Search This Blog

Monday, February 1, 2016

മനോജ് കുറൂരിന്റെ 'നിലം പൂത്തു മലർന്ന നാൾ'

മനോജ് കുറൂരിന്റെ 'നിലം പൂത്തു മലർന്ന നാൾ' വായിച്ച് രണ്ടായിരം വർഷം പിന്നോട്ട് പോയി കാട്ടുപച്ചയിലും നാട്ടുവഴികളിലും ഇഷ്ടിക നിറമുള്ള - എന്തോ എനിക്കങ്ങനെ തോന്നി - മനുഷ്യർ യാത്ര പോകുന്നതും നോക്കിയിരിക്കയാണ് ഞാൻ. ഇപ്പോൾ  ഇന്റർനെറ്റിനു മുന്നിലിരിക്കുമ്പൊഴും  പഴം-മലയാളത്തിൽ മുങ്ങാംകുഴിയിട്ട്  കര തീണ്ടിയിട്ടില്ല. ജല്ലിക്കെട്ട് തിമിർത്താടുന്ന   ഉൾത്തമിഴ്നാട്ടിലെവിടെയോ  നടന്നിരിക്കാം എന്ന് വിചാരിച്ച്  തുടങ്ങിയ ചരിത്ര-ഭാവനാ-മിത്ത് സംഘ വായനയുടെ ഇടയിൽ  ഏഴിമലയും പാലക്കാടും കൊടുങ്ങല്ലൂരും അടങ്ങുന്ന മലയാള നാട്ടിലുമാണല്ലോ നിലം പൂത്ത് മലരുന്നത് എന്ന് വിശ്വസിക്കാനാവാതെ ഇരുന്നു. അതിനും മാത്രം മലയാളവും നാടും മാറിപ്പോയിരിക്കുന്നല്ലോ. അതിർത്തികൾ പലത് ഭേദിക്കുന്ന 200-പേജ് വായനയാണിത്. 


പാട്ടും ആട്ടവും മാത്രമറിയുന്ന പാണരും കൂത്തരും അടങ്ങുന്ന സംഘം യാത്ര തുടങ്ങുമ്പോൾ ഒപ്പം കൂടേണ്ടി വരും. പരിചയമില്ലാത്ത വായനാവഴി ഒരു  കല്ലേറ്-ദൂരം കഴിയുമ്പോൾ ശരിയാവും. സംഘത്തിൽ കൊലുമ്പൻ പാണനുണ്ട്,   മകൾ ചിത്തിരയുണ്ട്, അവരുടെ ഓർമ്മകളിൽ മകൻ മയിലനുണ്ട്. ഈ മൂവരുടെ കാഴ്ച്ചപ്പാടിൽ മൂന്ന് ഭാഗങ്ങളിലായുള്ള നോവൽ,  ചരിത്രം മാർജിന് പുറത്ത് നിർത്തിയ സാധാരണ മനുഷ്യരെ - ഇരപ്പർ  - ക്കുറിച്ചാണ്. അന്ന് - ഇന്നത്തെപ്പോലെ - കുറച്ച് കാര്യങ്ങളേയുള്ളൂ. അതിജീവനം, പ്രണയം, ചതി, ഒറ്റ്, കരുണ, ആശ-നിരാശകൾ. പിന്നെ പട്ടിണി.  വറുതിക്കറുതി വേണം. അതുകൊണ്ട് യാത്ര. നോവൽ അവസാനിക്കുന്നതും അങ്ങനെതന്നെ.

കഥയെന്ന നിലയിൽ നഷ്ടപ്പെടലുകളുടെയും വീണ്ടെടുക്കലുകളുടെയും, ഇപ്പോൾ തുരുമ്പിച്ചെന്ന് തോന്നിക്കുന്ന കാര്യങ്ങളേ നോവലിന് പറയാനുള്ളൂ. അല്ലെങ്കിൽ മകീരൻ കുതിരപ്പുരത്തേറ്റി കൊണ്ടുപോയി പാർപ്പിച്ച ചിത്തിരയെ കൂടാതെ വേറെ ഭാര്യയുള്ള ആളാണെന്നത് ഇപ്പൊ കഥയാണോ! അടർത്തി മാറ്റാവുന്ന അത്തരമൊരു  കഥയിലല്ല, നോവലിന്റെ കാര്യം. ഒരുപാട് കഥകളുള്ള ഒരുപാട് മനുഷ്യരെ ഒരു ദേശം വഹിക്കുന്നു എന്നത് പോലെ നോവലും. ചിത്തിര തൂങ്ങിച്ചാവാനോ ചിത്തിരയുടെ ആങ്ങള മയിലൻ കത്തിയെടുക്കാനോ മുതിരുന്നില്ല.  അവൾ അവ്വയാറിനൊപ്പം പാട്ട് പാടി നടന്ന് ജീവിക്കാമെന്ന് തീരുമാനിക്കുന്നു. മറിച്ചായിരുന്നേൽ  അവർ വീരചരമം പ്രാപിച്ച് ഹീറോപ്പട്ടം കിട്ടി ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളേ ആയേനെ. നോവൽ ഉദ്ദേശിക്കുന്നത് അവരുടെ സാധാരണത്വമാണ്. അതുവഴി ഒരു ദേശവും കാലവും അമരത്വം നേടുന്നതിനെക്കുറിച്ചാണ്. (വായനയിലെവിടെയോ ഒരു എംടി മണം? തോന്നിയതായിരിക്കും.)

യുദ്ധത്തിൽ തോറ്റ മന്നന്റെ പെണ്ണുങ്ങളുടെ മുടിയറുത്തു പിണച്ച വടം കൊണ്ട് ആനകളെ കെട്ടി വലിച്ചവൻ-മാരെക്കുറിച്ചുള്ള കഥകളൊക്കെയുണ്ട്. ചില കഥകൾ ഊക്കോടെ തിരിച്ചു വരും. വറുതി മാറ്റാനുള്ള  യാത്രക്കിടയിൽ  കൊലുമ്പനും സംഘവും  പോകുന്ന ഒരു കോവിലിലെ പ്രതിഷ്ഠയായ പെൺകുട്ടിയാണ് ഞാൻ എന്ന് ചിത്തിരയുടെ അനിയത്തി ചീര കളിവാക്ക് പറയുന്നു. പിന്നീട് ഒരു കോമരമായി ചീര തുള്ളും. കഥയുടെ കാറ്റ് തിരിച്ചു വിടുകയും ചെയ്യും. 

ഇളവേൽക്കുക എന്ന വാക്ക്  ആവർത്തിക്കുന്നതൊഴിച്ചാൽ മനോജ് കുറൂർ എന്ന കവിയുടെ ആദ്യനോവലിൽ റൊമന്റിസിസത്തിന്റെ വാക്ക്പ്പെയ്ത്താണ്. സംസ്കൃതം സംബന്ധം ചെയ്യാത്ത  മലയാള വാക്കുകളുടെ കാട്ടുമഴ!   തലയ്ക്ക് കീഴിൽ കൈവച്ച് നിവർന്ന് കിടന്നുറങ്ങുന്ന പെൺകൊടിയെപ്പോലെയുള്ള പുൽമേടുകളും മലയ്ക്ക് താഴെ ആളുകൾക്കും പാർക്കാവുന്ന കല്ലളകളും നിറഞ്ഞ യാത്രയിൽ  മറ്റാരുമില്ലാത്ത ഒരു കടൽക്കര യാത്രക്കാരുടെ  ഉള്ളിലെ തിരയടിയലിൽ നനയുന്ന കാഴ്ചകളുമുണ്ട്. കാലം നടത്തുന്ന തീക്കളികളിലെ കരുക്കളാവേണ്ടി വരുന്ന സാധാരണരാണ് നിലത്ത് പൂത്ത് മലരുന്നത്. ഒപ്പം ഭാഷയും. കുഴിച്ചാൽ ഇനിയുമെന്തെങ്കിലുമൊക്കെ മലർന്ന് പൂത്തുലയുമായിരിക്കും.

No comments:

Blog Archive