റുമൈലയിലെ കരിമഴ
കുവൈറ്റ്-ഇറാഖ് അതിര്‍ത്തിയിലെ എണ്ണപ്പാടമായ റുമൈലയില്‍ നിന്നും തങ്ങള്‍ക്കവകാശപ്പെട്ട എണ്ണ കുവൈറ്റ് ചോര്‍ത്തുന്നുവെന്ന് ആരോപിച്ച് ഇറാഖ് നടത്തിയ അധിനിവേശം ഇംഗ്‌ളീഷില്‍ ലേഖന-വിശകലന കുറിപ്പുകളില്‍ പലകുറി പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും മലയാളത്തില്‍ ഒരു സമ്പൂര്‍ണ്ണ അനുഭവ സാക്‌ഷ്യപത്രമെന്ന നിലയില്‍ ആദ്യമായാണ് പുസ്തകരൂപത്തില്‍ സമാഹരിക്കപ്പെടുന്നത്. (ഡോ നന്ദകുമാര്‍ മൂര്‍ക്കത്ത്, ഹസന്‍ തിക്കോടി എന്നിവരും അധിനിവേശ നാളുകളെക്കുറിച്ച് എഴുതിയിട്ടുണ്ട്. ബാലഗോപാലന്‍റെ പുറത്ത് വരാനിരിക്കുന്ന നോവലിലും അധിനിവേശനാളുകളിലെ അനുഭവമുണ്ട്.) കുവൈറ്റില്‍ 32 വര്‍ഷങ്ങളായി താമസിക്കുന്ന പ്രമുഖ എഴുത്തുകാരന്‍ കൈപ്പട്ടൂര്‍ തങ്കച്ചന്‍റേതാണ് സൈന്ധവ ബുക്ക്‌സ് പ്രസാധനമായ റുമൈലയിലെ കരിമഴ എന്ന 88 പേജ് പുസ്തകം. അധിനിവേശക്കാലത്തെ ചില അപൂര്‍വ കളര്‍ചിത്രങ്ങളും ഫ്‌ളെയിം, കേരളശബ്‌ദം വാരികകളില്‍ വന്ന കുറിപ്പുകളും പുസ്തകത്തിന്‍റെ അനുബന്ധമായി കൊടുത്തിരിക്കുന്നു. 90 ഓഗസ്‌റ്റ് മുതല്‍ 91 ഫെബ്രുവരിയില്‍ സഖ്യസേന കുവൈറ്റ് മോചിപ്പിക്കും വരെയുള്ള കാലത്ത് കുവൈറ്റില്‍ തുടര്‍ന്ന കൈപ്പട്ടൂര്‍ ഏഴുമാസക്കാലം അടിസ്ഥാനസൌകര്യങ്ങള്‍ക്ക് പോലും പരിമിതിയുണ്ടായിരുന്ന ജീവിതസാഹചര്യം മറന്ന് വസ്തുനിഷ്‌ഠമായ കഥനത്തിന് മുതിരുന്നുവെന്നതും ശ്രദ്ധേയമാണ്.
അയല്‍ക്കാരനായ ഇറാഖിനെ വിശ്വസ്‌തനായ നല്ല സഹോദരനായിട്ടായിരുന്നു കുവൈറ്റ് കരുതിയിരുന്നത് പോലുള്ള വ്യക്തിപര നിരീക്ഷണങ്ങളും, എട്ടു വര്‍ഷത്തോളം നീണ്ട ഇറാന്‍-ഇറാഖ് യുദ്ധം മൂലം സാമ്പത്തികമായി തകര്‍ന്ന ഇറാഖ് പതിനാല് ബില്യണ്‍ ഡോളര്‍ കുവൈറ്റിന് മാത്രം കടപ്പെട്ടിരുന്നു തുടങ്ങിയ ചരിത്ര പശ്ത്താല വിവരങ്ങളും, നായക്കു കുരക്കാന്‍ നിഴല്‍ പോലും ആവശ്യമില്ല പോലത്തെ കാല്‍പനികചേരുവകളും ഇടകലര്‍ത്തിയാണ് റുമൈല നമ്മെ കൊണ്ടു പോകുന്നത്.
പതിനാറായിരത്തോളം സൈനികര്‍ മാത്രമുണ്ടായിരുന്ന കുവൈറ്റിലേക്ക് സര്‍ക്കാര്‍ അവധി ദിവസമായ വ്യാഴാഴ്‌ച പുലര്‍ച്ചെയാണ് ഒരു ലക്ഷം ഇറാഖ് റിപ്പബ്‌ളിക്കന്‍ ഗാര്‍ഡ് 'മലവെള്ളപ്പാച്ചില് പോലെ' ഇരച്ചു കയറുന്നത്. അധിനിവേശവാര്‍ത്ത ചോര്‍ന്നു കിട്ടിയ കുവൈറ്റിലെ സബാ രാജകുടുംബം സൌദിയിലേക്ക് രക്ഷപെട്ടിരുന്നു - ഒരാളൊഴികെ. അദ്ദേഹത്തെ അധിനിവേശപ്പട്ടാളം വെടിവച്ച് കൊന്ന് ടാങ്ക് കയറ്റി അരച്ചു. ഒരുപാട് പേരെ പിടിച്ചു കൊണ്ടു പോയി പീഡിപ്പിച്ചു. എയര്‍പോര്‍ട്ട് കീഴടക്കി കുവൈറ്റ് എയര്‍വെയ്‌സ് വിമാനങ്ങള്‍ ഇറാഖിലേക്ക് പറത്തി. പല കെട്ടിടങ്ങളും അഗ്‌നിക്കിരയാക്കുകയും കൊള്ളയടി തുടങ്ങുകയും ചെയ്തു. വ്യാഴാഴ്‌ച രാവിലെ കുവൈറ്റിന്‍റെ ആകാശം കറുത്തു. പതിവു പോലെ ജോലിക്ക് കാറോടിച്ച് പോയവര്‍ വാര്‍ത്ത കേട്ടും കണ്ടും കറുത്ത പുകയാല്‍ കാഴ്‌ച മങ്ങിയും നിയന്ത്രം വിട്ട് അപകടങ്ങളുണ്ടായി.
ബന്ധുവായ ജോയിയുടെ സഹായത്താല്‍ 80ല്‍ കുവൈറ്റിലെ മറാഫി ഗ്രൂപ്പില്‍ ജോലിക്കെത്തിയ കൈപ്പട്ടൂര്‍ അധിനിവേശം കാരണം കുവൈറ്റ് വിട്ട് പോകുന്നില്ലെന്ന് തീരുമാനിച്ചിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് മറാഫി മാനേജരുമായി ഫോണില്‍ ബന്ധപ്പെട്ട കൈപ്പട്ടൂരിനോട് വീട്ടിലേക്ക് ചെല്ലാമോ എന്ന് മാനേജര്‍ ചോദിച്ചു. വഴിയിലെ പരിശോധനാ കടമ്പയില്‍ കൈപ്പട്ടൂരിന്‍റെ പഴ്‌സിലുണ്ടായിരുന്ന മൂന്ന് കുവൈറ്റി ദിനാര്‍ ഇറാഖ് സൈനികര്‍ കീറി കാറ്റില്‍ പറത്തി.
അധിനിവേശകുവൈറ്റില്‍ ആദ്യം അടച്ച എംബസി ഇന്ത്യയുടേതായിരുന്നു. ഒഴിഞ്ഞു പോകേണ്ടവര്‍ക്ക് ഇറാഖ വഴി ജോര്‍ദ്ദാനിലെ അമ്മാനിലേക്ക് ബസിലും അവിടെ നിന്ന് വിമാനമാര്‍ഗം ബോംബെയിലേക്ക് പോകാനും ഏര്‍പ്പാടായി. യാത്രക്കിടയിലെ മോഷണം ഭയന്ന് സ്വര്‍ണ്ണമടക്കം പല വിലപിടിച്ച വസ്‌തുക്കളും താമസസ്ഥലങ്ങളില്‍ വച്ചവര്‍ മോഷ്‌ടാക്കള്‍ക്ക് ചാകരയൊരുക്കി. ജോര്‍ദ്ദാന്‍ യാത്രക്ക് പണം നല്‍കേണ്ട അവസ്ഥയില്‍ മലയാളികളടക്കം പലരും അടഞ്ഞുകിടന്ന ഫ്‌ളാറ്റുകള്‍ കുത്തിത്തുറന്നു. ഇറാഖി പട്ടാളം തുടങ്ങി വച്ച കവര്‍ച്ച താമസിയാതെ പടരുകയായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുരന്ന ചിലര്‍ സൌന്ദര്യ വര്‍ദ്ധക ക്രീമുകള്‍ പാല്‍ക്കട്ടിയാണെന്ന് കരുതി ബ്രെഡുകളില്‍ പുരട്ടിക്കഴിച്ചു.... ഉപയോഗിച്ച അടിവസ്‌ത്രങ്ങള്‍ വരെ വാങ്ങുവാന്‍ വരെ ഇറാഖികള്‍ തയ്യാറായി. ഇറാഖി പട്ടാളക്കാരുടെ സാന്നിധ്യം ഉപയോഗപ്പെടുത്തി മോഷ്‌ടിച്ചു വിറ്റ് ചില മലയാളികള്‍ പണക്കാരായി. ബന്ധുക്കളെയും സുഹൃത്തുക്കളെയും ഏല്‍പ്പിച്ച വിശ്വാസത്തിനു മേല്‍ കരിനിഴല്‍ വീണത് എങ്ങനെയാണ് അളക്കേണ്ടതെന്ന ചോദ്യം റുമൈല ഉയര്‍ത്തുന്നു.
അന്നത്തെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഐ കെ ഗുജ്‌റാള്‍ കുവൈറ്റ് സന്ദര്‍ശിച്ചപ്പോള്‍ സദ്ദാമുമായി ചേര്‍ന്ന് നില്‍ക്കുന്ന ഗുജ്‌റാളിന്‍റെ ചിത്രം പത്രങ്ങളില്‍ അടിച്ചു വന്നു. കുവൈറ്റികള്‍ക്ക് ഇന്ത്യാക്കാരോടുള്ള മനോഭാവത്തില്‍ മാറ്റം വന്നതിനൊപ്പം മറ്റൊരു കാര്യം കൂടി അണിയറയില്‍ അരങ്ങേറുന്നുണ്ടായിരുന്നു. ഇന്ത്യാക്കാരുടെ ഒഴിപ്പിക്കല്‍ സംബന്ധമായി രൂപീകൃതമായ സിറ്റിസണ്‍ ഫോറം, അവശേഷിച്ച ഇന്ത്യാക്കാരുടെ ക്ഷേമത്തിനായി പുതിയ സിറ്റിസണ്‍ കമ്മിറ്റിക്ക് കൈമാറിയ നാല്‍പതിനായിരത്തോളം ഇറാഖി ദിനാര്‍ പുതിയ സിറ്റിസണ്‍സ് അടിച്ചു പൊളിച്ചു...
കീഴ്‌പ്പെടുത്തിയ കുവൈറ്റ് പലസ്‌തീന്‍കാര്‍ക്ക് നല്‍കാമെന്ന സദ്ദാമിന്‍റെ മോഹന വാഗ്‌ദാനത്തില്‍ മതിമറന്ന പലസ്‌തീന്‍കാര്‍ വീട്ടുജോലിക്ക് കുവൈറ്റി സ്‌ത്രീകളെ ആവശ്യമുണ്ടെന്ന ബോര്‍ഡ് സാല്‍മിയയിലെ വഴിയോരങ്ങളില്‍ എഴുതി വച്ചു.....
ഭയവും ധൈര്യവും രാപകല്‍ പോലെ വന്ന നാളുകള്‍ ഓര്‍ത്തെടുക്കുന്ന കൈപ്പട്ടൂര്‍-പുസ്‌തകത്തിന്‍റെ ഒറ്റയിരിപ്പ് വായനയില്‍ യുദ്ധത്തിലെ കെടുതികളോടൊപ്പം മനുഷ്യന്‍റെ അസുരഭാവവും നമ്മില്‍ വിചാരണ ചെയ്യപ്പെടാതിരിക്കില്ല.
Search This Blog
Thursday, February 23, 2012
Subscribe to:
Post Comments (Atom)
No comments:
Post a Comment