Search This Blog

Sunday, March 2, 2014

വല്‍സല മേനോന്‍: കുശുമ്പിത്തള്ള, പടുമുത്തശ്ശിമാരുടെ കാലം കഴിഞ്ഞു

ഇപ്പോള്‍ 70 വയസായി. തൃശൂരാണ് ജനിച്ചത്. 16 വയസില്‍ കല്യാണം കഴിഞ്ഞു. അദ്ദേഹത്തിന് ബോംബെയിലായിരുന്നു ജോലി. ഞങ്ങള്‍ ബോംബെ ഘാട്‌കോപ്പറില്‍ താമസം തുടങ്ങി. നൃത്തം പഠിച്ചിരുന്നത് കൊണ്ട് മലയാളി സമാജങ്ങളിലെ കുട്ടികളെ നൃത്തം പഠിപ്പിക്കാന്‍ തുടങ്ങി. പിന്നെ നാടകങ്ങളില്‍ അഭിനയിക്കാനും. കലാമന്ദിര്‍ എന്ന ട്രൂപ്പൊക്കെ ഉണ്ടായിരുന്നു.

മൂന്ന് ആണ്‍കുട്ടികളുണ്ടായിക്കഴിഞ്ഞ് ഒരു വിഷുവിന് നാട്ടില്‍ വന്ന ഞാന്‍ സൌന്ദര്യമല്‍സരത്തില്‍ കോളേജ് പെണ്‍കുട്ടികളോട് മല്‍സരിച്ച് മിസ് തൃശ്ശൂരായി. ഒരിക്കല്‍ ബോംബെയില്‍ വന്ന രാമു കാര്യാട്ടും ശോഭനാ പരമേശ്വരന്‍നായരും എന്നെ കാപാലിക എന്ന ചിത്രത്തിലേക്ക് വിളിച്ചു. (മുന്‍പ് ബേബി വല്‍സലയായി തിരമാല എന്ന ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്). കുട്ടികളെ എന്തു ചെയ്യണമെന്നറിയാതെ ഞാനും ഭര്‍ത്താവും വിഷമിച്ചു. എന്‍റെ സിനിമാ താല്‍പര്യം കണ്ട് അദ്ദേഹം പറഞ്ഞു നമുക്ക് കുട്ടികളെ ബോര്‍ഡിങ്ങിലാക്കാം. എനിക്കതിന് മനസ് വന്നില്ല. സ്‌കൂള്‍കാലം വരെയെങ്കിലും മക്കള്‍ മാതാപിതാക്കളുടെ കൂടെ നില്‍ക്കണമെന്നാണ് എന്‍റെ പക്ഷം. ആ ഓഫര്‍ അങ്ങനെ നിരസിച്ചു.
ബോംബെ കലാജീവിതം തുടരുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്ക് ശേഷം, കുട്ടികളോക്കെ വലുതായതില്‍പ്പിന്നെ, എന്‍റെ ഒരു നാടകാഭിനയം കണ്ട് ഒരാള്‍ പറഞ്ഞു എന്തുകൊണ്ട് സിനിമയില്‍ അഭിനയിക്കുന്നില്ല. നോക്കാമെന്ന് ഞാനും. ഭീമന്‍ രഘുവിന്‍റെ കിരാതത്തില്‍ അഭിനയിച്ചു. പിന്നെ ഉപ്പ്, ഒരിടത്ത്, ജനകിക്കുട്ടി, പരിണയം, ഒളിംപ്യന്‍ അന്തോണി... ഒടുവില്‍ അഭിനയിച്ചത് ക്രിക്കറ്റ് ഗാഥ 1983. മമ്മൂട്ടിയുടെ സഹോദരന്‍ ഇബ്രാഹിംകുട്ടിയുടെ മകന്‍ നായകനായ തമിഴ് സിനിമയിലും അഭിനയിച്ചു.

ആദ്യമൊക്കെ കുശുമ്പിത്തള്ളയുടെ വേഷമാണ് കിട്ടിയിരുന്നത്. പിന്നെ മുത്തശ്ശിയായി. മോഹന്‍ലാലിന്‍റെ ദുഷ്‌ടയായ രണ്ടാനമ്മയായി വേഷമിട്ടതിന് ഭീഷണിക്കത്ത് കിട്ടിയിട്ടുണ്ട്. ലാല്‍ ഫാന്‍സുകാരുടെ വക. ഇപ്പോള്‍ ന്യൂ ജനറേഷന്‍ പടങ്ങളിലൊക്കെ അമ്മവേഷങ്ങളില്ല. അത് ആ ചിത്രങ്ങള്‍ക്കും ഞങ്ങളെപ്പോലുള്ള അഭിനേതാക്കള്‍ക്കും ഒരു പ്രശ്‌നമാണ്.

ഭര്‍ത്താവ് 1990-ല്‍ മരിച്ചു. ഇപ്പോള്‍ എറണാകുളത്ത് പനമ്പിള്ളി നഗറില്‍ ഒറ്റക്കാണ് താമസം. 66-ആമത്തെ പിറന്നാളിന് രണ്ടാമത്തെ മകന്‍ സമ്മാനിച്ച ഫ്‌ളാറ്റില്‍.

കല്‍പക് കുവൈറ്റിന്‍റെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് വന്നപ്പോള്‍ കണ്ട് സംസാരിച്ചത്.
http://timeskuwait.com/Times_South-Indian-film-actress-Valsala-Menon-still-active-at-70

2 comments:

Harinath said...

:)

ajith said...

എല്ലാര്‍ക്കുമുണ്ട് അവരവരുടെ പ്രശ്നങ്ങള്‍.

Blog Archive