Search This Blog

Sunday, October 27, 2013

ഫോര്‍മേഷന്‍ ഇല്ലാത്ത ഇന്‍ഫര്‍മേഷന്‍ യുഗം: ഇ പി രാജഗോപാലന്‍

അറിവ് ഉല്‍പാദിപ്പിക്കേണ്ടതായ പ്രസന്നത നമ്മുടെ സര്‍വകലാശാലകളിലോ സ്‌കൂളുകളിലോ ഇല്ല. പണ്ട് ഒരു സാഹിത്യകൃതി ഉണ്ടായാല്‍ ഒരുപാട് ചര്‍ച്ചകള്‍ ഉണ്ടാവുമായിരുന്നു. ഇന്ന് ശ്രദ്ധേയമായ സൃഷ്‌ടികള്‍ ഉണ്ടാവുന്നുണ്ട്. പക്ഷെ എത്ര പേരിലേക്കാണ് അത് ചുരുങ്ങിപ്പോകുന്നത് എന്നത് ഒരു പ്രശ്‌നമാണ്. സാമൂഹികപരമായ അസംതൃപ്‌തിയാണ് സമരങ്ങളുടെ മൂലധനം. കേരളത്തില്‍ സമരങ്ങള്‍ പരാജയപ്പെടുന്നതിന് കാരണം സാമൂഹിക അസംതൃപ്‌തി കേരളത്തില്‍ ഇല്ല എന്നതാണ്. താരിഖ് അലി കേരളത്തില്‍ വന്നപ്പോള്‍ നമ്മുടെ ഏറ്റവും വലിയ സാമൂഹ്യ പ്രശ്‌നമായി അദ്ദേഹം പറഞ്ഞത് മദ്യപാനമാണ്. എന്‍റെ സ്‌കൂള്‍ കാന്‍റീനില്‍ കുട്ടികള്‍ പച്ചവെള്ളം കുടിക്കുന്നത് പോലും മദ്യപിക്കുന്ന സ്‌റ്റൈലിലാണ്. മദ്യം നമുക്കിപ്പോള്‍ സദാചാരപ്രശ്‌നമല്ല. പക്ഷെ കേരളത്തിന്‍റെ സമരസാധ്യതകളെ കാലേകൂട്ടി അലസിപ്പിച്ചു കളയാനുള്ള കോര്‍പറേറ്റ് തന്ത്രമാണ് കേരളത്തില്‍ മദ്യോപഭോഗം പ്രോല്‍സാഹിപ്പിക്കപ്പെടുന്നതിന്‍റെ പിന്നില്‍. ആരാണ് ഇന്ത്യയുടെ പ്രധാനമന്ത്രി എന്നു ചോദിക്കുന്ന ക്വിസ് വ്യവസായമാണ് ഇപ്പോള്‍ കേരളത്തില്‍. എന്നാല്‍ വ്യാഖ്യാന സാധ്യമായ എന്തുകൊണ്ടാണ് മന്‍മോഹന്‍സിങ്ങ് ഇന്ത്യയുടെ പ്രധാനമന്ത്രിയായത് എന്ന ചോദ്യമില്ല. ആഗോളവല്‍ക്കരണത്തിന്‍റെ എല്ലാ അജഡകളും അനായാസം നടപ്പിലാവുന്ന, മധ്യവര്‍ഗവല്‍ക്കരണം ഏറ്റവും വിപുലമായി നടന്നുകൊണ്ടിരിക്കുന്ന ജനവിഭാഗമാണ് മലയാളികള്‍. പണ്ട് ഇരുണ്ട കേരളമായിരുന്നെങ്കില്‍ ഇന്ന് വലിയ വെളിച്ചത്തില്‍ ആരേയും കാണാന്‍ പറ്റാതാതായി. കേരളത്തില്‍ ഇന്ന് ഏറ്റവും ഉപയോഗിക്കപ്പെടുന്ന വാക്കുകള്‍ ഓകെയും ടെന്‍ഷനുമാണ്. പണ്ട് കേശവദേവ് ആത്മകഥക്ക് എതിര്‍പ്പുകള്‍ എന്ന് പേരിട്ടെങ്കില്‍ ഇന്ന് നമ്മള്‍ ഒരെതിര്‍പ്പുമില്ലാതെ എല്ലാറ്റിനോടും പൊരുത്തപ്പെട്ട് ജീവിക്കുകയാണ്. എല്ലാം ഔപചാരികമായി കൊണ്ടാടുന്ന സാഹസികത കുറവായ ഒരു നാട്ടിലാണല്ലോ ഞാന്‍ സ്ഥിരതാമസമുരപ്പിച്ചിരിക്കുന്നത് എന്ന ഒരു ലജ്ജ കൂടിയുണ്ടെനിക്ക്.
ചെറുകാടിന്‍റെ ആത്മകഥ അവസാനിക്കുന്നത് പൊലീസിന്‍റെ ചവിട്ട് കിട്ടിയ കാര്യം പറഞ്ഞു കൊണ്ടാണ്. ആദ്യത്തെ അടി കൊണ്ട് ഞാന്‍ മനുഷ്യനായി, രണ്ടാമത്തേത് കൊണ്ട് ഞാന്‍ തത്വജ്ഞാനിയായി എന്ന് അദ്ദേഹം പറയുന്നു. ചെറുകാടിന്‍റെ അമ്മാവന് ശൌച്യം ചെയ്തു കൊടുത്തതിന്‍റെ ഓര്‍മ്മയില്‍ സമ്മാനിച്ച പവിത്രമോതിരത്തില്‍ മലം പറ്റിയിരിപ്പുണ്ടായിരുന്നു എന്ന് ചെറുകാട്. രണ്ടാമത്തെ മകന് രമണന്‍ എന്ന് പേരിട്ടത് ചങ്ങമ്പുഴക്കാല്‍പനികകതയിലല്ല, മൊറാഴ കേസില്‍ പ്രതിയായി ചെറുകാടിന്‍റെ വീട്ടില്‍ ഒളിവില്‍ താമസിച്ച സഖാവ് പോള രമണന്‍റെ ഓര്‍മ്മക്കായിരുന്നു ആ പേരിടീല്‍. ഇന്നത്തെ ആത്മകഥകള്‍ കാല്‍പനികങ്ങളാവുന്നോ എന്ന് സംശയം. മലയാളത്തിലെ ആത്മകഥകള്‍ എന്തുകൊണ്ട് രതി പറയുന്നില്ല എന്ന എന്‍റെ അന്വേഷണമാണ് കണ്ണാടിച്ചുമരുകള്‍ എന്ന കുറിപ്പ്. ദേശാഭിമാനി ഓണപ്പതിപ്പില്‍ വന്നത്. വള്ളത്തോള്‍ ഭാരതമെന്ന പേര്‍ കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം എന്നെഴുതിയപ്പോള്‍ സംസ്‌കൃതമാണ് പ്രയോഗിച്ചത്. വേദിക് ഭാരതമായിരുന്നു അദ്ദേഹത്തിന്‍റെ മനസില്‍. കേരളത്തെക്കുറിച്ച് പറയുമ്പോള്‍ സംസ്‌കൃതപദങ്ങളില്ല. ഇത് നമ്മള്‍ കണ്ടെത്തുന്നതാണ്. വള്ളത്തോള്‍ വിചാരിച്ചിരിക്കില്ല അങ്ങനെയൊന്നും. കേരളത്തിലെ താനുള്‍പ്പെടെയുള്ള സംസ്‌കൃത പണ്ഡിതന്മാരെക്കുറിച്ച് എന്‍വി കൃഷ്‌ണവാര്യര്‍ പറഞ്ഞു ഈ പണ്ഡിതന്മാര്‍ക്ക് പുരോഗമന പരാന്‍മുഖത്വമുണ്ട്. പഴയ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുക. കെ എന്‍ എഴുത്തച്ഛന്‍ അങ്ങനെയായിരുന്നില്ല. സംസ്‌കൃതത്തെ ഉപയോഗിച്ച് അദ്ദേഹം പുതിയ കാര്യങ്ങള്‍ പറഞ്ഞു. കേരളോദയം എന്ന കാവ്യം അതാണ്. വയാലാറും സംസ്‌കൃതം ധാരാളം ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ ആ ഭാഷ ഉപയോഗിച്ച് സിനിമയിലെ പരിമിതികള്‍ക്കുള്ളില്‍ അദ്ദേഹം വിപ്‌ളവം വിളിച്ചു പറഞ്ഞു. റെസിഡന്‍സ് ഓണ്‍ എര്‍ത്ത് എന്ന പാബ്‌ളോ നെരൂദയുടെ പ്രശസ്തമായ കവിതയോടൊപ്പം ഭൂമിക്ക് സ്തുതിഗീതമായി നില്‍ക്കുന്ന വരികളാണ് വയലാറിന്‍റെ ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം എന്ന ഗാനത്തിലുള്ളത്. കാളിദാസന്‍ കാളിയുടെ മാത്രമല്ല കാലത്തിന്‍റെയും ദാസനാണ്. ഒരു എഴുത്തുകാരനില്‍ അനിവാര്യമായി ഓടുന്നത് ഒരു കാലഘട്ടത്തിന്‍റെ ചോര കൂടിയാണ്. അന്‍റോണിയോ ഗ്രാംഷി രണ്ട് തരം ബുദ്ധിജീവികളെക്കുറിച്ച് പറഞ്ഞു. ഓര്‍മ്മിച്ച് കാര്യങ്ങള്‍ പറയുന്ന പരമ്പരാഗത ബുദ്ധിജീവികളും അറിവിനെ പുതിയ രീതിയില്‍ വ്യാഖ്യാനിക്കുന്ന ജൈവ ബുദ്ധിജീവികളും. കുമാരനാശാന്‍ വിപ്‌ളവത്തിന്‍റെ ശുക്രനക്ഷത്രമാണെന്ന് മുണ്ടശ്ശേരി പറയുമ്പോള്‍ പുതിയൊരു കുമാരനാശാന്‍ ജനിക്കുകയാണ്. ഊണ് കഴിക്കുന്ന കൈ കൊണ്ട് തന്നെയാണ് സാഹിത്യവുമെഴുതുന്നത് എന്ന് പണ്ട് മുണ്ടശ്ശേരി പറഞ്ഞു. മുണ്ടശ്ശേരിയുടെ പ്രസംഗങ്ങള്‍ അച്ചടിക്കണമെങ്കില്‍ ജീവിതം എന്നടിക്കാനുള്ള അച്ചുകള്‍ ഏറെ വേണമായിരുന്നു. മുണ്ടശ്ശേരി ആവര്‍ത്തിച്ച് ഉപയോഗിച്ചിരുന്ന വാക്കായിരുന്നു ജീവിതം. നിരൂപകന്‍ എഴുത്തുകാരന്‍റെ പിആര്‍ഓ അല്ല. നിരൂപകന്‍ പുതിയ അര്‍ത്ഥങ്ങളുണ്ടാക്കുന്ന ആളാണ്. നമ്മളിന്ന് വിവാദപ്രേമികളും സംവാദവിരോധികളുമായിരിക്കുന്നു. തൃശ്ശൂരിനടുത്ത് എടക്കുനി എന്ന സ്ഥലത്ത് ഒരു കൃഷിയോഗത്തില്‍ മുണ്ടശ്ശേരി സംസാരിക്കുകയായിരുന്നു. വായനക്കാര്‍ എഴുത്തുകാരാവട്ടെ. പീടികത്തൊഴിലാളികള്‍, വേശ്യകള്‍ -അനുഭവങ്ങളുടെ കുബേരത്വമുള്ളവര്‍- ഒക്കെ എഴുതട്ടെ എന്ന് അദ്ദേഹം പറഞ്ഞു. എഴുത്തിനെക്കുറിച്ചുള്ള അഭിജാതമായ സങ്കല്‍പങ്ങള്‍ പൊളിയാന്‍ പോകുന്നു. വായനക്കാരന്‍ ഇപ്പോള്‍ വെറും കണ്‍സ്യൂമറല്ല. കോ-റൈറ്റര്‍ കൂടിയാണെന്ന് അമോ സോല. കൃഷിഭൂമി കര്‍ഷകന് എന്ന് പറഞ്ഞത് പോലെ വായനക്കാരന്‍ പുസ്തകത്തില്‍ പുതിയ വിളവെടുപ്പ് നടത്തുന്നു. എഴുത്തുകാരന്‍ ദൈവമാണെന്ന സങ്കല്‍പം പൊളിഞ്ഞെന്ന് റൊളാങ്ങ് ബാര്‍ത്ത്. ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകം 'നാടകം ദേശം' ആണ്. ഇന്‍ഫോര്‍മലും ഫോര്‍മലുമായ കേരളചരിത്രപശ്‌ചാത്തലത്തിലുള്ള നാടകപഠനം. കെ ഇ എന്നിന്‍റെ പ്രോഗ്രസ് പബ്‌ളിക്കേഷന്‍സ് പ്രസാധനം. ബഷീര്‍ എന്നൊരു ഫോട്ടോഗ്രാഫറും കാര്‍ട്ടൂണിസ്‌റ്റ് പിവി കൃഷ്‌ണനും എടുത്ത പി കുഞ്ഞിരാമന്‍നായരുടെ 150 ഫോട്ടോകളെക്കുറിച്ച് എഴുതുന്ന 'കണ്ടെഴുത്ത്' അടുത്ത വര്‍ഷം പ്രസിദ്ധീകരിക്കും. ഫോട്ടോകളുടെ വിമര്‍ശനാത്മക പഠനമാണത്. 'സ്ഥലവും സന്ദര്‍ഭവും' ആണ് വേറൊരു പുസ്തകം. ചെറുകഥകളിലെ ഇടത്തെക്കുറിച്ചുള്ള പഠനം. എംപി നാരായണപിള്ളയുടെ കള്ളന്‍ എന്ന കഥയില്‍ വീടിന്‍റെ പിന്നാമ്പുറത്ത് കൂടി കയറി മുന്‍ഭാഗത്ത് കൂടി വരുന്നു. ചെറുകാടിന്‍റെ ആത്മകഥയില്‍ അമ്പലത്തില്‍ പാര്‍ട്ടി മീറ്റിങ്ങ് കൂടുന്ന ഭാഗമുണ്ട്. ഈ കഥകളിലൊക്കെ സ്‌പെയ്‌സ് എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നന്വേഷിക്കുകയാണ് ആ പുസ്തകം. വായനയും ധാരാളമായുണ്ട്. പലമയിലുള്ള വായനയാണ്. ഇപ്പോള്‍ വായിക്കുന്നത് ഇ പി ശ്രീകുമാറിന്‍റെ മാംസപ്പോര്, സുമോ ഗുസ്തിക്കാര്‍ കഥാപാത്രങ്ങളാവുന്ന നോവല്‍. http://news.kuwaittimes.net/info-age-negates-formation-indian-critic/ (കുവൈറ്റില്‍ കേരളാ ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ സംസാരിച്ച് തയ്യാറാക്കിയത്).

No comments:

Blog Archive