കോയമ്പത്തൂരുകാരനായ ഒരു ഓട്ടോറിക്ഷ ഡ്രൈവർ ചന്ദ്രകുമാർ ആന്ധ്രയിലെ ഗുണ്ടൂരിൽ അറസ്റ്റിലാവുന്നു, മൂന്ന് സുഹൃത്തുക്കൾക്കൊപ്പം. 1983-ലാണ്. ചെയ്യാത്ത കുറ്റത്തിന് പോലീസുകാര് ചതച്ച ശരീരത്തിൽ ബാക്കിയുണ്ടായിരുന്ന ചേതന കൊണ്ട് ചന്ദ്രകുമാർ അനുഭവം പുസ്തകമാക്കി. സംവിധായകൻ വെട്രിമാരൻ അത് സിനിമയാക്കി. നിർമ്മാണത്തിൽ പങ്കാളിയായത് ധനുഷ്. ഫലം അസ്വസ്ഥപ്പെടുത്തുന്ന ഒരു സിനിമ (വിശാരണൈ). മുകുന്ദന്റെ ഒരു കഥയിൽ ഉത്തരേന്ത്യയിലെ പട്ടിണി കണ്ട് ചോറുണ്ണാനാവാതെ വിഷമിക്കുന്ന ഒരു കഥാപാത്രമുണ്ട്. അത് ഭാവനയല്ലെന്ന് ഉറപ്പിക്കാം. ഇനി മലയാള സിനിമ ആടുജീവിതം പറഞ്ഞിട്ടെന്ത്!
സിനിമയിൽ ലോക്കപ്പിലാണ് മൂന്ന് സുഹൃത്തുക്കളും കാണുന്നത്. അവർ തമ്മിൽ ചോദിച്ചു: എന്നടാ തപ്പ്? അറിയില്ല. നമുക്ക് പിടിയുള്ളത് എന്തെങ്കിലും കാരണം കാണും. അത് അസ്ഥാനത്താവും. ഡോക്യുമെന്ററിയുടെയും ഹിസ്റ്റോറിക്കൽ ഫിക്ഷന്റെയും ഇടയിൽ സിനിമ ടോർച്ചടിച്ച് തരുന്നത് ഇരുന്ന് കാണുക. ഒരു സീൻ നോക്ക്: പരമാവധി പതം വരുത്തിയതിന് ശേഷം പോലീസുകാർ ഹോട്ടലീക്കൊണ്ടു പോയി ചോറ് വാങ്ങിക്കൊടുത്തു. തിരിച്ച് വന്നപ്പോൾ പിന്നെയും ഇടി. 'പട്ടിണി കിടക്കണോരെ എങ്ങനാ തല്ലണേ' എന്ന് പോലീസ്.
തടവിൽ നിന്നും രക്ഷപെട്ടോടുമ്പോൾ കേന്ദ്ര കഥാപാത്രത്തിന്റെ കൈയിൽ തോക്ക് കിട്ടുമ്പോൾ നമ്മൾ വിചാരിക്കും, കമലും ധനുഷുമൊക്കെ അടി കൊണ്ട പാമ്പ് പത്തി വിടർത്തിയാടിയ പോലെ ദാ ഇപ്പ വരും പകരമിടി! അതും അസ്ഥാനത്താണ്. പിന്നെയാണോർക്കുക, ഓ, ഇത് സംഭവ കഥയാണല്ലോ.
വിശാരണൈക്ക് മികച്ച തമിഴ് സിനിമയ്ക്കുള്ള ദേശീയ അവാർഡ് കിട്ടി. ഓട്ടോക്കാരൻ ചന്ദ്രകുമാർ പറയുന്നത് 'ഈ സിനിമ കണ്ട് ഗുണ്ടൂരിൽ അന്ന് ഇടി കൊണ്ട സുഹൃത്തുക്കൾ, പിന്നെ കണ്ടിട്ടില്ലാത്തവർ, എന്നെ തേടി വരാതിരിക്കില്ല.'