Search This Blog

Tuesday, June 28, 2011

കെ ജെ ജോയ്: ജയന്‍കാലത്തെ ഇമ്പം

കെ ജെ ജോയ്: മലയാളസിനിമയുടെ ജയന്‍കാലത്തെ ഇമ്പം. എന്‍ സ്വരം പൂവിടും, അക്കരെ ഇക്കരെ നിന്നാലെങ്ങനെ തുടങ്ങി ഒരുപാട് ഹിറ്റുകള്‍. ശങ്കരാഭരണത്തില്‍ കെ വി മഹാദേവന് വേണ്ടി ഓര്‍ക്കെസ്‌ട്രേഷന്‍ നടത്തിയ അന്നത്തെ പ്രശസ്ത അക്കോര്‍ഡിയന്‍ വായനക്കാരന്‍. ദക്ഷിണേന്ത്യന്‍ ചലച്ചിത്ര സംഗീത രംഗത്തേക്ക് കീബോഡ് കൊണ്ടുവന്നതും ജോയ് ആയിരുന്നുവെന്ന് ദ ഹിന്ദുവിലെ പഴയൊരു ഫീച്ചറിലുണ്ട്. ശങ്കര്‍-ജയ്‌കിഷന്‍മാരില്‍ നിന്നും 1969ലാണ് ജോയ് യമഹ YC-30 വാങ്ങുന്നത്. ഹിന്ദി ചലച്ചിത്രഗാനങ്ങള്‍ക്കായി കീബോഡ് വായിച്ചിട്ടുമുണ്ട് ഈ തൃശൂര്‍ക്കാരന്‍.

ഹൃദയം മറന്നൂ നാണയത്തുട്ടിന്‍റെ കിരുകിരാ ശബ്ദത്തില്‍..(ചന്ദനച്ചോല), ആരാരോ ആരിരാരോ.. (ആരാധന), ഈ ജീവിതമൊരു പാരാവാരം.. (ഇവനെന്‍റെ പ്രിയപുത്രന്‍), രാധാ ഗീതഗോവിന്ദ രാധ.. (ലിസ), ആഴിത്തിരമാലകള്‍.. (മുക്കുവനെ സ്‌നേഹിച്ച ഭൂതം), ഏഴാം മാളികമേലെ.., സ്വര്‍ണ്ണമീനിന്‍റെ ചേലൊത്ത കണ്ണാളെ.. (സര്‍പ്പം), കസ്‌തൂരിമാന്‍മിഴി
മലര്‍ശരമെയ്തു.., അജന്താശില്‍പ്പങ്ങളില്‍.. (മനുഷ്യമൃഗം), കുറുമൊഴീ കൂന്തലില്‍.. (പപ്പു), കാലിത്തൊഴുത്തില്‍ പിറന്നവനേ.., മറഞ്ഞിരുന്നാലും. (സായൂജ്യം), തെച്ചിപ്പൂവേ മിഴി തുറക്കൂ.. (ഹൃദയം പാടുന്നു), എവിടെയോ കളഞ്ഞു പോയ കൌമാരം..(ശക്തി), ബിന്ദു നീയാനന്ദ ബിന്ദു (ചന്ദനച്ചോല), നീലയമുനേ.., പരിപ്പുവട..(സ്‌നേഹയമുന), കടലിലെ പൊന്‍മീനോ... (ചന്ദ്രഹാസം).... ഡോ ബാലകൃഷ്ണന്‍ രചിച്ച മണിയാന്‍ ചെട്ടിക്ക് മണി മിഠായി എന്ന ഹാസ്യഗാനം, എസ് പി ബാലസുബ്രമഹ്ണ്യം ആലപിച്ച മധുമൊഴിയോ.. (നിഴല്‍യുദ്ധം), പി ഭാസ്‌ക്കരന്‍റെ ചീകിത്തിരുകിയ പീലിത്തിരുമുടി ആകെ അഴിഞ്ചിതെടി കുറത്തി.. (ഒന്നാംപ്രതി ഒളിവില്‍)....

ഇരുന്നൂറോളം ജോയ്‌ഗാനങ്ങളില്‍ ഏറെയും വന്‍ഹിറ്റുകളായിരുന്നു. അവയില്‍ പലതും ഇപ്പോഴും പലരുടെയും ഓര്‍മ്മകളിലുണ്ടെങ്കിലും ജോയ് അത്ര അറിയപ്പെടാതെ പോയി. മോഹന്‍ലാലിന്‍റെ മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു തുടങ്ങിയ ചിത്രങ്ങളില്‍ സഹകരിച്ചെങ്കിലും പുതിയ കാലത്തെ മാല്‍സര്യത്തില്‍ ജോയിക്ക് മാറി നില്‍ക്കേണ്ടി വന്നു എന്ന് തോന്നുന്നു.

Wednesday, June 15, 2011

മുറിപ്പെടുത്തുന്ന ആര്‍ട്ട്
കൈ ഇല്ലാത്ത ഒരാള്‍ നഗ്‌നമായ ഒരു മനുഷ്യശരീരത്തെ പുണരുന്നത്; ഒരുമിച്ച് അവര്‍ ഒറ്റശരീരമായി കാണപ്പെടുന്നത്; എല്ലുകളുടെ ബലക്ഷയത്താല്‍ മരിച്ചുകൊണ്ടിരിക്കുന്ന ഒരു സ്‌ത്രീ വേദനയെക്കുറിച്ച് അവരുടെ കിടക്കയില്‍ കിടന്നു കൊണ്ട് പറയുന്നത്; അപകടത്തിലും മറ്റും ശരീരാവയവങ്ങള്‍ നഷ്‌ടപ്പെട്ടവര്‍ കഥാപാത്രങ്ങളാവുന്ന പോളിഷ് ആര്‍ട്ടിസ്‌റ്റ് ആര്‍തര്‍ ജിമിയേവ്‌സ്‌കിയുടെ കണ്ണിന് പകരം കണ്ണ് (An Eye for an Eye) എന്ന പഴയ ഒരു പത്ത് മിനിറ്റ് വീഡിയോയില്‍ നിന്ന്. (picture courtesy: newsweek)

ജിമിയേവ്‌സ്‌കിയുടെ ഒരു ഇന്‍റര്‍വ്യൂ ലിങ്ക്: http://www.mefeedia.com/watch/31048212

Thursday, June 9, 2011

കരുണാകരന്‍റെ ബൈസിക്കിള്‍ തീഫില്‍

http://chintha.com/node/108602
ഓര്‍മ്മകളില്‍ കഥകളുടെ പെയ്‌ത്ത്

ക്രിസ്‌മസ് ദിനത്തില്‍ ഒരു കുരിശിന് ചുവട്ടില്‍ ശീര്‍ഷാസനം ചെയ്യുന്ന ജോണ്‍. മുകളില്‍ യേശു കൈ വിരിച്ച്; താഴെ, ഭൂമിയില്‍, അത് പൂരിപ്പിക്കാനെന്നോണം ജോണ്‍. ഓര്‍മ്മകളുടെ 'വഴി കണ്ടുപിടിക്കാമോ' കളിയാണ് കരുണാകരന്‍റെ ബൈസിക്കിള്‍ തീഫില്‍ പേജ് ഒന്നു മുതല്‍ 120 വരെയും അതിനപ്പുറവും. പൊടുന്നനെ അപ്രതീക്ഷിതമായി സംഭവിക്കുന്ന സൌന്ദര്യങ്ങളുടെ - നുണകളുടെ - കെട്ടുപണിയലുകള്‍ പ്രദേശമാക്കിയ കഥാലോകത്ത് സിനിമാക്കൊട്ടകയുടെ ഓലകള്‍ കടലിനടിയിലെ ഓളങ്ങള്‍ പോലെ ഇളകും, ഉച്ചത്തില്‍ പാടും. അല്ലെങ്കില്‍ നോവലിലെ കഥപറച്ചിലുകാരന്‍ ജോണിന്‍റെ പാതി ഉറക്കത്തിലായ കഥകളെപ്പോലെ മുന്നറിയിപ്പുകളില്ലാതെ ഉറങ്ങാന്‍ പോയി വായനക്കാരുടെ സ്വപ്‌നങ്ങളില്‍ പൂര്‍ത്തീകരിക്കപ്പെടും. ജോണിന്‍റെ ഭൂമിയില്‍ നില്‍ക്കാത്ത കഥകളിലെ അത്ഭുതരഹസ്യങ്ങള്‍ പിന്തുടര്‍ന്ന് നമുക്ക് കാട്ടിത്തരുന്നു ബൈസിക്കിള്‍ തീഫിന്‍റെ കഥാകാരന്‍. റബര്‍മരങ്ങളുടെ ഇടയിലൂടെ സൈക്കിളില്‍ കുന്നിറങ്ങുമ്പോഴത്തെപ്പോലൊരു ആഹ്‌ളാദം ഈ വായന പകര്‍ന്നേക്കും. വൈകാരികതയും ഭാവനയും സൂക്ഷ്മം പണിതീര്‍ത്ത ആ വഴി ഒട്ടൊക്കെ ഏറെക്കുറെ ആസാധ്യമാണെന്ന തോന്നലില്‍ കരുണാകരനിലെ ആയാസരഹിതനായ എഴുത്തുകാരന്‍ നമ്മെ വിസ്‌മയിപ്പിക്കുകയും ചെയ്യും.


എല്ലാ കാല്‍പനികതയോടെയും യുക്തിവാദിയായ ജോണ്‍, കല പോലെ തന്നെ ജീവിതം കെട്ടിച്ചമക്കുന്നതില്‍ വിശ്വസിച്ച, ആധുനികതയുടെ നേര്‍ച്ചക്കോഴിയായ ജോണ്‍, യുക്തിയുടെ അകമഴിഞ്ഞ ഭ്രമകല്‍പനകള്‍ നിറഞ്ഞ് കഥ തന്നെ ജീവിതമാക്കിയ ജോണ്‍ കഥ പുരണ്ട മനസുമായി സന്ദര്‍ശിക്കുന്ന വേളകള്‍ ആഘോഷമാക്കുന്ന ബൈസിക്കിള്‍ തീഫില്‍ എന്നാല്‍ ഒരു മലക്കം മറിച്ചിലുണ്ട്. അല്ലെങ്കില്‍ ജോണിന്‍റെ കഥ പറയുന്ന രാമു ഇങ്ങനെ പറയില്ല: 'കല ഭീരുക്കളുടെ താവളമാകുമ്പോള്‍ ജീവിതം ഉപ്പിട്ടോ മുളകിട്ടോ അവിടെ സൂക്ഷിക്കാന്‍ തുടങ്ങും. ജീവിതഗന്ധി എന്ന് നമ്മള്‍ പറഞ്ഞ എല്ലാ കലകളും അങ്ങനെ സൂക്ഷിക്കപ്പെട്ടതാണ്'. മുത്തുമണികള്‍ പൊഴിയുന്നതിനു ബദലായി ഓര്‍മകള്‍ ചിതറിത്തെറിച്ചു എന്നടയാളപ്പെടുത്തും ആധുനികതയുടെ റിബല്‍ എഴുത്ത്.

ആധുനികതയുടെ ഭാണ്ഡം മുഖത്തടിക്കുന്ന കാഴ്ചകള്‍ നിറയുമ്പോഴും ഈശ്വരഹിതമായ വരികളിലൂടെ (ഒരു കരുണാകര പ്രയോഗം) ബൈസിക്കിള്‍ തീഫ് കടന്നുപോകുന്നത് മനുഷ്യബന്ധങ്ങളെ ഇറുകെ പുണര്‍ന്നുകൊണ്ടാണ്. സിനിമാക്കാരനും അതിലേറെ കഥപറച്ചിലുകാരനുമായ ജോണ്‍, അവന്‍റെ കൂട്ടുകാര്‍ ദമ്പതികള്‍-രാമു, തങ്കം, അവരുടെ മകള്‍ ഷീല, അവളുടെ കൂട്ടുകാരന്‍ മറ്റൊരു ജോണ്‍, എന്നിങ്ങനെയുള്ളവരുടെ മനോവ്യാപാരം പകര്‍ത്തലില്‍ നിന്നും, ആധുനികതക്ക് മുന്‍പില്‍ ഉണ്ടായിരുന്ന ആദിമധ്യാന്തകഥനത്തില്‍ നിന്നും, തീഫ് ഉരുണ്ട് പോകുന്നു. ജോണ്‍ പറഞ്ഞ കഥയിലെ സിനിമാക്കൊട്ടകത്തിരശീലയില്‍ നിന്നും മന്ത്രവാദി‍ തട്ടിക്കൊണ്ടു വരുന്ന നടിയും മന്ത്രവാദിയുടെ ഭാര്യയും രാമു-തങ്കം-ജോണ്‍ ജീവിതങ്ങളിലേക്കും പടരുന്നത് ഭ്രമകല്‍പനസങ്കേതത്തേക്കാള്‍ കഥക്ക് ജീവിതവുമായുള്ള ബന്ധം എന്ന നിലക്കാവും.

സിനിമയിലെന്നപോലെ അഭിനയം ജീവിതമാകുന്ന അവസ്ഥ ബൈസിക്കിള്‍ തീഫിനെ ഒറ്റിക്കൊടുക്കുന്നുണ്ടോ എന്ന സന്ദേഹം നോവലിന്‍റെ മറുപാഠമാണ്. ഒരു കാലത്തിന്‍റെ കാമറാപകര്‍ത്തലാനെങ്കില്‍ക്കൂടി എന്തുകൊണ്ട് ആധുനികറിബല്‍-ജോണ്‍ അബ്രാഹം ബാന്ധവം എന്ന ചോദ്യം നോവലിന്‍റെ പരിമിതിയാകും. അത്ഭുദപ്പെടുത്തുന്ന ഭാവനയും മാറി നടക്കുന്ന ഭാഷയും ഹാര്‍ദ്ദവമായ ഓര്‍മകളും ഉണ്ടായിട്ടും കരുണാകരന്‍ തന്‍റെ നോവലിലെ സഞ്ചാരപഥം പരിമിതപ്പെടുത്തി എന്നും, എന്തിന് ഈ ഭാഷാപ്രേമി, അതുകൊണ്ടു തന്നെ, കണ്ണിലൂടെ പൊന്നീച്ച പറന്നു എന്നൊക്കെ ഉപയോഗിക്കുന്നു എന്നും വായനക്കിടെ ഓര്‍ക്കാതിരിക്കില്ല; അച്ചടിത്തെറ്റുകള്‍ തരുന്നയത്രയും സങ്കടത്തോടെയല്ലെങ്കിലും.

കെട്ടുകഥയായിട്ട് കൂടി എന്നത്തേക്കും സന്തോഷമായി ജീവിച്ചു എന്നതിലോ മരിച്ചു എന്നതിലോ ഈ നോവല്‍ അവസാനപേജുകളില്‍ അഭിരമിക്കുന്നില്ല. ഓര്‍മയിലേക്ക് ഓര്‍മയിലൂടെ നടത്തുന്ന സഞ്ചാരമായി അത് പരിണമിച്ചു കൊണ്ടേയിരിക്കുന്നു. ആശകളില്‍ നിന്നും ഓര്‍മയെ മോചിപ്പിച്ച സഞ്ചാരമായി.

Tuesday, June 7, 2011

ഏഷ്യ അമേരിക്കയുടെ കുപ്പായമിട്ടാല്‍..

അമേരിക്കയില്‍ ഒരു വര്‍ഷം വേണ്ടത് 90 ലക്ഷം പക്ഷിമാംസം. നാല്‍പത് വര്‍ഷത്തിന് ശേഷം ഏഷ്യ, കണക്കുപ്രകാരം, അമേരിക്കന്‍ സാമ്പത്തികസ്ഥിതിയിലെത്തുമെങ്കില്‍, അമേരിക്കന്‍ ജീവിതശൈലി അനുകരിക്കുമെങ്കില്‍ ഒരു വര്‍ഷം ഏഷ്യക്കായി വേണ്ട പക്ഷിമാംസം പന്തീരായിരം കോടി കവിയും. ഏഷ്യന്‍സ് വെജിറ്റേറിയന്‍സാണെന്ന് പറഞ്ഞാലും സുഭിക്ഷ ഭക്ഷണത്തിനുള്ള വക ഏഷ്യയിലുണ്ടാവുക സാമ്പത്തിക ചക്രത്തെ വീണ്ടും തിരിക്കും. അപ്പമുണ്ടായാലും തിന്നാന്‍ പറ്റാത്ത അവസ്ഥ വരാം. പത്ത് വര്‍ഷ മുന്‍പ് സ്വകാര്യവാഹനങ്ങള്‍ എന്നത് ചൈനയില്‍ അപൂര്‍വമായിരുന്നു. ഇപ്പോള്‍ വാഹന ഉപഭോഗത്തില്‍ ചൈന അമേരിക്കയെ ഓവര്‍ടേക്ക് ചെയ്തിരിക്കുകയാണ്. ഭൂമിയിലെ എണ്ണ കുടിച്ചു വറ്റിക്കുന്നതില്‍ ഇന്ത്യയും മോശമല്ലാത്ത പങ്ക് വഹിക്കും.

പറയുന്നത് ചന്ദ്രന്‍ നായര്‍, കണ്‍സംപ്‌ഷനോമിക്‌സ് എന്ന പുസ്തകമെഴുതി എങ്ങനെ ഏഷ്യക്ക് ക്യാപിറ്റലിസത്തെ പുനര്‍നിര്‍വചിക്കാനും ഭൂമിയെ രക്ഷിക്കാന്‍ കഴിയുമെന്നും സമര്‍ത്ഥിച്ച മലേഷ്യന്‍ മലയാളി.

അയ്യോ-എല്ലാം-തകര്‍ന്നു-വിചാരത്തിന് അപവാദങ്ങളുണ്ട്. ഇന്ത്യയിലെയും ചൈനയിലെയും ഗ്രാമവാസികള്‍ നഗരങ്ങളിലേക്ക് പ്രവഹിക്കാതെ ഗ്രാമ്യം തുടര്‍ന്നാല്‍ - വികസനം ഗ്രാമങ്ങളിലേക്ക് പോസിറ്റീവായ അര്‍ത്ഥത്തില്‍ വരും. പരിസ്ഥിതിയും കാര്‍ഷികരംഗവും ജീവന്‍ വെടിഞ്ഞേക്കില്ല. കാര്‍ബണ്‍ ബഹിര്‍ഗമന തോത് അനുസരിച്ച് വിലയീടാക്കുക, മണ്ണിനും വെള്ളത്തിനും ടാക്‌സ് ചുമത്തുക പോലുള്ള കാര്യങ്ങള്‍ സര്‍ക്കാരുകള്‍ ചെയ്താല്‍ ഏഷ്യക്ക് സാമ്പത്തിക ദുരവസ്ഥയെ ചെറുക്കാം.
ചലനാത്മകമായ ഉപഭോഗം നടക്കുന്ന സമൂഹത്തിലേ സാമ്പത്തികരംഗവും ചടുലമാകൂ എന്ന സങ്കല്‍പം മാറ്റണം. ഏഷ്യക്ക് വേണ്ടത് കണ്‍സ്‌ട്രെയ്‌ന്‍ഡ് കണ്‍സംപ്‌ഷനാണ്. പിശുക്കോ നിയന്ത്രണമോ അല്ല അത്. സുരക്ഷയെകരുതി ചെലവിന് മേല്‍നോട്ടം വഹിക്കുന്ന മനോഭാവമാണത്. നമ്മുടെ സ്രോതസുകളെ മറക്കാത്ത കരുതല്‍.

Thursday, June 2, 2011

ഷാജി എന്‍ കരുണിന്‍റെ ഗാഥയില്‍ മോഹന്‍ലാല്‍

കുട്ടിസ്രാങ്കിന് ശേഷം എം എഫ് ഹുസൈന്‍ സംവിധാനം ചെയ്യുന്ന ചിത്രം താമസിക്കുമെന്നതിനാല്‍ ഷാജി എന്‍ കരുണ്‍ റിലയന്‍സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രം ഒരുക്കുന്നു. ടി പദ്മനാഭന്‍റെ കടല്‍ അടിസ്ഥാനമാക്കി ഒരമ്മയുടെയും മകളുടെയും കഥയാണ് ഗാഥ‍. -ലെജെന്‍ഡ് എന്ന് സബ്‌ടൈറ്റില്‍-. ലഡാക്ക് പശ്ചാത്തലമാകുന്ന ചിത്രത്തില്‍ ഇളയരാജയുടെ സംഗീതം മുഖ്യഘടകമാണ്. ഭാഷയുടെ പരിമിതികളെ മറികടക്കുന്ന സംഗീതകാഴ്ചയാണ് ഗാഥയുടെ കാതല്‍. സിനിമക്കായി ഉപയോഗിക്കുന്ന ചലച്ചിത്രസംഗീതത്തെ യഥാര്‍ത്ഥസംഗീതമായി തെറ്റിദ്ധരിക്കുന്ന കാലത്തോട് ഷാജിയുടെ ചിത്രം സംവദിക്കുക പല മാനങ്ങളിലായിരിക്കും.

പിറവിയെ ഒരു രാജന്‍റെയും ഈച്ചരവാര്യരുടെയും കഥയായി നമ്മള്‍ ചുരുക്കി. മരണത്തിന് ശേഷമുള്ള സ്‌നേഹം, ലോകത്തെമ്പാടും നടക്കുന്ന അപ്രത്യക്ഷമാവലുകള്‍, കസ്‌റ്റഡി മരണങ്ങള്‍, നഷ്‌ടമായതിന് ശേഷം ഒരു വികാരത്തിന്‍റെ പ്രാധാന്യം പശ്ചാത്താപത്തോടെ മനസിലാക്കുന്നത് എന്നീ മാനങ്ങള്‍ പിറവിയില്‍ കാണാതിരുന്നത് അതിന്‍റെ രാജന്‍ ബന്ധം അതിനെത്തന്നെ പരിമിതപ്പെടുത്തിയത് കൊണ്ടാണ്. പിറവിയെന്നത് ഓരോ തിരിച്ചറിവുമാനെന്ന - അത് ഓരോ നിമിഷവും സംഭവിക്കാവുന്നതാണെന്ന തലത്തിലൊരു തിരിച്ചറിവ് ആ ചിത്രത്തെക്കുറിച്ചുണ്ടായില്ല. ഒരു മധ്യവര്‍ത്തി ആസ്വാദനത്തിനപ്പുറം പോകാന്‍ ആര്‍ക്കും നേരമില്ല. മീഡിയോക്രിറ്റി തന്നെ പെര്‍ഫക്‌ഷന്‍ ആവുന്ന അവസ്ഥ.

വേദന ഷാജിയെ സംബന്ധിച്ച്, ഏതൊരു മനുഷ്യനുമെന്ന പോലെ, സ്ഥായീഭാവമാണ്. കലയുടെ അടിസ്ഥാന ചേരുവ വേദനയാണെന്ന് ഷാജിക്ക് നല്ലപോലെയറിയാം. സമ്പദ്‌വ്യവസ്ഥ മനുഷ്യബന്ധങ്ങളില്‍ കൊണ്ടുവരുന്ന മാറ്റങ്ങള്‍ (അത് പ്രമേയമാക്കിയ ചിത്രമായിരുന്നു സ്വം), നമ്മുടെ വിദ്യാഭ്യാസം നമ്മെ ജീവിക്കാന്‍ പഠിപ്പിക്കാത്തത്, നാട്ടില്‍ കര്‍ഷകരില്ലാതെ പോകുന്നത്, ജലദൌര്‍ലഭ്യം.. ഇതൊക്കെ ഷാജിക്ക് വേദനകളാണ്. എന്ന് പറഞ്ഞ് താടിനീട്ടി, കുളിക്കാതെ തെണ്ടിനടക്കാന്‍ ഷാജിയെ കിട്ടില്ല. ഒരു കലാകാരന്‍ ഒരു പ്രശ്‌നം എളുപ്പം പരിഹരിക്കുന്നവനാണെന്ന ബോധ്യമാണ് ഷാജിക്കുള്ളത്. കലാകാരന്‍ കാലത്തിന് മുന്നേ നടക്കുന്നതിനാല്‍ ഒറ്റപ്പെടുമായിരിക്കും, ആളുകള്‍ വട്ട് എന്ന് ആക്ഷേപിക്കുമായിരിക്കും. അത് ഉള്ളിലൊതുക്കുക അഥവാ സ്വം എന്ന അവസ്ഥ കൈവരിക്കുക. തന്‍റേത് എന്നാണ് സ്വം. ആരോടും പറയാന്‍ പറ്റാത്തത്.

എം എഫ് ഹുസൈന്‍ ചെയ്യുന്ന ചിത്രം - മലയാളിയുടെ ഒറ്റമുണ്ട് സ്റ്റാച്യു ഒഫ് ലിബര്‍ട്ടിക്കും ചൈനയിലെ ഫൊര്‍ബിഡന്‍ സിറ്റിയിലും അങ്ങനെ പലയിടത്തും പ്രതിഷ്‌ഠിക്കുന്ന പുതിയ കാഴ്ച - കൂടാതെ ഹരിഹരന്‍റെ രണ്ടാമൂഴത്തിലും ഷാജി എന്ന കാഴ്ചക്കാരനെ കാണാം. ഭാഷയുടെ മതിലുകളെ തന്‍റേതായ രീതിയില്‍ പുനര്‍നിര്‍മ്മിച്ചു കൊണ്ട്. മണിരത്നത്തിന്‍റെ സഹകാരിയായതിനാല്‍ സന്തോഷ് ശിവന്‍ മണിയെ ആവര്‍ത്തിക്കുന്നത് പോലെയല്ലാതെ എസ്തപ്പാനെപ്പോലെ നടന്ന അരവിന്ദേട്ടനെ മറികടക്കാന്‍ ഷാജി എന്നേ പഠിച്ചു..

കടല്‍, പദ്മനാഭന്‍ ടച്ചുള്ള മറ്റൊരു തീവ്രബന്ധ കഥയാണ്. അമ്മയുടെ പൂര്‍വബന്ധം പറഞ്ഞ് അകലുന്ന അച്ഛന്‍ - അതുവഴി മകളും. അപരന്‍ വാസ്തവത്തില്‍ അമ്മയുടെ സംഗീതഗുരുവായിരുന്നു. കത്തുകളില്‍ സംഗീതം മാത്രം. ഒരിക്കല്‍ ആ കത്തുകെട്ട് അച്ഛന്‍ പിടിച്ചുപറിച്ചതാണ്. അമ്മ മരിക്കുന്നതിന്‍റെ തലേന്ന് ആ കത്തുകള്‍ മകള്‍ വായിക്കാനിടയായി. അമ്മയുടെ കടല്‍ പോലുള്ള മനസ് മനസിലാക്കാന്‍ ഏറെ വൈകിയല്ലോ എന്ന തോന്നല്‍ അച്ഛനിലും മകളിലും - നമ്മളിലും തിരയടിക്കാതിരിക്കില്ല.

Blog Archive

Follow by Email