Search This Blog

Tuesday, July 10, 2012

തത്വശാസ്ത്രം ഡോക്യുമെന്‍ററി: പകല്‍ വിളക്കേന്തി ഒരാള്‍ നടന്നു പോകുന്നു

എല്ലാ വിഭാഗങ്ങളിലും പെട്ട ആളുകള്‍ അന്ന് സോക്രട്ടീസിന്‍റെ അടുക്കല്‍ വന്നിരുന്നു. ഇന്ന് ആഥന്‍സില്‍ ടൂറിസ്‌റ്റുകള്‍ മാത്രമേ വരുന്നുള്ളൂ എന്ന് ആഥന്‍സിലൂടെ കാമറ പാന്‍ ചെയ്ത് അലൈന്‍ ഡി ബോട്ടന്‍, ബ്രിട്ടീഷ് തത്വചിന്തകന്‍, ഗ്രന്‍ഥകാരന്‍, ഡോക്യുമെന്‍റേറിയന്‍, നമ്മോട് പറയുന്നു. വലരെ വ്യക്തിപരമാണ് ആ പറച്ചില്‍. ആറു ഭാഗങ്ങളിലായി ആറ് തത്വചിന്തകന്‍മാരിലെ ചില ഏടുകള്‍ ചീന്തി അവരുടെ മാറാല പിടിച്ച ആശയങ്ങളെ ഡിജിറ്റല്‍ കാലത്തേക്ക് പകര്‍ത്തുന്ന കാഴ്‌ച ആഹ്‌ളാദകരമാണ്. റഫ്രിജറേറ്ററുകളിലും മറ്റും  പതിപ്പിക്കാവുന്ന മാഗ്‌നറ്റുകളായി പാക്കറ്റുകളിലാക്കപ്പെട്ട സോക്രട്ടീസിന്‍റെ ശിരസുകള്‍ മുതല്‍ ഒരു ഗ്‌ളോബല്‍ കഫേയില്‍ പാചകം ചെയ്ത തീന്‍ മേശയിലെ ആടിന്‍റെ ശിരസു വരെ പാന്‍ ചെയ്യുന്ന ബോട്ടന്‍റെ കാമറ നമ്മുടെ മനസുകളിലേക്കും സൂം ചെയ്യുന്നുണ്ടെന്ന് ഈ ഡോക്യുമെന്‍ററി കണ്ട് മനപരിവര്‍ത്തനം വന്ന ഞാന്‍ സാക്‌ഷ്യം പറയുന്നു.

ഫിലോസഫി: എ ഗൈഡ് റ്റു ഹാപ്പിനെസ്, സംവിധാനം: അലൈന്‍ ഡി ബോട്ടന്‍, ദൈര്‍ഘ്യം: ആറു ഭാഗങ്ങളിലായി രണ്ടര മണിക്കൂര്‍.  ഓരോ ചിന്തകരില്‍ നിന്നും തെരഞ്ഞെടുത്ത വിഷയങ്ങളാണ് പുതിയ കാലത്തിന്‍റെ കണ്ണുകളിലൂടെ കാണുന്നത്.

ഭാഗം ഒന്ന്: സോക്രട്ടീസ്, ആത്മവിശ്വാസം

തെളിക്കപ്പെട്ട് പോകുന്നതിലെ വിധേയത്വം മുഖത്തൊതുക്കി നീങ്ങുന്ന ആട്ടിന്‍പറ്റത്തിന്‍റെ ഷോട്ടില്‍ നിന്ന് എങ്ങോട്ടോ പോകുന്ന ഒരു പറ്റം മനുഷ്യരിലേക്ക്  കാമറ കട്ട് ചെയ്യുമ്പോള്‍ ബോട്ടന്‍റെ വോയ്‌സ് ഓവര്‍: അനുഗമിക്കുമ്പോള്‍ നമ്മള്‍ വിചാരിക്കുന്നത് നമുക്ക് മുന്നില്‍ നടക്കുന്നവര്‍ക്ക് എവിടേക്കാണ് പോകുന്നതെന്ന് അറിയാമെന്നാണ്. അനുഗമിക്കാതിരിക്കുക നമുക്ക് ഭീതിജനകമാണ്. നേതാവോ ഭൂരിപക്ഷമോ പറഞ്ഞെന്ന് വച്ച് ഒരു കാര്യം ലോജിക്കലാവണമെന്നില്ല. അസത്യത്തിന്‍റെ അടരുകള്‍ പൊളിച്ച് കളഞ്ഞ് തെളിയുന്നതാണ് സത്യം.

വിവരണം പറയുന്ന തല കൊണ്ട് നീങ്ങുന്നതല്ല ഡോക്യുമെന്‍ററി. കടഞ്ഞെടുക്കേണ്ട ചിന്തയെക്കുറിച്ച് പറയുമ്പോള്‍ ഒരു കുശവന്‍  കളിമണ്‍പാത്രം നിര്‍മ്മിക്കുന്ന ശാലയിലാണ്, നമ്മള്‍.

സംവിധായകന്‍ ഒരാളെ ഇന്‍റര്‍വ്യൂ ചെയ്യുന്നു. ബ്രിട്ടീഷ് ബയോഗ്യാസ് എന്ന കമ്പനിയിലെ ക്‌ളിനിക്കല്‍ റിസേര്‍ച്ചര്‍ ആന്‍ഡ്രൂ മില്ലറാണ് സംസാരിക്കുന്നത്. അയാള്‍ കമ്പനിയില്‍ ഭൂരിപക്ഷത്തിനെതിരായി ഒരു നിലപാടെടുത്തു. സംവിധായകന്‍ ചോദിക്കുന്നു: സോക്രട്ടീസ് സത്യത്തിനായി ഹെംലോക്ക് വിഷം വരെ കുടിച്ചു. ഏതറ്റം വരെ താങ്കള്‍ക്ക് പോകാം? എനിക്ക് ഒരു കുടുംബമുണ്ടെന്ന് മറുപടി.

ഭാഗം രണ്ട്: എപിക്യൂറസ്, സന്തോഷം

ആഘോഷസുഖാനുഭൂതിയുടെ പര്യായമായി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന എപിക്യൂരിയനിസത്തിന്‍റെ സ്രോതസ്-ചിന്തകന്‍ വാസ്തവത്തില്‍ വീഞ്ഞിന് പകരം വെള്ളം കുടിച്ച് കഴിഞ്ഞവനായിരുന്നെന്ന് ബോട്ടന്‍. നമുക്കാവശ്യമുള്ളതല്ല നമ്മളാവശ്യപ്പെടുന്നത്. കണ്‍സ്യൂമറിസം പരസ്യങ്ങളാല്‍ നമ്മെ പറ്റിക്കുകയാണ്. സൌഹൃദം, സ്വാതന്ത്ര്യം, സഹൃദയചിന്ത മതി സന്തോഷത്തിന്.

എപിക്യൂറസിനെക്കുറിച്ച് വിവരിക്കുമ്പോള്‍ ബോട്ടന്‍ ലണ്ടനിലെ ഒരു ഷോപ്പിങ്ങ് മാളിലാണ്. പത്ത് വാച്ച് സ്വന്തമായുള്ള ഒരു യുവാവിനെ ബോട്ടന്‍ ഇന്‍റര്‍വ്യൂ ചെയ്യുന്നു. പണം സന്തോഷത്തിന്‍റെ മാനദണ്ഡമായി നമ്മള്‍ വേരുറപ്പിച്ചു കഴിഞ്ഞു. തത്വചിന്തക്ക് പകരം ക്രെഡിറ്റ് കാര്‍ഡിന് സന്തോഷം തരാനാവുമെന്ന് നമ്മള്‍ കരുതുന്നു. മനസിന്‍റെ സൌഖ്യമാണ് ശാരീരികാനുഭൂതികളേക്കാള്‍ സന്തോഷപ്രദമെന്ന് നമ്മള്‍ മറന്നു.

എന്താണ് ഭക്ഷിക്കുന്നത് എന്നതിനേക്കാള്‍ ആരുടെ കൂടെയാണ് ഭക്ഷിക്കുന്നത് പ്രധാനമായി കരുതിയ എപിക്യൂറസ് സുഹൃത്തുക്കളെയൊക്കെ കൂട്ടി ഗാര്‍ഡന്‍ എന്നൊരു വീട്ടില്‍ ഒരു കമ്യൂണ്‍ ആയി താമസിച്ചു. ആ ഗാര്‍ഡന്‍ ഇന്നൊരു ടാക്‌സി ശവപ്പറമ്പാണ്. ആ ദുരവസ്ഥയെ ചവിട്ടി മെതിക്കാനെന്നോണം ഡോക്യുമെന്‍ററികാരന്‍ മഞ്ഞ ടാക്‌സികള്‍ക്ക് മീതെ നടക്കുന്നു.

എപിക്യൂറസിന്‍റെ ശിഷ്യന്‍ ഡയോജനീസ് ഒരു കുന്നിന്‍മുകളിലെ വലിയൊരു ചുമരില്‍ എപിക്യൂറസ് വചനങ്ങള്‍ കൊത്തി വച്ചിരുന്നു. അന്ന് ആഴ്‌ചച്ചന്ത കൂടിയിരുന്ന കുന്ന്, ഭാഗ്യം, ഇപ്പോഴുമവിടെയുണ്ട്. ചന്ത നഗരത്തിലേക്ക് കുടിയേറി. കല്ലുവചനങ്ങള്‍ കാറ്റില്‍ പറക്കാതെ കഷണങ്ങളായി ഭൂമിയില്‍ കിടക്കുന്നു.

ഭാഗം മൂന്ന്: സെനക്ക, കോപം

നീറോ ചക്രവര്‍ത്തിയുടെ ബാല്യകാലത്തെ ട്യൂട്ടറായിരുന്ന സെനക്കയെ ചക്രവര്‍ത്തി സ്ഥാനാരോഹണത്തെ തുടര്‍ന്ന് സ്വന്തം വരുതിയില്‍ നില്‍ക്കില്ലെന്ന് കണ്ട് കുപിതനായ നീറോ സ്വയം മരിച്ചോളാന്‍ കല്‍പിച്ചു. ഭടന്‍മാര്‍ കൊണ്ടുവന്ന കത്തി നെഞ്ചിലേക്ക് ആഞ്ഞുകുത്താനുള്ള ആര്‍ജ്ജവം കാട്ടി സെനക്ക. കോപത്തിന് പാത്രമായവരെ കൊട്ടാരത്തിലെ ബെയ്‌സ്‌മെന്‍റില്‍ മുതലകള്‍ക്കും ചെന്നായ്‌ക്കള്‍ക്കും മറ്റും ഏറിഞ്ഞു കൊടുത്തു കോപത്തിന്‍റെ ചക്രവര്‍ത്തി.

ആ ബെയ്‌സ്‌മെന്‍റില്‍ നിന്നു കൊണ്ട് ബോട്ടന്‍ പറയുന്നു: ലോകം നമ്മുടെ വഴിക്ക് പോകുമെന്ന് നമ്മള്‍ വിചാരിക്കുന്നു. എപ്പോഴൊക്കെ അതിന് ഭംഗം വരുന്നുവോ അപ്പോഴൊക്കെ കോപം നമ്മെ കീഴ്‌പ്പെടുത്തും. പേടിക്കണ്ട, ഒന്നും സംഭവിക്കില്ല എന്നല്ല സെനക്ക നമ്മോട് പറയുക; കരുതിയിരിക്കുക, ലോകം നിങ്ങളെ അത്ഭുദപ്പെടുത്താന്‍ പോകുന്നു. ബീ പ്രിപ്പേര്‍ഡ് റ്റു ബീ സര്‍പ്രൈസ്‌ഡ്!

സംവിധായകന്‍ ഒരു സുന്ദരിയെക്കൊണ്ട് മുടിയൊക്കെ അലങ്കോലമാക്കി അത്യാവശ്യം പ്രാകൃതമാക്കി 'ഇന്ന് എല്ലാം കുളമാവുന്ന ലക്ഷണമാണ്' പോലുള്ള നെഗറ്റിവിസം പറയിപ്പിക്കുന്നു. അത് അന്നത്തെ ദിവസം നേരിടാനുള്ള തയ്യാറെടുപ്പാണ്. അങ്ങനെ ആ ആഴ്‌ച കുളമാവാതെ കടന്നു പോകുമ്പോള്‍ ആശ്വാസം, താങ്ക്‌സ് റ്റു സെനക്ക. സംഭവങ്ങളെ നമുക്ക് മാറ്റാന്‍ പറ്റില്ല; സംഭവങ്ങളോടുള്ള നമ്മുടെ ആഭിമുഖ്യം മാറ്റാം എന്ന് സെനക്ക.

(ആത്മവിശ്വാസത്തെക്കുറിച്ച് മൊണ്ടെയ്‌ന്‍; സ്‌നേഹത്തെക്കുറിച്ച് ഷോപ്പന്‍ഹോവര്‍; കഷ്‌ടപ്പാടിനെക്കുറിച്ച് നീച്ചേ എന്നിവരുടെ ചിന്താച്ചീളുകള്‍ അവരവരുടെ ഭൂമികയില്‍ നിന്നു കൊണ്ട് കാട്ടുന്ന ഡോക്യുമെന്‍ററി ഭാഗത്തെക്കുറിച്ച് തുടരും).
http://chintha.com/node/132820

2 comments:

Anu said...

വളരെ നന്നായിരിക്കുന്നു. കൂടുതല്‍ പ്രതീക്ഷിക്കുന്നു. ഒരുപാടു നന്ദി.

yanmaneee said...

kyrie 6 shoes
golden goose
hermes belt
kyrie 6 shoes
kyrie 5
vans outlet
yeezy 500
off white shoes
kyrie shoes
nike air max 90

Blog Archive