Search This Blog

Saturday, February 27, 2010

number magic in our names

Kuwait Times had this ad in its classified pages a few weeks back: "Vinodkumar is changing his name to Vinodkumaar." While both names mean the same thing, the spelling change with an added 'a' means a lot to the name holder. The young Indian changed the spelling of his name because of a belief that in doing so he could bring prosperity to his life. It is Numerology, or the art and science of numbers. It's a joke for some, shock for others. It is gain-fame-through-name-game for many. At the same time, many people live by it and for it.

Vinodkumaar spoke to this writer saying he does not want to be revealed because many people are skeptic about what he considers serious. But he is in high spirits to explain the numerological system he learnt from India and indicated that my 'story' about numerology should be general since it is practiced by many all over the world. "Job security, financial prosperity and betterment in life led me to go for a name change", Vinodkumaar confessed.

The change in Vinodkumaar's name results from the added corresponding number of each letter in his name. The first letter in his name 'v'
corresponds to number 6. The resultant numbers are added up to get a two-digit number, which in turn is added to get a single digit number. In numerology numbers 0-9 stand for a meaning invoking influences on the personality types.

Since Vinodkumaar does not want to be exposed let me use my name to explain how this curious system works. The name Sunil Cherian has the following parallel numbers:

S - 3 U - 6 N - 5 I - 1 L - 3
C - 3 H - 5 E - 5 R - 2 I - 1
A - 1 N - 5

The numbers are added up to get a 2-digit sum: 3 + 6 + 5 + 1 + 3 + 3 + 5 + 5 + 2 + 1 + 1 + 5 = 40.

The number 40 is split and added this way: 4 + 0 = 4 My personality number is four and the basic characteristics of the number four are individualism, originality, inventiveness and tolerance.

Vinodkumaar doesn't explain further as to how 'change' occurs when the name is altered. He only says by associating with other number personalities, by harmonizing with the date of one's job application, choosing a phone number that is in line with one's name and the way one writes his/her address can bring about change. Vinodkumaar acknowledges his lack of deep knowledge in numerology and says when in doubt he consults his guru in India.

"Has there been any effect since the change in name?" I called Vinodkumaar again the other day. "No substantial changes, but see my story is coming in your paper", he said in a gist.

http://www.kuwaittimes.net/read_news.php?newsid=ODkyNTQ5MjE=

Friday, February 26, 2010

ലഹരിക്ക് തിരശീലയിട്ട നാടകകാരൻ‌

അഞ്ച് വർ‌ഷക്കാലമാണ് ഭാര്യ തറയിൽ ചരൽ വിരിച്ച് അതിൽ മുട്ടുകുത്തി ദിവസേന എനിക്ക് വേണ്ടി പ്രാർ‌ഥിച്ചത്. അക്കാലം ഞാൻ (ജോസഫ് ചേറ്റുപുഴ) മദ്യത്തിനും മദിരാക്ഷിക്കും അടിമയായിരുന്നു. നാടകം തന്നെ ജീവിതം‌. നാടകത്തിനായി പറമ്പ് വിറ്റിരുന്നു. ഒമ്പത് വയസുള്ളപ്പോൾ മുതൽ എൽ‌ത്തുരുത്ത് സെയിന്റ് അലോഷ്യസ് സ്‌കൂളിൽ നാടകം കളിച്ചു തുടങ്ങിയതാണ്. 1978ൽ എനിക്ക് 30 വയസുള്ളപ്പോൾ ഞാൻ എഴുതി തൃശ്ശൂർ കലാസദൻ അവതരിപ്പിച്ച ‘സർ‌ഗക്ഷേത്രം‌’ എനിക്ക് മികച്ച നടനുള്ള സം‌സ്ഥാന അവാർ‌ഡ് നേടിത്തന്നു. അന്നത്തെ കേരള ഗവർ‌ണ്ണർ ജ്യോതി വെങ്കിടാചലമാണ് അവാർ‌ഡ് സമ്മാനിച്ചത്. കൊച്ചാണ്ടി എന്ന മാനസിക വിഭ്രാന്തിയുള്ളയാളായിരുന്നു എന്റെ കഥാപാത്രം‌. ഇദ്ദേഹം ജീവിച്ചിരുന്നയാളാണ്. മകളെ നാട്ടിലെ പ്രമാണി ബലാൽക്കാരം ചെയ്തു കൊന്നതിന് ശേഷം അരയിൽ വെട്ടുകത്തിയുമായി നടന്നിരുന്ന ആളായിരുന്നു കൊച്ചാണ്ടി. ‘സർ‌ഗക്ഷേത്ര’ത്തിലെ മറ്റൊരു കഥാപാത്രം വിപ്ലവകാരി രാജൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. നാടകത്തിൽ രാജനായത് ടിജി രവിയായിരുന്നു. സം‌വിധായകൻ സി ഐ പോൾ ഫാദർ ഫെർ‌ണാണ്ടസിന്റെ വേഷമിട്ടു. കള്ളസ്വാമിയായി ജോസ് പല്ലിശേരിയുമുണ്ടായിരുന്നു. ആത്മീയതയും വിപ്ലവവും തമ്മിലുള്ള ഇഴ പിരിച്ചിലുകളായിരുന്നു നാടകത്തിന്റെ പ്രമേയം‌.


സൌത്ത് ഇന്ത്യൻ ബാങ്കിൽ ജോലിയുണ്ടായിരുന്ന ഞാൻ നാടകം കളിച്ച് ജീവിതം മറന്ന് വൻ കടക്കാരനായി. പറമ്പ് വിറ്റു, ദുബായ്ക്ക് ചേക്കേറി. ദുബായിൽ കുടും‌ബസമേതം‌. പിടിച്ചുനിൽ‌ക്കാമെന്ന സാമ്പത്തിക ഭദ്രത വന്നപ്പോൾ ഉള്ളിലെ കലാകാരൻ ഉണർ‌ന്നു. സിനിമാതാരങ്ങളെയും മിമിക്രിഗാനമേളക്കാരെയും കൊണ്ടുവന്ന് പ്രോഗ്രാമുകൾ നടത്തി. കലാഭവന് ഒന്നരക്കോടി രൂപ കളക്റ്റ് ചെയ്ത് കൊടുത്തിട്ടുണ്ട്. സ്റ്റേജ് പ്രോഗ്രാമുകൾ നടത്തി വീണ്ടും ഞാൻ പൊളിഞ്ഞു.

ആബേലച്ചൻ എന്റെ കഥയറിഞ്ഞ് കമ്മീഷനെന്നും പറഞ്ഞ് 12 ലക്ഷം തന്നു. ജീവിതവേദിയിലെ രം‌ഗങ്ങൾ ഇരുളും വെളിച്ചവും സഹിതം വന്നും പോയുമിരുന്നു. മക്കളിൽ രണ്ട് പേർ പ്രവാസികളായി. മകൾ ‘സൂത്രധാരനിലും‌’ ‘ക്രോണിക് ബാച്ലറിലും‌’ വേഷമിട്ടിരുന്നു. എന്റെ ജീവിതത്തിലുമുണ്ടായിരുന്നു സിനിമാധ്യായങ്ങൾ‌. പാദസരം, ചോര ചുവന്ന ചോര എന്നീ ചിത്രങ്ങളുടെ അസോസിയേറ്റായിരുന്നു.

ദുബായ് മറഞ്ഞു കഴിഞ്ഞ രം‌ഗമാണ്. 62 വയസ്സായി. നാടകം വിടാറായിട്ടില്ല. ഒരിക്കൽ ദുബായിൽ നിന്നും അവധിക്ക് ചെന്നപ്പോൾ നാട്ടിലെ പാടത്ത് പഴയൊരു നാടക ചങ്ങാതിയെ കണ്ടു. ഞങ്ങൾ പാടത്ത് ഒരു ചോലയിലിരുന്ന് ഏറെ നേരം പണ്ട് കളിച്ച നാടകത്തിലെ ഡയലോഗുകൾ പരസ്പരം പറഞ്ഞു. ഞാൻ സ്വയം മറന്ന് ഉറഞ്ഞു തുള്ളി. നേരമ്പോക്ക് ചൂട് പിടിക്കുന്നത് കണ്ട് ചങ്ങാതി പറഞ്ഞു, ജോസപ്പേട്ടന് വട്ടായോ? ഞാൻ പറഞ്ഞു അതേടാ കല ഒരു വട്ട് തന്നെയാണ്.

മറ്റൊരവധിക്കാലത്ത് ചെന്നപ്പോഴാണ് തൃശൂരിൽ ലോഹിതദാസ് എന്നെ പരാമർ‌ശിച്ച് പ്രസം‌ഗിച്ചുവെന്നറിയുന്നത്. ലോഹി സ്‌കൂൾ വിദ്യാർ‌ഥിയായിരിക്കേ എന്റെ നാടകം കളിച്ചിട്ടുണ്ടെന്നും ജോസഫ് ചേറ്റുപുഴ ഗുരുസ്ഥാനീയനാണെന്നുമാണ് പറഞ്ഞത്. ലോഹിയും പല്ലിശേരിയും സെബാസ്‌റ്റ്യനും കൂടി ചാലക്കുടി സാരഥി തീയറ്റേഴ്സ് തുടങ്ങുമ്പോൾ ലോഹിക്ക് എഴുതാറിയില്ലെന്ന് പറഞ്ഞയാളാണ് സെബാസ്റ്റ്യൻ‌. ലോഹി പതിയെ കണ്ടെടുക്കപ്പെടുകയായിരുന്നു.


ദുബായ് വിട്ടെങ്കിലും ഗൾ‌ഫ് നാടക പര്യടനവുമായി ഏപ്രിൽ-മെയ് മാസങ്ങളിൽ ഞങ്ങൾ വരുന്നുണ്ട്. പൂഞ്ഞാർ നവധാരയുടെ ‘കൂട്ടുകുടും‌ബ’മാണ് അവതരിപ്പിക്കുന്നത്. കുവൈറ്റിൽ എന്റെ പഴയ ശിഷ്യൻ ബാബു ചാക്കോള മുൻ‌കൈ എടുത്ത് കുവൈറ്റിലെ കൽ‌പക് തീയറ്റേഴ്സ് മേയിൽ ‘സർ‌ഗക്ഷേത്രം‌’ അവതരിപ്പിക്കുന്നു. ഇനിയിപ്പോൾ പൂഞ്ഞാർ നവധാരയുമായി കുറച്ചു നാൾ‌. അടുത്ത സീസണിൽ ചെറുന്നിയൂർ ജയപ്രസാദിന്റെ ‘തീരം കാശ്‌മീരം‌’ അവതരിപ്പിക്കും‌.
ആത്മീയ സാക്ഷ്യ സം‌ഭവ പരമ്പരകളുടെ ഒരു സിനിമ ഉദ്ദേശിക്കുന്നുണ്ട്. അതിനായി സീനായ് പ്രൊഡക്ഷൻ‌സ് എന്ന പേരിൽ ഒരു കമ്പനി രജിസ്റ്റർ ചെയ്തു. ആത്മീയത ചില ജീവിതങ്ങളിൽ വരുത്തിയ അൽ‌ഭുതങ്ങളാണ് സിനിമ പറയുക. തീയറ്റർ റിലീസും പള്ളി വഴി ഡിവിഡി വിതരണവും / മാർ‌ക്കറ്റിങ്ങും ആലോചിക്കുന്നുണ്ട്.

അഞ്ച് വർ‌ഷം ചരലിൽ മുട്ടുകുത്തി പ്രാർ‌ഥിച്ച ഭാര്യക്ക് സാന്ത്വനമുണ്ടായി. ഞാനിന്ന് ലഹരി വിമുക്തനാണ്. കല മാത്രമാണ് ലഹരി.

Thursday, February 18, 2010

സില്‍മാക്കഥ

വയസ്സായവര്‍ ഭാരമാകുന്നതും അവരെ ഓള്‍ഡ് ഏയ്ജ് ഹോമുകള്‍ക്ക് എറിഞ്ഞ് കൊടുക്കുന്നതും 'തിങ്കളാഴ്ച നല്ല ദിവസം' മുതല്‍ക്കാണെന്ന് തോന്നുന്നു പ്രചുര പ്രചാരത്തിലാണ്. നമ്മുടെ പുതിയ കഥയില്‍ 'ദയാവധ'മാവട്ടെ വിഷയം. 'താളവട്ട'ത്തിലേതോ 'സദയ'ത്തിലേതോ പോലെയല്ല, ശല്യമൊഴിവാക്കാനാണ്, 'അയാള്‍' മുത്തച്ഛനെയോ മുത്തശ്ശിയെയോ ദയാവധം ചെയ്യുന്നത്. ഈ കഥയില്‍ 2 പ്രശ്‌നങ്ങളുണ്ട്.

1. നായകന്‍ (മലയാള സിനിമയിലാണെങ്കില്‍) വില്ലനല്ലാത്ത വയസ്സ് ചെന്ന ഒരാളെ കൊല്ലുന്നത് മഹാപാപം.
വഴിയുണ്ട്. നായകന്‍ മറ്റൊരാളെ ആ പുണ്യദൌത്യം ഏല്‍പ്പിക്കട്ടെ.
ദെന്താ? ഈ വെള്ളരിക്കാ പട്ടണത്തില്‍ പൊലീസും നിയമോം ഒന്നുമില്ലേ?
അവിടെയാണ്, റിലീജ്യസ് കള്‍ട്ടുകള്‍ നമ്മടെ രക്ഷക്കെത്തുന്നത്. ക്വട്ടേഷന്‍ മേയ്ക്കമോതിരം പോലെ പഴയ ഫാഷനായി.
മുത്തപ്പനെ - പ്രിഫറബ്ളി മുത്തപ്പി, അല്‍പം കണ്ണീര്‍ വീണാല്‍ നഷ്ടമൊന്നുമില്ല - അപ്പോ മുത്തപ്പിയെ ഒരു കള്‍ട്ട്-സംഘത്തെ ഏല്‍പ്പിക്കുക. അവര്‍ ഒരു പുണ്യകര്‍മ്മത്തിനിടെ ആ കര്‍മ്മം ചെയ്താല്‍ ചോദ്യമില്ല.

2.അപ്പോള്‍പ്പിന്നെ അടുത്ത പ്രശ്‌നം. നമ്മുടെ നായകനെന്താ പണി? വേറെ വല്ലോരും ചെയ്യുന്ന കര്‍മ്മത്തിനിടെ അദ്ദേഹത്തിന്‍റെ പ്രാധാന്യം വയോജനങ്ങളുടേത് പോലെ മങ്ങി നരക്കില്ലേ?
ഈ മലയാള സിനിമക്ക് തിരക്കഥ ചമക്കുന്നത് വല്യ പണിയാണേ!

future eye theater

Wednesday, February 10, 2010

പുത്തഞ്ചേരിയുടെ പ്രണയവർ‌ണ്ണങ്ങൾ‌

നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളെ ഏത് അപൂർ‌വ തപസിനാലാണ് സ്വന്തമാക്കിയതെന്ന് ആശ്ചര്യപ്പെടുന്ന കാമുകൻ അവളുടെ കണ്ണിലുള്ള കനവൂതാതെ മെല്ലെയൊന്ന് പാടിയുണർ‌ത്തുന്നത് ചാരെ നിന്ന നിഴൽ പോലുമറിയാതെയാണ്. പവിഴവാർ‌ത്തിങ്കളറിയാതെ പ്രണയ തൽ‌പത്തിലമരാൻ വാ എന്ന് ക്ഷണിക്കുന്നതാണ്, നിനക്കെന്റെ മനസിന്റെ മലരിട്ട വസന്തത്തിൽ മഴവില്ലു മെനഞ്ഞു തരാം എന്ന് മോഹിപ്പിക്കുന്നതാണ്, ഒരു മുളം തണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ ഈണങ്ങൾ ഏറ്റു വാങ്ങാം എന്ന് ആണയിടുന്നതാണ്, നീ തൊട്ടുണർ‌ത്തുമ്പോൾ നക്ഷത്രമാകും ഞാൻ‌ എന്ന് പ്രഘോഷിക്കുന്നത്..... ഒക്കെയാണ് പ്രണയം‌.

നാഗഫണക്കാവിൽ തെളിഞ്ഞു കത്തും കൽ‌വിളക്കിൻ സ്വർ‌ണ്ണനാളമായ അവളോട് അകത്തമ്മയായി അകത്തളം വാഴാമോ എന്ന് അനുവാദം ചോദിക്കാനുള്ള മനസുള്ള, പ്രണയം മുഴുവനും അഴകിനോട് പറയാൻ മറന്ന, എന്നാലും എന്നാളും എന്റേതല്ലേ, എന്റെ എല്ലാമെല്ലാമല്ലേ എന്തിനാണീ പരിഭവമെന്നു ചോദിക്കുന്ന നായകൻ‌. കാലൊച്ചയില്ലാതെ വന്നപ്പോൾ പാവം ഗോപികപ്പെണ്ണിന്റെ തൂവെണ്ണക്കിണ്ണം കാണാതായി എന്നും‌, കടൽ‌ത്തിരയിൽ വീണൊഴുകുന്ന തിങ്കൾ പോലെ കാത്തു നിന്നിട്ടും എന്തേ നെറുകയിലൊരു മുത്തം തന്നില്ലായെന്നും പണ്ടേ എന്നോടൊന്നും മിണ്ടീല എന്നും അവൾ‌. കാമുകന് കിടക്കാനുള്ള രാമച്ചക്കിടക്കയാകാനും മീട്ടാനുള്ള വരരുദ്ര വീണയാകാനും പോന്നവൾ‌ അവൾ‌.

ചിലപ്പോൾ പ്രണയം ഉരുകും വേനൽ‌പ്പാടം കടന്നെത്തുന്ന രാത്തിങ്കൾ പോലെയാവും‌. തീനാളമാവും‌. ഇടനെഞ്ചിൽ പ്രാവുകൾ കുറുകുന്നത് പോലാവും‌. ഒരു ചിരി കണ്ടാൽ കണി കണ്ടാൽ അതു മതി. പുലർ‌മഴയിൽ ആർ‌ദ്രഹൃദയത്തോടെ ആദ്യമായി മനസിന്റെ ജാലകം തിരയുന്നയാളെ ഓർ‌ത്ത് രാവേറെയായിട്ടും തീരെ ഉറങ്ങാതെ പുലരും വരെ വരവീണയിൽ ശ്രുതിമീട്ടും‌; ചന്ദനവളയിട്ട കൈയാൽ പൂക്കളമെഴുതുമ്പോൾ പിറകിലൂടെ വന്ന് കണ്ണു പൊത്തും‌; സന്ധ്യാരാഗം കാറ്റിൻ ചിറകണിയാൻ നേരത്ത് അവളുടെ പാട്ടിലെ സ്വരങ്ങൾ അവന്റെ മനസിൽ തേൻ‌വണ്ടായി പറക്കും‌. കൊന്നമലരാൽ കോടിയുടുത്തൊരു മേടനിലാവാകും അവൾ‌; ചന്ദ്രകാന്തങ്ങൾ മിന്നി നിൽ‌ക്കുന്ന ചൈത്രരാവാകും‌. അപ്പോൾ വ്രീളാവിവശം പാടും ഗോപീ ഹൃദയ വസന്ത പതം‌ഗം‌.

ലേ ഓഫ് ലിറ്റ്: സാഹിത്യത്തിലെ പുതിയ ട്രെന്‍ഡ്?

നഷ്ടസൌഭാഗ്യം സാഹിത്യത്തില്‍ ഉയിര്‍ത്തെണീക്കുന്നു. നഷ്ടവ്യക്തികളുടെ സ്ഥാനത്ത് ജോലി, വീട്, നിക്ഷേപം ആദിയെന്ന കാലിക വ്യത്യാസം മാത്രം. നവംബറിന്‍റെ നഷ്ടം എന്ന് പറഞ്ഞിരുന്നത് വിശാലാര്‍ഥത്തില്‍ 2009 - ന്‍റെ നഷ്ടം എന്ന് പറയാം. സാമ്പത്തിക മാന്ദ്യത്തെ ചരിത്രപരിസരത്ത് നിന്ന് മാത്രമല്ലാതെ അനുഭവങ്ങളുടെ ചൂരോടേയും ഭാവനയുടെ 'പന്‍ഡോറ'കളില്‍ നിന്നും കാണുന്ന പുതിയ പുസ്തകങ്ങള്‍ സാഹിത്യവിപണി ഭരിക്കാനല്ലെങ്കിലും അലങ്കരിക്കുന്നെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടുന്ന മനുഷ്യന്‍ - ഡാംസെല്‍ ഇന്‍ ഡിസ്ട്രസ് എന്നൊക്കെ പറയുന്നത് പോലെ - പുതിയ കാലത്തിന്‍റെ പ്രതീകമാണ്. മറ്റൊരാളുടെ കഷ്ടതയിലൂടെ കടന്നു പോകുക എന്ന സുഖ-ദു:ഖാനുഭവമാണ്, പുതിയ ട്രാജിക് നായകന്‍ വായനക്കാരന്, ചിലര്‍ക്ക് താദാത്മ്യം പ്രാപിക്കാനുള്ള അവസരവും, നല്‍കുന്നത്.

നോണ്‍-ഫിക്‌ഷന്‍ വിഭാഗത്തില്‍ 'ഹൌസ് & ഗാര്‍ഡന്‍' മാഗസിന്‍ എഡിറ്റര്‍ ഡൊമിനിക് ബ്രൌണിങ്ങ് എഴുതിയ 'സ്‌ലോ ലവ്' ഫെബ്രുവരിയില്‍ പുറത്തിറങ്ങും. എങ്ങനെ അതിവേഗപാതയില്‍ നിന്നും പുറത്തായെന്നും ഒരേ പജാമ ഏറെ നാളത്തേക്ക് ഉപയോഗിക്കേണ്ടി വന്നെന്നും അയവിറക്കുന്ന ദു:ഖ സ്മരണകളാണ്, സ്‌ലോ ലവ്. നോവലുകളില്‍ 'ദിസ് ഇസ് വേര്‍ വി ലിവ്' ലൊസാന്‍ചലസിലെ ഒരു കൂട്ടം ജപ്തി ചെയ്യപ്പെടുന്ന വീടുകളുടെ രേഖാചിത്രം വരക്കുന്നു. ഇത്തരുണത്തിൽ ഒരു കൂട്ടം പുസ്തകങ്ങളാണ് ഈ വർ‌ഷം പുറത്തു വരാനിരിക്കുന്നത്.

സാമ്പത്തികശാസ്ത്രത്തില് ‍നൊബേല്‍ സമ്മാനിതനായ കൊളമ്പിയ യൂണിവേഴ്സിറ്റി പ്രഫസര്‍ ജോസഫ് സ്‌റ്റിഗ്ലിറ്റ്‌സിന്റെ പുതിയ പുസ്തകം‌, ‘ഫ്രീ ഫാള്‍’ റിസഷന്റെ വേരു കീറി പരിശോധിക്കുന്നുവെന്ന് റിവ്യൂകാരന്‍മാരുടെ അഭിപ്രായം‌. ബാലന്‍സ് തെറ്റിയ ബാങ്കുകള്‍, പുറം‌പകിട്ട് മാത്രമുള്ള പണയ വ്യവസായം‌, ഹിംസ്രജന്തുസ്വഭാവസമാനമായ വായ്പ സമ്പ്രദായം‌, കടിഞ്ഞാണില്ലാത്ത കച്ചവടം‌ മുതലായ ഘടകങ്ങള്‍ എങ്ങനെ സാമ്പത്തിക ഹിമാലയത്തെ ഉരുക്കിയെന്ന് പഠിക്കുന്ന ‘സ്വതന്ത്ര വീഴ്ച’യില്‍ ഒബാമ ഭരണകൂടത്തേയും പ്രതിക്കൂടിന് പുറത്തു നിര്‍ത്തുന്നില്ല സ്‌റ്റിഗ്ലിറ്റ്‌സ്. മാര്‍ക്കറ്റ് ഫണ്ടമെന്റലിസം - കെട്ടഴിച്ചു വിട്ട മാര്‍ക്കറ്റ് സാമ്പത്തികാഭിവൃദ്ധിയുണ്ടാക്കുമെന്ന അഭിപ്രായം - എന്നത്തേയും പോലെ പുതിയ പുസ്തകത്തിലും ഈ സാമ്പത്തിക ശാസ്ത്രജ്ഞന്റെ വിമർ‌ശനത്തിന് പാത്രമാണ്. ലാഭങ്ങളുടെ സ്വകാര്യവല്‍ക്കരണവും നഷ്ട്ങ്ങളുടെ സോഷ്യലിസവുമുള്ള പുതിയ ബദല്‍ മുതലാളിത്തം ജൻ‌മം കൊടുക്കുക കുറേക്കൂടി വലിയ പ്രതിസന്ധികളെ ആയിരിക്കുമെന്നാണ് ‘വീഴ്ച’യുടെ മുന്നറിയിപ്പ്.

‘അപ്പഴേ പറഞ്ഞില്ലേ’ മോഡല്‍ പഠനങ്ങളും റിസഷന്‍ ബലിമൃഗങ്ങള്‍ അനുഭവങ്ങളും പ്രതിസന്ധിയില്‍ തളരാതെ വീണ്ടും ചലിക്കുന്ന ചക്രകഥകളും കൊണ്ട് പുസ്തക മാര്‍ക്കറ്റ് സമൃദ്ധമാണെന്ന് സാരം‌. ഏതൊരു ഉല്‍പ്പന്നത്തേയും പോലെ വായനക്കാരന് പുസ്തകങ്ങളില്‍ നിന്നും അറിഞ്ഞ ഒരു ഗുണപാഠം ഇവിടേയും പ്രയോഗിക്കാം‌ - അല്‍പം ഭേദഗതിയോടെ: തല്ലേണ്ടത് തല്ലുക; കൊല്ലേണ്ടത് കൊല്ലുക.

ഉപക്രമം

പഞ്ഞകാലത്ത് ആളുകള്‍ എന്‍റര്‍ടെയിന്‍റ്മെന്‍റിനായി കൂടുതല്‍ പണം ചെലവാക്കുമെന്നാണ്, എഴുതപ്പെടാത്ത പ്രണാമം. ഏറ്റവും കൂടുതല്‍ പണം വാരിപ്പടമെന്ന ലോകറെക്കോഡിലേക്ക് കുതിക്കുന്ന 'അവതാര്‍' സംവിധായകനെക്കുറിച്ചുള്ള പുസ്തകം, 'ദ ഫ്യൂച്ചറിസ്റ്റ്: ദ ലൈഫ് ആന്‍ഡ് ഫിലിംസ് ഒഫ് ജെയിംസ് കാമറൂണ്‍' അമേരിക്കയില്‍ ബെസ്റ്റ് സെല്ലറാണ്. റബേക്ക കീഗന്‍ എഴുതിയ ജീവചരിത്രമെന്ന് വിളിക്കാവുന്ന പുസ്തകത്തില്‍ കുട്ടിയായ കാമറൂണ്‍ കുപ്പി കൊണ്ട് മുങ്ങിക്കപ്പല്‍ നിര്‍മ്മിച്ച് അതില്‍ ഒരു എലി സഹിതം നയാഗ്രയിലൂടെ വിട്ടു പോലുള്ള സാഹസികതകളൊക്കെയുണ്ട്. കാമറൂണ്‍ ഓസ്കാര്‍ നേടുകയും ടൈം മാഗസിന്‍ പേഴ്സണ്‍ ഒഫ് ദി ഇയര്‍ ആവുകയും കൂടി ചെയ്താല്‍ പുസ്തകലോകത്തും മറ്റൊരു കളക്‌ഷന്‍ റെക്കോഡാവും.

http://chintha.com/node/65450

Friday, February 5, 2010

പ്രിയനന്ദനന്‍ പറഞ്ഞ കഥ

വാന്‍ഗോവ് പറഞ്ഞിട്ടുണ്ട് മനുഷ്യന്റെ ദുര്യോഗങ്ങള്‍ പൊഴിയുന്ന പക്ഷിത്തൂവലുകള്‍ പോലെയാണെന്ന്. പൊഴിയുന്നത് പുതിയ തൂവലുകള്‍ക്ക് വേണ്ടിയാണെന്ന ബോധമുണ്ടെങ്കില്‍ ആ ആത്മവിശ്വാസം മതി നമുക്ക്. 'നെയ്ത്തുകാരന്‍' ചെയ്യുമ്പോള്‍ ആ ഇച്ഛാശക്തി മാത്രമായിരുന്നു എന്റെ കൂട്ട്. ജനങ്ങളില്‍ നിന്നും പണം പിരിച്ചാണ്, (ഫിലിം പീപ്പ്‌ള്‍ ബാനര്‍) നെയ്ത്തുകാരന്‍ സാക്ഷാത്ക്കാരമായത്. അന്ന് എന്റെ വീട് ഓലപ്പുരയായിരുന്നു. നാഷണല്‍ അവാര്‍ഡ് കിട്ടിയ 'പുലിജന്‍മ'ത്തിന്, ശേഷം ഇപ്പോള്‍ കുറച്ചുകൂടി ഭേദപ്പെട്ട വീട് വച്ചു. പുതിയ ചിത്രം 'സൂഫി പറഞ്ഞ കഥ'യോടെ ജീവിതം മാറുന്നില്ല. സിനിമയുടെ ഓരം ചേര്‍ന്നു പോകുന്ന ഒരാള്‍ മാത്രമാണ്, ഞാന്‍. (കാര്‍ത്തിയില്‍ നിന്നും സുഹ്‌റയിലേക്കുള്ള ഒരു യുവതിയുടെ പരിവര്‍ത്തനത്തിലൂടെ -'മതം മാറീന്ന് വച്ച് അമ്മയില്ലതിരിക്കുമോ' എന്ന് കാര്‍ത്തിയെന്ന സുഹ്‌റ - മലബാറിന്‍റെ സാംസ്കാരിക പശ്ചാത്തലത്തിലൂടെ കാലത്തിന്‍റെ പുഴ കടക്കുന്ന ഒരു ജനതയുടെ ചിത്രം വരക്കുന്നു 'സൂഫി'യിലൂടെ പ്രിയനന്ദനന്‍. ചിത്രം ഫെബ്രു 19ന്, റിലീസ്. ).

ഏഴാം ക്ളാസ് വിദ്യാഭ്യാസം മാത്രമുള്ള ഞാന്‍ ചലച്ചിത്രകാരനായതിന്, പിന്നില്‍ ഒരുപാട് അലച്ചിലുകളുണ്ട്. വല്ലച്ചിറ ഗ്രാമമുണ്ട്; 49 വര്‍ഷമായി അവിടെ നടക്കുന്ന നാടന്‍ ഉല്‍സവങ്ങളുണ്ട്; ജോസ് ചിറമ്മലിനേയും മറ്റും ഞങ്ങളുടെ നാട്ടിലേക്ക് വരുത്തി പരീക്ഷണങ്ങള്‍ക്ക് എടുത്തു ചാടിയ നാടക പശ്ചാത്തലമുണ്ട്. പിന്നെ ഒരുപാടൊരുപാട് നാടകങ്ങള്‍ സ്വന്തം സംവിധാനത്തില്‍ ചെറുതും വലുതുമായി ചെയ്ത കാലമുണ്ട്. ജൂലിയസ് സീസര്‍, ബഷീറിന്‍റെ പ്രേമലേഖനം, ജോയ് മാത്യുവിന്‍റെ സങ്കടല്‍..അങ്ങനെ എത്രയോ നാടകങ്ങൾ! 'മുദ്രാരാക്ഷസം' ഞങ്ങള്‍ ഡല്‍ഹിയില്‍ അവതരിപ്പിക്കുമ്പോള്‍ വല്ലച്ചിറയിലെ തൊഴിലാളികളായിരുന്നു അഭിനേതാക്കള്‍.

ഒരിക്കല്‍ അടുത്തുള്ള ഗ്രാമത്തില്‍ നാടകം അവതരിപ്പിക്കാന്‍ ഞങ്ങള്‍ പോയി. നാട്ടുമ്പുറത്തെ ഒരു പറമ്പിലാണ്, അവതരണം. ഇടക്ക് മൂത്രമൊഴിക്കാന്‍ പോയ ഞാന്‍ കുപ്പിച്ചില്ല്, നിറഞ്ഞ കുഴിയില്‍ വീണു. കര കയറിയെന്ന് കരുതിയ അപകടം പിന്നേയും എന്‍റെ തലയില്‍ വീണു അഥവാ വീണുകൊണ്ടിരുന്നു. അപകടങ്ങളുടെ ഒരു തുടരന്‍. വീട്ടില്‍ എല്ലാവരും പറഞ്ഞു ജ്യോല്‍സരെക്കൊണ്ട് പ്രശ്‌നം വയ്‌പ്പിക്കാന്‍. ചെറുപ്പത്തിലേ മരിച്ച അച്ഛന്‍റെ ആത്മാവ് ഗതി കിട്ടാതെ അലയുകയായിരിക്കുമെന്നൊക്കെ പറച്ചിലുണ്ടായി. ഞാന്‍ പറഞ്ഞു അച്ഛന്‍ അങ്ങനെ നടക്കട്ടെ. ഞാനും ഇങ്ങനെയൊക്കെ നടന്നോട്ടെ. അന്ധവിശ്വാസങ്ങളെന്നു കരുതപ്പെടുന്നവക്ക് എന്നെ ഒന്നും ചെയ്യാനാവില്ലെന്നേ ഞാന്‍ കരുതുന്നുള്ളൂ. അവ പക്ഷെ ഒരു ദേശത്തിന്‍റെ സംസ്കാരത്തിന്‍റെ ഭാഗമാണ്. നാടകമെന്നതു പോലെ തന്നെ.

നാടകം മരിച്ചിട്ടൊന്നുമില്ല. അത് അതിജീവനത്തിന്‍റെ പാതയിലാണ്. ത്രിശൂരില്‍ നടന്ന അന്താരാഷ്ട്ര നാടകോല്‍വസത്തില്‍ കാണികള്‍ക്ക് ഒട്ടും കുറവില്ലായിരുന്നു. പലയിടങ്ങളില്‍ നിന്നും വന്ന നാടകപ്രവര്‍ത്തകര്‍ പറഞ്ഞത് അവരുടെ ഗവണ്‍മെന്‍റ്, ഇത്തരം കലാപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായമടക്കം അകമഴിഞ്ഞ പ്രോല്‍സാഹനം നല്‍കുന്നെന്നാണ്. നമ്മുടെ നാടകരംഗത്ത് അത്തരമൊരു സ്ഥിതിയാണോ ഉള്ളത്? അധികാരത്തിന്‍റെ അനുഗ്രഹം ഇല്ലാതിരിക്കുമ്പോഴും നാടകപ്രേമികളുടെ ഇച്ഛാശക്തി അതിന്‍റെ തനത് ഊര്‍ജ്ജം കാട്ടുമെന്നതിന്‍റെ തെളിവാണ്, കുവൈറ്റിലെ 'ഫ്യൂച്ചര്‍ ഐ തീയറ്റര്‍'. 'ഫ്യൂച്ചര്‍ ഐ' പ്രവര്‍ത്തകര്‍ നടത്തിയ നാടകപരിശീലനകളരിക്കിടെ ഒരാള്‍ എന്നോട് ചോദിച്ചു: എന്തുകൊണ്ട് നാടകരം‌ഗത്ത് നിന്നും സിനിമയിലേക്ക് നടീനടന്മാർ വരുന്നില്ല? അങ്ങനെ ചോദിച്ചാൽ ഞാനെന്തു പറയാനാണ്? സിനിമയിലേക്ക് വരാനുള്ള വാതിലാണോ നാടകം‌? രണ്ടും രണ്ടാണ്.

നെയ്ത്തുകാരനായിരുന്നില്ല ആദ്യചിത്രമായി മനസിലുണ്ടായിരുന്നത്. വൈശാഖന്‍റെ 'സമയം കടന്ന്' എന്ന ചെറുകഥയായിരുന്നു എന്‍റെ സ്വപ്‌നം. കഥകള്‍ക്കൊന്നും ക്ഷാമമില്ല. 'ഭുജംഗയ്യന്‍റെ ദശാവതാരങ്ങള്‍' ആണ്, ഈയിടെ വീണ്ടും വായിച്ചത്. അത് സിനിമയാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. അംബികാസുതന്‍ മാങ്ങാടിന്‍റെ തെയ്യക്കോലത്തെക്കുറിച്ചുള്ളൊരു കഥ ചെയ്യണമെന്നുണ്ട്. സിനിമക്ക് പറ്റിയ കഥയില്ലെന്ന് പറയുന്നത് ശരിയല്ല. എഴുത്തുകാര്‍ക്കും കുറവില്ല. ഇപ്പോഴത്തെ സിനിമാ പ്രവര്‍ത്തകര്‍ക്ക് കാത്തിരിക്കാന്‍ ക്ഷമയില്ലെന്ന കുറവേയുള്ളൂ.

ബാക്കി വെക്കാന്‍ കൊള്ളാവുന്ന എന്തെങ്കിലും ചെയ്യാനാണ്, ഞാന്‍ ശ്രമിക്കുന്നത്. ഓ, എന്തു ചെയ്തിട്ടെന്താ ലോകം നന്നാവില്ല എന്ന വിചാരമല്ല, നമുക്ക് മുന്‍പിലുണ്ടായിരുന്നവരുടെ വിയര്‍പ്പിന്‍റെ തണലിലാണ്, നാമിപ്പോള്‍ എന്ന് കരുതുക. 'മറക്കുടക്കുള്ളിലെ മഹാനരകം' കഴിഞ്ഞപ്പോള്‍ ഒരു കുടയാണ്, കീറിപ്പോയത്. കലാകാരന്‍മാര്‍ മരം നടുകയാണ്, വേണ്ടത്. അതിന്‍റെ തണല്‍ എന്നെങ്കിലും വിരിയാതിരിക്കില്ല.

നാടകഭൂതവര്‍ത്തമാനങ്ങള്‍

നന്‍മ-തിന്‍മകള്‍ മനുഷ്യാത്മാക്കളുമായി ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞിരുന്ന പതിനഞ്ചാം നൂറ്റാണ്ടിലെ ധാര്‍മ്മിക നാടകങ്ങള്‍ക്ക്‌ ഇപ്പോഴും നല്ല വളക്കൂറുള്ള മണ്ണാണ്, കേരളത്തിലെ ഉത്സവനാടകവേദികള്‍. കഷ്ടവശാല്‍ ധാര്‍മ്മികതയെപ്പോലെ ഉത്സവനാടകങ്ങളും ഇപ്പോള്‍ അന്ത്യരംഗം കളിച്ചു കൊണ്ടി രിക്കുകയാണ്. ഇംഗ്ളീഷ്‌ നാടകക്രുത്ത്‌ ജോണ്‍ സ്കെല്‍ട്ടന്‍റെ 'മാഗ്‌നിഫിസന്‍സ്‌' എന്ന പദ്യനാടകത്തിലെ (1515) പ്രധാന കഥാപാത്രം സ്വന്തം ഉദാരതയാല്‍ മലീമസമാവുകയും നന്‍മകളുടെ അമൂര്‍ത്ത കഥാപാത്രങ്ങള്‍ സ്റ്റേജില്‍ പ്രത്യക്ഷപ്പെട്ട്‌ സംവദിച്ചതിനാല്‍ 'വിവേകി'യായിതീരുകയും ചെയ്ത പോലെ ഒരു ശുദ്ധികലശം നമ്മുടെ നാടകവേദിയിലും സംഭവിക്കേണ്ടിയിരിക്കുന്നു. ആര്‍ട്ടിസ്റ്റ്‌ സുജാതന്‍ കുവൈറ്റില്‍ വപ്പോള്‍ പങ്കു വെച്ച ഒരു കാര്യം അദ്ദേഹത്തിന്റെ കൂടെ നിന്ന ഒരു സഹായി ഗള്‍ഫില്‍ ജോലി കിട്ടിപ്പോയെന്നാണ്. നല്ല നാടകശ്രമങ്ങള്‍ നാട്ടില്‍ നിന്നും കുടിയേറിപ്പോയി എന്നൊക്കെ പറയുന്നത്‌, തമിഴ്‌ രാജാപ്പാര്‍ട്ട്‌ നാടകങ്ങളിലേതു പോലെ അതിഭാവുകത്വമാര്‍ന്നതാണെങ്കിലും അതില്‍ സത്യത്തിന്‍റെ പല്ലി ചിലക്കുന്നുമുണ്ട്‌.

കുവൈറ്റില്‍ മലയാള നാടകപ്രേമികളുടെ പുതിയ സംഘം, 'ഫ്യൂച്ചര്‍ ഐ' ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദനന്‍ ഫെബ്രുവരി ആദ്യവാരം ഉദ്ഘാടനം ചെയ്യുന്നത് പ്രവാസി മലയാളികള്‍ക്ക് ഈ രംഗകലയോടുള്ള ആദരവിന്, തിരശ്ശീല വീണിട്ടില്ലെന്ന് മറയില്ലാതെ കാട്ടുന്നു.
മല്ലയുദ്ധങ്ങള്‍ നടത്താന്‍ പുരാതന ഗ്രീസില്‍ നിര്‍മ്മിക്കപ്പെട്ടിരുന്ന ആംഫി തിയറ്ററില്‍ നിന്നും ജനമദ്ധ്യത്തില്‍ നാടകം കളിക്കുന്ന അരീനാ തീയറ്ററിന്‍റെ ആധുനിക വ്യതിയാനങ്ങളിലേക്കുള്ള നാടകത്തിന്‍റെ വളര്‍ച്ചക്ക് ഒരു മുഴുനീള സംഭവ വികാസ നാടകത്തിന്‍റെയത്രയും ആദിമധ്യാന്ത ചമല്‍ക്കാരമുണ്ട്. ഷേക്സ്പിയര്‍-ചരിത്ര നാടകങ്ങളുടെ യവനിക ഉയരും മുന്‍പ്‌ ക്രിസ്റ്റഫര്‍ മാര്‍ലോയുടെ നാടകങ്ങള്‍ - പ്രത്യേകിച്ച്‌ എഡ്‌വേഡ്‌, ഡോക്ടര്‍ ഫോസ്റ്റസ്‌ - വരാനിരിക്കുന്ന ഒരു യുഗത്തിന്‍റെ കാഹളമൂതിയിരുന്നു. ചെകുത്താന്, സ്വന്തം ആത്മാവ്‌ വില്‍ക്കുന്ന ഡോക്ടര്‍ ഫോസ്റ്റസ്‌ ഒരര്‍ഥത്തില്‍ മാക്ബെത്തിന്‍റെ മുന്‍ഗാമിയാണ്. ഷേക്സ്പിയറിന്‍റെ നാടകങ്ങളില്‍ പലതിന്‍റേയും പിത്രുത്വം ഇംഗ്ളീഷ്‌ തത്വചിന്തകന്‍ ഫ്രാന്‍സിസ്‌ ബേക്കണില്‍ ആരോപിക്കപ്പെടുന്നുണ്ടെങ്കിലും ഷേക്സ്പിയര്‍ യുഗം അടിച്ച ഫസ്റ്റ്-ബെല്‍-ധ്വനി ഇന്നും നാടകവേദിക്ക്‌ ഇഷ്ടനാദമാണ് - വിശേഷിച്ചും നായക കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച്‌ സ്രുഷ്ടിക്കപ്പെടുന്ന നാടകങ്ങളില്‍. 'സ്വഭാവം വിധിയാണു' എന്ന ഷേക്സ്പീരിയന്‍ മന്ത്രം നാടക രചനകളില്‍ അനശ്വര തന്ത്രവുമായി.

കുറ്റബോധത്താല്‍ 'നീറി മരിക്കുന്ന' മെലോഡ്രാമകളുടെ ഗദ്ഗദം വിളിച്ചറിയിച്ച സെന്‍റിമെന്‍റലിസം ഒരു തീരാ വ്യാധിയായി മാറിയത് കൊണ്ടായിരിക്കാം ചിരി മറു മരുന്നായി പതിനെട്ടാം നൂറ്റാണ്ടില്‍ പാശ്ചാത്യ നാടകങ്ങളില്‍ രംഗപ്രവേശം ചെയ്തത്‌. ചിരിപ്പിക്കുക എന്ന ശ്രമകരമായ ജോലിക്ക്‌ എളുപ്പ വഴി അപഹസിക്കുക എന്നതായിരുന്നു. ഇറ്റാലിയന്‍ ഓപറകളെ കളിയാക്കിയുള്ള 'ദ ബേഗ്ഗേഴ്സ്‌ ഓപറ' (1728) ഇത്തരം 'ബര്‍ലസ്ക്‌' നാടകങ്ങളെ ഓന്നാന്തരമായി പ്രതിനിധീകരിക്കുന്നു. ഭാഷയിലെ ഹാസ്യം വിഷയമാക്കിയ ഷെറിഡാന്‍റെ 'റൈവല്‍സി'ല്‍ നിന്നും വാക്കുകള്‍ സ്ഥാനം തെറ്റി ഉപയോഗിക്കുന്ന മിസ്സിസ്‌ മാലപ്രോപ്‌ എന്ന കഥാപാത്രവും അങ്ങനെ മാലപ്രോപിസം എന്ന വാക്കും പിറന്നു വീണു. വിക്റ്റോറിയന്‍ കാപട്യങ്ങളെ തുരന്നു കാട്ടാനായിരുന്നു അനന്തരം നാടകങ്ങളുടെ ശ്രമം.

ബെര്‍ണാഡ്‌ ഷായുടെ 'പിഗ്‌മാലിയനിലെ' പാകത പ്രാപിക്കുന്ന പെണ്‍കുട്ടിയെ പോലെയായി ആധുനിക നാടകരംഗം. സാമൂഹികതയിലേക്ക്‌ തിരശീല കീറി തുറന്നു ഇബ്സന്‍റേയും ബക്കറ്റിന്‍റേയും മറ്റും നാടകങ്ങള്‍. രണ്ട് നാടോടികള്‍ ഒരിക്കലും വരാത്ത ഒരാളെ കാത്തിരിക്കുന്ന വിഷയം (വെയ്റ്റിങ്ങ്‌ ഫോര്‍ ഗോദോ) അനേക മടങ്ങ്‌ വ്യഖ്യാനങ്ങള്‍ക്ക്‌ പ്രചോദനമായി. മിഡില്‍ ക്ളാസ്‌ കുടുംബ-സാമൂഹ്യവ്രുത്തങ്ങളില്‍ വട്ടം ചുറ്റിയിരുന്ന പതിവ്‌ തെറ്റിച്ച്‌ (നാടകം നാട്ടകമായും വീട്ടകമായും), കാണാത്ത മാനുഷിക ലോകങ്ങളിലേക്ക്‌ വെളിച്ചം വീശി അബ്സേഡ്‌ നാടകങ്ങള്‍. യുവത്വത്തിന്‍റെ ക്രോധം, ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍, അസ്തിത്വ പ്രശ്നങ്ങള്‍ തുടങ്ങിയവയായി പിന്നീട്‌ നാടകം അഭിമുഖം ചെയ്ത കാര്യങ്ങള്‍. 'എ ടെയ്സ്റ്റ്‌ ഒഫ്‌ ഹണി' എന്ന 1958 നാടകത്തില്‍ ടീനേജ്കാരിയായ ഒരമ്മയുടെ കുട്ടിയെ സ്വവര്‍ഗാനുരാഗിയായ ഒരു പുരുഷന്‍ വളര്‍ത്തുന്നതായാണു ചിത്രീകരണം. സാഹചര്യങ്ങളാല്‍ ചങ്ങലയിലാക്കപ്പെട്ട്‌ വിവരണാതീതമായ വെല്ലുവിളികളെ നേരിടാന്‍ വയ്യാത്ത കഥാപാത്രങ്ങളാല്‍ നിറഞ്ഞു പൊതുവേ ഹരോള്‍ഡ് പിന്‍ററുടേയും ടോം സ്റ്റൊപ്പാഡിന്‍റേയും ബഹളമയമല്ലാത്ത നാടകങ്ങള്‍. ഒരു ശിശുവിനെ കല്ലെറിയുന്ന രംഗമുള്ള എഡ്‌വേഡ്‌ ബോണ്ടിന്‍റെ സേവ്ഡ്‌ (1965) എന്ന നാടകം നിരോധിക്കപ്പെട്ടതിനു മൂകസാക് ഷ്യം വഹിച്ചു അറുപതുകളുടെ അന്ത്യപാദം.

രാഷ്ട്രീയാശയങ്ങള്‍ പ്രചരിപ്പിക്കാനും നാടകം മാധ്യമമായി ഉപയോഗിച്ചിരുന്ന ബ്രെഹ്ത് (1898-1956) കാണികളെ 'വസ്തുനിഷ്ഠമായി' നാടകത്തെ കാണാനും കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിക്കാതിരിക്കാനും പ്രേരിപ്പിച്ചു. നാടകത്തിലെ ആ അന്യതാബോധം കാണികളില്‍ 'ബുദ്ധിപരമായ അനുകമ്പ' സ്രുഷ്ടിക്കാനായിരുന്നു. ദാരിയോ ഫോ മുതല്‍ റ്വ്ത്വിക് ഘടക്ക് വരെയുള്ളവരില്‍ ബ്രെഹ്തിയന്‍ അനുരണനങ്ങളുണ്ടായി.

നാടകങ്ങള്‍ 'ടെലിവിഷന്‍ ഡ്രാമ'കളായി പുനരവതരിക്കുകയും സിനിമകള്‍ 'മ്യൂസിക്കല്‍സ്‌' ആയി വേഷം മാറുന്നതുമാണു പാശ്ചാത്യനാടകത്തിന്‍റെ അടുത്ത രംഗത്തില്‍ കാണുക. ഇറ്റാലിയന്‍ ചലച്ചിത്ര സംവിധായകന്‍ ഫെല്ലിനിയുടെ 'എട്ടര' അതേ പേരില്‍ സംഗീതനാടകമാവുകയും അത്‌ '9' എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം സിനിമയുമായി. പുതിയ അവതരണ രീതികളുടെ പരീക്ഷണങ്ങളില്‍ നാടകം അവതരിപ്പിക്കാനുള്ളത്‌ (ഷോ) എന്ന സങ്കേതത്തില്‍ ശ്രദ്ധയൂന്നുകയും 'ലൈവ്‌' മല്‍പ്പിടുത്തങ്ങളും രതിയും സ്റ്റേജില്‍ കാഴ്ചയിനങ്ങളുമായി.

പാശ്ചാത്യ നാടകത്തിലെ ഏറ്റവും പുതിയ സംരഭങ്ങളില്‍ ശ്രദ്ധേയമായത്‌ ന്യൂയോര്‍ക്കര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ പരമ്പര 'ആഡംസ്‌ ഫാമിലി'യുടെ നാടകാവിഷ്കാരമാണ്. 2010 മാര്‍ച്ചില്‍ ഷിക്കാഗോയില്‍ അവതരത്തിനൊരുങ്ങുകയാണു ആദം കുടുംബാംഗങ്ങള്‍.

ഇന്ത്യന്‍ നാടകരംഗം

അവതരണഗാനമായി 'നാന്ദി', നാടകം പരിചയപ്പെടുത്തുന്നതിനായി സൂത്രധാരന്‍ എന്നിങ്ങനെ 'ലക്ഷണമൊത്ത' അവതരണത്തോടെ 1870 ല്‍ ബോംബെയില്‍ അരങ്ങേറിയ 'മിഥ്യാഭിമാനിലെ' (ഗുജറാത്തി) സാമൂഹിക വിമര്‍ശനം, കാണികള്‍ക്കുള്ള ഉപദേശങ്ങള്‍, ഹാസ്യം, കണ്ണീര്‍ ചേരുവകള്‍ ആദിയായവക്ക് ശേഷം ഒടുവില്‍ 'സത്യം തെളിയുന്ന' ഫോര്‍മുലക്ക്‌ വിജയകരമായ തനിയാവര്‍ത്തനങ്ങളുണ്ടായി.

വസന്തസേന (വേശ്യ)യും ചാരുദത്തനും തമ്മിലുള്ള പ്രണയകഥ പറഞ്ഞ ശൂദ്രകന്‍റെ 'മ്രുഛകടികം' കല്‍പിത കഥയായിരുന്നതിനാല്‍ പ്രകരണം എന്നറിയപ്പെട്ടു. സംസ്ക്രുത നാടകങ്ങളുടെ ചുവടു പിടിച്ച് ആവിര്‍ഭവിച്ച നാടകങ്ങള്‍ക്ക്, പക്ഷേ റിയലിസവുമായി ആയിരുന്നു കൂടുതല്‍ ബന്ധം. 1944 ല്‍ അവതരിപ്പിച്ച ബിജന്‍ ഭട്ടാചാര്യയുടെ ബംഗാളി നാടകമായ 'നവന്ന'യില്‍ നായികാനായകന്‍മാര്‍ക്ക്‌ വര്‍ണ്ണപ്പകിട്ടുള്ള വേഷവിധാനങ്ങളില്ലായിരുന്നു. അവര്‍ ദരിദ്രരും നിദ്രാവിഹീനരുമായിരുന്നു. റെയില്‍വേ ജീവനക്കാരും തീവണ്ടിയാത്രക്കാരുമാണു ഗുജറാത്തി നാടകമായ അഗഗാഡിയിലെ (1934) കഥാപാത്രങ്ങള്‍. ഗിരീഷ്‌ കര്‍ണ്ണാടിന്റെ 'തുഗ്ളക്കില്‍' അലക്കുകാരന്‍ ഡോബിയാണു കഥ വഴി തിരിച്ചു വിടുന്നത്‌.

ജ്യോതിപ്രസാദ്‌ അഗര്‍വാള്‍ (അസമീസ്‌), ബാദല്‍ സര്‍ക്കാര്‍ (ബംഗാളി), ചന്ദ്രവദന്‍ ചിമന്‍ലാല്‍ മേത്ത (ഗുജറാത്തി), ധര്‍മ്മവീര്‍ ഭാരതി (ഹിന്ദി), ചന്ദ്രശേഖര കമ്പാര്‍ (കന്നഡ), ആചാര്യ ശങ്കര്‍ നായിക്‌ (കൊങ്കണി) തുടങ്ങിയവര്‍ വിവിധ ഭാഷകളിലെ പ്രണേതാക്കളായി. ജീവിതത്തിന്‍റെ നിരര്‍ഥകത, ധാര്‍മ്മിക പാഠങ്ങള്‍, സത്യാന്വേഷണം, പ്രണയം, അധികാരം തുടങ്ങിയവ ഇഷ്ടവിഷയങ്ങളായപ്പോഴും പാവപ്പെട്ടവരുടെ ഉത്ഥാനം, ഫ്യൂഡലിസത്തിനെതിരായുള്ള ചെറുത്തു നില്‍പ് എന്നീ പ്രമേയങ്ങളും വിജയകരമായി പരീക്ഷിക്കപ്പെട്ടു. പി ലങ്കേഷിന്‍റെ 'സംക്രാന്തി'യില്‍ നായകന്‍-ബസവണ്ണ 'ശിവ' എന്ന സംജ്ഞ ഉപയോഗിച്ചാണു ജനങ്ങളെ ഒരുമിപ്പിക്കുന്നത്‌. തോപ്പില്‍ ഭാസി മുളങ്കാവ്‌ ഗ്രാമത്തിന്‍റെ മുന്നേറ്റത്തിലൂടെ, ഭൂമാഫിയക്കെതിരെ വിദ്യാഭ്യാസത്തിന്‍റെയും നിസ്വാര്‍ഥ സ്നേഹത്തിന്‍റേയും കരുത്തോടെ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സ്രുഷ്ടിച്ചു.

മലയാള നാടകവേദി

ദാരികവധം അഭിനയിക്കപ്പെടുന്ന, കേരളത്തിലെ ഏറ്റവും പഴയ നാടകരൂപമായ മുടിയേറ്റ്‌, ചാക്യാന്‍മാരും നങ്ങ്യാന്‍മാരും 'കൂടി' അഭിനയിക്കുന്ന കൂടിയാട്ടം, അമ്പലവാസികളാടുന്ന കൂട്ടപ്പാഠകം, ക്രിസ്ത്യന്‍ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന ചവിട്ടു നാടകം, പാണക്കളി, ദേശക്കളി, തെക്കത്തി നാടകം എന്നീ ഇതരനാമങ്ങളുള്ള പൊറാട്ട്‌ നാടകം, ഫലിതപൂര്‍ണ്ണമായ സംഭാഷണങ്ങളുള്ള പ്രഹസനം അങ്ങനെ കുറേ വഴി ചുറ്റിത്തിരിയേണ്ടതു കൂടിയുണ്ട് വയസ്സറിയിച്ച മലയാള നാടകത്തിലേക്കെത്താന്‍.

ഭരതമുനി 'നാട്യശാസ്ത്ര'ത്തില്‍ അഭിനയത്തെ ആംഗികം, വാചികം, ആഹാര്യം, സാത്വികം ആയി തിരിച്ചിരിക്കുന്നു. ഭരതമുനി വരച്ച കളത്തില്‍ നിന്നു തന്നെ പുതിയ കാലത്തിന്‍റെ അതിരില്ലാപ്പാടത്തേക്കിറങ്ങുക എന്നതാണ്, ഇപ്പോഴത്തെ ട്രെന്‍ഡ്.
പോയ വര്‍ഷം കേരള സംസ്ഥാന അവാര്‍ഡ്‌ നേടിയ കെ പി ഏ സിയുടെ 'ഭീമസേനന്‍' (എം ടി യുടെ 'രണ്ടാമൂഴ'ത്തില്‍ നിന്നും പ്രചോദനം) അത്തരത്തില്‍ സമകാലിക മലയാള നാടകത്തിന്‍റെ ഒരു പരിച്ഛേദമാകും. ഭീമസേനന്‍റെ സംഭാഷണത്തേക്കാള്‍ ശരീരമാണു കൂടുതല്‍ അഭിനയിക്കുന്നത്‌. കഥ പുരാണം, പ്രിയങ്കരം; അവതരണം ആധുനികം, പ്രതീകാത്മകം; വേഷവും രംഗപടവും ഒരേ സമയം കണ്ണഞ്ചിപ്പിക്കുന്നതും ലളിതവും. ഈ മധ്യേമാര്‍ഗ്ഗ സങ്കര വഴിയിലൂടെയാണു ഇപ്പോള്‍ മലയാള നാടകത്തിന്‍റെ ദേശാന്തര ഗമനം.

http://www.moonnamidam.com/nadakam56.html

Blog Archive