Search This Blog

Wednesday, January 4, 2012

ആണ്‍പെണ്‍ 'സാധനങ്ങള്‍'; ആലിബാബ 1001 രാക്കളില്‍



ഒരു യുവാവും മൂന്ന് തരുണീമണികളും ജലക്രീഡ നടത്തുന്നതിനിടെ ഒരുവള്‍ സ്വന്തം 'ഊരുക്കള്‍ക്കിടയിലെ രഹസ്യസ്ഥാനത്തേക്ക്' വിരല്‍ ചൂണ്ടി ചോദിക്കുന്നു, ഇതിന്‍റെ പേരെന്താണെന്നറിയുമോ? ശ്രീകോവില്‍, സാധനം, കടന്നല്‍ക്കൂട്, ഗിരികന്ദരം എന്നിങ്ങനെ പേരുകള്‍ അയാള്‍ പറഞ്ഞു. കടല്‍പ്പാലം, കുത്തിപ്പാറ്റിയ എള്ള്, അബു മന്‍സൂറിന്‍റെ ഇടനാഴി എന്നിങ്ങനെ അവളുമാരുടെ ഉത്തരങ്ങള്‍. അവന്‍റെ 'പുരുഷത്വത്തെ' ചൂണ്ടി അവന്‍ പറഞ്ഞു: ഇവന്‍ കോവര്‍ കഴുത. കുത്തിപ്പാറ്റിയ എള്ള് തിന്ന് കടല്‍പ്പാലം കടന്ന് അബു മന്‍സൂറിന്‍റെ ഇടനാഴിയില്‍ ഇവന് വിശ്രമിക്കണം.

ആലിബാബ കഥാരേഖ
ദരിദ്രരായി ജനിച്ച ആലിബാബ-കാസിം സഹോദരങ്ങളില്‍ കാസിം ധനികസ്‌ത്രീയെ വിവാഹിച്ച് വാണു. വിറകുവെട്ടിയുടെ മകളെ കല്യാണിച്ച ആലിബാബക്ക് മൂന്ന് കഴുതകള്‍ സാമ്പാദ്യം. കാട്ടില്‍ വിറക് വെട്ടാന്‍ പോയ ആലിബാബ നാല്‍പത് കള്ളന്‍മാര്‍ ഓപണ്‍ സിസേം പറഞ്ഞ് ഗുഹക്കകത്ത് കയറി സ്വര്‍ണ്ണം വച്ച് പുറത്തു വന്ന് ഷട്ട് സിസേം പറഞ്ഞ് പോയി. ആലിബാബ കുറച്ച് സ്വര്‍ണ്ണമെടുത്ത് വീട്ടില്‍ക്കൊണ്ടു പോയി, അളക്കാന്‍ വേണ്ടി കാസിമിന്‍റെ ഭാര്യയോട് പറ കടം വാങ്ങി. പറയുടെ അടിയില്‍ പശ തേച്ചിരുന്നതിനാല്‍ തിരികെ കിട്ടിയപ്പോള്‍ പറ്റിപ്പിടിച്ചിരുന്ന നാണയം കണ്ട് കാര്യം ഗ്രഹിച്ച കാസിം പിറ്റേന്ന് ഗുഹയിലേക്ക് പുറപ്പെട്ട് ഓപണ്‍ സിസേം പറഞ്ഞ് അകത്ത് കയറി ഭ്രമിച്ച് ഷട്ട് സിസേം മറന്നു പോയതിനാല്‍ കൊള്ളക്കാര്‍ ആറു കഷണങ്ങളാക്കി. പിറ്റേന്ന് ആലിബാബയുടെ വേലക്കാരി മാര്‍ജാനയുടെ ബുദ്ധിയില്‍ ഒരു തുന്നല്‍ക്കാരനെ കണ്ണ് മൂടി ആലിബാബയുടെ വീട്ടില്‍ വന്ന് കണ്‍കെട്ടഴിച്ച് കാസിമിന്‍റെ മൃതദേഹം തുന്നിക്കെട്ടി. വഴിയറിയാതിരിക്കാന്‍ തിരിച്ച് പോയപ്പോഴും കണ്ണ് മൂടി. കാസിമിന്‍റെ വിധവയെ ആലിബാബ വിവാഹിച്ചു. കൊള്ളക്കാരിലൊരാള്‍ വേഷം മാറി കമ്പോളത്തില്‍ വന്ന് തുന്നല്‍ക്കാരനെ കണ്ട് പിടിച്ച് സ്വര്‍ണ്ണ നാണയം കൊടുത്ത് കണ്ണ് മൂടി പോയ വഴിയേ പോയി ആലിബാബയുടെ വീട് കണ്ടു പിടിച്ചു. പകരം വീട്ടാനായി വീട്ടുപടിയില്‍ ചോക്ക് കൊണ്ട് അടയാളം വച്ചു. ഇത് കണ്ടു പിടിച്ച മാര്‍ജാന സമീപത്തെ വീട്ടുപടിക്കലെല്ലാം ചോക്ക് കൊണ്ട് വരച്ചതിനാല്‍ കൊള്ളക്കാരില്‍ മറ്റൊരാള്‍ വന്ന് ചുവന്ന അടയാളം വച്ചു. ഈ പദ്ധതിയും പാളിയതിനാല്‍ ആ രണ്ട് കൊള്ളക്കാരെയും തലവന്‍ വധിച്ചു. ശേഷം തലവന്‍ 37 കല്‍ഭരണികളില്‍ കൊള്ളക്കാരെ നിറച്ച് ഒരു ഭരണിയില്‍ ഒലിവെണ്ണയുമായി വേഷം മാറി ആലിബാബയുടെ വീട്ടില്‍ ചെന്ന് ഈ എണ്ണ രാത്രിയാകും വരെ സൂക്ഷിക്കാന്‍ സഹായിക്കണമെന്നപേക്ഷിച്ചു. അതും കണ്ടു പിടിച്ച മാര്‍ജാന തിളച്ച എണ്ണ തലയിലൊഴിച്ച് കൊള്ളക്കാരെ കൊന്നു. തലവന്‍ പിന്നീട് വേഷം മാറി ആലിബാബയുടെ അതിഥിയായി വന്നപ്പോള്‍ അരയില്‍ കഠാരയുമായി മാദകനൃത്തം ചെയ്ത് കാശു വാങ്ങാനെന്ന നാട്യേന അതിഥിയുടെ അടുക്കല്‍ ചെന്ന് കഠാര നെഞ്ചില്‍ കുത്തിയിറക്കി. ശേഷം ആലിബാബയുടെ പുത്രനെ കല്യാണിച്ച് സസുഖം വാണു.
കടപ്പാട്: ആയിരത്തൊന്ന് രാത്രികള്‍, ഡിസി ബുക്ക്‌സ്

Sunday, January 1, 2012

ആയിരത്തൊന്ന് രാവുകളില്‍ നിന്ന്

1. യമനില്‍ ഹസന്‍ എന്നൊരാള്‍ വിവാഹരാത്രി വലിയ സദ്യയൊക്കെ ഉണ്ട് എല്ലാവരുടെയും മുന്നില്‍ വച്ച് കീഴ്‌ശ്വാസം വിടേണ്ടി വന്നതിനാല്‍ ആദ്യം കണ്ട കപ്പല്‍ കയറി നാട് വിട്ട് ഇന്ത്യയില്‍, മലബാറില്‍ എത്തിച്ചേര്‍ന്നു. ഏതാണ്ട് പത്ത് വര്‍ഷം രാജാവിന്‍റെ അംഗരക്ഷകനായിക്കഴിഞ്ഞ ഹസന്‍ കീഴ്‌ശ്വാസത്തിന്‍റെ കഥയൊക്കെ നാട്ടുകാര്‍ മറന്നിട്ടുണ്ടാവുമെന്ന് കരുതി ഒരു നാള്‍ യമനിലേക്ക് തിരിച്ചു. വേഷപ്രച്ഛന്നനായി സ്വഗ്രാമത്തിലൂടെ നടന്ന ഹസന്‍ ഒരു വീട്ടുവരാന്തയില്‍ ഒരു പെണ്‍കുട്ടിയുടെ തലയില്‍ പേന്‍ നോക്കുന്ന ഒരു സ്‌ത്രീയും പെണ്‍കുട്ടിയുമായുള്ള സംസാരം ഒളിച്ചു നിന്ന് കേട്ടു: ഞാനെന്നാണ് ജനിച്ചതെന്ന് അമ്മൂമ്മക്കോര്‍മ്മയുണ്ടോ? ഉണ്ട്, ഹസന്‍ കീഴ്‌ശ്വാസം വിട്ട അന്ന് രാത്രിയാണ് നീ ജനിച്ചത്. തന്‍റെ അധോവായു ചരിത്രപ്രസിദ്ധമായത് കേട്ട് ഹസന്‍ തിരികെ മലബാറിലേക്ക് ഓടി.

2. ഖലീഫ ഹരൂണ്‍ അല്‍ റഷീദ് ഭാര്യ സുബൈദ തടാകത്തില്‍ കുളിക്കുന്നത് ഒരിക്കല്‍ ഒളിഞ്ഞു നോക്കി, ഒരു മരച്ചില്ലയില്‍ പിടിച്ചതും മരച്ചില്ല ഒടിഞ്ഞു പോയി. ശബ്‌ദം കേട്ട സുബൈദ മാറിടം കൈകള്‍ കൊണ്ട് പറ്റാവുന്നയത്രയും മറച്ചു. പ്രചോദനവശായ ഖലീഫ കൊട്ടാരത്തില്‍ ചെന്ന് 'ജലധാരയില്‍ രണ്ട് പൂര്‍ണ്ണചന്ദ്രന്‍മാര്‍ വിടര്‍ന്നു' എന്ന് ഒരു വരി കുറിച്ച് പൂരിപ്പിക്കാന്‍ കൊട്ടാരം കവിയെ വിളിച്ചു. രാജ്ഞിയുടെ കുളിസീന്‍ ഒളിഞ്ഞു നോക്കിയിരുന്ന കവി, 'കൈകളാകുന്ന മേഘപാളികളാല്‍ ചന്ദ്രനെ മറക്കുന്നതെങ്ങനെ!' എന്നെഴുതി പാരിതോഷികം വാങ്ങി.

3. രാജ്ഞിയുടെ അന്തപ്പുരത്തില്‍ പോയ രാജാവ് മെത്തയില്‍ കറ പുരണ്ടിരിക്കുന്നത് കണ്ട് സംശയാലുവായി, കൊട്ടാരം ന്യായാധിപനെ വിളിപ്പിച്ചു. രാജ്ഞി ഉറങ്ങിക്കിടക്കുന്നത് കണ്ട മച്ചിലെ വവ്വാലിന് സ്‌ഖലനമുണ്ടായതാണെന്ന് തീര്‍പ്പുണ്ടായി.

4. കഴുതയെ വില്‍ക്കാന്‍ പോയ ഒരാളിന്‍റെ പിന്നാലെ ചെന്ന കള്ളന്‍ കഴുതയുടെ കയര്‍ അഴിച്ചെടുത്ത് സ്വന്തം കഴുത്തിലിട്ട്, കഴുതയെ കൂട്ടുകാരനെ ഏല്‍പ്പിച്ച് പിന്നാലെ നടക്കാന്‍ തുടങ്ങി. കുറച്ച് കഴിഞ്ഞ് കഴുതയുടെ സ്ഥാനത്ത് മനുഷ്യനെ കണ്ട കഴുതക്കാരനോട് താന്‍ യഥാര്‍ത്ഥത്തില്‍ ഒരു മനുഷ്യനായിരുന്നെന്നും കുസൃതികള്‍ കൊണ്ട് അമ്മ ശപിച്ചപ്പോള്‍ കഴുതയായതാണെന്നും അങ്ങയുടെ സ്‌നേഹസാമീപ്യത്താല്‍ മനുഷ്യരൂപം വീണ്ടുകിട്ടിയെന്നും പറഞ്ഞു. കഴുതക്കാരന്‍ അത് വിശ്വസിച്ച് കള്ളനെ പറഞ്ഞയച്ചു. കുറച്ചു നാള്‍ കഴിഞ്ഞ് ഒരു കഴുതയെ വാങ്ങാന്‍ ചന്തയില്‍ പോയ കഴുതക്കാരന്‍ തന്‍റെ പഴയ കഴുതയെ അവിടെക്കണ്ടു. 'താന്‍ വീണ്ടും കുസൃതി ഒപ്പിച്ചല്ലേ' എന്ന് ആ ശുദ്ധാത്മാവ്.

5. നിരക്ഷരനായ ഒരാള്‍ കാശുണ്ടാക്കാനായി അധ്യാപകവൃത്തി ചെയ്ത് പോന്നു. ഒരിക്കല്‍ ഒരു സ്‌ത്രീ, ഭര്‍ത്താവയച്ച കത്ത് വായിപ്പിച്ച് കേള്‍ക്കുവാന്‍ അധ്യാപഹയന്‍റെ അടുത്ത് ചെന്നതും അയാള്‍ കത്ത് തല കീഴായി പിടിച്ച് മിണ്ടാതെ കണ്ട്, 'അയ്യോ എന്‍റെ ഭര്‍ത്താവ് മരിച്ചു പോയോ' എന്ന് വിതുമ്പിയതും അയാള്‍ അതെ എന്ന് തലയാട്ടി. അലമുറയിട്ട സ്‌ത്രീയുടെ ചുറ്റും ആള് കൂടി. അതില്‍ അക്ഷരമറിയാവുന്നൊരാള്‍ 'നിനക്കുള്ള പട്ടുതുണിയുമായി ഞാന്‍ വരുന്നുണ്ട്' എന്നാണെഴുതിയിരിക്കുന്നതെന്ന് വായിച്ചു. ഉടനെ അധ്യാപഹയന്‍ പറഞ്ഞു: ഭര്‍ത്താവിന്‍റെ മൃതശരീരം പട്ടുതുണിയില്‍ പൊതിഞ്ഞ് ഉടനെ വരുമെന്ന് തിടുക്കത്തില്‍ വായിച്ചു പോയി.

6. മല്‍സ്യത്തിന്‍റെ (രാജാവിന്‍റെയും) വിശേഷണങ്ങള്‍ കേട്ട് നാലായിരം ദിര്‍ഹം കൊടുത്ത് മല്‍സ്യം വാങ്ങിയ രാജാവിനോട് അത്രയും വലിയ തുക കൊടുത്തത് മണ്ടത്തരമായെന്ന് രാജ്ഞി പറഞ്ഞപ്പോള്‍ കൊടുത്തത് തിരിച്ചെടുക്കാനാവില്ലെന്ന് രാജാവ്. വഴിയുണ്ട്, മുക്കുവനെ വിളിച്ച് മീന്‍ ആണോ പെണ്ണോ എന്ന് ചോദിക്കുക. ആണാണെന്ന് പറയുകയെങ്കില്‍ പെണ്ണിനെയായിരുന്നു വേണ്ടിയിരുന്നത് എന്നും തിരിച്ചും പറയുക. ആജ്ഞപ്പുറത്ത് വന്ന മുക്കുവന്‍ 'ആണിന്‍റെയും പെണ്ണിന്‍റെയും ഗുണങ്ങള്‍ ചേര്‍ന്ന മീനാ'ണെന്ന് പറഞ്ഞതും കൊടുത്തു നാലായിരം രാജാവ്. സഞ്ചി തുളുമ്പി ഒരു നാണയം പുറത്ത് പോയപ്പോള്‍ മുക്കുവന്‍ അതെടുത്ത് സഞ്ചിയിലിട്ടു. ഉടനെ രാജ്ഞി, 'കണ്ടില്ലേ അവന്‍റെ ആര്‍ത്തി. എണ്ണായിരം തിരികെ വാങ്ങി അവനെ ശിക്ഷിക്കുക'. മുക്കുവന്‍ ഉണര്‍ത്തിച്ചു: അങ്ങയുടെ ചിത്രം ആലേഖനം ചെയ്ത നാണയത്തിന് ആരുടെയും ചവിട്ടേല്‍ക്കാതിരിക്കാനാണ് പെട്ടെന്നെടുത്തത്. കിട്ടീ നാലായിരം കൂടി മുക്കുവന്.

7. ഒരാള്‍ക്ക് മൂന്ന് വരം ചോദിക്കാനുള്ള സിദ്ധി കിട്ടിയപ്പോള്‍ പുരുഷാവയവം വലുതാവാനുള്ള വരം ചോദിച്ചു വാങ്ങിയ അയാള്‍ക്ക് അവയവ ഭാരം കൊണ്ട് നേരെ നില്‍ക്കാനും ഇരിക്കാനും വയ്യാതായി. ഇതൊന്ന് ചെറുതാക്കിത്തരണേ എന്ന് അയാള്‍ അര്‍ത്ഥിച്ചു. രണ്ടാമത്തെ വരത്താല്‍ അരിമണിയോളം തീരെ ചെറുതായ അവയവം മൂന്നാം വരം ഉപയോഗിച്ച് സാധാരണസ്‌ഥിതി കൈവരുത്തി.

8. പ്രഭുകുമാരന്‍റെ പുളിങ്കുരു പോലത്തെ പുരുഷാവയവം കണ്ട തിരുമ്മല്‍കാരന്‍ പറഞ്ഞു: പണം ചെലവാക്കിയാല്‍ ഇത് ശരിയാക്കിത്തരുന്ന ഒരുവളുണ്ട്. എന്‍റെ അരപ്പട്ടയിലുള്ള സ്വര്‍ണ്ണനാണയങ്ങള്‍ മുഴുവന്‍ തരാം. ആ സ്‌ത്രീയെ ഏര്‍പ്പാടാക്കൂ എന്ന് പ്രഭുകുമാരന്‍. ആര്‍ത്തിക്കാരനായ തിരുമ്മലുകാരന്‍ പണം മറ്റാര്‍ക്കും പോകാതിരിക്കാനായി ഭാര്യയോട് കാര്യം പറഞ്ഞു. ഒരു മണിക്കൂര്‍ അവന്‍റെ അടുത്തിരുന്ന് സംസാരിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശം കേട്ട് കുമാരന്‍റെ അടുത്ത് പോയ അവള്‍ പുളിങ്കുരുവിന്‍റെ സ്ഥാനത്ത് പുളിമരം കണ്ട് അവന്‍റെ കൂടെ ശയിച്ചു. അത് കണ്ട തിരുമ്മലുകാരന്‍ ആത്മഹത്യ ചെയ്തു.

9. കെയ്‌റോയില്‍ ഒരു യുവതിയുടെ ജാരന്‍ അവളുടെ താറാവിനെ കൊന്ന് തിന്നുന്ന ആഗ്രഹം പറഞ്ഞു. യുവതി ഭര്‍ത്താവിനോട് 'എത്ര നാളായി നിങ്ങളുടെ സുഹൃത്തുക്കളെയൊക്കെ ഒന്ന് ക്ഷണിച്ചിട്ട്, നാളെ ഞാന്‍ നമ്മുടെ രണ്ട് താറാവുകളെ പാചകം ചെയ്യാ'മെന്ന് പറഞ്ഞു. പിറ്റേന്ന് രാവിലെ സുഹൃത്തുക്കളെ കൂട്ടിക്കൊണ്ടുവരാന്‍ ഭര്‍ത്താവ് പോയ സമയത്ത് യുവതിയും ജാരനും കൂടി താറാവ് ഭക്ഷിച്ചു. ഉച്ചക്ക് ഭര്‍ത്താവ് രണ്ട് പേരെ വീട്ടില്‍ക്കൊണ്ടിരുത്തി മറ്റ് രണ്ട് പേരെക്കൂടി വിളിക്കാന്‍ പോയപ്പോള്‍ യുവതി അതിഥികളോട് പറഞ്ഞു: വേഗം രക്ഷപെട്ടോളൂ, ഞങ്ങളുടെ രണ്ട് താറാവുകളെ നിങ്ങളാണ് മോഷ്‌ടിച്ചതെന്നും പറഞ്ഞ് നിങ്ങളെ ഷണ്ഡന്മാരാക്കുവാന്‍ ആളെക്കൂട്ടാന്‍ പോയിരിക്കുകയാണ് എന്‍റെ ഭര്‍ത്താവ്. അതിഥികള്‍ ഭയചകിതരായി ഓടിയപ്പോള്‍ ഭര്‍ത്താവ് വന്നു. 'അയ്യോ നമ്മുടെ താറാവുകളെ അവര്‍ കൊണ്ടുപോയി' എന്ന് ഭാര്യ നിലവിളിച്ചു. ഷണ്ഡന്‍മാരാവുന്നതിലും ഭേദം മരിക്കുന്നതാണെന്ന് കരുതി ഓടിയവരുടെ പിന്നാലെ പാഞ്ഞ ഭര്‍ത്താവ് വിളിച്ച് കൂവി: എനിക്ക് രണ്ടും വേണ്ട, ഒരെണ്ണം മതി.

കടപ്പാട്: ഡിസി ബുക്ക്‌സ് പ്രസാധനം ചെയ്ത ആയിരത്തൊന്ന് രാത്രികള്‍

Sunday, December 25, 2011

ക്യാപ്‌റ്റന്‍ കൃഷ്‌ണന്‍നായരുടെ കൃഷ്‌ണലീലാത്മകഥ

ഏഴ് വയസുള്ളപ്പോള്‍ മൈസൂറില്‍ ദസറ കാണാന്‍ പോകുകയും കൊട്ടാരത്തില്‍ കയറാനാവാതെ വിഷമിക്കുകയും ചെയ്ത കുട്ടി 65 വര്‍ഷങ്ങള്‍ക്ക് ശേഷം കര്‍ണ്ണാടക മുഖ്യമന്ത്രിയുടെ ക്ഷണാര്‍ത്ഥം കൊട്ടാരത്തില്‍ അതിഥിയായി പോകുകയും കൊട്ടാരം പോലൊരു ഹോട്ടല്‍ (ലീല പാലസ്) അന്നത്തെ ബാംഗ്‌ളൂരില്‍ പണിയുകയും ചെയ്ത നാടോടിക്കഥകളെ വെല്ലുന്ന ജീവിതം, ആത്മവിശ്വാസവും ഭാഗ്യവും ലീലയെന്ന പുണ്യവ്യം അധ്യായങ്ങളായ ജീവിതം, പ്രമുഖ ഹോട്ടലിയര്‍ ക്യാപ്‌റ്റന്‍ ചിറ്റാരത്ത് പൂവക്കാട്ട് കൃഷ്‌ണന്‍നായര്‍ 'കൃഷ്‌ണലീല'യിലൂടെ കസര്‍ക്കുന്നു. ഈയിടെ ദല്‍ഹി ചാണക്യപുരിയില്‍ മൂന്ന് ഏക്കര്‍ 670 കോടി കൊടുത്ത് ലീല, ഗുഡ്‌ഗാവ് സ്ഥാപിച്ച ഹോട്ടലിയറുടെ കഥയോടൊപ്പം ഒബാമ മുതല്‍ മോഹന്‍ലാല്‍ വരെയുള്ളവരുടെ കൂടെ ക്യാപ്‌റ്റനും, ചിലപ്പോള്‍ ഭാര്യ ലീലയും നില്‍ക്കുന്ന ഫോട്ടോകളും പുസ്‌തകത്തെ ആഘോഷമാക്കി മാറ്റുകയാണ്.


ഓര്‍മ്മകള്‍ വിമാനങ്ങള്‍ പോലെയാണ് എന്ന് പറഞ്ഞ് തുടങ്ങുന്നു താഹ മാടായി വിവരിക്കുന്ന ക്യാപ്‌റ്റന്‍ കൃഷ്‌ണന്‍നായരുടെ ലീലാവിലാസജീവിതം. ബാല്യത്തില്‍ വിമാനയാത്ര സ്വപ്‌നം കണ്ടിരുന്ന ഓല മേഞ്ഞ വീട്ടിലെ കുട്ടി, കണ്ണൂര്‍ ജില്ലയിലെ അലവില്‍ കുന്നാവില്‍ എന്ന ദേശത്തെ കൃഷ്‌ണന്‍, 1957 ല്‍ ജര്‍മ്മനിയിലേക്ക് നടത്തിയ ആദ്യ വിമാനയാത്ര മുതലിങ്ങോട്ട് നടത്തിയ യാത്രകള്‍ ഒരു റിയലിസ്‌റ്റ് സ്വപ്‌നസഞ്ചാരിയുടേതായിരുന്നു. അധികാരിയോടൊപ്പം അളവിന് പോയിരുന്ന അംശം കോല്‍ക്കാരന്‍ എന്ന ഒന്‍പത് രൂപ ശമ്പളക്കാരന്‍ അച്ഛന്‍ അപ്പനായര്‍ മുതല്‍ കണ്ണൂരിലെ ബര്‍ണ്ണശേരിയിലെ ചട്ടക്കാരികള്‍ (ആംഗ്‌ളോ ഇന്ത്യന്‍സ്) വരെ പ്രത്യക്ഷപ്പെടുന്ന ആദ്യ അധ്യായം തുടങ്ങി കൃഷ്‌ണലീല അസൂയയുളവാക്കുന്ന യാത്രയാണ്.

മുച്ചിലോട്ട് ഭഗവതിയുടെ കോമരമായിരുന്നു അമ്മയുടെ അച്ഛന്‍. തേങ്ങയുണക്കി കൊപ്രയുണ്ടാക്കി അത് ചക്കിലാട്ടി വെളിച്ചെണ്ണയാക്കുന്ന ജോലി പകല്‍ മുഴുവന്‍ ചെയ്ത മാധവി അമ്മ കളിക്കൂട്ടുകാരനായിരുന്നു കൃഷ്‌ണന്. തലേന്ന് വച്ച ചോറില്‍ കഞ്ഞിവെള്ളവും മോരും ഒഴിച്ച് കുളുത്തത് എന്ന പ്രാതല്‍ കൊടുത്തിരുന്നു അമ്മ. തൊട്ടുകൂട്ടാന്‍ ഉപ്പിലിട്ട മാങ്ങയുടെ നീര്. ചിറക്കല്‍ വലിയ രാജ സ്‌കൂളില്‍ ഒരു പരിപാടിക്ക് വന്നപ്പോള്‍ സ്‌റ്റേജില്‍ ഒരു സ്‌തുതിക്കവിത ചൊല്ലിയ നിമിഷകവി കൃഷ്‌ണന് തുടര്‍ വിദ്യാഭ്യാസ സഹായങ്ങള്‍ വാഗ്‌ദാനം ചെയ്ത വലിയ രാജ പിന്നീട് വിരലിലെ വൈരമോതിരം ഊരിക്കൊടുത്തു. ഈ വലിയരാജയുടെ മകന്‍, ചരിത്രകാരന്‍ ചിറക്കല്‍ ടി ബാലകൃഷ്‌ണന്‍നായര്‍ ഒരിക്കല്‍ പ്രസംഗിച്ചു: ഒരു മുതലാളി (കൃഷ്‌ണന്‍നായര്‍ അദ്ദേഹത്തിന്‍റെ കല്യാണത്തിന്) നാലായിരം പേര്‍ക്ക് സദ്യ കൊടുത്തിരിക്കുന്നു നാട്ടില്‍ റേഷനരി ഇല്ലാത്ത കാലത്ത്.. എവിടന്ന് കിട്ടി ഈ അരി? പിന്നീട് ഇതെക്കുറിച്ച് കേട്ട ലീല പറഞ്ഞു.. വീട്ടില്‍ വന്നാല്‍ ഒരു തുള്ളി വെള്ളം പോലും കൊടുക്കില്ല. (അഴീക്കോട് പഞ്ചായത്തിന്‍റെ ആദ്യ പ്രസിഡണ്ടും രാജരാജേശ്വരി വീവിങ്ങ് മില്‍സ് ഉടമയും ബ്രഹ്‌മാനന്ദസ്വാമി ശിവയോഗീശിഷ്യനുമായ എ കെ നായരുടെ മകള്‍ ലീല വിവാഹം കഴിക്കുന്നയാള്‍ക്ക് ആയിരം മടങ്ങ് അഭിവൃദ്ധിയുണ്ടാകും എന്ന് ജാതകപ്പൊരുത്തം നോക്കിയ ജ്യോല്‍സര്‍ പറഞ്ഞിരുന്നു).

മദ്രാസ് ഗവ ആര്‍ട്ട്‌സ് കോളജ് പഠനത്തിന് ശേഷം വടക്കു പടിഞ്ഞാറന്‍ ഇന്ത്യയിലെ അബോട്ടാബാദിലാണ് (ഇന്ന് പാക്കിസ്ഥാനില്‍. ബിന്‍ ലാദനെ വധിച്ചത് ഇവിടെ) ആര്‍മിയിലെ ആദ്യനിയമനം. കോഡ് ഭാഷയിലെ വയര്‍ലസ് സന്ദേശങ്ങള്‍ ഡീകോഡ് ചെയ്ത് ആര്‍മി ഹെഡ്‌ക്വാര്‍ട്ടേഴ്‌സിലേക്ക് അയച്ചു കൊടുക്കുന്ന ജോലി. (സുഭാഷ് ചന്ദ്ര ബോസിന്‍റെ സന്ദേശങ്ങള്‍ ഡീകോഡ് ചെയ്തിട്ടുണ്ട്. ഗാന്ധിജിയെ ഫാദര്‍ ഒഫ് നേഷന്‍ എന്ന് ആദ്യം വിശേഷിപ്പിച്ചത് ബോസാണെന്ന് ക്യാപ്‌റ്റന്‍. പിന്നീട് നേതാജിയുടെ ജന്‍മശതാബ്‌ദി വര്‍ഷത്തില്‍ മുംബെയില്‍ വച്ച് നടത്തിയ ചടങ്ങില്‍ നേതാജിയുടെ മകള്‍ അനിതയെ സാക്ഷി നിര്‍ത്തി ക്യാപ്‌റ്റന്‍ പ്രസംഗിച്ചു: ഇന്ത്യയുടെ രണ്ടാമത്തെ രാഷ്‌ട്രപിതാവാണ് നേതാജി). അബോട്ടാബാദിലേക്കുള്ള ആദ്യ ട്രെയിന്‍ യാത്രയില്‍ വിശന്ന കൃഷ്‌ണനെ സഹായിച്ചു ഏതോ ഒരു കരുണാകരന്‍നായര്‍.

ഗാന്ധിജിയുടെ ആശ്രമസന്ദര്‍ശനത്തിന് ശേഷം നാട്ടില്‍ പോയി ഗ്രാമ സേവനം നടത്തണമെന്ന് തോന്നിയതിനാല്‍ ആര്‍മിയില്‍ നിന്ന് പോയി കണ്ണൂര്‍ പ്രൊഡ്യൂസേഴ്‌സ് ആന്‍ഡ് കണ്‍സ്യൂമേഴ്‌സ് കോ-ഓപ് സൊസൈറ്റി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി. കണ്ണൂരിലെ വ്യവസായി എകെ നായര്‍ ഭാവി മരുമകനെ തെരഞ്ഞെടുക്കുന്നത് അക്കാലത്താണ്. പിന്നെ എല്ലാ അര്‍ത്ഥത്തിലും ക്യാപ്‌റ്റന്‍. തുണിക്കമ്പനി ഭരണം ഏറ്റ കൃഷ്‌ണന്‍നായര്‍ കണ്ണൂര്‍-കൈത്തറിയെ ക്വാലലംപൂര്‍ വരെ കൊണ്ടുപോയി. എല്ലാറ്റിനും ഒരു വഴി കാണും എന്ന് ലീല.

1957 ജൂണില്‍ പിവികെ നെടുങ്ങാടിയുടെ പത്രാധിപത്യത്തില്‍ കണ്ണൂരില്‍ നിന്ന് പുറത്തിറങ്ങിയ ദേശമിത്രത്തില്‍ സി പി കൃഷ്‌ണന്‍നായര്‍, ബോംബെ എന്ന പേരില്‍ നമ്മുടെ കൈത്തറി വ്യവസായം എന്നെഴുതിയ ലേഖനത്തില്‍ ക്യാപ്‌റ്റന്‍ പറയുന്നു: 'കുടില്‍വ്യവസായം എന്ന നിലയില്‍ കുറേ തൊഴിലാളികള്‍ക്ക് അരപ്പട്ടിണിയുമായി ജീവിക്കാനുള്ള ഏര്‍പ്പാടെന്ന പഴയ നിലയില്‍ നിന്നും കാലോചിത നിലയില്‍ കൈത്തറി നെയ്ത്തു വ്യവസായം ഉയരണം. സെസ് ഫണ്ട് കെട്ടിക്കിടപ്പുള്ള ലക്ഷക്കണക്കിന് സംഖ്യകള്‍ ഇതിലേക്കായി ഉപയോഗിക്കണം. പുതിയ മഷീനറികളില്‍ സാന്‍ഫ്രൈസേഷന്‍ പ്‌ളാന്‍റ് (അലക്കുന്തോറും തുണികളുടെ വീതി കുറക്കാത്ത), ക്രീസ്‌സിസ്‌റ്റന്‍സ് പ്‌ളാന്‍റ് (അലക്കുന്തോറും ചുളുങ്ങാതെ ഇസ്‌തിരിയിട്ട നിലയില്‍ വസ്‌ത്രങ്ങള്‍) നമ്മുടെ കൈത്തറി വ്യവസായത്തിനായി വേണം'.

കൃഷ്‌ണന്‍നായരുടെ വസ്‌ത്ര ബ്രാന്‍ഡ്‌, ബ്‌ളീഡിങ്ങ് മദ്രാസ്, ആഗോള ബിസിനസ് വാതിലുകള്‍ അദ്ദേഹത്തിന് തുറന്നു കൊടുക്കുകയായിരുന്നു. ആന്ധ്രയിലെ കാളഹസ്‌തിയില്‍ നിര്‍മ്മിക്കുന്ന ബ്‌ളീഡിങ്ങ് മദ്രാസ് കോട്ടണ്‍ ചെക്ക് ഫാബ്രിക്കുകളുടെ പ്രത്യേകത അറുപതാം നമ്പര്‍ പാവില്‍ എണ്‍പതാം നമ്പര്‍ നൂലുപയോഗിച്ചുണ്ടാക്കുന്ന ഫൈന്‍ ഫാബ്രിക്ക് vegetable dyes, indigo blue, laterite stone, turmeric gingelly oil തുടങ്ങിയവ ചേര്‍ത്ത് നെയ്യുന്നു എന്നതാണ്. ഓരോ തവണ കഴുകുമ്പോഴും കളര്‍ ബ്‌ളീഡ് ചെയ്ത് പുതിയ കളറുള്ള വസ്‌ത്രം പോലെ മാറും. ഓരോ കഴുകലിന് ശേഷവും പുതുവസ്‌ത്രം. അമേരിക്കയിലും മറ്റും വന്‍ പ്രചാരം നേടിയ ഈ ബ്‌ളീഡിങ്ങ് മദ്രാസ് ബ്രാന്‍ഡിനെക്കുറിച്ച് ബദ്‌മാഷ് എന്ന ഹിന്ദി സിനിമയില്‍ ഷാഹിദ് കപൂറിലൂടെ അവതരിപ്പിക്കുന്നുണ്ട്.

ന്യൂയോര്‍ക്കിലെ വാല്‍ഡോഫ് എസ്‌റ്റോറിയ ഹോട്ടലില്‍ ബിസിനസ് കൂടിക്കാഴ്‌ചക്ക് പോയ കൃഷ്‌ണന്‍നായര്‍ സ്വന്തമായി ഒരു മുറി ബുക്ക് ചെയ്ത് ആതിഥേയനെ അത്ഭുതപ്പെടുത്തി. അവിടെ ഹില്‍ട്ടണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കോണ്‍റാഡുമായുള്ള കൂടിക്കാഴ്‌ചയില്‍ ലീല ഗ്രൂപ്പ് ഒഫ് ഹോട്ടല്‍സ് ജനിക്കുന്നു. ഇരുന്നൂറ് സുഹൃത്തുക്കളില്‍ നിന്നും അയ്യായിരം യുഎസ് ഡോളര്‍ പിരിച്ച് ജര്‍മ്മനിയിലെ കെംപിന്‍സ്‌കി മോഡലില്‍ ലീല തുടങ്ങി. 1961ല്‍ ബോംബെ സാഹറിലെ ബെല്‍ജിയം കോണ്‍സല്‍ ജനറലിന്‍റെ വസതി, 11 ഏക്കര്‍, വിലക്ക് വാങ്ങി ക്യാപ്‌റ്റന്‍ ഹോട്ടല്‍ പ്രസ്ഥാനത്തിന് അങ്കം കുറിച്ചു.

മരച്ചീനിയുടെ ഉള്‍ഭാഗം സംസ്‌ക്കരിച്ചെടുത്ത് ഷുഗറും സ്‌റ്റാര്‍ച്ചും കാലിത്തീറ്റയും ഉല്‍പാദിപ്പിക്കാവുന്ന മെഗ പ്രൊജക്‌റ്റ് കസാവ ഇന്‍ഡസ്‌ട്രിയല്‍ ലിമിറ്റഡിനായി വിവി ഗിരി നെടുമങ്ങാട്ട് നൂറ് ഏക്കര്‍ അനുവദിച്ചിരുന്നു. അമേരിക്കയിലെ മില്‍വാക്കിയിലെ കസാവ ഫാക്‌ടറിയുമായുള്ള ചര്‍ച്ചയും വിജയിച്ചു. എങ്കിലും പ്രൊജക്‌റ്റ് മുടങ്ങി. കമ്യൂണിസ്‌റ്റ് ഭരണമായ കേരളത്തില്‍ അമേരിക്കന്‍ കമ്പനി സഹകരിക്കുന്ന വാര്‍ത്ത അമേരിക്കന്‍ പത്രങ്ങളില്‍ വന്നതിനെത്തുടര്‍ന്ന്.

കേരളത്തെ ഹവായ് ദ്വീപ് രീതിയില്‍ വികസിപ്പിക്കണമെന്നും പുലയ-ആദിവാസിക്കുട്ടികളെ, അവരുടെ തനതു കലകളെയും, സര്‍വീസിനുപയോഗിച്ചു കൊണ്ട് അതിഥികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നും വിശ്വസിച്ച ക്യാപ്‌റ്റന് പക്ഷെ കോവളത്ത് നില തെറ്റിയിരുന്നു. തിരുവിതാംകൂര്‍ മഹാരാജാവില്‍ നിന്ന് കേരളാ ടൂറിസം വകുപ്പും അവിടന്ന് ഐ ടി ഡി സി യും അവിടന്ന് ഗള്‍ഫാര്‍ മുഹമ്മദലിയും വാങ്ങിയ കോവളം പാലസ് ക്യാപ്‌റ്റന്‍ വാങ്ങുമ്പോള്‍ എതിര്‍പ്പ് തിരയടിച്ചു. കോവളം കൊട്ടാരം നാഷണല്‍ ഹെറിട്ടേജായി സംരക്ഷിക്കണമെന്ന് എതിര്‍പ്പുകാര്‍. അങ്ങനെതന്നെയാണെന്ന് ക്യാപ്‌റ്റനും. കോവളത്തെ ലോകോത്തര റിസോര്‍ട്ടാക്കി മാറ്റിയതില്‍ ക്യാപ്‌റ്റന് ചാരിതാര്‍ത്ഥ്യമുണ്ട് - തെങ്ങ് മോഷ്‌ടിച്ചു എന്ന മാധ്യമക്കഥ കേട്ടുവെങ്കിലും. കണ്ണൂര്‍ വിമാനത്താവളത്തിന് എകെജിയുടെ പേരിടണമെന്നാഗ്രഹിക്കുന്ന ഗാന്ധിയന്‍ സോഷ്യലിസ്‌റ്റ് കൃഷ്‌ണന്‍നായരോട് ജ്യോതിബസു ഒരിക്കല്‍ പറഞ്ഞു: ഇ എം എസ്സിന് പകരം എ കെ ജി ആയിരുന്നു നിങ്ങളുടെ മുഖ്യമന്ത്രിയായിരുന്നതെങ്കില്‍ 30 വര്‍ഷത്തേക്ക് മറ്റൊരു പാര്‍ട്ടിക്കും കേരളത്തില്‍ ഭരണത്തില്‍ വരാന്‍ കഴിയില്ലായിരുന്നു.

അബോട്ടാബാദില്‍ ക്യാപ്‌റ്റന്‍റെ സഹപ്രവര്‍ത്തകനായിരുന്നു പിന്നീട് സ്വാമി ചിന്‍മയാനന്ദയായ ബാലകൃഷ്‌ണമേനോന്‍. ഒരിക്കല്‍ ക്യാപ്‌റ്റന്‍ മേനോനോട് പറഞ്ഞു: 'താങ്കള്‍ മദ്യപിക്കുന്നു, ഷൌട്ട് ചെയ്യുന്നു. ഋഷികേശില്‍ പോയി ശിവാനന്ദയെ കാണൂ'. അതും കണ്ണൂരില്‍ കടല്‍ത്തീരത്തെ വിധി എന്ന ക്യാപ്‌റ്റന്‍റെ വീട്ടില്‍ മാതാ അമൃതാനന്ദമയി വന്നതും മറ്റും കൃഷ്‌ണലീലയുടെ ആത്മീയപര്‍വമായി ചേര്‍ത്തിട്ടുണ്ട് ഡീസിയുടെ 232 പേജ് പുസ്‌തകത്തില്‍. ഡീസീയും താഹായും കൂടി ക്യാപ്‌റ്റന്‍റെ ആത്മീയ യാത്രകള്‍ ലീലയുടെ രണ്ടാംഭാഗമായി ഇറക്കിയാലും അത്ഭുതമില്ല.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അഷ്‌ടമുടിക്കായല്‍ പ്രോജക്‌റ്റിന് ശേഷം ക്യാപ്‌റ്റന്‍റെ അടുത്ത ലക്‌ഷ്യം? ലോകത്തെ ഏറ്റവും മനോഹരമായ ഇടം എന്ന് ക്യാപ്‌റ്റന്‍ പറയുന്ന സൈലന്‍റ് വാലി? അതൊക്കെ ഏക ചെറുമകന്‍, സ്വിറ്റ്‌സര്‍ലന്‍റില്‍ ഹോട്ടല്‍ മാനജ്‌മെന്‍റ് കോഴ്‌സ് ചെയ്യുന്ന ഓംഷി നായര്‍ തീരുമാനിക്കും.

Tuesday, December 20, 2011

ജോബ്‌സ് ജീവചരിത്രം ഒലിവ് മലയാളത്തില്‍ പ്രസിദ്ധീകരിക്കും

ഇക്കൊല്ലത്തെ ബെസ്‌റ്റ് സെല്ലര്‍ ജീവചരിത്രമായ സ്‌റ്റീവ് ജോബ്‌സ് എ ബയോഗ്രഫി മലയാളത്തില്‍ ഒലിവ് പബ്‌ളിക്കേഷന്‍സ് പ്രസിദ്ധീകരിക്കുമെന്ന് ഒലിവ് എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്‍റ് വിസി തോമസ്. സ്‌റ്റീവ് ജോബ്‌സ് മലയാള തര്‍ജ്ജമാവകാശം ലേലത്തിലൂടെയാണ് കോഴിക്കോട് ആസ്‌ഥാനമായുള്ള ഒലിവ് കരസ്ഥമാക്കിയത്. ടൈം മാഗസിന്‍-സിഎന്‍എന്‍ മുന്‍ എഡിറ്റര്‍ വാള്‍ട്ടര്‍ ഐസക്‌സണ്‍ നാല്‍പതോളം അഭിമുഖങ്ങളിലൂടെയും രണ്ടു വര്‍ഷത്തെ ഗവേഷണങ്ങളിലൂടെയും തയ്യാറാക്കിയ ബയോഗ്രഫിയില്‍ ജോബ്‌സിന്‍റെ കുട്ടിക്കാലം, ശത്രുക്കള്‍, പിക്‌സര്‍ സ്‌റ്റുഡിയോ-ആപ്പിള്‍ പ്രസ്ഥാനം മുതല്‍ ബുദ്ധമത സ്വാധീനവും ഇന്ത്യാനുഭവങ്ങളും വരെയുണ്ട്. വെജിറ്റേറിയനിസവും മയക്കുമരുന്നും ധ്യാനവും ഏതാണ്ട് ഉന്മാദാവസ്ഥയിലെത്തിയ ടെക്‌നോളജി പ്രേമവും പരുവപ്പെടുത്തിയ ജോബ്‌സിനെ ഐന്‍സ്‌റ്റീന്‍റെ പിന്‍ഗാമി എന്നാണ് ഐസക്‌സണ്‍ വിശേഷിപ്പിക്കുന്നത്. ഇപ്പോള്‍ നാല്‍പതോളം ഭാഷകളില്‍ തര്‍ജ്ജമ ചെയ്യപ്പെടുവാനിടയായിട്ടുള്ള ജോബ്‌സ് ചരിത്രം കൊറിയയിലും മറ്റും ബെസ്‌റ്റ് സെല്ലറാണ്.
തര്‍ജ്ജമാവകാശം മലയാള പുസ്തക പ്രസാധകര്‍ ലേലത്തിലൂടെ സ്വന്തമാക്കുന്നത് മലയാള പുസ്തക പ്രസാധന ചരിത്രത്തില്‍ ആദ്യമായാണ്. ഒലിവ് ജോബ്‌സ് മെയ് മാസത്തില്‍ പുറത്തിറങ്ങും.

Wednesday, December 14, 2011

2011: ലോകമാധ്യമങ്ങളില്‍

ഐവറി കോസ്‌റ്റിലെ ബാഗ്‌ബോ, സിറിയയിലെ ആസാദ്, അറബ് വസന്തത്തിന്‍റെ അടുത്ത കൊഴിഞ്ഞ ഇലകളാവും. യമനിലെ അലി അബ്‌ദുള്ള സാലെക്കെതിരെ വനിതകള്‍ മൂടുപടം കത്തിച്ചത്, പോകും-വര്‍ഷത്തിലെ മറക്കാനാവാത്ത ഇമേജാണ്. സ്‌റ്റേജില്‍ മുട്ടയില്‍ നിന്ന് വിരിഞ്ഞെന്ന പോലെ പ്രത്യക്ഷയായ പോപ് ഗായിക ലേഡി ഗാഗ,
കെയ്‌റ്റ് മിഡ്‌ല്‍ടണിന്‍റെ വിവാഹവസ്‌ത്ര വാല്‍ താങ്ങിപ്പിടിച്ച അനിയത്തിപ്പിപ്പി മുതലായവരുടെ ഇമേജുകള്‍ക്കൊപ്പം പതിനാറായിരം പേര്‍ മരിച്ച ജപ്പാനിലെയും കെട്ടിടങ്ങളുടെ മൂടുപടം മാത്രം കാണിച്ച് കവിഞ്ഞൊഴുകിയ മിസ്സിസ്സിപ്പിയുടെയും ചിത്രങ്ങള്‍ ലോകമാധ്യമങ്ങളില്‍ ഒഴുകി. സൊമാലിയ-ക്ഷാമത്തിന് ഏഴര ലക്ഷത്തില്‍പ്പരം പേരെ കൊല്ലാം. അല്‍-ഷബാബ് എന്ന സൊമാലിയന്‍ സംഘം മൂലം ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാംപ് കെനിയയിലെ ദദാബ് ആയി.

സ്‌റ്റീവ് ജോബ്‌സ്, എയ്‌മി വൈന്‍ ഹൌസ് എന്നിവര്‍ മറഞ്ഞത് പോലെ വാര്‍ത്തയായി ഇന്‍റര്‍നാഷനല്‍ മൊണാട്ടറി ഫണ്ട് മുന്‍ തലവന്‍ സ്‌ട്രോസ് കാന്‍ ഹോട്ടല്‍ മെയ്‌ഡിനെ പ്രാപിക്കാന്‍ പോയി തൊലിയുരിഞ്ഞ കഥ. ഗദ്ദാഫി-ലാദന്‍ നിലംപൊത്തലുകള്‍ ആഘോഷമായിരുന്നു. കേരളത്തിന്‍റെ പേഴ്‌സണ്‍ ഒഫ് ദി ഇയര്‍ ഗോവിന്ദച്ചാമിയാകുമോ?

സെര്‍ബിയന്‍ ടെന്നിസ് താരം ജോക്കോവിച്ച് ഗ്രാന്‍ഡ് സ്‌ലാം നേടുന്നതും സേവാഗ് ഏകദിന റെക്കഡ് പറത്തുന്നതും മാത്രമായി ആഹ്‌ളാദങ്ങള്‍ ചുരുങ്ങിപ്പോകുന്നു. അപ്പോള്‍ സ്വവര്‍ഗ വിവാഹത്തിന്‍റെ നിയമ സാധുതയോ?

അറബ് വസന്തത്തിന്‍റെ പാശ്‌ചാത്യന്‍ മുഖമാണോ ലണ്ടനിലെ ജോലിയില്ലായുവത്വങ്ങളിലും വോള്‍സ്‌ട്രീറ്റിലും കണ്ടത്? ചൈനീസ് കലാകരന്‍ അയ് വെയ് വെയ് പ്രകടിപ്പിക്കുന്നതും പ്രതിരോധച്ഛായ തന്നെ. 2011 പോകുമ്പോള്‍ ബാക്കി വെക്കുന്നത് പ്രതിഷേധത്തിന്‍റെ വിവിധ നിറങ്ങളിലുള്ള ഒരേ മുഖമാണ്.
ചിത്രങ്ങള്‍ക്ക് കടപ്പാട്: ന്യൂസ്‌വീക്ക്

Wednesday, November 23, 2011

muslim super heroes (the 99)


ഇസ്‌ലാമിക സംസ്‌ക്കാരത്തെ അടിസ്ഥാനമാക്കിയ സൂപ്പര്‍ ഹീറോ കാര്‍ട്ടൂണ്‍ കോമിക്‌സ്, The 99, കാരുണ്യം, ജ്ഞാനം, സഹശീലനം തുടങ്ങിയ 99 നന്‍മകളെ കഥാപാത്രവല്‍ക്കരിക്കുന്നു. ആദ്യമായാണ് സ്‌പൈഡര്‍മാന്‍ സൂപര്‍മാന്‍ പോലുള്ള അതിമാനുഷര്‍ ഇസ്‌ലാമിക് പശ്‌ചാത്തലവുമായി പ്രത്യക്ഷപ്പെടുന്നത്. കോമിക് ബുക്കുകള്‍, അനിമേഷന്‍ കാര്‍ട്ടൂണുകള്‍, സിനിമ തുടങ്ങി വിവിധ ഇടങ്ങളില്‍‍ കഥാപാത്രങ്ങള്‍ - ജബ്ബാര്‍, ജലീല്‍, നൂറ... - സാന്നിധ്യമറിയിക്കുന്നു. കുവൈറ്റിലെ മന:ശാസ്‌തജ്ഞനായ ഡോ നായിഫ് അല്‍-മുത്താവയുടെ ആശയങ്ങള്‍ക്ക് നിറവും ചലനവും കൊടുക്കുന്നത് അമേരിക്കയിലെ ടെക്‌നീഷ്യന്‍മാര്‍.

Friday, November 11, 2011

മുറാകാമി വണ്‍ക്യു എയ്‌റ്റിഫോര്‍ (1Q84)

2011ലെ നോവല്‍സംഭവമായി കരുതപ്പെടുന്നത് ജാപ്പനീസ് എഴുത്തുകാരന്‍ ഹറൂകി മുറാകാമി രണ്ട് വര്‍ഷം മുന്‍പെഴുതിയ വണ്‍ക്യു എയ്‌റ്റിഫോര്‍ (1Q84)എന്ന 925-പേജ് നോവലാണ് (ഇംഗ്‌ളീഷ് പരിഭാഷ ഈ വര്‍ഷം). ഓര്‍വെലിന്‍റെ 1984 എന്ന നോവല്‍നാമത്തെ ജാപ്പനീസ് ഭാഷയിലെ കളിയാല്‍ കാണുന്നതാണ് മുറാകാമിയുടെ നോവലിന്‍റെ പേര്. 1984ല്‍ ടോക്കിയോ നഗരത്തിലൂടെ എഫ്‌എം റേഡിയോ സംഗീതത്തിന്‍റെ അകമ്പടിയോടെ നീങ്ങുന്ന ഒരു ടാക്‌സിക്കാറിലൂടെ തുടങ്ങുന്ന നോവലിന് മൂന്ന് ഭാഗങ്ങളാണുള്ളത്. മുപ്പതുകാരി കൊലപാതകി 'പച്ചപ്പയര്‍' (ആദ്യ അധ്യായത്തില്‍ത്തന്നെ ഒരു കൊല നടത്തി അവള്‍), നോവലിസ്‌റ്റും കണക്ക് ട്യൂട്ടറുമായ ടെംഗോ എന്നിവര്‍ നോവലിന്‍റെ കാഴ്‌ചപ്പാട്-കഥാപാത്രങ്ങള്‍. സമാന്തരലോകങ്ങളില്‍ ജീവിക്കുന്ന ഇവര്‍ നോവലിന്‍റെ സര്‍റിയലിസ്‌റ്റ് സ്വഭാവത്തിനും ഉത്തരവാദികളാണ്. സമൂഹത്തോട് പുലബന്ധമില്ലാതെ ജീവിക്കുന്ന പത്രാധിപരും സാഹിത്യകുതുകിയായ പതിനേഴ്കാരിയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. പതിനേഴ്‌കാരിയുടെ കുടുംബം അംഗങ്ങളായിരുന്ന ഒരു കമ്മ്യൂണ്‍ വളരുന്തോറും പിളരുകയും തിരിച്ചും സംഭവിച്ച ഒരു ഉടോപ്യയാണ്. സമൂഹവുമായി ബന്ധമില്ലാത്തയാള്‍, അപരിചിത സ്വഭാവങ്ങളുള്ള അതീന്ദ്രിയ സ്വപ്‌നങ്ങള്‍ കാണുന്ന പെണ്‍കുട്ടി, ആജ്ഞാനുവര്‍ത്തിയായ ഒരു പ്രസ്ഥാനം, പൂച്ചകള്‍ തുടങ്ങി സ്ഥിരം മുറാകാമി മൂശയിലേതാണ് ഈ കഥാപാത്രങ്ങളും.

പച്ചപ്പയര്‍ സുന്ദരി ഒരു കൊലപാതക ദൌത്യത്തിന് പോകുംവഴി മാര്‍സല്‍ പ്രൂസ്‌തിന്‍റെ റിമംബ്രന്‍സ് ഒഫ് തിങ്ങ്‌സ് പാസ്‌റ്റ് വായിക്കുന്നുണ്ട്. അതും ടോക്കിയോയിലുണ്ടെന്ന് പറയുന്ന രണ്ട് ചന്ദ്രന്‍മാരും ചത്ത ആടിന്‍റെ വായില്‍ നിന്ന് വരുന്ന ലിറ്റ്‌ല്‍ പീപ്പ്‌ള്‍ - എല്ലാവരും കൂടി വായനക്കാരെ വശം കെടുത്തുമെന്നാണ് റിവ്യൂകാരന്‍മാരുടെ അഭിപ്രായം. അപ്പോള്‍ത്തന്നെ പരമ്പരാഗത കഥപറച്ചിലിനെ വെല്ലുവിളിക്കുന്ന മുറാകാമി-സര്‍റിയലിസ്‌റ്റ് ശൈലി അവരെ ഭ്രമിപ്പിക്കുന്നുണ്ട് താനും. സമീപഭൂതകാലത്തെ മറ്റൊരു നോവല്‍സംഭവമായ 2666 (റോബര്‍ട്ടോ ബൊളാഞ്ഞോയുടെ ആദിമധ്യാന്തക്രമമില്ലാത്ത, എവിടെനിന്നും വായിക്കാവുന്ന നോവല്‍) വലിപ്പം, പാക്കേജ്, മാധ്യമശ്രദ്ധ എന്നിവ കൊണ്ടാവണം, മുറാകാമിയുടെ നോവലുമായി താരതമ്യം ചെയ്യപ്പെട്ടു. ടൈം വാരിക മുറാകാമിയുടെ ‍ രണ്ട് ചന്ദ്രന്‍മാരെയും പൂച്ചകളെയും മറ്റും ഏതാണ്ട് കൊല്ലുക തന്നെ ചെയ്തു.

നമ്മള്‍ നില്‍ക്കുന്നിടം സുരക്ഷിതമെന്ന് തോന്നുകയും മറിച്ച് സംഭവിക്കാവുന്ന ഒന്ന് അന്തര്‍ലീനമായിരിക്കുകയും ചെയ്യുന്ന അന്തരീക്ഷമാണ് മുറാകാമിയുടെ ടോക്കിയോയില്‍. 1984ല്‍ നടക്കുന്ന കഥ പൊടുനനെ വണ്‍ക്യു84ല്‍ നടക്കുന്ന ഒരു സമാന്തരകഥയായി മാറുന്നു. നമ്മുടെ ലോകത്തെ പുനര്‍നിര്‍വചിക്കാന്‍ ഈ നോവലിന് കഴിയുന്നു എന്നാണ് പൊതുവെ നിരൂപകമതം. നമ്മലോകവും അപരലോകവും, യാഥാര്‍ത്ഥ്യവും സ്വപ്‌നവും ഇണ ചേരുന്ന നോവലില്‍ മലയാളിക്ക് കരുതി വക്കാന്‍ ഒരു മുറാകാമിയന്‍ സംഭാവനയുണ്ട്: പീഡിപ്പിക്കപ്പെടുന്ന സ്‌ത്രീകളുടെ അക്രമകാരികളെ തെരഞ്ഞുപിടിച്ച് ശിക്ഷിക്കുന്ന ഒരു സംഘത്തെക്കുറിച്ചുള്ള ഭാഗം.

അതും, ജനങ്ങളെ ചിന്തിക്കാത്ത റോബോട്ടുകളാക്കി മാറ്റുന്നതാണ് പ്രസ്ഥാനങ്ങളെന്ന് ആക്ഷേപിച്ചവര്‍‍ അധികാരത്തില്‍ വന്നപ്പോള്‍ അതു തന്നെ ചെയ്യുന്ന കാഴ്‌ചയും സാര്‍വലൌകീകമാവും.

Blog Archive