സുഭാഷ് ചന്ദ്രനെ പുതിയ എംടി എന്ന് വിളിക്കേണ്ട കാര്യമില്ല. എഴുത്തിന്‍റെ ഗൌരവഗരിമയാല്‍ സ്വന്തം കസേര പണ്ടേ വലിച്ചിട്ട സുഭാഷിന്‍റെ പുതിയ നോവല്‍ - മലയാളം മണക്കുന്ന 'മനുഷ്യന് ഒരു ആമുഖം' - വായിച്ചു കഴിയുമ്പോള്‍ പക്ഷെ എംടി മാര്‍കേസിന്‍റെ ഉടുപ്പുമിട്ട് ഒളിഞ്ഞു നോക്കുന്നത് കാണാം. നായര്‍ത്തറവാടുകളിലെ പുരാണം പറഞ്ഞതു കൊണ്ടോ തച്ചനക്കരയിലെ അയ്യാട്ടുമ്പിള്ളി തലമുറച്ചരിതം പാടിയതു കൊണ്ടോ അല്ല; പൈങ്കിളിയില്‍ എംടി ബുദ്ധി കലര്‍ത്തിയെങ്കില്‍ സുഭാഷ് തത്വശാസ്ത്രം ഇറ്റുന്നു. പത്ത് വര്‍ഷം മുന്‍പേ വന്നിരുന്നെങ്കില്‍ സവിശേഷമാര്‍ന്നതാവുമായിരുന്നു എന്ന് തോന്നിപ്പിക്കുന്ന സാംസ്‌ക്കാരിക-വ്യക്തിപ്രസ്ഥാനങ്ങളുടെയിടയില്‍ സുഭാഷിന്‍റെ പ്രഥമനോവലും മിക്കവാറും പെട്ടുപോകുന്നല്ലോ എന്ന തോന്നല്‍ അമ്പരപ്പോടെയാവും വായനക്കിടയില്‍ പലപ്പോഴും വെളിപ്പെടുക. കഥാസാഹിത്യത്തില്‍ ഈ യുവാവ് നിര്‍മ്മിച്ച ബ്രേക്ക്‌ത്രൂ നോവലില്‍ ഏറെ പരന്നു പോയതാവാം അതിന് കാരണം. നവാഭിരുചിയുടെ വണ്ടി പിടിക്കാന്‍ കഥ നടക്കുന്ന തച്ചനക്കരയെപ്പോലെ നോവലും വൈകിയെന്ന തോന്നലിലും 372 പേജുകളില്‍ ഇടക്ക് ചിതറുന്ന ധിഷണാധൂളികളും 'സുഭാഷിതങ്ങളും' സുഗതകുമാരി പ്രശംസിച്ച ധ്വനിഭംഗികളും നടപ്പുമരിപ്പ്സാഹിത്യത്തിലെ ചിത അണയാതെ കാക്കുന്നുവെന്നത് 'മനുഷ്യനെ' മറ്റ് മ്രുഗപുസ്തകങ്ങളില്‍ നിന്നും വേര്‍തിരിക്കുന്നു.
പങ്കജാക്ഷന്‍റെ ഭാര്യ കല്യാണിക്കുട്ടിയമ്മ വേണുവിനെയും ശശിയെയും സോമനെയും പെറ്റത് പോലുള്ള രേഖാചരിത്ര സാഹിത്യത്തിന് പകരം എഴുത്തിലെ കരവിരുതും ക്രാഫ്‌റ്റുമൊക്കെ വസൂലാക്കി കുറേക്കൂടി നാടകീയത നോവലില്‍ തിരുകി വെക്കാമായിരുന്നില്ലേ എന്ന് ചോദിച്ചാല്‍ സുഭാഷിന് മറുപടിയുണ്ട്: സര്‍ഗാത്മകനായ മനുഷ്യശിശു എഴുപത് വര്‍ഷം കൊണ്ട് ഭീരുവും പരതന്ത്രനുമായിത്തീര്‍ന്ന് സ്വന്തം സ്രുഷ്‌ടിപരത വംശവ്രുദ്ധിക്ക് വേണ്ടിമാത്രം ചെലവിടുന്നു. സമാനസ്വഭാവമുള്ള കാര്യങ്ങളിലൂടെ ഇഴഞ്ഞു നീങ്ങുന്ന ജീവിതങ്ങളില്‍ എന്തൂട്ട് നാടകീയത! മലയാളിയുടെ സ്വതവേ വളഞ്ഞ നട്ടെല്ല് ഒടിച്ചു മടക്കി കശക്കി എറിയുന്നുണ്ട് നോവലില്‍ പലയിടത്തും. ജാതി-ദൈവ സങ്കല്‍പങ്ങളെയും പുരുഷാധിഷ്‌ഠിത സമൂഹത്തെയും നന്ത്യാര്‍വട്ടത്തെ തോല്‍പ്പിക്കുന്ന നന്‍മ കാണാതിരുന്ന പാഴ്‌കാലത്തെയും സുഭാഷ് പരിഹസിക്കുന്നു, പ്രകോപനമില്ലാതെ.
അങ്ങനെയാണ് സൂപ്പര്‍നായകന്‍ വരുന്നു എന്ന മട്ടില്‍ ജിതേന്ദ്രന്‍ എന്ന കഥാപാത്രം അവതരിക്കപ്പെടുന്നത്. 'പഠനത്തിനും ജോലിതേടലിനും വിവാഹത്തിനും വീടുകെട്ടലിനുമപ്പുറത്ത് മറ്റൊന്നും ചെയ്യാനില്ലാത്ത ഒരു പുരുഷായുസ്സില്‍ കുടുങ്ങി പലതരം ഭോഗങ്ങള്‍ സ്വപ്‌നം കണ്ട് ജീവിതം തള്ളി നീക്കാന്‍ വിധിക്കപ്പെട്ട ലക്ഷക്കണക്കിന് യുവാക്കളുടെ ഇടയില്‍ ഉന്തും തള്ളുമുണ്ടാക്കുന്ന ഒരുവനായി സ്വയം കണ്ടെത്തിയ' ആളാണ് നായര്‍-അയ്യാട്ടുമ്പിള്ളി മഹിമ അക്കരെയെറിഞ്ഞ് ആന്‍മേരിയെ പ്രണയിച്ച് വിവാഹിച്ച ജിതന്‍. നോവലിലെ നൂറില്‍പരം കഥാപാത്രങ്ങളില്‍ സുഭാഷ് കൂടുതല്‍ മഷിയൊഴുക്കിയ നാറാപിള്ളയുടെ പൌത്രന്‍. 'മനുഷ്യന്‍' സിനിമയാവുകയാനെങ്കില്‍ തിലകന് അവതരിപ്പിക്കാവുന്ന ഉഗ്രപ്രതാപിയാണ് ഭാര്യ കുഞ്ഞുവിന്‍റെ മുന്നില്‍ തോറ്റുപോയ നാറാപിള്ളയെന്ന ഷോവിനിസ്‌റ്റ്. മകന്‍ ഗോവിന്ദന്‍ ഒരു ചോത്തിപ്പെണ്ണിനെ കെട്ടാന്‍ പോണ കാര്യം സൂചിപ്പിക്കവെ അലറിയ നാറാപിള്ളയെ 'അസ്തപ്രജ്ഞനാക്കി' അപ്പൊ നമ്മുടെ ചായ്‌പില്‍ താമസിപ്പിച്ചിരിക്കുന്ന പെലക്കള്ളിയോ എന്ന് ചോദിച്ച പുള്ളിയാണ് കുഞ്ഞുവമ്മ.
നാറാപീഡനം സഹിക്ക വയ്യാഞ്ഞ് ചുമരില്‍ ശിരസിടിച്ച് മരിച്ച കുഞ്ഞുവമ്മ. അവരുടെ മകന്‍ ചന്ദ്രന്‍ ഒരുപ്പോക്ക് പോയപ്പോള്‍ ചുമരില്‍ എഴുതി വച്ചു: ഈ വീട് നരകമാണ്. പക്ഷേ, അമ്മയുള്ളപ്പോള്‍ എനിക്കതു സഹിക്കാമായിരുന്നു.
ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ എന്ന് ഭാഗിച്ച നോവലിലെ പിന്നീടൊരധ്യായത്തില്‍ ഈ ചന്ദ്രന്‍ തിരിച്ചു വരുന്നുണ്ട്, അച്ഛനെയും നമ്മെയും ഞെട്ടിച്ച്. ഭാര്യയോട് പ്രയോഗിച്ച ഒറ്റച്ചവിട്ടിലൂടെ സ്വന്തം ജീവിതം കഴിഞ്ഞുവെന്ന് നിരീച്ചെന്ന് സന്യാസിയോട് കുമ്പസാരിക്കുന്ന നാറാപിള്ള. ആ സന്യാസി പുറപ്പെട്ടു പോയ മകനായിരുന്നെന്ന് തച്ചനക്കര അടക്കം പറഞ്ഞു. 82 വയസില്‍ നാറാപിള്ളയുടെ 'മൂത്രമദ്‌ഭാവം' നാളുകള്‍ ദയനീയമായിരുന്നു. കട്ടിലിലെ സ്വന്തം വിസര്‍ജ്യങ്ങള്‍ കൈപ്പത്തിയില്‍ പുരട്ടി ചുമരില്‍ അയാള്‍ മഞ്ഞ പതിപ്പിക്കാന്‍ തുടങ്ങിയിരുന്നു. അന്നേരമൊക്കെ അയാള്‍ക്ക് തുണ നിന്നിരുന്നത് ചോത്തിപ്പെണ്ണിനെ കെട്ടിയ മകന്‍ ഗോവിന്ദനായിരുന്നു. പണ്ട്, തന്നെ തല്ലിയ ശീമക്കൊന്നയെടുത്ത് അച്ഛനെ തിരിച്ചടിച്ച മകന്‍. അച്ഛനെ ശുശ്രൂഷിക്കുന്നതിലൂടെ ഗോവിന്ദന്‍ ചുഴലിക്കാരനായ തന്‍റെ മകനെ സ്‌നേഹിക്കുകയായിരുന്നുവെന്ന് പറഞ്ഞിട്ട് സുഭാഷ് എഴുതുന്നു: ഒരു കാലില്‍ അച്ഛന്‍റെയും മറുകാലില്‍ മകന്‍റെയും ചെരുപ്പുകള്‍ ധരിച്ച് ഗോവിന്ദന്‍മാഷ് വിചിത്രമായൊരു തീര്‍ത്ഥയാത്ര നടത്തുകയായിരുന്നു...
മാറാല പിടിച്ച കഥാപാത്രങ്ങളുടെയിടയിലൂടെ വിളക്കുപിടിച്ചു നടക്കുന്ന കഥാകാരനെ നോവലില്‍ പലയിടത്തും കാണാം. കഥാകാരന്‍ തന്നെ വിളക്കായി വായനയുടെ തെളിച്ചം അവിടവിടെയായി വിതറിയിരിക്കുന്നതും 'നിലാവിന്‍റെ തേന്‍ പുരട്ടിയ കല്ലുകള്‍ പോലെ' ധാരാളം. ചില ഉദാഹരണങ്ങള്‍:
1. ശാശ്വതമെന്ന മിഥ്യാബോധം പുരണ്ട് തിളങ്ങി നില്‍ക്കുന്ന ചിലത് പൊടുന്നനേ പൊലിഞ്ഞ് ശൂന്യതയില്‍ വിലയം കൊള്ളുന്നു.
2. പൂര്‍ണവളര്‍ച്ചയെത്തും മുമ്പ് മരിച്ചു പോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യന്‍.
3. നഗരത്തിലെ ഓടകള്‍ കടലിലേക്ക് തുറക്കുന്നത് മനുഷ്യജീവിതം ദൈവത്തില്‍ ലയിക്കുന്നതിന്‍റെ ജലച്ഛായാചിത്രമാണ്.
4. സ്ഥാനക്കയറ്റം ലഭിക്കുന്തോറും സ്വയമൊരു താഴ്‌ത്തിക്കെട്ടല്‍ അനുഭവിക്കുന്ന ഒരേയൊരു ഉദ്യോഗമേയുള്ളൂ: ജീവിതം.
5. മഹിതമായ ഒന്നിന് സാധ്യാമാകാതെ അന്ത:സാരശൂന്യതയില്‍ മുങ്ങി ഒരു തലമുറ കടന്നു പോകുമ്പോള്‍ മൌലികമായതൊന്ന് നിറവേറ്റാനാകാതെ തളരുമ്പോള്‍, കൊല്ലൂ, വിജയിക്കൂ എന്നല്ല, ഉണരൂ, സ്രുഷ്‌ടിക്കൂ എന്ന് ഊര്‍ജ്ജം പകരുന്ന പുതിയ ഗീതയാണ് നമുക്കാവശ്യം.
തച്ചനക്കര എന്നാല്‍ പെരുംതച്ചന്‍റെ നാടായ ഉളിയന്നൂര്‍ അക്കരെയായ സ്ഥലം. അക്കരെയൊരു കലാലോകമുണ്ടായിട്ടും ഇടക്കുള്ള ചളിയില്‍ മുങ്ങിത്താഴുന്ന ജീവിതങ്ങളുടെ ചരിത്രം വായിച്ചു കഴിയുമ്പോഴേക്കും നമ്മള്‍ അപ്പുനായരുടെ ഭാഷയില്‍ ഹരിഹരപ്പെട്ടു പോകും.
http://chintha.com/node/105455
Search This Blog
Monday, May 9, 2011
Subscribe to:
Post Comments (Atom)
2 comments:
പുസ്തകപരിചയം പുസ്തകവിചാരം ഗ്രൂപ്പ് ബ്ലോഗിലേക്ക് ഉള്‍പ്പെടുത്തുന്നതില്‍ വിരോധമില്ലെങ്കില്‍ ഒരു മെയിലിലൂടെ അറിയിക്കുമല്ലോ..
malayalambookreview.blogspot.com
you're welcome
Post a Comment