Search This Blog

പ്രദക്ഷിണം

Wednesday, August 12, 2020

സ്ഥലപ്പേരു പാട്ടുകൾ

 64 പേർ 64 പാട്ട് (സ്ഥലനാമങ്ങൾ ഉൾക്കൊള്ളുന്ന ഗാനഭാഗങ്ങൾ) അവതരിപ്പിക്കുന്നു. ചിലർ പാടുന്നു. അതേക്കുറിച്ച് മനോരമ വാർത്ത: 

https://www.manoramaonline.com/music/music-news/2020/08/11/malayalam-movie-songs-included-names-of-places-in-kerala.html 


വീഡിയോ ലിങ്ക്: https://www.youtube.com/watch?v=nF7z52Xoisk  

Friday, May 17, 2019

സുഭാഷ് ചന്ദ്രന്‍റെ 'സമുദ്രശില'യെക്കുറിച്ച്

സാഹിത്യത്തേക്കാൾ ജീവിതം പറയുന്ന നോവൽ

സ്ത്രീക്ക് ഒരു ഗീതകമാണ് (ode) സുഭാഷ് ചന്ദ്രന്‍റെ നോവൽ സമുദ്രശില. സ്ത്രീയെ സമുദ്രമായും ശിലയായും കാണുന്ന വ്യാഖ്യാനം. 'സ്ത്രീയാണ് പുരുഷനേക്കാൾ വലിയ മനുഷ്യൻ'. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എഴുതിയെന്ന് തോന്നിപ്പിക്കുന്ന 300-പേജ് രചന (മാതൃഭൂമി ബുക്ക്സ്, 325 രൂപ) യിൽ, ജീവിച്ചിരുന്നു എന്ന് തോന്നിപ്പിക്കുന്നവരും ജീവിച്ചിരിക്കുന്നവരും - സുഭാഷ് ചന്ദ്രനടക്കം - കഥാപാത്രങ്ങളായി വരുന്നു. 'യാഥാർഥ്യത്തെക്കാൾ യഥാർത്ഥമായി എഴുത്തുകാരന് തോന്നുന്ന സർഗാത്മകവും മായികവുമായ പുതിയ ആഖ്യാനഭൂമിക മലയാളത്തിന് സമ്മാനിക്കണമെന്ന കൊതിയാണ്' നോവലെഴുതാൻ പത്ത് വർഷമെടുത്തതെന്ന് ആമുഖത്തിൽ സുഭാഷ്. 

എഴുത്തുകാരന് അംബ എന്ന സ്ത്രീയുമായുള്ള തീവ്രപരിചയം, സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ മൂന്ന് ഭാഗങ്ങളിലൂടെ, കാലം തെറ്റി-വിവരണങ്ങളിലൂടെ, സ്വപ്ന-യാഥാർഥ്യ മുങ്ങാങ്കുഴികളിലൂടെ വായനക്കാർക്കും അനുഭവവും ആനന്ദവുമാകുന്നു. പ്രത്യേകബുദ്ധിയുള്ള (ഓട്ടിസം) 21-കാരന്‍റെ അമ്മയാണ് ഡിവോഴ്‌സിയായ അംബ. അപകടത്തിൽ തളർന്ന് കിടക്കുന്ന വിധവയായ അമ്മയുടെ മലവും മകന്‍റെ രേതസ്സും വൃത്തിയാക്കി ദിവസം തുടങ്ങുന്ന അംബയുടെ ചിതാ-ജീവിതമാണ് നോവൽ പറയുന്നത്.

കോഴിക്കോട്ട് ശരിക്കും ജീവിച്ചിരുന്നു എന്ന് തെളിവുകൾ സഹിതം അവതരിപ്പിക്കുന്ന അംബയുടെ ജീവിതം - രണ്ട് പ്രണയങ്ങളും ഒരു ദാമ്പത്യവും തകർന്നതിന് ശേഷവും അമ്മയായും മകളായും പരാജയമാണെന്നറിയുമ്പോഴും, ഉപാധികളില്ലാത്ത സ്നേഹം അന്വേഷിക്കുന്നവളുടെ, രണ്ട് കിടപ്പുമുറികളുള്ള ഫ്‌ളാറ്റ്, അമ്മയ്ക്കും മകനും വീതിച്ച്, ഉറക്കഗുളിക കഴിച്ച് ഡൈനിങ്ങ് ടേബിളിൽ കിടന്നുറങ്ങുന്നവളുടെ അമ്പേ ജീവിതം - സാധാരണതകൾ കൊണ്ട് അസാധാരണവുമാണ്. 

അറബിക്കടലിലെ വെള്ളിയാൻപാറ എന്ന കരിങ്കൽ ദ്വീപിൽ (നോവലിലെ സമുദ്രശില -ബേപ്പൂർ ജെട്ടിയിൽ നിന്ന് ബോട്ടിൽ അഞ്ച് മണിക്കൂർ ദൂരത്തിൽ) വിവാഹപൂർവകാമുകനൊത്ത് ഒരു രാത്രി കഴിഞ്ഞതിന്‍റെ ഫലമാണ് അംബയ്ക്ക് ഓട്ടിസം ബാധിച്ച മകൻ. രതി ഒരു കൊതി മാത്രമാണെന്ന് ഉയർത്തിപ്പിടിക്കുന്ന പുരുഷന്മാർ, രതി മാനസികമാണെന്ന് വികാരപ്പെടുന്ന അംബയെ സ്പർശിക്കുന്നില്ല. പക്ഷെ ശാരീരികമായി അംബയെ സ്പർശിക്കുന്ന മകൻ അവൾക്ക് മൃതിമൂർച്ഛയാണ് കൊടുക്കുന്നത്. 'ദൈവത്തിന്‍റെ കൈവശമായിരുന്ന ഇങ്ങനെയൊരു കുഞ്ഞിനെ കാത്തുരക്ഷിക്കാൻ തക്ക അമ്മയെ തേടി, ഉപാധികളില്ലാതെ സ്നേഹം തേടി ഭൂമി മുഴുവൻ അലഞ്ഞ് ദൈവം കണ്ടെത്തിയ അമ്മ'യെന്ന വിശേഷണം രക്ഷിക്കാത്ത സ്ത്രീയാണവൾ - 'ഏൻഷ്യന്‍റ് പ്രോമിസസി'ലെ ജാനുവിനെക്കാളും ആത്മീയതയുള്ള വൾ. 

ബുദ്ധിമാന്ദ്യമുള്ള പേരക്കുട്ടിക്ക് കൂട്ട് വന്ന്, അവന്‍റെ കടിയേറ്റ് ജീവിച്ച്, കടൽ കാണാതെ മരിച്ച ചന്ദ്രികട്ടീച്ചർ; ചെക്ക് കേസിൽ അകത്തായ ആന്‍റണിക്ക് ആന്‍റൺ ചെക്കോവ് എന്ന പേര് വീണതിന് ശേഷം റഷ്യയിൽ പോയി ചെക്കോവിന്‍റെ വീട് കണ്ടിട്ടുണ്ടെന്ന് വിശ്വസിച്ച് അതെഴുതിയ ആന്‍റണിയുടെ മകൾ സോഫിയ; പെണ്ണുങ്ങളെ സ്നേഹിക്കാൻ കഴിവുള്ള പുരുഷന്മാർക്കേ പ്രകൃതി പെൺ മക്കളെ സമ്മാനിക്കൂ എന്ന് പറയുന്ന ബാലഗംഗാധരൻ; മുഴക്കമുള്ള ശബ്‌ദം മൂലം 'കരൾ തെറ്റി വീണ' അംബയെ ഉപയോഗിച്ച റൂമി ജലാലുദ്ദീൻ; അഞ്ച് ഫ്ലാറ്റുകളിൽ വീടുപണി ചെയ്ത് ജീവിതം ഒറ്റയ്ക്ക് പോരാടുന്ന ആഗ്‌നസ്; സ്വന്തം ദുഷിപ്പുകളെ മറ്റൊരാളെക്കുറിച്ചുള്ള വിലയിരുത്തലാക്കി മാറ്റിയവതരിപ്പിക്കുന്ന ആൺരീതികളുള്ള സിദ്ധാർത്ഥൻ... സമുദ്രശിലയുടെ അഗാധതയിൽ തെളിഞ്ഞു കാണുന്ന സാധാരണർ.

ഇങ്ങ് കരയിലോ? ബഷീറിന്‍റെ മകൻ ഇലക്ട്രിക്കൽ എഞ്ചിനീയർ അനീസ് ബഷീർ; ബാബുരാജിന്‍റെ സംഗീതത്തിൽ മുഹമ്മദ് റഫി പാടുന്നതായി സങ്കൽപിച്ച ഗൾഫുകാരൻ ഫൈസൽ; വിരലടയാള വിദഗ്ധൻ ദിനേഷ്കുമാർ; അങ്കമാലിയിലെ ദന്തഡോക്ടർ സന്തോഷ് തോമസ്; കോഴിക്കോട് മായനാട് 'ഭൂമി'യിൽ താമസിക്കുന്ന എഴുത്തുകാരൻ (കാലം തെറ്റിച്ച് കഥ പറയാനുള്ള കഴിവ് കാരണം എഴുത്തുകാരെ ദൈവവും ആരാധിക്കുന്നുണ്ട്. സൈനുൾ ആബിദിന്‍റെ കറുത്ത്-വെളുത്ത സുഭാഷ് ചിത്രമാണ് എന്‍റെ കോപ്പിയുടെ കവർ).
മിഥ്യയ്ക്കും തഥ്യയ്ക്കും ഇടയിൽ, ദൈവവും ചെകുത്താനും വന്ന് പറയാനുള്ളത് കൂടിയാവുമ്പോൾ, ഇതിനോടകം സുഭാഷ് ചന്ദ്രൻ-മുദ്രയുള്ള താത്വിക മാനം 'ശില'യുടെ ജീവനുള്ള ഭാഗമാവുന്നു. വാക്ക് കൊണ്ട് കളിക്കാനും നോവൽകാരന് ഇഷ്ടമാണ്. അറുപഴഞ്ചന്‍റെ വിപരീതപദം: അറുപുതുഞ്ചൻ. കോഴിക്കോട്ടുകാരുടെ കുത്തേറ്റ് മരിച്ച കനോലി സായിപ്പിന്‍റെ പേര്, സ്പെല്ലിങ് വച്ച് നോക്കിയാൽ അറം പറ്റുന്ന പേരാണ്: കൊന്നോളീ. ആണും പെണ്ണും കെട്ടതെന്നല്ല, ആണും പെണ്ണും ആളുന്നത് എന്നാണ് വേണ്ടത്! സർനെയിമിന് മലയാളം തന്തപ്പേർ. കരിമ്പ് കഴിക്കുമ്പോഴുള്ള അനുഭവത്തിൽ നിന്നാണ് ആ വാക്ക് വരുന്നത്!

അറബിക്കടലിനെ മൽസ്യവില്പനക്കാരിയായും വെള്ളിയാങ്കല്ലിനെ അവളുടെ കവിളിലെ അരിമ്പാറയായും ഉപമിക്കുന്ന നോവലിൽ എന്‍റെ ഇഷ്ടവരികൾ ഇവയാണ്: ചിതയുടെ ഇളയ മകളാണ് ഓരോ അടുക്കളയടുപ്പും; ബലിച്ചോറോളം മുതിരാനിരിക്കുന്ന അന്നത്തിന്‍റെ തൊട്ടിൽ. നോവലെഴുത്ത് എന്ന സർഗപ്രക്രിയയെ പ്രമേയമാക്കുന്ന നോവൽത്രയത്തിലെ രണ്ടാമത്തെ പുസ്തകമായ സമുദ്രശില, 'മനുഷ്യന് ഒരാമുഖ'ത്തിൽ നിന്നും കുതറിമാറിയ എഴുത്തെഴുന്നള്ളത്താണ്. അതിൽ നൂറ് കൊല്ലത്തെ ചരിത്രം; ഇതിൽ നൂറ് ദിവസത്തെ കളി. അത് ഭൂതം; ഇത് വർത്തമാനം.

'സമുദ്രശില' മലയാള നോവലിന്‍റെ പ്രസന്ന വർത്തമാനവുമാണ്.

Sunday, February 24, 2019

തമാശ് തമാശ്

1. സ്ഥലത്തെ പ്രധാന ഗുണ്ടയുടെ മകന് ബാങ്കിൽ ജോലി വേണം. അതിന് അവന് ബാങ്കിങ്ങ് വല്ലതും അറിയാവോ? ഇല്ല. പക്ഷെ ജോലി കൊടുത്താൽ ബാങ്ക് കുത്തിത്തുറക്കുന്ന ഏനക്കേട് ഒഴിവാക്കാലോ!

 2. ജോബ് ഇന്റർവ്യൂ: അപ്പൊ കഴിഞ്ഞ കമ്പനിയിൽ എത്ര നാൾ ജോലി ചെയ്തു? അൻപത്തിയഞ്ച് വർഷം. ഇപ്പൊ എത്ര വയസായി? അൻപത്. 50 വയസുള്ള നിങ്ങൾ 55 വർഷമെങ്ങനെ ജോലി ചെയ്തു? ഓവർടൈം!

 3. സമ്പന്ന യുവതി മകനെ സ്‌കൂളിൽ ചേർക്കുന്നു: അവൻ വികൃതി കാട്ടുകയാണെങ്കിൽ അടുത്തിരിക്കുന്നവനിട്ട് ഒന്നു പെടച്ചാൽ മതി. അവൻ പേടിച്ചോളും!

 4. ഒരു പുസ്തകത്തീന്ന് കോപ്പിയടിച്ചാലേ മോഷണമാവൂ. രണ്ട് പുസ്തകങ്ങളിൽ നിന്ന് കോപ്പിയടിക്കുന്നത് റിസർച്ച് ആണ്. നാല് പുസ്തകങ്ങളീന്ന് കോപ്പിയടിച്ചാൽ പ്രഫസറായി.

 5. ഈ കവിത സ്വന്തമായി എഴുതിയതാണോ? അതേ. നൂറ് ശതമാനം. എങ്കിൽ നമസ്കാരം മിസ്റ്റർ കുമാരനാശാൻ! ഞാൻ വിചാരിച്ചു അദ്ദേഹം മരിച്ചു പോയെന്ന്!

 6. അപ്പാപ്പന് ഒരു ഹിയറിങ്ങ് എയ്ഡ് വച്ചു കൂടെ? വേണ്ട മോനേ. മനസിലാക്കാവുന്നതിലധികം ഇപ്പൊ കേൾക്കണ് ണ്ട്.

 7. അമിതവണ്ണത്തിനെന്താ ചികിത്സ? ദിവസം മുന്നൂറ് രൂപയിൽക്കൂടുതൽ ചിലവാക്കരുത്. അത് അധ്വാനിച്ച് സമ്പാദിക്കേം വേണം.

 8. ഹലോ ഫയർ സ്റ്റേഷനാണോ? അതെ. ശരി. ഇക്കാലത്ത് ചെടി നട്ടു നനച്ച് പൂക്കൾ പരിപാലിക്കാൻ കാശെത്ര വേണമെന്നറിയോ? ഇത് ഫയർ സ്റ്റേഷനാണ്. ഒരു ഗാർഡൻ മെയിന്റയിൻ ചെയ്യാന്നു വച്ചാ... നിങ്ങൾക്ക് പൂക്കടയോ നഴ്‌സറിയോ ആണോ വേണ്ടത്? അല്ല. എന്റെ അയല്പക്കത്തെ വീടിന് തീ പിടിച്ചേ. നിങ്ങള് വരുമ്പോ എന്റെ ഗാർഡനോന്നും ചവിട്ടി നശിപ്പിക്കരുത്.

 9. നിങ്ങളുടെ രോഗം മാറിക്കഴിഞ്ഞെന്ന് നിങ്ങൾക്ക് ധൈര്യമായി വിശ്വസിക്കാം. താങ്ക് യൂ ഡോക്ടർ. ഡോക്ടറുടെ ഫീസ് ഞാൻ തന്നു കഴിഞ്ഞെന്ന് ഡോക്ടർ വിശ്വസിച്ചോളൂ.

 10. രണ്ട് കള്ളന്മാർ രാത്രി ഒരു കടയിൽ മോഷ്ടിക്കാൻ കയറി. ഒരു കള്ളനതാ കാല് കൊണ്ട് സേയ്ഫ് തുറക്കാൻ ശ്രമിക്കുന്നു. എന്തായീ കാട്ടണേ? വേഗം പണി തീർത്ത് സ്ഥലം വിടണ്ടെ? കാല് കൊണ്ട് സെയ്ഫ് തുറക്കാൻ പറ്റിയാൽ ഫിംഗർ പ്രിന്റ്കാര് പകച്ച് പണ്ടാരമടങ്ങും!

പഴം കഥകൾ


1. പടിക്കൽ വച്ച് തൈരുകുടം ഭൃത്യന്റെ കൈയിൽ നിന്നും വീണുടഞ്ഞു പോയി. യജമാനനോട് ഭൃത്യൻ പറയുന്നു: വേറെ വല്ലവരുമായിരുന്നേൽ പടിക്കൽ വരെ കൊണ്ടുവരുമായിരുന്നോ?

 2. ശിഷ്യന്റെ മുഖത്ത് രൗദ്രഭാവം വരുന്നില്ലെന്ന് ഗുരു പരാതി പറയുന്നത് ശിഷ്യന്റെ അമ്മ കേട്ടു. മകൻ ഊണ് കഴിക്കാൻ വന്നപ്പോൾ അമ്മ ചാണകവെള്ളമെടുത്ത് ഒറ്റ തെളി! യുവാവിന്റെ മുഖത്ത് രൗദ്രരസക്കച്ചേരി! ഇങ്ങനെ ഗുരുവിനെ കാട്ടൂ എന്ന് അമ്മ.

 3. പിശുക്കൻ പട്ടർക്ക് പുഴ കടക്കണം. വഞ്ചിക്കാരന് പണം കൊടുക്കാൻ മനസില്ല. 'വെള്ളം എന്തുമാത്രം ഉണ്ടാവും?' 'ഇവിടെ മുട്ടിന് താഴെ, നടുക്ക് രണ്ടാൾപ്പൊക്കം, അക്കരെ എത്താറാവുമ്പോൾ മുട്ടിന് താഴെ.' പട്ടര് ആവറേജ് എടുത്തപ്പോൾ അരയാൾപ്പൊക്കമേയുള്ളൂ. നടുക്കെത്തിയപ്പോൾ നീന്തലറിയാത്ത പട്ടരെ പുഴ കൊണ്ടുപോയി. പുഴയിലൂടെ പട്ടരുടെ ശവം ഒഴുകുന്നത് കണ്ട് നാട്ടുകാര് പറഞ്ഞു: എന്തെങ്കിലും ആദായമില്ലാതെ പട്ടര് പുഴയിലൊഴുകുമോ!

 4. രണ്ട് പരിചയക്കാർ ഊണ് കഴിക്കുകയാണ്. ഒരാൾ തന്റെ അച്ഛൻ ഇഹലോകവാസം വെടിഞ്ഞ കഥ വിവരിച്ചുകൊണ്ടിരിക്കേ മറ്റവൻ ഇതു തന്നെ തഞ്ചമെന്നോർത്ത് കഥ പറയുന്ന ആളിന്റെ ഇലയിലെ കറികൾ അകത്താക്കി. ഇത് മനസിലാക്കിയ കഥ പറച്ചിലുകാരൻ, ഇനി തന്റെ അച്ഛൻ മരിച്ച കഥ പറയൂ എന്ന് പറഞ്ഞ് അയാളുടെ ഇലയിൽ നോട്ടമിട്ടു. 'ഒന്നുമില്ല,' സ്വന്തം ഇലയിൽ ശേഷിച്ചത് അകത്താക്കി അയാൾ പറഞ്ഞു: 'കിടന്നു, തീർന്നു!

 5. വീട് വിട്ടുപോയ മകനെ തേടി അച്ഛൻ പട്ടണത്തിലൂടെ അലയുകയാണ്. വിശന്ന് പൊരിയുന്നു. മകൻ അതാ, ഒരു ഹോട്ടലിന് മുന്നിലെ എച്ചിലുകൾക്കിടയിൽ നിന്നും ചോറ് ഉണ്ണുകയാണ്. ഇല തട്ടിപ്പറിച്ച് അച്ഛൻ പറഞ്ഞു: ആറാം മാസത്തില് ചോറല്ലേ ഉണ്ണണത്! - കേട്ടത്

കേട്ടത്

1. വേദോപദേശ ക്‌ളാസ്. ധൂർത്തപുത്രൻ തിരിച്ചു വരികയാണ്. പിതാവിനും മറ്റ് കുടുംബാംഗങ്ങൾക്കും സന്തോഷം. ഗ്രാമം മൊത്തം ആഹ്‌ളാദം! ആരും ദുഖിക്കാത്ത സമയം. 
'അങ്ങനെ വരാൻ വഴിയില്ലല്ലോ,' ഒരു കുട്ടി പറഞ്ഞു. 'ആ കൊഴുത്ത കാളക്കുട്ടി ദുഖിച്ചു കാണില്ലേ?'

2. ആർക്കും വേണ്ടാതെ കിടന്നിരുന്ന തരിശുഭൂമിയിൽ ഒരുത്തൻ കൃഷിയിറക്കി പൊന്ന് വിളയിച്ചതിന് ഇടവക അനുമോദനയോഗം. വികാരിയച്ചൻ പറഞ്ഞു, നമ്മുടെ ഈ സഹോദരനും ദൈവവും കൂടി പരിപാലിച്ച ഭൂമിയാണ് ഈ പുഷ്പിച്ചു നിൽക്കുന്നത്, അല്ലേ? 
'അതെയതെ. പക്ഷെ ദൈവം മാത്രം പരിപാലിച്ചപ്പോ ഈ സ്ഥലമൊന്നു കാൺണാർന്നു!'

3. മലമുകളിൽ വച്ച് രണ്ട് തീർത്ഥാടകർ കണ്ടുമുട്ടി: ഹാ! പ്രപഞ്ച രഹസ്യത്തെ പുൽകാൻ, ദൈവവുമായി അടുത്ത ബന്ധം പുലർത്താൻ ഇതു പോലൊരു സ്ഥലം വേറെയില്ല. ദൈവരഹസ്യമറിയാനാണ് ഞാനിവിടെ വന്നത്. താങ്കളോ? 
'മകള് കീ ബോർഡ് പ്രാക്റ്റീസ് ചെയ്യുന്നു; ഭാര്യ സംഗീതം പഠിക്കണുമുണ്ട്. അതുകൊണ്ട് വന്നതാ.'

4. Give us this day our daily bread എന്ന പ്രാർത്ഥനയിൽ ബ്രെഡിന് പകരം ചായ എന്ന് തിരുത്താമോ എന്ന് ചോദിച്ച് ഒരു ചായക്കമ്പനിക്കാരൻ പോപ്പിന്റെ അടുത്ത് ചെന്നു. ലക്ഷങ്ങൾ വച്ചു നീട്ടിയിട്ടും പോപ്പ് വഴങ്ങുന്നില്ല. ദേഷ്യം പിടിച്ച ചായക്കാരൻ പറയുന്നു: 'ബ്രെഡ് കമ്പനിക്കാർ എത്ര തന്നു?'

5. ദൈവം ഏഴാം ദിവസം വിശ്രമിച്ചു എന്ന് പറയുന്നത് ശരിയാണോ? സ്ത്രീയെ സൃഷ്ടിച്ച് കഴിഞ്ഞ് ആരെങ്കിലും വിശ്രമിച്ചിട്ടുണ്ടോ?

പഴം കഥകൾ, ഒന്നൂടെ

1. ക്ഷേത്രം ഭാരവാഹികളുമായി പിണങ്ങിയ ശാന്തിക്കാരൻ, തീപ്പെട്ടിക്കൊള്ളിയുരച്ച് ക്ഷേത്രക്കുളത്തിലേക്കെറിഞ്ഞ് നാട് വിട്ടു. ക്ഷേത്രം കത്തിപ്പോയിരിക്കാമെന്ന് ധരിച്ച അയാൾ മറുനാട്ടിൽ വച്ച് ഒരു പരിചയക്കാരനെ കണ്ടപ്പോൾ ചോദിക്കുന്നു: അവിടെ കുളമെന്നോ, കൊള്ളിയെന്നോ മറ്റോ വർത്തമാനമുണ്ടോ?
2. 'ഹയ്! നല്ല ലക്ഷണമൊത്ത പശു!'
'തിരുമേനീ, ഈ പശു അങ്ങയുടേതാ!'
'ഹയ്! ഹയ്! നല്ല പുല്ല് ഉള്ളോട്ത്ത് മേയ്ക്ക്യാ! പശൂന്‍റെ ദേഹത്താണേൽ കൊതൂന് തിന്നാൻ എറച്ചീല്യാ!'
3. ജ്യോത്സ്യം ചെയ്യാൻ പോയ വീട്ടിൽ പഴുത്തൊരു മത്തങ്ങ തൂങ്ങിക്കിടക്കുന്നു. ജ്യോൽസ്യർക്ക് മത്തങ്ങാ-പൂതി കലശല്. 'ഒരു കുടം കൂടെ ആവശ്യോണ്ടല്ലോ'. 'അതിപ്പോ, ഈ ത്രിസന്ധ്യാ നേരത്ത്...' 'സാരല്യാ, ഈ മത്തനും കൊണ്ട് ഒപ്പിക്കാം!'
4. കഥകളി കാണാനെത്തിയ ഒരു സാധാരണൻ, ഇടയ്ക്ക് ചവയ്ക്കാൻ പിണ്ണാക്ക് കരുതിയിരുന്നു. കഥകളിയും പിണ്ണാക്ക് തീറ്റയും ഒരുമിച്ച് തീർന്നു. 'കളി എങ്ങനെയുണ്ടാർന്നൂ?' 'ഹൌ! കളിയും പിണ്ണാക്കും നേർക്ക് നേരെ!'
5. കുടിയാൻ ഓണമായിട്ട് ഒരു കുപ്പി പനിനീരാണ് ജന്മിക്ക് സമ്മാനിച്ചത്. മദ്യമാണെന്ന് കരുതി അകത്താക്കാനൊരുങ്ങിയ തമ്പ്രാനെ കുടിയാനടിയൻ വിലക്കി. തമ്പ്രാൻ, കുപ്പി അനന്തരവന് കൊടുത്തു. മദ്യമാണെന്ന് വിചാരിച്ച് അയാളും കമിഴ്ത്താൻ തുടങ്ങിയപ്പോൾ തമ്പ്രാൻ പറയുന്നു: 'അവനെന്തറിയാം! വല്ല ചാന്തോ മറ്റോ ആണെന്ന് കരുതിക്കാണും'
6. 'കൃഷ്ണഗാഥ'യെ വിമർശിച്ച് ഒരു നാട്ടു പ്രമാണി പറഞ്ഞു: ചെറുശ്ശേരിയുടെ എരിശ്ശേരിയിൽ കഷണമില്ല. ചെറുശ്ശേരിയുടെ മറുപടി: 'ഇളക്കി നോക്കാനറിയണം!'
7. അമ്മാവന് കുടുംബവുമായി ഭയങ്കര ശത്രുത. അയാൾ മരിക്കാൻ കിടക്കുന്നു. അമ്മാവനല്ലേ, ബന്ധുക്കൾ അടുത്തു കൂടി (വേറൊരർത്ഥത്തിൽ, മരണം ആഘോഷിക്കണമല്ലോ). അമ്മാവൻ അന്ത്യ ആഗ്രഹം പറയുന്നു: 'നിങ്ങൾ എന്റെ ആസനത്തിൽ ഒരു ആപ്പ് അടിച്ചു കേറ്റണം!' ചെയ്ത പാപങ്ങൾക്കുള്ള പരിഹാരമാവുമോ? ബന്ധുക്കൾ ആപ്പടിച്ചു കേറ്റി. അമ്മാവൻ അന്ത്യശ്വാസം വലിച്ചതും വീട്ടുമുറ്റത്ത് പോലീസുകാർ. ബന്ധുക്കൾ ആപ്പടിച്ചു കേറ്റി, തന്നെ കൊല്ലുമെന്ന് അയാൾ പരാതി കൊടുത്തിരുന്നു!
-കേട്ടത്

Blog Archive