Search This Blog

Sunday, February 24, 2019

തമാശ് തമാശ്

1. സ്ഥലത്തെ പ്രധാന ഗുണ്ടയുടെ മകന് ബാങ്കിൽ ജോലി വേണം. അതിന് അവന് ബാങ്കിങ്ങ് വല്ലതും അറിയാവോ? ഇല്ല. പക്ഷെ ജോലി കൊടുത്താൽ ബാങ്ക് കുത്തിത്തുറക്കുന്ന ഏനക്കേട് ഒഴിവാക്കാലോ!

 2. ജോബ് ഇന്റർവ്യൂ: അപ്പൊ കഴിഞ്ഞ കമ്പനിയിൽ എത്ര നാൾ ജോലി ചെയ്തു? അൻപത്തിയഞ്ച് വർഷം. ഇപ്പൊ എത്ര വയസായി? അൻപത്. 50 വയസുള്ള നിങ്ങൾ 55 വർഷമെങ്ങനെ ജോലി ചെയ്തു? ഓവർടൈം!

 3. സമ്പന്ന യുവതി മകനെ സ്‌കൂളിൽ ചേർക്കുന്നു: അവൻ വികൃതി കാട്ടുകയാണെങ്കിൽ അടുത്തിരിക്കുന്നവനിട്ട് ഒന്നു പെടച്ചാൽ മതി. അവൻ പേടിച്ചോളും!

 4. ഒരു പുസ്തകത്തീന്ന് കോപ്പിയടിച്ചാലേ മോഷണമാവൂ. രണ്ട് പുസ്തകങ്ങളിൽ നിന്ന് കോപ്പിയടിക്കുന്നത് റിസർച്ച് ആണ്. നാല് പുസ്തകങ്ങളീന്ന് കോപ്പിയടിച്ചാൽ പ്രഫസറായി.

 5. ഈ കവിത സ്വന്തമായി എഴുതിയതാണോ? അതേ. നൂറ് ശതമാനം. എങ്കിൽ നമസ്കാരം മിസ്റ്റർ കുമാരനാശാൻ! ഞാൻ വിചാരിച്ചു അദ്ദേഹം മരിച്ചു പോയെന്ന്!

 6. അപ്പാപ്പന് ഒരു ഹിയറിങ്ങ് എയ്ഡ് വച്ചു കൂടെ? വേണ്ട മോനേ. മനസിലാക്കാവുന്നതിലധികം ഇപ്പൊ കേൾക്കണ് ണ്ട്.

 7. അമിതവണ്ണത്തിനെന്താ ചികിത്സ? ദിവസം മുന്നൂറ് രൂപയിൽക്കൂടുതൽ ചിലവാക്കരുത്. അത് അധ്വാനിച്ച് സമ്പാദിക്കേം വേണം.

 8. ഹലോ ഫയർ സ്റ്റേഷനാണോ? അതെ. ശരി. ഇക്കാലത്ത് ചെടി നട്ടു നനച്ച് പൂക്കൾ പരിപാലിക്കാൻ കാശെത്ര വേണമെന്നറിയോ? ഇത് ഫയർ സ്റ്റേഷനാണ്. ഒരു ഗാർഡൻ മെയിന്റയിൻ ചെയ്യാന്നു വച്ചാ... നിങ്ങൾക്ക് പൂക്കടയോ നഴ്‌സറിയോ ആണോ വേണ്ടത്? അല്ല. എന്റെ അയല്പക്കത്തെ വീടിന് തീ പിടിച്ചേ. നിങ്ങള് വരുമ്പോ എന്റെ ഗാർഡനോന്നും ചവിട്ടി നശിപ്പിക്കരുത്.

 9. നിങ്ങളുടെ രോഗം മാറിക്കഴിഞ്ഞെന്ന് നിങ്ങൾക്ക് ധൈര്യമായി വിശ്വസിക്കാം. താങ്ക് യൂ ഡോക്ടർ. ഡോക്ടറുടെ ഫീസ് ഞാൻ തന്നു കഴിഞ്ഞെന്ന് ഡോക്ടർ വിശ്വസിച്ചോളൂ.

 10. രണ്ട് കള്ളന്മാർ രാത്രി ഒരു കടയിൽ മോഷ്ടിക്കാൻ കയറി. ഒരു കള്ളനതാ കാല് കൊണ്ട് സേയ്ഫ് തുറക്കാൻ ശ്രമിക്കുന്നു. എന്തായീ കാട്ടണേ? വേഗം പണി തീർത്ത് സ്ഥലം വിടണ്ടെ? കാല് കൊണ്ട് സെയ്ഫ് തുറക്കാൻ പറ്റിയാൽ ഫിംഗർ പ്രിന്റ്കാര് പകച്ച് പണ്ടാരമടങ്ങും!

പഴം കഥകൾ


1. പടിക്കൽ വച്ച് തൈരുകുടം ഭൃത്യന്റെ കൈയിൽ നിന്നും വീണുടഞ്ഞു പോയി. യജമാനനോട് ഭൃത്യൻ പറയുന്നു: വേറെ വല്ലവരുമായിരുന്നേൽ പടിക്കൽ വരെ കൊണ്ടുവരുമായിരുന്നോ?

 2. ശിഷ്യന്റെ മുഖത്ത് രൗദ്രഭാവം വരുന്നില്ലെന്ന് ഗുരു പരാതി പറയുന്നത് ശിഷ്യന്റെ അമ്മ കേട്ടു. മകൻ ഊണ് കഴിക്കാൻ വന്നപ്പോൾ അമ്മ ചാണകവെള്ളമെടുത്ത് ഒറ്റ തെളി! യുവാവിന്റെ മുഖത്ത് രൗദ്രരസക്കച്ചേരി! ഇങ്ങനെ ഗുരുവിനെ കാട്ടൂ എന്ന് അമ്മ.

 3. പിശുക്കൻ പട്ടർക്ക് പുഴ കടക്കണം. വഞ്ചിക്കാരന് പണം കൊടുക്കാൻ മനസില്ല. 'വെള്ളം എന്തുമാത്രം ഉണ്ടാവും?' 'ഇവിടെ മുട്ടിന് താഴെ, നടുക്ക് രണ്ടാൾപ്പൊക്കം, അക്കരെ എത്താറാവുമ്പോൾ മുട്ടിന് താഴെ.' പട്ടര് ആവറേജ് എടുത്തപ്പോൾ അരയാൾപ്പൊക്കമേയുള്ളൂ. നടുക്കെത്തിയപ്പോൾ നീന്തലറിയാത്ത പട്ടരെ പുഴ കൊണ്ടുപോയി. പുഴയിലൂടെ പട്ടരുടെ ശവം ഒഴുകുന്നത് കണ്ട് നാട്ടുകാര് പറഞ്ഞു: എന്തെങ്കിലും ആദായമില്ലാതെ പട്ടര് പുഴയിലൊഴുകുമോ!

 4. രണ്ട് പരിചയക്കാർ ഊണ് കഴിക്കുകയാണ്. ഒരാൾ തന്റെ അച്ഛൻ ഇഹലോകവാസം വെടിഞ്ഞ കഥ വിവരിച്ചുകൊണ്ടിരിക്കേ മറ്റവൻ ഇതു തന്നെ തഞ്ചമെന്നോർത്ത് കഥ പറയുന്ന ആളിന്റെ ഇലയിലെ കറികൾ അകത്താക്കി. ഇത് മനസിലാക്കിയ കഥ പറച്ചിലുകാരൻ, ഇനി തന്റെ അച്ഛൻ മരിച്ച കഥ പറയൂ എന്ന് പറഞ്ഞ് അയാളുടെ ഇലയിൽ നോട്ടമിട്ടു. 'ഒന്നുമില്ല,' സ്വന്തം ഇലയിൽ ശേഷിച്ചത് അകത്താക്കി അയാൾ പറഞ്ഞു: 'കിടന്നു, തീർന്നു!

 5. വീട് വിട്ടുപോയ മകനെ തേടി അച്ഛൻ പട്ടണത്തിലൂടെ അലയുകയാണ്. വിശന്ന് പൊരിയുന്നു. മകൻ അതാ, ഒരു ഹോട്ടലിന് മുന്നിലെ എച്ചിലുകൾക്കിടയിൽ നിന്നും ചോറ് ഉണ്ണുകയാണ്. ഇല തട്ടിപ്പറിച്ച് അച്ഛൻ പറഞ്ഞു: ആറാം മാസത്തില് ചോറല്ലേ ഉണ്ണണത്! - കേട്ടത്

കേട്ടത്

1. വേദോപദേശ ക്‌ളാസ്. ധൂർത്തപുത്രൻ തിരിച്ചു വരികയാണ്. പിതാവിനും മറ്റ് കുടുംബാംഗങ്ങൾക്കും സന്തോഷം. ഗ്രാമം മൊത്തം ആഹ്‌ളാദം! ആരും ദുഖിക്കാത്ത സമയം. 
'അങ്ങനെ വരാൻ വഴിയില്ലല്ലോ,' ഒരു കുട്ടി പറഞ്ഞു. 'ആ കൊഴുത്ത കാളക്കുട്ടി ദുഖിച്ചു കാണില്ലേ?'

2. ആർക്കും വേണ്ടാതെ കിടന്നിരുന്ന തരിശുഭൂമിയിൽ ഒരുത്തൻ കൃഷിയിറക്കി പൊന്ന് വിളയിച്ചതിന് ഇടവക അനുമോദനയോഗം. വികാരിയച്ചൻ പറഞ്ഞു, നമ്മുടെ ഈ സഹോദരനും ദൈവവും കൂടി പരിപാലിച്ച ഭൂമിയാണ് ഈ പുഷ്പിച്ചു നിൽക്കുന്നത്, അല്ലേ? 
'അതെയതെ. പക്ഷെ ദൈവം മാത്രം പരിപാലിച്ചപ്പോ ഈ സ്ഥലമൊന്നു കാൺണാർന്നു!'

3. മലമുകളിൽ വച്ച് രണ്ട് തീർത്ഥാടകർ കണ്ടുമുട്ടി: ഹാ! പ്രപഞ്ച രഹസ്യത്തെ പുൽകാൻ, ദൈവവുമായി അടുത്ത ബന്ധം പുലർത്താൻ ഇതു പോലൊരു സ്ഥലം വേറെയില്ല. ദൈവരഹസ്യമറിയാനാണ് ഞാനിവിടെ വന്നത്. താങ്കളോ? 
'മകള് കീ ബോർഡ് പ്രാക്റ്റീസ് ചെയ്യുന്നു; ഭാര്യ സംഗീതം പഠിക്കണുമുണ്ട്. അതുകൊണ്ട് വന്നതാ.'

4. Give us this day our daily bread എന്ന പ്രാർത്ഥനയിൽ ബ്രെഡിന് പകരം ചായ എന്ന് തിരുത്താമോ എന്ന് ചോദിച്ച് ഒരു ചായക്കമ്പനിക്കാരൻ പോപ്പിന്റെ അടുത്ത് ചെന്നു. ലക്ഷങ്ങൾ വച്ചു നീട്ടിയിട്ടും പോപ്പ് വഴങ്ങുന്നില്ല. ദേഷ്യം പിടിച്ച ചായക്കാരൻ പറയുന്നു: 'ബ്രെഡ് കമ്പനിക്കാർ എത്ര തന്നു?'

5. ദൈവം ഏഴാം ദിവസം വിശ്രമിച്ചു എന്ന് പറയുന്നത് ശരിയാണോ? സ്ത്രീയെ സൃഷ്ടിച്ച് കഴിഞ്ഞ് ആരെങ്കിലും വിശ്രമിച്ചിട്ടുണ്ടോ?

പഴം കഥകൾ, ഒന്നൂടെ

1. ക്ഷേത്രം ഭാരവാഹികളുമായി പിണങ്ങിയ ശാന്തിക്കാരൻ, തീപ്പെട്ടിക്കൊള്ളിയുരച്ച് ക്ഷേത്രക്കുളത്തിലേക്കെറിഞ്ഞ് നാട് വിട്ടു. ക്ഷേത്രം കത്തിപ്പോയിരിക്കാമെന്ന് ധരിച്ച അയാൾ മറുനാട്ടിൽ വച്ച് ഒരു പരിചയക്കാരനെ കണ്ടപ്പോൾ ചോദിക്കുന്നു: അവിടെ കുളമെന്നോ, കൊള്ളിയെന്നോ മറ്റോ വർത്തമാനമുണ്ടോ?
2. 'ഹയ്! നല്ല ലക്ഷണമൊത്ത പശു!'
'തിരുമേനീ, ഈ പശു അങ്ങയുടേതാ!'
'ഹയ്! ഹയ്! നല്ല പുല്ല് ഉള്ളോട്ത്ത് മേയ്ക്ക്യാ! പശൂന്‍റെ ദേഹത്താണേൽ കൊതൂന് തിന്നാൻ എറച്ചീല്യാ!'
3. ജ്യോത്സ്യം ചെയ്യാൻ പോയ വീട്ടിൽ പഴുത്തൊരു മത്തങ്ങ തൂങ്ങിക്കിടക്കുന്നു. ജ്യോൽസ്യർക്ക് മത്തങ്ങാ-പൂതി കലശല്. 'ഒരു കുടം കൂടെ ആവശ്യോണ്ടല്ലോ'. 'അതിപ്പോ, ഈ ത്രിസന്ധ്യാ നേരത്ത്...' 'സാരല്യാ, ഈ മത്തനും കൊണ്ട് ഒപ്പിക്കാം!'
4. കഥകളി കാണാനെത്തിയ ഒരു സാധാരണൻ, ഇടയ്ക്ക് ചവയ്ക്കാൻ പിണ്ണാക്ക് കരുതിയിരുന്നു. കഥകളിയും പിണ്ണാക്ക് തീറ്റയും ഒരുമിച്ച് തീർന്നു. 'കളി എങ്ങനെയുണ്ടാർന്നൂ?' 'ഹൌ! കളിയും പിണ്ണാക്കും നേർക്ക് നേരെ!'
5. കുടിയാൻ ഓണമായിട്ട് ഒരു കുപ്പി പനിനീരാണ് ജന്മിക്ക് സമ്മാനിച്ചത്. മദ്യമാണെന്ന് കരുതി അകത്താക്കാനൊരുങ്ങിയ തമ്പ്രാനെ കുടിയാനടിയൻ വിലക്കി. തമ്പ്രാൻ, കുപ്പി അനന്തരവന് കൊടുത്തു. മദ്യമാണെന്ന് വിചാരിച്ച് അയാളും കമിഴ്ത്താൻ തുടങ്ങിയപ്പോൾ തമ്പ്രാൻ പറയുന്നു: 'അവനെന്തറിയാം! വല്ല ചാന്തോ മറ്റോ ആണെന്ന് കരുതിക്കാണും'
6. 'കൃഷ്ണഗാഥ'യെ വിമർശിച്ച് ഒരു നാട്ടു പ്രമാണി പറഞ്ഞു: ചെറുശ്ശേരിയുടെ എരിശ്ശേരിയിൽ കഷണമില്ല. ചെറുശ്ശേരിയുടെ മറുപടി: 'ഇളക്കി നോക്കാനറിയണം!'
7. അമ്മാവന് കുടുംബവുമായി ഭയങ്കര ശത്രുത. അയാൾ മരിക്കാൻ കിടക്കുന്നു. അമ്മാവനല്ലേ, ബന്ധുക്കൾ അടുത്തു കൂടി (വേറൊരർത്ഥത്തിൽ, മരണം ആഘോഷിക്കണമല്ലോ). അമ്മാവൻ അന്ത്യ ആഗ്രഹം പറയുന്നു: 'നിങ്ങൾ എന്റെ ആസനത്തിൽ ഒരു ആപ്പ് അടിച്ചു കേറ്റണം!' ചെയ്ത പാപങ്ങൾക്കുള്ള പരിഹാരമാവുമോ? ബന്ധുക്കൾ ആപ്പടിച്ചു കേറ്റി. അമ്മാവൻ അന്ത്യശ്വാസം വലിച്ചതും വീട്ടുമുറ്റത്ത് പോലീസുകാർ. ബന്ധുക്കൾ ആപ്പടിച്ചു കേറ്റി, തന്നെ കൊല്ലുമെന്ന് അയാൾ പരാതി കൊടുത്തിരുന്നു!
-കേട്ടത്

ഹരീഷിന്‍റെ 'മീശ'.

രണ്ടാം ലോക യുദ്ധകാലത്തെ അറുതിയിൽ, മലയായ്ക്ക് പോകാൻ ആഗ്രഹിച്ച വാവച്ചൻ എന്ന മീശക്കാരൻ ഇരുപതുകാരൻ പുലയക്രിസ്ത്യാനി, അയാൾ ജീവിച്ച നീണ്ടൂർ-കൈപ്പുഴ പ്രദേശത്ത് ഒരു മിത്ത് ആയി, ഭീകരകഥയായി, പാടിപ്പതിഞ്ഞ പാട്ടുകളിലായി ജീവിച്ചതിന്‍റെ ചരിത്രം ഇപ്പോഴത്തെ തലമുറയിലെ ഒരു അച്ഛൻ മകനോട് പറയുന്നതായാണ് നോവൽ (328 പേജ്). മീശ എന്ന് കറുത്ത വലിയ അക്ഷരങ്ങളിലെഴുതിയത് പകുതിയോളം ക്ഷൗരം ചെയ്ത്, അക്ഷരങ്ങൾ താഴെ വീണ് കിടക്കുന്ന കവർ ചിത്രം സൈനുൽ ആബിദിന്‍റെ.


'ഏറ്റവും മികച്ചത് കൺമുന്നിൽ വന്നാലും ശരാശരിയെ തേടിപ്പോകുന്ന' മനുഷ്യരുടെ - ദൈവം കൊടുത്ത ചതുപ്പും വെള്ളവും നെല്ലറയാക്കി മാറ്റിയ, കാറ്റിൽ നിന്നും വെയിലിൽ നിന്നും മാത്രം ഊർജ്ജം കിട്ടുന്ന പാവങ്ങളുടെ - ഗ്രാമത്തിൽ, ഉൾക്കാഴ്ചാ-ഗഹന-പ്രചോദിത കഥകളില്ല. ശരാശരി ജീവിതങ്ങളിലൂടെയുള്ള മുങ്ങാംകുഴികൾക്കിടയിൽ എഴുത്തുകാരന്‍റെ കഥനം ഇടയ്ക്ക് വിഭ്രാത്മകതകളിലേക്ക് ഉയർന്നു പറക്കുന്നതൊഴിച്ചാൽ ചെളിയും, ചേറും, കളയും, പതിരും കളഞ്ഞെടുക്കേണ്ടതാണ് വായനയിലെ കതിരും സദിരും.


അവിടെയും സെയ്ഫ് ലാൻഡിങ്ങ് - യമണ്ടൻ ക്ളൈമാക്സ് - ഇല്ല. കഥ കേൾക്കാനുള്ള കൗതുകമാണ്, ഗുണപാഠമല്ല, കഥയുടെ ജീവൻ എന്നാണ് നോവലിന്‍റെ മതം. 'ഉയർന്ന പൗരബോധവും ജനാധിപത്യ ബോധവുമുള്ള സ്വതന്ത്ര രാജ്യങ്ങളാണ് നോവലുകൾ. ...സ്വതന്ത്രരായ മനുഷ്യർ എപ്പോഴും യുക്തിപൂർവവും കാര്യകാരണസഹിതവും പെരുമാറണമെന്നും സംസാരിക്കണമെന്നുമില്ല' എന്ന് ആമുഖത്തിൽ നോവൽകാരൻ.


അൽപം ഭൂമിത്തർക്കം മൊത്തം കൃഷിത്തർക്കമാക്കി മാറ്റുന്ന പ്രവര്‍ത്ത്യാര്‍ ശങ്കുണ്ണിമേനോൻ, എതിർലിംഗത്തിന്‍റെ ഹൃദയമന്വേഷിച്ചുള്ള ഭ്രാന്തൻ യാത്രകളാണ് ആണുങ്ങളുടെ ജീവിതമെന്ന് പറയുന്ന അഭിസാരിക കുട്ടത്തി, പെമ്പിളയ്ക്ക് കഞ്ഞിവെള്ളവും, മകന് ഉപ്പുമാങ്ങ കൂട്ടി കഞ്ഞിയും മാത്രം കൊടുത്ത് മീൻ കൂട്ടി ചോറ് ഉണ്ണുന്ന പോത്തൻ മാപ്പിള, അയാളോട് ഇച്ചിരി കഞ്ഞിവെള്ളം തരാമോ എന്ന് യാചിച്ച നായർ പ്രേതം, മീശയുടെ പൗരുഷം ഭ്രാന്താക്കിയ സീത, മുടക്കാലി തോട്ടിലൂടെ മുതലപ്പുറത്ത് പോകുന്ന പവിയാൻ, ആ മുതല, അത് വിഴുങ്ങിയ ചെത്തുകാരൻ ചോവൻ, മോഷ്‌ടിച്ച തേങ്ങ കടിച്ച് പിച്ചിപ്പറിച്ച് പൊങ്ങ് തിന്നുന്ന കങ്കാണി, പുല്ലരിഞ്ഞപ്പോൾ കൂട്ടത്തിൽ പാമ്പിനെയും അരിഞ്ഞ് പാമ്പിന്‍റെ തലപ്പാതി കൊത്തിയ ചെല്ല, വിഷക്കൂണ് തിന്ന് മരിച്ച സഹോദരി - പിന്നീട് മഴയത്ത് മീശയ്ക്ക് അഭയമായി പൊങ്ങി നിന്ന കൂൺ പെണ്ണ്...


പുര മേഞ്ഞപ്പോൾ ഈർക്കിലി കുത്തിക്കയറിയതാണെന്നും പറഞ്ഞ കൈവിരൽ പെണ്ണ് ചപ്പിയ ഓർമ്മയിൽ അതേ പുരയിൽ പിറ്റേ വർഷം ഈർക്കിലി കൊണ്ട സ്ഥാനത്ത് പട്ടികയിൽ കൂട്ടിക്കെട്ടിയ നിലയിൽ ഉണങ്ങിയ പാമ്പിൻ ജഡം കണ്ട് മരിച്ച മാച്ചോവൻ, വസൂരി പിടിപെട്ട ബാപ്പയ്ക്ക് ജനൽ വഴി കമ്പിൽ കുത്തിയ ഭക്ഷണം കൊടുക്കുന്ന കദീജ, വള്ളത്തിൽ പോകാനായി തെറിവിളിച്ച പോലീസ് ഏമാന്മാരെ കരിക്കിടാമെന്ന് പറഞ്ഞ് തുരുത്തിലിറക്കി ഉപേക്ഷിച്ച ഊന്നുകാരൻ പാച്ചുപിള്ള, മുതലയെ കൊല്ലാൻ മീശയെ കൂട്ട് പിടിച്ച കരിയിൽ സായിപ്പ്, ഇതിനോടകം വിവാദമായ പേജ് 294 -ലെ കുഞ്ഞച്ചൻ... (അമ്പലത്തിൽ പോകുന്ന സ്ത്രീകളെക്കുറിക്കുന്ന മറ്റേ ഭാഗം നോവലിന്‍റെ കഥാഗതിക്ക് വിശേഷിച്ചൊന്നും വരുത്താത്തതാണ്).


തുപ്പെത്തുപ്പെ നിൽക്കുന്ന വെള്ളം, അകവും പുറവും കവിഞ്ഞൊഴുകുന്ന തോടുകൾ, അവയെ കീറുന്ന വള്ളങ്ങൾ, ചരിത്രം ഓർത്തെടുക്കുന്ന തെങ്ങ്, ഇരയായും വില്ലനായും പാമ്പുകൾ, കഥ പറയും ആമകൾ, മീനുകൾ, കുഞ്ഞുങ്ങളെ രക്ഷിക്കാൻ അവരെ മറച്ചു പിടിച്ച് തെറ്റാലിയിലേക്ക് ഇരയാകാൻ പാഞ്ഞു വരുന്ന പക്ഷികൾ... ഒരു തെങ്ങിനെ നോക്കി ജീവിതകാലം കഴിച്ചാലെന്തെന്ന് ചിന്തിക്കുന്ന മീശ വാവച്ചൻ, പാടങ്ങളും തോടുകളും കടന്നുള്ള അവന്‍റെ അവധൂത സഞ്ചാരം...


ഒക്കെയും പാടത്തെ കാഴ്ചകളാണ്. ഇതിനിടയിൽ വാവച്ചന് നാടകത്തിൽ മീശ വേഷം നൽകിയ എഴുത്തച്ഛനെയും മറ്റനേകം വന്നുപോയിരിക്കുന്നവരെയും നമ്മൾ മറക്കും.

ഒറ്റയ്ക്കായും ആരുമില്ലാത്തവനായും ജീവിച്ച മീശയുടെ വായിൽ, കാലന്‍റെ ആയുസ് ഗ്രന്ഥം വായിച്ചെന്ന് പറയപ്പെടുന്ന മീശയുടെ വായിൽ, വേണമെങ്കിൽ നോവൽ കർത്താവിന് ഫിലോസഫി തിരുകി സരസ്വതി വിളയിക്കാമായിരുന്നു. അങ്ങനെ പാടത്തെ ഇലചക്രത്തിന്‍റെ പേരിൽ തത്വം പറയുന്നുണ്ട്. 'ചക്രം ചവിട്ടാണ് യഥാർത്ഥ ജീവിതം... ഒരില ചവുട്ടിക്കഴിയുമ്പോൾ അടുത്ത ഇല നാഭിക്ക് നേരെ വരും. ഒരു നേരത്തെ വിശപ്പ് കെടുത്തിയാൽ അടുത്ത നേരമെത്തും'. പക്ഷെ മീശയെ അധികം സംസാരിപ്പിക്കുന്ന് പോലുമില്ല. അയാൾ മറ്റൊരു കായംകുളം കൊച്ചുണ്ണിയല്ല, അയാൾ ഒരു വിജയിയല്ല. 'ഖസാക്ക്', രവിയുടെ മാത്രം കഥയല്ല എന്ന് പറയുന്നത് പോലെ 'മീശ' അയാൾ നായകനായ കഥ പോലുമല്ല.


നന്മ വിജയിക്കുന്ന സോദ്ദേശ കഥകളിൽ നോവലിന് താല്പര്യമില്ല. വായിക്കാൻ കൊള്ളാവുന്ന ശൈലിയിൽ ഒരു പ്രദേശത്തിന്‍റെ കഥ തോന്നിയ പോലെ പറയാനാണ് കമ്പം. അസംബന്ധങ്ങൾ, ഭ്രമാത്മക കൽപനകൾ, കേട്ടുകേൾവികൾ ഈ നോവലിനെ സംബന്ധിച്ച് സത്യങ്ങളാകുന്നു. നീണ്ടൂരും, കൈപ്പുഴയിലും, കുട്ടനാട്ടും പെയ്ത മഴവെള്ളം മലയാള സാഹിത്യ സമുദ്രത്തിലേക്ക് നോവൽ ഒഴുക്കി വിടുന്നു. ഇതും നമ്മുടെ സാഹിത്യത്തിന്‍റെ ഭാഗമാണ്.

പ്രശസ്ത തമാശകൾ

1. 'ഐൻസ്റ്റീൻ മാഷെ, എന്താ ഈ ആപേക്ഷിക സിദ്ധാന്തം?'
'സുന്ദരിയോടോത്ത് ഒരു മണിക്കൂർ ഇരിക്കുമ്പോ ഒരു മിനിറ്റായും, തീക്കനലിൽ ഒരു മിനിറ്റ് ഇരിക്കുമ്പോ ഒരു മണിക്കൂറായും തോന്നണ അവസ്ഥന്നെ.'

2. 'മോപ്പസാങ്ങ്, എന്തു കൊണ്ടാണ് അങ്ങയുടെ സ്ത്രീ കഥാപാത്രങ്ങൾ എപ്പോഴും ദുർനടപ്പുകാരികൾ?'
'അതോ? നല്ല സ്ത്രീകളുടെ കാര്യത്തിൽ ആർക്കും താല്പര്യമില്ലാത്തത് കൊണ്ട്.'

3. വിൻസ്റ്റൺ ചർച്ചിലിന് ബിബിസിയിൽ പ്രഭാഷണം നടത്താൻ പോകണം. ടാക്സി വിളിച്ചു. ചർച്ചിലിനെ നേരിട്ട് പരിചയമില്ലാത്ത ടാക്സിക്കാരൻ പറയുന്നു, 'സോറി, എനിക്ക് വീട്ടിൽ പോയി ചർച്ചിലിന്‍റെ പ്രഭാഷണം കേൾക്കണം.'
'ഞാൻ കൂടുതൽ പണം തന്നാൽ നിങ്ങൾ എന്നെ കൊണ്ടു പോകുമോ?'
'കയറൂ'.
'അപ്പോൾ ചർച്ചിലിന്‍റെ പ്രസംഗം?'
'ഓ, അയാള് പോയി തൊലയട്ടെ!'

4. അഗതാ ക്രിസ്റ്റി പറഞ്ഞത്: ഒരു പെണ്ണിന് കിട്ടാവുന്ന നല്ല ഭർത്താവ് പുരാവസ്തു ഗവേഷകനാണ്. അവളുടെ പ്രായം കൂടുന്തോറും അയാൾക്ക് അവളിൽ താല്പര്യം കൂടും.

5. 'നാലാം ലോക യുദ്ധത്തിൽ ഉപയോഗിക്കുന്ന ആയുധങ്ങൾ കല്ലും കുറുവടിയും ആവും'.
'അതെന്താ?'
മൂന്നാം ലോകയുദ്ധം കഴിഞ്ഞാപ്പിന്നെ പുരാതനശിലായുഗം മുതൽ തൊടങ്ങണോല്ലോ!'

6. ഒരുപാട് പേരെ (!) കല്യാണം കഴിച്ചയാളുടെ ശവകുടീരത്തിൽ കണ്ടത്: ഒടുവിൽ ഒറ്റയ്ക്ക് കിടന്നുറങ്ങുന്നു!

7. പാരീസിൽ വന്നിറങ്ങിയ ഒരുത്തൻ പറയുന്നു: 'ഒരു പത്ത് വർഷം മുൻപ് ഇവിടെ വരാൻ പറ്റിയില്ലല്ലോ!'
'ശരിയാ, പത്ത് വർഷം മുൻപത്തെ പാരീസായിരുന്നു യഥാർത്ഥ പാരീസ്!'
'അതല്ല, പത്ത് വർഷം മുൻപത്തെ ഞാനായിരുന്നു യഥാർത്ഥ ഞാൻ.'

8. 'ചിത്രകാരാ, എന്തുകൊണ്ടാണ് മനുഷ്യരുടെ പടം വരയ്ക്കാതെ കാടും മേടും മാത്രം?'
' കാടും മേടും പരാതി പറയില്ലല്ലോ.'

9. പ്രഭാത നടത്തിനിറങ്ങിയ ഒരു വക്കീൽ കണ്ടു, പ്രശസ്തനായ ജഡ്ജിയുടെ കാർ, അപകടത്തിൽപ്പെട്ടത്, പുഴയിൽ നിന്നും തിരികെ കയറ്റുന്നു. വക്കീൽ നേരെ നിയമന ഓഫീസിലേക്ക് വച്ചു പിടിപ്പിച്ചു. 'ജഡ്ജിയായി എന്നെ നിയമിക്കണം.'
'ക്ഷമിക്കണം, ആ ജഡ്ജിയുടെ കാർ പുഴയിലേക്ക് മറിയുന്നത് കണ്ട മറ്റൊരു വക്കീൽ ഇവിടെ വന്ന് നിയമനം ദാ, ഇപ്പൊ വാങ്ങിയതേയുള്ളൂ.'

10. കല്പനകളുമായി മോശ മലയിറങ്ങുകയാണ്. 'ഫോക്ക്‌സ്, ശുഭവാർത്തയുണ്ട്, അശുഭവാർത്തയുമുണ്ട്. ശുഭവാർത്ത എന്താച്ചാ, പതിനാല് കല്പനകളുണ്ടായിരുന്നത് പത്ത് ആയിച്ചുരുങ്ങി. ബാഡ് ന്യൂസ് എന്താച്ചാല്, വ്യഭിചാരം ഇപ്പഴും പാപം തന്നേണ്!

11. 'ബഹുഭാര്യാത്വം പാടില്ലാന്ന് യേശുക്രിസ്തു പറഞ്ഞിട്ടുണ്ടോ?'
'മൂപ്പർക്ക് ഉപമകളായിരുന്നല്ലോ പഥ്യം. ഒരാൾക്ക് രണ്ട് യജമാനന്മാരെ സേവിക്കാൻ കഴിയില്ലെന്ന് പറഞ്ഞിട്ടില്ലേ?'

12. '(ശ്രീനാരായണ) ഗുരോ, മൃഗങ്ങളുടെ മാംസം കഴിച്ചാലെന്താ കുഴപ്പം? നമ്മളവരുടെ പാല് കുടിക്കുന്നുണ്ടല്ലോ!'
'നിങ്ങളുടെ അമ്മ ജീവിച്ചിരിപ്പുണ്ടോ?'
'ഇല്ല.'
'നിങ്ങളവരെ മറവ് ചെയ്തോ അതോ തിന്നു തീർത്തോ?'

Blog Archive