Search This Blog

Wednesday, March 7, 2012

കുറുക്കന്‍റെ വാസ്‌ത; സിംഹത്തിന്‍റെ പ്രൊപ്പോസല്‍

1. മരുപ്പച്ചയില്‍ ജീവിച്ചിരുന്ന ഒട്ടകം രോഗിയായത് അറിഞ്ഞ് ദൂരെ കാട്ടില്‍ നിന്ന് മൃഗബന്ധുക്കളൊക്കെ ഒട്ടകത്തെ വിസിറ്റ് ചെയ്യാന്‍ തുടങ്ങി. യാത്രാക്ഷീണം കാരണം പല ബന്ധുക്കളും മരുപ്പച്ചയില്‍ കുറച്ച് നാള്‍ തങ്ങി. രോഗവിമുക്തനായി എണീറ്റ ഒട്ടകം പക്ഷെ മരുപ്പച്ച അപ്രത്യക്ഷമായത് കണ്ട് വീണ്ടും രോഗബാധിതനായി.

2. തൊണ്ടയില്‍ കുടുങ്ങിയ മുള്ളെടുക്കാന്‍ ഓടിനടന്ന ചെന്നായ കൊറ്റിയെക്കണ്ട് കാര്യം പറഞ്ഞു. അതിനെന്താ എന്നു പറഞ്ഞ് കൊറ്റി നീണ്ട കൊക്ക് ചെന്നായുടെ തുറന്നു പിടിച്ച വായിലേക്കിട്ട് മുള്ള് പുറത്തെടുത്തതും ചെന്നായ പോകാനൊരുങ്ങി. എന്‍റെ പ്രതിഫലമെവിടെ എന്ന് ചോദിച്ച കൊറ്റിയോട് ചെന്നായ പറഞ്ഞു: നിന്‍റെ തല എന്‍റെ വായിലായപ്പോള്‍ ഞാന്‍ വായടക്കാഞ്ഞത് നിന്‍റെ പ്രതിഫലം.

3. ഗ്രാമീണപ്പെണ്‍കൊടിയില്‍ അനുരക്തനായ ഒരു സിംഹം വിവാഹാലോചനയുമായി അവളുടെ വീട്ടില്‍ ചെന്നു. പല്ലും നഖവും കളഞ്ഞിട്ട് വരികയാണെങ്കില്‍ അവള തരാമെന്നായി അവളുടെ അച്ഛന്‍. പ്രേമം തലക്കു പിടിച്ച സിംഹം പല്ലും നഖവും കളഞ്ഞ് വന്നപ്പോള്‍ അച്ഛന്‍ സിംഹത്തെ തല്ലിക്കൊന്നു.

4. യൌവ്വനം മുഴുവന്‍ മുതലാളിക്ക് വേണ്ടി ഓടിത്തളര്‍ന്ന കുതിരയോട് മുതലാളി ഒരു ദിവസം പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു. എന്നെക്കൊണ്ട് കഴിയാവുന്ന ജോലിയൊക്കെ ചെയ്യാം, പിരിച്ചു വിടരുതെന്ന് അപേക്ഷിച്ച കുതിരയോട് 'ഒരു സിംഹത്തെ പിടിച്ചു കൊണ്ടുവരാനൊന്നും നിനക്ക് പറ്റില്ലല്ലോ' എന്ന് ക്രുദ്ധനായി മുതലാളി. വഴി നീളെ കരഞ്ഞ കുതിരയുടെ കഥ കേട്ട് കുറുക്കന്‍ സഹായിക്കാമെന്നായി. നീ ചത്തത് പോലെ കിടക്കണം, ഞാന്‍ പറയുമ്പോള്‍ മുതലാളിയുടെ അടുത്തേക്ക് പോകണമെന്ന് ഉപദേശിച്ച് കാട്ടില്‍ പോയി സിംഹത്തോട് പറഞ്ഞു: പെരുവഴിയില്‍ ഒരു കുതിര ചത്തു കിടക്കുന്നു. അതിനെ എങ്ങനെ ഇവിടെ കൊണ്ടു വരുമെന്ന് സംശയിച്ച സിംഹത്തോട് നിങ്ങളുടെ വാലുകള്‍ തമ്മില്‍ കൂട്ടിക്കെട്ടാമെന്ന് കുറുക്കന്‍. അങ്ങനെ ചെയ്ത് കഴിഞ്ഞപ്പോള്‍ കുറുക്കന്‍ കുതിരയുടെ ചെവിയില്‍ പറഞ്ഞു: മുതലാളിയുടെ അടുത്ത് എത്രയും പെട്ടെന്ന് ചെല്ലുക. പറഞ്ഞതു പോലെ പണി പറ്റിച്ചല്ലോ എന്ന് കാഴ്‌ച കണ്ട മുതലാളി വിചാരിച്ച് കുതിരയെ പുനര്‍നിയമിച്ചു.

5. സിംഹവും ആടും പശുവും കൂടി പങ്കാളികളായി ബിസിനസ് തുടങ്ങി. ഒരുമിച്ച് ഒരു മാനിനെ കെണിയിലാക്കിയപ്പോള്‍ സിംഹന്‍ പറയുന്നു, രാജാവായതു കൊണ്ട് ആദ്യഭാഗം എനിക്കും, ശക്തനായത് കൊണ്ട് രണ്ടാം ഭാഗം എനിക്കും, എനിക്കു തോന്നുന്നതിനാല്‍ മൂന്നാം ഭാഗം എനിക്കുമാണ്. അങ്ങനെയാവട്ടെ എന്ന് ആടും പശുവും ആണയിട്ടു.

6. അബ്രകഡബ്ര എന്ന് പറഞ്ഞാല്‍ വെള്ളി നാണയങ്ങള്‍ ചുരത്തുമായിരുന്ന ഒരു കഴുത ഒരാള്‍ക്കുണ്ടായിരുന്നു. ഒരിക്കല്‍ ദൂരെയൊരു സ്ഥലത്ത് യാത്ര പോയി സത്രത്തില്‍ താമസിച്ച കഴുതയുടമ സത്രബില്ല് വന്നപ്പോള്‍ കഴുതാലയത്തില്‍ പോകുന്നത് കണ്ട സത്രയുടമ പിന്നാലെ ചെന്നു, മാന്ത്രികമന്ത്രം മനസിലാക്കി, സ്വന്തം കഴുതയെ മാറ്റിക്കെട്ടി. ഇതറിയാതെ യാത്ര തുടര്‍ന്ന കഴുതയുടമ മറ്റൊരു സ്ഥലത്ത്, മറ്റൊരു സത്രത്തില്‍ ചെന്നപ്പോള്‍ അബ്രകഡബ്ര എന്ന് പറഞ്ഞതും അയാള്‍ അന്തിച്ചു തിളങ്ങി - കഴുത സ്വര്‍ണ്ണ നാണയങ്ങള്‍ ചുരത്തുന്നു! സ്വന്തം കഴുതക്കും സിദ്ധിയുണ്ടായിരുന്നെന്ന് സത്രക്കാരന് അറിഞ്ഞുകൂടായിരുന്നു!

3 comments:

K@nn(())raan*خلي ولي said...

എഴുതിയതൊക്കെ നാല് പേരെ കാണിക്കാന്‍ മടിക്കുന്നതെന്തിനു!?

ആശംസകള്‍
പോസ്റ്റ്‌ ഇട്ടാല്‍ മെയില്‍ അയക്കാമോ?
kannooraan2010@gmail.com

സുനില്‍ കെ. ചെറിയാന്‍ said...

sure, thanks.

മോഹനകൃഷ്ണന്‍ കാലടി said...

കൊള്ളാം.....

Blog Archive