'പടച്ചോന്‍റെ ചിത്രപ്രദർശനം' വായിച്ചു. 5 വർഷം മുൻപ് ശാന്തം മാസിക പ്രസിദ്ധീകരിച്ചിരുന്നു, മലയാളം സർവകലാശാലയുടെ പ്രഥമ സാഹിതി പുരസ്കാരം നേടിയ ഈ കഥ. റോഡിൽ കൊലവിളിയുമായി പായുന്ന മനുഷ്യരുടെയും വാഹനങ്ങളുടെയും ചിത്രങ്ങളാണ് പടച്ചോൻ വരച്ച് ആകാശത്ത് തൂക്കിയിടുന്നത്. അത്രയേ ഒള്ളൂ പടച്ചോന് ഈ കഥയുമായി ബന്ധം. പിന്നെ ഈ വരിയും: 'ദൂരെ ആകാശത്തിനപ്പുറമുള്ള പടച്ചോന്‍റെ പൂന്തോട്ടത്തിൽ നിന്ന് ഒരു കാറ്റ് വന്ന് വളരെ പതുക്കെ അയാളുടെ കവിളിൽ തൊട്ടു.'
പാതവികസനം സ്വന്തം വീട്ടുമുറ്റവും വാഹനാപകടം ഏകമകളെയും കൊണ്ടുപോയ അക്ബർ, മോൾക്ക് പകരമെന്നോണം ഒരു ബാർബി പാവയോട് വാത്സല്യമുള്ള അയാളുടെ ഭാര്യ അസ്മാബി എന്നീ നിസ്സഹായരിലൂടെയാണ് കഥാകാരൻ ജിംഷാർ ഒരു ദുരന്ത ചിത്രം വരയ്ക്കുന്നത്. മകൾ മരിച്ചത് വാഹനാപകടത്തിലല്ല, സുഹൃത്തിന്‍റെ പീഡനത്താലാണെന്നും പാതവികസന സമരം പരാജയപ്പെട്ടെന്നും സൂചന. വീട് കൈയേറുന്ന റോഡ്, ബന്ധങ്ങളെ കൈയേറുന്ന മൃഗീയത എന്നിവയൊക്കെയാണ് ഈ കഥ. ഇപ്പോൾ കഥാകാരനെയും കെയേറിയിരിക്കുന്നു അദ്ദേഹം തന്നെ വരച്ച മൃഗീയത!