Search This Blog

Saturday, September 26, 2009

പഥേര്‍ പാന്‍ചാലി കണ്ടാല്‍ ബോറടിക്കുമോ?

ചെറിയ ചെറിയ ഗ്രാമസന്തോഷങ്ങളിലൂടെ സത്യജിത്ത് റേ ഒരു കൊന്ത കോര്‍ക്കുന്നു (പഥേര്‍ പാന്‍ചാലി). ക്ഷയിച്ച ബ്രാഹ്മണ കുടുംബത്തിന്റെ കഥ, ഇന്ത്യന്‍ ഗ്രാമങ്ങളില്‍ എവിടേയും സംഭവിക്കാവുന്നത്. കുടുംബ കയറ്റിറക്കങ്ങളുടെ 'യഥതഥ്' ചിത്രീകരണം ഏത് മൂന്നാം ലോക ചിത്രങ്ങളിലും കാണാവുന്നത്. എങ്കിലും റേയുടെ പഥേറിനെ ഇഷ്ടപ്പെട്ടു പോകുന്നത് അങ്ങോര്‍ ദാരിദ്ര്യത്തെ ആഘോഷിക്കാതെ, അനുവാചകനെ യ്യോ കഷ്ടമെന്നു പറയിപ്പിക്കാതെ ഒരു ട്രാജഡി നമ്മുടെ മുഖത്തടിക്കാതെ വയ്ക്കുന്നു. കുട്ടികളിലൂടെ പറഞ്ഞതു കൊണ്ടായിരിക്കാം സിനിമ നമ്മെ വിഷാദവിഷണ്ണരാക്കാതിരുന്നത്.

Tuesday, September 22, 2009

കാവാലത്തിന്‍റെ കുവൈറ്റ് നാടകപ്പുര

എണ്‍പത്തിയൊന്ന് കഴിഞ്ഞു കാവാലം നാരായണപ്പണിക്കര്‍ എന്ന നീണ്ടു മെലിഞ്ഞ മനുഷ്യന്. മലയായും മഹാസമുദ്രമായും കാവാലം ഉറഞ്ഞു തുള്ളുന്നില്ല; പക്ഷേ നിറഞ്ഞ് പകരും. അനായാസേന ആ അംഗോപാംഗങ്ങള്‍ നൃത്തമാടുന്നത് കണ്ട് അച്ചായന്‍ഷിപ്പ് കിട്ടിയ കുടവയറുകളെല്ലാം അസൂയ കൊണ്ട് തുള്ളും. വാ തോരാതെ, ഊര്‍ജ്ജഭ്രംശമില്ലാതെ ഭരതമുനി മുതല്‍ അഭിനവമുനിമാരെക്കുറിച്ച് വരെ ആ ചിന്ത തെളിഞ്ഞൊഴുകുന്നത് കണ്ട് തീരത്തു നില്‍ക്കുന്ന കൊച്ചുകുട്ടിയാവും മനം. കൂട്ടത്തില്‍, എനിക്ക് രാഷ്ട്രീയമില്ല എന്ന് പ്രഖ്യാപിക്കുന്നത് കേട്ട് ഞെട്ടേണ്ട കാര്യമില്ല. രഷ്ട്രീയത്തിനെന്നല്ല, പലതിനും അതീതമാണെന്ന് അതിനോടകം മനസ്സിലാക്കിത്തന്നിട്ടുണ്ടാവും.

1975ല്‍ ആദ്യമായി അവതരിപ്പിച്ച അവനവന്‍ കടമ്പ എന്ന നാടകം ഇപ്പോള്‍ കാവാലത്തിന്റെ തന്നെ സംവിധാനത്തില്‍ ആദ്യമായി വിദേശത്ത് അരങ്ങേറുകയാണ്. കുവൈറ്റിലെ എഞ്ചിനിയേഴ്സ് ഫോറം ഒക്ടോബര്‍ പതിനാറിന് കടമ്പ വീണ്ടും രംഗത്തവതരിപ്പിക്കും. പ്രവാസി മലയാളി എഞ്ച്നിയേഴ്സ് തന്നെ അഭിനേതാക്കള്‍. അവരുടെ കൂടെ പത്ത് ദിവസത്തെ കളരിക്ക് കാവാലവും പ്രധാനശിഷ്യന്‍ ഗിരീഷും 'സോപാനം' വിട്ട് എത്തിയിരുന്നു. (‘കര്‍ണ്ണഭാര’ത്തില്‍ കര്‍ണ്ണനായിരുന്നു ഗിരി). കാവാലത്തിന് തിരിച്ചു ചെന്നിട്ട് പിടിപ്പത് പണിയുണ്ട്. ഭവഭൂതിയുടെ ഉത്തരരാമചരിതം ഹിന്ദിയില്‍ അവതരിപ്പിക്കുന്നതിനായി പ്രശസ്ത കവി ഉദയ് വാജ്പേയിയുമായി ഒരുമിച്ചിരിക്കണം. പിന്നെ ഊര്‍മിളയെക്കുറിച്ചൊരു നാടകം. പതിനാലു വർഷം ഊര്‍മിള എന്തു ചെയ്യുകയായിരുന്നു എന്ന വ്യാസമൌനത്തിന് കാവാലത്തിന്റേതായ ഇടപെടല്‍.

ഉത്തരരാമചരിതം കരുണ-വീര രസങ്ങള്‍ തമ്മിലുള്ള ആന്തരിക വടംവലിയെക്കുറിച്ചുള്ളതാണ്. രാജാവില്‍ കരുണയാണോ വീരഭാവമാണോ ജയിക്കുക? വീരം തന്നെ. പക്ഷേ രാജാവ് മനുഷ്യനുമാണ്. കരുണ വീരത്തിന്മേല്‍ ആധിപത്യം നേടുന്ന നിമിഷങ്ങള്‍ എങ്ങനെ രാമനില്‍ ആന്തരികയുദ്ധത്തിനു തേര്‍ തെളിക്കുമെന്ന് 'ചരിതം' പരിശോധിക്കുന്നു. വ്യാസ-ഭാസ-കാളിദാസ ചരിതങ്ങള്‍ക്ക് പുതിയ വ്യാഖ്യാനങ്ങള്‍ കാവാലം കണ്ടെത്തിക്കൊണ്ടേയിരിക്കുന്നു. സമാന്തര-പരീക്ഷണ-തെരുവ് നാടകശൈലിയെന്നൊക്കെ വിശേഷിപ്പിക്കാവുന്ന കാവാലം സ്കൂള്‍, നാടന്‍ ശീലുകളും കളരിമുറകളും അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് പറിച്ചു നട്ടു. നടീനടന്‍മാര്‍ അനുകര്‍ത്താക്കളായില്ല. മരമായി അഭിനയിക്കുന്നതിനു പകരം മരം തന്നെയായി അഥവാ മരത്വം ഉള്‍ക്കൊണ്ടു. ശരീരം തന്നെ ഭാഷയായി. ഒരു ഘടകത്തെ ഊതി വീര്‍പ്പിക്കുന്ന ഉല്‍സവബാലേപതിവിനു ബദലായി നാനാസങ്കേതങ്ങള്‍ നാടന്‍ശൈലിയില്‍ കാവാലംനാടകങ്ങളിലൂടെ അവതരിച്ചു. ഒരര്‍ഥത്തില്‍ ലൌകീകതയില്‍ നിന്നും സര്‍റീയലിസത്തിലേക്കുള്ള ചുവടുവെയ്പാണ്, ആ രചനകളോരോന്നും.

ശിഷ്യന്‍മാരായ നെടുമുടി, ഗോപി, മുരളി തുടങ്ങിയവര്‍ സിനിമയിലേക്ക് പോയെങ്കിലും കാവാലം സ്വന്തം സൌകര്യത്തിനായി സിനിമക്ക് പുറം തിരിഞ്ഞു നിന്നു. രതിനിര്‍വ്വേദത്തില്‍ ഞങ്ങള്‍ പരിചയപ്പെടുത്തുന്ന ഗാനരചയിതാവ് എന്ന് ടൈറ്റിലില്‍ വന്നെങ്കിലും മുന്‍പേ 'തമ്പി'ല്‍ കാവാലത്തിന്‍റെ സോപാനഗാനം ഉപയോഗിച്ചിരുന്നു. രതിനിര്‍വ്വേദത്തിലെ കാലം കുഞ്ഞുമനസ്സില്‍ ചായം പൂശി, മൌനം തളരും തണലില്‍, തിരുമാരന്‍ കാവില്‍ ആദ്യവസന്തം കൊടിയേറി എന്നീ ഗാനങ്ങളാണ്, പക്ഷേ കാവാലത്തെ സിനിമാരംഗത്ത് പ്രശസ്തനാക്കിയത്. കാവാലം എന്നാല്‍ ലൌകികതയുടെ പിന്നാലെ പോയില്ല എന്നു വേണം വ്യാഖ്യാനിക്കാന്‍.

കലയുടെ ധര്‍മ്മം അനുവാചകനെ ആനന്ദാവസ്ഥയിലേക്കെത്തിക്കുന്നതിനായുള്ള അവബോധമെങ്കിലും സ്രുഷ്ടിക്കുക എന്നതാണെന്ന് കാവാലം കരുതുന്നു. സംഭവങ്ങളല്ല, അവസ്ഥയാണു പ്രധാനം. മലയാളത്തില്‍ സംസ്‌ക്രുത നാടകങ്ങളോട് മറ്റ് സംസ്‌ഥാനങ്ങളിലുള്ളതിനേക്കാള്‍ സ്വീകാര്യതയുള്ളപ്പോള്‍ തന്നെ നമുക്കൊരു പാശ്ചാത്യപ്രേമം ആവേശിച്ചിരുന്നു. ഗ്രീക്ക് ട്രാജഡികള്‍ കണ്ട് കരയുന്നതിനായി നിലവാരം. സി.ജെ.തോമസും മറ്റും കൂടിയാട്ടം കണ്ടു കാണാന്‍ സാധ്യതയില്ല. ഇന്ത്യയുടെ എത്രയോ മുഖങ്ങള്‍ കര്‍ട്ടന്‍ നീക്കി പുറത്തു വരാനിരിക്കുന്നു!

ശാകുന്തളം ഒരിക്കല്‍ 5 മിനിറ്റ് നാടകമായി അവതരിപ്പിച്ച ചരിത്രമുണ്ട് കാവാലത്തിന്. ശകുന്തളയെ ഒരു മാനായാണ്, പുരുഷന്‍റെ വേട്ടക്ക് മുന്നില്‍ തോറ്റു പോകുന്ന ഇരയായാണ്, അവതരിപ്പിച്ചത്. കവിയെ നാടകകാരന്‍ കണ്ടെത്തുന്ന മറ്റൊരു വേള! മറ്റൊരിക്കല്‍ പ്രൊമിത്യൂസിനെ പ്രമാദന്‍ എന്ന് നമകരണം ചെയ്ത് ഗ്രീക്ക് കഥ അരണി എന്ന പേരില്‍ അവതരിപ്പിച്ചത് യൂറോപ്യന്‍ കള്‍ച്ചറല്‍ സൊസൈറ്റിയില്‍ ഡിസ്‌കഷനായി വച്ചതോര്‍ക്കുന്നു കാവാലം.

അവനവന്‍ കടമ്പയുടെ കുവൈറ്റ് പരിശീലനത്തിനിടയില്‍ കുറേ കടമ്പകള്‍ കടക്കാനുണ്ടായിരുന്നു. എന്ചിനീയര്‍മാരില്‍ ചിലര്‍ക്ക് മലയാളം നന്നായി വരില്ല; ശരീരം വഴങ്ങില്ല; താളം യോജിക്കില്ല. ഡയലോഗ് എത്തുന്നിടത്ത് ശരീരം എത്തില്ല; ചടുലത എന്നൊരു സാധനം തീര്‍ത്തും അപ്രത്യക്ഷം. പത്ത് ദിവസത്തെ വര്‍ക്‌ഷോപ്പായിരുന്നു. ക്രമേണ ശബ്ദം പൊന്തിത്തുടങ്ങി. സംഘം ലൈവായി. ജോലിത്തിരക്കുകള്‍ക്കിടയിലും ഇത്തരം മൈനോരിറ്റി സാധങ്ങള്‍ ചെയ്യുന്നുണ്ടല്ലോ എന്നത് നല്ല കാര്യം. എന്ചിനീയേഴ്സ് കുടുംബാംഗങ്ങള്‍ക്കായാണ്, അമേരിക്കന്‍ ഇന്‍റര്‍നാഷണല്‍ സ്‌കൂളില്‍ അവതരണം. കാവാലത്തിന്‍റെ നാടകം കണാന്‍ എന്‍ച്നീയറവാന്‍ പറ്റില്ലല്ലോ എന്നൊരാള്‍ പറഞ്ഞത്രേ. കുവൈറ്റ് മലയാളികള്‍ തന്നെ ഇത്തരമൊരു നാടകസംസ്‌കാരം തുടരുമെന്നാണു പ്രതീക്ഷ. കടമ്പ ആദ്യമായി അവതരിപ്പിക്കുമ്പോള്‍ തൊണ്ണൂറു റിഹേഴ്സല്‍ വേണ്ടി വന്നു. ഓരോ തവണയും ഇംപ്രൊവൈസ് ചെയ്യുമായിരുന്നു.

അവനവന്‍റെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ എങ്ങനെ കടമ്പകളായിത്തീരുന്നു എന്നന്വേഷിക്കുകയാണ്, ഇതിനോടകം എണ്ണം മറന്ന അവതരണങ്ങള്‍ കഴിഞ്ഞ രാഷ്ട്രീയ-സമൂഹിക സറ്റയര്‍ 'കടമ്പ'. (വിദേശത്ത് ആദ്യമായാണ്). കടമ്പകള്‍ ഏറെ വര്‍ദ്ധിച്ചു കഴിഞ്ഞിരിക്കുന്ന നമ്മുടെ മതനിരപേക്ഷനാട്ടില്‍ സെക്യുലറിസം എന്നത് ഇപ്പോള്‍ മതത്തിനെതിരായാണ്, വിവക്ഷിക്കപ്പെടുന്നത്. ഇത്തരം മൂല്യാധര്‍മ്മങ്ങള്‍ക്കിടയില്‍ എത്തിക്‌സ് വളര്‍ത്താന്‍ കലക്ക് കഴിയും. ലോകധര്‍മ്മിയില്‍ നിന്നും സര്‍റിയലിസത്തിലേക്ക് യവനിക ഉയരട്ടെ!

http://chintha.com/node/53256

Thursday, September 10, 2009

ബ്രേക്ക്ഡൌണ്‍

കഴിഞ്ഞ ദിവസം ബ്രേക്ക്ഡൌണ്‍ എന്ന ഹോളിവുഡ് ചിത്രം കണ്ടു, തരിച്ചു, ടെന്‍ഷനടിച്ചു. ഭാര്യയുമായി അരിസോണയിലൂടെ ജീപ്പോടിച്ചു പോകുന്ന കര്‍ട്ട് റസലിന്, വന്നു ഭവിക്കുന്ന അവിചാരിത മുഹൂര്‍ത്തങ്ങളാണ്, ട്വിസ്റ്റുകള്‍ ഏറെയുള്ള ഈ സൈക്കളോജിക്കല്‍ ത്രില്ലറിന്റെ കാതല്‍. വണ്ടി ബ്രേക്ക്ഡൌണ്‍ ആകുന്ന സാഹചര്യത്തില്‍ സഹായിയെപ്പോലെ വന്ന് ഭാര്യയെ തട്ടിക്കൊണ്ടുപോയി ബാങ്ക് അക്കൌണ്ട് ആവശ്യപ്പെടുന്ന ജന്റില്‍മാന്‍ വില്ലന്‍ (ജെ.ടി.വാല്‍ഷ്), അങ്ങേരുടെ സഹായികള്‍, ത്രസിപ്പിക്കുന്ന അന്വേഷണം, നായകന്റെ അന്തിമ വിജയം.. അതിനിടെ സംയമനം പാലിക്കുന്ന കഥാപാത്രവും കഥയും മലയാളസിനിമയെക്കുറിച്ച് ഏറെ ചിന്തിപ്പിക്കും!

Wednesday, September 9, 2009

എഴുത്തുകാര്‍ക്ക് വികലാംഗ പെന്‍ഷന്‍, മമ്മൂക്ക ഗോസിപ്പ്

1. ഇപ്പോള്‍ കിട്ടിയത്. തമിഴ്‌നാട്ടില്‍ പായസം കുടിച്ച് ഒരാള്‍ മരിച്ചു. കൂടുതല്‍ വിശദാംശങ്ങളിലേക്ക് ഞങ്ങളുടെ തമിഴ്‌നാട് റിപ്പോര്‍ട്ടര്‍ പ്രകാശ് രാജിലേക്ക്. പ്രകാശ് എന്താണ്, എവിടെയാണ്, എന്തൊക്കെയാണ്, സംഭവിച്ചത്? ഹലോ..

ങ്,ഹാ, കേള്‍ക്കുന്നുണ്ട്, ജാണ്‍ താമസ്, വസ്തുത സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചയാള്‍ പായസമല്ല, പോയിസണ്‍ ആണ്, കഴിച്ചതെന്ന് പറയപ്പെടുന്നു.

2. ഒരാള്‍ പട്ടിയെ തോല്‍പ്പിച്ച കഥ കേട്ടിട്ടുണ്ടോ? അയാള്‍ എന്നും രാവിലെ ഒരു കലം വെള്ളവുമായി പറമ്പിലേക്കിറങ്ങും, പ്രഭാതക്ര്^ത്യങ്ങള്‍ക്കായി. പൊന്തക്കാട്ടില്‍ നിന്നും തിരിച്ചു വരുമ്പോഴേക്കും കലത്തിലെ വെള്ളം പട്ടി മറിച്ചിട്ടുണ്ടാകും. ഒരു ദിവസം അയാള്‍ ആദ്യം ഊര കഴുകിയിട്ട് പിന്നെ കാര്യം സാധിക്കാനായി പോയത്രെ.

3. അഭിഷേക് ബച്ചന്‍ അമിതാഭ് ബച്ചന്റെ അച്ഛനായി അഭിനയിക്കുന്നു. (പാ എന്ന ചിത്രത്തില്‍ ചെറുപ്പത്തില്‍ വാര്‍ധക്യം പിടിപെടുന്ന അപൂര്‍വരോഗം പിടിപെടുന്ന ആളാണ്, അഭിഷേക് റോള്). ഇതു കേട്ടപ്പോ നമ്മുടെ മമ്മൂക്കാക്ക് ഒരാഗ്രഹം: ബേബി നിവേദിതയുടെ മകനായി കസറണം. ഒരു പത്ത് വര്‍ഷം കൂടി കഴിഞ്ഞോട്ടെ, മമ്മൂക്കായെ രോഗിയാക്കാതെ നമുക്ക് ശരിയാക്കാമെന്ന് ഒരു ഡയറക്‌ടര്‍ പറഞ്ഞെന്ന്. സത്യമായും ഗോസിപ്പ്.

4. അഫ്‌ഗാനിസ്ഥാന്‍ ഇലക്‌ഷനിലെ അഴിമതിവാര്‍ത്ത ഒലിച്ചു തുടങ്ങവേ അമേരിക്ക ഇടപെട്ടു: ഇത് ഇലക്‌ഷനാണെന്ന് ഓര്‍മ്മ വേണം. കര്‍സായിയുടെ പ്രതികരണം: ഇത് അഫ്‌ഗാനിസ്ഥാനാണെന്ന് ഓര്‍മ്മ വേണം.

5. നമ്മുടെ എഴുത്തുകാര്‍ക്കും സിനിമാക്കാര്‍ക്കും വികലാംഗ പെന്‍ഷന്‍ കൊടുക്കണം. അവരുടെ ക്രിയേറ്റിവിറ്റിക്ക് സ്വാധീനമില്ലതായിട്ട് നാളെത്ര കഴിഞ്ഞു!.

Saturday, September 5, 2009

പുതിയമലയാളം ചാനല്‍, ഷാറൂഖ്-കമല്‍ സാന്നിധ്യശ്രദ്ദേയം

ക്രിസ്‌മസ് പിറ്റേന്ന് തിരുവനന്തപുരത്ത് പുതിയൊരു മലയാളം ചാനല്‍, സീ ടിവി (SEA TV), ഉദ്ഘാടനം ചെയ്യപ്പെടും. ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാകര്‍ഷണം ഷാറൂഖ് ഖാനാണ്. മൌറീഷ്യാനാ രാജകുമാരി അലിയ മുഹമ്മദ് ചീഫ് ഗസ്റ്റാവുന്ന ചടങ്ങില്‍ താരനിരയാല്‍ തിളങ്ങുമെന്ന് സൂചന. നവംബര്‍ 26ന്, കമല്‍ഹാസന്‍ ലോഗോ പ്രകാശിപ്പിക്കുന്ന ചടങ്ങില്‍ തമിഴകത്തേയും രാഷ്ട്രീയ-സിനിമാ താരങ്ങളും പങ്കെടുക്കും. അന്ന് നവോദയ അപ്പച്ചനേയും സീ ടിവി ആദരിക്കുന്നുണ്ട്.
കേരളത്തിലെ പ്രബുദ്ധജനതയ്ക്ക് ഇപ്പോള്‍ എത്ര ചാനലുകളുണ്ട്? മുരളിയുടെ ജനപ്രിയ ചാനല്‍ കൂടി വരുമ്പോഴേക്കും രണ്ട് ഡസന്‍ തികക്കുമോ?

Thursday, September 3, 2009

'പത്താം നിലയില്‍' ഇന്നസെന്‍റിന് അവാര്‍ഡ്?


നക്ഷത്രക്കൂടാരം, ഒരു കടങ്കഥ പോലെ എന്നെ ചിത്രങ്ങളുടെ സംവിധായകന്‍, മാക്ട വൈസ് പ്രസിഡണ്ട് ജോഷി മാത്യു ഒരുക്കുന്ന പുതിയ ചിത്രം 'പത്താം നിലയിലെ തീവണ്ടി' യിലെ അഭിനയത്തിന്, ഇന്നസെന്‍റിനെ അവാര്‍ഡിനായി സംസ്ഥാനകമ്മിറ്റി പരിഗണിക്കുമെന്ന് കരുതപ്പെടുന്നു. ഡെന്നീസ് ജോസഫ് കലാകൌമുദിയിലെഴുതിയ ചെറുകഥയെ അധികരിച്ച് തയ്യാറാക്കിയ തിരക്കഥയില്‍ സ്കിസോഫ്രേനിയയുള്ള ഒരു പിതാവിനാണ് (55കാരന്‍ ശങ്കരനാരായണന്‍), ഇന്നച്ചന്‍ ജീവന്‍ നല്‍കിയിരിക്കുന്നത്.നവാഗത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ജോസ് തോമസ് ചിത്രത്തിന്‍റെ നിര്‍മ്മാതാവുന്നതോടെ മൂന്ന് സംവിധായകര്‍ ഒരുമിക്കുന്ന ചിത്രമെന്ന സവിശേഷതയുമുണ്ട് 'പത്താം നിലക്ക്'.

ശങ്കരനാരായണന്‍ മുഴുക്കുടിയാണെന്ന് പ്രഖ്യാപിച്ച് ചിത്തരോഗാശുപത്രിയില്‍ തള്ളിയിരിക്കുന്ന മകന്‍ ജയസൂര്യയുമായി അച്ഛന്‍ നടത്തുന്ന കത്തിടപാടുകളിലൂടെയാണ്, കഥ വികസിക്കുന്നത്. ഒരു കുവൈറ്റ് മലയാളി നിര്‍മ്മാണത്തില്‍ പങ്കാളിയായ ചിത്രത്തിന്‍റെ കാമറ വേണുവും എഡിറ്റിങ്ങ് അദ്ദേഹത്തിന്‍റെ ഭാര്യ ബീനയും പരസ്യകല എന്‍റെ മിത്രം ഗായത്രിയും നിര്‍വഹിച്ചിരിക്കുന്നു.

'തീവണ്ടി'ക്ക് ഏറ്റുമുട്ടേണ്ടി വരിക പഴശിരാജയോടായിരിക്കാം. അണിയറപ്രവര്‍ത്തകര്‍ പക്ഷേ ഇന്നസെന്‍റിനു അവാര്‍ഡ് കിട്ടുമെന്ന കാര്യത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. നിര്‍മ്മാതാക്കള്‍ പറയുന്നത് അന്താരാഷ്ട്രമേളകളില്‍ ചിത്രമയക്കുമെന്നാണ്.

Tuesday, September 1, 2009

അറബി-ഫിലിപ്പീനോ ഓണം


മൂന്നുമണി വെളുപ്പിനു വരാന്തയിൽ ഓണസദ്യ
കുവൈത്തിലെ ഒരു ഫുഡ് കമ്പനിയിലെ ഇരുപത്തിയൊന്ന് ഫിലിപ്പീനോ തൊഴിലാളികൾക്കും യമനിയായ എക്സ്പിഡൈറ്ററിനും (മന്ദൂപ്)സഹപ്രവർത്തകരായ മലയാളികൾ ഓണസദ്യ വിളമ്പിയത് തിരുവോണദിനമായ ഇന്ന് വെളുപ്പിനു മൂന്നുമണിക്ക്. ബ്നെയ്ദ് അൽ ഗറിലെ കമ്പനി വക അക്കമഡേഷൻ കെട്ടിടത്തിലെ നാലാം നിലയിൽ വരാന്തയിലായിരുന്നു സദ്യ. നാലു റസ്റ്ററന്റുകളിൽ നിന്നുമുള്ള തൊഴിലാളികൽ ജോലി കഴിഞ്ഞെത്തിയത് രാത്രി രണ്ടരയോടെയായിരുന്നു. നോമ്പ് മാനിച്ച് ഉച്ചയ്ക്കും ജോലി കാരണം വൈകിട്ടും എല്ലാവരും ഒരുമിച്ചുള്ള ഭക്ഷണം പ്രായോഗികമല്ലാത്തതിനാൽ വെളുപ്പാൻ‌കാലത്തെ സദ്യ പ്രാവർത്തികമാക്കുകയായിരുന്നു 87 തൊഴിലാളികൾ. തേങ്ങാപ്പീരയിൽ കളറ് ചേർത്ത് രൂപപ്പെടുത്തിയ കഥകളിയലങ്കാരത്തിനു സമീപം വരാന്തയിൽ വിരിച്ച പ്ലാസ്റ്റിക് പായയിൽ ഫിലിപ്പീനോ യുവതീയുവാക്കളും മധ്യവയസ്കനായ അറബിയും ചമ്രം പടിഞ്ഞിരുന്നു. വാഴയിലയിൽ മലയാളി സഹോദരങ്ങൾ വിളമ്പിയ ശർക്കരപെരട്ടിയും കാ വറുത്തതും കുത്തരിച്ചോറും പതിനാറ് കൂട്ടം കറികളും പാലടപ്രഥമനും പരിപ്പ് പായസവും പഴവും കൈവിരലുകൾ ചേർത്ത് ആയാസം കൂടാതെ കഴിച്ചു. ഇതിനായി രണ്ടു ദിവസത്തെ പരിശീലനം അവർക്ക് നൽകിയിരുന്നതായി മലയാളികൾ പറഞ്ഞു.
അറുപത് മലയാളികളാണു ഗാസ്ട്രോണോമിക്ക ഫുഡ് കമ്പനിയിലുള്ളത്. കമ്പനി അക്കമഡേഷനിലെ രണ്ട് അടുക്കളകളിലായിരുന്നു എല്ലാവരും ചേർന്നുള്ള പാചകം. ഭക്ഷണസാധനങ്ങൾ നിരത്തിവെക്കാൻ നാലു പേർ താമസിക്കുന്ന ബെ‌ഡ്‌റൂമുകളിലൊന്ന് കാലിയാക്കിയതുൾപ്പെടെ കഴിഞ്ഞ രണ്ടാഴ്ചയായി സദ്യക്കുള്ള വട്ടമൊരുക്കുകയായിരുന്നെന്ന് മലയാളികൾ പറഞ്ഞു. ഉച്ചയോടെ ജോലിക്ക് പോകേണ്ടതിനാൽ അധികസമയം കളയാനില്ലാതിരുന്ന തൊഴിലാളികളെല്ലാവരും പുലർച്ചെ അഞ്ചു മണിയോടെ വൃത്തിയാക്കലും കഴിഞ്ഞ് ഉറങ്ങാൻ പോയി. മൊബൈൽ കാമറകൾ ഏറെ കണ്ണു ചിമ്മിയ ശബ്ദമുഖരിതമായ അന്തരീക്ഷം ശാന്തമാകുന്നതിനു മുൻ‌പ്, മാവേലിയായി വേഷം കെട്ടിയ കമ്പനി ഡ്രൈവറിന്റെ തോളത്ത് കൈയിട്ട് ഫിലിപ്പീനോ യുവതികൾ ഭക്ഷണശേഷം ഫോട്ടോക്ക് പോസ് ചെയ്ത് പറഞ്ഞു: ഹാപ്പി ഓണം!

Blog Archive