Search This Blog

Sunday, January 31, 2010

ജീനിയസ് കുറിപ്പുകള്‍-ക്വിസ്

ലോകപ്രശസ്തരായ ചില പ്രതിഭകളുടെ നോട്ടുപുസ്തകങ്ങളില്‍ നിന്നുമുള്ള ഏടുകളും അവയെക്കുറിച്ചുള്ള സൂചനകളും ക്രമമില്ലാതെ കൊടുത്തിരിക്കുന്നു. ചിത്രങ്ങളും സൂചനകളും നോക്കി പ്രതിഭകള്‍ ആരൊക്കെയെന്ന് പറയാമോ?

1. മനുഷ്യശരീരം യഥാതഥാ അല്ലാത്ത മാനറിസവും പരീക്ഷിച്ചയാളുടെ അഥവാ ദാവീദിന്റെ കുറിപ്പുകൾ‌.
2. പ്രകാശം പരത്തിയ ശാസ്ത്രഞ്ജനും അദ്ദേഹത്തിന്റെ ടീമും കണ്ടുപിടിച്ചവയില്‍ ഒന്നിനെക്കുറിച്ചുള്ള നോട്ട്.
3. ബൈബിളും ഷേൿസ്‌പിയറും മറ്റും ചിത്രീകരിച്ച നിഷ്കളങ്കതയുടെ പാട്ടുകാരന്റെ ആത്മീയ ഇമേജറി പ്രശസ്തം‌.
4. സ്വന്തം കുട്ടിക്കാലം നോവലുകളിലൂടെ ലോകപ്രശസ്തമാക്കിയ മിസ്സിസ്സിപ്പി നദീതടക്കാരൻ‌.
5. യാത്രികന്‍ തയ്യാറാക്കിയ ഹിസ്പാനിയോള ദ്വീപ് യൂറോപ്യന്‍ കോളനിവല്‍ക്കരണത്തിന് വഴികാട്ടിയായി.





Friday, January 29, 2010

ഓര്‍മ്മ: 'ക്യാച്ചര്‍ ഇന്‍ ദ റൈ' സാലിഞ്ജര്‍

'നിങ്ങള്‍ക്ക് ശരിക്കും അതേക്കുറിച്ച് കേള്‍ക്കണമെന്നുണ്ടെങ്കില്‍, നിങ്ങള്‍ക്കറിയേണ്ട ആദ്യത്തെ കാര്യം മിക്കവാറും ഞാനെവിടെയാണ് ജനിച്ചതെന്നും എന്റെ പരിതാപകരമായ കുട്ടിക്കാലം എങ്ങനെയിരുന്നെന്നും, പിന്നെ എന്റെ മാതാപിതാക്കള്‍ക്ക് ഞാനുണ്ടാവുന്നതിന് മുന്‍പ് എന്ത് പണിയായിരുന്നെന്നും മറ്റും പിന്നെ ഡേവിഡ് കോപ്പര്‍ഫീല്‍ഡ് തരത്തിലുള്ള കാഷ്ഠം മുഴുവനും, ഒക്കെയായിരിക്കും, പക്ഷെ നിങ്ങള്‍ക്ക് സത്യമറിയണമെന്നുണ്ടെങ്കില്‍, എനിക്കതിലേക്കൊന്നും പോകണമെന്നില്ല'. ജെ ഡി സാലിഞ്ജറുടെ പ്രശസ്തമായ 'ക്യാചര്‍ ഇന്‍ ദ റൈ' ആരംഭിക്കുന്നതിങ്ങനെയാണ്. ഹക്കള്‍ബെറി ഫിന്നിന്, ശേഷം ലോകം സ്‌നേഹിച്ച പയ്യന്‍ ഹോള്‍ഡന്‍ കോള്‍ഫീല്‍ഡ്, ക്യാച്ചറിലെ നായകന്‍, സഹാനുഭൂതി അര്‍ഹിക്കുന്ന കൌമാരത്തിന്റെ പ്രതീകമായി നോവല്‍ പ്രസിദ്ധീകരിച്ച 1951 മുതല്‍.

വലിയവരുടെ അവിശ്വസിക്കത്തക്ക ധാര്‍മ്മികതയും അന്യതാബോധവുമൊക്കെ ക്യാച്ചറില്‍ ഉടനീളം അസ്സലായുണ്ട്. ഈ അന്യതാബോധം പിന്നീട് വന്ന സാഹിത്യങ്ങളിലൊക്കെ ഒഴിവാക്കാനാവാത്ത ബാധയുമായിത്തീര്‍ന്നു. ബീറ്റ്‌ല്‍സ് താരം ജോണ്‍ ലെനനെ വധിച്ച ഡേവിഡ് ചാപ്മാന്‍ കൊലയുടെ വിശദീകരണം ക്യാച്ചറിലുണ്ടെന്ന് പറഞ്ഞതോടെ നോവലിന്റെ ആരാധകര്‍ വലിയ ലോകത്തെ തിന്‍മ പോലെ പെരുകി. കോള്‍ഫീല്‍ഡ് അവന്റെ പരിതാപം നമ്മോട് ആര്‍ദ്രമായി, എന്നാല്‍ സഹതാപം വേണ്ടാതെ, പറയുന്ന രീതിയിലാണ്, ക്യാച്ചര്‍ പുരോഗമിക്കുന്നത്. വലിയവരുടെ ലോകത്തെ സാംസ്‌കാരിക പൊള്ളത്തരം കണ്ടപ്പോഴൊക്കെ 'അതെന്നെ കൊല്ലുന്നു' എന്ന് ആണയിട്ടു പയ്യന്‍.

എവിടെയെങ്കിലും ഒരു 'കൂര' കെട്ടി ശിഷ്ടകാലം കഴിക്കണമെന്ന പയ്യന്റെ ആഗ്രഹം പോലെ പയ്യന്റെ കര്‍ത്താവും പ്രശസ്തിയുടെ നടുവില്‍ നിന്ന് ഓടിപ്പോയി. ക്യാച്ചറിന്റെ കവറില്‍ നിന്ന് നോവലിസ്‌റ്റിന്റെ ഫോട്ടോ നീക്കണമെന്നും പറഞ്ഞു സാലിഞ്ജര്‍.1965ല്‍ എഴുതിയ 'ഹാപ്‌വര്‍ത്ത് 16, 1924' ന്യൂയോര്‍ക്കറില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും പുസ്തമാക്കാന്‍ സാലിഞ്ജര്‍ സമ്മതിച്ചില്ല. പ്രസിദ്ധീകരണം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് പ്രസിദ്ധിക്ക് വേലി കെട്ടിയ സാലിഞ്ജര്‍ കരുതി. പ്രശസ്തിയുടെ പിന്നാലെ പോകാനുള്ള ആരോഗ്യം അതില്‍ നിന്നും ഓടിയകലുവാന്‍ അദ്ദേഹം ഉപയോഗിച്ചു!

സാലിഞ്ജര്‍-ഗവേഷകരുടെ ഇപ്പോഴത്തെ അന്വേഷണം 65ന്, ശേഷം അദ്ദേഹം എന്തെങ്കിലും എഴുതിയിരുന്നോ എന്നാണ്. 'ക്യാച്ചര്‍' ഇനി സിനിമയാവുമെന്നും സാലിഞ്ജറുടെ സാഹിത്യ വനവാസം മറ്റൊരു നോവലാവുമെന്നും കരുതിയാല്‍ അദ്ദേഹം ശവക്കുഴി തുറന്ന് വരില്ലെന്ന് കരുതാം.

Saturday, January 23, 2010

‘Up in the Air’, a down to earth recession movie

A well-drawn script, loosely based on Walter Kirn’s 2003 novel, is the backbone of George Clooney starring, contemporary comedy ‘Up in the Air’. If it were not for George Clooney and the charismatic actresses plus a couple of aerial shots, you could as well read the screenplay and get the gist of what director Reitman is saying about a corporate executive who is hired to fire employees whose ‘positions no longer exist’. Bingham, Clooney’s cool character, shuttling between flights, giving management lectures on ‘How to lose your backpack’ is at heart a loner (surrounded but isolated) whose backpack of human relation burdens him. The movie’s transcending grace is Bingham’s realization to connect or his failure to connect.
‘This man is your man’ song, moving clouds that seemingly turn to tides, and aerial views of cities, Up in the Air begins without pretensions. We have a trip with the man who travelled 350,000 miles last year through Dallas, Omaha, St Louis, Wichita, Tulsa, Des Moines and tens of other cities. As a viewer you need to settle down, calculating nothing losing your backpack of expectations.


The plot is hard to realize for a commercial feature film – just how difficult it is to tell an employee that he/she is no longer needed. In the film Bingham and his ‘co-firer’ terminate people through video conferencing. Bingham is apparently apathetic but for his colleague it’s heart breaking especially after her own relation with her would-be is broke. Director Reitman couldn’t take a better approach than treating downsizing with a comedic view – no slapstick, no sentiments and no suspense. The film is rich with humorous one-liners – ‘That’s like firing someone through Internet’ (after Bingham’s colleague is dumped by her boyfriend by a text message). In one in-flight scene, Bingham is asked by a steward, ‘Do you want cancer?’ (Do you want a can (of beer) sir?)

How to lose your backpack? Empty it. But it isn’t that simple for Bingham who grow filled as the plot thickens. The title ‘Up in the Air’ is a metaphor for Bingham’s attitude towards life. And he represents the busy, engaged, running and time-framed modern generation. He has a clever way to sack people whether convincing the not-wanted to explore hidden talents for the rest of life or be with the children more and more time and the like. Bingham is blind to see one woman’s agony that it is easy for her to jump off a river. And when she does exactly what she had said, Bingham’s colleague quits and nothing is shaky for him.

As a twist, it is the downsized, people who Bingham brutally fired, who ‘change’ his attitude. ‘Up in the Air’ is in Kuwait now. After watching it ruminate over or talk to someone. Perhaps the movie’s lines might expand.

അപ് ഇന്‍ ദി എയര്‍: ഊതി വീര്‍പ്പിച്ച കാപട്യങ്ങള്‍

തൊഴിലാളികളെ പിരിച്ചു വിടുന്ന ജോലിയുള്ള മാനേജ്മെന്‍റ്-ഗുരു; അയാളുടെ ബാഹ്യമോടികളും ഉള്ളിലെ ശൂന്യതയും ഇരകളാകുന്നവര്‍ക്കും ഗുരുക്കന്‍മാരാകാമെന്ന പാഠവും ചേരുമ്പോള്‍ ഇത്തവണ ബെസ്റ്റ് പിക്‌ചര്‍ വിഭാഗത്തില്‍ ഓസ്കാറിന്, നോട്ടമുള്ള 'അപ് ഇന്‍ ദി എയര്‍' കഥയായി. സിനിമ പ്രത്യേകം കാണണമെന്നില്ല. തിരക്കഥ വായിച്ചാല്‍ മതി. അല്ലെങ്കില്‍ സിനിമ അടിസ്ഥാനമാക്കിയ അതേ പേരിലുള്ള നോവല്‍ (2003) തപ്പിയാലും മതി. നിങ്ങള്‍ ഒരു ജോര്‍ജ്ജ് ക്ളൂണി ഫാനാണെങ്കില്‍ മയാമി, ഒമാഹ, ഡാള്ളസ് മുതലായ അനേകം നഗരങ്ങളുടെ ആകാശ വീക്ഷണം കാണണമെങ്കില്‍ സിനിമ കാണാം.

മാനേജ്മെന്‍റ്-ലോകത്തെ അനാവശ്യ സമ്മര്‍ദ്ദങ്ങളും പലഹാര-പരിഹാരമെന്ന നിലയിലുള്ള സെമിനാറുകളും റിലാക്‌സേഷന്‍ ടെക്‌നിക്കുകളും നിരന്തര യാത്രകളും ഇടക്ക് പൂജ്യമാകുന്ന മനുഷ്യബന്ധങ്ങളും സരസമായി നോക്കിക്കാണുന്നു റെയിറ്റ്‌മാന്‍ സംവിധാനം ചെയ്ത ചിത്രം. മധ്യവയസ്കനായ ജോര്‍ജ്ജ് ക്ളൂണി (അവതരിപ്പിക്കുന്ന കഥാപാത്രം)യുടെ കൂടെ ബിരുദധാരി പെണ്‍കുട്ടിയുമുണ്ട്. ഉദ്യോഗസ്ഥരെ പിരിച്ചയക്കുമ്പോള്‍ കര്‍ക്കശ സ്വഭാവം കാണിക്കുന്ന ക്ളൂണിക്ക് ബാലന്‍സ് എന്ന നിലയിലാണ്, സോഫ്‌റ്റായ സുന്ദരി കൂടെയുള്ളത്.

ഒരിക്കല്‍ 'ഈ സ്ഥാപനത്തില്‍ നിന്ന് നിങ്ങളുടെ പൊസിഷന്‍ നീക്കം ചെയ്തിരിക്കുകയാണ്' എന്ന് ഒരു സ്ത്രീയോട് പറഞ്ഞപ്പോള്‍ 'പരിഹാരം എനിക്കറിയാം, ഒരു പാലത്തില്‍ നിന്ന് ചാടുക' എന്ന മറുപടി കേട്ട് വിറങ്ങലിച്ച ആളാണ്, സുന്ദരി. അത് വാസ്തവത്തില്‍ സംഭവിച്ചപ്പോള്‍ സുന്ദരി രാജി വച്ചു. ക്ളൂണിക്ക് അപ്പോഴും കുലുക്കമില്ല. സ്വന്തം കരിയര്‍ ഗ്രാഫ് ഉയര്‍ത്താനാണ്, കൂട്ടത്തില്‍ കൂടുതല്‍ ദൂരം ആകാശയാത്ര ചെയ്തയാളെന്ന ആനുകൂല്യത്തിനുടമയാകാനും, അയാളുടെ ശ്രമം. പക്ഷേ യാത്രകള്‍ക്കൊടുവില്‍, ഇടയില്‍, അയാള്‍ക്ക് കണക്ക് തെറ്റി. നമ്മുടെ 'നീയെത്ര ധന്യ'യില്‍ കാര്‍ത്തികക്ക് പറ്റിയ പോലെ ഇഷ്ടപ്പെട്ടയാള്‍ക്ക് കുടുംബവും കുട്ടികളുമുണ്ടെന്ന അറിവും ലക്ഷ്യം തെറ്റിയ യാത്രയില്‍ ഇടത്താവളം കാണുവാന്‍ മറന്നെന്ന തിരിച്ചറിവും അയാളെ പുതിയ മനുഷ്യനാക്കുമോ? ചന്ദ്രനിലേക്കുള്ളതിനേക്കാള്‍ ദൂരം ഫ്ളൈറ്റ് യാത്ര ചെയ്ത നായകനോട് പൈലറ്റ് ചോദിക്കുന്നു: നിങ്ങള്‍ എവിടെ നിന്നാണ്? വേരുകളില്ലാത്ത അയാള്‍ പറയുന്നു: ഇവിടെ നിന്ന്.

വിവാഹ മുഹൂര്‍ത്ത സമയത്ത് രണ്ടാം ചിന്ത തോന്നി പിന്‍മാറിയ വരനും പ്രേമം പൊളിഞ്ഞ പെണ്‍കുട്ടിക്കും ഫ്രീ കൌണ്‍സിലിങ്ങ് കൊടുക്കുന്ന വേളയില്‍ സ്വജീവിതത്തെക്കുറിച്ച് നായകന്‍ ബോധവാനാകുന്നുണ്ട്. ഇത്തരം നുറുങ്ങു സീനുകളാണ്, പൊതുവേ നായക കഥാപാത്രത്തിലേക്കും ചിത്രത്തിന്‍റെ ആത്മാവിലേക്കും തുറക്കുന്ന സൂചനകള്‍. അപ്പോള്‍ പോലും ഒരു ഓസ്കാര്‍ ചിത്രത്തിനുള്ള ഗരിമയൊന്നും 'അപ് ഇന്‍ ദി എയറിന്' അവകാശപ്പെടാനില്ല. ഇത്തരമൊരു പ്രമേയമെടുത്ത് വിജയിപ്പിച്ചതിന്, ചിത്രം കൈയടിക്കര്‍ഹമാണെങ്കിലും.

Wednesday, January 20, 2010

ഡൌണ്‍ സിന്‍ഡ്രം ഉണ്ണിയേശു

ചിത്രം നൂറ്റാണ്ട് 15 ലേത് എന്ന് മാത്രമറിയാം. ഉണ്ണിയേശു 'മന്ദബുദ്ധി': ശിശുസഹജമായ നിഷ്കളങ്കതയാണോ ചിത്രകാരന്‍ ഉദ്ദേശിച്ചത്?

Saturday, January 16, 2010

3-ഡി ടിവി/ചാനലുകള്‍

കാശു കൊടുത്ത് പുതിയ ഫ്ളാറ്റ് ടിവി വാങ്ങിയോ? അതിന്, റീസെയില്‍ വാല്യൂ പോലുമില്ലാത്ത കാലം വരുന്നു. ബാറ്ററി/റീചാര്‍ജ്ജ് ചെയ്യാവുന്ന കണ്ണടയുപയോഗിച്ച് കാണാവുന്ന സ്പോര്‍ട്സ്, സംഗീത പരിപാടികള്‍ താമസിയാതെ നമ്മുടെ ടീവീ മുറി അലങ്കരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇ എസ് പി എന്‍ ലൈവ് സ്പോര്‍ട്സ് പരിപാടികള്‍ സംപ്രേഷണം ചെയ്യുന്ന ചാനല്‍ തുടങ്ങുന്നു. സോണി, ഡിസ്കവറി ചാനലുകളും 24 മണിക്കൂര്‍ 3-ഡി ചാനലുകള്‍ തുടങ്ങുന്നതോടെ ടിവിയില്‍ നമ്മള്‍ എന്തു കാണും എന്നത് പുന:പരിശോധിക്കണം. സിനിമകളില്‍ 3-ഡി മാത്രമാവും ചിലപ്പോള്‍ ഭൂരിപക്ഷം കാണുക. തിയറ്ററിലേക്ക് ആള്, പോകണമെങ്കില്‍ വിദ്യ വേറെ വേണം. പാചക പരിപാടികള്‍ 3-ഡി ടിവിയില്‍ കാണുമ്പോള്‍ ഭക്ഷണത്തിന്, നമ്മുടെ മുഖത്ത് നിന്ന് മാറാന്‍ സമയമുണ്ടാകില്ല. ഉപഭോക്താക്കളെക്കൊണ്ട് കൂടുതല്‍ വാങ്ങിപ്പിക്കുക എന്ന തന്ത്രത്തിന്, എന്തൊക്കെ പുതിയ വേഷങ്ങളാവും അവതരിക്കാനിരിക്കുക!

ഒടുവില്‍ കിട്ടിയത്: 3-ഡി കണ്ണടകള്‍ വാങ്ങിക്കഴിഞ്ഞ് ഏറെ താമസിയാതെ മാര്‍ക്കറ്റില്‍ ഇറങ്ങാന്‍ പോവുക കണ്ണട വേണ്ടാത്ത 3-ഡി ടിവി ആയിരിക്കും.

Friday, January 15, 2010

ഹെയ്തി നേര്‍ക്കാഴ്ച

അമേരിക്കന്‍ താര ദമ്പതികള്‍ ആഞ്ജലീന ജോളി-ബ്രാഡ് പിറ്റ് ഒരു മില്യണ്‍ യുഎസ് ഡോളര്‍ ഹെയ്തിയിലേക്ക് സംഭാവന ചെയ്തു. പല പ്രമുഖരും പല രീതിയിലുള്ള സംഭാവന പദ്ധതികളുമായി വരുന്നു. നടന്‍ ജോര്‍ജ്ജ് ക്ളൂണിയുടെ എം ടി വി ഷോ അതില്‍ ശ്രദ്ധേയം. ഫ്രന്‍ച്, അമേരിക്കന്‍ കോളനിവല്‍ക്കരണങ്ങളെ തുടര്‍ന്ന് പട്ടിണിയിലായ ഈ കരീബിയന്‍ ദ്വീപിന്, വെള്ളപ്പൊക്കവും ക്ഷാമവും നിത്യശാപങ്ങളാണ്.

ഭൂകമ്പശേഷം മരണം ഒരു ലക്ഷം കവിഞ്ഞ ഹെയ്തിയെക്കുറിച്ച് ഇന്സ്റ്റിറ്റ്യൂട്ട് ഒഫ് കറന്‍റ്‍ വേള്‍ഡ് അഫയേഴ്സിലെ പൂജ ഭാട്ടിയ നല്‍കുന്ന 'നേര്‍ക്കാഴ്ചാ വിവരണം' ന്യൂയോര്‍ക്ക് ടൈംസില്‍. ജനങ്ങള്‍ തെരുവിലിറങ്ങി പ്രാര്‍ഥിക്കുകയാണത്രെ, പോര്‍ട്ടൊ പ്രിന്‍സില്‍. സുരക്ഷാ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആര്‍ക്കും വിവരമില്ല. മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തിക്കുന്നില്ല. കെട്ടിടങ്ങള്‍ വീണ്, റോഡ് അടഞ്ഞു. യുണൈറ്റഡ് നേഷന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്സ് നിലം പൊത്തി. പൊലീസുകാര്‍ സ്വയം ഒളിച്ചിരിക്കുകയാണെന്നും ഹോസ്പിറ്റലുകള്‍ മുറിവേറ്റവരുടെ നേര്‍ക്ക് മുഖം തിരിക്കുകയാണെന്നും ദൈവം എന്താണ്, മറഞ്ഞിരിക്കുന്നതെന്ന് സന്ദേഹിക്കുന്ന ഭാട്ടിയയുടെ കുറിപ്പില്‍.

Tuesday, January 12, 2010

ഓര്‍മ്മ: എറിക് റോമര്‍, ഫ്രന്‍ച് നവതരംഗകാരന്‍

ഫ്രന്‍ച്-ജര്‍മ്മന്‍ സാഹിത്യം അധ്യാപകന്‍, നോവലിസ്റ്റ്, എറിക് റോമര്‍ (തൂലികാനാമം) ഫ്രന്‍ച് നവതരംഗ സിനിമയുടെ പ്രണേതാവായപ്പോള്‍ സിനിമകളില്‍ എഴുത്തു-സംസാര ഭാഷക്ക് പ്രാമുഖ്യം കൊടുത്തു (പ്രണയ പ്രമേയങ്ങള്‍ ദീര്‍ഘ സംഭാഷണ ഭരിതം). വിഹാഹിതനായ പുരുഷന്‍ പ്രലോഭനങ്ങള്‍ക്ക് വശംവദനാവുന്നതും അതില്‍ നിന്നും വിടുതി നേടുന്നതുമാണ്, ആറു ധാര്‍മ്മിക കഥകള്‍ സീരീസ് ചിത്രങ്ങളുടെ പ്രമേയം. ആ ആറു ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയം, 'മൌദ്സിലെ എന്‍റെ രാത്രി' (1969), വിവാഹബന്ധം വേര്‍പെടുത്തിയ സ്വതന്ത്ര ചിന്തകയുടെ സമീപത്തെ നാണം കുണുങ്ങിയായ ഒരു കാത്തലിക് (യാഥാസ്ഥിതികന്‍) പുരുഷന്‍റെ കഥ പറയുന്നു. ഒരു കൌമാരക്കാരിയുടെ മുട്ടുകാല്‍ തടവുന്നതിനെക്കുറിച്ച് നനയാത്ത സ്വപ്നങ്ങള്‍ കാണുന്ന ഒരു ഡിപ്ളോമാറ്റ് മറ്റൊരു ചിത്രത്തിലെ പ്രധാന കഥാപാത്രമാണ്. തത്വചിന്താപരമായ പ്രണയത്തെക്കുറിച്ചുള്ള അടുത്ത പരമ്പരയില്‍ ചിത്രങ്ങളില്‍ ഋതുക്കളായിരുന്നു പശ്ചാത്തലം.

Friday, January 1, 2010

ആധിപ്പരമ്പരകള്‍ക്ക് ശേഷം ​തിരികെ

'ഡോക്‌ടര്‍ പാര്‍ണസൂസ്' എന്ന പുതിയ സിനിമ വാര്‍ത്തകളില്‍ ഇടം നേടിയത് അതിന്‍റെ ചിത്രീകരണവേളയില്‍ വിധി നടത്തിയ ചില കളികളാലായിരുന്നു. ഷൂട്ടിങ്ങ് പല കാരണങ്ങളാല്‍ നീളുകയും, പ്രധാന നടന്‍ മരിക്കുകയും, ഒരു ഹിറ്റ് എങ്ങനെയെങ്കിലും കണക്ക് കൂട്ടിയ സംവിധായകന്‍ ടെറി ഗില്യംസ് വാഹനാപകടത്തിനിടെ നടുവൊടിയുകയും ചെയ്തത് ചിത്രത്തിന്, കുപ്രശസ്തിയാണെങ്കിലും, വന്‍ പബ്ളിസിറ്റി കൊടുത്തു. സിനിമാദൈവങ്ങള്‍ കോപിച്ച ഒരു മലയാളി കാമറാമാന്‍ പാര്‍ണസൂസ് രാശിയില്‍ നിന്നും കര കയറി കുവൈറ്റില്‍ ജീവിച്ചിരിപ്പുണ്ട്. ഇരുള്‍ കവര്‍ന്ന ആറു മാസങ്ങള്‍ക്കിടയില്‍ അയാള്‍ അനുഭവിച്ചു തീര്‍ത്തത് അറം പറ്റുന്ന പരീക്ഷണങ്ങളായിരുന്നു. ജോലി നഷ്ടപ്പെടുക, കുടുംബത്തിലേക്ക് ശേഷം വരുമാനം കൊണ്ടു വന്നിരുന്നയാള്‍ക്ക് രോഗം പിടിപെടുക, ഗര്‍ഭിണിയായ ഭാര്യയെ നാട്ടിലേക്കയക്കേണ്ടി വരിക, ആറ്റുനോറ്റുണ്ടായ കുഞ്ഞ് മരിക്കുക, ജോലി ചെയ്തിരുന്ന കമ്പനിയുമായി കേസ് തര്‍ക്കങ്ങളില്‍ പെടുക, ഒരു ലക്ഷത്തോളം ഇന്ത്യന്‍ രൂപ 'കരാമ' അടക്കുക, കാമറാ ജോലിസംബന്ധമായി ഇന്ത്യന്‍ എംബസ്സിയില്‍ പോകെ പൊലീസ് പിടിക്കുക, പുതിയ 'ഇക്കാമ' അടിച്ചിട്ടില്ലാത്തതിനാല്‍ ലോക്കപ്പില്‍ കഴിയുക, ഈദ് അവധി മൂലം ലോക്കപ്പ് വാസം നീളുക, അങ്ങനെ ആ കണ്ടകശ്ശനി ഒരു അപഹാര സീരിയല്‍ പോലെ നീളുന്നതിനിടെ പൊടുന്നനെ പ്രത്യക്ഷപ്പെട്ട വയറുവേദന 'ഗ്യാസ് ട്രബ്‌ള്‍' ആയി കരുതി വഹിച്ചു കാമറക്കാരന്‍. സഹനത്തിന്‍റെ മൂന്നാം ദിവസം വന്‍കുടല്‍ അല്‍പം മുറിച്ചു മാറ്റേണ്ട മേജര്‍ ശസ്ത്രക്രിയയിലേക്കും കാര്യങ്ങള്‍ നീങ്ങി. '‌ഫീനിക്‌സ് പക്ഷി'യുടെ ക്ളീഷേയേക്കാള്‍ 'വീരഗാഥ'യിലെ ചന്തുവിന്‍റെ ജീവിതം പിന്നേയും ബാക്കി എന്ന ഡയലോഗ് ഇഷ്ടപെട്ട്, സന്ദര്‍ശകരോടും തമാശയായി പറഞ്ഞിരുന്ന കഥാനായകന്‍ ഇപ്പോള്‍ പക്ഷേ‍ ഉഷാറാണ്. കാമറ പൊടി തട്ടിയെടുത്തു; ഷൂട്ട് ചെയ്യുന്നു; എഡിറ്റ് ചെയ്യുന്നു; അത് എത്തേണ്ടിടത്ത് എത്തിക്കുന്നു.

വിനോദ് വി നായര്‍ എന്നാണ്, ഗതികേടുകളുടെ പൊടി തട്ടി തിരികെ സാധാരണ ജീവിതത്തിലേക്ക് സ്വയം പറിച്ചു നട്ട കാമറാമാന്‍റെ പേര്. ഒരു സ്വകാര്യ മലയാള ചാനലിന്‍റെ ഫ്രാന്‍ചൈസി എടുത്തതിനാല്‍ ദിവസേന വാര്‍ത്തകളും ചിത്രങ്ങളും അയക്കുക എന്ന ശ്രമകരമായ ജോലിക്ക് ഇടക്ക് ഭംഗം വന്നല്ലോ എന്ന് മാത്രമായിരുന്നു ലോക്കപ്പ്-ആശുപത്രി വാസങ്ങളില്‍ ആ ചെറുപ്പക്കാരന്‍റെ സങ്കടം. മുഴുനീളമായും കുവൈറ്റില്‍ നിര്‍മ്മിച്ച 'പുനര്‍ജ്ജനി' എന്ന ടെലിഫിലിം വിനോദിന്‍റെ കൂടി പങ്കാളിത്തത്തിലായിരുന്നു സാക്ഷാത്ക്കാരമായത്. കലാകാരനെന്ന പരിഗണന ഡോക്ക്ടര്‍മാരും നഴ്സ്മാരും നിര്‍ലോഭം തന്നുവെന്ന് വിനോദ് പറയുന്നു. "ജീവിതത്തെ അത്ര ഗൌരവമായി എടുക്കാഞ്ഞതിലായിരിക്കാം ഈ എടാകൂടങ്ങള്‍ എനിക്ക് വന്നു പെട്ടതെന്ന് കൂട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. പക്ഷേ അതേ സമീപനമാണ്, പഴയ പടിയിലേക്ക് തിരിച്ചു വരാന്‍ എന്നെ സഹായിച്ചതും". ലോക്കപ്പ് വാസത്തില്‍ 'എന്നേക്കാള്‍ ഭാഗ്യം കെട്ടവരുടെ' കൂടെ പൊറുക്കാനായതാണ്, സ്വന്തം തെറ്റുകള്‍ പൊറുക്കാനായത് എന്ന് വിനോദിന്‍റെ കുമ്പസാരം . "എനിക്ക് മൊബൈല്‍ ഫോണുണ്ടായിരുന്നു. ടൂത്ത് പേസ്റ്റും സോപ്പും തോര്‍ത്തും ഇല്ലാത്തവരായിരുന്നു കൂടുതലും".

സ്വന്തമായി ചില്ലി 'ഫില്‍സ്' ഇല്ലാത്ത ദരിദ്ര കാലത്തായിരുന്നു ഒരു ലക്ഷം രൂപ ഫൈന്‍ അടക്കാനായത്. മലയാളിയുടെ സഹജാവബോധമായ 'ചാരിറ്റി' അല്ല അവിടെ പ്രവര്‍ത്തിച്ചത്. നമ്മുടെയിടയില്‍ ഒരു കലാകരാന്‍ കഷ്ടപ്പെടരുത് എന്ന ജാഗ്രവത്തായ മനുഷ്യസ്നേഹമായിരുന്നു മരുന്നായത്. തിരിച്ചു കിട്ടിയ ജീവിതത്തിന്, 28 വയസ്സിലേ എന്തൊക്കെ അനുഭവിച്ചു, തിരിച്ചു കൊടുക്കേണ്ടതുണ്ട് എന്ന നന്ദിയാലാണോ വിനോദ് പുകവലി ഉപേക്ഷിച്ചു. പുതുവര്‍ഷത്തിലേക്ക് ജീവിതത്തിലെ ആദ്യത്തെ അത്തരം 'റെസൊലൂഷന്‍'.

'പാര്‍ണസൂസ്' റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ആ ചിത്രം മറ്റൊരു ദയനീയ പരാജയമാണെന്നാണ്. പാര്‍ണസൂസ് രാശി അതിജീവിച്ച വിനോദിന്‍റെ നവവര്‍ഷത്തിന്, ഇനി പുതുവെളിച്ചത്തിന്‍റെ ഫ്ളാഷുകള്‍ മാത്രം.

http://chintha.com/node/62709

Blog Archive