Search This Blog

Sunday, March 18, 2012

പാന്‍ സിങ്ങ് തൊമര്‍: വില്ലന്‍ ഇന്ത്യ തന്നെ

ഇന്ത്യന്‍ കായികരംഗത്തെ പാടിപുകഴ്‌ത്തപ്പെടാത്ത പലരില്‍ ഒരാള്‍ - പാന്‍ സിങ്ങ് തൊമര്‍ - തൊള്ളായിരത്തി അമ്പതുകളില്‍ സ്‌റ്റീപ്‌ള്‍ ചെയ്‌സില്‍ ദേശീയ ചാംപ്യന്‍ - മധ്യപ്രദേശിലെ വിദീഷക്കടുത്ത ഗ്രാമത്തിലെ സ്വന്തം കൃഷിയിടം ബന്ധുക്കള്‍ കൈക്കലാക്കിയത് തടയാന്‍ നിയമത്തിനോ പാന്‍ സിങ്ങിന്‍റെ മിലിട്ടറി പശ്ചാത്തലത്തിനോ കായിക മെഡലുകള്‍ക്കോ കഴിയാതെ വന്നപ്പോള്‍ പ്രതികാരവേഗനായി, കാട്ടുകൊള്ളക്കാരനായി ചമ്പല്‍ക്കാടുകളുടെ ഓരത്തെ ഗ്രാമങ്ങളെ വിറപ്പിച്ച് 1981ല്‍ പൊലീസിന്‍റെ വെടിയേറ്റ് മരിച്ചു.

മറ്റ് കായികപ്രമുഖര്‍ -‍ ഒളിപിക്‌സ് ഹോക്കി ഗോള്‍ഡ് നാലു തവണ മെഡലിസ്‌റ്റ് ശങ്കര്‍ ലക്‌ഷ്‌മണ്‍ വൈദ്യസഹായം കിട്ടാതെ മരിച്ചു; കെ ഡീ ജാദവ്, 1952 ഒളിമ്പിക്‌സ് ഗുസ്‌തിയില്‍ വെങ്കലം, ദരിദ്രനായി മരിച്ചു; സര്‍വന്‍ സിങ്ങ്, 1954 ഏഷ്യന്‍ ഗെയിംസ് ഹര്‍ഡില്‍സില്‍ നേടിയ സ്വര്‍ണ്ണം വില്‍ക്കേണ്ടി വന്നു... ഇവര്‍ക്കൊക്കെയും സമര്‍പ്പിച്ച പാന്‍ സിങ്ങിന്‍റെ ജീവിതകഥാ ചലച്ചിത്രം - പാന്‍ സിങ്ങ് തൊമര്‍ - കണ്ടു കഴിയുമ്പോള്‍ വില്ലന്‍ ഇന്ത്യ തന്നെയെന്ന് മനസിലാവും. ചിത്രാന്ത്യത്തില്‍ കൂട്ടാളികളെല്ലാം കൊല്ലപ്പെട്ടിരിക്കുന്നെന്ന് മനസിലാക്കി ഒറ്റക്ക് പൊലീസ് സംഘത്തെ കാല്‍മുതലായ വേഗതയാല്‍ മാത്രം നേരിട്ട - കനാല്‍ ചാടിക്കടക്കുന്നത് വാസ്‌തവമായിരുന്നെന്ന് ചരിത്രകാരന്മാര്‍ പറയുന്നു - പാന്‍ സിങ്ങിനെ പൊലീസ് വെടിയുണ്ട വീഴ്‌ത്തുമ്പോള്‍, ജീവിതതടസങ്ങള്‍ ചാടിക്കടന്ന അയാളുടെ കാലവേഗതയെ സ്‌ക്രീനില്‍ വേഗം മറിക്കുന്നുണ്ട് സംവിധായകന്‍ തിഗ്‌മന്‍ഷു ധൂലിയ.

പാന്‍ സിങ്ങിന് ശരീരഭാഷ കൊടുത്ത ഇര്‍ഫാന്‍ ഖാനെ - ഹിന്ദി സിനിമയുടെ ചേരിമുഖങ്ങളിലൊന്ന് - ചലച്ചിത്രലോകം ആദരിക്കണമെന്നാഗ്രഹിച്ചു പോകുന്നു. സൈന്യത്തില്‍ ചേരുമ്പോള്‍ പാന്‍ സിങ്ങ് മറ്റു പലതുകളോടുമെന്ന പോലെ ഭക്ഷണാര്‍ത്തിയുമുള്ളവനാണ്. അത്താഴത്തിന് റൊട്ടി കൂടുതലെടുത്തപ്പോള്‍ അത്‌ലറ്റിക്‌സില്‍ ചേര്‍ന്നാല്‍ പോഷകാഹാരം കഴിക്കാമെന്ന് കമന്‍റ്. ഗ്രാമത്തിലെ വീട്ടില്‍ അറിഞ്ഞും അറിയാതെയും ചട്ടി പൊട്ടിക്കുന്ന ഭാര്യയുടെ അടുത്ത് നിന്നും എത്താന്‍ വൈകിയ ഒരു നേരത്ത് ശിക്ഷയായി കിട്ടിയ ഓട്ടം പാന്‍ സിങ്ങ് അസലായി ഓടിത്തീര്‍ക്കുന്നത് ആര്‍മിയുടെ കണ്ണില്‍ പെട്ടു. പിന്നെയങ്ങോട്ടുള്ള ഓട്ടം അയാള്‍ ഓടിത്തീര്‍ക്കുന്നത് ചിരിച്ചും കരഞ്ഞും കോപിച്ചുമാണ്.

1958ല്‍ ടോക്കിയോ ഏഷ്യന്‍ ഗെയിംസില്‍ ഓട്ടത്തിനിടെ ഉപയൊഗിച്ച് പരിചയമില്ലാത്ത സ്‌പൈക്ക് ഷൂസുകള്‍ ട്രാക്കില്‍ വച്ച് ഊരിക്കളഞ്ഞാണ് പാന്‍ സിങ്ങ് ഓട്ടം പൂര്‍ത്തിയാക്കുന്നത്. ഒരു ജാപ്പനീസ് ആരാധിക ഐ ലവ് യു എന്നും പറഞ്ഞ് എടുത്ത ഫോട്ടോയൊക്കെ സിനിമക്കായി ചേര്‍ത്തതാവാം. എന്നിട്ട് വേണമല്ലോ ഭാര്യക്ക് കലഹിക്കാന്‍. സിനിമ പാന്‍ സിങ്ങിനോടൊപ്പം ഓടിയെത്താതിരിക്കുന്നതു പോലെയാണ് മറ്റ് പല സീനുകളിലും. പൊലീസിനെ നേരിടുന്നതിലും തരിശുനിലങ്ങളില്‍ ശയിക്കുന്നതിനും കണക്ക് തീര്‍ത്തിട്ടും ജീവിതം ബാക്കിയായി കിടക്കുന്നത് കണ്ടും കണ്ടില്ലെന്ന് നടിച്ചും ഗ്രാമത്തെപ്പോലെ പൊടിപുരണ്ട ഒരു പുറംശാന്തന്‍. അയാളുടെ ഇച്ഛാശക്തിയും ശക്‌തി സ്രോതസ്സും വ്യാഖ്യാനിക്കുന്നതില്‍ സിനിമ പിറകെയാണ്. ഇത് സംവിധായകന്‍ റഫറിയായി ബോധപൂര്‍വം മാറി നിന്നതിനാലാവാനും മതി.

യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്നയാളെന്ന നിലക്ക് - ഇന്ത്യന്‍ കായികരംഗവും മറ്റു രംഗങ്ങളും ഇന്നും ഇതേ ട്രാക്കിലാണെന്ന നിലക്കും - ഈ സിനിമയെ ഗാലറിയിലിരുന്ന് കൈയടിച്ചാല്‍ പോര എഴുന്നേറ്റ് പിറകേ ഓടണം. ബോളിവുഡിലെ ചേരിക്കാരുടെ കൂട്ടയോട്ടം ലോകസിനിമയില്‍ പുത്തന്‍ ട്രാക്കുകള്‍ സൃഷ്‌ടിക്കും.

http://varthapradakshinam.blogspot.com/2012/03/paan-singh-glamor-less-on-shameless.html

5 comments:

MINI.M.B said...

അറിയാത്ത എത്രയെത്ര കഥകള്‍!

തിരൂര്‍ക്കാരന്‍ said...

പാന്‍ സിംഗ് തോമരിനെ കുറിച്ച് നാന്‍ കേടിടില്ല..ഈ സിനിമ കടിട്ടും ഇല്ല. പക്ഷെ ഒരു കാര്യം എനിക്കറിയാം.. ഭരണ കൂടം പലപ്പോഴും വേട്ടക്കാരന്റെ വേഷം മനോഹരമായി ആടുന്നു.

വീ.കെ.ബാല said...

പാൻ സിംഗ് തോമർ എന്ന സിനിമ കണ്ടില്ല, ഈ കഥ കേട്ടിരുന്നു. ഇരകൾ വേട്ടക്കാരനാകുമ്പോൾ അത് കൂടുതൽ അപകടകരമാവും അതിന്റെ ഇരകൾക്ക്, അവിടെ ഭരണകൂടതാത്പര്യങ്ങൾ കുറച്ച് കർക്കശമാവുന്നു, അത് എല്ലാ കാലത്തും അങ്ങനെ തന്നെ ആയിരുന്നു.....

gafoor said...

well said Sunil; will try to see the movie at the earliest.

Portrait oil paintings said...

Really so good post.I like your blog very much.I learn a lot from it.Bookmark your blog and sharing with my friends.

Blog Archive