Search This Blog

Sunday, February 24, 2019

പഴം കഥകൾ, ഒന്നൂടെ

1. ക്ഷേത്രം ഭാരവാഹികളുമായി പിണങ്ങിയ ശാന്തിക്കാരൻ, തീപ്പെട്ടിക്കൊള്ളിയുരച്ച് ക്ഷേത്രക്കുളത്തിലേക്കെറിഞ്ഞ് നാട് വിട്ടു. ക്ഷേത്രം കത്തിപ്പോയിരിക്കാമെന്ന് ധരിച്ച അയാൾ മറുനാട്ടിൽ വച്ച് ഒരു പരിചയക്കാരനെ കണ്ടപ്പോൾ ചോദിക്കുന്നു: അവിടെ കുളമെന്നോ, കൊള്ളിയെന്നോ മറ്റോ വർത്തമാനമുണ്ടോ?
2. 'ഹയ്! നല്ല ലക്ഷണമൊത്ത പശു!'
'തിരുമേനീ, ഈ പശു അങ്ങയുടേതാ!'
'ഹയ്! ഹയ്! നല്ല പുല്ല് ഉള്ളോട്ത്ത് മേയ്ക്ക്യാ! പശൂന്‍റെ ദേഹത്താണേൽ കൊതൂന് തിന്നാൻ എറച്ചീല്യാ!'
3. ജ്യോത്സ്യം ചെയ്യാൻ പോയ വീട്ടിൽ പഴുത്തൊരു മത്തങ്ങ തൂങ്ങിക്കിടക്കുന്നു. ജ്യോൽസ്യർക്ക് മത്തങ്ങാ-പൂതി കലശല്. 'ഒരു കുടം കൂടെ ആവശ്യോണ്ടല്ലോ'. 'അതിപ്പോ, ഈ ത്രിസന്ധ്യാ നേരത്ത്...' 'സാരല്യാ, ഈ മത്തനും കൊണ്ട് ഒപ്പിക്കാം!'
4. കഥകളി കാണാനെത്തിയ ഒരു സാധാരണൻ, ഇടയ്ക്ക് ചവയ്ക്കാൻ പിണ്ണാക്ക് കരുതിയിരുന്നു. കഥകളിയും പിണ്ണാക്ക് തീറ്റയും ഒരുമിച്ച് തീർന്നു. 'കളി എങ്ങനെയുണ്ടാർന്നൂ?' 'ഹൌ! കളിയും പിണ്ണാക്കും നേർക്ക് നേരെ!'
5. കുടിയാൻ ഓണമായിട്ട് ഒരു കുപ്പി പനിനീരാണ് ജന്മിക്ക് സമ്മാനിച്ചത്. മദ്യമാണെന്ന് കരുതി അകത്താക്കാനൊരുങ്ങിയ തമ്പ്രാനെ കുടിയാനടിയൻ വിലക്കി. തമ്പ്രാൻ, കുപ്പി അനന്തരവന് കൊടുത്തു. മദ്യമാണെന്ന് വിചാരിച്ച് അയാളും കമിഴ്ത്താൻ തുടങ്ങിയപ്പോൾ തമ്പ്രാൻ പറയുന്നു: 'അവനെന്തറിയാം! വല്ല ചാന്തോ മറ്റോ ആണെന്ന് കരുതിക്കാണും'
6. 'കൃഷ്ണഗാഥ'യെ വിമർശിച്ച് ഒരു നാട്ടു പ്രമാണി പറഞ്ഞു: ചെറുശ്ശേരിയുടെ എരിശ്ശേരിയിൽ കഷണമില്ല. ചെറുശ്ശേരിയുടെ മറുപടി: 'ഇളക്കി നോക്കാനറിയണം!'
7. അമ്മാവന് കുടുംബവുമായി ഭയങ്കര ശത്രുത. അയാൾ മരിക്കാൻ കിടക്കുന്നു. അമ്മാവനല്ലേ, ബന്ധുക്കൾ അടുത്തു കൂടി (വേറൊരർത്ഥത്തിൽ, മരണം ആഘോഷിക്കണമല്ലോ). അമ്മാവൻ അന്ത്യ ആഗ്രഹം പറയുന്നു: 'നിങ്ങൾ എന്റെ ആസനത്തിൽ ഒരു ആപ്പ് അടിച്ചു കേറ്റണം!' ചെയ്ത പാപങ്ങൾക്കുള്ള പരിഹാരമാവുമോ? ബന്ധുക്കൾ ആപ്പടിച്ചു കേറ്റി. അമ്മാവൻ അന്ത്യശ്വാസം വലിച്ചതും വീട്ടുമുറ്റത്ത് പോലീസുകാർ. ബന്ധുക്കൾ ആപ്പടിച്ചു കേറ്റി, തന്നെ കൊല്ലുമെന്ന് അയാൾ പരാതി കൊടുത്തിരുന്നു!
-കേട്ടത്

No comments:

Blog Archive