Search This Blog

Saturday, January 11, 2014

ഡോ വിപി ഗംഗാധരന്‍ - ജീവിതമെന്ന അത്ഭുദം


കെ എസ് അനിയന്‍റെ ഭാര്യ നിഷിയാണ് ജീവിതമെന്ന അത്ഭുതം എഴുതാന്‍ കാരണം. നിഷിക്ക് ഒവേറിയന്‍ കാന്‍സറായിരുന്നു. അങ്ങനെയാണ് അനിയനെ പരിചയപ്പെടുന്നത്. ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കേ നിഷി മരിച്ചു. ഭാര്യയുടെ മരണത്തെക്കുറിച്ച് അനിയന്‍ എഴുതിയത് അന്ന് ഞങ്ങള്‍ക്ക് കൂട്ടിരുന്ന ഒരാള്‍ ഇടക്കുവച്ച് സ്വന്തം വേഷം മതിയാക്കി ഇറങ്ങിപ്പോയി എന്നാണ്. പിന്നീട് എഴുതുവാന്‍ ഒരു ഡ്രൈവ് കിട്ടിയില്ല. പലതും ആവര്‍ത്തനവിരസങ്ങളായി. അത് കണ്ട് എന്‍റെ മകന്‍ - അന്ന് പ്‌ളസ് 2, ഇപ്പോള്‍ ബോസ്‌റ്റണില്‍ എംബിഎ - പറഞ്ഞു ഇത് നിര്‍ത്താന്‍ സമയമായി. അങ്ങനെ അത് നിന്നു. അല്ലെങ്കില്‍ ഇപ്പോഴും തുടരുമായിരുന്നു. ഇനി രണ്ടാം ഭാഗം എഴുതുന്നുണ്ട്. ഇത്തവണ അനിയനല്ല കേട്ടെഴുതുന്നത്. ഇരിങ്ങാലക്കുടയാണ്എന്‍റെ വീട്. ഇപ്പോള്‍ എറണാകുളത്ത് താമസം. ലെയ്‌ക്‌ഷോറിലും കൊച്ചിന്‍ വെല്‍കെയറിലും ഏറ്റുമാനൂര്‍ കാരിത്താസിലും മെഡിക്കല്‍ ഒങ്കോളജിസ്‌റ്റായി രാത്രി പതിനൊന്ന് വരെ നീളുന്ന ജോലി. ഭാര്യ ചിത്ര സര്‍ജിക്കല്‍ ഒങ്കോളജിസ്‌റ്റാണ്. കാന്‍സര്‍ ചികില്‍സാ വിഭാഗത്തില്‍ മൂന്നു തരം ഒങ്കോളജിസ്‌റ്റുകള്‍ ഉണ്ട്. മെഡിക്കല്‍, സര്‍ജിക്കല്‍, റേഡിയേഷണല്‍. എനിക്ക് അറുപത് വയസാവുന്നു. ഈ രംഗത്ത് 25 വര്‍ഷമായി. ലെയ്‌ക്‌ഷോറിലും (കൂടുതല്‍ ഷെയര്‍ യൂസഫലിയുടേത്) മറ്റും മാനേജ്‌മെന്‍റുകള്‍ എനിക്ക് ഫ്രീഡം തരുന്നു. ഞാന്‍ ഒരു ഹോസ്‌പിറ്റല്‍ തുടങ്ങുകയാണെങ്കില്‍ എന്‍റെ ഉദ്ദേശം മാറും. അത് കൊണ്ട് സ്വന്തമായി തുടങ്ങിയില്ല. മലയാളിയുടെ ആരോഗ്യവും രോഗവും താരതമ്യം ചെയ്യുന്നത് വികസിതരാജ്യങ്ങളിലേതിനോടാണ്. രണ്ട് വയസുകാരന് കാന്‍സര്‍ വന്നത് പൂര്‍വജന്‍മ പാപങ്ങളാലാണെന്ന കണ്ടുപിടിത്തം പക്ഷെ നമ്മുടെ നാട്ടില്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. കാന്‍സര്‍ ഭീതി നമ്മുടെ നാട്ടില്‍ മാറിത്തുടങ്ങിയിട്ടുണ്ട്. എന്നാലും ഇന്നസെന്‍റിനെപ്പോലെ അധികമാരും തുറന്നു പറയില്ല. അതവരുടെ കരിയറിനെ ബാധിക്കുമെന്ന് ഭയന്ന്. ഇന്നസെന്‍റിനെ ഞാനാണ് ചികില്‍സിച്ചത്. കീമോ കഴിഞ്ഞ് മുടിയൊക്കെ പോയി ഒരിക്കല്‍ ഗള്‍ഫ് ഗേറ്റ് വച്ചുകൊണ്ട് ഒരു പരിപാടിക്ക് പോയി ഇന്നസെന്‍റ്. തിരിച്ചു വന്നു പറഞ്ഞു: ഇന്ന് എന്‍റെ കള്ളി വെളിച്ചത്തായി. അമിത കൊഴുപ്പും കാലറിയും അടങ്ങുന്ന ഭക്ഷണമാണ്, ഇന്നത്തെ കാന്‍സറുകള്‍ക്ക് കാരണം. വ്യായാമമില്ലാത്ത ജോലിജീവിതരീതിയും അര്‍ബുദസാധ്യതകളെ വര്‍ദ്ധിപ്പിക്കുന്നു. പുകവലി മൂലമൂണ്ടാവുന്ന ശ്വാസകോശാര്‍ബുദവും മദ്യോപഭോഗം മൂലമുണ്ടാവുന്ന ആമാശയാര്‍ബുദവുമാണ് പുരുഷന്‍മാരില്‍ കൂടുതല്‍. സ്ത്രീകളില്‍ സ്തനാര്‍ബുദം വ്യാപകമാണ്. നേരത്തേ ഋതുമതിയാവുക, വൈകി ആര്‍ത്തവവിരാമം വരിക എന്നത് ഇക്കാലത്തെ സവിശേഷതയാണ്. മുലയൂട്ടല്‍ കുറക്കുന്നത് ബ്രെസ്‌റ്റ് കാന്‍സറിന് ഹേതുവാകും. മുപ്പതാം വയസിന് താഴെ ആദ്യകുട്ടി ഉണ്ടാവുന്നവരേക്കാള്‍ കാന്‍സര്‍ സാധ്യത ആദ്യഗര്‍ഭധാരണം മുപ്പതു കഴിഞ്ഞവരില്‍ നടക്കുന്നവര്‍ക്കാണ്. ആല്‍ക്കഹോളിസം സ്ത്രീകളിലും കാന്‍സറിന് കാരണമാവുന്നത് ഇക്കാലത്തെ പ്രത്യേകതയാണ്. മലയാളികള്‍ക്ക് ഹോസ്‌പിറ്റലില്‍ പോകാന്‍ ഒരു മടിയുമില്ല. ബാറില്‍ നിന്നിറങ്ങി നേരെ ഹോസ്‌പിറ്റലില്‍ പൊയ്‌ക്കോളും. രോഗനിര്‍ണയം സ്വയം നടത്തുന്നവരും ധാരാളം. മലത്തിലൂടെ രക്തം പോകുന്നത് കണ്ടാല്‍ ഉടനെ പൈല്‍സ് ആണെന്ന് വിധിയെഴുതി മൂലക്കുരുമരുന്ന് കഴിച്ചു തുടങ്ങും. ഏറെ കഴിഞ്ഞായിരിക്കും ഹോസ്‌പിറ്റലില്‍ വരിക. അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു പോയിട്ടുണ്ടാവും. നമ്മള്‍ ചെയ്യേണ്ടത് ബിപി, ഷുഗര്‍ ടെസ്‌റ്റ് നടത്തുന്നത് പോലെ കാന്‍സര്‍ ടെസ്‌റ്റും നടത്തുക എന്നതാണ്. സ്ത്രീകള്‍ക്ക് വര്‍ഷാവര്‍ഷം മാമോഗ്രാം ചെയ്യാം. സ്വയം പരിശോധനയും നന്ന്. ജീവിതമെന്ന അത്ഭുദം സുഖലോലുപയായ മകള്‍ക്ക് മനസ് മാറാന്‍ വായിക്കാന്‍ കൊടുത്തുവെന്ന് ഒരമ്മ എന്നോട് പറഞ്ഞു. അത് തന്നെയാണ്, ആ പുസ്തകത്തിന്‍റെ ലക്‌ഷ്യം. അതിലെ കഥകള്‍ വായിച്ച് എന്‍റേതാണ്, ലോകത്തിലെ ഏറ്റവും വലിയ പ്രശ്‌നം എന്ന മനോഭാവം മാറണം എന്ന് ഞാന്‍ ആശിക്കുന്നു. -ഡോ വിപി ഗംഗാധരന്‍ കുവൈറ്റില്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പരിപാടിക്ക് വന്നപ്പോള്‍ കണ്ട് സംസാരിച്ചത്. http://news.kuwaittimes.net/diet-lifestyle-main-causes-cancer-oncologist-early-detection-best-prevention/

3 comments:

ManojMavelikara said...

ആർത്തിപിടിച്ച കേരളത്തിലെ ഡോക്ടർമാർ ഈദെഹതെയും ഭാര്യയേയും കണ്ടുപടിക്കട്ടെ ......
ഈതുപൂലുള്ള ഡോക്ടർമാർ ഇനിയും ജനിക്കാൻ നമുക്ക് പ്രാർഥിക്കാം.........

ManojMavelikara said...

ആർത്തിപിടിച്ച കേരളത്തിലെ ഡോക്ടർമാർ ഈദെഹതെയും ഭാര്യയേയും കണ്ടുപടിക്കട്ടെ ......
ഈതുപൂലുള്ള ഡോക്ടർമാർ ഇനിയും ജനിക്കാൻ നമുക്ക് പ്രാർഥിക്കാം.........

ajith said...

ഈ ഡോക്ടറും ഇദ്ദേഹത്തിന്റെ ആ പുസ്തകവും നമ്മുടെ കാലത്തെ അനുഗ്രഹങ്ങളാണ്

Blog Archive