Search This Blog

Sunday, December 25, 2011

ക്യാപ്‌റ്റന്‍ കൃഷ്‌ണന്‍നായരുടെ കൃഷ്‌ണലീലാത്മകഥ

ഏഴ് വയസുള്ളപ്പോള്‍ മൈസൂറില്‍ ദസറ കാണാന്‍ പോകുകയും കൊട്ടാരത്തില്‍ കയറാനാവാതെ വിഷമിക്കുകയും ചെയ്ത കുട്ടി 65 വര്‍ഷങ്ങള്‍ക്ക് ശേഷം കര്‍ണ്ണാടക മുഖ്യമന്ത്രിയുടെ ക്ഷണാര്‍ത്ഥം കൊട്ടാരത്തില്‍ അതിഥിയായി പോകുകയും കൊട്ടാരം പോലൊരു ഹോട്ടല്‍ (ലീല പാലസ്) അന്നത്തെ ബാംഗ്‌ളൂരില്‍ പണിയുകയും ചെയ്ത നാടോടിക്കഥകളെ വെല്ലുന്ന ജീവിതം, ആത്മവിശ്വാസവും ഭാഗ്യവും ലീലയെന്ന പുണ്യവ്യം അധ്യായങ്ങളായ ജീവിതം, പ്രമുഖ ഹോട്ടലിയര്‍ ക്യാപ്‌റ്റന്‍ ചിറ്റാരത്ത് പൂവക്കാട്ട് കൃഷ്‌ണന്‍നായര്‍ 'കൃഷ്‌ണലീല'യിലൂടെ കസര്‍ക്കുന്നു. ഈയിടെ ദല്‍ഹി ചാണക്യപുരിയില്‍ മൂന്ന് ഏക്കര്‍ 670 കോടി കൊടുത്ത് ലീല, ഗുഡ്‌ഗാവ് സ്ഥാപിച്ച ഹോട്ടലിയറുടെ കഥയോടൊപ്പം ഒബാമ മുതല്‍ മോഹന്‍ലാല്‍ വരെയുള്ളവരുടെ കൂടെ ക്യാപ്‌റ്റനും, ചിലപ്പോള്‍ ഭാര്യ ലീലയും നില്‍ക്കുന്ന ഫോട്ടോകളും പുസ്‌തകത്തെ ആഘോഷമാക്കി മാറ്റുകയാണ്.


ഓര്‍മ്മകള്‍ വിമാനങ്ങള്‍ പോലെയാണ് എന്ന് പറഞ്ഞ് തുടങ്ങുന്നു താഹ മാടായി വിവരിക്കുന്ന ക്യാപ്‌റ്റന്‍ കൃഷ്‌ണന്‍നായരുടെ ലീലാവിലാസജീവിതം. ബാല്യത്തില്‍ വിമാനയാത്ര സ്വപ്‌നം കണ്ടിരുന്ന ഓല മേഞ്ഞ വീട്ടിലെ കുട്ടി, കണ്ണൂര്‍ ജില്ലയിലെ അലവില്‍ കുന്നാവില്‍ എന്ന ദേശത്തെ കൃഷ്‌ണന്‍, 1957 ല്‍ ജര്‍മ്മനിയിലേക്ക് നടത്തിയ ആദ്യ വിമാനയാത്ര മുതലിങ്ങോട്ട് നടത്തിയ യാത്രകള്‍ ഒരു റിയലിസ്‌റ്റ് സ്വപ്‌നസഞ്ചാരിയുടേതായിരുന്നു. അധികാരിയോടൊപ്പം അളവിന് പോയിരുന്ന അംശം കോല്‍ക്കാരന്‍ എന്ന ഒന്‍പത് രൂപ ശമ്പളക്കാരന്‍ അച്ഛന്‍ അപ്പനായര്‍ മുതല്‍ കണ്ണൂരിലെ ബര്‍ണ്ണശേരിയിലെ ചട്ടക്കാരികള്‍ (ആംഗ്‌ളോ ഇന്ത്യന്‍സ്) വരെ പ്രത്യക്ഷപ്പെടുന്ന ആദ്യ അധ്യായം തുടങ്ങി കൃഷ്‌ണലീല അസൂയയുളവാക്കുന്ന യാത്രയാണ്.

മുച്ചിലോട്ട് ഭഗവതിയുടെ കോമരമായിരുന്നു അമ്മയുടെ അച്ഛന്‍. തേങ്ങയുണക്കി കൊപ്രയുണ്ടാക്കി അത് ചക്കിലാട്ടി വെളിച്ചെണ്ണയാക്കുന്ന ജോലി പകല്‍ മുഴുവന്‍ ചെയ്ത മാധവി അമ്മ കളിക്കൂട്ടുകാരനായിരുന്നു കൃഷ്‌ണന്. തലേന്ന് വച്ച ചോറില്‍ കഞ്ഞിവെള്ളവും മോരും ഒഴിച്ച് കുളുത്തത് എന്ന പ്രാതല്‍ കൊടുത്തിരുന്നു അമ്മ. തൊട്ടുകൂട്ടാന്‍ ഉപ്പിലിട്ട മാങ്ങയുടെ നീര്. ചിറക്കല്‍ വലിയ രാജ സ്‌കൂളില്‍ ഒരു പരിപാടിക്ക് വന്നപ്പോള്‍ സ്‌റ്റേജില്‍ ഒരു സ്‌തുതിക്കവിത ചൊല്ലിയ നിമിഷകവി കൃഷ്‌ണന് തുടര്‍ വിദ്യാഭ്യാസ സഹായങ്ങള്‍ വാഗ്‌ദാനം ചെയ്ത വലിയ രാജ പിന്നീട് വിരലിലെ വൈരമോതിരം ഊരിക്കൊടുത്തു. ഈ വലിയരാജയുടെ മകന്‍, ചരിത്രകാരന്‍ ചിറക്കല്‍ ടി ബാലകൃഷ്‌ണന്‍നായര്‍ ഒരിക്കല്‍ പ്രസംഗിച്ചു: ഒരു മുതലാളി (കൃഷ്‌ണന്‍നായര്‍ അദ്ദേഹത്തിന്‍റെ കല്യാണത്തിന്) നാലായിരം പേര്‍ക്ക് സദ്യ കൊടുത്തിരിക്കുന്നു നാട്ടില്‍ റേഷനരി ഇല്ലാത്ത കാലത്ത്.. എവിടന്ന് കിട്ടി ഈ അരി? പിന്നീട് ഇതെക്കുറിച്ച് കേട്ട ലീല പറഞ്ഞു.. വീട്ടില്‍ വന്നാല്‍ ഒരു തുള്ളി വെള്ളം പോലും കൊടുക്കില്ല. (അഴീക്കോട് പഞ്ചായത്തിന്‍റെ ആദ്യ പ്രസിഡണ്ടും രാജരാജേശ്വരി വീവിങ്ങ് മില്‍സ് ഉടമയും ബ്രഹ്‌മാനന്ദസ്വാമി ശിവയോഗീശിഷ്യനുമായ എ കെ നായരുടെ മകള്‍ ലീല വിവാഹം കഴിക്കുന്നയാള്‍ക്ക് ആയിരം മടങ്ങ് അഭിവൃദ്ധിയുണ്ടാകും എന്ന് ജാതകപ്പൊരുത്തം നോക്കിയ ജ്യോല്‍സര്‍ പറഞ്ഞിരുന്നു).

മദ്രാസ് ഗവ ആര്‍ട്ട്‌സ് കോളജ് പഠനത്തിന് ശേഷം വടക്കു പടിഞ്ഞാറന്‍ ഇന്ത്യയിലെ അബോട്ടാബാദിലാണ് (ഇന്ന് പാക്കിസ്ഥാനില്‍. ബിന്‍ ലാദനെ വധിച്ചത് ഇവിടെ) ആര്‍മിയിലെ ആദ്യനിയമനം. കോഡ് ഭാഷയിലെ വയര്‍ലസ് സന്ദേശങ്ങള്‍ ഡീകോഡ് ചെയ്ത് ആര്‍മി ഹെഡ്‌ക്വാര്‍ട്ടേഴ്‌സിലേക്ക് അയച്ചു കൊടുക്കുന്ന ജോലി. (സുഭാഷ് ചന്ദ്ര ബോസിന്‍റെ സന്ദേശങ്ങള്‍ ഡീകോഡ് ചെയ്തിട്ടുണ്ട്. ഗാന്ധിജിയെ ഫാദര്‍ ഒഫ് നേഷന്‍ എന്ന് ആദ്യം വിശേഷിപ്പിച്ചത് ബോസാണെന്ന് ക്യാപ്‌റ്റന്‍. പിന്നീട് നേതാജിയുടെ ജന്‍മശതാബ്‌ദി വര്‍ഷത്തില്‍ മുംബെയില്‍ വച്ച് നടത്തിയ ചടങ്ങില്‍ നേതാജിയുടെ മകള്‍ അനിതയെ സാക്ഷി നിര്‍ത്തി ക്യാപ്‌റ്റന്‍ പ്രസംഗിച്ചു: ഇന്ത്യയുടെ രണ്ടാമത്തെ രാഷ്‌ട്രപിതാവാണ് നേതാജി). അബോട്ടാബാദിലേക്കുള്ള ആദ്യ ട്രെയിന്‍ യാത്രയില്‍ വിശന്ന കൃഷ്‌ണനെ സഹായിച്ചു ഏതോ ഒരു കരുണാകരന്‍നായര്‍.

ഗാന്ധിജിയുടെ ആശ്രമസന്ദര്‍ശനത്തിന് ശേഷം നാട്ടില്‍ പോയി ഗ്രാമ സേവനം നടത്തണമെന്ന് തോന്നിയതിനാല്‍ ആര്‍മിയില്‍ നിന്ന് പോയി കണ്ണൂര്‍ പ്രൊഡ്യൂസേഴ്‌സ് ആന്‍ഡ് കണ്‍സ്യൂമേഴ്‌സ് കോ-ഓപ് സൊസൈറ്റി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി. കണ്ണൂരിലെ വ്യവസായി എകെ നായര്‍ ഭാവി മരുമകനെ തെരഞ്ഞെടുക്കുന്നത് അക്കാലത്താണ്. പിന്നെ എല്ലാ അര്‍ത്ഥത്തിലും ക്യാപ്‌റ്റന്‍. തുണിക്കമ്പനി ഭരണം ഏറ്റ കൃഷ്‌ണന്‍നായര്‍ കണ്ണൂര്‍-കൈത്തറിയെ ക്വാലലംപൂര്‍ വരെ കൊണ്ടുപോയി. എല്ലാറ്റിനും ഒരു വഴി കാണും എന്ന് ലീല.

1957 ജൂണില്‍ പിവികെ നെടുങ്ങാടിയുടെ പത്രാധിപത്യത്തില്‍ കണ്ണൂരില്‍ നിന്ന് പുറത്തിറങ്ങിയ ദേശമിത്രത്തില്‍ സി പി കൃഷ്‌ണന്‍നായര്‍, ബോംബെ എന്ന പേരില്‍ നമ്മുടെ കൈത്തറി വ്യവസായം എന്നെഴുതിയ ലേഖനത്തില്‍ ക്യാപ്‌റ്റന്‍ പറയുന്നു: 'കുടില്‍വ്യവസായം എന്ന നിലയില്‍ കുറേ തൊഴിലാളികള്‍ക്ക് അരപ്പട്ടിണിയുമായി ജീവിക്കാനുള്ള ഏര്‍പ്പാടെന്ന പഴയ നിലയില്‍ നിന്നും കാലോചിത നിലയില്‍ കൈത്തറി നെയ്ത്തു വ്യവസായം ഉയരണം. സെസ് ഫണ്ട് കെട്ടിക്കിടപ്പുള്ള ലക്ഷക്കണക്കിന് സംഖ്യകള്‍ ഇതിലേക്കായി ഉപയോഗിക്കണം. പുതിയ മഷീനറികളില്‍ സാന്‍ഫ്രൈസേഷന്‍ പ്‌ളാന്‍റ് (അലക്കുന്തോറും തുണികളുടെ വീതി കുറക്കാത്ത), ക്രീസ്‌സിസ്‌റ്റന്‍സ് പ്‌ളാന്‍റ് (അലക്കുന്തോറും ചുളുങ്ങാതെ ഇസ്‌തിരിയിട്ട നിലയില്‍ വസ്‌ത്രങ്ങള്‍) നമ്മുടെ കൈത്തറി വ്യവസായത്തിനായി വേണം'.

കൃഷ്‌ണന്‍നായരുടെ വസ്‌ത്ര ബ്രാന്‍ഡ്‌, ബ്‌ളീഡിങ്ങ് മദ്രാസ്, ആഗോള ബിസിനസ് വാതിലുകള്‍ അദ്ദേഹത്തിന് തുറന്നു കൊടുക്കുകയായിരുന്നു. ആന്ധ്രയിലെ കാളഹസ്‌തിയില്‍ നിര്‍മ്മിക്കുന്ന ബ്‌ളീഡിങ്ങ് മദ്രാസ് കോട്ടണ്‍ ചെക്ക് ഫാബ്രിക്കുകളുടെ പ്രത്യേകത അറുപതാം നമ്പര്‍ പാവില്‍ എണ്‍പതാം നമ്പര്‍ നൂലുപയോഗിച്ചുണ്ടാക്കുന്ന ഫൈന്‍ ഫാബ്രിക്ക് vegetable dyes, indigo blue, laterite stone, turmeric gingelly oil തുടങ്ങിയവ ചേര്‍ത്ത് നെയ്യുന്നു എന്നതാണ്. ഓരോ തവണ കഴുകുമ്പോഴും കളര്‍ ബ്‌ളീഡ് ചെയ്ത് പുതിയ കളറുള്ള വസ്‌ത്രം പോലെ മാറും. ഓരോ കഴുകലിന് ശേഷവും പുതുവസ്‌ത്രം. അമേരിക്കയിലും മറ്റും വന്‍ പ്രചാരം നേടിയ ഈ ബ്‌ളീഡിങ്ങ് മദ്രാസ് ബ്രാന്‍ഡിനെക്കുറിച്ച് ബദ്‌മാഷ് എന്ന ഹിന്ദി സിനിമയില്‍ ഷാഹിദ് കപൂറിലൂടെ അവതരിപ്പിക്കുന്നുണ്ട്.

ന്യൂയോര്‍ക്കിലെ വാല്‍ഡോഫ് എസ്‌റ്റോറിയ ഹോട്ടലില്‍ ബിസിനസ് കൂടിക്കാഴ്‌ചക്ക് പോയ കൃഷ്‌ണന്‍നായര്‍ സ്വന്തമായി ഒരു മുറി ബുക്ക് ചെയ്ത് ആതിഥേയനെ അത്ഭുതപ്പെടുത്തി. അവിടെ ഹില്‍ട്ടണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കോണ്‍റാഡുമായുള്ള കൂടിക്കാഴ്‌ചയില്‍ ലീല ഗ്രൂപ്പ് ഒഫ് ഹോട്ടല്‍സ് ജനിക്കുന്നു. ഇരുന്നൂറ് സുഹൃത്തുക്കളില്‍ നിന്നും അയ്യായിരം യുഎസ് ഡോളര്‍ പിരിച്ച് ജര്‍മ്മനിയിലെ കെംപിന്‍സ്‌കി മോഡലില്‍ ലീല തുടങ്ങി. 1961ല്‍ ബോംബെ സാഹറിലെ ബെല്‍ജിയം കോണ്‍സല്‍ ജനറലിന്‍റെ വസതി, 11 ഏക്കര്‍, വിലക്ക് വാങ്ങി ക്യാപ്‌റ്റന്‍ ഹോട്ടല്‍ പ്രസ്ഥാനത്തിന് അങ്കം കുറിച്ചു.

മരച്ചീനിയുടെ ഉള്‍ഭാഗം സംസ്‌ക്കരിച്ചെടുത്ത് ഷുഗറും സ്‌റ്റാര്‍ച്ചും കാലിത്തീറ്റയും ഉല്‍പാദിപ്പിക്കാവുന്ന മെഗ പ്രൊജക്‌റ്റ് കസാവ ഇന്‍ഡസ്‌ട്രിയല്‍ ലിമിറ്റഡിനായി വിവി ഗിരി നെടുമങ്ങാട്ട് നൂറ് ഏക്കര്‍ അനുവദിച്ചിരുന്നു. അമേരിക്കയിലെ മില്‍വാക്കിയിലെ കസാവ ഫാക്‌ടറിയുമായുള്ള ചര്‍ച്ചയും വിജയിച്ചു. എങ്കിലും പ്രൊജക്‌റ്റ് മുടങ്ങി. കമ്യൂണിസ്‌റ്റ് ഭരണമായ കേരളത്തില്‍ അമേരിക്കന്‍ കമ്പനി സഹകരിക്കുന്ന വാര്‍ത്ത അമേരിക്കന്‍ പത്രങ്ങളില്‍ വന്നതിനെത്തുടര്‍ന്ന്.

കേരളത്തെ ഹവായ് ദ്വീപ് രീതിയില്‍ വികസിപ്പിക്കണമെന്നും പുലയ-ആദിവാസിക്കുട്ടികളെ, അവരുടെ തനതു കലകളെയും, സര്‍വീസിനുപയോഗിച്ചു കൊണ്ട് അതിഥികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നും വിശ്വസിച്ച ക്യാപ്‌റ്റന് പക്ഷെ കോവളത്ത് നില തെറ്റിയിരുന്നു. തിരുവിതാംകൂര്‍ മഹാരാജാവില്‍ നിന്ന് കേരളാ ടൂറിസം വകുപ്പും അവിടന്ന് ഐ ടി ഡി സി യും അവിടന്ന് ഗള്‍ഫാര്‍ മുഹമ്മദലിയും വാങ്ങിയ കോവളം പാലസ് ക്യാപ്‌റ്റന്‍ വാങ്ങുമ്പോള്‍ എതിര്‍പ്പ് തിരയടിച്ചു. കോവളം കൊട്ടാരം നാഷണല്‍ ഹെറിട്ടേജായി സംരക്ഷിക്കണമെന്ന് എതിര്‍പ്പുകാര്‍. അങ്ങനെതന്നെയാണെന്ന് ക്യാപ്‌റ്റനും. കോവളത്തെ ലോകോത്തര റിസോര്‍ട്ടാക്കി മാറ്റിയതില്‍ ക്യാപ്‌റ്റന് ചാരിതാര്‍ത്ഥ്യമുണ്ട് - തെങ്ങ് മോഷ്‌ടിച്ചു എന്ന മാധ്യമക്കഥ കേട്ടുവെങ്കിലും. കണ്ണൂര്‍ വിമാനത്താവളത്തിന് എകെജിയുടെ പേരിടണമെന്നാഗ്രഹിക്കുന്ന ഗാന്ധിയന്‍ സോഷ്യലിസ്‌റ്റ് കൃഷ്‌ണന്‍നായരോട് ജ്യോതിബസു ഒരിക്കല്‍ പറഞ്ഞു: ഇ എം എസ്സിന് പകരം എ കെ ജി ആയിരുന്നു നിങ്ങളുടെ മുഖ്യമന്ത്രിയായിരുന്നതെങ്കില്‍ 30 വര്‍ഷത്തേക്ക് മറ്റൊരു പാര്‍ട്ടിക്കും കേരളത്തില്‍ ഭരണത്തില്‍ വരാന്‍ കഴിയില്ലായിരുന്നു.

അബോട്ടാബാദില്‍ ക്യാപ്‌റ്റന്‍റെ സഹപ്രവര്‍ത്തകനായിരുന്നു പിന്നീട് സ്വാമി ചിന്‍മയാനന്ദയായ ബാലകൃഷ്‌ണമേനോന്‍. ഒരിക്കല്‍ ക്യാപ്‌റ്റന്‍ മേനോനോട് പറഞ്ഞു: 'താങ്കള്‍ മദ്യപിക്കുന്നു, ഷൌട്ട് ചെയ്യുന്നു. ഋഷികേശില്‍ പോയി ശിവാനന്ദയെ കാണൂ'. അതും കണ്ണൂരില്‍ കടല്‍ത്തീരത്തെ വിധി എന്ന ക്യാപ്‌റ്റന്‍റെ വീട്ടില്‍ മാതാ അമൃതാനന്ദമയി വന്നതും മറ്റും കൃഷ്‌ണലീലയുടെ ആത്മീയപര്‍വമായി ചേര്‍ത്തിട്ടുണ്ട് ഡീസിയുടെ 232 പേജ് പുസ്‌തകത്തില്‍. ഡീസീയും താഹായും കൂടി ക്യാപ്‌റ്റന്‍റെ ആത്മീയ യാത്രകള്‍ ലീലയുടെ രണ്ടാംഭാഗമായി ഇറക്കിയാലും അത്ഭുതമില്ല.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അഷ്‌ടമുടിക്കായല്‍ പ്രോജക്‌റ്റിന് ശേഷം ക്യാപ്‌റ്റന്‍റെ അടുത്ത ലക്‌ഷ്യം? ലോകത്തെ ഏറ്റവും മനോഹരമായ ഇടം എന്ന് ക്യാപ്‌റ്റന്‍ പറയുന്ന സൈലന്‍റ് വാലി? അതൊക്കെ ഏക ചെറുമകന്‍, സ്വിറ്റ്‌സര്‍ലന്‍റില്‍ ഹോട്ടല്‍ മാനജ്‌മെന്‍റ് കോഴ്‌സ് ചെയ്യുന്ന ഓംഷി നായര്‍ തീരുമാനിക്കും.

Tuesday, December 20, 2011

ജോബ്‌സ് ജീവചരിത്രം ഒലിവ് മലയാളത്തില്‍ പ്രസിദ്ധീകരിക്കും

ഇക്കൊല്ലത്തെ ബെസ്‌റ്റ് സെല്ലര്‍ ജീവചരിത്രമായ സ്‌റ്റീവ് ജോബ്‌സ് എ ബയോഗ്രഫി മലയാളത്തില്‍ ഒലിവ് പബ്‌ളിക്കേഷന്‍സ് പ്രസിദ്ധീകരിക്കുമെന്ന് ഒലിവ് എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്‍റ് വിസി തോമസ്. സ്‌റ്റീവ് ജോബ്‌സ് മലയാള തര്‍ജ്ജമാവകാശം ലേലത്തിലൂടെയാണ് കോഴിക്കോട് ആസ്‌ഥാനമായുള്ള ഒലിവ് കരസ്ഥമാക്കിയത്. ടൈം മാഗസിന്‍-സിഎന്‍എന്‍ മുന്‍ എഡിറ്റര്‍ വാള്‍ട്ടര്‍ ഐസക്‌സണ്‍ നാല്‍പതോളം അഭിമുഖങ്ങളിലൂടെയും രണ്ടു വര്‍ഷത്തെ ഗവേഷണങ്ങളിലൂടെയും തയ്യാറാക്കിയ ബയോഗ്രഫിയില്‍ ജോബ്‌സിന്‍റെ കുട്ടിക്കാലം, ശത്രുക്കള്‍, പിക്‌സര്‍ സ്‌റ്റുഡിയോ-ആപ്പിള്‍ പ്രസ്ഥാനം മുതല്‍ ബുദ്ധമത സ്വാധീനവും ഇന്ത്യാനുഭവങ്ങളും വരെയുണ്ട്. വെജിറ്റേറിയനിസവും മയക്കുമരുന്നും ധ്യാനവും ഏതാണ്ട് ഉന്മാദാവസ്ഥയിലെത്തിയ ടെക്‌നോളജി പ്രേമവും പരുവപ്പെടുത്തിയ ജോബ്‌സിനെ ഐന്‍സ്‌റ്റീന്‍റെ പിന്‍ഗാമി എന്നാണ് ഐസക്‌സണ്‍ വിശേഷിപ്പിക്കുന്നത്. ഇപ്പോള്‍ നാല്‍പതോളം ഭാഷകളില്‍ തര്‍ജ്ജമ ചെയ്യപ്പെടുവാനിടയായിട്ടുള്ള ജോബ്‌സ് ചരിത്രം കൊറിയയിലും മറ്റും ബെസ്‌റ്റ് സെല്ലറാണ്.
തര്‍ജ്ജമാവകാശം മലയാള പുസ്തക പ്രസാധകര്‍ ലേലത്തിലൂടെ സ്വന്തമാക്കുന്നത് മലയാള പുസ്തക പ്രസാധന ചരിത്രത്തില്‍ ആദ്യമായാണ്. ഒലിവ് ജോബ്‌സ് മെയ് മാസത്തില്‍ പുറത്തിറങ്ങും.

Wednesday, December 14, 2011

2011: ലോകമാധ്യമങ്ങളില്‍

ഐവറി കോസ്‌റ്റിലെ ബാഗ്‌ബോ, സിറിയയിലെ ആസാദ്, അറബ് വസന്തത്തിന്‍റെ അടുത്ത കൊഴിഞ്ഞ ഇലകളാവും. യമനിലെ അലി അബ്‌ദുള്ള സാലെക്കെതിരെ വനിതകള്‍ മൂടുപടം കത്തിച്ചത്, പോകും-വര്‍ഷത്തിലെ മറക്കാനാവാത്ത ഇമേജാണ്. സ്‌റ്റേജില്‍ മുട്ടയില്‍ നിന്ന് വിരിഞ്ഞെന്ന പോലെ പ്രത്യക്ഷയായ പോപ് ഗായിക ലേഡി ഗാഗ,
കെയ്‌റ്റ് മിഡ്‌ല്‍ടണിന്‍റെ വിവാഹവസ്‌ത്ര വാല്‍ താങ്ങിപ്പിടിച്ച അനിയത്തിപ്പിപ്പി മുതലായവരുടെ ഇമേജുകള്‍ക്കൊപ്പം പതിനാറായിരം പേര്‍ മരിച്ച ജപ്പാനിലെയും കെട്ടിടങ്ങളുടെ മൂടുപടം മാത്രം കാണിച്ച് കവിഞ്ഞൊഴുകിയ മിസ്സിസ്സിപ്പിയുടെയും ചിത്രങ്ങള്‍ ലോകമാധ്യമങ്ങളില്‍ ഒഴുകി. സൊമാലിയ-ക്ഷാമത്തിന് ഏഴര ലക്ഷത്തില്‍പ്പരം പേരെ കൊല്ലാം. അല്‍-ഷബാബ് എന്ന സൊമാലിയന്‍ സംഘം മൂലം ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാംപ് കെനിയയിലെ ദദാബ് ആയി.

സ്‌റ്റീവ് ജോബ്‌സ്, എയ്‌മി വൈന്‍ ഹൌസ് എന്നിവര്‍ മറഞ്ഞത് പോലെ വാര്‍ത്തയായി ഇന്‍റര്‍നാഷനല്‍ മൊണാട്ടറി ഫണ്ട് മുന്‍ തലവന്‍ സ്‌ട്രോസ് കാന്‍ ഹോട്ടല്‍ മെയ്‌ഡിനെ പ്രാപിക്കാന്‍ പോയി തൊലിയുരിഞ്ഞ കഥ. ഗദ്ദാഫി-ലാദന്‍ നിലംപൊത്തലുകള്‍ ആഘോഷമായിരുന്നു. കേരളത്തിന്‍റെ പേഴ്‌സണ്‍ ഒഫ് ദി ഇയര്‍ ഗോവിന്ദച്ചാമിയാകുമോ?

സെര്‍ബിയന്‍ ടെന്നിസ് താരം ജോക്കോവിച്ച് ഗ്രാന്‍ഡ് സ്‌ലാം നേടുന്നതും സേവാഗ് ഏകദിന റെക്കഡ് പറത്തുന്നതും മാത്രമായി ആഹ്‌ളാദങ്ങള്‍ ചുരുങ്ങിപ്പോകുന്നു. അപ്പോള്‍ സ്വവര്‍ഗ വിവാഹത്തിന്‍റെ നിയമ സാധുതയോ?

അറബ് വസന്തത്തിന്‍റെ പാശ്‌ചാത്യന്‍ മുഖമാണോ ലണ്ടനിലെ ജോലിയില്ലായുവത്വങ്ങളിലും വോള്‍സ്‌ട്രീറ്റിലും കണ്ടത്? ചൈനീസ് കലാകരന്‍ അയ് വെയ് വെയ് പ്രകടിപ്പിക്കുന്നതും പ്രതിരോധച്ഛായ തന്നെ. 2011 പോകുമ്പോള്‍ ബാക്കി വെക്കുന്നത് പ്രതിഷേധത്തിന്‍റെ വിവിധ നിറങ്ങളിലുള്ള ഒരേ മുഖമാണ്.
ചിത്രങ്ങള്‍ക്ക് കടപ്പാട്: ന്യൂസ്‌വീക്ക്

Blog Archive