Search This Blog
Saturday, February 6, 2016
കാത്തലിക്ക് 'സ്‌പോട്ട്‌ലൈറ്റ്'.
2002-ൽ ബോസ്‌റ്റൺ ഗ്‌ളോബ് ദിനപ്പത്രം അപകീർത്തിപരമായ ഒരു വിഷയത്തെക്കുറിച്ച് 600 ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. ബോസ്‌റ്റണിലെ 87 കത്തോലിക്ക പുരോഹിതർ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുള്ളവരാണെന്നും അതെക്കുറിച്ച് കർദ്ദിനാളിന് വിവരമുണ്ടായിട്ടും പുരോഹിതരെ ഔദ്യോഗിക രേഖകളില്‍ സിക്ക് ലീവ് എന്ന് കാണിച്ച് കൌൺസിലിങ്ങുകളിലും സ്ഥലം മാറ്റലുകളിലും സംഭവമൊതുക്കി എന്നതായിരുന്നു വിഷയം. കർദ്ദിനാള്‍ രാജി വച്ചു. പിന്നെ പൊങ്ങിയത് റോമിലെ ഒരു ബസിലിക്കയിലാണ്. ബോസ്‌റ്റൺ ഗ്‌ളോബിലെ സ്‌പോട്ട്‌ലൈറ്റ് എന്ന ഇൻവെസ്‌റ്റിഗെയ്‌ഷൻ ടീമാണ് പീഡിതരെ കണ്ടും കേട്ടും ആ വാർത്ത തയ്യാറാക്കിയത്. ളോഹയിട്ട പ്രതികള്‍ 249; ഇരകള്‍ ആയിരത്തിൽപരം. ഗ്‌ളോബിന് പിറ്റേ വര്‍ഷം പുലിറ്റ്‌സർ കിട്ടി. പത്രപ്രവർത്തന ചരിത്രത്തില്‍ തങ്കലിപികളിലെഴുതേണ്ട ആ അന്വേഷണത്മക പ്രവർത്തനം ഇപ്പോള്‍ സിൽവർ സ്‌ക്രീനില്‍ ആയിരിക്കുന്നു. കാത്തലിക്ക് പശ്ചാത്തലമുള്ള ടോം മക്‌കാർത്തി സംവിധാനം ചെയ്ത സ്‌പോട്ട്‌ലൈറ്റ്. -------------------------------------------------------------------------------------
ഒരു വിവാദ വിഷയത്തിന് പിന്നാലെ പോകുന്നതായാണ് സിനിമാഗതി. ഡോക്യുമെന്ററിയുടെയും ഫീച്ചറിന്റെയും ഇടയ്ക്ക് നില്‍ക്കുന്ന ട്രീറ്റ്‌മെന്റ്. പുറന്തോട് പൊളിച്ച് പൊളിച്ച് സത്യം പുറത്ത് കൊണ്ടു വരിക എന്ന ഫോക്കസിനേക്കാൾ വിഷയം തന്നെ പൊന്തി നിൽക്കുന്നതാകയാല്‍ അതാവും ചിത്രത്തിന്റെ ഹൈലൈറ്റ്. ഇരകളില്‍ ഒരാള്‍ പറയുന്ന കാര്യമുണ്ട്: പാവപ്പെട്ട കുട്ടികളെയാണ് പുരോഹിതര്‍ നോട്ടമിടുക. ശിഥില കുടുംബമാവും. ഒരു അച്ചന്റെ പരിലാളനയ്ക്ക് വിലയേറെയാണ്. അടുത്തിടപഴുകുന്ന അവസരങ്ങള്‍ ഉണ്ടാവും. പിന്നെ ഒരു പോൺ മാഗസിന്‍ കൊടുക്കും. പൊട്ടിക്കാനാവാത്ത വിധം വലയിലായി. ഇരകള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും പരാതിപ്പെടില്ല. പരാതിപ്പെടുന്നവരെ പള്ളി നഷ്‌ടപരിഹാരം കൊടുത്ത്, വിവരം ലീക്ക് ചെയ്യാതെ സൂക്ഷിച്ചിട്ടുണ്ട്.
സ്‌പോട്ട്‌ലൈറ്റ് ടീം വക്കീലന്‍മാരെയും ഇന്‍റര്‍വ്യൂ ചെയ്യുന്നുണ്ട്. അവര്‍ മിണ്ടില്ല. ബോസ്‌റ്റണിലെ പൌര പ്രമുഖര്‍ പറയും, ശരിയാണ്. പക്ഷെ, പള്ളി എത്രയോ സേവനങ്ങള്‍ ചെയ്യുന്നു! --------------------------------------------------------------------
പത്രമോഫീസില്‍ ടീമിനകത്തും ഉരസലുകള്‍ ഉണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഗ്‌ളോബിന് വിവരം കിട്ടിയിരുന്നു. അത് പത്രം തന്നെ മുക്കി. സിനിമ തുടങ്ങുമ്പോള്‍ ബോസ്‌റ്റൺകാരനല്ലാത്ത എഡിറ്റർ ചാർജെടുക്കുകയാണ്. അയാള്‍ 'ഒറ്റയ്ക്ക് നിന്ന്' അന്വേഷണത്തിന് പച്ചക്കൊടി കാട്ടുന്നു. പിന്നെ സിനിമ കാണുന്ന നമുക്കും സമയമില്ല. ഫോൺവിളികള്‍, കൂടിക്കാഴ്‌ച്ചകൾ, ചർച്ച... സ്വകാര്യ നിമിഷങ്ങൾ? എവിടെ നേരം? ഇത് സ്വകാര്യതകളുടെ ആഘോഷമല്ല. കാഴ്‌ചയുടെ ഉല്‍സവവുമല്ല. പരസ്യമായിക്കഴിഞ്ഞ ഒരു സ്വകാര്യത്തിന്‍റെ നേരാണ്. ളോഹാപീഡനം റിപ്പോർട്ട് ചെയ്യപ്പെട്ട ലോകത്തെ സ്ഥലങ്ങള്‍ സിനിമയ്ക്കൊടുവില്‍ പട്ടിക ചെയ്തിട്ടുണ്ട്. അതില്‍ നമ്മുടെ ഒല്ലൂരും.
Subscribe to:
Post Comments (Atom)
No comments:
Post a Comment