Search This Blog
Thursday, October 17, 2013
ഫ്രഞ്ച് സിനിമ അമൂര്‍
കാന്‍ ചലച്ചിത്രമേളയില്‍ പാം ദി ഓര്‍ കിട്ടിയ ഫ്രഞ്ച് സിനിമ അമൂര്‍ (സ്‌നേഹം) കണ്ടു. വാര്‍ദ്ധക്യകാലത്തും പരാശ്രയമില്ലാതെ തുടരാവുന്ന ഒന്നാണ് സ്‌നേഹം പോലെ ജീവിതവും എന്ന് ലളിതസുഭഗമായി കാണിച്ചു തരുന്നു സിനിമ. ഭൂരിഭാഗവും വൃദ്ധദമ്പതികള്‍ മാത്രമുള്ള ഷോട്ടുകളില്‍ മൌനത്തിനും ഏറെ സംസാരിക്കാനുണ്ട്. തളര്‍ന്ന് കിടക്കുന്ന അമ്മയെക്കുറിച്ച് ആശങ്കകളുണ്ട് എന്ന് സന്ദര്‍ശകയായ മകള്‍ പറയുമ്പോള്‍ അതുകൊണ്ട് എനിക്ക് പ്രയോജനമൊന്നുമില്ല എന്ന് പറയുന്ന പിതാവ്. കാരണം അയാള്‍ക്ക് സമയമില്ല വല്ലപ്പോഴും ഫോണില്‍ വിളിക്കുന്ന മകളുടെ ആശങ്കകള്‍ തീര്‍ക്കാന്‍. എല്ലാം ശരിയാണോ എന്ന് പരിശോധിക്കാനെന്ന പോലെയുള്ള അവളുടെ വരവും അയാള്‍ക്കിഷ്‌ടമല്ല.
"ഞാന്‍ രാവിലെ 5 മണിക്ക് ഉണരുമ്പോള്‍ അവള്‍ (85 വയസുകാരിയാണ് ഈ റോളില്‍. മികച്ച നടിക്കുള്ള അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായമുള്ളയാള്‍) ഉറങ്ങാതെ കിടക്കുകയാവും. പിന്നെ ഞാന്‍ അവളുടെ നാപ്പി മാറും. പുറത്ത് ക്രീമിട്ട് തിരുമ്മും. ഏഴുമണിയോടെ അവളെ എന്തെങ്കിലും കഴിപ്പിക്കാന്‍ ഞാന്‍ പരിശ്രമിക്കും. അവള്‍ ചിലപ്പോള്‍ ബോധമില്ലാതെ പുലമ്പും. കരയും. അതെല്ലാം പുറത്ത് ആരെയും കാണിക്കാനുള്ളതല്ല" എന്ന് അയാള്‍ മകളോട്. കെയര്‍ ഹോമിലാക്കരുതെന്ന് അവളുടെ (85കാരിയുടെ) അഭ്യര്‍ത്ഥനയുണ്ടായിരുന്നു. പരിപാലിക്കുന്ന രീതി ശരിയല്ലാത്തതിനാല്‍ അയാള്‍ ഹോം നഴ്‌സിനെയും പിരിച്ചു വിട്ടു.
രണ്ട് പ്രാവശ്യം സ്‌ട്രോക്ക് വന്ന്, ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച്, സംസാരിക്കാന്‍ പോലുമാവാത്ത അവസ്ഥയില്‍ അവള്‍ - ആന്‍ - അയാളുടെ പ്രേമഭാജനം. ബാല്യകാലത്തെ ഇഷ്‌ടമില്ലാത്ത ഒരു ജീവിതാവസ്ഥയുടെ ഓര്‍മ്മ അവളോട് പറഞ്ഞ് അയാള്‍ അവളെ ദയാവധം ചെയ്യുന്നു.
വയസായവരോട് മക്കള്‍ അടക്കമുള്ളവരുടെ അവഗണനയില്‍ ശവസംസ്‌ക്കാര ചടങ്ങുകളുടെ ഭോഷത്വവും സിനിമ വിഷയമാക്കുന്നുണ്ട്. പൊള്ളയായ സ്‌നേഹാന്വേഷണങ്ങള്‍ നിരാകരിച്ച് വാര്‍ധക്യകാല വേദനകളെ ആവാഹിച്ച് ജീവിക്കുന്ന വൃദ്ധത്വമാണ് സിനിമയുടെ കാതല്‍. ജീവിതത്തെക്കുറിച്ച്, അതിന്‍റെ നശ്വരതയെക്കുറിച്ച്, അനശ്വരതയെക്കുറിച്ചും, ഏറെ പറയാതെ പറയുന്നു വൃദ്ധമന്ദഗതിയും കുട്ടിനിഷ്‌ക്കളങ്കതയും ഓരോ ഫ്രെയിമും നിറച്ച സിനിമ.
Subscribe to:
Post Comments (Atom)
No comments:
Post a Comment