ്തകകാരന്‍ ചോദിക്കുന്ന ചോദ്യം ചരിത്രത്തോളം തന്നെ പ്രധാനമാണ്. നമ്മുടെ സഹോദരങ്ങള്‍ക്ക് നമ്മോടുണ്ടാകാവുന്ന ബുദ്ധിയുടെ പുതിയ അകലത്തെക്കുറിച്ചാണ് ആ ചോദ്യം.

Friday, August 19, 2011

ഉടുപ്പൂരിയ അച്ചന്‍റെ തുറന്നെഴുത്ത്

വിന്‍സെന്‍ഷ്യന്‍ സഭാജീവിതത്തിലെ പൊരുത്തക്കേടുകളാലും ഒറ്റപ്പെടലുകളാലും മുറിവേറ്റ് സഭയുടെ ചെലവില്‍ എംഎ സോഷ്യോളജിയും എംഎഡും മറ്റുമെടുത്ത് സ്വതന്ത്രനായി ഇപ്പോള്‍ വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന അങ്കമാലി കരയാംപറമ്പ്‌കാരന്‍ മുന്‍ഫാദര്‍ ഷിബു കെപിയുടെ ഗ്രീന്‍ ബുക്ക്‌സ് ആത്മകഥ, എന്‍റെ വൈദികജീവിതം ഒരു തുറന്നെഴുത്ത്, നമുക്കറിയാവുന്ന ആത്മീയപല്ലിടകുത്തലുകള്‍ വിവരിക്കുന്നു. 146 പേജുകള്‍ കുമ്പസാരരഹസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പല ഗോസിപ്പുകളും പാരക്കഥകളും തന്‍സുരക്ഷാക്കഥകളും വിവരിച്ചിട്ടും ഷിബു ആത്മീയസ്വാതന്ത്ര്യം നേടിയോ എന്ന സംശയം പുസ്‌തകത്തിന്‍റെ മാത്രം പോരായ്‌മയല്ല. പിന്നെന്തിന് ഗ്രീന്‍ ബുക്ക്‌സ് കൃഷ്‌ണദാസ് ഈ തുറന്നെഴുത്തലിന് മുതിര്‍ന്ന് എന്നാണെങ്കില്‍ അത്തരമൊരു കാലമാണല്ലോ നാമിപ്പോള്‍ പിന്നിടുന്നത് എന്ന് സമാധാനം.


പത്താംക്‌ളാസില്‍ ഉന്നതവിജയം നേടിയതിന് ശേഷം സിഎംഐ സഭയില്‍ ചേര്‍ന്ന കാളാംപറമ്പില്‍ ഷിബുവിനെ അരയില്‍ പട്ട കെട്ടുന്ന സഭയില്‍ എന്തിന് ചേരണം എന്ന കാരണം പറഞ്ഞ് ഒരു പുരോഹിതന്‍ വിന്‍സെന്‍ഷ്യന്‍ സഭയില്‍ ചേര്‍ത്തു. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രം നടത്തുന്ന സന്ന്യാസ സമൂഹമാണ് വിന്‍സെന്‍ഷ്യന്‍ സഭ. സെമിനാരി ജീവിതത്തിലെ ഗുണ്ടായിസവും അടിമപ്പണിയും വിവരിക്കുന്ന ഷിബുവിലെ താത്വികനും സാമൂഹ്യശാസ്‌ത്രജ്ഞനും കൂടെക്കൂടെ തലപൊക്കുന്നുമുണ്ട്. സെമിനാരിയിലെ സുരക്ഷാജീവിതം ഒരാളെ യഥാര്‍ത്ഥ വെല്ലുവിളികളില്‍ നിന്ന് ഒളിച്ചോടാനേ സഹായിക്കൂ; സഭാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ഒരാള്‍ ഉപയോഗശൂന്യമായാല്‍ ചണ്ടി പോലെയാവുമെന്നൊക്കെ ഷിബു പറയുന്നു.

സെമിനാരിയിലെ കക്കൂസ് കുഴിയിലേക്ക് വിറക് ലോറി ചെരിഞ്ഞ് വിറക് മുഴുവന്‍ 'അച്ചന്‍കുഞ്ഞുങ്ങള്‍' കയറ്റേണ്ടി വന്നതോര്‍ത്ത് ഇപ്പോഴും ഛര്‍ദ്ദി വരുമെന്നെഴുതിയ ഷിബു പില്‍ക്കാലത്ത് മൂന്ന് നാല് വാഹനാപകടങ്ങള്‍ സഹിച്ചത് ദൈവപരിപാലനമായി കരുതുന്നു. ബെഡ്‌സോറും പിടിച്ച് കിടന്ന ഷിബുവിനെ സഭാംഗങ്ങള്‍ തിരിഞ്ഞു നോക്കിയില്ലെന്നത് (രണ്ടവസരങ്ങളിലും വിജാതീയരാണ് ഭക്ഷണം തന്നത്) 40ല്‍ താഴെ പ്രായമുള്ളപ്പോള്‍ സഭ വിടാന്‍ ഷിബുവിനെ പ്രേരിപ്പിച്ച ഘടകമാണ്.

പുരോഹിത പരിശീലനകാലത്തെ പ്രാരംഭഘട്ടങ്ങളിലൊന്നായ നൊവിഷ്യേറ്റും മറ്റും വിവരിക്കുമ്പോള്‍ ഷിബു കാട്ടുന്ന വിശദാംശക്കണ്ണ് പിന്നീട് ലോപിച്ചു വരുന്നു. അത് കാഴ്‌ചപ്പാടിന്‍റെ കുഴപ്പമായി വായനക്കാര്‍ ശരിധരിക്കില്ലെങ്കില്‍ ഷിബുവിന്‍റെ ഭാഗ്യം!

തുറന്നുപറച്ചിലില്‍ നമ്മള്‍ കാണുന്ന കഥാപാത്രങ്ങള്‍- അച്ചന്‍റെ വീട്ടിലാരൊക്കെയുണ്ടെന്ന് നൊവിഷ്യേറ്റ് ഗുരുവിനോട് തിരിച്ചു ചോദിച്ചവന്‍, ശവാസന ധ്യാനരീതി ഇഷ്‌ടപ്പെട്ട് ഉറങ്ങുന്ന വിദ്വാന്‍മാര്, കക്കൂസില്‍ കാല് പോയി, സര്‍ജറി കഴിഞ്ഞ് കാല് ശരിയായിട്ടും പരിലാളനകള്‍ക്കായി വീല്‍ചെയര്‍ തുടര്‍ന്ന അച്ചന്‍, പൂനയിലെ പേപ്പല്‍ സെമിനാരിയില്‍ (ജ്ഞാനദീപ വിദ്യാപീഠ്) റാഗിങ്ങ് ഭാഗമായി കണ്ണ്കെട്ടി തലയണയുദ്ധം നടത്തുന്ന ജൂനിയര്‍-സീനിയര്‍കാര്, ഓഷോപാര്‍ക്കില്‍ പോയി രമിക്കുന്ന അച്ചന്‍കന്യാസ്‌ത്രീക്കുഞ്ഞുങ്ങള്‍, സമ്മാനമായി കിട്ടുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒറ്റക്ക് കക്കൂസില്‍ പോയി കഴിക്കുന്ന അച്ചന്‍, തുടങ്ങിയവരെ ഉദ്ദേശിച്ചാകാം പുസ്‌തകത്തിന്‍റെ പുറംചട്ടയില്‍ സക്കറിയ ഈ ആത്മകഥാകഥനത്തിന്‍റെ പാരായണപരതയെക്കുറിച്ച് പറഞ്ഞത്.

പുരോഹിതപട്ടത്തിന് ശേഷം മുരിങ്ങൂര്‍ ഡിവൈനില്‍ ജോലി ചെയ്ത ഭാഗം നമുക്കൊക്കെ അറിയാവുന്ന കാര്യമാണ്: പത്ത് വര്‍ഷം മുന്‍പ് അവിടെ പോയ ഒരാള്‍ ഇപ്പോള്‍ പോയാലും അന്ന് കേട്ടത് തന്നെ കേള്‍ക്കാം. പക്ഷെ, നമുക്കറിയാന്‍ സാധ്യതയില്ലാത്ത ഒരു കുമ്പസാര രഹസ്യം ഷിബു വെളിപ്പെടുത്തുന്നു: മാനന്തവാടി രൂപതയില്‍ വച്ച് പോപ്പുലര്‍ മിഷന്‍ ധ്യാനത്തിനിടെ ഒരു ചേച്ചി കുമ്പസാരിച്ചത് അവര്‍ ഒരു പന്തക്കോസ്‌ത് പാസ്‌റ്റര്‍ അവരുടെ സഭയില്‍ നിന്ന് പുറത്തുപോകാനൊരുങ്ങിയ ഒരു പെണ്‍കുട്ടിയെ കൊന്നതിന് സാക്ഷ്യം വഹിച്ചുവെന്നാണ്.

മാസം അയ്യായിരം രൂപ വരുമാനമുള്ള വൈദികര്‍ ഇടവകഭരണത്തിന്‍റെ മൂന്നാംവര്‍ഷം ബൈക്കും ടിവിയും വാങ്ങുന്നതെങ്ങനെയെന്ന് ചോദിച്ച് ഷിബു പറയുന്നു നാല് കുര്‍ബ്ബാനക്കുള്ള കാശ് വാങ്ങി ഒറ്റക്കുര്‍ബ്ബാനയില്‍ ഒതുക്കിക്കളയും! ഏതെങ്കിലും ഒരു വിശുദ്ധന്‍റെ പേരില്‍ ഒരു നൊവേന തുടങ്ങിയാലും മതി!

അച്ചന്‍പണി ഉപജീവനമാര്‍ഗമായി കരുതുന്നവര്‍, ദാസ്യമനോഭാവക്കാര്‍, സുഖസുരക്ഷാന്വേഷകര്‍, എന്നിവരുടെയിടയില്‍ നിന്നും രക്ഷപെട്ട ഷിബു പറയുന്നത് സഭയിലെ 70% പേരും മന്ദബുദ്ധികളാണെന്നാണ്. ബുദ്ധിമാന്‍മാര്‍ പിന്‍സീറ്റിലിരുന്ന് ഡ്രൈവ് ചെയ്യുന്നു.

ഡീക്കന്‍പട്ടം സ്വീകരിക്കാന്‍ മനശ്ചാഞ്ചല്യം തോന്നിയ ഷിബു ദൈവത്തിന്‍റെ മുന്നില്‍ വക്കുന്ന ഡിമാന്‍ഡ് ബാലിശമാണ്. മുറിക്ക് പുറത്തിറങ്ങുമ്പോള്‍ രണ്ട് കന്യാസ്‌ത്രീകളെ കാണിച്ചുതരണേ എന്നാണ്, ആ ലക്ഷണം ചോദിക്കല്‍. ഷിബു സ്‌റ്റെയര്‍കെയ്‌സില്‍ നിന്നിറങ്ങിയതും രണ്ട് കന്യാസ്‌ത്രീകള്‍ നടന്ന് പോകുന്നത് കണ്ടു.

പൌരോഹിത്യജീവിതത്തെ ജന്മി-കുടിയാന്‍ ബന്ധമായി വിശേഷിപ്പിക്കുന്ന ഷിബുവിന്‍റെ അച്ചന്‍പട്ടത്തിന് പോക്കറ്റിലെ 3,000 ചെലവാക്കി ബിഷപ്പിന് കഴിക്കാന്‍ വാങ്ങിയ പലഹാരങ്ങള്‍ ഗായകസംഘം തിന്നത് വലിയ മുറിവാണ് ഷിബുവിനിന്നും! എംഎഡ് കഴിഞ്ഞ് സഭ മഹാരാഷ്‌ട്രയിലെ പ്രൈമറി സ്‌കൂളില്‍ പഠിപ്പിക്കാന്‍ നിയോഗിച്ചത് കുറച്ചിലാണ് അനുസരണം വ്രതമായി അഭ്യസിച്ച ഷിബുവിന്. എവിടെയാണ് ബഹു മുന്‍അച്ചാ നിങ്ങളുടെ സമര്‍പ്പണം?

പുസ്‌തകത്തുടക്കത്തില്‍ സിസ്‌റ്റര്‍ ജെസ്‌മി പ്രശംസിച്ച ഷിബുവിന്‍റെ നിര്‍ദ്ദേശങ്ങളിലൊന്ന് 21 വയസായതിന് ശേഷം മതി സെമിനാരി പ്രവേശനം എന്നാണ്. അങ്ങനെയാണെങ്കില്‍ ഷിബുവിനെപ്പോലൊരാള്‍ സെമിനാരിയില്‍ ചേരുമായിരുന്നോ? ഷിബു പറയുംപോലെ കാലം ഉത്തരം പറയട്ടെ.

ഒരു സംശയം കൂടി: ഹോസ്‌പിറ്റലില്‍ കിടന്നപ്പോള്‍ ട്രിപ്പ് ഇട്ടു എന്ന് പറയുന്നു ഷിബു. ഡ്രിപ് അല്ലേ സര്‍ അത്? ഗ്രീന്‍ ബുക്ക്‌സാണോ ഷിബുവാണോ ഇതിനുത്തരം പറയുക!

Thursday, June 9, 2011

കരുണാകരന്‍റെ ബൈസിക്കിള്‍ തീഫില്‍

http://chintha.com/node/108602
ഓര്‍മ്മകളില്‍ കഥകളുടെ പെയ്‌ത്ത്

ക്രിസ്‌മസ് ദിനത്തില്‍ ഒരു കുരിശിന് ചുവട്ടില്‍ ശീര്‍ഷാസനം ചെയ്യുന്ന ജോണ്‍. മുകളില്‍ യേശു കൈ വിരിച്ച്; താഴെ, ഭൂമിയില്‍, അത് പൂരിപ്പിക്കാനെന്നോണം ജോണ്‍. ഓര്‍മ്മകളുടെ 'വഴി കണ്ടുപിടിക്കാമോ' കളിയാണ് കരുണാകരന്‍റെ ബൈസിക്കിള്‍ തീഫില്‍ പേജ് ഒന്നു മുതല്‍ 120 വരെയും അതിനപ്പുറവും. പൊടുന്നനെ അപ്രതീക്ഷിതമായി സംഭവിക്കുന്ന സൌന്ദര്യങ്ങളുടെ - നുണകളുടെ - കെട്ടുപണിയലുകള്‍ പ്രദേശമാക്കിയ കഥാലോകത്ത് സിനിമാക്കൊട്ടകയുടെ ഓലകള്‍ കടലിനടിയിലെ ഓളങ്ങള്‍ പോലെ ഇളകും, ഉച്ചത്തില്‍ പാടും. അല്ലെങ്കില്‍ നോവലിലെ കഥപറച്ചിലുകാരന്‍ ജോണിന്‍റെ പാതി ഉറക്കത്തിലായ കഥകളെപ്പോലെ മുന്നറിയിപ്പുകളില്ലാതെ ഉറങ്ങാന്‍ പോയി വായനക്കാരുടെ സ്വപ്‌നങ്ങളില്‍ പൂര്‍ത്തീകരിക്കപ്പെടും. ജോണിന്‍റെ ഭൂമിയില്‍ നില്‍ക്കാത്ത കഥകളിലെ അത്ഭുതരഹസ്യങ്ങള്‍ പിന്തുടര്‍ന്ന് നമുക്ക് കാട്ടിത്തരുന്നു ബൈസിക്കിള്‍ തീഫിന്‍റെ കഥാകാരന്‍. റബര്‍മരങ്ങളുടെ ഇടയിലൂടെ സൈക്കിളില്‍ കുന്നിറങ്ങുമ്പോഴത്തെപ്പോലൊരു ആഹ്‌ളാദം ഈ വായന പകര്‍ന്നേക്കും. വൈകാരികതയും ഭാവനയും സൂക്ഷ്മം പണിതീര്‍ത്ത ആ വഴി ഒട്ടൊക്കെ ഏറെക്കുറെ ആസാധ്യമാണെന്ന തോന്നലില്‍ കരുണാകരനിലെ ആയാസരഹിതനായ എഴുത്തുകാരന്‍ നമ്മെ വിസ്‌മയിപ്പിക്കുകയും ചെയ്യും.


എല്ലാ കാല്‍പനികതയോടെയും യുക്തിവാദിയായ ജോണ്‍, കല പോലെ തന്നെ ജീവിതം കെട്ടിച്ചമക്കുന്നതില്‍ വിശ്വസിച്ച, ആധുനികതയുടെ നേര്‍ച്ചക്കോഴിയായ ജോണ്‍, യുക്തിയുടെ അകമഴിഞ്ഞ ഭ്രമകല്‍പനകള്‍ നിറഞ്ഞ് കഥ തന്നെ ജീവിതമാക്കിയ ജോണ്‍ കഥ പുരണ്ട മനസുമായി സന്ദര്‍ശിക്കുന്ന വേളകള്‍ ആഘോഷമാക്കുന്ന ബൈസിക്കിള്‍ തീഫില്‍ എന്നാല്‍ ഒരു മലക്കം മറിച്ചിലുണ്ട്. അല്ലെങ്കില്‍ ജോണിന്‍റെ കഥ പറയുന്ന രാമു ഇങ്ങനെ പറയില്ല: 'കല ഭീരുക്കളുടെ താവളമാകുമ്പോള്‍ ജീവിതം ഉപ്പിട്ടോ മുളകിട്ടോ അവിടെ സൂക്ഷിക്കാന്‍ തുടങ്ങും. ജീവിതഗന്ധി എന്ന് നമ്മള്‍ പറഞ്ഞ എല്ലാ കലകളും അങ്ങനെ സൂക്ഷിക്കപ്പെട്ടതാണ്'. മുത്തുമണികള്‍ പൊഴിയുന്നതിനു ബദലായി ഓര്‍മകള്‍ ചിതറിത്തെറിച്ചു എന്നടയാളപ്പെടുത്തും ആധുനികതയുടെ റിബല്‍ എഴുത്ത്.

ആധുനികതയുടെ ഭാണ്ഡം മുഖത്തടിക്കുന്ന കാഴ്ചകള്‍ നിറയുമ്പോഴും ഈശ്വരഹിതമായ വരികളിലൂടെ (ഒരു കരുണാകര പ്രയോഗം) ബൈസിക്കിള്‍ തീഫ് കടന്നുപോകുന്നത് മനുഷ്യബന്ധങ്ങളെ ഇറുകെ പുണര്‍ന്നുകൊണ്ടാണ്. സിനിമാക്കാരനും അതിലേറെ കഥപറച്ചിലുകാരനുമായ ജോണ്‍, അവന്‍റെ കൂട്ടുകാര്‍ ദമ്പതികള്‍-രാമു, തങ്കം, അവരുടെ മകള്‍ ഷീല, അവളുടെ കൂട്ടുകാരന്‍ മറ്റൊരു ജോണ്‍, എന്നിങ്ങനെയുള്ളവരുടെ മനോവ്യാപാരം പകര്‍ത്തലില്‍ നിന്നും, ആധുനികതക്ക് മുന്‍പില്‍ ഉണ്ടായിരുന്ന ആദിമധ്യാന്തകഥനത്തില്‍ നിന്നും, തീഫ് ഉരുണ്ട് പോകുന്നു. ജോണ്‍ പറഞ്ഞ കഥയിലെ സിനിമാക്കൊട്ടകത്തിരശീലയില്‍ നിന്നും മന്ത്രവാദി‍ തട്ടിക്കൊണ്ടു വരുന്ന നടിയും മന്ത്രവാദിയുടെ ഭാര്യയും രാമു-തങ്കം-ജോണ്‍ ജീവിതങ്ങളിലേക്കും പടരുന്നത് ഭ്രമകല്‍പനസങ്കേതത്തേക്കാള്‍ കഥക്ക് ജീവിതവുമായുള്ള ബന്ധം എന്ന നിലക്കാവും.

സിനിമയിലെന്നപോലെ അഭിനയം ജീവിതമാകുന്ന അവസ്ഥ ബൈസിക്കിള്‍ തീഫിനെ ഒറ്റിക്കൊടുക്കുന്നുണ്ടോ എന്ന സന്ദേഹം നോവലിന്‍റെ മറുപാഠമാണ്. ഒരു കാലത്തിന്‍റെ കാമറാപകര്‍ത്തലാനെങ്കില്‍ക്കൂടി എന്തുകൊണ്ട് ആധുനികറിബല്‍-ജോണ്‍ അബ്രാഹം ബാന്ധവം എന്ന ചോദ്യം നോവലിന്‍റെ പരിമിതിയാകും. അത്ഭുദപ്പെടുത്തുന്ന ഭാവനയും മാറി നടക്കുന്ന ഭാഷയും ഹാര്‍ദ്ദവമായ ഓര്‍മകളും ഉണ്ടായിട്ടും കരുണാകരന്‍ തന്‍റെ നോവലിലെ സഞ്ചാരപഥം പരിമിതപ്പെടുത്തി എന്നും, എന്തിന് ഈ ഭാഷാപ്രേമി, അതുകൊണ്ടു തന്നെ, കണ്ണിലൂടെ പൊന്നീച്ച പറന്നു എന്നൊക്കെ ഉപയോഗിക്കുന്നു എന്നും വായനക്കിടെ ഓര്‍ക്കാതിരിക്കില്ല; അച്ചടിത്തെറ്റുകള്‍ തരുന്നയത്രയും സങ്കടത്തോടെയല്ലെങ്കിലും.

കെട്ടുകഥയായിട്ട് കൂടി എന്നത്തേക്കും സന്തോഷമായി ജീവിച്ചു എന്നതിലോ മരിച്ചു എന്നതിലോ ഈ നോവല്‍ അവസാനപേജുകളില്‍ അഭിരമിക്കുന്നില്ല. ഓര്‍മയിലേക്ക് ഓര്‍മയിലൂടെ നടത്തുന്ന സഞ്ചാരമായി അത് പരിണമിച്ചു കൊണ്ടേയിരിക്കുന്നു. ആശകളില്‍ നിന്നും ഓര്‍മയെ മോചിപ്പിച്ച സഞ്ചാരമായി.

Monday, May 9, 2011

മലയാളം മണക്കുന്ന 'മനുഷ്യന് ഒരു ആമുഖം'

സുഭാഷ് ചന്ദ്രനെ പുതിയ എംടി എന്ന് വിളിക്കേണ്ട കാര്യമില്ല. എഴുത്തിന്‍റെ ഗൌരവഗരിമയാല്‍ സ്വന്തം കസേര പണ്ടേ വലിച്ചിട്ട സുഭാഷിന്‍റെ പുതിയ നോവല്‍ - മലയാളം മണക്കുന്ന 'മനുഷ്യന് ഒരു ആമുഖം' - വായിച്ചു കഴിയുമ്പോള്‍ പക്ഷെ എംടി മാര്‍കേസിന്‍റെ ഉടുപ്പുമിട്ട് ഒളിഞ്ഞു നോക്കുന്നത് കാണാം. നായര്‍ത്തറവാടുകളിലെ പുരാണം പറഞ്ഞതു കൊണ്ടോ തച്ചനക്കരയിലെ അയ്യാട്ടുമ്പിള്ളി തലമുറച്ചരിതം പാടിയതു കൊണ്ടോ അല്ല; പൈങ്കിളിയില്‍ എംടി ബുദ്ധി കലര്‍ത്തിയെങ്കില്‍ സുഭാഷ് തത്വശാസ്ത്രം ഇറ്റുന്നു. പത്ത് വര്‍ഷം മുന്‍പേ വന്നിരുന്നെങ്കില്‍ സവിശേഷമാര്‍ന്നതാവുമായിരുന്നു എന്ന് തോന്നിപ്പിക്കുന്ന സാംസ്‌ക്കാരിക-വ്യക്തിപ്രസ്ഥാനങ്ങളുടെയിടയില്‍ സുഭാഷിന്‍റെ പ്രഥമനോവലും മിക്കവാറും പെട്ടുപോകുന്നല്ലോ എന്ന തോന്നല്‍ അമ്പരപ്പോടെയാവും വായനക്കിടയില്‍ പലപ്പോഴും വെളിപ്പെടുക. കഥാസാഹിത്യത്തില്‍ ഈ യുവാവ് നിര്‍മ്മിച്ച ബ്രേക്ക്‌ത്രൂ നോവലില്‍ ഏറെ പരന്നു പോയതാവാം അതിന് കാരണം. നവാഭിരുചിയുടെ വണ്ടി പിടിക്കാന്‍ കഥ നടക്കുന്ന തച്ചനക്കരയെപ്പോലെ നോവലും വൈകിയെന്ന തോന്നലിലും 372 പേജുകളില്‍ ഇടക്ക് ചിതറുന്ന ധിഷണാധൂളികളും 'സുഭാഷിതങ്ങളും' സുഗതകുമാരി പ്രശംസിച്ച ധ്വനിഭംഗികളും നടപ്പുമരിപ്പ്സാഹിത്യത്തിലെ ചിത അണയാതെ കാക്കുന്നുവെന്നത് 'മനുഷ്യനെ' മറ്റ് മ്രുഗപുസ്തകങ്ങളില്‍ നിന്നും വേര്‍തിരിക്കുന്നു.

പങ്കജാക്ഷന്‍റെ ഭാര്യ കല്യാണിക്കുട്ടിയമ്മ വേണുവിനെയും ശശിയെയും സോമനെയും പെറ്റത് പോലുള്ള രേഖാചരിത്ര സാഹിത്യത്തിന് പകരം എഴുത്തിലെ കരവിരുതും ക്രാഫ്‌റ്റുമൊക്കെ വസൂലാക്കി കുറേക്കൂടി നാടകീയത നോവലില്‍ തിരുകി വെക്കാമായിരുന്നില്ലേ എന്ന് ചോദിച്ചാല്‍ സുഭാഷിന് മറുപടിയുണ്ട്: സര്‍ഗാത്മകനായ മനുഷ്യശിശു എഴുപത് വര്‍ഷം കൊണ്ട് ഭീരുവും പരതന്ത്രനുമായിത്തീര്‍ന്ന് സ്വന്തം സ്രുഷ്‌ടിപരത വംശവ്രുദ്ധിക്ക് വേണ്ടിമാത്രം ചെലവിടുന്നു. സമാനസ്വഭാവമുള്ള കാര്യങ്ങളിലൂടെ ഇഴഞ്ഞു നീങ്ങുന്ന ജീവിതങ്ങളില്‍ എന്തൂട്ട് നാടകീയത! മലയാളിയുടെ സ്വതവേ വളഞ്ഞ നട്ടെല്ല് ഒടിച്ചു മടക്കി കശക്കി എറിയുന്നുണ്ട് നോവലില്‍ പലയിടത്തും. ജാതി-ദൈവ സങ്കല്‍പങ്ങളെയും പുരുഷാധിഷ്‌ഠിത സമൂഹത്തെയും നന്ത്യാര്‍വട്ടത്തെ തോല്‍പ്പിക്കുന്ന നന്‍മ കാണാതിരുന്ന പാഴ്‌കാലത്തെയും സുഭാഷ് പരിഹസിക്കുന്നു, പ്രകോപനമില്ലാതെ.

അങ്ങനെയാണ് സൂപ്പര്‍നായകന്‍ വരുന്നു എന്ന മട്ടില്‍ ജിതേന്ദ്രന്‍ എന്ന കഥാപാത്രം അവതരിക്കപ്പെടുന്നത്. 'പഠനത്തിനും ജോലിതേടലിനും വിവാഹത്തിനും വീടുകെട്ടലിനുമപ്പുറത്ത് മറ്റൊന്നും ചെയ്യാനില്ലാത്ത ഒരു പുരുഷായുസ്സില്‍ കുടുങ്ങി പലതരം ഭോഗങ്ങള്‍ സ്വപ്‌നം കണ്ട് ജീവിതം തള്ളി നീക്കാന്‍ വിധിക്കപ്പെട്ട ലക്ഷക്കണക്കിന് യുവാക്കളുടെ ഇടയില്‍ ഉന്തും തള്ളുമുണ്ടാക്കുന്ന ഒരുവനായി സ്വയം കണ്ടെത്തിയ' ആളാണ് നായര്‍-അയ്യാട്ടുമ്പിള്ളി മഹിമ അക്കരെയെറിഞ്ഞ് ആന്‍മേരിയെ പ്രണയിച്ച് വിവാഹിച്ച ജിതന്‍. നോവലിലെ നൂറില്‍പരം കഥാപാത്രങ്ങളില്‍ സുഭാഷ് കൂടുതല്‍ മഷിയൊഴുക്കിയ നാറാപിള്ളയുടെ പൌത്രന്‍. 'മനുഷ്യന്‍' സിനിമയാവുകയാനെങ്കില്‍ തിലകന് അവതരിപ്പിക്കാവുന്ന ഉഗ്രപ്രതാപിയാണ് ഭാര്യ കുഞ്ഞുവിന്‍റെ മുന്നില്‍ തോറ്റുപോയ നാറാപിള്ളയെന്ന ഷോവിനിസ്‌റ്റ്. മകന്‍ ഗോവിന്ദന്‍ ഒരു ചോത്തിപ്പെണ്ണിനെ കെട്ടാന്‍ പോണ കാര്യം സൂചിപ്പിക്കവെ അലറിയ നാറാപിള്ളയെ 'അസ്തപ്രജ്ഞനാക്കി' അപ്പൊ നമ്മുടെ ചായ്‌പില്‍ താമസിപ്പിച്ചിരിക്കുന്ന പെലക്കള്ളിയോ എന്ന് ചോദിച്ച പുള്ളിയാണ് കുഞ്ഞുവമ്മ.
നാറാപീഡനം സഹിക്ക വയ്യാഞ്ഞ് ചുമരില്‍ ശിരസിടിച്ച് മരിച്ച കുഞ്ഞുവമ്മ. അവരുടെ മകന്‍ ചന്ദ്രന്‍ ഒരുപ്പോക്ക് പോയപ്പോള്‍ ചുമരില്‍ എഴുതി വച്ചു: ഈ വീട് നരകമാണ്. പക്ഷേ, അമ്മയുള്ളപ്പോള്‍ എനിക്കതു സഹിക്കാമായിരുന്നു.

ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ എന്ന് ഭാഗിച്ച നോവലിലെ പിന്നീടൊരധ്യായത്തില്‍ ഈ ചന്ദ്രന്‍ തിരിച്ചു വരുന്നുണ്ട്, അച്ഛനെയും നമ്മെയും ഞെട്ടിച്ച്. ഭാര്യയോട് പ്രയോഗിച്ച ഒറ്റച്ചവിട്ടിലൂടെ സ്വന്തം ജീവിതം കഴിഞ്ഞുവെന്ന് നിരീച്ചെന്ന് സന്യാസിയോട് കുമ്പസാരിക്കുന്ന നാറാപിള്ള. ആ സന്യാസി പുറപ്പെട്ടു പോയ മകനായിരുന്നെന്ന് തച്ചനക്കര അടക്കം പറഞ്ഞു. 82 വയസില്‍ നാറാപിള്ളയുടെ 'മൂത്രമദ്‌ഭാവം' നാളുകള്‍ ദയനീയമായിരുന്നു. കട്ടിലിലെ സ്വന്തം വിസര്‍ജ്യങ്ങള്‍ കൈപ്പത്തിയില്‍ പുരട്ടി ചുമരില്‍ അയാള്‍ മഞ്ഞ പതിപ്പിക്കാന്‍ തുടങ്ങിയിരുന്നു. അന്നേരമൊക്കെ അയാള്‍ക്ക് തുണ നിന്നിരുന്നത് ചോത്തിപ്പെണ്ണിനെ കെട്ടിയ മകന്‍ ഗോവിന്ദനായിരുന്നു. പണ്ട്, തന്നെ തല്ലിയ ശീമക്കൊന്നയെടുത്ത് അച്ഛനെ തിരിച്ചടിച്ച മകന്‍. അച്ഛനെ ശുശ്രൂഷിക്കുന്നതിലൂടെ ഗോവിന്ദന്‍ ചുഴലിക്കാരനായ തന്‍റെ മകനെ സ്‌നേഹിക്കുകയായിരുന്നുവെന്ന് പറഞ്ഞിട്ട് സുഭാഷ് എഴുതുന്നു: ഒരു കാലില്‍ അച്ഛന്‍റെയും മറുകാലില്‍ മകന്‍റെയും ചെരുപ്പുകള്‍ ധരിച്ച് ഗോവിന്ദന്‍മാഷ് വിചിത്രമായൊരു തീര്‍ത്ഥയാത്ര നടത്തുകയായിരുന്നു...

മാറാല പിടിച്ച കഥാപാത്രങ്ങളുടെയിടയിലൂടെ വിളക്കുപിടിച്ചു നടക്കുന്ന കഥാകാരനെ നോവലില്‍ പലയിടത്തും കാണാം. കഥാകാരന്‍ തന്നെ വിളക്കായി വായനയുടെ തെളിച്ചം അവിടവിടെയായി വിതറിയിരിക്കുന്നതും 'നിലാവിന്‍റെ തേന്‍ പുരട്ടിയ കല്ലുകള്‍ പോലെ' ധാരാളം. ചില ഉദാഹരണങ്ങള്‍:

1. ശാശ്വതമെന്ന മിഥ്യാബോധം പുരണ്ട് തിളങ്ങി നില്‍ക്കുന്ന ചിലത് പൊടുന്നനേ പൊലിഞ്ഞ് ശൂന്യതയില്‍ വിലയം കൊള്ളുന്നു.

2. പൂര്‍ണവളര്‍ച്ചയെത്തും മുമ്പ് മരിച്ചു പോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യന്‍.

3. നഗരത്തിലെ ഓടകള്‍ കടലിലേക്ക് തുറക്കുന്നത് മനുഷ്യജീവിതം ദൈവത്തില്‍ ലയിക്കുന്നതിന്‍റെ ജലച്ഛായാചിത്രമാണ്.

4. സ്ഥാനക്കയറ്റം ലഭിക്കുന്തോറും സ്വയമൊരു താഴ്‌ത്തിക്കെട്ടല്‍ അനുഭവിക്കുന്ന ഒരേയൊരു ഉദ്യോഗമേയുള്ളൂ: ജീവിതം.

5. മഹിതമായ ഒന്നിന് സാധ്യാമാകാതെ അന്ത:സാരശൂന്യതയില്‍ മുങ്ങി ഒരു തലമുറ കടന്നു പോകുമ്പോള്‍ മൌലികമായതൊന്ന് നിറവേറ്റാനാകാതെ തളരുമ്പോള്‍, കൊല്ലൂ, വിജയിക്കൂ എന്നല്ല, ഉണരൂ, സ്രുഷ്‌ടിക്കൂ എന്ന് ഊര്‍ജ്ജം പകരുന്ന പുതിയ ഗീതയാണ് നമുക്കാവശ്യം.

തച്ചനക്കര എന്നാല്‍ പെരുംതച്ചന്‍റെ നാടായ ഉളിയന്നൂര്‍ അക്കരെയായ സ്ഥലം. അക്കരെയൊരു കലാലോകമുണ്ടായിട്ടും ഇടക്കുള്ള ചളിയില്‍ മുങ്ങിത്താഴുന്ന ജീവിതങ്ങളുടെ ചരിത്രം വായിച്ചു കഴിയുമ്പോഴേക്കും നമ്മള്‍ അപ്പുനായരുടെ ഭാഷയില്‍ ഹരിഹരപ്പെട്ടു പോകും.

http://chintha.com/node/105455

Blog Archive