കുട്ടിസ്രാങ്കിന് ശേഷം എം എഫ് ഹുസൈന് സംവിധാനം ചെയ്യുന്ന ചിത്രം താമസിക്കുമെന്നതിനാല്‍ ഷാജി എന്‍ കരുണ്‍ റിലയന്‍സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രം ഒരുക്കുന്നു. ടി പദ്മനാഭന്റെ കടല്‍ അടിസ്ഥാനമാക്കി ഒരമ്മയുടെയും മകളുടെയും കഥയാണ് ഗാഥ. -ലെജെന്‍ഡ് എന്ന് സബ്ടൈറ്റില്‍-. ലഡാക്ക് പശ്ചാത്തലമാകുന്ന ചിത്രത്തില്‍ ഇളയരാജയുടെ സംഗീതം മുഖ്യഘടകമാണ്. ഭാഷയുടെ പരിമിതികളെ മറികടക്കുന്ന സംഗീതകാഴ്ചയാണ് ഗാഥയുടെ കാതല്‍. സിനിമക്കായി ഉപയോഗിക്കുന്ന ചലച്ചിത്രസംഗീതത്തെ യഥാര്‍ത്ഥസംഗീതമായി തെറ്റിദ്ധരിക്കുന്ന കാലത്തോട് ഷാജിയുടെ ചിത്രം സംവദിക്കുക പല മാനങ്ങളിലായിരിക്കും.
പിറവിയെ ഒരു രാജന്റെയും ഈച്ചരവാര്യരുടെയും കഥയായി നമ്മള് ചുരുക്കി. മരണത്തിന് ശേഷമുള്ള സ്നേഹം, ലോകത്തെമ്പാടും നടക്കുന്ന അപ്രത്യക്ഷമാവലുകള്‍, കസ്റ്റഡി മരണങ്ങള്, നഷ്ടമായതിന് ശേഷം ഒരു വികാരത്തിന്റെ പ്രാധാന്യം പശ്ചാത്താപത്തോടെ മനസിലാക്കുന്നത് എന്നീ മാനങ്ങള്‍ പിറവിയില്‍ കാണാതിരുന്നത് അതിന്റെ രാജന് ബന്ധം അതിനെത്തന്നെ പരിമിതപ്പെടുത്തിയത് കൊണ്ടാണ്. പിറവിയെന്നത് ഓരോ തിരിച്ചറിവുമാനെന്ന - അത് ഓരോ നിമിഷവും സംഭവിക്കാവുന്നതാണെന്ന തലത്തിലൊരു തിരിച്ചറിവ് ആ ചിത്രത്തെക്കുറിച്ചുണ്ടായില്ല. ഒരു മധ്യവര്‍ത്തി ആസ്വാദനത്തിനപ്പുറം പോകാന്‍ ആര്‍ക്കും നേരമില്ല. മീഡിയോക്രിറ്റി തന്നെ പെര്ഫക്ഷന് ആവുന്ന അവസ്ഥ.
വേദന ഷാജിയെ സംബന്ധിച്ച്, ഏതൊരു മനുഷ്യനുമെന്ന പോലെ, സ്ഥായീഭാവമാണ്. കലയുടെ അടിസ്ഥാന ചേരുവ വേദനയാണെന്ന് ഷാജിക്ക് നല്ലപോലെയറിയാം. സമ്പദ്വ്യവസ്ഥ മനുഷ്യബന്ധങ്ങളില്‍ കൊണ്ടുവരുന്ന മാറ്റങ്ങള്‍ (അത് പ്രമേയമാക്കിയ ചിത്രമായിരുന്നു സ്വം), നമ്മുടെ വിദ്യാഭ്യാസം നമ്മെ ജീവിക്കാന്‍ പഠിപ്പിക്കാത്തത്, നാട്ടില്‍ കര്‍ഷകരില്ലാതെ പോകുന്നത്, ജലദൌര്‍ലഭ്യം.. ഇതൊക്കെ ഷാജിക്ക് വേദനകളാണ്. എന്ന് പറഞ്ഞ് താടിനീട്ടി, കുളിക്കാതെ തെണ്ടിനടക്കാന്‍ ഷാജിയെ കിട്ടില്ല. ഒരു കലാകാരന് ഒരു പ്രശ്നം എളുപ്പം പരിഹരിക്കുന്നവനാണെന്ന ബോധ്യമാണ് ഷാജിക്കുള്ളത്. കലാകാരന് കാലത്തിന് മുന്നേ നടക്കുന്നതിനാല്‍ ഒറ്റപ്പെടുമായിരിക്കും, ആളുകള്‍ വട്ട് എന്ന് ആക്ഷേപിക്കുമായിരിക്കും. അത് ഉള്ളിലൊതുക്കുക അഥവാ സ്വം എന്ന അവസ്ഥ കൈവരിക്കുക. തന്റേത് എന്നാണ് സ്വം. ആരോടും പറയാന്‍ പറ്റാത്തത്.
എം എഫ് ഹുസൈന് ചെയ്യുന്ന ചിത്രം - മലയാളിയുടെ ഒറ്റമുണ്ട് സ്റ്റാച്യു ഒഫ് ലിബര്‍ട്ടിക്കും ചൈനയിലെ ഫൊര്‍ബിഡന്‍ സിറ്റിയിലും അങ്ങനെ പലയിടത്തും പ്രതിഷ്ഠിക്കുന്ന പുതിയ കാഴ്ച - കൂടാതെ ഹരിഹരന്റെ രണ്ടാമൂഴത്തിലും ഷാജി എന്ന കാഴ്ചക്കാരനെ കാണാം. ഭാഷയുടെ മതിലുകളെ തന്റേതായ രീതിയില്‍ പുനര്‍നിര്‍മ്മിച്ചു കൊണ്ട്. മണിരത്നത്തിന്റെ സഹകാരിയായതിനാല്‍ സന്തോഷ് ശിവന് മണിയെ ആവര്‍ത്തിക്കുന്നത് പോലെയല്ലാതെ എസ്തപ്പാനെപ്പോലെ നടന്ന അരവിന്ദേട്ടനെ മറികടക്കാന്‍ ഷാജി എന്നേ പഠിച്ചു..
കടല്‍, പദ്മനാഭന് ടച്ചുള്ള മറ്റൊരു തീവ്രബന്ധ കഥയാണ്. അമ്മയുടെ പൂര്‍വബന്ധം പറഞ്ഞ് അകലുന്ന അച്ഛന് - അതുവഴി മകളും. അപരന് വാസ്തവത്തില്‍ അമ്മയുടെ സംഗീതഗുരുവായിരുന്നു. കത്തുകളില്‍ സംഗീതം മാത്രം. ഒരിക്കല്‍ ആ കത്തുകെട്ട് അച്ഛന് പിടിച്ചുപറിച്ചതാണ്. അമ്മ മരിക്കുന്നതിന്റെ തലേന്ന് ആ കത്തുകള്‍ മകള്‍ വായിക്കാനിടയായി. അമ്മയുടെ കടല്‍ പോലുള്ള മനസ് മനസിലാക്കാന്‍ ഏറെ വൈകിയല്ലോ എന്ന തോന്നല്‍ അച്ഛനിലും മകളിലും - നമ്മളിലും തിരയടിക്കാതിരിക്കില്ല.
Search This Blog
Thursday, June 2, 2011
Subscribe to:
Post Comments (Atom)
1 comment:
കുവൈറ്റില്‍ കലയുടെ മലയാളം പാഠ്യപദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ ഷാജി എന്‍ കരുണ്‍ ഹോട്ടല്‍മുറിയില്‍ ഇപ്പോള്‍ ചെയ്യുന്ന ഡോക്യുമെന്ററിയെക്കുറിച്ച് പറഞ്ഞു. (എകെജിയെക്കുറിച്ച് ഡോക്യുഫിക്ഷനെടുത്ത് ഡോക്യുമെന്ററി വ്യാകരണം തിരുത്തിയ ആളാണ് ഷാജി). ഓരോരുത്തരും കാത്തിരിക്കുന്നത് എന്തിനെയെന്ന് അമ്പതു പേരോട് ചോദിച്ചത്രെ ഷാജി. സ്വന്തം ഉത്തരം എന്താണെന്ന് ധര്‍മ്മരാജ് മടപ്പള്ളി ചോദിച്ചപ്പോള്‍ ഷാജി പറയുന്നു: വെയ്റ്റ് ചെയ്തത് കൊണ്ടാണ് ഇത്രയും കുറച്ച് പടങ്ങങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞത്.
Post a Comment