കാമറ സാവൂളിന്റെ പിന്നാലെ പോവുകയാണ്. കോൺസെന്‌ട്രേഷൻ ക്യാംപിലെ ഹംഗേറിയൻ ജൂതത്തടവുകാരനാണ് സാവൂൾ. നഗ്നമായ മൃതദേഹങ്ങൾ വലിച്ചിഴച്ചു കൊണ്ടു പോകുന്നതും കൂട്ടിയിട്ട് കത്തിക്കുന്നതും ഒക്കെ അയാൾടെ ദൃഷ്ടിയിൽ ഔട്ട് ഒവ് ഫോക്കസിലാണ് കാണുക. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും കരച്ചിൽ പശ്ചാത്തലത്തിൽ. മൃതദേഹങ്ങൾ കത്തിച്ച ചാരക്കൂമ്പാരം പുഴയിലേക്ക് കോരിയെരിയുന്നതും സാവൂൾ ഉൾപ്പെട്ട തടവുകാരാണ്. അയാൾ ജോലിക്കിടയിലും ഓടി നടക്കും. കാമറയും പിന്നാലെ ഓടും. കാമറാമാൻ കാമറ തോളിൽ വച്ചിട്ടാണെന്ന് തോന്നുന്നു. ഡോക്യുമെന്ററി സ്വഭാവം കിട്ടാനായിരിക്കും. (യാഥാർത്ഥ്യത്തിനു നേരെ സാവൂൾ കണ്ണടയ്ക്കുന്നതുമാവാം.) സാവൂൾ ഓടുന്നത് ഒരു ആൺകുട്ടിയുടെ മൃതദേഹം ആചാരപ്രകാരം കുഴിച്ചിടാനാകുമോ എന്നറിയാനാണ്. കത്തിക്കേണ്ട ബോഡി ഒരു ചാക്കിൽ ഒളിപ്പിച്ച് ഒരു റബ്ബിയെ തേടുകയാണ് അയാൾ. ഒരു റബ്ബിയെ കണ്ടുപിടിച്ചു. അയാളാണെങ്കിൽ പുഴയിലേക്ക് പോയി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പിടിയിലായി പട്ടാളത്തിന്റെ തോക്കിനിരയായി. മൃതദേഹങ്ങൾ കത്തുന്ന പുകയിലും തോക്കിൻ കുഴലുകൾക്കിടയിലും സാവൂൾ എങ്ങനെ ഉദ്ദേശം നടത്തും എന്നതാണ് സിനിമയുടെ ചലനരസം.
നമ്മൾ ശീലിച്ച കലാപമോ കഷ്‌ടപ്പാടോ മികച്ച വിദേശഭാഷ ഓസ്കാർ നേടിയ ഈ സിനിമയുടെ (Son of Saul) പ്രശ്നം ആകുന്നില്ല. കഷ്ടപ്പാടൊക്കെ ബാക്ക്ഗ്രൗണ്ടിലാണ്. കലുഷിതമായൊരു സാഹചര്യത്തിൽ അസംഭാവ്യമായ ഒരു കാര്യം എങ്ങനെ നടത്താം എന്ന പഴയ വിഷയം ലോകചരിത്രം പശ്ചാത്തലമായതിനാലും മനുഷ്യത്വം നയിക്കുന്നതിനാലും പ്രത്യേകത തരുന്നു. സംഭാഷണം അധികമില്ലാത്തത് കൊണ്ട് സബ് ടൈറ്റിൽ വായിച്ച് കഷടപ്പെടേണ്ട.
സാവൂളിന് മറ്റൊരാളെ കിട്ടി. അപ്പോഴുണ്ട് ക്യാംപിൽ കലാപം. തടവുകാർക്ക് ഇതിനിടെ വെടിമരുന്നൊക്കെ കിട്ടുന്നുണ്ട്. സർവത്ര അഴിമതിയല്ലേ! കലാപക്കാർ - പട്ടാളക്കാർ ബഹളത്തിനിടയിൽ സാവൂൾ തോളത്ത് കുട്ടിയുടെ ബോഡിയും താങ്ങി റബ്ബിയെയും കൊണ്ട് പുഴക്കരയിലേക്ക് ഓടി. കുഴി മാന്തിയതിന് ശേഷം പ്രാർത്ഥന ചൊല്ലാൻ ആവശ്യപ്പെട്ടപ്പോൾ... അയാൾ റബ്ബിയല്ല! ഓടി വരുന്നുണ്ട് ഒളിച്ചോടിപ്പോകുന്ന തടവുകാർ. അവർക്കൊപ്പം കള്ള റബ്ബി ആദ്യം ഓടി പുഴയിൽ ചാടി അക്കരയ്ക്ക് നീന്തി. പിന്നാലെ സാവൂളും ബോഡിയുമായി നീന്തിയെങ്കിലും 'മകനെ' പുഴ കൊണ്ടു പോയി. 'രക്ഷപെട്ടവർ' അക്കരെ തോക്കിനിരയാവുന്ന ശബ്ദം കേൾക്കാം. കാമറ പക്ഷെ ഇപ്പോൾ അവരെ ഒളിഞ്ഞ് നോക്കാൻ വന്ന ഒരു ആൺകുട്ടിയുടെ പിന്നാലെയാണ്. അവനെ കണ്ട് ആദ്യമായി, അവസാനമായും, സാവൂൾ ചിരിച്ചു. ഒരിക്കലും ചിരിക്കാനാവാതെ നമ്മൾ!
No comments:
Post a Comment