Search This Blog

Thursday, September 22, 2016

വായിച്ചത്, കേട്ടത്


1. സ്ത്രീകളെക്കുറിച്ച് രണ്ട് കാര്യങ്ങളേ ചെയ്യാൻ പറ്റൂ. ഒന്ന് അവരെ സ്നേഹിക്കാം; പിന്നെ സാഹിത്യമാക്കാം.

2. ഇക്കാലത്ത് മാതാപിതാക്കൾ കുട്ടികളെ അനുസരിക്കുന്നത് കാണാൻ എന്ത് ശേല്!

3. കല്യാണം കഴിക്കാത്ത സ്ത്രീകളെ സ്വതന്ത്രർ എന്ന് നമ്മൾ വിളിക്കും. അത്തരത്തിലുള്ള പുരുഷന്മാരെ ഉത്തരവാദിത്തമില്ലാത്തവരെന്നും.

4. പലരും പ്രായപൂർത്തിയായ അവസ്ഥ കഴിയുകയോ വാർദ്ധക്യത്തിലേക്ക് പോവുകയോ ചെയ്യുന്നില്ല. ബാല്യത്തിൽ നിന്ന് ബാല്യത്തിലേക്ക് ഒരു ചാട്ടമാണ്. ഇപ്പോഴത് കൗമാരത്തിൽ നിന്ന് കൗമാരത്തിലേക്ക് എന്നായിട്ടുണ്ട്.

5. ദൈവമേ, അങ്ങയുടെ നേർക്കുള്ള എന്റെ കൊച്ചു തമാശകളെ പൊറുക്കേണമേ. എന്റെ നേർക്കുള്ള അങ്ങയുടെ വല്യ തമാശകൾ ഞാൻ പൊറുത്തത് പോലെ.

6. ഒറ്റ വാക്കിൽ ജീവിതത്തെ നിർവചിക്കാം: പോകുന്നു.

7. അയാളൊരു ക്രൂരനാണ്. ആണോ? എന്ത് മാത്രം ക്രൂരൻ? ഭാര്യ ഗോവിന്ദച്ചാമിയുടെ കൂടെ ഒളിച്ചോടിപ്പോണമെന്ന് ആഗ്രഹിക്കുന്ന അത്രേം ക്രൂരൻ!

8. 'അക്രമികൾ നിങ്ങളുടെ വേലക്കാരനെ രണ്ട് കഷണമായി വെട്ടിയിട്ടിരിക്കുന്നു!' 'അയ്യോ! ഏത് കഷണത്തിലാണ് എന്റെ താക്കോലുള്ളത്?'

9. സ്ത്രീയായിരിക്കുക, പുരുഷനായിരിക്കുക, പട്ടിയായിരിക്കുക. ലോകത്ത് ഞാൻ ആവശ്യപ്പെടുന്ന ജന്മങ്ങൾ. കേരളത്തിലാണെങ്കിൽ ക്രമം നേരെ തിരിച്ചാവും എന്ന് മാത്രം.

Tuesday, September 20, 2016

ഓണക്കാല ചെറുകഥകൾ

 1. മധ്യവയസ് കഴിഞ്ഞവർ കഥയെഴുതുമ്പോൾ കാലത്തിന് വന്ന മാറ്റം പ്രധാന വിഷയമാണ്. എൻ പ്രഭാകരൻ പറയുമ്പോൾ അത് വിപ്ലവ പ്രസ്ഥാനത്തിന് കാലാന്തരത്തിൽ സംഭവിച്ച മാറ്റം എന്നാവും. പണ്ടത്തെ സോവിയറ്റു യൂണിയനിൽപ്പെട്ട ജോർജ്ജിയക്കാരനായ ഒരുത്തൻ കേരളത്തിൽ കൂലിപ്പണിക്കാരനായി വന്ന് സ്വർണക്കട മുതലാളിയായി മാറിയ കഥയിൽ (ശത്രുമിത്രം) മാറ്റത്തിന് നാറ്റം ഇല്ല. 'പാമ്പിന് ജീവിതം .കൊടുത്ത ദൈവം എലിക്കും ജീവിതം കൊടുത്തു' എന്ന സ്പിരിച്വൽ സമാധാനത്തിലേക്ക് കഥ ചായുന്നു. അതും 'കലിയുഗ'ത്തിലെ തമാശ തന്നെ!
2. മഹാഭാരതത്തെ നടപ്പു മീഡിയാ കാലത്ത് പ്രതിഷ്ഠിക്കുന്നത് കെപി നിർമ്മൽകുമാറിന്‍റെ ഇഷ്ടങ്ങളിലൊന്നാണ്. പുതിയ കഥയിൽ (വാദം തുടരും) 'പാഞ്ചാലിയെ ബഹുഭർതൃത്വത്തിലേക്ക് എറിഞ്ഞ കുന്തി നേരിടുന്ന ഗാർഹികപീഡന' വിചാരണയാണ്. വാദി, കൗരവ സഹോദരിയും വനിതാവകാശ വകുപ്പ് അധ്യക്ഷയുമായ ദുശ്ശള. അത് റിപ്പോർട്ട് ചെയ്യാനെത്തുന്നത് 'ഹസ്തിനപുരി പത്രിക'യിലെ കോളമെഴുത്തുകാരി കൊട്ടാരം ലേഖിക. ഇവർക്കൊപ്പം പീഡക-ആരോപിത കുന്തിയും, ഇര പാഞ്ചാലിയും വാദം പറയുന്നു. നമുക്കറിയാം കഥ പ്രോ-പാണ്ഡവമാണെന്ന്. എങ്കിലും കഥകളി ആസ്വദിക്കും പോലെ നിർമ്മൽ കുമാരസംഭവത്തിന് സാക്ഷിയാവാം.

3. ഭർത്താവും ഭാര്യയും തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശങ്ങളിലാണ് വിഎം ദേവദാസിന്‍റെ സൈബർകാലകഥ - സമയരേഖയിൽ ചിലത് - തുടങ്ങുന്നത്. സുഹൃത്തുമായി എഫ്ബി യിൽ മെസേജുന്നതാണ് അടുത്ത ഭാഗം. തുടർന്ന് 'നായകന്‍റെ' ഒരു എഫ്ബി പോസ്റ്റ്. പുസ്തകം വാങ്ങാൻ പോയതിനെക്കുറിച്ച്, പുസ്തകക്കടയ്ക്കുള്ളിലെ ഒരു ഫോട്ടോ സഹിതം. അതിന് ഒരു കമൻറുമുണ്ട്. അച്ഛനുള്ള മരുന്ന്, വേറെ ബ്രാൻഡ് തരാമെന്ന് മെഡിക്കൽ ഷോപ്പുകാരൻ പറയുമ്പോൾ ഡോക്ടറുമായി വാട്സാപ്പ് കൺസൾട്ടേഷൻ നടത്താനുള്ള ശ്രമം വിജയിക്കാഞ്ഞ് ഗൂഗിളിൽ തപ്പിയ സ്ക്രീൻഷോട്ടുമുണ്ട്. ആകെക്കൂടി ന്യൂജെൻ! പുതിയ ചിത്രകഥകൾക്കൊന്നും ഓർമ്മയെ തിരിച്ചു കൊണ്ടുവരാതെ അച്ഛനെയും മറ്റും ഫസ്റ്റ് പേഴ്‌സണിൽ വിവരിച്ചിരിക്കുന്നു. എല്ലാ ഫോമും ഉണ്ട്. ദേവദാസിന് ഒരു ലൈക്ക്.

4. 'പോയ മഴക്കാലത്തെ വെള്ളം മോക്ഷം കിട്ടാതെ കാനയിൽ കെട്ടിക്കിടക്കുന്നത് കാരണം കൊതുക് ശല്യം' എന്ന് ഇ സന്തോഷ്‌കുമാർ (ആദിമൂലം). മണ്ണിലെറിഞ്ഞ വിത്തൊക്കെ മുളപ്പിക്കുകയും പെണ്ണിലെറിഞ്ഞത് പാഴായിപ്പോവുകയും ചെയ്ത 'പാരമ്പര്യ'മുള്ള, കൈയിൽ പാറ പോലെ തഴമ്പുള്ള കൃഷിക്കാരൻ മരിച്ചു. കഥ പറയുന്ന ഊമയായ ആൾ (വേലക്കാരിയിലുണ്ടായ മകൻ; നടപ്പു കാലത്തെ ഒച്ച വയ്ക്കലുകളിൽ ആ പാവത്തിന്‍റെ പ്രതിരോധം) മരിച്ചയാളുടെ അസ്ഥിയുമായി, പരേതൻ നിർദ്ദേശിച്ച 'കാട്ടിൽ' വന്നതാണ്. ഇപ്പോൾ കാടില്ല. 'ആൾക്കൂട്ടം അടുത്തു വന്നപ്പോൾ, കൈയിൽ കിട്ടിയ മരങ്ങളെയും മൃഗങ്ങളെയും പക്ഷികളെയും വാരിയെടുത്തു കൊണ്ട് കാട് ഒരമ്മയെപ്പോലെ പിന്തിരിഞ്ഞു പോയി.' ഊമ സ്വന്തം ശബ്ദം കേൾക്കുന്നിടത്ത് സന്തോഷ്‌കുമാർ കഥയവസാനിപ്പിക്കുന്നു. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ!

5. 'ഞാൻ നിർഭയേം സൗമ്യേം ഒന്നും ല്ല. കൊന്നുകളേം ഞാൻ' എന്ന് മുകുന്ദന്‍റെ ബസ് സ്റ്റോപ്പിലെ പെണ്ണ് പറയുന്നു (സന്ത്രാസം). അച്ചുമ്മാൻ മുഖ്യമന്ത്രിയാവുമെന്ന് സ്വപ്നം കണ്ടിരുന്ന കല്യാണച്ചെക്കന് (മുഖ്യമന്ത്രി മാറിപ്പോയതിലുള്ള അമ്പരപ്പ്), കെട്ടാൻ പോണ പെണ്ണിന്‍റെ അനിയത്തിയെ കല്യാണപ്പെണ്ണായി കരുതുന്ന സന്ത്രാസമായി മാറുന്നു. സന്ത്രസിക്കുന്നത് നമ്മൾ വായനക്കാര് തന്നെ. ചൊറി പിടിച്ച റോഡ്, വയർ വീർത്ത ബസ് എന്നൊക്കെ മുകുന്ദന്‍റെ കഥയിൽ. അവസാനം മ്മളെന്ത് പറയും? ദെണ്ണം പിടിച്ച കഥാന്നോ!

6. ഗോവിന്ദച്ചാമി 'രക്ഷപെട്ട' പശ്ചാത്തലത്തിൽ നിരപരാധിയായ യുവാവിനെ പോലീസ് കൊണ്ടു പോയ കഥ വായിക്കാം (സാറാ ജോസഫ്, 'മടിപ്പിച്ച'). മകന്‍റെ ജീവൻ മടിപ്പിച്ചയായി ഇരന്ന് 'കാല് വെന്ത പട്ടിയെപ്പോലെ' വർഷങ്ങളോളം ഓടിയ എഴുപതുകാരി അമ്മയ്ക്ക്, മകനെ കാണണമെന്ന ഭർത്താവിന്‍റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ കഴിഞ്ഞത് അവരുടെ മരണത്തിലൂടെ. 'നമ്മളിലൊരാൾ മരിക്കുമ്പോൾ അവനെ കൊണ്ടുവരാതിരിക്കാൻ അവർക്കാകില്ല. ചിതയുടെ വെളിച്ചത്തിൽ നമുക്കവനെ കണ്ണു നിറയെ കാണാനും കഴിയില്ല.' നിയമത്തിനും മനുഷ്യർക്കും കണ്ണ് കാണാനാവാത്ത അവസ്ഥ!

7. ബൻജി ജംപിങ്ങ് ആദ്യമായി (?) മലയാളകഥയിൽ കൊണ്ടുവന്നിരിക്കുന്നു എൻ എസ് മാധവൻ (ബൻജി ജംപിങ്ങ്). ഡൽഹിയിൽ, ഉദ്യോഗസ്ഥയെങ്കിലും വീരസാഹസികനായ ഭർത്താവിന്‍റെ മുമ്പിൽ ലോ പ്രൊഫൈൽ ആയ, ലോവർ മിഡ്ൽ ക്ലാസ് ബാക്ക്ഗ്രൗണ്ട് ഉള്ള ഭാര്യ അയാളെ ഉപേക്ഷിക്കാൻ തീരുമാനിക്കുന്നതും അവളുടെ ഗുരുവിന്‍റെ പ്രേരണയാൽ ഭർത്താവൊരുമിച്ച് ഹൃഷികേശിലേക്ക് യാത്ര പോകുന്നതും, പീരിയഡ്‌സ് ആയിട്ടും അവിടെ കാലിൽ ഇലാസ്റ്റിക് കയറ് ബന്ധിച്ച് മലമുകളിൽ നിന്ന് താഴേക്ക് ചാടുന്ന വിനോദത്തിന് (ബൻജി ജംപിങ്ങ്) ധൈര്യപ്പെടുകയും ഉള്ളിലെ ഭാരം ചിദംബരം (മനസ് ഒഴിഞ്ഞ ആകാശം പോലെ) ആവുകയും സ്ത്രീശാക്തീകരണം സംഭവിക്കുകയും ചെയ്യുന്ന കഥ. വീരസാഹസികൻ ഭർത്താവ് ബൻജി ജംപിങ്ങിൽ നിന്ന് പിൻമാറുന്നതോടെ അവൾ, മുകുന്ദന്‍റെ ഓട്ടോറിക്ഷ ഓടിക്കുന്നവളെപ്പോലെ, ഡ്രൈവിങ് സീറ്റിൽ കയറി ഇരിക്കുകയും ചെയ്യുന്നുണ്ട്.

8. ചിത്രകാരനായ മകൻ; ജാരസംസർഗം നടത്തിയ അമ്മ (ഹെന്‍റെമ്മേ!); ആത്മഹത്യ ചെയ്ത അച്ഛൻ; അച്ഛന്‍റെ മരണശേഷം ജാരനെ കല്യാണം കഴിച്ച അമ്മ. ഇവർക്കിടയിലെ നാടകീയതകൾ, നാടകത്തിലെന്ന പോലെ നീട്ടുന്നു സേതു (ഇൻസ്റ്റലേഷൻ). മകനോട് യാത്ര പറഞ്ഞ് ഇടനാഴിയിലെ മങ്ങിയ വെളിച്ചത്തിൽ തല താഴ്ത്തി നടന്നു പോകുന്ന അമ്മയാണ് മകന്‍റെ ഇൻസ്റ്റലേഷൻ. അമ്മയെക്കൊണ്ട് അങ്ങനെയൊരു ഉപകാരം മകനുണ്ടായി; നമുക്കുണ്ടായില്ലെങ്കിലും!

9. ആശുപത്രിക്ക് അകത്തെ ലോകം, ഉടമസ്ഥനടക്കം, കാരുണ്യമുള്ളതാണെന്ന് ടി പദ്മനാഭന്‍റെ കഥ (ശിഖ). ആശുപത്രിക്ക് പുറത്താണ്, കുടുംബത്തിൽത്തന്നെയാണ്, അനാഥത്വം. വേദനകളെല്ലാം തലയിലെടുത്തു വയ്ക്കുന്ന ശിഖയ്ക്ക് - 'ശിഖയെന്നു വെച്ചാൽ ഉച്ചി, തല' - വീട്ടാൻ കടങ്ങൾ; പേരക്കുട്ടികളെ കാണുക എന്ന കടം ബാക്കിയായ ഞാൻ എന്ന രോഗി - ഇത്തവണ 'അയാൾ' അല്ല. കുറച്ചേ പദ്മനാഭൻ എഴുതിയിട്ടുള്ളൂ. അത്രയും നന്ന്.

10. മറ്റൊരു 'ഞാൻ' കഥ. അപ്പനെ വെറുക്കുന്ന, പിന്നീട് വട്ടം കറക്കുന്ന, മകളാണ് ഗ്രേസിയുടെ കഥയിലെ (ഗവേഷണം) ഞാൻ. ആങ്ങള അപ്പന്‍റെ പണപ്പെട്ടിയുമെടുത്ത് ഒരുപ്പോക്ക് പോയി. ശേഷം കാര്യങ്ങൾ സ്വവരുതിയിലാക്കുന്ന, അതിൽ ഗവേഷണം നടത്തുന്ന മകൾ - അപ്പനെ വട്ടം കറക്കിയത് പോലെ നമ്മളെയും കറക്കുന്നു.

11.ഭാര്യാഭർത്താക്കന്മാർക്കിടയിലെ വാൽമീകി-കാലത്തേയുള്ള പ്രശ്‍നം - സംശയം - ന്യൂജെൻ കാലത്തേക്ക് ആവാഹിക്കുന്നു പിവി ഷാജികുമാർ (സരോജിനിയുടെ കടുംകൈ). സദാചാര ഗുണ്ടായിസത്തെ എതിർത്തുള്ള ഭാര്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് - താൽപര്യമുള്ള പുരുഷനുമായി കിടപ്പറ പങ്കിടുന്നതിൽ സന്തോഷം - ഭർത്താവിന്‍റെ ബോധമനസിന്‍റെ താളം തെറ്റിച്ചു. 'താൽപര്യം നിങ്ങളോട് മാത്രേ ഒള്ളൂ' എന്ന് പറഞ്ഞ് ഭാര്യ ദാമ്പത്യതാളം പുനഃസ്ഥാപിക്കുന്നതാണ് കഥാമൂർച്ഛ. എന്തോ, മൂർച്ചയിൽ മൂർച്ച ത്ത്-രി പോരെന്ന് തോന്നി ഷാജികുമാർ.

12.നീട്ടിപ്പറയാത്തത് കൊണ്ട് തീവ്രമാണ് സുരേഷ് പി തോമസിന്റെ കഥ (പര്യന്തം). ഭീകരനെന്ന് ആരോപിച്ച് കടും-തടവിലിട്ടിരിക്കുന്ന യൂസഫും (ഒഫ് കോഴ്സ്!) കാവൽക്കാരൻ ജയിലർ അയ്യപ്പനും തമ്മിലുള്ള 'ഡീൽ' അത്യന്തം സിനിമാറ്റിക്കാണ്: യൂസഫിനെ അയാൾ തുറന്നു വിടും. പകരം, പ്രതിവിധിയില്ലാ-ദീനം പിടിച്ചു കിടക്കുന്ന അയാളുടെ മകനെ ദയാവധം ചെയ്യണം. ദയ അർഹിച്ചിട്ടും മരണം വിധിക്കുന്ന നിയമവും മരണം അർഹിച്ചിട്ടും ദയയില്ലാത്ത നിയമവും തമ്മിലുള്ള ചീട്ടുകളിയാണ് നീണ്ട വരികളിലൂടെ സുരേഷ് ചുരുക്കിപ്പറയുന്നത്. ചുരുക്കലിന് നന്ദിയുണ്ട്.

13. ദാരിദ്ര്യ നിർമാർജനത്തിന്, ജനത്തിന് ഉപകാരമുള്ള എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് ചോദിക്കുന്നു ലാസർ ഷൈൻ (നടന്ന സംഭവം). ബ്ലോക്കിൽ നിന്നും ലോണെടുത്ത് പശുവിനെ വാങ്ങി സ്വന്തം മകളെപ്പോലെ വളർത്തിയ ഒരു വൃദ്ധയ്ക്ക് ആഗോളവൽക്കരണകാലത്ത് ദരിദ്രയായിപ്പോയതിൽ സംഭവിച്ച സങ്കടവിധിയാണ് കഥ. വൃദ്ധയുടെ പശുവിനെ കറക്കാൻ ആളില്ല. ആ പാല്, 'വെടിപ്പില്ലാത്തതിനാൽ', ആർക്കും വേണ്ട. അതിന്മേലുള്ള പായസവും അശ്രീകരം. സ്വന്തം കാലിൽ നിൽക്കാൻ സമ്മതിക്കാത്ത സിസ്‌റ്റം വൃദ്ധയെ സമരം ചെയ്യാൻ പ്രേരിപ്പിച്ചു. ആ സമരവും... ഇന്ത്യൻ റിപ്പബ്ലിക്കിൽ നടക്കുന്ന സംഭവം!

14. കുവൈറ്റിൽ കേട്ട കഥയാണ്. ഷെയറിങ്ങ് അക്കമഡേഷനിൽ താമസിക്കുന്ന, വീട് നിറയെ കുട്ടികളുള്ള ദമ്പതികൾ നടക്കാനെന്നോ ഷോപ്പിങ്ങിനെന്നോ പറഞ്ഞ് അവരുടെ കാറിൽ പോയിരുന്ന് സ്വകാര്യനിമിഷങ്ങൾ പങ്ക് കൊള്ളും. അമേരിക്കയിൽ, ഭാര്യ ജോലിയിൽ നിന്ന് തിരിച്ചു വരുമ്പോൾ ഭർത്താവ് ജോലിക്ക് പോയിട്ടുണ്ടാവും എന്നും നമ്മൾ കേട്ടിട്ടുണ്ട്. കേരളത്തിൽ അത് തുടങ്ങി എന്ന് ഫ്രാൻസിസ് നെറോണയുടെ കഥയിൽ (കടവരാൽ). 'പിടിച്ച് നിക്കാൻ വയ്യ' എന്ന് ഭാര്യയുടെ ജോലിസ്ഥലത്ത് പോയി ഭർത്താവ് പറയുന്നു. സിക്ക് ലീവാണ് പരിഹാരം. അല്ലെങ്കിൽ മനുഷ്യൻ സിക്കാവും! അതിനിടെ പൊങ്ങുന്ന കുറെ (ദു)സൂചനകൾ കഥയുടെ ഫോക്കസ് താഴ്ത്തുമെന്ന് കരുതിയെങ്കിലും ഒടുവിൽ സെയ്ഫ് (സെക്സ്) ലാൻഡിങ്ങ്.

15. പഞ്ചായത്ത് പ്രസിഡണ്ട് ദാമോദരന് വയറിളകാൻ മുട്ടിയപ്പോൾ ഓടിക്കയറിയത്, പണ്ട് പ്രേമിച്ച, ഈഴവത്തി ആയതിനാൽ കല്യാണഭാഗ്യം നിരസിക്കപ്പെട്ടു പോയ, ലീലാമ്മയുടെ പറമ്പിൽ. വിധവയായ ലീലാമ്മയാണെങ്കിൽ, കഥകളിൽ മാത്രം സംഭവിക്കും പോലെ, തത്സമയം ജനൽ അടയ്ക്കാതെ നൂൽബന്ധമില്ലാതെ നിൽക്കായിരുന്നു. പണ്ടത്തെ കഥകളിലേത് പോലെ ദുർബല നിമിഷങ്ങൾ ഉണ്ടായില്ല. പകരം ഈ പുതിയ രാഷ്ട്രീയ കോമഡിക്കഥയിൽ (യമ എഴുതിയ ഒരു വായനശാലാ വിപ്ളവം) ഒരു കൂറുമാറൽ നടക്കുന്നു. ലീലാമ്മ അഭയം പ്രാപിച്ചിരുന്ന ലൈബ്രറി കെട്ടിടം ഷോപ്പിങ്ങ് മോളായി വേഷം മാറിയപ്പോൾ അതിൽ വായനശാല വരണം എന്ന് സമരിച്ച ലീലാമ്മയോട് പ്രസിഡണ്ടും കക്ഷി ചേരുന്നു (അല്ലെങ്കിൽ പുരുഷജട്ടി കോടതിയിൽ തെളിവാകും!). വിപ്ളവം ജയിക്കട്ടെ! പുതിയ കഥയും!

16. 'ചെറുതായിരുന്നപ്പോൾ അവർ എനിക്ക് ചായപ്പെൻസിലുകൾ തന്നു; വൈകാതെ അത് തിരിച്ചു വാങ്ങി ഇൻസ്ട്രമെന്റ് ബോക്സ് തന്നു' എന്ന് കേട്ടിട്ടുള്ളത് ഓർത്തു പിജെജെ ആന്റണിയുടെ കഥ വായിച്ചപ്പോൾ (സ്വപ്നപ്രകാരം). എൽകെജിയിൽ ക്‌ളാസ്‌മേറ്റ്സ് ആയിരുന്ന മൂവർ - ഒരു പെൺകുട്ടിയും രണ്ട് ആൺകുട്ടികളും - വളരാതിരിക്കാൻ തീരുമാനിക്കുകയും എന്നാൽ ശരീരം 'അറി' വച്ചപ്പോൾ അതിലൊരാൾ വിലക്കപ്പെട്ട കനി പിടിച്ചു പറിക്കുകയും അവരിലെ അദ്വൈതം പിളരുകയും ചെയ്തു. ഊക്ക് - ഫോഴ്സ് എന്ന അർത്ഥത്തിൽ - സ്വപ്നമായതിനാൽ പിളർപ്പ് താൽക്കാലികമായിരുന്നു എന്ന് ആന്റണിയിലെ ശുഭൻ -ശുഭാപ്‌തിവിശ്വസക്കാരൻ എന്നർത്ഥത്തിൽ.

17. കരുണാകരന്‍റെ കഥയിൽ കഥാപാത്രങ്ങൾ കരയും. നിസഹായത-നിരർത്ഥകതകൾക്കിടയിൽ ആ പാവങ്ങൾ, പ്രത്യേകിച്ചും സ്ത്രീകൾ, കാക്കകളെപ്പോലെ കരയും. സങ്കടത്തിന്‍റെ അത്രയും തന്നെ ദുരൂഹതയും കഥാകാരൻ കരുതി വച്ചിട്ടുണ്ടാവും. കഥ പറയുന്ന 'ഞാൻ' പലതും ഓർക്കും; ഓർത്തതും ഓർക്കും. കഥാപാത്രങ്ങളെപ്പോലെ കഥയുടെ പലയിടങ്ങളും ബന്ധപ്പെടും. 'എല്ലാ ആണുങ്ങളും അവരുടെ അൻപത്തിയൊന്നാം വയസിൽ മരിക്കുന്നു' എന്ന കഥയിൽ വിധിയുടെ കളിവേഷങ്ങൾ ആടിത്തീർക്കുന്നു ഞാനും, അച്ഛനും, അമ്മയും, മേരിയും, പുരോഹിതനും. പക്ഷെ, ശീർഷകം പോലെ അത്രയും സങ്കട-ദുരൂഹമല്ല കഥ.

18. ആദ്യത്തെ കുട്ടിയുണ്ടായപ്പോൾ പേനരിക്കാതെയും ഉറുമ്പരിക്കാതെയും ഒക്കത്തൂന്നിറക്കാതെ നോക്കിയ അമ്മ രണ്ടാമത്തേതായപ്പോൾ അമ്മമ്മയെ കൊണ്ടുവന്നു. മൂന്നാമത്തേന് മെയ്ഡിനെ വച്ചു. ജോലിസ്ഥലത്ത് നിന്ന് ഓരോ മണിക്കൂറിലും മെയ്ഡിനെ ഫോണിൽ വിളിച്ച് മക്കടെ കാര്യോന്വേഷിക്കും. കുറെ കഴിഞ്ഞപ്പോ, അമ്മ വിളിക്കാതായപ്പോ മെയ്ഡ് അങ്ങോട്ട് വിളിച്ചു. കുട്ട്യോള് കലപില കൂട്ടാണ്, മൂത്തോൻ എളേതിനെ തോണ്ടി. അമ്മ പറഞ്ഞു: 'ഇനി ചോര കണ്ടാ വിളിച്ചാ മതി!' -എന്നൊരു തമാശയുണ്ട്. അതോർമ്മിപ്പിച്ചു യു നന്ദകുമാറിന്‍റെ കഥ (ദമയന്തി കഥകൾ). പണ്ട് കരി പുരണ്ട മുഖത്തോടെ കാമുകന്‍റെ കൂടെ ശയിച്ചിരുന്നവൾ ഇന്ന് ജാരനെ ടെക്സ്ററ് മെസേജ് അയച്ച് വരുത്തി ലിബറേഷൻ അറിയുന്നു പോലും. നാളെ എങ്ങനെയാവുമെന്ന് കഥകാരന്‍റെ ശോഷിച്ച ഭാവന പറയുന്നില്ല. മീര സ്ത്രീകാമശാസ്ത്രമെഴുതാൻ ഇനിയും വർഷങ്ങളെടുക്കും എന്നൊരു വരിയുണ്ട് കഥയിൽ. കെ ആർ ഇന്ദിരയെയാവും ഉദ്ദേശിച്ചിരിക്കുക.

19. പെർവെർട്ടഡ് ഭർത്താവ് അസീസ് പാഷ, കുഞ്ഞ് മരിച്ചതിൽ പ്രത്യേക വിഷമമൊന്നുമില്ലാത്ത ഭാര്യ മെഹറുന്നീസ, സിഗരറ്റു വലിക്കുന്ന അവളുടെ, സിഗരറ്റു വലിക്കുന്ന പെൺസുഹൃത്ത് സിംഗിളായ ഷേഫാലി, അവർ ദത്തെടുക്കുന്ന പാതയോര പൂമരം, അത് മുറിക്കാനുള്ള അസൂയ-സമൂഹത്തിന്‍റെ പദ്ധതി, ആ പദ്ധതിക്ക് നേരെ പത്തി വിടർത്തിയ പാമ്പ് (ഹായ്!) ബാഹ്യകേളികളാൽ സാന്ദ്രമാണ് സിവി ബാലകൃഷ്ണന്‍റെ നോവലെറ്റ് (രതിസാന്ദ്രത). ആകർഷകമാണ് ആ കഥാവസ്‌ത്രമുരിയൽ. പക്ഷെ അത് മൂർച്ഛയിലെത്തിക്കാത്ത കോയ്റ്റസ് ഇന്ററപ്റ്റസ് ആയിപ്പോയി. സങ്കടമുണ്ട് ബാലകൃഷ്ണാ!

20. 1959 -ൽ 13 വയസ് തികഞ്ഞത് 'ഒറ്റയ്ക്ക് നേരിട്ട' ഒരു ബാലന്‍റെ സാഹസിക അരുതുകളും അതിരുകളുമാണ് സക്കറിയയുടെ പുതിയ നോവലാരംഭത്തിൽ. സ്‌കൂൾ ധ്യാനം 'കട്ട്' ചെയ്ത് ചുരുളൻ കയത്തിൽ നീന്താൻ പോകുന്നത്, പാരീസ്-ചോക്കലേറ്റു ജാമ്യത്തിൽ മേരിക്കുട്ടിയുടെ സൂത്രത്തിൽ തൊടുന്നത് ഒക്കെ സീരിയസ് മലയാളീസ് 'ഭർൽസിക്കാൻ' പോന്ന വിധം എഴുതി ധാരാളിച്ചിരിക്കുന്നു പേര് പറയാത്ത നോവലിൽ സക്കറിയ. പാപചിന്തകളും പരിഹാരമാർഗങ്ങളിലെ പൊള്ളത്തരവും - ദൈവമേ, 'ക്യാച്ചർ ഇൻ ദ റൈ'യിലെ ഹോൾഡൻ കോൾഫീൽഡിനെ ഓർത്തു പോയി.

Sunday, September 11, 2016

'ഇന്ത്യ ഇരുളും വെളിച്ചവും', പി ഹരീന്ദ്രനാഥ്

'ഇന്ത്യ ഇരുളും വെളിച്ചവും', പി ഹരീന്ദ്രനാഥ്, എം സി അപ്പുണ്ണിനമ്പ്യാർ ട്രസ്റ്റ് പ്രസാധനം, 504 പേജ്, 700 രൂപ, 1498 മുതൽ 1948 വരെയുള്ള ഇന്ത്യാചരിത്രം.
 പുസ്തകത്തിൽ നിന്ന്:
 1. ഇന്ത്യയിൽ ആദ്യമെത്തിയ യൂറോപ്യൻ, വാസ്കോ ഡ ഗാമയല്ല. ജോൺ പെരസ് ഡ കൊവിൽഹോ ആണ്. രാജാവിനാൽ അയക്കപ്പെട്ട അയാൾ കണ്ണൂരും കോഴിക്കോടും സന്ദർശിച്ചു 1488 -ൽ; ഗാമ കാലുകുത്തുന്നുന്നതിനും പത്ത് വർഷം മുൻപ്.

 2. ഗാമ ആദ്യം കപ്പലിറങ്ങിയത് കാപ്പാട് അല്ല, കൊയിലാണ്ടിയിലാണ്. അവിടെ നിന്നും കരവഴിയാണ് കാപ്പാട് വരുന്നത്.

 3. കുഞ്ഞാലിമരയ്ക്കാർമാർ നടത്തിയ പ്രതിരോധമില്ലായിരുന്നെങ്കിൽ പോർച്ചുഗീസുകാർ ഗോവ മുതൽ കന്യാകുമാരി വരെ ഒരു സാമ്രാജ്യം കെട്ടിപ്പടുത്തേനേ. സാമ്രാജ്യത്വത്തിനെതിരായ ആദ്യ സമരം (1501 -ൽ) അതാണ്.

 4. തിരുവിതാംകൂർ സൈന്യത്തിൽ ചേർന്ന ഡച്ച് പട്ടാളക്കാരൻ ജോൺ ഡിലനോയ്, 'ഓലക്കാൽ, ശീലക്കാൽ ' എന്നു പറഞ്ഞാണ് തിരുവിതാംകൂർ ഭടന്മാരെ ലെഫ്റ്റ് റൈറ്റ് പഠിപ്പിച്ചത്.

 5. രാജാവായതിന് ശേഷം കിട്ടിയ ബഹുമതിപ്പേരല്ല ടിപ്പുവിന് സുൽത്താൻ. ജനിച്ചപ്പഴേ ടിപ്പു സുൽത്താൻ എന്നായിരുന്നു ഹൈദരലി പേരിട്ടത്. ഇഗ്ളീഷുകാർക്കെതിരായ യുദ്ധത്തിൽ ഹൈദരാബാദ് നിസാമും മാറാത്തകളും ടിപ്പുവിന് പിന്തുണ നൽകിയിരുന്നെങ്കിൽ ഇന്ത്യാചരിത്രം മറ്റൊന്നാവുമായിരുന്നു!

 6. ഏറ്റവും പ്രായം കുറഞ്ഞ ഗവർണർ ജനറൽ ഡൽഹൌസി പ്രഭു നടപ്പിലാക്കിയ ലയന നിയമം (1848) അനുസരിച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആശ്രിതരായ നാട്ടുരാജാക്കന്മാർക്ക് പിന്തുടർച്ചാവകാശി ഇല്ലെങ്കിൽ ആ രാജ്യങ്ങൾ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽ ലയിക്കും.

 7. താന്തിയാ തോപ്പെ (പ്രിയപ്പെട്ടവൻ, തൊപ്പി) സുഹൃത്തിനാൽ ഒറ്റുകൊടുക്കപ്പെട്ട്, കഴുമരത്തിലേക്ക് നീങ്ങവേ കൈകാലുകൾ ബന്ധിക്കാനൊരുങ്ങിയ ആരാച്ചാരോട് 'ഈ ചടങ്ങുകൾ അനാവശ്യമാണ്' എന്ന് പറഞ്ഞ് കുരുക്ക് സ്വയം കഴുത്തിലിട്ട് മരിച്ചു.

 8. ഈശ്വർ ചന്ദ്ര ബന്ദോപാധ്യായ വിദ്യാസാഗർ മൂന്ന് ദിവസം കൊണ്ട് 52 മൈൽ ദൂരെ കൊൽക്കത്തയിലേക്ക് കാൽനടയായി പോകുന്നതിനിടെ വഴിവക്കിലെ മൈൽക്കുറ്റികളിൽ നിന്ന് ഇംഗ്ളീഷ് അക്കങ്ങൾ പഠിച്ചു.

 9. ക്രിസ്തുമത പ്രചാരകനായി 1924-ൽ ഇന്ത്യയിലെത്തിയ വേറിയർ എൽവിൻ, ഗാന്ധിയിൽ (ഗാന്ധി എന്ന വാക്കിനർത്ഥം പലചരക്ക് വ്യാപാരി) ക്രിസ്തുവിനെ കണ്ട് നർമദാ മേഖലയിലെ ഗോണ്ട ഗോത്രവർഗ്ഗക്കാരുടെ കൂടെ താമസിക്കുകയും അതിലെ ഒരു ഗോത്ര യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു.

 10. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം ചെലവേറിയതായിരുന്നു. വൈസ്രോയിയുടെ ശമ്പളം: 20,000 രൂപ; സംസ്ഥാന ഗവർണർ: 10,000. പ്രതിവർഷം കടത്തിയത്: 34 ലക്ഷം രൂപ.

 11. ദാദാഭായ് നവറോജി, ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ ഗുജറാത്തി പ്രഫസർ, ബ്രിട്ടീഷ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഏഷ്യാക്കാരൻ (1892). 

12. ഒന്നാംലോകമഹായുദ്ധകാലത്ത് എല്ലാ രാജ്യങ്ങൾക്കും ആയുധം നൽകി അമേരിക്കൻ കമ്പനികൾ ലാഭമുണ്ടാക്കി. യുദ്ധാനന്തരം ലോകത്തെ സ്വർണശേഖരത്തിന്റെ പകുതിയും അമേരിക്കയുടെ പക്കൽ.

 13. ഇന്ത്യാക്കാരെല്ലാം മാംസം കഴിച്ചാൽ ബ്രിട്ടീഷുകാരെ പുറത്താക്കാമെന്ന് സഹപാഠിയിലൂടെ കേട്ട ഗാന്ധി, മാംസഭക്ഷണം തുടങ്ങിയെങ്കിലും മനഃസാക്ഷിക്കുത്ത് അത് തുടരാൻ അനുവദിച്ചില്ല.

 14. ക്രൈസ്തവ ദർശനങ്ങളും വൈഷ്ണവാചാരങ്ങളും സംയോജിപ്പിച്ച് ബിർസായിത് എന്ന പേരിൽ പുതിയൊരു ഗോത്രമതം സൃഷ്ടിച്ചു, ബിർസ മുണ്ഡ എന്ന റാഞ്ചിക്കാരൻ . 1893 കാലത്ത് ബ്രിട്ടീഷുകാരുടെ ഗോത്രവർഗചൂഷണങ്ങൾക്കെതിരെ മുണ്ഡാരാജ്-പ്രക്ഷോഭം നടത്തി. (മഹാശ്വേതാദേവി ഇത് നോവലാക്കിയിട്ടുണ്ട്.)

 15. 1940-കളിൽ ലോകത്തെ ഏറ്റവും സമ്പന്നനായിരുന്ന ഹൈദരാബാദ് നൈസാം ലോക പിശുക്കനുമായിരുന്നു. അതിഥികൾ ഉപേക്ഷിച്ച സിഗരറ്റ് കുറ്റികൾ എടുത്ത് അദ്ദേഹം പുക വലിച്ചിരുന്നു. നൈസാമിന്റെ മനോരോഗിയായ പത്നി നഗരം ചുറ്റി ഷോപ്പിങ്ങ് നടത്തിയിട്ട് പണം കൊടുക്കാതെ പോകും. കൊട്ടാരത്തിൽ നിന്നും ബിൽ അടയ്ക്കൽ നിർത്തിയതറിയാതെ ഷോപ്പിങ്ങിന് ഇറങ്ങുന്ന അവർ കടകൾ അടച്ചിട്ടിരിക്കുന്നത് കണ്ട് പറയുമായിരുന്നു: ഇന്ന് അവധിദിവസമാണ്! (കൈക്കൂലി വാങ്ങുന്ന പോലീസുകാർ വിവരം കൊടുക്കുന്നതിനനുസരിച്ചാണ് കടകൾ അടയുക.)

Thursday, August 11, 2016

വായിച്ച quotes


1. വീട്ടിൽ മൂന്ന് 'ഓമനകൾ' ഉണ്ട്. രാവിലെ മുരളുന്ന പട്ടി, ഉച്ചകഴിഞ്ഞ് ചീത്ത പറയുന്ന തത്ത, രാത്രി വൈകി വീട്ടിലെത്തുന്ന പൂച്ച. അതുകാരണം ഒരു ഭർത്താവിനെ വേണമെന്ന് തോന്നിയിട്ടില്ല.

2. വിശാലമായ മനസും ഇടുങ്ങിയ അരക്കെട്ടും പരസ്പരം സ്ഥാനം മാറുമ്പോൾ വയസായെന്ന് ഉറപ്പിക്കാം.

3. ദൈവം പള്ളി പണിയുന്നിടത്ത് സാത്താൻ കപ്പേള പണിയും. ആൾത്തിരക്ക് മുഴുവൻ പിന്നെ കപ്പേളയിലും.

4. ദാമ്പത്യത്തിന്‍റെ മെച്ചമെന്ന് പറയുന്നത് വലിയവർ കുട്ടികളെ സൃഷ്ടിക്കുന്നതല്ല, കുട്ടികൾ വലിയവരെ സൃഷ്ടിക്കുന്നതാണ്.

5. സമയം കടന്ന് പോകുന്നെന്നോ? സമയം ഇവിടെത്തന്നെയുണ്ട്. നമ്മളാണ് കടന്നു പോകുന്നത്.

6. സുഹൃത്തിനെ കണ്ടുപിടിക്കാൻ ഒരു കണ്ണടയ്‌ക്കേണ്ടി വരും. നില നിർത്താൻ രണ്ട് കണ്ണും.

7. ടിവിയുടെയും ഫ്രിഡ്ജിന്‍റെയും അകലം കുറയുന്തോറും വ്യായാമത്തിന്‍റെ അളവും കുറയും.

8. മലയാളി ഓടുമ്പോൾ അമ്മയ്ക്ക് മരുന്ന് മേടിക്കാനാണെന്നും ബംഗാളി ഓടുമ്പോൾ വല്ലതും കട്ടെടുത്ത് ഓടുന്നതാണെന്നും നിങ്ങൾ വിചാരിക്കുന്നതെന്ത്?

9. ആരും നിങ്ങളുടെ വഴി മുടക്കാറില്ലെന്നോ? അതിന് നിങ്ങൾ എവിടെയെങ്കിലും പോയിട്ട് വേണ്ടേ?

10. നിങ്ങളുടെ വേഷത്തെ കാമുകി കളിയാക്കുകയാണെങ്കിൽ വേഷം മാറ്റൂ. എന്നിട്ടും കളിയാക്കുകയാണെങ്കിൽ കാമുകിയെ മാറ്റൂ.

Monday, August 8, 2016

കൽപ്പറ്റ നാരായണന്‍റെ കവിതയുടെ ജീവചരിത്രത്തിൽ

1. കവിത: സംഭാഷണം ഭാഷയെ കവിയുന്നത്. ഭാഷ സ്വർഗത്തിലെത്തുന്നത് കവിതയിലാണ്.

2.. കവിതയിലേക്കുള്ള ഉപനയനം: 'കൈയിൽ നിന്നൂർന്നു പോം കുപ്പിപ്പാത്രം പോലൊരു വാചകം...' (ഒളപ്പമണ്ണ).

3. ഇഷ്ടപ്പെട്ട ചില വരികൾ: 'പുറപ്പെട്ടേടത്താണൊരായിരം കാതമവൾ നടന്നിട്ടും' (ആറ്റൂർ); 'പുഴുക്കൾ ഏത് കണ്ണുപൊട്ടൻ ദൈവത്തിന്‍റെ വിരലുകൾ' (ടിപി രാജീവൻ); 'ആട്ടിയോടിച്ച തിണ്ണവിട്ടെത്ര ദൂരം?' (കെജിഎസ്)

4. കുമാരനാശാൻ: അക്കാലമത്രയും ആർക്ക് നീതി വിലക്കിയോ അവർ ആശാനിൽ നീതി ലഭിക്കപ്പെട്ടവരായി. മലയാളത്തിൽ ആശാനിലും അക്കിത്തത്തിലുമാണ് കാവ്യപരിണാമങ്ങൾ.

5. മാധവിക്കുട്ടിയുടെ കഥകൾ: എന്‍റെ ഭർത്താവിന്‍റെ കൈകളിൽ വീണ്ടും ഞാൻ വ്യഭിചാരിയായി എന്ന ലീലാ വാക്യം (ആശാന്‍റേത്) മൂലമാതൃക. കവിതകൾ ഇംഗ്‌ളീഷിലല്ല, 'ജാനു പറഞ്ഞ കഥ'യിലെ ഭാഷയിലാണെഴുതിയിരുന്നെങ്കിൽ...

6. ആശാൻ സ്വാധീനം: ഗാഢമായി എഴുതുമ്പോൾ മലയാളി ആശാനെ പിന്തുടരുകയാണ്.

7. രമണൻ: രമിക്കാനുള്ള വിളിയും മരിക്കാനുള്ള സന്നദ്ധതയും ആ പേരിലുണ്ട്.

8. പി കുഞ്ഞിരാമൻ നായർ: മനുഷ്യൻ സഹജീവിയായ (കാട്ടിലെ തത്തയ്‌ക്കുമോണം വന്നു.) കാലത്തേക്കുള്ള പരിണാമത്തിന്‍റെ കവി. നാഗരികത അത് ബലീ കൊടുത്ത നന്മകളെക്കുറിച്ച് അസ്വസ്ഥമായ കവി.

9. പൂതപ്പാട്ട്: ഒരിക്കൽ നമ്മെ നിയന്ത്രിച്ച പൂതം എങ്ങനെ കാലാന്തരത്തിൽ ദുർബലയായി എന്ന കഥ.

10. മാമ്പഴം: ശിക്ഷ കുറ്റത്തെ കവിയുന്നു 'മാമ്പഴ'ത്തിൽ. മരിക്കുന്നവർ ജയിക്കുന്നെന്നും ജീവിതം പരാജയവുമാണെന്ന സങ്കടം അതിലുണ്ട്.

11. ബാലാമണിയമ്മ: 'മൂർത്തമാം വിനയം പോലിരുന്നൊരുടൽ' ആയി മലയാള മനസ്സിൽ ഒളിച്ചു വസിച്ച ബാലാമണിയമ്മയുടെ 'മഴുവിന്‍റെ കഥ' മാധവിക്കുട്ടിയുടെ ഏത് കഥയോളവും തീവ്രമാണ്.

12. അക്കിത്തം: ചരിത്രം നമ്മെയേൽപ്പിച്ചത് ഏറ്റെടുത്ത് നടത്തുവാൻ ഉത്സാഹം കൊണ്ട ധീരസമര നായകന്‍റെ പരിണാമങ്ങളുടെ ഇതിഹാസമാണ് ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം. നമ്മൾ ഞങ്ങളായി സങ്കോചിച്ചതിന്മേലുള്ള ഹാസം. 

13. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം: നമ്മളാവാൻ വന്ന് ഞങ്ങളെ സൃഷ്ടിച്ചൊതുങ്ങിയത്.

14. ആറ്റൂർ: കവിയുടെ ബോധോദയത്തിന് മാധ്യമമാവുന്നതെന്തും വിഷയങ്ങൾ. ഇരിപ്പും നടപ്പും കിടപ്പും എഴുന്നേല്പും കവിതയാക്കി. വളരെ കുറച്ച് വളരെ വ്യാപ്തിയോടെ എഴുതുന്നു.

15. കെജി ശങ്കരപ്പിള്ള: വർത്തമാനകാല വിവേകങ്ങളുടെ ഉദ്ഗ്രഥനത്തിൽ ഉന്മേഷം. ('മുണ്ടകപ്പാടം പിളർന്ന് ജവഹർ കോളനികൾ പ്രത്യക്ഷമാകുന്നു')

16. ചുള്ളിക്കാട്: അനന്യമായ അനുഭവങ്ങളുടെ തീക്ഷ്ണചന്ദ്രൻ. കുലംകുത്തിയൊഴുകും. വാക്യധ്വനിയെക്കാൾ വാക്യതീക്ഷ്ണത.

17. കടമ്മനിട്ട: ഓരോ വ്യത്യസ്ത ഗ്രാമവും കടമ്മനിട്ടയിൽ സ്വന്തം ഗ്രാമം വായിച്ചു.

18. ഇടപ്പള്ളി: ജീവിതത്താലല്ല, മരണത്താൽ അനശ്വരനായവൻ.

19. ജെജെ ചില കുറിപ്പുകൾ: കവിത കാവ്യത്തിലേക്കാൾ കവിതയായിരിക്കുക നോവലിലാണെന്ന് തോന്നിച്ചു.

20. സിജെ, എംഎൻ വിജയൻ, ജിഎൻ പിള്ള, ആത്മാരാമൻ, എംപി ശങ്കുണ്ണിനായർ, ആർ വിശ്വനാഥൻ, കെപി ശങ്കരൻ: കാവ്യാവബോധമുള്ള മലയാള വിമർശകർ.

21. മേതിൽ, ഓവി വിജയൻ, അക്കിത്തം, ബഷീർ, ആശാൻ: എന്‍റെ പാഠശാലകൾ.

 22. സച്ചിദാനന്ദന്‍റെ മറുനാടൻ കവിതകൾ: ഒരഴിമുഖത്തും അടുക്കാത്ത ഒരു പെരും കപ്പലിലിരുന്നുള്ള ദൂരക്കാഴ്ചകൾ. അതിൽ എല്ലാ ദേശങ്ങളും ഏകദേശം.

23. സുഗതകുമാരി: അയ്യപ്പൻ, അയ്യപ്പൻ ജീവിച്ച പോലെയല്ലായിരുന്നു ജീവിച്ചതെങ്കിൽ എന്ന് നെടുവീർപ്പിടുന്ന, ഗൃഹസ്ഥരുടെ അസ്വസ്ഥതയുടെ കവി. 

24. കവിത ഇക്കാലത്ത്: ബുദ്ധിപൂർവകം, വിക്ക് മാറി അനർഗളമായി, പ്രമേയപരമായ തീണ്ടലുകളിൽ നിന്ന് മുക്തമായി. പക്ഷെ ദൈനംദിനാനുഭവങ്ങൾ, നാടൻ മൊഴികൾ, നാട്ടുതാളങ്ങൾ, നാട്ടുവെളിച്ചങ്ങൾ കവിതയ്ക്ക് പുറത്തായി.

25. അവനവനേക്കാൾ വലിയ പുതിയ ഒരവനവന്‍റെ ആവിഷ്ക്കാരമാണ്, സ്വപ്നം പോലെ, കവിത. ഉദ്ഭവിച്ചതിനേക്കാൾ സങ്കീർണമായ സാഹചര്യങ്ങൾക്കായി കാവ്യഭാഷ എഴുതപ്പെട്ടിരിക്കുന്നു. ഗദ്യത്തിൽ ഭാഷ കൂട്ടിലടയ്ക്കപ്പെട്ട പക്ഷി; കവിതയിൽ തുറന്നുവിടപ്പെട്ട പക്ഷി. (കൽപ്പറ്റ നാരായണന്‍റെ കവിതയുടെ ജീവചരിത്രത്തിൽ നിന്ന്.)

Tuesday, July 26, 2016

'പടച്ചോന്‍റെ ചിത്രപ്രദർശനം'


'പടച്ചോന്‍റെ ചിത്രപ്രദർശനം' വായിച്ചു. 5 വർഷം മുൻപ് ശാന്തം മാസിക പ്രസിദ്ധീകരിച്ചിരുന്നു, മലയാളം സർവകലാശാലയുടെ പ്രഥമ സാഹിതി പുരസ്കാരം നേടിയ ഈ കഥ. റോഡിൽ കൊലവിളിയുമായി പായുന്ന മനുഷ്യരുടെയും വാഹനങ്ങളുടെയും ചിത്രങ്ങളാണ് പടച്ചോൻ വരച്ച് ആകാശത്ത് തൂക്കിയിടുന്നത്. അത്രയേ ഒള്ളൂ പടച്ചോന് ഈ കഥയുമായി ബന്ധം. പിന്നെ ഈ വരിയും: 'ദൂരെ ആകാശത്തിനപ്പുറമുള്ള പടച്ചോന്‍റെ പൂന്തോട്ടത്തിൽ നിന്ന് ഒരു കാറ്റ് വന്ന് വളരെ പതുക്കെ അയാളുടെ കവിളിൽ തൊട്ടു.'

പാതവികസനം സ്വന്തം വീട്ടുമുറ്റവും വാഹനാപകടം ഏകമകളെയും കൊണ്ടുപോയ അക്ബർ, മോൾക്ക് പകരമെന്നോണം ഒരു ബാർബി പാവയോട് വാത്സല്യമുള്ള അയാളുടെ ഭാര്യ അസ്മാബി എന്നീ നിസ്സഹായരിലൂടെയാണ് കഥാകാരൻ ജിംഷാർ ഒരു ദുരന്ത ചിത്രം വരയ്ക്കുന്നത്. മകൾ മരിച്ചത് വാഹനാപകടത്തിലല്ല, സുഹൃത്തിന്‍റെ പീഡനത്താലാണെന്നും പാതവികസന സമരം പരാജയപ്പെട്ടെന്നും സൂചന. വീട് കൈയേറുന്ന റോഡ്, ബന്ധങ്ങളെ കൈയേറുന്ന മൃഗീയത എന്നിവയൊക്കെയാണ് ഈ കഥ. ഇപ്പോൾ കഥാകാരനെയും കെയേറിയിരിക്കുന്നു അദ്ദേഹം തന്നെ വരച്ച മൃഗീയത!

Thursday, July 21, 2016

kabali


കബാലിക്ക് നെഞ്ചിൽ വെടിയേൽക്കുമ്പോഴാണ് ഇടവേള. അപ്പൊ നമ്മൾ വിചാരിക്കുന്നതെന്താ? ഇനി പടം തുടരുമ്പോൾ ഹോസ്പിറ്റൽ സീൻ. ഞാൻ മൂത്രമൊഴിച്ചു വരുമ്പോഴുണ്ട് കബാലി സോഫയിലിരിക്കുന്നു. നെഞ്ചിൽ ഒരു ബാൻഡേജ് മാത്രം. കബാലിയെ തോൽപ്പിക്കാൻ ആവില്ല മക്കളേ എന്നോ മറ്റോ ഫോണിലൂടെ പറയുന്നുമുണ്ട്. ഇത്തരം ആത്മധൈര്യപ്രയോഗങ്ങൾ മുഴുനീളമുണ്ട്. മഗിച്ചി (ചീയേഴ്സ്!) എന്ന് സ്യൂട്ടും സൺഗ്ളാസും നരച്ച താടിയുമായി കാലിന്മേൽ കാൽ കേറ്റി വച്ചിരുന്ന് ഇടയ്ക്ക് പറയുന്നുണ്ട്. ഇതിൽ അതിശയമില്ല. മലേഷ്യയിലെ കാട് വെട്ടിത്തെളിച്ച് ഫലഭൂമിയാക്കിയ തമിഴ്മക്കൾ എന്തിന് സ്യൂട്ടിടാതിരിക്കണം? ഇഗ്ളീഷ് പറയാതിരിക്കണം?

അതിശയമെന്താച്ചാ, ഡാൻസിന് വേണ്ടിയുള്ള പാട്ടില്ല. തണ്ണിമത്തനിൽ മുളക് വിതറും പോലത്തെ ഐറ്റമോ ബിറ്റുകളോ ഇല്ല; വളിച്ച കോമഡിയുമില്ല. ജയിലിൽ നിന്നിറങ്ങുന്ന കബാലിയെ വരവേൽക്കാൻ മലേഷ്യയിലെ പിള്ളാർസ് ചുവട് വയ്ക്കുന്നതിനിടയിൽ അരച്ചുവട് കുലുക്കുന്നതൊഴിച്ചാൽ ഡാൻസിന് ആ ഡോണിന് സമയമില്ല. മലേഷ്യയിലെ ഡ്രഗ്സ് ബിസിനസ് വെടിപ്പാക്കണം; ഭാര്യയെ 'കൊന്നവരുടെ' കൂട്ടത്തിലുണ്ടായിരുന്ന വേലുവിനെ തപ്പാൻ തായ്‌ലന്റിൽ പോണം; പ്രതിയോഗികൾ കൊല്ലാൻ നിയോഗിച്ച യുവസുന്ദരി സ്വ-ചോരയാണെന്ന് തിരിച്ചറിയണം; ഭാര്യ ജീവിച്ചിരിപ്പുണ്ടെന്നറിയണം; അവളെ വീണ്ടെടുക്കാൻ പോണ്ടിചേരീപ്പോണം; തിരിച്ച് കെ എൽ -ൽ (കോലാലംപൂരിൽ) വന്ന് വെളുത്ത വില്ലനെ വെടിപ്പാക്കണം. കുടിപ്പകയും ഒറ്റിക്കൊടുക്കലും ബന്ധങ്ങളുടെ നഷ്ടവും നേടലും... ശേഷമെന്തുണ്ട് കൈയിൽ?

it's a well made movie sickened by an old fashioned story but survived by good story telling with lots of guns and blood making one wonder what does this signify.

Wednesday, June 22, 2016

മാതൃഭൂമി കഥാപ്പതിപ്പ് -2

1. അമ്മ കെട്ടിത്തൂങ്ങിച്ചത്തു. കെട്ട്യോൻ, തീർച്ചയായും കുഞ്ഞിനെ കൊടുത്ത ശേഷം, വണ്ടിയിടിച്ചും ചത്തു. അമ്മായിയപ്പൻ 'തനിനിറം' കാട്ടാൻ തുടങ്ങി. അമ്മായിയമ്മ അവളെ കുറ്റം പറഞ്ഞു. വീട് വിട്ട് തെരുവിലായ അവളെ മൂന്ന് പോലീസുകാര്...! കാര്യം കഴിഞ്ഞ് ബോധമില്ലാതെ, തീർച്ചയായും അവര് കുടിച്ചിട്ടുണ്ടായിരുന്നു, കിടന്ന മൂന്നെണ്ണത്തിനെയും ഓരോ കുത്ത്. പോലീസുകാര് തീർന്നു. തനൂജ ഭട്ടതിരിയുടെ 'മകളുടെ അമ്മ' തീർന്നിട്ടില്യാട്ടോ. ആ കുഞ്ഞിനേം, തീർച്ചയായും അതൊരു പെൺകുഞ്ഞായിരുന്നു, അവര്, തീർച്ചയായും കഴപ്പ് തീർക്കാൻ, എടുത്തു കൊണ്ടോയത്രേ! എന്തോന്നാഡേയ്?

2. ബി മുരളിയുടെ സസ്പെൻസ് ക്രൈം ത്രില്ലർ (ഗ്രഹാംബെൽ, ഗ്രഹാംബെൽ!) ഹോളിവുഡ് സൈക്കളോജിക്കൽ സ്തോഭ സിനിമകളെ ഓർമ്മിപ്പിക്കും. തന്നെ ചതിച്ചവനോട് അതേ നാണയത്തിൽ പ്രതികാരം വീട്ടുന്ന യുവതിയുടെ കഥ. കാമിക്കുന്നവർക്കിടയിൽ കൊലപാതകം ഒരു അശ്ലീല വാക്കല്ല എന്നതിന് തിരോന്തരത്ത് തന്നെ ഉദാഹരണങ്ങളുണ്ടല്ലോ.

3. സഖാവ് സോമൻ നായരുടെ മേദിനിപ്പശു (മെയ്‌ദിനീ എന്നേ സഖാവ് വിളിക്കൂ) ആഗോളവത്ക്കരണവാദി മാത്രമല്ല, ഹിന്ദിവാദിയും കൂടിയാണെന്ന് സോക്രട്ടീസ് കെ വാലത്തിന്റെ രാഷ്ട്രീയ കോമഡിയിൽ (മെയ്‌ദിനി). ഇലക്ഷന് പഴയ ആളുകൾക്ക് സീറ്റില്ല. പകരം ഗൾഫ് കോമഡി താരങ്ങൾക്കുണ്ട്. പശുവിന് മുണ്ടേപ്പാടത്തെ പുല്ല് വേണ്ട, ബ്രാൻഡഡ് കമ്പനികളുടെ പായ്ക്കറ്റുകൾ, അതും ഉത്തരേന്ത്യൻ തൊഴിലാളികൾ ഇട്ടു കൊടുക്കുന്നത്, മതി. ഇതിനോടകം ശത്രുവായ ഹിന്ദി മേദിനിയെ വരുതിയിലാക്കാൻ കോൺഗ്രസുകാരിയായ മിസിസ് സോമൻ നായർ സഖാവുമായി ജോത്ത് കൂടുന്നിടത്ത് സോക്രട്ടീസ് ക്റാഫ്റ്റിന്റെ കൊടി പിടിച്ച് വിജയശ്രീലാളിതനായി നിന്ന് ചിരിക്കുന്നു.

4. നടക്കാൻ പോകുന്നതിന് ഏതെങ്കിലും ലക്ഷ്യസ്ഥാനമുണ്ടോ? ഇല്ല. നീന്തുന്നതിനോ? ഇല്ല. നടത്തവും നീന്തലും തന്നെ മാർഗവും ലക്ഷ്യവും. വി എം ദേവദാസ് എഴുതിയ , 'വെറുതെ വർത്തമാനം പറഞ്ഞ് വഴി കണ്ടു പിടിക്കുന്നവർ' എന്ന കഥയുടെ കിടപ്പും അങ്ങനെ തന്നെ. കഥ പറയണ ആള്ക്ക് നാട്ടീപ്പോയപ്പള് വെള്ളപ്പാറ കയറണം. പണ്ട് കയറിയതിന്റെ വീണ്ടുകയറ്റം. ബീയർ മേടിച്ചു കൊടുത്ത് കൂട്ടുകാരനെ കൂടെ കൂട്ടി. ദേശീയ പതാക തിരിച്ച് കെട്ടിയതിനു കേസുള്ള ആളാണ് കൂട്ടുകാരൻ. കേരളത്തിലെ ചൂട് കൊണ്ടാൽ ചെന്നിക്കുത്ത് വരുന്നയാൾ. ഹെമിങ്‌വേ ആത്മഹത്യ ചെയ്ത വാർത്ത പത്രപ്രവർത്തകനായിരുന്ന മാർക്കേസ് സ്വാഭാവിക മരണമെന്ന് എഴുതിയ കാര്യങ്ങളും പഴേ നാട്ടുകഥകളും പിന്നെയും ഒരുപാട് കഥകളുമൊക്കെ പറഞ്ഞ് അവർ വെള്ളപ്പാറ കയറി. അതന്നെ.

5. പ്രേതബാധയുള്ള വീട് ഒരു പ്രശ്നമായി ജ്യോത്സ്യന്റെ അടുത്ത് ചെന്നപ്പോൾ, ആ വീട് വിറ്റു കളയൂ, ഞാൻ തന്നെ വാങ്ങിയേക്കാം എന്ന് പറഞ്ഞ റിയൽ എസ്റ്റെയ്റ്റ്കാരൻ ജ്യോൽസ്യൻ ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു. തമ്പി ആൻറണിയുടെ അമേരിക്കൻ മൽയാളി നായകന് ഒരു എക്ട്രാ അഫയർ. അതും പറഞ്ഞ് മശാസ്ത്രജ്ഞൻ ഡോക് ഈനാശുവിന് കത്തെഴുതിയപ്പോൾ ഈനാശു ആ മൂന്നാമതൊരാളെ ഭാര്യയാക്കി. ദേ, സില്മ മണക്കണു! ഗ്രീൻ കാർഡിന് വേണ്ടിയാണ് മൽയാളീസ് അഫയർ/കല്യാണ നാടകങ്ങൾ കളിക്കണേന്ന് കഥ (ഈനാശുവിൻറെ മനശാസ്ത്രം). സക്കറിയയുടെ 'സലാം അമേരിക്ക'യാണ് അമേരിക്കൻ മലയാളി എന്നൊരു വർഗം ജീവിച്ചിരിപ്പുണ്ടെന്ന് ആദ്യമായി ഉറക്കെ വിളിച്ചു പറഞ്ഞ കഥ. നഴ്‌സായ ഭാര്യ ജോലിക്ക് പോകുമ്പോൾ 'രണ്ടെണ്ണം വിട്ട്' കൊച്ചിനെ നോട്ടം, തുണി കഴുകൽ, കഞ്ഞി വയ്ക്കൽ എന്നീ കർമ്മങ്ങളിലൂടെ പോകുന്ന ഭർത്താവ് ഗേൾ നെക്സ്റ്റ് ഡോറിനെ നോട്ടമിടുന്നതും മറ്റുമാണ് സലാം അമേരിക്ക.

തമ്പി ആൻറണിയുടെ 'കൂൾ' കഥയിൽ കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ മനശാത്രജ്ഞനായ ഡോക്ടർ ഈനാശു പട്ടക്കാരന് 'ഫ്രഷ് ഓവ് ദ ബോട്ട്'കാരനായ മനോഹരൻ മുതലാളി അയക്കുന്ന കത്തിലൂടെയാണ് കഥാകാരൻ നമുക്ക് കാര്യങ്ങൾ മുക്കാലോളം വെളിപ്പെടുത്തുക. ഓഫീസിൽ മറന്നു വച്ച മൊബൈൽ കൊണ്ടുതന്ന സ്വപ്നസുന്ദരിക്ക് ഓഫർ ചെയ്ത ചുംബനം, അതും മൂവായിരം മിനിറ്റ് അവളുമായി ഒരിക്കൽ ഫോണിയതിന്റെ ബലത്തിൽ, അവൾ തിരസ്ക്കരിച്ചതും കിളവൻ എന്ന് വിളിച്ചതും നാല്പത്തിയൊന്നുകാരൻ മുതലാളിക്ക് ഷോക്കായി. അത് ലിവിങ് റ്റുഗെദർ പാർട്ട്ണർ ജെസി അറിഞ്ഞാലുണ്ടാവുന്ന ഭീകരാവസ്ഥ! (ഗ്രീൻ കാർഡ് ചുവപ്പുകാർഡായി മാറും!) ഈനാശു ഡോക് ഇത് പുഷ്പം പോലെ തള്ളി. ആ യാഥാർത്ഥ കെളവനെ വിവാഹിക്കുന്നതിലൂടെ അവൾ ഉറപ്പിക്കുന്നത് ഒരു ഗ്രീൻ കാർഡാണ്.

മനുഷ്യൻറെ സ്വാർത്ഥ താൽപര്യങ്ങളും ഉപാധികളോടെയുള്ള ബന്ധങ്ങളും, അതിജീവിക്കാൻ മനുഷ്യർ നടമാടുന്ന നാടകങ്ങളും 'അപ്പക്കാണുന്നവനെ അപ്പാ' എന്നു വിളിക്കുന്ന ഉഡായിപ്പുകളും സന്നിവേശിപ്പിച്ച കഥയിൽ ബാക്കിയാവുന്നത് ആ ചിരിയാണ്. കണ്ണാടി നോക്കിയുള്ള മലയാളിയുടെ ചിരി. (ഷുഗർ ഡാഡി ഡെയ്റ്റിങ്ങ്, പച്ചക്കാർഡ്, steals തെറ്റായാണ് അടിച്ചു വന്നിരിക്കുന്നത്.)

6. ഫസൽ-മൈമുന ദമ്പതിമാരുടെ പതിനാറുകാരി മകൾ ബീയറടിക്കാൻ പോയി (അണ്ഡം, ലാസർ ഷൈൻ). കൈയിൽ തോക്കുണ്ട്. കഥ തുടങ്ങുമ്പോൾ തുണിയില്ലാതെ തെരുവിലിറങ്ങിയിരിക്കുന്നു! ദേ, സില്മ, സില്മ! ഓട്ടോറിക്ഷാക്കാരനും അന്വേഷിക്കാൻ കൂടി. ഒരു വൃദ്ധനാണ് അവളെയും കൂട്ടുകാരിയേയും വെടി വച്ചത്. മോൾ രക്ഷപെട്ടു. വൃദ്ധൻ ജയിലിലായി. ആ കഥ അവിടെ തീർന്നു(വോ?). കട്ട് റ്റു കാനഡ. മോൾ അവിടെയാണ്. ആ ഓട്ടോറിക്ഷാക്കാരനും! പിന്നെ കാര്യങ്ങൾ മാർക്കേസാണ്. ലാസർ, ആ തോക്ക് ഇങ്ങ് തരൂ. നിങ്ങൾ ഇങ്ങനെ ഷൈൻ ചെയ്യരുത്!

7. പ്രമോദ് രാമന് നല്ല വാക്‌ബാങ്ക് ഉണ്ട്. കലശലായ ധൈര്യോം. അതാണ് 'മരണമാസി'ലെ മറവിരോഗമുള്ള ഞാനെ ഏഴെട്ട് നിലകളുള്ള ആശൂത്രീല് കൊണ്ടോവുന്നത് (നഴ്‌സിന്റെ കാൽപാദോം കണ്ടു!); ഡോക്ടർടെ അടുത്ത്ന്ന് 'പുറത്തൊന്ന് നടന്നിട്ട് വരൂ, കണ്ടത് ഓർത്ത് പറയൂ' എന്ന് പ്രിസ്‌ക്രൈബ് ചെയ്യിക്കുന്നത്; കുഞ്ഞു പെൺകുട്ടികൾ പീഡനങ്ങൾക്കിരകളാവുന്നത് കണ്ട് (ദാണ്ടെ കെടക്കണു!) ഞാൻറെ ഓർമശക്തി കംപ്ലീറ്റ് കാലിയാക്കി ആശൂത്രീലേക്കുള്ള വഴി മറവിപ്പിച്ച് ഞാനെ ഏതോ വീട്ടിൽ കൊണ്ടെത്തിക്കുന്നത്. എന്തോ ഒരു മണോണ്ട് ല്ലോ! കൃത്രിമത്വത്തിന്റെതാവ്വോ? 8. ഞാൻ മനസിലാക്കുന്നത് ഇതാണ്: സുസ്മേഷ് ചന്ദ്രോത്ത് 'പുലിമൃത്യു' എഴുതാനിരിക്കുന്നു. അവർണനെ പുലിയാക്കണം, കൊല്ലണം. രോഹിത് വെമൂലയെയും കനയ്യ കുമാറിനെയും ഒറ്റ കഥാപാത്രമാക്കാം. എതിർഭാഗത്ത് ഒരു സവർണ എഴുത്തുകാരൻ ഞാൻ. ഇരുവർക്കും സംഗമിക്കാൻ നന്മയുടെ മൂ മ ഭാ ആയ ഒരു പാതിരി. പശ്ചാത്തലം വന്യമൃഗങ്ങളും പക്ഷികളും മനുഷ്യരും ഇടകലർന്ന് ജീവിക്കുന്ന ഒരു നഗരം. കുറച്ച് അസ്വാഭാവിക വിഭ്രാത്മകതയൊക്കെ ഇരിക്കട്ടെ ('ഞാനൊ'ഴികെ മറ്റ് രണ്ട് പേരും മരിച്ചവരാണ്) . പുലിവേഷം കെട്ടുന്ന അടിസ്ഥാനവർഗമനുഷ്യൻ സവർണനായ 'എൻറെ' കാറിന് കുറുകെ ചാടട്ടെ. സുസ്മേഷ്, ചാടൽ തലയിൽ കേറി. ഹൃദയത്തിലേക്കങ്ങ്ട് ഇറങ്ങണില്ല്യാലോ!

മാതൃഭൂമി കഥാപ്പതിപ്പ്

1. സിനിമയിൽ മാത്രം സാധ്യമാവുന്ന പ്രണയത്തെ യൂട്യൂബിലൂടെ തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന പഴയ പട്ടാളക്കാരനാണ് സക്കറിയയുടെ കഥാപാത്രം (സിനിമാക്കമ്പം). 'ഉൾക്കടലി'ലെ ശരദിന്ദുസീൻ ഷൂട്ട് ചെയ്യുന്നത് നോക്കി നിന്ന് കാമുകിയെ കാണാൻ പോയ ബസ് നഷ്ടമായ അയാൾക്ക് ആ പ്രണയവും നഷ്ടമായി. നഷ്ടപ്പെടാതെ ബാക്കിയുള്ളത് സക്കറിയൻ ലളിത-വിധേയ ശൈലി മാത്രം.

2. റബ്ബർ തോട്ടത്തിൽ വെളിക്കിരിക്കാൻ പോകുന്ന ഭാര്യക്ക് കൂട്ടിന് പോണ പുറമ്പോക്കുകാരൻ ഭർത്താവ് പാപ്പൂട്ടൻ മാത്രമല്ല ഉണ്ണി ആറിന്റെ കഥാപാത്രങ്ങൾ (മണ്ണിര). പാപ്പൂട്ടന്റെയും ഭാര്യ താളിയുടെയും കൂടെ പാർക്കുന്ന ചീനഭരണിക്കും പേൻചീപ്പിനും പാട്ടവിളക്കിനുമൊക്കെ പേരുണ്ട്. ജാത്യാൽ താണോരെ നിയമം സംരക്ഷിക്കുമെങ്കിലും നിയമപാലകർ ശിക്ഷിക്കുക തന്നെ ചെയ്യുമെന്ന് നടപ്പുകഥ. നിഗ്രഹകാരിയായ പരമശിവൻ പോലും ഉപേക്ഷിച്ച പുറമ്പോക്കുകാരുടെ ഓരം ചേർന്ന് നടക്കാൻ പക്ഷെ പാർവതി ഇറങ്ങിപ്പോയെന്ന് കഥാകാരൻ.

3. തായ്‌ലന്റിലെ ഫുക്കറ്റ് ആണ് ഇന്ദുമേനോന്റെ കഥാ സെറ്റിങ്ങ് (പഴരസത്തോട്ടം). വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കൻ പട്ടാളം മൈലാ ഗ്രാമത്തിൽ നടത്തിയ കൂട്ടക്കൊലയിൽ, വെടി കൊണ്ടിട്ടും മ്മടെ ധനുഷിനെപ്പോലെ ജീവിതത്തിലേക്ക് എഴുന്നേറ്റു നടന്ന ഭക്ഷണ വിൽപ്പനക്കാരിത്തള്ളയും (അമേരിക്കൻ പട്ടാളക്കാരോട് പ്രേമമഭിനയിച്ച് സിഫിലിസ് സമ്മാനിച്ച 'ഗൊറില്ല'യുമാണവർ), ചതിയിൽ മച്ചിയാക്കപ്പെട്ട് ദാമ്പത്യം ഉപേക്ഷിക്കേണ്ടി വന്ന മലയാളി യുവതിയും അവളുടെ 'ഒടുവിൽ തോറ്റു പോകുന്ന' ഭർത്താവുമാണ് പ്രധാന പാത്രങ്ങൾ. നോവലിനുള്ള വക കഥയാക്കിയതിന്റെ വണ്ണം, 'ഏഴുമാസഗർഭവയറിലെ കുട്ടി' എന്നൊക്കെ ഒരുപാട് കാര്യങ്ങൾ ഒറ്റയടിക്ക് പറയുന്ന വാക്മഴ, ഒക്കെയാണെങ്കിലും റിയലിസം തലയ്ക്ക് പിടിച്ച മറ്റ് കഥകളിൽ ഇക്കഥ ഭാവനയുടെ ഹൃദയം പേറുന്നു, പേസ് മേക്കറോടെ.

4.  കെട്ടുകഥയും റിയലിസവും ഉരസുമ്പോഴുണ്ടാവുന്ന രസം വീജേ ജയിംസിന്‍റെ കഥയിൽ (യക്ഷി). അമേരിക്കയിൽ 'സുഖിമ'യാഘോഷിക്കുന്ന, ഓപ്ര വിൻഫ്രിയുടെ ബന്ധുവിനോടോത്ത് ലിവിങ്ങ് ടുഗെദർ നടത്തുന്ന മലയാളി; നാട്ടിൽ, തലമുറകളായി ഉള്ള യക്ഷി; തറവാട്ടിലെ ഉറക്കറയിൽ അവരുടെ 'ഉഗ്ര മാറാടൽ'. യക്ഷിക്ക് മുറുക്കാനിത്തിരി ചുണ്ണാമ്പ് ചോദിക്കാൻ ആരുമില്ലാത്ത തലമുറ. ഈ ആകർഷക പ്രെമിസ് എവിടെ കൊണ്ടു പോയി കെട്ടും? ബുദ്ധിയുള്ള കഥാകാരൻ 'പണയപ്പണ്ടമായി അടുത്ത തലമുറയെക്കൂടി അന്യാധീനപ്പെടുത്തുന്ന' ആധുനിക സ്വാർത്ഥതയുമായി ഉരസിപ്പിച്ച് തടി തപ്പുന്നു. അരുതാത്ത ബാന്ധവ പാപത്തിന് ശേഷം മരണം എന്ന ഫോർമുല വേണ്ടായിരുന്നു, എന്നാലും.

5. ആനക്കൊമ്പിൽ ശിൽപങ്ങൾ പണിയാൻ അനുവാദമുണ്ടായിരുന്ന കാലത്താണ് അഷ്ടമൂർത്തിയുടെ കഥ നടക്കുന്നത് (അവസാനത്തെ ശിൽപം). അഷ്ടമൂർത്തിയുടെ തന്നെ മറ്റു പഴയ കഥാപാത്രങ്ങളെപ്പോലെ നൻമയുടെ പൂമരമായ ഒരു എൺപത്തിനാലുകാരൻ. ജീവിച്ചിരിക്കേ സ്മാരകമാകാൻ വിധിക്കപ്പെട്ട പഴയ അവിഭക്തൻ. അഷ്ടമൂർത്തിയുടെ തന്നെ മറ്റു പഴയ കഥാപാത്രങ്ങളെപ്പോലെ മക്കൾ തലമുറ നിസംഗർ, നിസ്സഹായർ, നിർഗുണർ.

6. ഗദ്ഗദം, ആ വാക്ക് സി എസ് ചന്ദ്രിക ഉപയോഗിക്കുന്നില്ലെങ്കിലും, ഉണ്ണിമോളുടെ തൊണ്ടയിൽ കുരുങ്ങുന്നുണ്ട്. വേറൊരവസരത്തിൽ ആ ശബ്ദം അതേ കഥാപാത്രം തൊണ്ടയിൽ വച്ച് കഴുത്തിലെ ഞെരമ്പുകൾ കൊണ്ട് വരിഞ്ഞു മുറുക്കി. വേറൊരു കഥാപാത്രം നിരാശയോടെ 'നെടുവീർപ്പിടും.' കുടുംബത്തിലൊള്ളോരെ കര കേറ്റി, അവസാനം സ്വത്ത് ഭാഗം വച്ചപ്പോ സഹോദരിമാരുടെ സ്ഥലത്തേക്കുള്ള വഴി മാത്രം കിട്ടിയ കഥാപാത്രങ്ങൾ, മമ്മൂട്ടി ബേബി ശാലിനിയുടെ ഡാഡിയായിരുന്ന കാലത്തുണ്ടായിരുന്നു. അത് ആദ്യമായി പെൺവേഷം ധരിക്കുന്നു ഇക്കഥയിൽ (ഭൂമിയിലെ വഴികൾ). ധനികരല്ലാത്ത സുഹൃത്തുക്കൾ മാത്രം കടം തരാനുള്ള, വാടകവീട്ടുകാരിയാണ് ഉണ്ണിമോൾ. അവളുടെ നിസ്സഹായതയിൽ, നേരത്തെ ഭൂമി കാലിയാക്കിയ അച്ഛന് സഹതാപമുണ്ട്. അമ്മ ജീവച്ഛവമാണ്. ചന്ദ്രിക പക്ഷെ ജീവനോടെ, എംപതിയോടെ കഥ പറയുന്നു.

Sunday, June 19, 2016

വേവിക്കാത്ത ഭക്ഷണം എന്നാൽ


ഭക്ഷണം ചൂടാക്കിയാലോ പ്രോസസ് ചെയ്താലോ അതിന്റെ ഊർജ്ജം നഷ്ടപ്പെടും. വേവിച്ചാൽ മനുഷ്യശരീരത്തിന് എന്ത് സംഭവിക്കുമോ അത് തന്നെ പ്രകൃതിയിലെ മറ്റെല്ലാത്തിനും. മുഖ്യധാരയിലെ ജനങ്ങൾ ഭക്ഷിക്കുന്നത് വിശപ്പകറ്റുന്നതിനേക്കാൾ വിനോദത്തിന് വേണ്ടിയാണെന്ന് വരുമ്പോൾ ഭക്ഷണമെന്നത് ഭോജ്യയോഗ്യമായ മാധ്യമമായി മാറുന്നു. ആകർഷകമായി പായ്ക്ക് ചെയ്ത്, മാർക്കറ്റ് ചെയ്യപ്പെടുന്നതാവുമ്പോൾ മനുഷ്യന് പോഷണമൂല്യം നോക്കാനെവിടെ നേരം!

പ്രകൃതിയെക്കാൾ അതിസാമർത്ഥ്യം കാട്ടിയാണ് മനുഷ്യൻ ഓറഞ്ചിൽ നിന്നും വിറ്റാമിൻ സി തിരിച്ചെടുത്ത് ഗുളികയാക്കിയും പൊടിയാക്കിയും വിൽപന തുടങ്ങിയത്. നാരുകളും വെള്ളവും വെവ്വേറെ പായ്ക്കുകളിലായി! എല്ലാം കൂടി ഓറഞ്ച് എന്ന ഒരു രൂപത്തിൽ പ്രകൃതി തരുന്നുണ്ടല്ലോ. മരം/ചെടി മൃഗങ്ങളോട് ആവശ്യപ്പെടുന്നത് അതിന്റെ പഴം കഴിക്കാനാണ്. എന്നാലേ വിത്തുകൾ വിതരണം ചെയ്യപ്പെടുകയുള്ളൂ.

ജൈവരാസ പ്രക്രിയകളെ ത്വരിപ്പിക്കുന്ന മാംസ്യം - എൻസൈം - 'ജീവനോടെ' കിട്ടുന്നു എന്നതാണ് പച്ചഭക്ഷണത്തിന്റെ ഒരു മേൻമ. ജീവകവും പോഷകവും വേവിക്കാത്ത ഭക്ഷണത്തിലാണ് കൂടുതലുള്ളത്. വേവിച്ച ഭക്ഷണം കഴിച്ച് അത് ദഹിപ്പിക്കുന്ന ഊർജ്ജം പച്ചഭക്ഷണം കഴിച്ചാൽ ശരീരത്തിന് ലാഭിക്കാം. ഉറക്കം പോലും കൂടുതൽ ശരീരം ആവശ്യപ്പെടില്ല. വേവിച്ചാൽ 85 ശതമാനത്തോളം പോഷകമൂല്യം നഷ്ടപ്പെടും. വേവിച്ച ഭക്ഷണം കഴിക്കുന്നതിന് മുൻപ് പച്ച ഭക്ഷണം കഴിക്കുന്നതാവും തുടക്കക്കാർക്ക് അഭികാമ്യം.

ഭക്ഷണം അടിസ്ഥാനപരമായി നാല് തരം: ഫ്രഷ് ഫുഡ്, മുളപ്പിച്ച വിത്തുവർഗം, സംസ്ക്കരിച്ചത്, ജലാംശം നീക്കിയത്. ഇവ യഥാക്രമം വെള്ളം, വായു, അഗ്നി, ഭൂമി എന്നീ മൂലകങ്ങളെ പ്രതിനിധാനം ചെയ്യുന്നു. നിങ്ങളുടെ ഭക്ഷണക്രമത്തിൽ 60% ഫ്രഷ് ഫുഡ്, 20% മുളപ്പിച്ചത്, പത്ത് ശതമാനം വീതം സംസ്ക്കരിച്ചതും ജലാംശം നീക്കിയതുമായ ഭക്ഷണം ഉൾപ്പെടുത്തുക. 

ജീവനാശകാരിയായ ഭക്ഷണ ഇനങ്ങൾ: രാസപദാർത്ഥങ്ങളും സംരക്ഷണാർത്ഥം സൂക്ഷിക്കുന്ന സാധനങ്ങളും കൃത്രിമ നിറങ്ങളും മറ്റുമുള്ളത്; അലൂമിനിയം പാത്രങ്ങളിൽ പാകം ചെയ്യുന്നത്; ഹോർമോൺ കൊടുത്ത് വളർത്തിയ ജീവികളുടെ മാംസം.

ജീവക്ഷയം സംഭവിക്കുന്ന ഭക്ഷണ ഇനങ്ങൾ: അധികമായി വേവിച്ചതും തണുപ്പിച്ചതുമായവ, പായ്ക്കറ്റുകളിലുള്ളവ, ടിന്നുകളിലുള്ളവ, എണ്ണയിൽ തയ്യാറാക്കുന്നവ, വ്യാവസായികാടിസ്ഥാനത്തിൽ പ്രക്രിയ ചെയ്യുന്നവ. 

ജീവചലനാത്മകമല്ലാത്ത ഭക്ഷണ ഇനങ്ങൾ: വേവിച്ച വിത്തുകൾ, കായ്കനികൾ.

സജീവ-സകർമ്മക ഭക്ഷണ ഇനങ്ങൾ: വേവിക്കാത്ത പച്ച ജൈവ ഭക്ഷണ ഇനങ്ങൾ. പച്ചക്കറികളും പഴങ്ങളും എല്ലാം ഒരു സ്ഥലത്തേക്കല്ലേ പോണേന്നും പറഞ്ഞ് കൂട്ടിക്കലർത്തി കഴിക്കരുത്. ഓരോന്നിനും വേണ്ട ദഹന സമയവും ഊർജ്ജവും വെവ്വേറെയാണ്.

 -ജെറമി സഫ്രോൺ എഴുതിയ ദ റോ ട്രൂത്ത് എന്ന പുസ്തകത്തിൽ നിന്ന്.

Friday, May 27, 2016

NS Madhavan പറഞ്ഞത്

1. മലയാളിയും ഇലക്ഷനും
ഔട്ട്ലുക്ക് വാരികയിൽ ഈയിടെ ഞാനൊരു ലേഖനമെഴുതി. ഗൾഫ് മലയാളികൾക്കിടയിലെ ഇലക്ഷൻ ജ്വരത്തെക്കുറിച്ച്. ആറ് മാസത്തിൽ ആറു തവണ ഗൾഫിൽ വന്നു പോയ നേതാക്കന്മാർ, വോട്ട് ചെയ്യാൻ നാട്ടിൽ പോകുന്ന പ്രവാസികൾ, സാമ്പത്തികമായും മറ്റും സഹായിക്കുന്ന ഗൾഫുകാർ...

എറണാകുളത്തെ എന്റെ വീട്ടിൽ ജോലിക്ക് വരുന്ന സ്ത്രീ നോട്ടയ്ക്കാണ് വോട്ട് ചെയ്യാൻ പോയത്. ബാലറ്റ് പേപ്പറിൽ നടി സോണിയ ജോസിന്റെ പടം കണ്ട് അതിൽ കുത്തിയെന്ന് പറഞ്ഞു.

റാന്നിയിലെ സ്ഥാനാർത്ഥി രാജു എബ്രഹാമിന്റെ പ്രചാരണ നോട്ടീസ് കുവൈറ്റിലെ അബ്ബാസിയയിൽ പതിച്ചിരിക്കുന്ന ചിത്രം എനിക്കയച്ചു കിട്ടി. കുവൈറ്റിൽ വന്ന് ആദ്യമന്വേഷിച്ച കാര്യമിതാണ്: എവിടെയാണ് അബ്ബാസിയ? 

2. ജോത്ത്
ഇലക്ഷന് ഒന്നര മാസം മുൻപാണ് ബംഗാളിൽ മമത ബാനർജിക്കെതിരെ മാർക്സിസ്റ്റ് - കോൺഗ്രസ് ജോത്ത് (സഖ്യം) വന്നത്. അതിന്റെ തയ്യാറെടുപ്പുകൾ കുറവായിരുന്നു. അടിയന്തിരാവസ്ഥയ്ക്കെതിരെ ബിജെപിയും സിപിഎമ്മും ഒരുമിച്ചില്ലേ? ബിജെപിക്കെതിരെ സിപിഎമ്മും കോൺഗ്രസും യോജിക്കുന്നതും അനിവാര്യമാണ്.

3. എഴുത്ത്
ഇഷ്ടപ്പെട്ട എഴുത്ത് ജെയിംസ് ജോയ്സിന്റേതാണ്. മലയാളത്തിൽ ഒവി വിജയൻ. പുതുതലമുറയിൽ സുഭാഷ് ചന്ദ്രനെ ശ്രദ്ധിക്കാറുണ്ട്. എഴുത്ത് ഒരുപാട് സമയമെടുത്ത് ചെയ്യുന്നതാണ്. കുവൈറ്റ് പശ്ചാത്തലമാക്കി കഥയെഴുതിയിട്ടുണ്ട്. ക്ഷുരകൻ.

ഖസാക്ക് 50 ചിത്രങ്ങളിലൂടെ വരയ്ക്കട്ടെ എന്ന് വിജയനോട് ഒരു ചിത്രകാരൻ ചോദിച്ചു. അതവിടെ ഇരുന്നോട്ടെ എന്ന് വിജയൻ പറഞ്ഞു. 'വന്മരങ്ങൾ വീഴുമ്പോൾ' ശശികുമാർ കായ തരൺ എന്ന പേരിൽ സിനിമയാക്കി. എന്റെ കഥകൾ സിനിമയാക്കാനുള്ള ക്ഷണം ഞാൻ റെസിസ്റ്റ് ചെയ്യും. രണ്ടിനും രണ്ട് ജീവിതമാണ്.

എഴുത്തിനെക്കുറിച്ച് കീറ്റ്സിന്റെ നിർവചനമിതാണ്: ഒരു മൂന്നാമന്റെ കണ്ണിൽക്കൂടി എങ്ങനെ കാര്യങ്ങൾ കാണാം. ഗെറ്റ് അണ്ടർ ദ സ്കിൻ. അരാഷ്ട്രീയമായി ഒന്നും എഴുത്തിലില്ല. ജെയ്ൻ ഓസ്റ്റിൻ വീട്ടിനകത്തെക്കുറിച്ച് എഴുതിയപ്പോഴും അതിൽ ഒരു നിലപാടുണ്ടായിരുന്നു. 

ജാതിവ്യവസ്ഥയെക്കുറിച്ച് മലയാള സാഹിത്യം അധികം സംസാരിച്ചിട്ടില്ല. മറാഠിയിലും മറ്റും അങ്ങനെയല്ല. ഇപ്പോൾ ഒരു നോവലെഴുതിക്കൊണ്ടിരിക്കുകയാണ്. അതിനാണ് എറണാകുളത്ത് താമസിക്കുന്നത് തന്നെ. ഭാര്യ ഷീല ഔട്ട്ലുക്കിൽ. മകൾ മീനാക്ഷി ഒരു വെബ് പബ്ലിക്കേഷനിൽ.

4. ബഷീർ ദ 'മാൻ'
എഴുത്തുകാരെ എഴുത്തിന്റെ മുകളിൽ പ്രതിഷ്ഠിക്കുന്ന ഒരു ദുഷ്പ്രവണത നമുക്കുണ്ട്. ബഷീർ ഒരു ഉദാഹരണം. രണ്ട് വർഷത്തോളം നീണ്ട ഊര് ചുറ്റൽ അവധൂതന്റെ നീണ്ടകാല യാത്രയായും ഒരുപാട് അനുഭവങ്ങളുമുള്ള ആളായും ബഷീറിനെ അമാനുഷ തലത്തിലേക്ക് ഉയർത്തി.

5. എഴുത്തുകാരും സഹിഷ്ണുതയും
ഫാസിസ്റ്റ് പ്രവണതയ്ക്കെതിരെ മലയാളത്തിലെ മുതിർന്ന എഴുത്തുകാർ പ്രതിഷേധിച്ചപ്പോൾ ചെറുപ്പക്കാരായ എഴുത്തുകാർ നേവൽ ഗേസിങ്ങ് - നാഭി നോക്കിയിരുപ്പ് - നടത്തുകയായിരുന്നു. ഇന്ത്യയിലെ എല്ലാ ഐ ഐ ടികളിലും സംസ്കൃതം പഠിപ്പിക്കണമെന്ന് പറഞ്ഞു. നല്ല കാര്യം. എന്നാൽ സംസ്കൃതത്തിലെ ആദ്യത്തെ മഹാകാവ്യത്തെക്കുറിച്ച് എം എം ബഷീർ മാതൃഭൂമിയിലെഴുതിയപ്പോൾ പ്രശ്നമായി! മാതൃഭൂമിക്ക് ആ പരമ്പര നിർത്തേണ്ടി വന്നു.

6. എഴുത്തുകാരുടെ ആകുലത
എന്താണ് പൈങ്കിളി - പൾപ്പ് ഫിക്ഷൻ - എന്നതിനെക്കു റിച്ച് ഇംഗ്ളണ്ടിലെ എഴുത്തുകാർക്കിടയിൽ ഒരു ചർച്ച നടന്നു. അവർ പറഞ്ഞത് ഇതാണ്. ജീവിതാവസ്ഥയെ എന്ത് സ്പർശിക്കുന്നില്ലയോ അതാണ് പൈങ്കിളി. അത് തിരിച്ചിട്ടാൽ നല്ല സാഹിത്യമായി.

ഞെട്ടിപ്പിക്കുന്ന ഒരു എഴുത്ത് - പ്രത്യേകിച്ച് ഫിക്ഷനിൽ - എവിടെ? സരസ്വതിയമ്മ സ്ത്രീ-സ്വാതന്ത്ര്യത്തെക്കുറിച്ച് എഴുതിയപ്പോൾ ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു. ഇപ്പോൾ ഞെട്ടിയിട്ട് കുറച്ചു കാലമായിരിക്കുന്നു. 

എഴുത്തുകാരൻ വിപണിയെക്കുറിച്ച് ചിന്തിക്കരുത്. എഴുത്ത് നല്ലതാണെങ്കിൽ വിപണി എഴുത്തുകാരനെ തേടിയെത്തും. മികച്ച ഉദാഹരണം കാഫ്കയാണ്.

7. ആദ്യ ഭാഷ
 നോം ചോംസ്കിയുടെ സിദ്ധാന്തം മനുഷ്യ പരിണാമ ചക്രത്തിൽ ആഫ്രിക്കയിലെ ഒരു ഹോമോ ഇറക്ടസിന്റെ ജീൻസിന് മ്യൂട്ടേഷൻ സംഭവിച്ച് അതിലൂടെ ഭാഷ ജനിച്ചുവെന്നാണ്. രണ്ട് വസ്തുക്കളെ കാണുമ്പോൾ അതിനെ കൂട്ടിച്ചേർത്ത് മറ്റൊരാശയം സൃഷ്ടിക്കുന്ന ശേഷി മറ്റ് മൃഗങ്ങളിലില്ല. ഇത് തന്നെയാണ് ഭാഷ ചെയ്യുന്നത്. എല്ലാ ഭാഷയും ഏതാണ്ട് ഒരുപോലെയാണ്. നാളെ ചൊവ്വയിൽ നിന്ന് ഒരു മനുഷ്യൻ ഭൂമിയിൽ വരികയാണെങ്കിൽ ഇന്ന് ഭൂമിയിൽ സംസാരിക്കുന്ന ഏഴായിരത്തിൽ പരം ഭാഷകൾ ഒന്ന് തന്നെയാണെന്ന് തോന്നുമെന്ന് ചോംസ്കി പറഞ്ഞിട്ടുണ്ട്. 

മതാടിസ്ഥാനത്തിലാണ് ഇന്ത്യ 47-ൽ വിഭജിക്കപ്പെട്ടത്. പശ്ചിമ പാക്കിസ്ഥാനിലെ ഉറുദുവിന്റെ മേൽ ബംഗ്ള ഭാഷ നടത്തിയ ചെറുത്തുനിൽപാണ് കിഴക്കൻ പാക്കിസ്ഥാനെ ബംഗ്ള-ദേശമാക്കിയത്. ഡി എം കെ നേതൃ ത്വത്തിലുള്ള സമരം മൂലമാണ് ഹിന്ദിയെക്കൂടാതെയുമുള്ള ഭാഷകളെ ഇന്ത്യ അംഗീകരിച്ചത്.

8. കുട്ടിഭാഷ
 ഞാൻ സ്പെയിനിൽ ബാഴ്സലോണയിൽ പോയി. ജനറൽ ഫ്രാങ്കോ അവിടെ കാറ്റലൻ ഭാഷ നിരോധിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. 1939 മുതൽ 1972 വരെ. അടുത്ത തലമുറ വന്നപ്പോൾ അവർ കാറ്റലൻ ഭാഷ പഠിക്കാൻ തുടങ്ങി. എന്നുവെച്ചാൽ അവരുടെ അമ്മമാർക്ക് ആ ഭാഷയറില്ല. അത് അപ്പോൾ മാതൃഭാഷയല്ല, കുട്ടിഭാഷയായി!

9. ഭാഷയുടെ കൊടുക്കൽ-വാങ്ങൽ ഇവിടത്തെ നമ്മുടെ കുട്ടികൾ മലയാളത്തോടൊപ്പം ഇവിടത്തെ ഭാഷയായ അറബിക് കൂടി പഠിക്കണം. എറണാകുളത്ത് രണ്ട് ബംഗാളി സ്ത്രീകൾ താമസിച്ചിരുന്നു - നിലീന എബ്രഹാം, ലതിക സർക്കാർ. അവരാണ് ബംഗാളി സാഹിത്യം മലയാളത്തിന് പരിചയപ്പെടുത്തിയത്. ബഹുസ്വരതയെ അംഗീകരിക്കുമ്പോൾ അസഹിഷ്ണുത ഉണ്ടാവില്ല. കേരളത്തിൽ ആദിവാസികൾ നിരക്ഷരരായിരിക്കുന്നതിന്റെ കാരണം അവരെ നമ്മൾ മലയാളത്തിൽക്കൂടി പഠിപ്പിക്കുന്നു എന്നത് കൊണ്ടാണ്.

 -നെടുവേലി ശ്രീധരൻ മാധവൻ കുവൈറ്റിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ പരിപാടിക്ക് വന്നപ്പോൾ
പറഞ്ഞത്.

Monday, May 23, 2016

ജൈവഭക്ഷണം - dr gangadharan chinnangath

എന്തിനാണ് നമ്മൾ വെള്ളം കുടിക്കുന്നത്?
കാൻസറിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല. പിന്നെ ആർ സിസി യിൽ എന്താ അവർക്ക് പണി? മരുന്നു പരീക്ഷണം! നടൻ ഇന്നസെന്റിന് കാൻസർ ഭേദമായതോ? ലോട്ടറി കിട്ടുന്ന പോലാണത്. പ്രമേഹം എടുക്കുക. എന്താ പ്രമേഹത്തിന്റെ കാരണം? പാൻക്രിയാസ് ഇൻസുലിൻ ഉദ്പ്പാദിപ്പിക്കുന്നില്ല. പാൻക്രിയാസിനെ ആരും ചികിത്സിക്കുന്നില്ല. പുറത്ത് നിന്ന് ഇൻസുലിൻ കൊടുക്കുന്നു. കുറച്ച് കഴിയുമ്പോ കൊളസ്ട്രോള് കൂടുന്നു, ബിപി കൂടുന്നു. രണ്ടിനും മരുന്ന്. കുറച്ച് കഴിയുമ്പോ കിഡ്നി ഫെയിലറാവും. ഒരു രോഗം മാറ്റിത്തരാം എന്ന് പറഞ്ഞിട്ട് വേറെ പല രോഗങ്ങളും തരും.  ഇപ്പൊ ഗർഭം തന്നെ അസുഖമല്ലേ! അയേൺ ടാബ്‌ലറ്റും ഫോളിക് ആസിഡും കഴിക്കാത്ത ഗർഭിണികൾ ഉണ്ടാവില്ല. ഈ മരുന്നിന്റെ അംശം കുട്ടിയും  കഴിക്കുന്നില്ലേ? ഒരു രോഗിയായിട്ടാണ് കുട്ടി ജനിക്കുന്നത് തന്നെ. മുലപ്പാല് കൊടുത്താ പിന്നെ ഫാരെക്സും സെറിലാകും കൊടുക്കും. റാഗിയും ഏത്തയ്ക്കാപ്പൊടിയും കൊടുക്കുന്നത് പാലിൽ കുറുക്കി, കൽക്കണ്ടമിട്ട് അമ്മ ടെയ്‌സ്റ്റ് ചെയ്തതിന് ശേഷമാണ്. കുട്ടിയെ രുചി പഠിപ്പിച്ച്, ഉപ്പ് കൊടുത്ത്, മധുരം കൊടുത്ത്, നശിപ്പിച്ച് കൈയീ കൊടുക്കും! അമ്മ എനിക്ക് പാൽ തരും, ഞാൻ പാൽ കുടിച്ചില്ലെങ്കിൽ അമ്മ കരയും, പാൽ കുടിച്ച് അച്ഛനോളം വലുതാവണം എന്നാണ് കുട്ടികൾ പഠിക്കുന്നത്. ഭൂമുഖത്ത് മനുഷ്യനല്ലാതെ വേറൊരു ജീവിയുടെ പാല് കുടിക്കില്ല.മനുഷ്യശരീരത്തിന് ഒട്ടും സ്യൂട്ടബിളായിട്ടുള്ള ഭക്ഷണമല്ല പാല്. അത് ദഹിക്കാനുള്ള എൻസൈം മനുഷ്യശരീരത്തിലില്ല. പശുവിൻ പാല് കുടിച്ച് പശുക്കുട്ടി പ്രായപൂർത്തിയാവുന്നത് രണ്ട് വയസിലാണ്. അമ്മയുടെ മുലപ്പാൽ കുടിച്ച് മനുഷ്യക്കുട്ടി പ്രായപൂർത്തിയാവേണ്ടത് 18 വയസിലാണ്.

പാൽ സമീകൃതാഹാരമാവുന്നതെങ്ങ്നെ? പശു വെജിറ്റേറിയനാണോ? പശുവിന്റെ ഭക്ഷണം പച്ചപ്പുല്ലും പച്ചവെള്ളവുമാണ്. അതിന് പരുത്തിക്കുരു കൊടുത്ത്, പിണ്ണാക്ക് കൊടുത്ത്, കാറ്റ്‌ൽ ഫീഡ് കൊടുത്ത് -  എന്താ  അതിന്റെ കണ്ടന്റ്‌സ്?  മത്തീടെ തല, ചെമ്മീന്റെ തല, എല്ലുപൊടി... ഈ പശുവിന്റെ പാല് കൊണ്ട് അമ്പലങ്ങളിൽ പാലഭിഷേകം നടത്തിയാൽ ഭഗവാൻ ഇരിക്ക്വോ അവിടെ? ഒരു വർഷം ഒരു കോഴി നമ്മുടെ വീട്ടില് വളർന്നാൽ ഒരു കിലോ ഉണ്ടാവും. ഒന്നര വയസിൽ പ്രായപൂർത്തിയാവുന്ന കോഴി. ഇപ്പോൾ 45 ദിവസത്തിനുള്ളിലാണ് പൂർണവളർച്ച. 46-ആം ദിവസം ഹൃദയം  പൊട്ടി  ചത്തു പോകും അത്.  കെന്റക്കി ചിക്കൻ എട്ട് ദിവസം കൊണ്ട് ഒരു കിലോ കോഴി ആയി. പൂട മുളയ്ക്കുന്നതിനു മുൻപേ കോഴി!

ഒരു വീട്ടില് രാവിലെ ഉണ്ടാക്കുന്നതെന്താ? ചായ. തേയില, പഞ്ചസാര, പാല് - ശുദ്ധ വിഷം. രാത്രി പാത്രം കഴുകി വയ്ക്കുന്നത് പോലെ രാത്രിയാണ് പല്ല് തേപ്പ് വേണ്ടത്. ഇത് കുട്ടികളെ  പഠിപ്പിക്കുന്നില്ല. നമുക്ക് അടുക്കള വേണ്ട. അടുക്കളയാവുമ്പോ ഭക്ഷണം പാകം ചെയ്യണം, ഉപ്പ് വേണം, മസാല വേണം. ഒരു ദിവസം നമ്മുടെ ശരീരത്തിന് ഒന്നര ഗ്രാം ഉപ്പേ ആവശ്യമുള്ളൂ.
നമുക്ക് ചികിൽസാലയങ്ങളല്ല വേണ്ടത്, ഭക്ഷണശാലകളാണ്. അലോപ്പതി വേണം. കാഷ്വൽറ്റി വേണം. ഒരു ആക്സിഡണ്ട് പറ്റിയാൽ  കാഷ്വൽറ്റി തന്നെ വേണം. നിങ്ങളൊക്കെ അന്നം തേടി മറുനാട്ടിൽ പോയി. അന്നം കഴിക്കാനുള്ള നേരം കണ്ടെത്തുക.  എന്ത് ഭക്ഷണം, എത്രത്തോളം ഭക്ഷണം- ഇതാണ് നമ്മൾ പഠിക്കേണ്ടത്. -- തിരുവനന്തപുരത്ത് ഗവ. പ്രസിനടുത്ത് പത്തായം ജൈവ ഭക്ഷണശാല നടത്തുന്ന ഡോക്ടർ ഗംഗാധരൻ ചിന്നങ്ങത്ത് പറഞ്ഞത്. ഊണിന് ആദ്യം പായസവും രണ്ടാമത് പഴവർഗങ്ങളും മൂന്നാമത് വെജ്  സൂപ്പും നാലാമത് ചോറും കൂട്ടുകറികളും അവസാനം റാഗി പായസവുമാണ് അവിടെ  ചിട്ട. വെള്ളം ചോദിച്ചാൽ നിരുൽസാഹപ്പെടുത്തും. 

Sunday, May 22, 2016

ആദ്യ കാർട്ടൂൺ നാടക പരമ്പര വരുന്നു

മലയാളത്തിലെ ആദ്യ കാർട്ടൂൺ നാടക പരമ്പര വരുന്നു. ഒരേ സ്റ്റേജ് സെറ്റിങ്ങിൽ, ഒരേ കഥാപാത്രങ്ങൾ, ഒരേ വേദിയിൽവ്യത്യസ്ത എഴുത്തുകാരുടെ വിവിധ കഥകൾ അവതരിപ്പിക്കുന്ന പരമ്പരയാണിത്. ചായക്കടക്കഥകൾ എന്ന് പേരിട്ടിരിക്കുന്ന  റിയലിസ്റ്റിക്  കാർട്ടൂൺ-നാടക പരമ്പരയുടെ സാക്ഷാത്ക്കാരം സൂര്യ കൃഷ്ണമൂർത്തി. ഒരു ഗ്രാമത്തിലെ ചായക്കടയ്ക്കുള്ളിൽ നടക്കുന്ന സംഭവങ്ങളാണ് അവതരിപ്പിക്കപ്പെടുന്നത്. കേന്ദ്രകഥാപാത്രങ്ങൾ: ചായക്കടക്കാരൻ, സഹായി, വെളിച്ചപ്പാട്, പഞ്ചായത്ത് പ്രസിഡണ്ട്, ബാർബർ, പോലീസുകാരൻ, തയ്യൽക്കാരൻ തുടങ്ങിയവർ.

മേയ് 26-ന് ഉദ്ഘാടന അവതരണം തിരുവനന്തപുരത്ത് തൈക്കാട് ഗവ. ഗസ്റ്റ് ഹൌസിന് സമീപമുള്ള സൂര്യ അവന്യൂവിൽ. എംടി വാസുദേവൻ നായർ എഴുതിയ ഭീമൻ രാവുണ്ണി നായർ എന്ന 45 മിനിറ്റ് നാടകം ഉദ്ഘാടനത്തിന്. തുടർന്ന് ബഷീർ മണക്കാട് എഴുതിയ 'തീറ്റ റപ്പായി'. പിറ്റേന്ന് സൂര്യ കൃഷ്ണമൂർത്തി എഴുതിയ 'അമ്മ തങ്കമ്മ'. ജൂലൈ മുതൽ എല്ലാ മാസം ഒന്നാം തീയതി രണ്ട് ചായക്കട നാടകങ്ങൾ വീതം അവതരിപ്പിക്കുമെന്ന് സൂര്യ കൃഷ്ണമൂർത്തി പറഞ്ഞു. ടിക്കറ്റ് 20 രൂപ.

Saturday, May 7, 2016

Where to invade next

ഹണിമൂണിന് പെയ്ഡ് സാലറിയുണ്ട് ഇറ്റലിയിൽ. ഡിസംബറിൽ രണ്ട് മാസത്തെ ശമ്പളം കിട്ടും. സാധാരണ മാസശമ്പളം സാധാരണ ബില്ലുകൾ കൊടുക്കാനുള്ളത് എന്നതിനാൽ പതിമൂന്നാം മാസശമ്പളം അടിച്ചു പൊളിക്കാൻ. പ്രസവാനന്തര അവധി 5 മാസം അമ്മമാർക്ക്. മൈക്ക്‌ൾ മൂർ ഇന്റർവ്യൂ ചെയ്ത ഇറ്റലിയിലെ കമ്പനികളിലെ (ലാർഡീനി) ജോലിക്കാർ വീട്ടിൽ പോയി ഭക്ഷണം കഴിക്കും. ലഞ്ച് ബ്രെയ്ക്ക് രണ്ട് മണിക്കൂറാണ്. ലാർഡീനി സിഇഓ പറയുന്നു ചിരിക്കുന്ന ജോലിക്കാരുടെ കൂടെ ജോലി ചെയ്യുകയെന്നത് പ്രധാനം.

ജർമ്മനിയിൽ ആഴ്ചയിൽ 36 മണിക്കൂർ ജോലി ചെയ്‌താൽ 40 മണിക്കൂറിന്റെ ശമ്പളം കിട്ടും. ജർമ്മനിയിലെ ഫേബർ കാസ്‌റ്റെൽ പെൻസിൽ ഫാക്ടറി, ജനലുകളും വാതിലുകളും ധാരാളമുള്ള സുന്ദര ബിൽഡിങ്ങാണ്. തൊഴിലാളികളുടെ ആരോഗ്യം പ്രധാനമെന്ന് സിഇഓ. ഇറ്റലിയിലെ ഡയറി ഫാമുകളിൽ കറവ സമയത്ത് മ്യൂസിക് പ്ലേ ചെയ്യും. പശുക്കൾ കൂടുതൽ ചുരത്തുമത്രെ.

ഫ്രാൻസിൽ സ്‌കൂളുകളിൽ ലഞ്ച് ടൈം ഒരു പിരീയഡ് പോലെ കണക്കാക്കും. കഫറ്റീരിയയിൽ കുട്ടികൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു. പ്ലാസ്റ്റിക്, സ്റ്റൈറോഫോം പാത്രങ്ങളില്ല. കുട്ടികൾക്ക് മൈക്ക്ൾ മൂർ കൊക്കക്കോള കൊടുത്തു. ആർക്കും വേണ്ട. ഫ്രാൻസിലെ സ്കൂളുകളിൽ സെക്സ് എജ്യൂക്കേഷനുണ്ട്. ഉറകൾ, കോൺട്രസെപ്‌റ്റീവ് പിൽസ് ഉപയോഗിക്കുന്നത് കൂടാതെ ആദ്യസമാഗമത്തിലെ പാഷനെക്കുറിച്ചും ക്ളാസ്. ആബ്‌സ്റ്റിനെസ് (വർജനം) അപകടമാവുമെന്ന് ടീച്ചർ.

ടുണീഷ്യയിൽ അബോർഷൻ നിയമപരമാണ്. 'സ്ത്രീകൾക്ക് അവരുടെ ശരീരത്തിന്മേൽ അധികാരമുണ്ടായിരിക്കു മ്പോൾ പുരുഷന്മാർ മനസിലാക്കും എല്ലാവർക്കും അവരവരുടെ ജീവിതത്തിന് മേൽ അവകാശമുണ്ടെന്ന്' എന്ന് ഒരു സ്ത്രീ പറയുന്നു. പുരുഷന്മാർക്കും സ്ത്രീകൾക്കും അസംബ്‌ളിയിൽ തുല്യ പ്രാതിനിധ്യമാണ് ടുണീഷ്യയിൽ. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ നിയമമുണ്ട് അവിടെ.

ഫിൻലൻഡിൽ സ്‌കൂളുകളിൽ ഹോം വർക്ക് ഇല്ല. പാശ്ചാത്യലോകത്ത് ഏറ്റവും കുറവ് സ്കൂൾ സമയമുള്ള രാജ്യമാണ് ഫിൻലൻഡ്. ടെസ്റ്റുകൾക്ക് വേണ്ടിയുള്ള അധ്യാപനമില്ല. സ്കൂളുകൾ തമ്മിൽ താരതമ്യപ്പെടുത്തേണ്ട കാര്യമില്ല. കിടമൽസരവുമില്ല. പണക്കാരുടെയും അത്ര പണമില്ലാത്തവരുടെയും മക്കൾ ഒരുമിച്ചിരുന്ന് പഠിക്കും. അർജന്റീന, ഓസ്ട്രിയ, ബ്രസീൽ, ക്യൂബ, ചെക്ക് റിപ്പബ്ലിക്ക്, ഡെൻമാർക്ക്, ഇക്വഡോർ, ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, ഐസ്-ലൻഡ്, അയർലൻഡ്, ലക്സംബർഗ്, മെക്സിക്കോ, മൊറോക്കോ, നോർവേ, പാനമ, സ്‌ലൊവേനിയ, സ്വീഡൻ, ടുണീഷ്യ, ഉറുഗ്വേ, വെനിസ്വേല എന്നീ രാജ്യങ്ങളിൽ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം ഫ്രീയാണ്.

അമേരിക്കയിൽ ഡ്രഗ് റിലേറ്റഡ് കെയ്സ് എന്നൊക്കെ പറഞ്ഞ് കറുത്തവരെ ജയിലിലടയ്ക്കും - പ്രത്യേകിച്ച് ഇലക്ഷൻ സമയത്ത്. നോർവേയിൽ ജയിൽപ്പുള്ളികൾ വോട്ട് ചെയ്യും. 'പുള്ളികൾ' താമസിക്കുന്നത് സെല്ലുകളിലല്ല, ചെറിയ വീടുകളിൽ. ശിക്ഷ എന്നാൽ ഇഷ്‌ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യമില്ല, വീട്ടുകാരെയും നാട്ടുകാരെയും മിസ്‌ ചെയ്യും - അത്രയേയുള്ളൂ. റിവഞ്ച് അല്ല, റിഹബിലിറ്റേഷനാണ് ഉദ്ദേശിക്കുന്നത്. - മൈക്ക്ൾ മൂറിന്റെ വേർ റ്റു ഇൻവെയ്ഡ് നെക്‌സ്റ്റ് എന്ന ഡോക്യുമെന്ററിയിൽ നിന്ന്. (ചിത്രം ഫിൻലാൻഡിലെ വൈഫ് കാരീയിങ്ങ് മത്സരത്തിൽ നിന്ന്)

Thursday, April 28, 2016

Boban and Molly cartoon jokes by Toms

1.       Why do women run to the jewelry shop? To catch a good price before it flares up!
2.       Tomorrow is our daughter’s marriage. Yesterday we booked a home nurse for the delivery.
3.       Asked in a bus conductor’s interview: how many sticks can you pack in a match box?
4.       The teashop owner changes his shop’s name according to seasons: Lord Shiva, St Thomas, Shajahan…
5.       He was a clerk at the Telephones. Now that he is deaf they moved him to the complaint section.
6.       Why do you have to advertise the golden jubilee of your marriage? Oh, just to let people know that we still are not separated.
7.       What! Do you kiss your husband every day when he returns from work? Yeah, to test if he’s drunk.
8.       A press photographer wanted to have a close look at the victim in a bus accident. As he could not break through the crowd, he screamed: the victim is my father! The crowd gave way for him only to see that the victim was a donkey.
9.       Where are you going with this this pig? Hey, this is not a pig. It’s a dog. Hey, my query was to the dog.
10.   Have you heard about the house owner who bombed his building to get rid of the tenant because he had to spend a fortune after he had filed a court case against his previous tenant?
11.    The children are sick. Well, we’ll go for homeopathy. Why? It’s summer vacation.
12.   So you are standing for the election. Let me know if you want to sell your land.  Oh, you won the election. Let me know if you want to buy any land.

13.   When the laborer was on top of a coconut tree, he thought of fooling the landlord who was a doctor. I demand, he said, another 100 rupees to get down from this tree. Well, you can remain there, said the landlord. In that case, I claim waiting charge. The landlord gave in. After a few weeks the laborer’s wife was admitted at the hospital for a surgery. I demand, said the doc, another 5000 rupees to complete the operation. Why, I have paid the whole amount, cried the laborer. Well, this is the stitching charge. (From the popular graphic cartoon series Boban and Molly by Toms)

Wednesday, April 27, 2016

'ജീവിച്ചിരിക്കുന്നവർക്ക് വേണ്ടിയുള്ള ഒപ്പീസ്'

സാഹിത്യത്തിന് അവശ്യം വേണ്ട സ്നേഹം, നന്മ, ശാന്തിയാദി അധിഷിഠിതമാക്കിയുള്ള പ്രമേയ പരിസരത്ത് സത്യസന്ധമായി ച്ഛർദ്ദിച്ചിടുന്നു ജോണി മിറാൻഡ 'ജീവിച്ചിരിക്കുന്നവർക്ക് വേണ്ടിയുള്ള ഒപ്പീസ്' എന്ന നോവലിലൂടെ. നെഗറ്റീവ് സ്വഭാവ സവിശേഷതകൾ ഉള്ള പുരുഷന്മാരും അമാനുഷരായ സ്തീകളുമാണ് ഈ 84-പേജ് പൂർണ പ്രസാധനം നോവലിലെ കഥാപാത്രങ്ങൾ. മതപരമായ കെട്ടുപാടുകളിൽ ജീവിക്കുമ്പോഴും അത് പൊട്ടിച്ചെറിയുന്ന ആണുങ്ങളും, മതത്തെ സ്വന്തം വീട്ടിൽ കൊണ്ടു വന്നു കെട്ടുന്ന പെണ്ണുങ്ങളും അവരുടെ ദേശം (പോഞ്ഞിക്കര) സാക്ഷ്യം വഹിക്കുന്ന അസംബന്ധ നാടകങ്ങളും മലയാളത്തിന് പരിചയമില്ലാത്തതാണ് - ഒരു ടൊരൻടീനോ സിനിമ പോലെ! ആംഗ്‌ളോ ഇന്ത്യൻ കഥാപാത്രങ്ങളായി നമുക്ക് മുന്നിൽ ഇതുവരെ നടമാടിയവർ പേരിനൊരു പോർച്ചുഗീസ് വാലും താങ്ങി ബോബ് ചെയ്ത മുടിയുമായി കാൽവണ്ണ കാട്ടി മാക്സി-ഷോർട്ട്‌സ് ഫിറ്റ്‌ ചെയ്ത് എപ്പോഴും മദ്യപിക്കുന്നവരുമായിരുന്നു. മുഖ്യധാരാ കഥാപാത്രങ്ങൾ നെഞ്ചും വീറും പ്രദർശിപ്പിച്ച് എതിരാളികളെ നിഷ്പ്രഭരാക്കി ജീവിത വിജയം നേടിയപ്പോൾ പറങ്കികൾ ദുരന്ത പ്രതീകങ്ങളായി. പാശ്ചാത്യ നന്മ-തിന്മകൾ മലയാളത്തിൽ പറയണമെന്ന് വേണ്ടപ്പോൾ മാത്രം നമ്മളവരെ ഉപയോഗിച്ചു. ജോണി മിറാൻഡക്ക് അത്തരം ആണിയടിച്ചുറപ്പിച്ച മാതൃകകൾ വേണ്ട. (ഒരു ആറ്റക്കിളിയുടെ ഭക്ഷണം മതിയായ 'ചെറിയവനാണ്' മുഖ്യ കഥാപാത്രം കപ്യാർ ഓശ.) അയാൾ ഒരു നരകത്തിൽ എഴുന്നേറ്റ് നിന്ന് കൊണ്ട് ഇത് നരകമാണെന്ന് ഉറക്കെ പറയുന്നു. കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ!
ഒരു കുടുംബത്തിലെ മൂന്ന് തലമുറകളെക്കുറിച്ച് കൂടുതൽ പറയാൻ വയ്യ എന്ന ഭാവത്തിൽ കഥാകാരൻ ചില മാജിക് റിയലിസ്റ്റിക് കഥകൾ പറയുന്നു. അടുപ്പിലെ തൂറലും അൾത്താരയിലെ കൊലപാതകവുമൊക്കെ അത്തരം ചില മാജിക് ഞെട്ടലുകലാണ്. പക്ഷെ ഞെട്ടലുകൾ നമുക്കേ ഉള്ളൂ - നമ്മൾ വഴിമധ്യത്തിൽ നിൽക്കുന്നു എന്നത് കൊണ്ട്. നോവൽ അരിക് ജീവിതങ്ങളുടെ കഥയാണ് പറയുന്നത്. ഇവിടെ വില്ലന്മാരും നായകന്മാരും ഒരേ പാളയത്തിലാണ്. ഒരു ദുരന്തം സഹിക്കേണ്ടതും അതിജീവിക്കേണ്ടതും ഒരു കരയിൽത്തന്നെ. സർറിയലിസമാണ് ഇവിടത്തെ റിയലിസം. തിന്മയാണിവിടത്തെ നന്മ! (പപ്പ ഐഡച്ചിറ്റയെ കൊല്ലുന്നത് അവളുടെ ഭ്രാന്തിൽ നിന്ന് രക്ഷിക്കാനാണല്ലോ.) വർഷങ്ങൾക്ക് മുൻപ് ഈ നോവൽ ഇറങ്ങിയിട്ടും സാഹിത്യ ഭൂമികയുടെ പിന്നാമ്പുറത്തെ തെമ്മാടിക്കുഴിയിലായിപ്പോയി ഇതിന്റെ വാസം എന്നതും എന്നാൽ ഓക്സ്ഫഡ് ഇംഗ്ലീഷ് പ്രസാധനത്തിലൂടെ ഒരു ഉയിർപ്പും സാധകമായെന്നതും മറ്റൊരു സർറിയലിസം.

Saturday, April 16, 2016

Son of Saul, മികച്ച വിദേശഭാഷ ഓസ്കാർ

കാമറ സാവൂളിന്റെ പിന്നാലെ പോവുകയാണ്. കോൺസെന്‌ട്രേഷൻ ക്യാംപിലെ ഹംഗേറിയൻ ജൂതത്തടവുകാരനാണ് സാവൂൾ. നഗ്നമായ മൃതദേഹങ്ങൾ വലിച്ചിഴച്ചു കൊണ്ടു പോകുന്നതും കൂട്ടിയിട്ട് കത്തിക്കുന്നതും ഒക്കെ അയാൾടെ ദൃഷ്ടിയിൽ ഔട്ട്‌ ഒവ്‌ ഫോക്കസിലാണ് കാണുക. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും കരച്ചിൽ പശ്ചാത്തലത്തിൽ. മൃതദേഹങ്ങൾ കത്തിച്ച ചാരക്കൂമ്പാരം പുഴയിലേക്ക് കോരിയെരിയുന്നതും സാവൂൾ ഉൾപ്പെട്ട തടവുകാരാണ്. അയാൾ ജോലിക്കിടയിലും ഓടി നടക്കും. കാമറയും പിന്നാലെ ഓടും. കാമറാമാൻ കാമറ തോളിൽ വച്ചിട്ടാണെന്ന് തോന്നുന്നു. ഡോക്യുമെന്ററി സ്വഭാവം കിട്ടാനായിരിക്കും. (യാഥാർത്ഥ്യത്തിനു നേരെ സാവൂൾ കണ്ണടയ്ക്കുന്നതുമാവാം.) സാവൂൾ ഓടുന്നത് ഒരു ആൺകുട്ടിയുടെ മൃതദേഹം ആചാരപ്രകാരം കുഴിച്ചിടാനാകുമോ എന്നറിയാനാണ്. കത്തിക്കേണ്ട ബോഡി ഒരു ചാക്കിൽ ഒളിപ്പിച്ച് ഒരു റബ്ബിയെ തേടുകയാണ് അയാൾ. ഒരു റബ്ബിയെ കണ്ടുപിടിച്ചു. അയാളാണെങ്കിൽ പുഴയിലേക്ക് പോയി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പിടിയിലായി പട്ടാളത്തിന്റെ തോക്കിനിരയായി. മൃതദേഹങ്ങൾ കത്തുന്ന പുകയിലും തോക്കിൻ കുഴലുകൾക്കിടയിലും സാവൂൾ എങ്ങനെ ഉദ്ദേശം നടത്തും എന്നതാണ് സിനിമയുടെ ചലനരസം.

നമ്മൾ ശീലിച്ച കലാപമോ കഷ്‌ടപ്പാടോ മികച്ച വിദേശഭാഷ ഓസ്കാർ നേടിയ ഈ സിനിമയുടെ (Son of Saul) പ്രശ്നം ആകുന്നില്ല. കഷ്ടപ്പാടൊക്കെ ബാക്ക്ഗ്രൗണ്ടിലാണ്. കലുഷിതമായൊരു സാഹചര്യത്തിൽ അസംഭാവ്യമായ ഒരു കാര്യം എങ്ങനെ നടത്താം എന്ന പഴയ വിഷയം ലോകചരിത്രം പശ്ചാത്തലമായതിനാലും മനുഷ്യത്വം നയിക്കുന്നതിനാലും പ്രത്യേകത തരുന്നു. സംഭാഷണം അധികമില്ലാത്തത് കൊണ്ട് സബ് ടൈറ്റിൽ വായിച്ച് കഷടപ്പെടേണ്ട.

സാവൂളിന് മറ്റൊരാളെ കിട്ടി. അപ്പോഴുണ്ട് ക്യാംപിൽ കലാപം. തടവുകാർക്ക് ഇതിനിടെ വെടിമരുന്നൊക്കെ കിട്ടുന്നുണ്ട്. സർവത്ര അഴിമതിയല്ലേ! കലാപക്കാർ - പട്ടാളക്കാർ ബഹളത്തിനിടയിൽ സാവൂൾ തോളത്ത് കുട്ടിയുടെ ബോഡിയും താങ്ങി റബ്ബിയെയും കൊണ്ട് പുഴക്കരയിലേക്ക് ഓടി. കുഴി മാന്തിയതിന് ശേഷം പ്രാർത്ഥന ചൊല്ലാൻ ആവശ്യപ്പെട്ടപ്പോൾ... അയാൾ റബ്ബിയല്ല! ഓടി വരുന്നുണ്ട് ഒളിച്ചോടിപ്പോകുന്ന തടവുകാർ. അവർക്കൊപ്പം കള്ള റബ്ബി ആദ്യം ഓടി പുഴയിൽ ചാടി അക്കരയ്ക്ക് നീന്തി. പിന്നാലെ സാവൂളും ബോഡിയുമായി നീന്തിയെങ്കിലും 'മകനെ' പുഴ കൊണ്ടു പോയി. 'രക്ഷപെട്ടവർ' അക്കരെ തോക്കിനിരയാവുന്ന ശബ്ദം കേൾക്കാം. കാമറ പക്ഷെ ഇപ്പോൾ അവരെ ഒളിഞ്ഞ് നോക്കാൻ വന്ന ഒരു ആൺകുട്ടിയുടെ പിന്നാലെയാണ്. അവനെ കണ്ട് ആദ്യമായി, അവസാനമായും, സാവൂൾ ചിരിച്ചു. ഒരിക്കലും ചിരിക്കാനാവാതെ നമ്മൾ!

Friday, April 15, 2016

ദ ബക്കറ്റ് ലിസ്റ്റ് (the bucket list)

മരിക്കാൻ ഒരു വർഷം ബാക്കിയുള്ള ജാക്ക് നിക്കോൾസണും മോർഗൻ ഫ്രീമാനും ഇനി ചെയ്ത് തീർക്കേണ്ട  കാര്യങ്ങൾ ചെയ്യുന്നതും അത് അതിലപ്പുറം ഇരുവരെയും (നമ്മെയും) പഠിപ്പിക്കുന്നതുമാണ് ദ ബക്കറ്റ് ലിസ്റ്റ് എന്ന ചിത്രത്തിന്റെ പ്രമേയം. ആശുപത്രിക്കിടക്കയിൽ  കണ്ടുമുട്ടിയ ഒരു മുതലാളിയും തൊഴിലാളിയും ശീഘ്രം കൂട്ടുകാരായി. റേഡിയോ കണ്ടുപിടിച്ചതിന്റെ ക്രെഡിറ്റ് മാർക്കോണിക്കല്ല കൊടുക്കേണ്ടത്, മുതലാളി ഇഷ്ടപ്പെടുന്ന കോപി ലുവാക്ക് വാസ്തവത്തിൽ കാട്ടുപൂച്ച കഴിച്ച് അപ്പിയിടുന്ന കാപ്പിക്കുരു സംസ്ക്കരിക്കുന്നതാണ് എന്നൊക്കെ പിടിപാടുള്ളയാളാണ് തൊഴിലാളി. അയാൾടെ   തൊട്ടിപ്പട്ടിക (bucket list) കണ്ട് മുതലാളി ഒരു ലോകയാത്ര സ്‌പോൺസർ ചെയ്യുന്നു. താജ്മഹൽ ഉൾപ്പെടെ പലതും കണ്ടു. തൊഴിലാളി, പ്രത്യുപകാരമെന്നോണം മുതലാളിയുടെ പിണങ്ങിപ്പോയ മകളുമായി ഒരു കൂടിക്കാഴ്ച ശരിയാക്കിയതും, മുതലാളി ഉടക്കി, യാത്ര മുടക്കി പോയി. ഇരുവരും സ്വഭവനത്തിൽ ചെന്നു. മുതലാളി ഏകാന്തൻ; തണുത്ത ഭക്ഷണവുമായി നിന്ന് കരഞ്ഞു. കൂട്ടുകാരൻ ഗ്രേയ്റ്റ് ഫാമിലി റീയൂണിയനുമായി ചിരിച്ചു. അന്ന് രാത്രി അസുഖം മൂത്ത് മരിച്ചു. നേരത്തേ ലോകയാത്ര എതിർത്തിരുന്ന തൊഴിലാളി-ഭാര്യ മുതലാളിയോട് പറഞ്ഞു: നല്ല ഭർത്താവായിട്ടാണ് തിരികെ വന്നത്. മുതലാളി മകളുടെ അടുത്ത് പോയി രമ്യപ്പെട്ടു.  

ഈജിപ്തിൽ പിരമിഡ് കാൺകെ തൊഴിലാളി പറയുന്നുണ്ട്: ഈജിപ്തുകാർക്ക് ഒരു വിശ്വാസമുണ്ട്. മരിച്ച് മുകളിൽ ചെന്നാൽ രണ്ട് ചോദ്യങ്ങൾ ചോദിക്കും. നിങ്ങളുടെ ജീവിതം സന്തോഷകരമായിരുന്നോ? മറ്റൊരാൾക്ക് സന്തോഷം കൊടുക്കാൻ  നിങ്ങൾക്ക് കഴിഞ്ഞോ? ഈ സിനിമ എന്നെ സന്തോഷിപ്പിച്ചു എന്ന് പറയാൻ ആഗ്രഹം. ഇനിയും ഇത്തരം സിനിമകൾ കാണണമെന്ന് എന്റെ തൊട്ടിപ്പട്ടികയിൽ. 

Thursday, April 7, 2016

കഥ, കഥ


1. (ലാത്തൂർ) ഭൂകമ്പ പശ്ചാത്തലത്തിൽ സുഭാഷ്‌ ചന്ദ്രൻ എഴുതിയ കഥയിൽ (ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം) കള്ളൻ ബുക്കാറാം, മോഷ്ടിച്ച ഘടികാരവുമായി പോകെ ഭൂകമ്പാവശിഷ്ടങ്ങൾക്കിടയിൽ ഒറ്റക്കിരുന്ന് നിലവിളിക്കുന്ന കുഞ്ഞിനെ രക്ഷപെടുത്തിയെങ്കിലും പിന്നീടെപ്പോഴോ ഘടികാരം നിലച്ചതായി അയാൾ മനസിലാക്കുന്നു (ഓർമ്മയിൽ നിന്ന്). ഒരു കുഞ്ഞിന്റെ മരണം എന്ന ഇമേജറിയിലൂടെ ഒരു ദുരന്തം ആവിഷ്ക്കരിക്കുന്ന രീതി. വേറൊരു രീതി ദുരന്തകഥയിലെ നായകനെ ഇന്റർവ്യൂ ചെയ്ത് വിവരണം രേഖപ്പെടുത്തലാണ്‌. കള്ളൻ ബുക്കാറാമിന്റെ മകനെ കണ്ടെത്തി അയാളുടെ വിശേഷം കഥയാക്കിയിരിക്കുന്നു ബെന്യാമിൻ (ബുക്കാറാമിന്റെ മകൻ). ഇത്തവണത്തെ ദുരന്തം ജാതിവാഴ്ചയാണ്. ഭൂകമ്പമുണ്ടാവുമ്പോൾ മനുഷ്യർക്ക് ഇല്ലാത്ത ജാതി, ഭൂകമ്പശേഷം തലയുയർത്തുന്നതായി പറയുന്ന കഥയിൽ കുലത്തൊഴിലായ മോഷണപാരമ്പര്യം മകൻ തുടരാൻ അച്ഛൻ ആഗ്രഹിച്ചിരുന്നില്ലെന്ന് പറയുന്നു. ഡിഗ്രി പഠിച്ച മകന് ജോലിയില്ല. 'നിങ്ങൾ ജന്മനാ കള്ളന്മാരാണെന്ന്' ആക്രോശിക്കുന്ന യജമാനന്മാരുടെ നാട്ടിൽ കൃഷിപ്പണിയെടുക്കാമെന്ന് വിചാരിച്ചാലും കാലാവസ്ഥ ചതിക്കും. അതിനാൽ കള്ളന്റെ മകൻ കള്ളനായി തുടരുമെന്ന് Benny Benyamin.

2. കുവൈറ്റിൽ കേരളഫോർണിയ എന്ന് വിളിക്കാവുന്ന അബ്ബാസിയയ്ക്കടുത്ത് ബംഗാളി-നേപ്പാളി-മലയാളി സ്ഥലമായ ഹസാവിയായിലെ അഴുക്ക് നിറഞ്ഞ നിരത്തിലൂടെ ഞാൻ നടക്കുന്നു. സുഹൃത്തിനെ കാണാൻ പോവുകയാണ്. ഇരുവശത്തെ മുഷിഞ്ഞ കെട്ടിടങ്ങളിലെ വാതിൽപ്പടികളിരുന്ന് മുഷിഞ്ഞ ആളുകൾ റോഡിലേക്ക് തുപ്പിയും ഉറക്കെ വർത്താനിച്ചും ഇരിക്കും. അവരുടെയിടയിലൂടെ, റോഡിൽ ഒഴുകുന്ന വിയർപ്പിൽ നിന്നും, അകത്തേക്ക് കയറുന്ന ഞാൻ അനേകം വിയർപ്പുതുള്ളികളിൽ ഒരു തുള്ളി മാത്രമാണ്. മുറിയ്ക്കകത്ത് പക്ഷെ അതല്ല സ്ഥിതി. പ്രത്യേക ആദരം. ഫാമിലിയുള്ളവൻ, വണ്ടിയുള്ളവൻ പരിഗണനകൾ. അവിടെ രാജാവായ ഞാൻ കുവൈറ്റിലെ സമ്പന്നർ താമസിക്കുന്ന സൽവയിലെ ഒരു വില്ലയിൽ ദാസനാകും. സാമ്പത്തിക അസമത്വം എന്നത് ഹൃദയത്തിലേക്കിറങ്ങാത്ത തലയനുഭവം മാത്രമാകുന്നു. ഉണ്ണി ആറിന്റെ ഒഴിവുദിവസത്തെ കളി എന്ന കഥയിൽ അസമത്വം അക്രമത്തിലേക്ക് വീഴുന്ന സീനുണ്ട്. അധികാരം 'തലയ്ക്ക് പിടിക്കുമ്പോൾ' ഭാവം മാറുന്ന സഹമുറിയനെ ഇതിൽ കാണാം. ഇന്ത്യനവസ്ഥ തന്നെ.

3. എന്റെ നാട്ടിൽ പണ്ടൊരു ചേട്ടൻ ദിവസവും കവലയിലെ ചായക്കടയിൽ പോയി പുട്ടും മുട്ടക്കറിയും കഴിച്ച് കൊഴുത്തു വന്നു പോന്നു. അയാളുടെ ഭാര്യയും മക്കളും ഒന്നും കഴിക്കാതെ മെലിഞ്ഞും പോന്നു. മകൻ വളർന്നപ്പോൾ തെമ്മാടിയായി, പിടിച്ചുപറിക്കാരനായി. അപ്പൻ ചായക്കടയിലായിരുന്നെങ്കിൽ മകൻ ബാറിൽ. അവരെക്കുറിച്ച് ഇപ്പോഴൊന്നും അറിഞ്ഞു കൂടാ. ഓർക്കാൻ കാരണം സോക്രട്ടീസ് കെ വാലത്തിന്റെ കഥയാണ് (ഉത്തരം). അച്ഛൻ-തലമുറയുടെ പാപങ്ങൾ എങ്ങനെ മാനസിക വിഭ്രാന്തിയുള്ള മക്കൾ-തലമുറയെ രൂപപ്പെടുത്തുവെന്ന് ക്രൂരമായിത്തന്നെ സോക്രട്ടീസ് പറയുന്നു. മുതിർന്നവർ ഒരു സാറട്ടീച്ചറെ കൊന്ന് കെട്ടിത്തൂക്കി, ശവരതി നടത്തി. മക്കൾ ഒരു ആടിനെ കൊന്ന് അതുപോലെ ചെയ്ത് സ്വയം തൂങ്ങി. ഭീകര-നാടകീയതയ്ക്കൊടുവിൽ കഥാപാത്രങ്ങൾ കുറ്റമേറ്റ് പറയുന്ന സീനൊക്കെയുണ്ട്. ആകെക്കൂടി ഭീകറം

റിയലിസവും ഫാന്‍റസിയും സമാസമം ചേര്‍ത്ത് സോക്രട്ടീസ് കെ വാലത്ത് Socraties K. Valath Chukku എഴുതിയിരിക്കുന്ന കഥയില്‍ (ശ്വാനനീതി) നിയമം സംരക്ഷിക്കുന്ന സ്ത്രീയെ ശിക്ഷിക്കുന്ന പുരുഷനീതിയെ ഓവര്‍റൂള്‍ ചെയ്യുന്ന പട്ടിയെ കാണാം. വിവാഹമോചനത്തിന് കോടതി ഭാര്യയോട് അനുകൂലം കാട്ടി എന്ന് വിചാരിക്കുന്ന ഭര്‍ത്താവ്, ഭാര്യയെ പട്ടിയെ വിട്ട് കടിപ്പിക്കുവാന്‍ തീരുമാനിക്കുന്നതും അനുസരിക്കാത്ത പട്ടിയുടെ ദുര്‍വിധിയുമാണ്, കഥ. സോക്രട്ടീസിന്‍റെ മെച്ചമെന്താച്ചാല്‍ നായ്‌ക്കളുടെ തെരുവു പരിസരത്ത് നിന്ന് മനുഷ്യരുടെ മാളികമുകളിലേക്കുള്ള കല്ലുദൂരം വേഗതയോടെ എറിഞ്ഞിരിക്കണു, കൃത്യതയോടെയും.

4. മൃഗശാലയിലേക്ക് ജോലിക്കപേക്ഷിച്ചയാൾക്ക് കിട്ടിയത് ഗോറില്ലയുടെ വേഷമണിഞ്ഞ് കൂട്ടിൽ കിടക്കാനായിരുന്നു. ഗോറില്ലയായി എങ്ങനെ വേഷമാടണമെന്നറിയാതെ പരാക്രമം കാട്ടിയ അയാൾ തൊട്ടടുത്ത് സിംഹത്തിന്റെ കൂട്ടിൽ വീണു. നിലവിളിച്ചു പോയ ഗോറില്ലയോട് സിംഹം പറഞ്ഞു: മിണ്ടാതിരി. ബഹളം വച്ചാൽ മ്മടെ രണ്ട് പേരുടെയും പണി പോവും. പണ്ട് ഫലിത ബിന്ദുക്കളിൽ വായിച്ചതാണ്. ഇതിനേക്കാൾ വല്യ തമാശ അശോകൻ ചരുവിൽ കഥയായി എഴുതിയിരിക്കുന്നു (ആത്മകഥയ്ക്ക് ഒരാമുഖം (മനുഷ്യന് ഒരു ആമുഖത്തിന് ഒരു കൊട്ടാണോ?)) സ്വധർമം അനുഷ്ഠിക്കേണ്ടവർ അത് പ്രസംഗിക്കുക മാത്രമായി ചുരുക്കുന്ന കാപട്യത്തിലേക്കാണ് ചരുവിലിന്റെ നേരെ പോക്ക്. അത് ആഹ്ലാദിപ്പിക്കുക കഥ സെറ്റ് ചെയ്തിരിക്കുന്ന തൃശൂർ മാത്രമാവില്ല.

5. നാട്ടിന്‍പുറങ്ങളില്‍ പണ്ട് നന്‍മകളുടെ മൂര്‍ത്തികളായി, ഒരു കൈ സഹായത്തിന്, ചിലരുണ്ടാവും. നാട് ടൌണായി വേഷം മാറിയപ്പോള്‍ അക്കൂട്ടര്‍ അന്യം നിന്നു. അങ്ങനെയുള്ളവരുടെ അഭാവം നമുക്ക് വിഷയമല്ലാതായി. ആ ദുരവസ്ഥയെ അഷ്‌ടമൂര്‍ത്തി Ashtamoorthi Kadalayil Vasudevan കഥയാക്കുന്നു (ജലസമാധി). സദാചാരക്കാര്‍ 'ശരിയാക്കിയ' നന്‍മ-മനുഷ്യന്‍റെ കഥയായല്ല അഷ്‌ടമൂര്‍ത്തിയുടെ ആംഗ്‌ള്‍. അക്കഥ കേട്ട് വിശേഷിച്ചൊന്നും തോന്നാത്ത രണ്ട് അധ്യാപകരിലൂടെയാണ് കഥ. അതിന്‍റെ റിപോര്‍ട്ടിങ്ങ് ഭാവവും ഇക്കാലത്തിന് ചേര്‍ന്ന നിസംഗത തന്നെ.

6. വൃദ്ധരായ മാതാപിതാക്കളെ പരിഗണിക്കാത്ത മക്കള്‍. ഈ മുഷിഞ്ഞ പ്രമേയത്തെ എങ്ങനെ പുത്തനുടുപ്പ് ഇടീക്കാം? ഓണ്‍ലൈനില്‍ അമ്മയെ 'വില്‍ക്കാന്‍' വെയ്ക്കാം. ഈ 'പുതുമ'യില്‍, കുറ്റ്യാടി കുന്നോളം നീളമുള്ള കഥ സേതു Sethu Madhavanഎഴുതിയിരിക്കുന്നു (ഓണ്‍ലൈന്‍). ഒരു ബാങ്കിനെ കുന്നിന്‍ മുകളില്‍ വച്ച സേതുവിന്‍റെ കൂടെ കണക്കിലെ ലഘുത്വം ഇറങ്ങിപ്പോന്നില്ലല്ലോ എന്ന് ഞാനോര്‍ത്തു.

7. ഇന്‍റര്‍നെറ്റ് ട്രോളിങ് എന്ന അസഹ്യ പീഡന-പരദൂഷണത്തെ ഒന്നാന്തരമായി കളിയാക്കിയിരിക്കുന്നു പി എസ് റഫീഖ് ഫെയ്‌ബുക്കിസ്ഥാന്‍ എന്ന കഥയില്‍. friend request-ന് സൌഹൃദയാചന എന്നും like-ന് അനുകൂല ഭാവമുദ്ര എന്നൊക്കെ സംഭാവനയും ചെയ്യുന്നുണ്ട് റഫീഖ്. എഫ്‌ബി ഉപയോക്‌താവിനെ ഓട്ടോറിക്ഷാക്കാരനോട് ഉപമിക്കുന്ന കഥാകാരന്‍ ഹിന്ദു-മുസ്‌ലിം പ്രണയവും അനന്തര ലഹളയുമാണ് 'ചുവരി'ല്‍ പോസ്‌റ്റുന്നത്. ലഹളയില്‍ കാമിനിക്ക് വേണ്ടി മുറിച്ച, 'തല മൊട്ടയടിച്ച് സര്‍ക്കസ് കൂടാരത്തില്‍ നിന്നും ഇറക്കി വിട്ട സിംഹത്തെപ്പോലെയുള്ള മേല്‍മൂടിയില്ലാത്ത പുരുഷത്വം' കൊടുമ്പിരിക്കൊണ്ടു. ച്ഛേദിച്ച അഗ്രചര്‍മ്മം തിരിച്ചു ചോദിച്ചാണ് യുദ്ധം. അതിന്‍റെ സര്‍-റിയലിസ്‌റ്റിക് മൂര്‍ച്ഛ കഥയില്‍ തുടരുന്നു.

8. കുറ്റവാളിയുടെ കണക്കുകൂട്ടലുകള്‍ തെറ്റുന്ന, വായനക്കാരുടെയും, ഒരു തവണ വായിക്കാവുന്ന കഥ പറയുന്നു വല്‍സലന്‍ വാതുശേരി (ഹോംസ്). കുറ്റവാളിയെന്ന് ഞാന്‍ പറഞ്ഞെങ്കിലും ഹോംസിലെ നായകന്‍ കുറ്റം ചെയ്യാന്‍ പോകുന്നയാളാണ്. (അതിന് വേറെ വാക്കുണ്ടോ?) ഷെര്‍ലക്ക് ഹോംസിലെയും ലക്കി ഹോംസ് എന്ന അപാര്‍ട്ട്‌മെന്‍റിലെയും വാക്കുകളിലെ കളിയാണ് കഥയുടെ ടൈറ്റ്‌ല്‍. ഡോ. വാതുശേരിക്ക് ഒരു തിരുത്ത്: പാന്‍റിന്‍റെ പോക്കറ്റില്‍ എന്നല്ല, പാന്‍റ്സിന്‍റെ പോക്കറ്റില്‍ എന്നത് കൂടുതല്‍ ശരി.

9. ഗ്രേസിയുടെ കഥ (തിരുമുമ്പാകെ) വര്‍ത്തമാനകാലത്തെ വിഭവങ്ങള്‍ ചേര്‍ത്ത് കുഴച്ചതാണ്. പ്രണയം ഗ്യാരണ്ടി വിഷയമാണെന്ന് ഗ്രേസിക്കറിയാം. ദൈവം അതിലും സര്‍വശക്ത വിഷയം. ഇനി വരാനുള്ളത് മിശ്രജാതി ജോഡികളാണ്. ഒരു മരണവും ബലാല്‍ക്കാരവുമുണ്ടെങ്കില്‍ ഭേഷായി. ഇങ്ങനെ വികസിക്കുന്ന കഥ നമ്മെ അമ്പരപ്പെടുത്തിയെന്നൊക്കെ വിചാരിച്ച് വായനക്കാരുടെ വോട്ട് കിട്ടുന്ന ക്‌ളൈമാക്‌സില്‍ ചെന്ന് നില്‍ക്കുന്നു. വല്ലാത്ത ഊര്‍ജ്ജമുണ്ട് ഗ്രേസിയുടെ കഥയ്ക്ക്. അതിന് സ്തുതി. ക്രാഫ്‌റ്റ് മേല്‍ക്കൈ നേടിയില്ലായിരുന്നെങ്കില്‍ ഞാന്‍ കുറേക്കൂടി ആസ്വദിച്ചേനേ. ആ ക്രാഫ്‌റ്റും വര്‍ത്തമാന വിഭവമായിരിക്കും.

10. അക്‌ബര്‍ കക്കട്ടിലിന്‍റെ കഥാരംഭത്തില്‍ (കുട്ടികള്‍ ഉണരുന്ന നേരം) കുട്ടി പറയാനരുതാത്തത് പറഞ്ഞതിന്‍റെ പേരില്‍ അധ്യാപകരോട് ക്ഷമ യാചിക്കുന്നു. അത് സസ്‌പെന്‍സ് സൃഷ്‌ടിക്കാനുള്ള ഞടുക്ക് വിദ്യയാണെന്ന് കഥാന്ത്യം പിടി കിട്ടും. ഫെയ്‌സ്‌ബുക്കിനപ്പുറം ഗൌരവമായി ചിന്തിക്കുന്ന, പ്രതികരിക്കുന്ന കുട്ടികളുണ്ടെന്നാണ് കക്കട്ടില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടികള്‍ ഉണരുന്നുണ്ടാവും; കഥ ഉണര്‍ന്നില്ല.

11. ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവിന്‍റെ കഥയില്‍ (നഗരത്തിലെ കുയില്‍) സ്‌മാര്‍ട്ട് ഫോണാണ് വില്ലന്‍. ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ അത് വിള്ളലുണ്ടാക്കുന്ന കാര്യം കാല്‍പനിക സെറ്റിങ്ങില്‍, വിദഗ്‌ധമായി, നാടകീയമായി ശിഹാബുദ്ദീന്‍ പറയുന്നു. നഗരജീവിതത്തിലെ കുയിലാണ് ഫോണ്‍. വിശ്രമം, സ്വസ്ഥത എന്നത് കാശ് കൊടുത്ത് വാങ്ങേണ്ട കോര്‍പറേറ്റ് സാധനമാകുമ്പോള്‍, പുറമേയുള്ള സ്വച്ഛന്ദതയ്ക്ക് പിന്നിലെ കറുപ്പും വെളിപ്പെടുമ്പോള്‍ നരകജീവിതം പൂര്‍ണ...

12. മുത്തശ്ശിക്കഥ ചൊല്ലുന്ന ലാഘവത്തില്‍, ലാളിത്യത്തില്‍, തമ്പി ആന്‍റണി Thampy Antony Thekkek കഥ പറയുന്നു (വാസ്‌ക്കോഡിഗാമ). ഇടവകാംഗത്തിന്‍റെ മദ്യപാനം നിര്‍ത്താന്‍ മദ്യപാനം എന്ന കുരിശ് ഏറ്റെടുക്കേണ്ടി വന്ന അച്ചന്‍റെ കഥ. വിശ്വാസം, മറ്റെല്ലാം പോലെ, ശീലമാണെന്ന് തമ്പി ഉറപ്പിക്കുന്നു. അച്ചനെ കള്ളുഷാപ്പില്‍ കൊണ്ടു ചെന്നിരുത്താമായിരുന്നെങ്കില്‍ ശീലത്തെയും വെല്ലുവിളിക്കാമായിരുന്നു കഥാകാരന് എന്ന് എനിക്ക് മോഹം. ഒരു കുടം യഥാര്‍ത്ഥ കള്ള് കുടിക്കാനെന്ന പോല്‍.

13. ഒഴുകിക്കൊണ്ടിരിക്കുമ്പോള്‍ ഇഷ്‌ടമുള്ള നിലത്തേക്ക് ഒഴുകുന്ന നദി പോലെയാണ് കരുണാകരന്‍റെ Karun Elempulavil എഴുത്ത്. വഴിമാറിയൊഴുകി പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ ചെന്ന് മുട്ടി പിന്നെയും ഒഴുകുന്നതായി തോന്നിച്ച്, അങ്ങനെ. 'പച്ച'യില്‍ പച്ചകുത്തുകാരനായ നാംദേവിനെ സ്വകാര്യകാരണത്തിന് സമീപിക്കുന്ന പൊലീസുകാരന്‍ പിന്നെ ഡ്യൂട്ടിയിലേക്കൊഴുന്നു. പലതരക്കാര്‍ പലകാരണങ്ങളാല്‍ പരസ്‌പരം ബന്ധപ്പെടുന്നതാണ്, ഇവിടത്തെയും നിറം.

14. പീഡനത്തിനിരയായ ഒരു പെണ്‍കുട്ടിക്ക് നമ്മുടെ നാട്ടില്‍ പിന്നെന്തു പറ്റും? അങ്ങനെയുള്ള ഒരു 'ഇര'യെ ഒരു ചാരായമടിക്കാരന്‍റെ കൂടെ പാര്‍പ്പിച്ച് അയാളെ നേര്‍വഴിക്ക് നടത്തിയാലോ? അതിന് മാധ്യസ്ഥം വഹിക്കുന്നത് ഒരു യുവപുരോഹിതനാണെങ്കില്‍? അതാണ് ജോര്‍ജ് ജോസഫ് കെയുടെ ഭാവന (കാട്ടുപന്നികള്‍). കഥയില്‍ പുരോഹിതനുണ്ടെങ്കില്‍ ഒരു പാപിനിയെ കൊണ്ടുവരും. മോചനത്തിലവസാനിപ്പിക്കും. ളോഹയോളം പഴക്കമായി ഈ ഫോര്‍മുലയ്ക്ക്. കന്യാസ്ത്രീകള്‍ സാരി ധരിച്ചു തുടങ്ങിയിട്ടെത്ര നാളായി! ഫെയ്‌സ്‌ബുക്കും വാട്ട്‌സാപ്പുമുള്ള അച്ചന്‍ കഥാപാത്രങ്ങള്‍ വരാത്തതെന്താണ്?

15. ദ ഗ്രെയ്‌റ്റ് കപോക് ട്രീ എന്നൊരു കഥയുണ്ട്. സ്‌കൂള്‍ ലൈബ്രറികളില്‍ ഏറെ പോപ്പുലര്‍. കാട്ടിലെ വന്‍മരം വെട്ടാന്‍ വന്ന മനുഷ്യനോട് മരത്തിലെ ജീവജാലങ്ങള്‍ 'നിങ്ങളീ മരം വെട്ടിയാല്‍ ഞങ്ങളെവിടെപ്പോവും' എന്ന് ചോദിക്കുന്നിടത്ത് മനുഷ്യന്‍ മരം വലിച്ചെറിയുന്നതാണ്, കഥ. കെ അരവിന്ദാക്ഷന്‍റെ 'എബോള'യില്‍ മനുഷ്യന്‍ കാട്ടിലെ ജൈവ സംവിധാനം തകരാറിലാക്കുന്നതും അത് മനുഷ്യന് തന്നെ ആപത്താവുകയും ചെയ്യുന്ന കാഴ്‌ച വിവരിച്ചിരിക്കുന്നു. കുട്ടിക്കഥയാണ് അരവിന്ദാക്ഷന്‍ അവലംബിച്ചിരിക്കുന്ന മാര്‍ഗം. ആംഗിള്‍ ഭൂമിയെ തൊടുന്ന മണ്ണിരയുടേത്. അവസാനം ആ ആംഗ്‌ള്‍ വിട്ട് മരത്തോളം പൊക്കത്തില്‍ പോയി കഥാകാരന്‍ പറയുന്നു: മനുഷ്യന്‍ വെട്ടിയ വന്‍മരത്തില്‍ നിന്ന് പഴംതീനി വവ്വാലുകള്‍ എബോള വൈറസുമായി പറന്നു.

Sunday, April 3, 2016

'ഹൊറിബ്‌ൾ' വാക്കുകളെക്കുറിച്ച്

പ്‌ളിങ്ങ് എന്ന വാക്ക് മലയാളമാണോ? ആണെങ്കിലും അതിനെ നിഘണ്ടുപ്പടിപ്പുറത്ത് നിർത്തുന്ന വൈയാകരണ വിശാരദന്മാരുണ്ട്. (പ്‌ളിങ്ങ് ചിലപ്പോൾ പ്‌ളിംഗ് ആയും പ്രത്യക്ഷപ്പെടും. പക്ഷെ ക്രിയാരൂപത്തിൽ പ്‌ളിങ്ങി എന്നേ വരൂ.) ഇംഗ്ലീഷിലെ അത്തരം 'ഹൊറിബ്‌ൾ' വാക്കുകളെക്കുറിച്ച് ഒരു പുസ്തകമിറങ്ങിയിട്ടുണ്ട്. XQs me? പോലുള്ള പുതിയ വാക്പ്രയോഗങ്ങളുടെ പിന്താങ്ങിയായിട്ടാണ് പുസ്തകത്തിന്റെ നിൽപ്പ്. വാക്കുകൾ കൂട്ടിച്ചേർത്തുള്ള സങ്കര ഉപയോഗത്തിലൂടെയാണ് ഭാഷ വളരുന്നതെന്ന് പുസ്തകം (ഹൊറിബ്‌ൾ വേഡ്സ് - റബേക്ക ഗോവേഴ്സ്) ഉത്സാഹിപ്പിക്കുന്നു. അങ്ങനെയാണ് നമുക്ക് ദിവാ-സ്വപ്നവും, മഞ്ഞു-തുള്ളിയും, നേത്ര-ഗോളവും, മായാ-ലോകവും, ആത്മ-മിത്രവും ഒക്കെ ഉണ്ടായത്. (ആ വാക്കുകൾ ഭൂജാതമായ കാലത്ത് ഭാഷാ സദാചാരികളുടെ വക ബഹളയ്യേറ്റമുണ്ടായിരുന്നു). ദദുപോലെ, രണ്ട് ആശയങ്ങളെ ചേർക്കുന്ന വാക്കുകൾക്കും നാം പച്ച കാണിക്കണം. കുട്ടിയേയും മുതിർന്നവരെയും കലർത്തുന്ന kidult; ഊഹിക്കുന്നതിനും ഉറപ്പിക്കുന്നതിനും ഇടയിലുള്ള guesstimate; വീട്ടിൽത്തന്നെ വെക്കേഷൻ ചിലവഴിക്കുന്ന staycation; കിടക്കയിൽത്തന്നെ ധ്യാനിക്കുന്ന beditation; വസ്ത്രങ്ങൾ അലമാരയിൽ തൂക്കാതെ തറയിൽ എറിയുന്ന floordrobe; ആടുകളെപ്പോലെയുള്ള ആളുകളെ സൂചിപ്പിക്കുന്ന sheeple... ഭാഷ ഒട്ടിച്ചു വെച്ചാൽ പോട്ടച്ചു പോവാതെ ഇരിക്കുകയും പിളരുന്തോറും വളരുകയും വളയുകയും വലുതാവുകയും ചെയ്യും.

Monday, March 28, 2016

വിശാരണൈ (Visaranai)


കോയമ്പത്തൂരുകാരനായ ഒരു ഓട്ടോറിക്ഷ ഡ്രൈവർ ചന്ദ്രകുമാർ ആന്ധ്രയിലെ ഗുണ്ടൂരിൽ അറസ്റ്റിലാവുന്നു, മൂന്ന് സുഹൃത്തുക്കൾക്കൊപ്പം. 1983-ലാണ്. ചെയ്യാത്ത കുറ്റത്തിന് പോലീസുകാര് ചതച്ച ശരീരത്തിൽ ബാക്കിയുണ്ടായിരുന്ന ചേതന കൊണ്ട് ചന്ദ്രകുമാർ അനുഭവം പുസ്തകമാക്കി. സംവിധായകൻ വെട്രിമാരൻ അത് സിനിമയാക്കി. നിർമ്മാണത്തിൽ പങ്കാളിയായത് ധനുഷ്. ഫലം അസ്വസ്ഥപ്പെടുത്തുന്ന ഒരു സിനിമ (വിശാരണൈ). മുകുന്ദന്റെ ഒരു കഥയിൽ ഉത്തരേന്ത്യയിലെ പട്ടിണി കണ്ട് ചോറുണ്ണാനാവാതെ വിഷമിക്കുന്ന ഒരു കഥാപാത്രമുണ്ട്. അത് ഭാവനയല്ലെന്ന് ഉറപ്പിക്കാം. ഇനി മലയാള സിനിമ ആടുജീവിതം പറഞ്ഞിട്ടെന്ത്!

സിനിമയിൽ ലോക്കപ്പിലാണ് മൂന്ന് സുഹൃത്തുക്കളും കാണുന്നത്. അവർ തമ്മിൽ ചോദിച്ചു: എന്നടാ തപ്പ്? അറിയില്ല. നമുക്ക് പിടിയുള്ളത് എന്തെങ്കിലും കാരണം കാണും. അത് അസ്ഥാനത്താവും. ഡോക്യുമെന്ററിയുടെയും ഹിസ്റ്റോറിക്കൽ ഫിക്ഷന്റെയും ഇടയിൽ സിനിമ ടോർച്ചടിച്ച് തരുന്നത് ഇരുന്ന് കാണുക. ഒരു സീൻ നോക്ക്: പരമാവധി പതം വരുത്തിയതിന് ശേഷം പോലീസുകാർ ഹോട്ടലീക്കൊണ്ടു പോയി ചോറ് വാങ്ങിക്കൊടുത്തു. തിരിച്ച് വന്നപ്പോൾ പിന്നെയും ഇടി. 'പട്ടിണി കിടക്കണോരെ എങ്ങനാ തല്ലണേ' എന്ന് പോലീസ്.

തടവിൽ നിന്നും രക്ഷപെട്ടോടുമ്പോൾ കേന്ദ്ര കഥാപാത്രത്തിന്റെ കൈയിൽ തോക്ക് കിട്ടുമ്പോൾ നമ്മൾ വിചാരിക്കും, കമലും ധനുഷുമൊക്കെ അടി കൊണ്ട പാമ്പ്‌ പത്തി വിടർത്തിയാടിയ പോലെ ദാ ഇപ്പ വരും പകരമിടി! അതും അസ്ഥാനത്താണ്. പിന്നെയാണോർക്കുക, ഓ, ഇത് സംഭവ കഥയാണല്ലോ.

വിശാരണൈക്ക് മികച്ച തമിഴ് സിനിമയ്ക്കുള്ള ദേശീയ അവാർഡ് കിട്ടി. ഓട്ടോക്കാരൻ ചന്ദ്രകുമാർ പറയുന്നത് 'ഈ സിനിമ കണ്ട് ഗുണ്ടൂരിൽ അന്ന് ഇടി കൊണ്ട സുഹൃത്തുക്കൾ, പിന്നെ കണ്ടിട്ടില്ലാത്തവർ, എന്നെ തേടി വരാതിരിക്കില്ല.'

Saturday, March 26, 2016

ലോക നാടക ദിനം


1. രണ്ട് കൂട്ടുകാർ ചായക്കടയിലിരുന്ന് ഭക്ഷണം കഴിക്കുകയാണ്. അപ്പോൾ റോഡിലൂടെ ഒരു കാണ്ടാമൃഗം ഓടി. കുറച്ച് കഴിഞ്ഞ് വേറൊന്ന്. മൃഗശാലയിൽ നിന്നും ഓടിപ്പോകുന്നവരല്ല. ചായക്കടയിലിരിക്കുന്ന ഒരുത്തന്റെ കാമുകിയാണ് പിന്നെ കണ്ടാമൃഗമായി ഓടിയത്. ആ പട്ടണത്തിലെ ആളുകളൊക്കെ കണ്ടാമൃഗങ്ങളായി ക്കൊണ്ടിരിക്കുന്നു. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കേ ഒരുത്തൻ പറഞ്ഞു, എനിക്കും കണ്ടാമൃഗമാവണം! അവൻ എഴുന്നേറ്റ് ഓടി. അപ്പോൾ ഒറ്റയ്ക്കായ കൂട്ടുകാരൻ പറഞ്ഞു: അവസാനം വരെയും ഞാൻ മനുഷ്യനായിരിക്കും. (നാസിസം ഒരു അഭിനിവേശമായി മാറുന്നതെങ്ങനെ എന്ന് കാട്ടിയ റൈനോസറസ് എന്ന നാടകം യെനെസ്കോയുടേത്.)-------------------------------------------- 2. വായിൽ ഒരു പൂവ് ഉണ്ടെന്ന് ഒരാൾക്ക് തോന്നി. അത് കാൻസറായിരുന്നു. അയാൾ നഗരത്തിലൂടെ അലഞ്ഞു തിരിയാൻ തുടങ്ങി. ട്രെയിൻ മിസ്സായ ഒരാളെ വായിൽ പുഷ്പമുള്ളയാൾ കണ്ടു. നിങ്ങൾ ഗ്രാമത്തിൽ ചെല്ലുമ്പോൾ വീട്ടുമുറ്റത്തെ പുല്ല് പറിച്ചെടുത്ത് അതിൽ എത്ര പുല്ലുണ്ടെന്ന് എണ്ണി നോക്കാമോ എന്ന് ചോദിച്ചു. 'എന്തിന്?' 'എത്ര പുല്ലുണ്ടോ അത്രയും ദിവസം ഞാൻ ജീവിക്കും!' (പിരാന്തെല്ലോയുടെ മാൻ വിത്ത് ഏ ഫ്ലവർ ഇൻ ഹിസ്‌ മൌത്ത് എന്ന നാടകം) ------------------------------------------------------------------------------------ 3. പട്ടാളക്കാരൻ ചന്തയിലൂടെ നടക്കുകയാണ്. ഒരു വിൽപ്പനക്കാരനെ സമീപിച്ച് നിങ്ങൾക്ക് ഇലക്ഷന് നിന്ന് ജയിച്ച് മന്ത്രിയായിക്കൂടെ എന്ന് ചോദിച്ചു. 'ഞാനോ! എനിക്ക് എന്ത് യോഗ്യത?' 'എല്ലാ യോഗ്യതകളും!', പട്ടാളക്കാരൻ പറഞ്ഞു, 'നിന്റെ ലോ ക്‌ളാസ് ജനനം, ചന്തയിലെ പരിചയം, മറ്റുള്ളവരോട് ശണ്ഠ കൂടാനുള്ള ത്രാണി...' 'പക്ഷെ, എന്റെ അച്ഛൻ ഒരു കള്ളനായിരുന്നു.' 'ഭേഷ്! നീ തന്നെ സ്ഥാനാർത്തി. ഈ അവസരം കളയരുത്.' (ചന്ത-വിൽപ്പനക്കാരൻ സ്ഥാനാർത്ഥിയായോ, ജയിച്ചോ, മന്ത്രിയായോ? നമുക്കറിഞ്ഞു കൂടാ.) ---------------------------------- 4. മുസ്‌ലിം നായകനും ഹിന്ദു നായികയും. ഇരുവരുടെയും ഭൂതകാലം ചികഞ്ഞു പോയാൽ ഒരേ വേരുകൾ അല്ലേ? മതങ്ങളുണ്ടാവുന്നതിനു മുൻപുള്ള പൊതു ഉറവിടത്തിൽ അവർ മനുഷ്യരായിരുന്നു. വിവാഹിതരായാലും സന്തോഷത്തോടെ ജീവിക്കാം എന്ന് ഇബ്രാഹിം വേങ്ങരയുടെ ഒരു നാടകം. ---------------------------------------------------------- 5. മഹാപ്രളയം കഴിഞ്ഞു. നോഹ വാതരോഗിയായി. അപ്പോഴുണ്ട് അരുളപ്പാട്, വീണ്ടും പ്രളയം! നോഹ അടുത്ത പേടകം നിർമ്മിച്ചു തുടങ്ങി. നോഹയുടെ ഭാര്യ ഉന്നതരെയും ഉറ്റവരെയും പേടകത്തിൽ കയറ്റി സംരക്ഷിക്കാനുള്ള പരിപാടികൾ ആസൂത്രണം ചെയ്യുന്നു. നമ്മെ നയിക്കേണ്ടത് സ്വാർത്ഥ താല്പര്യങ്ങളാണോ എന്ന് ചോദിച്ച് ഓംചേരിയുടെ പ്രളയം അവസാനിക്കുന്നു. (മാർച്ച് 27 ലോക നാടക ദിനം)

Thursday, March 24, 2016

ലാജ് ഈൻ (കുടിയേറ്റക്കാർ)

ലാജ് ഈൻ (കുടിയേറ്റക്കാർ) 
അവതരണം: കുവൈറ്റ് നാടകപ്പാടം 
രചന, സംവിധാനം: സുനിൽ കെ ചെറിയാൻ 
നേട്ടം: മികച്ച രചന, കേരള സംഗീത നാടക അക്കാദമി, ഗൾഫ് പ്രവാസി അമച്വർ നാടക മത്സരം 
ജൂറി: ചന്ദ്രദാസൻ, പി ബാലചന്ദ്രൻ.
https://www.youtube.com/watch?v=TfaT6KjeJ70
https://www.youtube.com/watch?v=TfaT6KjeJ70

Sunday, March 13, 2016

തമാശകൾ (കേട്ടത്, വായിച്ചത്)

1. ഉപദേശി യേശുക്രിസ്തുവിനെക്കുറിച്ച് സംസാരിച്ചു. 'ഇനി പറയൂ,' അദ്ദേഹം ചോദിച്ചു: 'ഏറ്റവും മഹാനായ ആളാരാണ്?' 'മെസ്സി!, ജസ്റ്റിൻ ബീബർ! ഉപദേശി ചോദ്യം ആവർത്തിച്ചു. പിറകിലിരുന്ന ഒരുത്തൻ കൈ പൊക്കി യേശുക്രിസ്തു എന്ന് വിളിച്ചു പറഞ്ഞു. അവന് സമ്മാനം കൊടുത്തപ്പോൾ ഉപദേശി രഹസ്യമായി ചോദിച്ചു, നീ ജൂതപ്പയ്യനല്ലേ? പിന്നെന്തിനാണ് യേശുക്രിസ്തു എന്നുത്തരം പറഞ്ഞത്? അപ്പോൾ അവൻ പറഞ്ഞു: 'ജീവിച്ചു പോണ്ടേ?'

2. ഒരാൾ താൻ പണിത പുതിയ വീട്ടിലേക്ക് സ്ഥലത്തെ പ്രധാന ദിവ്യനെ ക്ഷണിച്ചു. ഇവിടെയെങ്ങും തുപ്പരുത് എന്ന് നിരപ്പെ ബോർഡുകൾ. ദിവ്യൻ പാനീയം കഴിച്ച് തുപ്പണമെന്ന് തോന്നിയപ്പോൾ വീട്ടുകാരന്റെ മുഖത്ത് ഒറ്റത്തുപ്പ്! ഇതിനേക്കാൾ വൃത്തികെട്ട സ്ഥലം ഈ വീട്ടിൽ വേറെയില്ല എന്നും പറഞ്ഞു.

3. പത്രമാപ്പീസിലേക്ക് കിട്ടിയ ലേഖനത്തിൽ മാക്സിം ഗോർക്കി എന്നെഴുതിയിരുന്നത് ഇടതു പക്ഷ ചായ്-വുള്ള എഡിറ്റർ മാർക്സിസ്റ്റ്‌ ഗോർക്കി എന്ന് തിരുത്തി. അങ്ങനെയാവില്ലെന്ന് സീനിയർ എഡിറ്റർ സംശയം പറഞ്ഞു. പിറ്റേന്ന് അടിച്ചു വന്നത്: മാക്സിമം ഗോർക്കി.

4. സോമർസെറ്റ് മോമിന്റെ അടുത്ത് ഒരാൾ വന്ന് അയാളെഴുതിയ നോവലിന് പേരിടണമെന്ന് പറഞ്ഞു. 'നിങ്ങളുടെ നോവലിൽ ചെണ്ടയെക്കുറിച്ച് പറയുന്നുണ്ടോ?' എന്നായി മോം. 'ഇല്ല'. 'കാഹളങ്ങളെക്കുറിച്ചോ?' 'ഒട്ടുമില്ല.' 'എങ്കിൽ ദാ, പിടിച്ചോളൂ പേര്: ചെണ്ടകളില്ല, കാഹളങ്ങളില്ല.'

5. ഭർത്താവ് മരിച്ചു. ഭാര്യക്ക് കനത്ത ദു:ഖം. മൃതദേഹം വീടിന് പുറത്തേക്ക് എടുക്കണമെങ്കിൽ വാതിൽ വെട്ടിപ്പൊളിക്കണം. എന്ത് വേണമെന്ന് ചോദിച്ചപ്പോൾ ഭാര്യ പറഞ്ഞു: ശവം മുറിച്ചേക്കൂ.

Saturday, February 20, 2016

ഉമ്പർട്ടോ എക്കോ


ഭാഷ, മതം, വസ്ത്രധാരണം, സംഗീതം, കാർട്ടൂൺ തുടങ്ങിയവയെ പഠിച്ച് സംസ്ക്കാരങ്ങളെ വ്യാഖ്യാനിക്കാൻ ശ്രമിച്ചൊരാൾ ഉമ്പർട്ടോ എക്കോയിലുണ്ടായിരുന്നു. ആ പണ്ഡിത-വ്യഗ്രത അദ്ദേഹത്തിന്റെ നോവലുകളിലും കടന്നു കൂടി. ജാപ്പനീസ് ഹൈക്കുവിനെ പോലെ മികച്ചതാവാൻ കഴിയും മിക്കി മൌസിന് എന്ന് അദ്ദേഹം പറഞ്ഞു. 30 ഭാഷകളിൽ ഒരു കോടി കോപ്പി വിറ്റു പോയ 'ദ നെയിം ഓവ് ദ റോസ്' (ഹാസ്യത്തെ പുകഴ്ത്തുന്ന അരിസ്റ്റോട്ടിലിന്റെ ഒരു പുസ്തകം ചെകുത്താന്റെ പുസ്തകമാണെന്ന് വിശ്വസിച്ച ക്രിസ്ത്യൻ സന്യാസികൾ അത് സമ്മതിക്കാത്തവരെ കൊല്ലുന്നതാണ് റോസിലെ വിഷയം.) അടക്കം മധ്യകാലത്തും മറ്റും സെറ്റ് ചെയ്ത പ്രയാസം പിടിച്ച നോവലുകൾ എങ്ങനെ വിജയങ്ങളാവുന്നു എന്ന വോഗ് ലേഖകന്റെ ചോദ്യത്തിന് എക്കോയുടെ മറുപടി: ഇത് ഒരു സുന്ദരിയോട് എങ്ങനെയാണ് പുരുഷന്മാർ നിങ്ങളിൽ തല്പരരായിരിക്കുന്നത് എന്ന് ചോദിക്കുന്നത് പോലാണ്. ---------------------------- ഫൊക്കാൾട്ട്സ് പെൻഡുലം എന്ന നോവൽ രസമില്ലാത്തതും വാക്-കസർത്തുമാണെന്ന് റുഷ്ദി എഴുതി. റുഷ്ദിയോടൊപ്പം ഒരു മീറ്റിങ്ങ് പങ്കിട്ട എക്കോ അതേ നോവലിൽ നിന്നാണ് ഏതാനും ഭാഗം യോഗത്തിൽ വായിച്ചത്. അധ്യാപകനായിരുന്ന യൂണിവേഴ്സിറ്റി ഓവ് ബൊളോണ്യയിലെ വിദ്യാർത്ഥികളൊത്ത് പാതിരാത്രികളിൽ വില കുറഞ്ഞ വീഞ്ഞ് കഴിച്ചും രസിച്ചിരുന്നു, ആഴ്ച ദിവസങ്ങളിൽ പ്രഫസറും അവധി ദിവസങ്ങളിൽ എഴുത്തുകാരനുമായിരുന്ന എക്കോ. മുസ്സോളിനിയുടെ കാലത്ത് യുവ ഫാസിസ്റ്റുകൾക്കായി നടത്തിയ പ്രബന്ധ രചനയിൽ ഒന്നാമതെത്തിയ എക്കോ വളർന്നപ്പോൾ ഒരു കാത്തലിക് സംഘടനയുടെ നേതാവായി, തോമസ് അക്വിനാസിനെക്കുറിച്ച് തീസിസ് എഴുതി ഡോക്‌ടറേറ്റും നേടി. പിയൂസ് 12 മാർപ്പാപ്പയുടെ യാഥാസ്ഥിതികതയോട് കലഹിച്ച് സംഘടനയിൽ നിന്ന് രാജി വച്ചെങ്കിലും പള്ളി എന്നത്തേയും ഇഷ്ടവിഷയമായിരുന്നു. (പത്രത്തിൽ വായിച്ചത്)

Tuesday, February 9, 2016

'ദ റെവനന്റ്' (The Revenant)

സിനിമ കണ്ണിനുള്ളതാണെങ്കിൽ കാണേണ്ട സംഭവമാണ് 'ദ റെവനന്റ്'. ഓർത്ത് വെയ്ക്കാവുന്ന അഞ്ചെട്ട് പത്ത് സീനുകളുണ്ട് ഡികാപ്രിയോ താടി വച്ച് മൃതപ്പരുവമായി ജീവിതത്തിലേക്ക് തിരിച്ചുവരുന്നതായി കാണിക്കുന്ന 100 ശതമാനം സിനിമാറ്റിക് ആയ സിനിമയിൽ. 1. കരടി ആക്രമണം. 2. മഞ്ഞ് കാട്ടിൽ വെടിയേറ്റ് വീണ കുതിരയുടെ വയറ് കീറി ആന്തരികങ്ങൾ പുറത്തെടുത്തിട്ട് ഉള്ളിൽ കയറിക്കിടക്കുന്ന ഡികാപ്രിയോ. (പിറ്റേന്ന് രാവിലെ ഐസ് കൊണ്ട് പാതി മൂടിപ്പോയ തോൽ പൊട്ടിച്ചാണ് അയാൾ പുറത്ത് വരുന്നത്.) 3. മഞ്ഞ് കാട്ടിൽ നായകനെ എതിരാളികൾ പിന്തുടരുകയാണ്. എല്ലാവരും കുതിരപ്പുറത്ത്. മഞ്ഞിലൂടെ ഓടിയ കാമറ പൊടുന്നനെ കാണുന്നത് പൈൻ മരങ്ങൾ അങ്ങ് താഴെയായി നിൽക്കുന്ന അഗാധ താഴ്‌വര. ഒരു സൂചികാഗ്ര മരത്തിലേക്ക് നിപതിക്കുന്ന കുതിരയും നായകനും. മരം ഒന്നുലഞ്ഞു. 4. കരടി കഴുത്തിൽ കടിച്ച മുറിവുണക്കാൻ വെടിമരുന്ന് (?) ആ മുറിവിലിട്ട് തീ കൊടുക്കുന്നത്. 5. ചത്ത കാട്ടുപോത്തിന്റെ വയർ തുരന്ന് ഇന്ത്യനോടൊപ്പം പച്ചയിറച്ചി കഴിക്കുന്നത്...
പിന്നെയും ഒരുപാട് സീനുകൾ. മൃതദേഹം തൂങ്ങിയാടുന്നതും, ബലാൽക്കാരം ചെയ്തവന്റെ ബോൾ മുറിക്കുന്നതും ഒക്കെ വെറും സാധാരണ കാഴ്ചകൾ. അച്ഛൻ-മകൻ ബന്ധം, വെറുപ്പ്, പ്രതികാരം ഒക്കെയാണ് മൂലകഥ. അത് സെറ്റ് ചെയ്തിരിക്കുന്നത് അത്യധികം സൌന്ദര്യവും ഭീതിയും ഉണർത്തുന്ന മഞ്ഞുമലകളിലും കുത്തൊഴുക്ക് നദികളിലും മറ്റും. അതിജീവനം ഏത് ദുർഘടാവസ്ഥയിലും സാധ്യമാവുന്ന ജീവിതത്തിന്റെ അപാരത! അത് ഇത്രയും മനോഹാരിതയോടെ കണ്ടിട്ടില്ല.
സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ എന്റെ ഭാര്യ ക്ലൈമാക്സ് കൃത്യമായി പ്രവചിച്ചു. അത്തരം പ്രെഡിക്റ്റബിലിറ്റി ഈ സിനിമയുടെ ദോഷമായി കാണുന്നില്ല. ക്ലൈമാക്സിലെ ട്വിസ്റ്റ് കൊണ്ട് ഞെട്ടിക്കാനല്ല സംവിധായകൻ ഇന്നാരിറ്റുവിന്റെ ഉദ്ദേശം. ഞെട്ടൽ നമുക്ക് തുടക്കം മുതലേ ഉണ്ട്. ഞാൻ ഒരുപാട് തവണ വായും പൊളിച്ചിരുന്നു. എനിക്ക് പക്ഷെ ഇഷ്ടപ്പെടാതിരുന്ന സീൻ ഒന്നേയുള്ളൂ: ഡികാപ്രിയോയുടെ കഥാപാത്രം അയാളുടെ മരിച്ചു പോയ നേറ്റീവ് ഇന്ത്യൻ ഭാര്യയെ ഓർക്കുന്ന ഒന്ന്. അവൾ ആകാശത്ത് കിടക്കുന്നു, ഭൂമിയിലേക്ക് നോക്കി. അത് പൂർണ ചന്ദ്രനിലെ ഒരേയൊരു കറുത്ത പൊട്ടാണ്.

Saturday, February 6, 2016

കാത്തലിക്ക് 'സ്‌പോട്ട്‌ലൈറ്റ്'.

2002-ൽ ബോസ്‌റ്റൺ ഗ്‌ളോബ് ദിനപ്പത്രം അപകീർത്തിപരമായ ഒരു വിഷയത്തെക്കുറിച്ച് 600 ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. ബോസ്‌റ്റണിലെ 87 കത്തോലിക്ക പുരോഹിതർ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുള്ളവരാണെന്നും അതെക്കുറിച്ച് കർദ്ദിനാളിന് വിവരമുണ്ടായിട്ടും പുരോഹിതരെ ഔദ്യോഗിക രേഖകളില്‍ സിക്ക് ലീവ് എന്ന് കാണിച്ച് കൌൺസിലിങ്ങുകളിലും സ്ഥലം മാറ്റലുകളിലും സംഭവമൊതുക്കി എന്നതായിരുന്നു വിഷയം. കർദ്ദിനാള്‍ രാജി വച്ചു. പിന്നെ പൊങ്ങിയത് റോമിലെ ഒരു ബസിലിക്കയിലാണ്. ബോസ്‌റ്റൺ ഗ്‌ളോബിലെ സ്‌പോട്ട്‌ലൈറ്റ് എന്ന ഇൻവെസ്‌റ്റിഗെയ്‌ഷൻ ടീമാണ് പീഡിതരെ കണ്ടും കേട്ടും ആ വാർത്ത തയ്യാറാക്കിയത്. ളോഹയിട്ട പ്രതികള്‍ 249; ഇരകള്‍ ആയിരത്തിൽപരം. ഗ്‌ളോബിന് പിറ്റേ വര്‍ഷം പുലിറ്റ്‌സർ കിട്ടി. പത്രപ്രവർത്തന ചരിത്രത്തില്‍ തങ്കലിപികളിലെഴുതേണ്ട ആ അന്വേഷണത്മക പ്രവർത്തനം ഇപ്പോള്‍ സിൽവർ സ്‌ക്രീനില്‍ ആയിരിക്കുന്നു. കാത്തലിക്ക് പശ്ചാത്തലമുള്ള ടോം മക്‌കാർത്തി സംവിധാനം ചെയ്ത സ്‌പോട്ട്‌ലൈറ്റ്. ------------------------------------------------------------------------------------- ഒരു വിവാദ വിഷയത്തിന് പിന്നാലെ പോകുന്നതായാണ് സിനിമാഗതി. ഡോക്യുമെന്ററിയുടെയും ഫീച്ചറിന്റെയും ഇടയ്ക്ക് നില്‍ക്കുന്ന ട്രീറ്റ്‌മെന്റ്. പുറന്തോട് പൊളിച്ച് പൊളിച്ച് സത്യം പുറത്ത് കൊണ്ടു വരിക എന്ന ഫോക്കസിനേക്കാൾ വിഷയം തന്നെ പൊന്തി നിൽക്കുന്നതാകയാല്‍ അതാവും ചിത്രത്തിന്റെ ഹൈലൈറ്റ്. ഇരകളില്‍ ഒരാള്‍ പറയുന്ന കാര്യമുണ്ട്: പാവപ്പെട്ട കുട്ടികളെയാണ് പുരോഹിതര്‍ നോട്ടമിടുക. ശിഥില കുടുംബമാവും. ഒരു അച്ചന്റെ പരിലാളനയ്ക്ക് വിലയേറെയാണ്. അടുത്തിടപഴുകുന്ന അവസരങ്ങള്‍ ഉണ്ടാവും. പിന്നെ ഒരു പോൺ മാഗസിന്‍ കൊടുക്കും. പൊട്ടിക്കാനാവാത്ത വിധം വലയിലായി. ഇരകള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും പരാതിപ്പെടില്ല. പരാതിപ്പെടുന്നവരെ പള്ളി നഷ്‌ടപരിഹാരം കൊടുത്ത്, വിവരം ലീക്ക് ചെയ്യാതെ സൂക്ഷിച്ചിട്ടുണ്ട്. സ്‌പോട്ട്‌ലൈറ്റ് ടീം വക്കീലന്‍മാരെയും ഇന്‍റര്‍വ്യൂ ചെയ്യുന്നുണ്ട്. അവര്‍ മിണ്ടില്ല. ബോസ്‌റ്റണിലെ പൌര പ്രമുഖര്‍ പറയും, ശരിയാണ്. പക്ഷെ, പള്ളി എത്രയോ സേവനങ്ങള്‍ ചെയ്യുന്നു! -------------------------------------------------------------------- പത്രമോഫീസില്‍ ടീമിനകത്തും ഉരസലുകള്‍ ഉണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഗ്‌ളോബിന് വിവരം കിട്ടിയിരുന്നു. അത് പത്രം തന്നെ മുക്കി. സിനിമ തുടങ്ങുമ്പോള്‍ ബോസ്‌റ്റൺകാരനല്ലാത്ത എഡിറ്റർ ചാർജെടുക്കുകയാണ്. അയാള്‍ 'ഒറ്റയ്ക്ക് നിന്ന്' അന്വേഷണത്തിന് പച്ചക്കൊടി കാട്ടുന്നു. പിന്നെ സിനിമ കാണുന്ന നമുക്കും സമയമില്ല. ഫോൺവിളികള്‍, കൂടിക്കാഴ്‌ച്ചകൾ, ചർച്ച... സ്വകാര്യ നിമിഷങ്ങൾ? എവിടെ നേരം? ഇത് സ്വകാര്യതകളുടെ ആഘോഷമല്ല. കാഴ്‌ചയുടെ ഉല്‍സവവുമല്ല. പരസ്യമായിക്കഴിഞ്ഞ ഒരു സ്വകാര്യത്തിന്‍റെ നേരാണ്. ളോഹാപീഡനം റിപ്പോർട്ട് ചെയ്യപ്പെട്ട ലോകത്തെ സ്ഥലങ്ങള്‍ സിനിമയ്ക്കൊടുവില്‍ പട്ടിക ചെയ്തിട്ടുണ്ട്. അതില്‍ നമ്മുടെ ഒല്ലൂരും.

Monday, February 1, 2016

മനോജ് കുറൂരിന്റെ 'നിലം പൂത്തു മലർന്ന നാൾ'

മനോജ് കുറൂരിന്റെ 'നിലം പൂത്തു മലർന്ന നാൾ' വായിച്ച് രണ്ടായിരം വർഷം പിന്നോട്ട് പോയി കാട്ടുപച്ചയിലും നാട്ടുവഴികളിലും ഇഷ്ടിക നിറമുള്ള - എന്തോ എനിക്കങ്ങനെ തോന്നി - മനുഷ്യർ യാത്ര പോകുന്നതും നോക്കിയിരിക്കയാണ് ഞാൻ. ഇപ്പോൾ  ഇന്റർനെറ്റിനു മുന്നിലിരിക്കുമ്പൊഴും  പഴം-മലയാളത്തിൽ മുങ്ങാംകുഴിയിട്ട്  കര തീണ്ടിയിട്ടില്ല. ജല്ലിക്കെട്ട് തിമിർത്താടുന്ന   ഉൾത്തമിഴ്നാട്ടിലെവിടെയോ  നടന്നിരിക്കാം എന്ന് വിചാരിച്ച്  തുടങ്ങിയ ചരിത്ര-ഭാവനാ-മിത്ത് സംഘ വായനയുടെ ഇടയിൽ  ഏഴിമലയും പാലക്കാടും കൊടുങ്ങല്ലൂരും അടങ്ങുന്ന മലയാള നാട്ടിലുമാണല്ലോ നിലം പൂത്ത് മലരുന്നത് എന്ന് വിശ്വസിക്കാനാവാതെ ഇരുന്നു. അതിനും മാത്രം മലയാളവും നാടും മാറിപ്പോയിരിക്കുന്നല്ലോ. അതിർത്തികൾ പലത് ഭേദിക്കുന്ന 200-പേജ് വായനയാണിത്. 


പാട്ടും ആട്ടവും മാത്രമറിയുന്ന പാണരും കൂത്തരും അടങ്ങുന്ന സംഘം യാത്ര തുടങ്ങുമ്പോൾ ഒപ്പം കൂടേണ്ടി വരും. പരിചയമില്ലാത്ത വായനാവഴി ഒരു  കല്ലേറ്-ദൂരം കഴിയുമ്പോൾ ശരിയാവും. സംഘത്തിൽ കൊലുമ്പൻ പാണനുണ്ട്,   മകൾ ചിത്തിരയുണ്ട്, അവരുടെ ഓർമ്മകളിൽ മകൻ മയിലനുണ്ട്. ഈ മൂവരുടെ കാഴ്ച്ചപ്പാടിൽ മൂന്ന് ഭാഗങ്ങളിലായുള്ള നോവൽ,  ചരിത്രം മാർജിന് പുറത്ത് നിർത്തിയ സാധാരണ മനുഷ്യരെ - ഇരപ്പർ  - ക്കുറിച്ചാണ്. അന്ന് - ഇന്നത്തെപ്പോലെ - കുറച്ച് കാര്യങ്ങളേയുള്ളൂ. അതിജീവനം, പ്രണയം, ചതി, ഒറ്റ്, കരുണ, ആശ-നിരാശകൾ. പിന്നെ പട്ടിണി.  വറുതിക്കറുതി വേണം. അതുകൊണ്ട് യാത്ര. നോവൽ അവസാനിക്കുന്നതും അങ്ങനെതന്നെ.

കഥയെന്ന നിലയിൽ നഷ്ടപ്പെടലുകളുടെയും വീണ്ടെടുക്കലുകളുടെയും, ഇപ്പോൾ തുരുമ്പിച്ചെന്ന് തോന്നിക്കുന്ന കാര്യങ്ങളേ നോവലിന് പറയാനുള്ളൂ. അല്ലെങ്കിൽ മകീരൻ കുതിരപ്പുരത്തേറ്റി കൊണ്ടുപോയി പാർപ്പിച്ച ചിത്തിരയെ കൂടാതെ വേറെ ഭാര്യയുള്ള ആളാണെന്നത് ഇപ്പൊ കഥയാണോ! അടർത്തി മാറ്റാവുന്ന അത്തരമൊരു  കഥയിലല്ല, നോവലിന്റെ കാര്യം. ഒരുപാട് കഥകളുള്ള ഒരുപാട് മനുഷ്യരെ ഒരു ദേശം വഹിക്കുന്നു എന്നത് പോലെ നോവലും. ചിത്തിര തൂങ്ങിച്ചാവാനോ ചിത്തിരയുടെ ആങ്ങള മയിലൻ കത്തിയെടുക്കാനോ മുതിരുന്നില്ല.  അവൾ അവ്വയാറിനൊപ്പം പാട്ട് പാടി നടന്ന് ജീവിക്കാമെന്ന് തീരുമാനിക്കുന്നു. മറിച്ചായിരുന്നേൽ  അവർ വീരചരമം പ്രാപിച്ച് ഹീറോപ്പട്ടം കിട്ടി ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളേ ആയേനെ. നോവൽ ഉദ്ദേശിക്കുന്നത് അവരുടെ സാധാരണത്വമാണ്. അതുവഴി ഒരു ദേശവും കാലവും അമരത്വം നേടുന്നതിനെക്കുറിച്ചാണ്. (വായനയിലെവിടെയോ ഒരു എംടി മണം? തോന്നിയതായിരിക്കും.)

യുദ്ധത്തിൽ തോറ്റ മന്നന്റെ പെണ്ണുങ്ങളുടെ മുടിയറുത്തു പിണച്ച വടം കൊണ്ട് ആനകളെ കെട്ടി വലിച്ചവൻ-മാരെക്കുറിച്ചുള്ള കഥകളൊക്കെയുണ്ട്. ചില കഥകൾ ഊക്കോടെ തിരിച്ചു വരും. വറുതി മാറ്റാനുള്ള  യാത്രക്കിടയിൽ  കൊലുമ്പനും സംഘവും  പോകുന്ന ഒരു കോവിലിലെ പ്രതിഷ്ഠയായ പെൺകുട്ടിയാണ് ഞാൻ എന്ന് ചിത്തിരയുടെ അനിയത്തി ചീര കളിവാക്ക് പറയുന്നു. പിന്നീട് ഒരു കോമരമായി ചീര തുള്ളും. കഥയുടെ കാറ്റ് തിരിച്ചു വിടുകയും ചെയ്യും. 

ഇളവേൽക്കുക എന്ന വാക്ക്  ആവർത്തിക്കുന്നതൊഴിച്ചാൽ മനോജ് കുറൂർ എന്ന കവിയുടെ ആദ്യനോവലിൽ റൊമന്റിസിസത്തിന്റെ വാക്ക്പ്പെയ്ത്താണ്. സംസ്കൃതം സംബന്ധം ചെയ്യാത്ത  മലയാള വാക്കുകളുടെ കാട്ടുമഴ!   തലയ്ക്ക് കീഴിൽ കൈവച്ച് നിവർന്ന് കിടന്നുറങ്ങുന്ന പെൺകൊടിയെപ്പോലെയുള്ള പുൽമേടുകളും മലയ്ക്ക് താഴെ ആളുകൾക്കും പാർക്കാവുന്ന കല്ലളകളും നിറഞ്ഞ യാത്രയിൽ  മറ്റാരുമില്ലാത്ത ഒരു കടൽക്കര യാത്രക്കാരുടെ  ഉള്ളിലെ തിരയടിയലിൽ നനയുന്ന കാഴ്ചകളുമുണ്ട്. കാലം നടത്തുന്ന തീക്കളികളിലെ കരുക്കളാവേണ്ടി വരുന്ന സാധാരണരാണ് നിലത്ത് പൂത്ത് മലരുന്നത്. ഒപ്പം ഭാഷയും. കുഴിച്ചാൽ ഇനിയുമെന്തെങ്കിലുമൊക്കെ മലർന്ന് പൂത്തുലയുമായിരിക്കും.

Blog Archive