Search This Blog

Tuesday, December 31, 2013

ബോസ് കൃഷ്‌ണമാചാരി പറഞ്ഞത്


കൊച്ചി-മുസിരിസ് ബിയനാലെ-2014 ഡിസംബര്‍ 12-ന് തുടങ്ങും. മൂന്ന് മാസത്തേക്കാണ്. വേദികള്‍ നിശ്‌ചയിച്ചു വരുന്നു. ജിതിഷ് കല്ലാട്ട് ആണ് പുതിയ ക്യുറേറ്റര്‍. ഇന്ത്യയില്‍ മികച്ച ക്യുറേറ്റര്‍മാര്‍ കുറവാണ്. ചിത്രകലാ മ്യൂസിയത്തിനും മറ്റും ഗവ. ഭാഗത്ത് നിന്നും കിട്ടുന്ന പ്രോല്‍സാഹനവും കുറവ്. ചൈനയില്‍ 2011-ല്‍ മാത്രം 390 മ്യൂസിയം തുറന്നു. വെനീസ് ബിയെനാലെക്ക് സ്ഥിരം വേദികളുണ്ട്. സൌത്ത് കൊറിയ ബിയെനാലെക്ക് 13 മില്യണ്‍ ഡോളറാണ് ചിലവ്. കൊച്ചി ബിയെനാലെക്ക് പതിനാറര കോടിയോളം ചിലവായി. അത് ഓണ്‍ഗോയിങ് ആണല്ലൊ. ഇപ്പോഴും ശമ്പളം കൊടുത്തു കൊണ്ടിരിക്കുന്നു. കഴിഞ്ഞ ബിയെനാലെ കഴിഞ്ഞപ്പഴേ തുടങ്ങിയതാണ് അടുത്തതിന്‍റെ ആലോചന. പുതിയതിന് 20 കോടിയാണ് പ്രതീക്ഷിക്കുന്ന ചിലവ്. കഴിഞ്ഞതിന് സര്‍ക്കാര്‍ 9 കോടി തന്നു. ബാക്കി ഡച്ച്, പോര്‍ച്ചുഗീസ് എംബസികള്‍ സഹായിച്ചിട്ടുണ്ട്. ഞാനും റിയാസും രണ്ടര കോടിയോളം സംഭാവന ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ പണം അമിതമായി ഉപയോഗിച്ചു, മദ്യത്തിനായി ചിലവിട്ടു എന്നൊക്കെ ആരോപിക്കുന്നവര്‍ ലോകം കാണാതെയാണ് സംസാരിക്കുന്നത്. വിമര്‍ശനങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ സുഹൃത്തായിരുന്ന വിജു വി നായരുടെ ആരോപണങ്ങള്‍ വേദനിപ്പിച്ചു. എന്നോട് ഒരു വാക്ക് പോലും അന്വേഷിക്കാതെയാണ് വിവാദലേഖനം പടച്ചത്. മറ്റു ചിലരും, ചിത്രകാരന്‍മാര്‍ ഉള്‍പ്പെടെ, വാസ്‌തവമറിയാതെ ആരോപണങ്ങള്‍ എഴുതി. ഞാന്‍ 255 കോടിയുടെ മാനനഷ്‌ടക്കേസ് കൊടുത്തു. മുംബയ് അഭിഭാഷകന്‍ ടോണി ജത്‌മലാനി വഴി. പിന്നെ പിന്‍മാറുകയായിരുന്നു. കൊച്ചി ബിയെനാലെ പ്രതീക്ഷിച്ചതിലും വിജയമായി. ഗൂഗ്‌ള്‍ ആര്‍ട്ട് പ്രൊജക്‌റ്റില്‍ ഇപ്പോള്‍ കൊച്ചി ബിയെനാലെയുടെ വിര്‍ച്വല്‍ ടൂര്‍ കാണാം. കെപിഎംജി എന്ന കണ്‍സല്‍ട്ടന്‍സി നടത്തിയ പഠനത്തില്‍ കൊച്ചി ബിയെനാലെ മൂലം ആരംഭിച്ച അനുബന്ധ വ്യവസായങ്ങളെക്കുറിച്ച് പരാമര്‍ശമുണ്ട്. കലൂരിലെ കഫേ പപ്പായ, കൊച്ചിയിലെ ബുദ്ധ ആര്‍ട്ട് ഗാലറി, ഇവര്‍ നടത്തുന്ന ചര്‍ച്ചകള്‍, എക്‌സിബിഷനുകള്‍ ഇതൊക്കെ റിപ്പ്‌ള്‍ ഇഫക്‌റ്റുകളാണ്. ഞാന്‍ കൊച്ചിയില്‍ പോയാല്‍ ആളുകള്‍ ചോദിക്കും എന്നാണ് അടുത്ത ബിനാലെ? എന്നെ ബിനാലെ എന്നാണ് ആളുകള്‍ റോഡില്‍ കണ്ടാല്‍ വിളിക്കുന്നത്. ക്യുറേറ്റര്‍ സുമന്‍ ഗോപിനാഥ് ഷാര്‍ജ ബിയെനിയലിന് പോയപ്പോള്‍ ടാക്‌സി ഡ്രൈവര്‍ ചോദിച്ചു: കൊച്ചി ബിയെനാലെ കണ്ടോ? 2010-ല്‍ ചിത്രകാരന്‍മാരുടെ വര്‍ക്കുകള്‍ ചാരിറ്റിക്കായി ലേലം ചെയ്യാന്‍ പറ്റുന്ന സാധ്യതയന്വേഷിച്ച് എം എ ബേബി സര്‍ മുംബയില്‍, ബോറിവലിയില്‍ എന്‍റെ വീട്ടില്‍, ഞാനും റിയാസുമായി ചര്‍ച്ച ചെയ്തു. പ്രൊപോസല്‍ ഡല്‍ഹിക്ക് പോയപ്പോള്‍ കെവി തോമസ് എംപി താല്‍പര്യമെടുത്തു. സര്‍ക്കാര്‍ സമിതി കേരളത്തില്‍ വന്ന് അന്വേഷിച്ചാണ് പദ്ധതി മുന്നോട്ട് പോയത്. അത് വിജയച്ചതില്‍ സന്തോഷം. മുംബയ് ആണ് എന്നെ മാറ്റിയത്. ആശാരി കുടുംബത്തില്‍ ജനിച്ചതിനാല്‍ വര കൈമുതലായി ഉണ്ടായിരുന്നു. ബോസ് കൃഷ്‌ണനാചാരി എന്നാണ് പേര്, വേണ്ടത്. പാസ്‌പോര്‍ട്ടില്‍ ചെമ്പകശേരി കൃഷ്‌ണന്‍ ബോസ് എന്നാണ്. അങ്കമാലിക്കടുത്ത് മങ്ങാട്ടുകരയാണ് സ്വദേശം. 38 വയസില്‍ കല്യാണം കഴിച്ചു. മക്കള്‍ ആര്യന്‍ (10), കണ്ണകി (7). http://news.kuwaittimes.net/beyond-biennale-bose-krishnamachary-art-life/

Tuesday, December 3, 2013

പെണ്ണുങ്ങള്‍ അവിടെത്തന്നെ നില്പുണ്ട്

വൈറ്റ് ഗേള്‍സ് എന്നൊരു പുതിയ പുസ്തകത്തില്‍ എഴുത്തുകാരന്‍ ഹില്‍ട്ടന്‍ ആല്‍സ് കറുത്തവര്‍ഗ്ഗക്കാരായ പുരുഷന്മാരുടെ ഹരമായ, ഏതാണ്ട് കിട്ടാക്കനിയായ വെള്ളക്കാരി പെണ്‍കുട്ടികളെക്കുറിച്ച് പറയുന്നു: കറുത്തവന്മാര്‍ വെള്ളക്കാരികളെ വെറുക്കുകയും ആരാധിക്കുകയും ചെയ്യുന്നു; പരിഹസിക്കുകയും അനുകരിക്കുകയും ചെയ്യുന്നു; അവരാല്‍ അവഗണിക്കപ്പെടുമ്പോഴും ചിലര്‍ക്കെങ്കിലും ആശ്രയമാവുകയും ചെയ്യുന്നു. വെള്ളക്കാരി എന്നു പറയുന്നത് ഒരു മാനസികാവസ്ഥ പോലുമാണ്. നോക്കുക, നമ്മുടെ ശ്രേഷ്ഠമലയാളത്തിലും പെണ്ണെഴുത്ത് വയസ്സറിയിച്ചെങ്കിലും സ്ത്രീയും സ്ത്രൈണതയും ഇപ്പോഴും വസ്തുവും വിഷയവും പാത്രവുമൊക്കെയാണ്. വൈറ്റ് ഗേള്‍സില്‍ ദൃഷ്ടി - ആംഗ്‌ള്‍ - പുരുഷാധീശത്വത്തിന്റേതാണെങ്കിലും സ്ത്രീയെ ഫ്രെയിം ചെയ്യുന്നതില്‍ ആത്മാര്‍ത്ഥതയുണ്ട്. ഭൂമിമലയാളത്തില്‍ സ്ത്രീകള്‍ താപമോ സഹതാപമോ അര്‍ഹിക്കുന്നവരും എന്നാല്‍ നമ്മുടെ പരിധിക്ക് പുറത്ത് ദയയോ പരിഗണനയോ അര്‍ഹിക്കാത്തവരായി തുടരുകയും ചെയ്യുന്നു. നമ്മുടെതന്നെ പതിനെട്ടാം നൂറ്റാണ്ട് നിര്‍വ്വചനങ്ങള്‍ സ്ത്രീകളില്‍ പ്രോജക്റ്റ് ചെയ്ത് നമ്മള്‍ അവരെ കൊണ്ടാടിക്കളയും. അതുകൊണ്ട് മോഹന്‍ലാല്‍ 'അമ്മയെ' ദര്‍ശിക്കുന്നതിന്റേയും, വിധേയനാവുന്നതിന്റെയും, അനുഗൃഹീതനാവുന്നതിന്റെയും ചിത്രണങ്ങള്‍ നമുക്ക് പാഠങ്ങളാകുന്നു. പുനത്തിലാന്‍ ദേവദാസിയെ ഇന്റര്‍വ്യൂ ചെയ്യുന്നത് പൂജനീയമാവുന്നു. ഈറ്റ്, പ്രേ, ലവ് എന്ന പുസ്തകത്തിനും ചലച്ചിത്രത്തിനും ശേഷം അതെഴുതിയ എലിസബത്ത് ഗില്‍ബര്‍ട്ടിന്റെ ന്യൂയോര്‍ക്ക് ടൈംസ് അഭിമുഖത്തില്‍ കലയിലും ശാസ്ത്രത്തിലും മറ്റും മടിച്ചുനിന്ന വനിതകളെ ചരിത്രത്തില്‍ നിന്നും കൈപിടിച്ചിറക്കുന്നുണ്ട്. മാംസഭോജനപ്രകൃതമുള്ള ചെടികളെക്കുറിച്ച് ഡാര്‍വിന്‍ സംശയനിവാരണം നടത്തിയിരുന്ന മേരി ട്രീറ്റ് അതിലൊരാളാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ സ്ത്രീകള്‍ സയന്‍സില്‍ എടുത്ത താല്പര്യങ്ങള്‍ സസ്യശാസ്ത്രത്തില്‍ മാത്രമായിരുന്നു. അതെന്തുകൊണ്ടായിരുന്നു? പൂക്കളും പൂന്തോട്ടവുമൊക്കെയായി ചുറ്റിപ്പറ്റിയായിരുന്നു സ്ത്രീജീവിതം. അവരില്‍ കുട്ടികളില്ലാത്തവര്‍ക്ക്, സമ്പത്തിന്റെയും കുലീനത്വത്തിന്റെയും അനുഗ്രഹങ്ങളാലും, അടുക്കളയില്‍ നിന്നും പൂന്തോട്ടംവരെയെങ്കിലും വരാന്‍ സാധിച്ചു. ഇംഗ്ലണ്ടിലെ റോയല്‍ സൊസൈറ്റിയിലോ അമേരിക്കന്‍ ഫിലസോഫിക്കല്‍ സൊസൈറ്റിയിലോ സ്ത്രീകള്‍ക്ക് സ്വാഗതമുണ്ടായിരുന്നില്ല. പെണ്ണുങ്ങള്‍ കൈയാളി ചെളിപുരണ്ടതിനാലാവും, സസ്യശാസ്ത്രം ശാസ്ത്രമാണോ എന്നുറക്കെ ചോദിച്ച ശാസ്ത്രജ്ഞന്മാരുണ്ട്. പക്ഷെ ചില സ്ത്രീകള്‍ ‍ നിശ്ശബ്ദം ഗവേഷണങ്ങളില്‍ മുഴുകി, പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു. പെണ്ണായിപ്പോയതുകൊണ്ട് പുരുഷസമൂഹം തങ്ങള്‍ ഗൌരവബുദ്ധ്യാ ചെയ്ത കാര്യങ്ങള്‍ - ശാസ്ത്രത്തിലും കലയിലും നടത്തിയ പര്യവേക്ഷണങ്ങള്‍ - പിന്തള്ളുമോ എന്ന ഭയത്താല്‍ പുറത്ത് പറയാനും മടിച്ചു. അതിനാല്‍ കറതീര്‍ന്ന കാര്യങ്ങളേ സ്ത്രീസ്രഷ്ടാക്കളില്‍നിന്നും ചരിത്രത്തിന് ലഭിച്ചിട്ടുള്ളൂ. ബാക്കിയുള്ളവ പൂപ്പല്‍ പിടിച്ചു കിടന്നു, കിടക്കുന്നു. മലാലയുടെ പുസ്തകം - ഐ ആം മലാല - പാക്കിസ്ഥാനില്‍ നിരോധിച്ചിരിക്കുകയാണ്. ഒരു വെടിയേറിനിപ്പുറം നമ്മുടെ ഭാരതത്തില്‍ സ്ഥിതി വ്യത്യസ്തമല്ല. അപ്പോഴും വിദ്യ എന്നത് സ്ത്രീനാമമായി തുടരുകയും വിദ്യയുടെ അമ്മ സരസ്വതീദേവിയായി ആരാധിക്കപ്പെടുകയും ചെയ്യും. ജീവിതത്തില്‍ പെണ്‍കൈകള്‍ വെണ്‍ചാമരങ്ങളുടെ പിറകില്‍ അന്നുമുണ്ടാവും. http://chintha.com/node/148984

Blog Archive