പ്രളയം-സൃഷ്‌ടി-പരിണാമങ്ങളിലൂടെ ചാക്രികഗതി തുടരുന്ന കാലപ്രവാഹത്തെ കൈപ്പിടിയിലൊതുക്കുകയെന്ന ഭഗീരഥപ്രയത്‌നം നിര്‍വഹിച്ചിരിക്കുന്നു ബാലഗോപാലന്‍ 'മശിഹാ മുതല്‍ അവിസെന്ന വരെ' എന്ന 152 പേജ് പുസ്‌തകത്തില്‍ (ഡി.സി. 2008, 85 രൂപ). ലോകകാലചരിത്രരേഖയില്‍ ക്രിസ്ത്വബ്‌ദം മുതല്‍ ഒന്നാം സഹസ്രക്കാലമാണ് പുസ്തകം പ്രധാനമായും അളക്കുന്നത്. ക്രി.പി. കാലം 'പരിണാമം ഇന്നലെ ഇന്ന് നാളെ' ഡി.സി. നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. പുസ്തകരചനയുടെ ഉദ്യമം കണ്ട് ബാലഗോപാലനെ കേരള ടോയ്‌ന്‍ബീ എന്നോ തിരുവിതാംകൂര്‍ വില്‍ ഡുറാന്‍റ് എന്നോ മറ്റോ അടയാളപ്പെടുത്താന്‍ നമ്മുടെ നിരൂപണശാഖയെ പ്രലോഭിപ്പിക്കുമാറ് രചനാ വൈദഗ്‌ധ്യം നിറഞ്ഞതാണ് 'മനുഷ്യപുരോഗതിയുടെ പാതയില്‍ ദീപ്‌തനക്ഷ്ത്രങ്ങളായി തെളിയുന്ന മഹാമനീഷികളെക്കുറിച്ചെ'ന്ന് പുറംചട്ട വിശേഷിപ്പിക്കുന്ന ബാലഗോപാലന്‍റെ പുസ്തകം.
ലോകമതസംസ്‌ക്കാരതത്വചരിത്രം സാധാരണക്കാരന് സരസമായി പറഞ്ഞു കൊടുക്കുന്ന സങ്കേതവും പരിണാമപ്രവാഹത്തില്‍ അതിമാനുഷനിലേക്കുള്ള (തെയ്യാദി ഷാര്‍ദിന്‍ സൂചിപ്പിച്ച സൂപ്പര്‍ഹ്യൂമന്‍ ഓര്‍ക്കാം) നമ്മുടെ ദൂരം കുറയുന്നു എന്ന സൂചനയും ഒപ്പം, മാനുഷിക പദവി ഇനിയും കൈവന്നിട്ടില്ലാത്ത ചിലരുടെയെങ്കിലും അവസ്ഥകളില്‍ പുരോഗതിയുടെ സാംഗത്യവും പുസ്തകരചനയുടെ പ്രെമിസുകളാണ്.
ഈ മനീഷീചരിത്രത്തില്‍ നമ്മള്‍ കണ്ടുമുട്ടുന്ന കഥാപാത്രങ്ങള്‍ - നിര്‍വചനങ്ങളോടും പ്രവചനങ്ങളോടും നീതി കാട്ടാതെ സ്‌നേഹത്തിന്‍റെ പാരമ്പര്യം സ്‌ഥാപിച്ച യേശു; അങ്കുശമില്ലാത്ത അധികാരത്തിന്‍റെ ഇരയാവേണ്ടി വന്ന സ്‌നാപക യോഹന്നാന്‍ (സലോമി(?)യുടെ നൃത്തത്തില്‍ സംപ്രീതനായി തളികയില്‍ യോഹന്നന്‍ തല പ്രത്യക്ഷപ്പെട്ടത് ജനപ്രിയ നാടകങ്ങളില്‍); ഇറ്റലിയിലെ മാന്‍ചുവായില്‍ (Mantua) ജനിച്ച കവിചൈതന്യം വെര്‍ജില്‍; വെസൂവിയസ് അഗ്‌നി പര്‍വതം പൊട്ടിത്തെറിച്ചപ്പോള്‍ തൊട്ടടുത്ത ചെന്ന് പഠിക്കാന്‍ ശ്രമിച്ച് മരണപ്പെട്ട പ്‌ളിനി ഒന്നാമന്‍; മനുഷ്യസ്വാര്‍ത്ഥതയും എല്ലാം ത്യജിക്കുന്ന ദൈവസ്‌നേഹവും സാങ്കല്‍പികനഗരങ്ങളായി ചിത്രീകരിച്ച സിറ്റി ഒഫ് ഗോഡ് എഴുതിയ അഗസ്‌റ്റിന്‍; പില്‍ക്കാല ഭരണഘടനകളുടെയും നിയമസംഹിതകളുടെയും സ്വാധീനമായ സംഹിത രൂപപ്പെടുത്തിയ ജസ്‌റ്റിനിയന്‍ ചക്രവര്‍ത്തി; തങ്കപ്പെട്ട മനുഷ്യന്‍ എന്നര്‍ത്ഥം വരുന്ന ചിന്‍-ട്‌സൂ പ്രമാണം ആവിഷ്‌ക്കരിച്ച കണ്‍ഫ്യൂഷ്യസ്; ഏ.ഡി. 630ല്‍ പതിനായിരം ആളുകളുടെ സൈന്യമായി മക്ക കീഴടക്കി, തോറ്റവരെ ഇസ്‌ലാമില്‍ ചേര്‍ത്ത് വിഗ്രഹങ്ങളെല്ലാം നശിപ്പിച്ച് കഅ്‌ബ (ക്യൂബ് പോലെയുള്ളത്) ശുദ്ധമാക്കിയ മുഹമ്മദ് പ്രവാചകന്‍; ഗണിതശാസ്ത്രശാഖകളുടെ ഒന്നാം സഹസ്രാബ്‌ദത്തിലെ ബൈബിള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ബ്രഹ്‌മപുടസിദ്ധാന്തം രചിച്ച ഗുജറാത്തി ഗണകചൂഢാമണി ബ്രഹ്‌മഗുപ്‌തന്‍; അരിസ്റ്റോട്ടിലും ഇസ്‌ലാമിക ചിന്തയും സമ്മേളിക്കുന്ന കിത്താബ് അല്‍ നജ്‌ദാത് എന്ന ഗ്രന്ഥമെഴുതിയ പേര്‍ഷ്യന്‍ ചിന്തകന്‍ അവിസെന്ന (ഇബ്‌ന്‍ സീന 980-1037); ഇഹലോക ആനന്ദം പരമ തത്വമാക്കിയ മൂന്നാം നൂറ്റാണ്ടിലെ എപിക്യൂറസ് (എപ്പിക്യൂറിയസ് എന്ന് തെറ്റായാണ് പുസ്‌തകത്തില്‍ അച്ചടിച്ചിരിക്കുന്നത്) - ഇവരൊക്കെ ടിവി സീരിയല്‍ കഥാപാത്രങ്ങളെപ്പോലെ നമ്മുടെ സ്വീകരണമുറി-ബന്ധുക്കളാകുന്നു. മലയാളികള്‍ (മലയുടെ ആളര്‍) ഒരു സായാഹ്‌നമെങ്കിലും ടിവി കെടുത്തി ഈ പുസ്തകപ്രകാശം കണ്ടെങ്കില്‍!
താളുകള്‍ മറിയുമ്പോള്‍ കൌതുകചെപ്പ് കൂടുതല്‍ തുറക്കുന്നതേയുള്ളൂ: ആഴ്‌ചയിലെ ഓരോ ദിവസത്തിനും ദേവന്‍മാരുടെ പേരുകള്‍ നല്‍കിയ പ്രാചീന ഇറ്റലിക്കാര്‍ ഡിസംബര്‍ 25 ദൈവത്തിന്‍റെ ജന്‍മദിനമായി കൊണ്ടാടിയിരുന്നു. ദ്രാവിഡഭാഷക്ക് സുമേറിയന്‍ ഭാഷയുമായുള്ള സാമ്യം (അമ്മ: അമ; അപ്പ: അബ്ബ); ക്രിസ്തുമതസ്ഥാപകനായ ശൌല്‍ എന്ന പൌലോസ് (പത്രോസ് പാറ മാത്രമേ ആകുന്നുള്ളൂ; ശില്‍പി പൌലോസാണ്) മതപ്രചാരണത്തിനിടെ ധൈര്യസമേതം യേരുശലേമില്‍ പോയപ്പോള്‍ ബന്ധനസ്ഥനാക്കപ്പെട്ടതും റോമാപൌരത്വമുള്ള പൌലോസിനെ വധിക്കാന്‍ യഹൂദര്‍ക്ക് ധൈര്യമില്ലാതിരുന്നതിനാല്‍ ബന്ധനസ്ഥനായിത്തന്നെ ഒളിച്ചുകടത്തിയതും മറ്റും ഹോമര്‍ എഴുതിയിരുന്നെങ്കില്‍ മറ്റൊരു ഒഡീസ്സി ലോകത്തിന് കിട്ടുമായിരുന്നു; ദക്ഷിണേന്ത്യയില്‍ പ്രചാരമുണ്ടായിരുന്ന ആചാരങ്ങളുടെ കൂട്ടത്തില്‍ നിരാശാകാമുകന്‍മാരുടെ മടലേറല്‍ (പൂമാല ചൂടി പനമടല്‍ കൊണ്ട് ഉണ്ടാക്കിയ കുതിരപ്പുറത്തു കയറി പ്രേമപ്രഖ്യാപനം നടത്തിയ ശേഷം സത്യഗ്രഹം ഇരിക്കുന്ന കാമുകന് പെണ്ണിന്‍റെ ദയയോ മരണമോ ആയിരുന്നു വിധി); പൂര്‍വപിതാവ് അബ്രഹാമിന് ഈജിപ്‌തുകാരി അടുക്കളക്കാരി ഹാജറയിലുണ്ടായ യിശ്‌മായിലിന്‍റെ കുലത്തില്‍പ്പെട്ട കത്താന്‍ എന്ന തെക്കന്‍റെ സന്തതികളാണ് അസ്സല്‍ അറബികള്‍; അതേ കുലത്തിലെ അദ്‌നാന്‍ എന്ന വടക്കന്‍ സന്തതികള്‍ അസല്‍ അല്ലാത്ത അറബികളും...
യഹൂദരുടെ ഇടയില്‍ ബൈബിള്‍ തനാക എന്നറിയപ്പെടുന്നു. തനാക എന്നാല്‍ തോറകള്‍, നെവീം (പ്രവചനങ്ങള്‍), കെറ്റുവിം (ലേഖനങ്ങള്‍) എന്നിവകളുടെ ആകെത്തുക. സ്‌ത്രീയും പുരുഷനും ഒന്നിച്ച് നില്‍ക്കുന്ന ചിത്രം ചൈനീസ് ഭാഷയില്‍ വായാടി എന്ന പദത്തെ സൂചിപ്പിക്കുന്നു എന്ന് പറഞ്ഞിട്ട് ബാലഗോപാലന്‍ അഭിപ്രായപ്പെടുന്നു: സ്ത്രീ സംസാരിക്കുകയും പാവം പുരുഷന്‍ കേള്‍ക്കുകയും ചെയ്യുന്നത് അന്നേ ചൈനയിലുണ്ടായിരുന്നു!
ചാര്‍വാകസംഖ്യായോഗവേദബുദ്ധജൈനദര്‍ശനങ്ങളിലൂടെയുള്ള ഭാരതീയ ചിന്തായാത്രയില്‍ ബാലഗോപാലന്‍ പറയുന്നു: ദ്രവ്യത്തെ സൃഷ്‌ടിക്കാനോ നശിപ്പിക്കാനോ സാധ്യമല്ല എന്ന് (ജോണ്‍)ഡാള്‍ട്ടണ്‍ പറയുന്നതിന് സഹസ്രാബ്‌ദങ്ങള്‍ക്ക് മുന്‍പേ ഭാരതീയ ചിന്തകന്‍മാര്‍, വൈശേഷികന്‍മാര്‍, പറഞ്ഞിരുന്നു.
പൊതുവെ കാച്ചിക്കുറുക്കിയ അഖിലലോകചരിത്രസംസ്‌ക്കാരചിന്താവിവരണത്തില്‍ കാളിദാസശാകുന്തളവും ഇളങ്കോവടികളുടെ ചിലപ്പതികാരവും പുസ്തകത്തില്‍ കൂടുതല്‍ അഭിരമിക്കുന്നത് ബാലഗോപാലനിലെ റൊമാന്‍റിക്കിനെയാവും കാട്ടുക. അധ്യായങ്ങളില്‍ പലതും അവസാനിക്കുന്നത് മാനവ പുരോഗതി മുന്നോട്ട് കുതിച്ചു എന്ന ധ്വനിയിലാണ്. തദ്വാരാ, സംഫുല്ലമായ, ഊടാടി നടന്ന... തുടങ്ങിയ പ്രയോഗങ്ങള്‍ ബാലഗോപാലനിലെ പഴമക്കാരന്‍ (പഴമയെക്കുറിച്ചാണല്ലോ പുസ്തകം) എത്രതന്നെ ഉപയോഗിക്കുന്നു! ഒന്നരക്കിലോ തലച്ചോറ് ആവര്‍ത്തിച്ചു കാണുന്ന മറ്റൊരു പദപ്രയോഗമാണ്.
ആ തലച്ചോറാവും അതിമാനുഷനിലേക്കുള്ള നമ്മുടെ അകലം നിയന്ത്രിക്കുക. അപ്പോഴും ചരിത്രവിവരണത്തെ വകഞ്ഞു മാറ്റി പുസ്തകകാരന്‍ ചോദിക്കുന്ന ചോദ്യം ചരിത്രത്തോളം തന്നെ പ്രധാനമാണ്. നമ്മുടെ സഹോദരങ്ങള്‍ക്ക് നമ്മോടുണ്ടാകാവുന്ന ബുദ്ധിയുടെ പുതിയ അകലത്തെക്കുറിച്ചാണ് ആ ചോദ്യം.
Search This Blog
Tuesday, September 20, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment