Search This Blog

Saturday, February 20, 2016

ഉമ്പർട്ടോ എക്കോ


ഭാഷ, മതം, വസ്ത്രധാരണം, സംഗീതം, കാർട്ടൂൺ തുടങ്ങിയവയെ പഠിച്ച് സംസ്ക്കാരങ്ങളെ വ്യാഖ്യാനിക്കാൻ ശ്രമിച്ചൊരാൾ ഉമ്പർട്ടോ എക്കോയിലുണ്ടായിരുന്നു. ആ പണ്ഡിത-വ്യഗ്രത അദ്ദേഹത്തിന്റെ നോവലുകളിലും കടന്നു കൂടി. ജാപ്പനീസ് ഹൈക്കുവിനെ പോലെ മികച്ചതാവാൻ കഴിയും മിക്കി മൌസിന് എന്ന് അദ്ദേഹം പറഞ്ഞു. 30 ഭാഷകളിൽ ഒരു കോടി കോപ്പി വിറ്റു പോയ 'ദ നെയിം ഓവ് ദ റോസ്' (ഹാസ്യത്തെ പുകഴ്ത്തുന്ന അരിസ്റ്റോട്ടിലിന്റെ ഒരു പുസ്തകം ചെകുത്താന്റെ പുസ്തകമാണെന്ന് വിശ്വസിച്ച ക്രിസ്ത്യൻ സന്യാസികൾ അത് സമ്മതിക്കാത്തവരെ കൊല്ലുന്നതാണ് റോസിലെ വിഷയം.) അടക്കം മധ്യകാലത്തും മറ്റും സെറ്റ് ചെയ്ത പ്രയാസം പിടിച്ച നോവലുകൾ എങ്ങനെ വിജയങ്ങളാവുന്നു എന്ന വോഗ് ലേഖകന്റെ ചോദ്യത്തിന് എക്കോയുടെ മറുപടി: ഇത് ഒരു സുന്ദരിയോട് എങ്ങനെയാണ് പുരുഷന്മാർ നിങ്ങളിൽ തല്പരരായിരിക്കുന്നത് എന്ന് ചോദിക്കുന്നത് പോലാണ്. ---------------------------- ഫൊക്കാൾട്ട്സ് പെൻഡുലം എന്ന നോവൽ രസമില്ലാത്തതും വാക്-കസർത്തുമാണെന്ന് റുഷ്ദി എഴുതി. റുഷ്ദിയോടൊപ്പം ഒരു മീറ്റിങ്ങ് പങ്കിട്ട എക്കോ അതേ നോവലിൽ നിന്നാണ് ഏതാനും ഭാഗം യോഗത്തിൽ വായിച്ചത്. അധ്യാപകനായിരുന്ന യൂണിവേഴ്സിറ്റി ഓവ് ബൊളോണ്യയിലെ വിദ്യാർത്ഥികളൊത്ത് പാതിരാത്രികളിൽ വില കുറഞ്ഞ വീഞ്ഞ് കഴിച്ചും രസിച്ചിരുന്നു, ആഴ്ച ദിവസങ്ങളിൽ പ്രഫസറും അവധി ദിവസങ്ങളിൽ എഴുത്തുകാരനുമായിരുന്ന എക്കോ. മുസ്സോളിനിയുടെ കാലത്ത് യുവ ഫാസിസ്റ്റുകൾക്കായി നടത്തിയ പ്രബന്ധ രചനയിൽ ഒന്നാമതെത്തിയ എക്കോ വളർന്നപ്പോൾ ഒരു കാത്തലിക് സംഘടനയുടെ നേതാവായി, തോമസ് അക്വിനാസിനെക്കുറിച്ച് തീസിസ് എഴുതി ഡോക്‌ടറേറ്റും നേടി. പിയൂസ് 12 മാർപ്പാപ്പയുടെ യാഥാസ്ഥിതികതയോട് കലഹിച്ച് സംഘടനയിൽ നിന്ന് രാജി വച്ചെങ്കിലും പള്ളി എന്നത്തേയും ഇഷ്ടവിഷയമായിരുന്നു. (പത്രത്തിൽ വായിച്ചത്)

Tuesday, February 9, 2016

'ദ റെവനന്റ്' (The Revenant)

സിനിമ കണ്ണിനുള്ളതാണെങ്കിൽ കാണേണ്ട സംഭവമാണ് 'ദ റെവനന്റ്'. ഓർത്ത് വെയ്ക്കാവുന്ന അഞ്ചെട്ട് പത്ത് സീനുകളുണ്ട് ഡികാപ്രിയോ താടി വച്ച് മൃതപ്പരുവമായി ജീവിതത്തിലേക്ക് തിരിച്ചുവരുന്നതായി കാണിക്കുന്ന 100 ശതമാനം സിനിമാറ്റിക് ആയ സിനിമയിൽ. 1. കരടി ആക്രമണം. 2. മഞ്ഞ് കാട്ടിൽ വെടിയേറ്റ് വീണ കുതിരയുടെ വയറ് കീറി ആന്തരികങ്ങൾ പുറത്തെടുത്തിട്ട് ഉള്ളിൽ കയറിക്കിടക്കുന്ന ഡികാപ്രിയോ. (പിറ്റേന്ന് രാവിലെ ഐസ് കൊണ്ട് പാതി മൂടിപ്പോയ തോൽ പൊട്ടിച്ചാണ് അയാൾ പുറത്ത് വരുന്നത്.) 3. മഞ്ഞ് കാട്ടിൽ നായകനെ എതിരാളികൾ പിന്തുടരുകയാണ്. എല്ലാവരും കുതിരപ്പുറത്ത്. മഞ്ഞിലൂടെ ഓടിയ കാമറ പൊടുന്നനെ കാണുന്നത് പൈൻ മരങ്ങൾ അങ്ങ് താഴെയായി നിൽക്കുന്ന അഗാധ താഴ്‌വര. ഒരു സൂചികാഗ്ര മരത്തിലേക്ക് നിപതിക്കുന്ന കുതിരയും നായകനും. മരം ഒന്നുലഞ്ഞു. 4. കരടി കഴുത്തിൽ കടിച്ച മുറിവുണക്കാൻ വെടിമരുന്ന് (?) ആ മുറിവിലിട്ട് തീ കൊടുക്കുന്നത്. 5. ചത്ത കാട്ടുപോത്തിന്റെ വയർ തുരന്ന് ഇന്ത്യനോടൊപ്പം പച്ചയിറച്ചി കഴിക്കുന്നത്...
പിന്നെയും ഒരുപാട് സീനുകൾ. മൃതദേഹം തൂങ്ങിയാടുന്നതും, ബലാൽക്കാരം ചെയ്തവന്റെ ബോൾ മുറിക്കുന്നതും ഒക്കെ വെറും സാധാരണ കാഴ്ചകൾ. അച്ഛൻ-മകൻ ബന്ധം, വെറുപ്പ്, പ്രതികാരം ഒക്കെയാണ് മൂലകഥ. അത് സെറ്റ് ചെയ്തിരിക്കുന്നത് അത്യധികം സൌന്ദര്യവും ഭീതിയും ഉണർത്തുന്ന മഞ്ഞുമലകളിലും കുത്തൊഴുക്ക് നദികളിലും മറ്റും. അതിജീവനം ഏത് ദുർഘടാവസ്ഥയിലും സാധ്യമാവുന്ന ജീവിതത്തിന്റെ അപാരത! അത് ഇത്രയും മനോഹാരിതയോടെ കണ്ടിട്ടില്ല.
സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ എന്റെ ഭാര്യ ക്ലൈമാക്സ് കൃത്യമായി പ്രവചിച്ചു. അത്തരം പ്രെഡിക്റ്റബിലിറ്റി ഈ സിനിമയുടെ ദോഷമായി കാണുന്നില്ല. ക്ലൈമാക്സിലെ ട്വിസ്റ്റ് കൊണ്ട് ഞെട്ടിക്കാനല്ല സംവിധായകൻ ഇന്നാരിറ്റുവിന്റെ ഉദ്ദേശം. ഞെട്ടൽ നമുക്ക് തുടക്കം മുതലേ ഉണ്ട്. ഞാൻ ഒരുപാട് തവണ വായും പൊളിച്ചിരുന്നു. എനിക്ക് പക്ഷെ ഇഷ്ടപ്പെടാതിരുന്ന സീൻ ഒന്നേയുള്ളൂ: ഡികാപ്രിയോയുടെ കഥാപാത്രം അയാളുടെ മരിച്ചു പോയ നേറ്റീവ് ഇന്ത്യൻ ഭാര്യയെ ഓർക്കുന്ന ഒന്ന്. അവൾ ആകാശത്ത് കിടക്കുന്നു, ഭൂമിയിലേക്ക് നോക്കി. അത് പൂർണ ചന്ദ്രനിലെ ഒരേയൊരു കറുത്ത പൊട്ടാണ്.

Saturday, February 6, 2016

കാത്തലിക്ക് 'സ്‌പോട്ട്‌ലൈറ്റ്'.

2002-ൽ ബോസ്‌റ്റൺ ഗ്‌ളോബ് ദിനപ്പത്രം അപകീർത്തിപരമായ ഒരു വിഷയത്തെക്കുറിച്ച് 600 ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. ബോസ്‌റ്റണിലെ 87 കത്തോലിക്ക പുരോഹിതർ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുള്ളവരാണെന്നും അതെക്കുറിച്ച് കർദ്ദിനാളിന് വിവരമുണ്ടായിട്ടും പുരോഹിതരെ ഔദ്യോഗിക രേഖകളില്‍ സിക്ക് ലീവ് എന്ന് കാണിച്ച് കൌൺസിലിങ്ങുകളിലും സ്ഥലം മാറ്റലുകളിലും സംഭവമൊതുക്കി എന്നതായിരുന്നു വിഷയം. കർദ്ദിനാള്‍ രാജി വച്ചു. പിന്നെ പൊങ്ങിയത് റോമിലെ ഒരു ബസിലിക്കയിലാണ്. ബോസ്‌റ്റൺ ഗ്‌ളോബിലെ സ്‌പോട്ട്‌ലൈറ്റ് എന്ന ഇൻവെസ്‌റ്റിഗെയ്‌ഷൻ ടീമാണ് പീഡിതരെ കണ്ടും കേട്ടും ആ വാർത്ത തയ്യാറാക്കിയത്. ളോഹയിട്ട പ്രതികള്‍ 249; ഇരകള്‍ ആയിരത്തിൽപരം. ഗ്‌ളോബിന് പിറ്റേ വര്‍ഷം പുലിറ്റ്‌സർ കിട്ടി. പത്രപ്രവർത്തന ചരിത്രത്തില്‍ തങ്കലിപികളിലെഴുതേണ്ട ആ അന്വേഷണത്മക പ്രവർത്തനം ഇപ്പോള്‍ സിൽവർ സ്‌ക്രീനില്‍ ആയിരിക്കുന്നു. കാത്തലിക്ക് പശ്ചാത്തലമുള്ള ടോം മക്‌കാർത്തി സംവിധാനം ചെയ്ത സ്‌പോട്ട്‌ലൈറ്റ്. ------------------------------------------------------------------------------------- ഒരു വിവാദ വിഷയത്തിന് പിന്നാലെ പോകുന്നതായാണ് സിനിമാഗതി. ഡോക്യുമെന്ററിയുടെയും ഫീച്ചറിന്റെയും ഇടയ്ക്ക് നില്‍ക്കുന്ന ട്രീറ്റ്‌മെന്റ്. പുറന്തോട് പൊളിച്ച് പൊളിച്ച് സത്യം പുറത്ത് കൊണ്ടു വരിക എന്ന ഫോക്കസിനേക്കാൾ വിഷയം തന്നെ പൊന്തി നിൽക്കുന്നതാകയാല്‍ അതാവും ചിത്രത്തിന്റെ ഹൈലൈറ്റ്. ഇരകളില്‍ ഒരാള്‍ പറയുന്ന കാര്യമുണ്ട്: പാവപ്പെട്ട കുട്ടികളെയാണ് പുരോഹിതര്‍ നോട്ടമിടുക. ശിഥില കുടുംബമാവും. ഒരു അച്ചന്റെ പരിലാളനയ്ക്ക് വിലയേറെയാണ്. അടുത്തിടപഴുകുന്ന അവസരങ്ങള്‍ ഉണ്ടാവും. പിന്നെ ഒരു പോൺ മാഗസിന്‍ കൊടുക്കും. പൊട്ടിക്കാനാവാത്ത വിധം വലയിലായി. ഇരകള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും പരാതിപ്പെടില്ല. പരാതിപ്പെടുന്നവരെ പള്ളി നഷ്‌ടപരിഹാരം കൊടുത്ത്, വിവരം ലീക്ക് ചെയ്യാതെ സൂക്ഷിച്ചിട്ടുണ്ട്. സ്‌പോട്ട്‌ലൈറ്റ് ടീം വക്കീലന്‍മാരെയും ഇന്‍റര്‍വ്യൂ ചെയ്യുന്നുണ്ട്. അവര്‍ മിണ്ടില്ല. ബോസ്‌റ്റണിലെ പൌര പ്രമുഖര്‍ പറയും, ശരിയാണ്. പക്ഷെ, പള്ളി എത്രയോ സേവനങ്ങള്‍ ചെയ്യുന്നു! -------------------------------------------------------------------- പത്രമോഫീസില്‍ ടീമിനകത്തും ഉരസലുകള്‍ ഉണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഗ്‌ളോബിന് വിവരം കിട്ടിയിരുന്നു. അത് പത്രം തന്നെ മുക്കി. സിനിമ തുടങ്ങുമ്പോള്‍ ബോസ്‌റ്റൺകാരനല്ലാത്ത എഡിറ്റർ ചാർജെടുക്കുകയാണ്. അയാള്‍ 'ഒറ്റയ്ക്ക് നിന്ന്' അന്വേഷണത്തിന് പച്ചക്കൊടി കാട്ടുന്നു. പിന്നെ സിനിമ കാണുന്ന നമുക്കും സമയമില്ല. ഫോൺവിളികള്‍, കൂടിക്കാഴ്‌ച്ചകൾ, ചർച്ച... സ്വകാര്യ നിമിഷങ്ങൾ? എവിടെ നേരം? ഇത് സ്വകാര്യതകളുടെ ആഘോഷമല്ല. കാഴ്‌ചയുടെ ഉല്‍സവവുമല്ല. പരസ്യമായിക്കഴിഞ്ഞ ഒരു സ്വകാര്യത്തിന്‍റെ നേരാണ്. ളോഹാപീഡനം റിപ്പോർട്ട് ചെയ്യപ്പെട്ട ലോകത്തെ സ്ഥലങ്ങള്‍ സിനിമയ്ക്കൊടുവില്‍ പട്ടിക ചെയ്തിട്ടുണ്ട്. അതില്‍ നമ്മുടെ ഒല്ലൂരും.

Monday, February 1, 2016

മനോജ് കുറൂരിന്റെ 'നിലം പൂത്തു മലർന്ന നാൾ'

മനോജ് കുറൂരിന്റെ 'നിലം പൂത്തു മലർന്ന നാൾ' വായിച്ച് രണ്ടായിരം വർഷം പിന്നോട്ട് പോയി കാട്ടുപച്ചയിലും നാട്ടുവഴികളിലും ഇഷ്ടിക നിറമുള്ള - എന്തോ എനിക്കങ്ങനെ തോന്നി - മനുഷ്യർ യാത്ര പോകുന്നതും നോക്കിയിരിക്കയാണ് ഞാൻ. ഇപ്പോൾ  ഇന്റർനെറ്റിനു മുന്നിലിരിക്കുമ്പൊഴും  പഴം-മലയാളത്തിൽ മുങ്ങാംകുഴിയിട്ട്  കര തീണ്ടിയിട്ടില്ല. ജല്ലിക്കെട്ട് തിമിർത്താടുന്ന   ഉൾത്തമിഴ്നാട്ടിലെവിടെയോ  നടന്നിരിക്കാം എന്ന് വിചാരിച്ച്  തുടങ്ങിയ ചരിത്ര-ഭാവനാ-മിത്ത് സംഘ വായനയുടെ ഇടയിൽ  ഏഴിമലയും പാലക്കാടും കൊടുങ്ങല്ലൂരും അടങ്ങുന്ന മലയാള നാട്ടിലുമാണല്ലോ നിലം പൂത്ത് മലരുന്നത് എന്ന് വിശ്വസിക്കാനാവാതെ ഇരുന്നു. അതിനും മാത്രം മലയാളവും നാടും മാറിപ്പോയിരിക്കുന്നല്ലോ. അതിർത്തികൾ പലത് ഭേദിക്കുന്ന 200-പേജ് വായനയാണിത്. 


പാട്ടും ആട്ടവും മാത്രമറിയുന്ന പാണരും കൂത്തരും അടങ്ങുന്ന സംഘം യാത്ര തുടങ്ങുമ്പോൾ ഒപ്പം കൂടേണ്ടി വരും. പരിചയമില്ലാത്ത വായനാവഴി ഒരു  കല്ലേറ്-ദൂരം കഴിയുമ്പോൾ ശരിയാവും. സംഘത്തിൽ കൊലുമ്പൻ പാണനുണ്ട്,   മകൾ ചിത്തിരയുണ്ട്, അവരുടെ ഓർമ്മകളിൽ മകൻ മയിലനുണ്ട്. ഈ മൂവരുടെ കാഴ്ച്ചപ്പാടിൽ മൂന്ന് ഭാഗങ്ങളിലായുള്ള നോവൽ,  ചരിത്രം മാർജിന് പുറത്ത് നിർത്തിയ സാധാരണ മനുഷ്യരെ - ഇരപ്പർ  - ക്കുറിച്ചാണ്. അന്ന് - ഇന്നത്തെപ്പോലെ - കുറച്ച് കാര്യങ്ങളേയുള്ളൂ. അതിജീവനം, പ്രണയം, ചതി, ഒറ്റ്, കരുണ, ആശ-നിരാശകൾ. പിന്നെ പട്ടിണി.  വറുതിക്കറുതി വേണം. അതുകൊണ്ട് യാത്ര. നോവൽ അവസാനിക്കുന്നതും അങ്ങനെതന്നെ.

കഥയെന്ന നിലയിൽ നഷ്ടപ്പെടലുകളുടെയും വീണ്ടെടുക്കലുകളുടെയും, ഇപ്പോൾ തുരുമ്പിച്ചെന്ന് തോന്നിക്കുന്ന കാര്യങ്ങളേ നോവലിന് പറയാനുള്ളൂ. അല്ലെങ്കിൽ മകീരൻ കുതിരപ്പുരത്തേറ്റി കൊണ്ടുപോയി പാർപ്പിച്ച ചിത്തിരയെ കൂടാതെ വേറെ ഭാര്യയുള്ള ആളാണെന്നത് ഇപ്പൊ കഥയാണോ! അടർത്തി മാറ്റാവുന്ന അത്തരമൊരു  കഥയിലല്ല, നോവലിന്റെ കാര്യം. ഒരുപാട് കഥകളുള്ള ഒരുപാട് മനുഷ്യരെ ഒരു ദേശം വഹിക്കുന്നു എന്നത് പോലെ നോവലും. ചിത്തിര തൂങ്ങിച്ചാവാനോ ചിത്തിരയുടെ ആങ്ങള മയിലൻ കത്തിയെടുക്കാനോ മുതിരുന്നില്ല.  അവൾ അവ്വയാറിനൊപ്പം പാട്ട് പാടി നടന്ന് ജീവിക്കാമെന്ന് തീരുമാനിക്കുന്നു. മറിച്ചായിരുന്നേൽ  അവർ വീരചരമം പ്രാപിച്ച് ഹീറോപ്പട്ടം കിട്ടി ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളേ ആയേനെ. നോവൽ ഉദ്ദേശിക്കുന്നത് അവരുടെ സാധാരണത്വമാണ്. അതുവഴി ഒരു ദേശവും കാലവും അമരത്വം നേടുന്നതിനെക്കുറിച്ചാണ്. (വായനയിലെവിടെയോ ഒരു എംടി മണം? തോന്നിയതായിരിക്കും.)

യുദ്ധത്തിൽ തോറ്റ മന്നന്റെ പെണ്ണുങ്ങളുടെ മുടിയറുത്തു പിണച്ച വടം കൊണ്ട് ആനകളെ കെട്ടി വലിച്ചവൻ-മാരെക്കുറിച്ചുള്ള കഥകളൊക്കെയുണ്ട്. ചില കഥകൾ ഊക്കോടെ തിരിച്ചു വരും. വറുതി മാറ്റാനുള്ള  യാത്രക്കിടയിൽ  കൊലുമ്പനും സംഘവും  പോകുന്ന ഒരു കോവിലിലെ പ്രതിഷ്ഠയായ പെൺകുട്ടിയാണ് ഞാൻ എന്ന് ചിത്തിരയുടെ അനിയത്തി ചീര കളിവാക്ക് പറയുന്നു. പിന്നീട് ഒരു കോമരമായി ചീര തുള്ളും. കഥയുടെ കാറ്റ് തിരിച്ചു വിടുകയും ചെയ്യും. 

ഇളവേൽക്കുക എന്ന വാക്ക്  ആവർത്തിക്കുന്നതൊഴിച്ചാൽ മനോജ് കുറൂർ എന്ന കവിയുടെ ആദ്യനോവലിൽ റൊമന്റിസിസത്തിന്റെ വാക്ക്പ്പെയ്ത്താണ്. സംസ്കൃതം സംബന്ധം ചെയ്യാത്ത  മലയാള വാക്കുകളുടെ കാട്ടുമഴ!   തലയ്ക്ക് കീഴിൽ കൈവച്ച് നിവർന്ന് കിടന്നുറങ്ങുന്ന പെൺകൊടിയെപ്പോലെയുള്ള പുൽമേടുകളും മലയ്ക്ക് താഴെ ആളുകൾക്കും പാർക്കാവുന്ന കല്ലളകളും നിറഞ്ഞ യാത്രയിൽ  മറ്റാരുമില്ലാത്ത ഒരു കടൽക്കര യാത്രക്കാരുടെ  ഉള്ളിലെ തിരയടിയലിൽ നനയുന്ന കാഴ്ചകളുമുണ്ട്. കാലം നടത്തുന്ന തീക്കളികളിലെ കരുക്കളാവേണ്ടി വരുന്ന സാധാരണരാണ് നിലത്ത് പൂത്ത് മലരുന്നത്. ഒപ്പം ഭാഷയും. കുഴിച്ചാൽ ഇനിയുമെന്തെങ്കിലുമൊക്കെ മലർന്ന് പൂത്തുലയുമായിരിക്കും.

Blog Archive

Follow by Email