2011ലെ നോവല്‍സംഭവമായി കരുതപ്പെടുന്നത് ജാപ്പനീസ് എഴുത്തുകാരന്‍ ഹറൂകി മുറാകാമി രണ്ട് വര്‍ഷം മുന്‍പെഴുതിയ വണ്‍ക്യു എയ്‌റ്റിഫോര്‍ (1Q84)എന്ന 925-പേജ് നോവലാണ് (ഇംഗ്‌ളീഷ് പരിഭാഷ ഈ വര്‍ഷം). ഓര്‍വെലിന്‍റെ 1984 എന്ന നോവല്‍നാമത്തെ ജാപ്പനീസ് ഭാഷയിലെ കളിയാല്‍ കാണുന്നതാണ് മുറാകാമിയുടെ നോവലിന്‍റെ പേര്. 1984ല്‍ ടോക്കിയോ നഗരത്തിലൂടെ എഫ്‌എം റേഡിയോ സംഗീതത്തിന്‍റെ അകമ്പടിയോടെ നീങ്ങുന്ന ഒരു ടാക്‌സിക്കാറിലൂടെ തുടങ്ങുന്ന നോവലിന് മൂന്ന് ഭാഗങ്ങളാണുള്ളത്. മുപ്പതുകാരി കൊലപാതകി 'പച്ചപ്പയര്‍' (ആദ്യ അധ്യായത്തില്‍ത്തന്നെ ഒരു കൊല നടത്തി അവള്‍), നോവലിസ്‌റ്റും കണക്ക് ട്യൂട്ടറുമായ ടെംഗോ എന്നിവര്‍ നോവലിന്‍റെ കാഴ്‌ചപ്പാട്-കഥാപാത്രങ്ങള്‍. സമാന്തരലോകങ്ങളില്‍ ജീവിക്കുന്ന ഇവര്‍ നോവലിന്‍റെ സര്‍റിയലിസ്‌റ്റ് സ്വഭാവത്തിനും ഉത്തരവാദികളാണ്. സമൂഹത്തോട് പുലബന്ധമില്ലാതെ ജീവിക്കുന്ന പത്രാധിപരും സാഹിത്യകുതുകിയായ പതിനേഴ്കാരിയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. പതിനേഴ്‌കാരിയുടെ കുടുംബം അംഗങ്ങളായിരുന്ന ഒരു കമ്മ്യൂണ്‍ വളരുന്തോറും പിളരുകയും തിരിച്ചും സംഭവിച്ച ഒരു ഉടോപ്യയാണ്. സമൂഹവുമായി ബന്ധമില്ലാത്തയാള്‍, അപരിചിത സ്വഭാവങ്ങളുള്ള അതീന്ദ്രിയ സ്വപ്‌നങ്ങള്‍ കാണുന്ന പെണ്‍കുട്ടി, ആജ്ഞാനുവര്‍ത്തിയായ ഒരു പ്രസ്ഥാനം, പൂച്ചകള്‍ തുടങ്ങി സ്ഥിരം മുറാകാമി മൂശയിലേതാണ് ഈ കഥാപാത്രങ്ങളും.
പച്ചപ്പയര്‍ സുന്ദരി ഒരു കൊലപാതക ദൌത്യത്തിന് പോകുംവഴി മാര്‍സല്‍ പ്രൂസ്‌തിന്‍റെ റിമംബ്രന്‍സ് ഒഫ് തിങ്ങ്‌സ് പാസ്‌റ്റ് വായിക്കുന്നുണ്ട്. അതും ടോക്കിയോയിലുണ്ടെന്ന് പറയുന്ന രണ്ട് ചന്ദ്രന്‍മാരും ചത്ത ആടിന്‍റെ വായില്‍ നിന്ന് വരുന്ന ലിറ്റ്‌ല്‍ പീപ്പ്‌ള്‍ - എല്ലാവരും കൂടി വായനക്കാരെ വശം കെടുത്തുമെന്നാണ് റിവ്യൂകാരന്‍മാരുടെ അഭിപ്രായം. അപ്പോള്‍ത്തന്നെ പരമ്പരാഗത കഥപറച്ചിലിനെ വെല്ലുവിളിക്കുന്ന മുറാകാമി-സര്‍റിയലിസ്‌റ്റ് ശൈലി അവരെ ഭ്രമിപ്പിക്കുന്നുണ്ട് താനും. സമീപഭൂതകാലത്തെ മറ്റൊരു നോവല്‍സംഭവമായ 2666 (റോബര്‍ട്ടോ ബൊളാഞ്ഞോയുടെ ആദിമധ്യാന്തക്രമമില്ലാത്ത, എവിടെനിന്നും വായിക്കാവുന്ന നോവല്‍) വലിപ്പം, പാക്കേജ്, മാധ്യമശ്രദ്ധ എന്നിവ കൊണ്ടാവണം, മുറാകാമിയുടെ നോവലുമായി താരതമ്യം ചെയ്യപ്പെട്ടു. ടൈം വാരിക മുറാകാമിയുടെ രണ്ട് ചന്ദ്രന്‍മാരെയും പൂച്ചകളെയും മറ്റും ഏതാണ്ട് കൊല്ലുക തന്നെ ചെയ്തു.
നമ്മള്‍ നില്‍ക്കുന്നിടം സുരക്ഷിതമെന്ന് തോന്നുകയും മറിച്ച് സംഭവിക്കാവുന്ന ഒന്ന് അന്തര്‍ലീനമായിരിക്കുകയും ചെയ്യുന്ന അന്തരീക്ഷമാണ് മുറാകാമിയുടെ ടോക്കിയോയില്‍. 1984ല്‍ നടക്കുന്ന കഥ പൊടുനനെ വണ്‍ക്യു84ല്‍ നടക്കുന്ന ഒരു സമാന്തരകഥയായി മാറുന്നു. നമ്മുടെ ലോകത്തെ പുനര്‍നിര്‍വചിക്കാന്‍ ഈ നോവലിന് കഴിയുന്നു എന്നാണ് പൊതുവെ നിരൂപകമതം. നമ്മലോകവും അപരലോകവും, യാഥാര്‍ത്ഥ്യവും സ്വപ്‌നവും ഇണ ചേരുന്ന നോവലില്‍ മലയാളിക്ക് കരുതി വക്കാന്‍ ഒരു മുറാകാമിയന്‍ സംഭാവനയുണ്ട്: പീഡിപ്പിക്കപ്പെടുന്ന സ്‌ത്രീകളുടെ അക്രമകാരികളെ തെരഞ്ഞുപിടിച്ച് ശിക്ഷിക്കുന്ന ഒരു സംഘത്തെക്കുറിച്ചുള്ള ഭാഗം.
അതും, ജനങ്ങളെ ചിന്തിക്കാത്ത റോബോട്ടുകളാക്കി മാറ്റുന്നതാണ് പ്രസ്ഥാനങ്ങളെന്ന് ആക്ഷേപിച്ചവര്‍ അധികാരത്തില്‍ വന്നപ്പോള്‍ അതു തന്നെ ചെയ്യുന്ന കാഴ്‌ചയും സാര്‍വലൌകീകമാവും.
Search This Blog
Friday, November 11, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment