ഷിക്കാഗോ തെരുവില്‍ ഒരമ്മ മകന്‍റെ രക്തം തുടച്ച് കഴുകി റോഡ് വൃത്തിയാക്കുകയാണ്. മരിച്ച കുട്ടി - ഗണ്‍ വയലന്‍സിന്‍റെ മറ്റൊരു ഇര. ഹോളിവുഡിന്‍റെ എന്‍റര്‍ടെയ്‌ന്‍മെന്‍റ് സംസ്‌ക്കാരത്തിന് പുറം തിരിഞ്ഞ് നിന്ന്, അമേരിക്കന്‍ നഗരങ്ങളില്‍ മരിച്ചു വീഴുന്ന ജീവിതങ്ങളെ രക്ഷിക്കാന്‍ സമരം ചെയ്യുന്ന സിനിമ - സ്‌പൈക്ക് ലീ സംവിധാനം ചെയ്ത ഷൈ-റാഖ് (ഷിക്കാഗോ, ഇറാഖ് സമന്വയിപ്പിച്ച് ഇട്ട പേര്. ചിത്രത്തില്‍ അങ്ങനെയൊരു പേരിലായി ഒരു പാട്ടുകാരനുമുണ്ട്.)
ഗ്രീക്ക് നാടകകൃത്ത് ഏരിസ്‌റ്റോഫനസിന്‍റെ ലൈസിസ്‌ട്രാറ്റ എന്ന നാടകത്തില്‍ യുദ്ധം അവസാനിപ്പിക്കാന്‍ നായിക പറയുന്ന ഉപാധി, ഭാര്യമാരുടെ മേലുള്ള പുരുഷന്‍മാരുടെ കിടക്കയവകാശം നിഷേധിക്കുക എന്നതാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്കിപ്പുറം സ്‌പൈക്ക് ലീയുടെ സിനിമയില്‍ ഷിക്കാഗോയിലെ സ്ത്രീകള്‍ അങ്ങനെയൊരു പ്രതിജ്ഞയെടുത്തു: 'നോ പീസ്, നോ പുസി'.
സാമ്പത്തിക-രാഷ്‌ട്രീയ ശക്തികള്‍ കളിക്കുന്ന ഗെയിം ആണ് തോക്കിനുള്ളത്. അത് വെള്ളപ്പോലീസുകാരന് കറുത്തവരെ കൊല്ലാനുള്ള ലൈസന്‍സാകുന്നു; ഷിക്കാഗോയിലെ ഗുണ്ടാസംഘങ്ങള്‍ക്ക് തെരുവില്‍ വീഴാനുള്ള കളിക്കോപ്പാവുന്നു. അധോലോക സമ്പദ് വ്യവസ്ഥ നിലനില്‍ക്കുന്നതിന്‍റെ കാരണം ബാങ്കുകള്‍ പാവപ്പെട്ടവര്‍ക്ക് ലോണ്‍ കൊടുക്കാന്‍ മടിക്കുന്നു. ഇറാഖിലും അഫ്‌ഗാനിലും വീണതിനേക്കാള്‍ കൂടുതല്‍ അമേരിക്കക്കാര്‍ ഷിക്കാഗോയില്‍ വീണിട്ടുണ്ടെന്ന് പറയുന്നു സിനിമ.
നാടകത്തിലെപ്പോലെ ഒരു സൂത്രധാരന്‍ സമരം ചെയ്യുന്ന പെണ്ണുങ്ങള്‍ക്ക് സപ്പോര്‍ട്ടുമായുണ്ട്. ഒരുപാട് സീനുകളില്‍ നാടകത്തെ ഓര്‍മ്മിപ്പിക്കുന്ന ശൈലിയും ഈ സിനിമ സ്വീകരിച്ചിട്ടുമുണ്ട്. 'നിങ്ങളുടെ മകളെ ഷൂട്ട് ചെയ്തത് ഞാനാണ്' എന്ന് പറഞ്ഞ് അമ്മയുടെ മുന്നില്‍ മുട്ടുകുത്തുന്ന ഗുണ്ട, പുരോഹിതന്‍ പള്ളിയില്‍ ചെയ്യുന്ന പ്രസംഗം ഒക്കെ നാടകീയം. അള്‍ത്താര ചുമരിലെ ആഫ്രിക്കന്‍-അമേരിക്കന്‍ യേശുക്രിസ്തുവിന്‍റെ മുഖത്തെ ദൈന്യം സത്യമാവുന്നു എന്ന് തോന്നിപ്പിക്കുന്ന നാടകീയത. പക്ഷെ ആ സീന്‍, ആ കഥാപാത്രം, ഫാദര്‍ മൈക്ക് ഫ്‌ളെഗര്‍ എന്നൊരു യഥാര്‍ത്ഥ ആക്‌റ്റിവിസ്‌റ്റ് പുരോഹിതനെ അടിസ്ഥാനമാക്കിയതാണെന്നറിയുമ്പോള്‍ എഴുന്നേറ്റ് നിന്ന് കൈയടിക്കാന്‍ തോന്നുന്നു.
No comments:
Post a Comment